Image

പേരിലെല്ലാമിരിക്കുന്നു (ശ്രീകുമാര്‍)

Published on 04 October, 2022
പേരിലെല്ലാമിരിക്കുന്നു (ശ്രീകുമാര്‍)

READ MORE: https://emalayalee.com/writer/161

 ശ്രീ ജോസഫ് എബ്രഹാമിന്റെ "ഇൻ ദ മാറ്റർ ഓഫ് അബൂബക്കർ, ആൻ എലെഫന്റ്റ്" എന്ന ഈ കഥയിൽ ബഷീറിന്റെ പാത്തുമ്മ intersexuality വഴി ഒരു കഥാപാത്രമായി വരുന്നത് യാദൃശ്ചികമല്ല. ബഷീറിന്റെ തന്നെ വിശ്വവിഖ്യാതമായ മൂക്കന് കുറ്റമറ്റ ഒരു പിൻഗാമിയാണ് ഈ കഥ. ഇത് കേൾക്കുമ്പോൾ ചിലരെങ്കിലും നെറ്റിചുളിക്കുന്നതിന്റെ കാരണം കഥാകൃത്തിന്റെ പേര് തന്നെയാണ്. പേരുകളുടെ രാഷ്ട്രീയവും കഥകൾക്ക് വ്യക്തികളെപ്പോലെ പിൻഗാമികളും അനന്തരാവകാശികളുമൊക്കെ ഉണ്ടോ എന്ന ചോദ്യവും എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്തു നിൽക്കുന്ന ജാതിമത പാഴ്മരങ്ങളെ കുറിച്ചുമാണ് ഈ കൊച്ചു കഥ വലിയ ശബ്ദത്തിൽ പറയുന്നത്. കഥാകൃത്ത് തന്നെ അതിന്റെ നാവുമായിരിക്കുന്നു. 

പതിനഞ്ചു മിനിറ്റ് കൊണ്ട് വായിച്ചു തീർക്കാവുന്ന ഈ കഥ ബഷീറിന്റെ കഥകൾ പോലെ ഹാസ്യരൂപത്തിൽ വന്നു ലാസ്യനൃത്തമാടുന്നു. ഒരു കഥ പറയുമ്പോൾ തന്നെ പല കഥകൾ പറയാതെ പറയുന്നു.  ബഷീറിന്റെ ശൈലിയിൽ ഇ വി കൃഷ്ണപിള്ളയുടെ ശൈലിയിലേത് പോലെ ഹാസ്യരസത്തിനായി ഒരു mock seriousness (നാട്യഗൗരവം) കാണാം. ചെറിയ കാര്യങ്ങൾ പറയാൻ വലിയ വാക്കുകൾ ഉപയോഗിക്കുക, നിസ്സാരകാര്യങ്ങളെ പർവ്വതീകരിക്കുക എന്നിങ്ങനെ ഇത് ഹാസ്യത്തിന് വഴിയൊരുക്കും. അതിനായി മോഷണത്തെ നിശാകാലനികുതിയാക്കും, നീണ്ടമൂക്കിനെ ലോകമഹാത്ഭുതമാക്കും. 

എന്നാൽ ജോസഫിന്റെ കഥയിൽ ഇത് ശ്രദ്ധാപൂർവ്വം ഒഴിവാക്കിയിട്ടുണ്ട്. വളരെ വസ്തുനിഷ്ഠമായ ഭാഷയും സംഭവങ്ങളുമാണ് കഥയിൽ. കഥാകൃത്ത് തന്നെ ഈ കഥ വായിച്ചത് നന്നായി. മറ്റൊരാൾ വായിച്ചിടുന്നെങ്കിൽ ഈ പ്രത്യേകത അറിയാതെ പോയേനേ.

ഒരു സിംഫണി പോലെയാണ് ഈ കഥയുടെ ഘടന. അബൂബക്കർ എന്ന ആനയ്ക്ക് അബൂബക്കർ എന്ന പേര് മൂലം വന്ന വംശീയതയാണ് കഥയുടെ കേന്ദ്രബിന്ദു. അതിനൊരു ഹാസ്യത്തിന്റെ വലയമുണ്ട്. അതിനു ചുറ്റും മൂപ്പിളപ്പിന്റെയും പടലപ്പിണക്കങ്ങളുടെയും പല വലയങ്ങൾ മങ്ങിയ വെളിച്ചത്തിൽ നിർത്തിയിരിക്കുന്നു. കോടതികളിലെ വിവിധ വിവേചനങ്ങൾ സൂചിപ്പിച്ചുകൊണ്ടാണ് കഥ തുടങ്ങുന്നത് തന്നെ. സമത്വമോ സമഭാവനയോ എവിടെയും കാണാനില്ല. നമ്പ്യാരോടും നസ്രാണിയോടും കഥയിലെ കോടതിക്ക് രണ്ട് ഭാഷയാണ്. മേൽക്കോടതി കീഴ്കോടതി എന്ന തട്ട് തിരിവ് കൊണ്ടായിരിക്കാം ഇത് എന്ന് വർത്തമാനകാലഭാരതത്തിൽ തീർത്തും വിശ്വസിക്കാൻ വയ്യ. മനോജ് വീട്ടികാടിന്റെ വേട്ടക്കളി എന്ന കഥയിലെപ്പോലെ ഒരേ കാര്യം (ആ കഥയിൽ മനുഷ്യന്റെ ആക്രമണോൽസുകത, ഈ കഥയിൽ സമൂഹത്തിലെ വിവേചനം) രണ്ടു രൂപത്തിൽ വരുമ്പോൾ ഒന്ന് സ്വീകാര്യമാവുന്നു (വായനക്കാരനും) മറ്റൊന്ന് അസ്വീകാര്യമാവുന്നു, പേരിനെങ്കിലും. 

കോടതി യുക്തിയുക്തമായ തർക്കങ്ങളുടെയും തീരുമാനങ്ങളുടെയും കേന്ദ്രങ്ങൾ എന്നാണ് നമ്മൾ കരുതുന്നത്. പക്ഷേ അരനൂറ്റാണ്ടിന് മുൻപ് നിലവിലുണ്ടായിരുന്ന സാമൂഹ്യവ്യവസ്ഥിതിയാണ് പല  നിയമങ്ങളുടെയും ശ്രുതിയും സ്മൃതിയുമെന്ന് ഈ കഥയിലെ പോലെയുള്ള അവസരങ്ങളിലാണ് നമ്മൾ തിരിച്ചറിയുന്നത്. ചില നിയമനിർമ്മാണങ്ങൾ നടന്ന കാലത്തെ പുരോഗമന ചിന്ത അതുപോലെ മുന്നോട്ട് പോയിരുന്നെങ്കിൽ ജീവനില്ലാത്ത വിഗ്രഹം വ്യക്തിയായി പരിഗണിക്കപ്പെടുകയും സ്നേഹവും മറ്റു വികാരങ്ങളും പ്രകടിപ്പിക്കാൻ കഴിവുള്ള, കരയിലെ ഏറ്റവും വലിയ ജീവിയും "സ്വന്തം പ്രതിബിംബം തിരിച്ചറിയാൻ കഴിവുള്ള അപൂർവ്വ ജീവികളിൽ" ഒന്നുമായ ആന വെറും ജീവനുള്ള ഒരു വസ്തുവായി  പരിഗണിക്കപ്പെടും ചെയ്യുന്ന അവസ്ഥ മാറിയേനേ. നിർഭാഗ്യവശാൽ പട്ടിയും പന്നിയും പോലും വേണമെങ്കിൽ കൊല്ലുന്നതിൽ തെറ്റില്ലാത്തവ എന്ന പട്ടികയിലേക്ക് മാറുകയും കുന്തവും കൊന്തയും കുന്തിരിക്കവും കുഴിമന്തിയുമൊക്കെ വ്യക്തിസമാനമായ വംശീയ ചിഹ്നങ്ങളായി നിയമത്തിന്റെ പരിരക്ഷ നേടുന്ന പ്രാചീന കാലത്തേയ്ക്കാണ് ഭാരതം പൊയ്ക്കൊണ്ടിരിക്കുന്നത്. 

അതീവ ആർദ്രതയോടെ (subtle) ഇതിലേയ്ക്കെല്ലാം കണ്ണയക്കുന്നുണ്ട് ഈ കഥ. കൃത്യമായ ടെസ്റ്റിമോണിയലുകൾ കോടതിക്കാര്യം പറയുന്ന ഈ കഥയിൽ ചേർക്കാൻ നല്ല ഗവേഷണവും തൊഴിൽപരിചയവും കഥാകൃത്തിനു സഹായകരമായിട്ടുണ്ട്. ആക്ഷേപഹാസ്യം തുളുമ്പി നിൽക്കുന്ന ഈ കഥ നമ്മൾ ചിരിക്കാൻ മറന്നുപോകുന്നത് വരെ വായിക്കാനുള്ളതാണ് എന്നത് ഗുണകരമായ ഒരു വിരോധാഭാസമാണ്.

IN THE MATTER OF ABOOBAKAR AN ELEPHANT

Join WhatsApp News
അബൂബക്കർ 2022-10-04 22:30:50
കഥ കഥാകൃത്തിന്റെ ശബ്ദത്തിൽ നല്ല പ്രൊഫഷണൽ നിലവാരത്തിൽ തന്നെ അവതരിപ്പിച്ചിരിക്കുന്നു. വായിക്കാൻ സമയമില്ലാത്തവർക്കും വാഹനം ഓടിച്ചു പോകുമ്പോൾ കേൾക്കാമല്ലോ. കഥയെക്കുറിച്ചു ലേഖകൻ എഴുതിയതിനപ്പുറം പറയാൻ അറിയില്ല. നല്ല കഥ നല്ല വിഷയം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക