Image

തിരുവോണം! പ്രവാസി മലയാളികളുടെ ഏറ്റവും ആദരണീയമായ ആഘോഷം (കോര ചെറിയാന്‍)

Published on 05 October, 2022
തിരുവോണം! പ്രവാസി മലയാളികളുടെ ഏറ്റവും ആദരണീയമായ ആഘോഷം (കോര ചെറിയാന്‍)

ഫിലാഡല്‍ഫിയ, യു.എസ്.എ. :  പൗരാണിക കാലഘട്ടത്തില്‍ കേരളത്തിന്റെ ചക്രവര്‍ത്തി ആയിരുന്ന മഹാബലിതമ്പുരാന്റെ ഭരണകാലത്തുണ്ടായിരുന്ന സുഭിക്ഷതയും ഐക്യതയും സുഖാനുഭവങ്ങളും അയവിറക്കുന്ന തിരുവോണം എല്ലാ മലയാളികളും ആഘോഷമായി കൊണ്ടാടുന്നു. സ്വന്തം ജന്മഭൂമിയായ കേരളത്തോട് വിടവാങ്ങിയെങ്കിലും വിശാലമായ ലോകത്തിന്റെ എല്ലാ മേഖലയിലുള്ള എല്ലാ മലയാളികളും ഓണദിവസം ആര്‍ഭാടമായി കൈരളിതനിമയില്‍ തന്നെ ഭക്ഷണം കഴിയ്ക്കുന്നു.
    
ബാഹ്യകേരളത്തിലുള്ള കുട്ടികളോട് ഓണാഘോഷങ്ങളെക്കുറിച്ചുള്ള പരിമിതമായ അറിവിനെ വിപുലീകരിച്ചു കൊടുക്കുവാന്‍ മാതാപിതാക്കളും സംഘടനകളും താത്പര്യര്‍ ആണ്. എട്ടിലധികം വിവിധ പേരിലും ഭാവത്തിലുമുള്ള ഈ നഗരത്തിലെ ഒരു മലയാളി  സംഘടനയുടെ ഓണസന്ധ്യയില്‍ സമീപത്തിരുന്ന 5 വയസുകാരി ആകാംക്ഷാഭരിതയായി ഓണത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ വളരെ സാന്ത്വനമായി കുട്ടിയുടെ അമ്മ നല്ല വിവരണം കൊടുക്കുന്നതു കണ്ടു. ''നാടും നാട്ടിലെ ഓണവും!'' ഗള്‍ഫിലേയോ അമേരിയ്ക്കയിലേയോ പ്രവാസികള്‍ മാത്രമല്ല. കേരളത്തില്‍ നിന്നും കരയും കടലും താണ്ടി ലോകത്തിന്റെ പലകോണിലേയ്ക്കും ജോലിഭാരവുമായി ചേക്കേറുന്ന മലയാളികളുടെ അസ്തമിക്കാത്ത സ്വപ്നമാണ് ഓണം.

ഒരു ദിവസംപോലും അവധിയെടുക്കാതെ ദിവസങ്ങള്‍ എണ്ണിക്കൂട്ടി, ഓണക്കാലത്തെയ്ക്കുള്ള അവധിയും കാത്തു മേലുദ്യോഗസ്ഥരുടെ മുന്നില്‍ താണപേക്ഷിച്ചു നാട്ടിലെത്തി ഓണാഘോഷങ്ങളില്‍ പങ്കെടുക്കുന്ന മലയാളിമക്കളുടെ ജന്മദേശസ്‌നേഹവും ദേശീയപ്രബുദ്ധതയും വിദേശത്തും സ്വദേശത്തും ഉള്ള ഭാരതീയര്‍ അഭിനന്ദിക്കണം. കോവിഡ് മഹാമാരിയുടെ ഭീകരതയില്‍ ആസ്വാദ്യമായ രണ്ടു തിരുവോണം ശവമഞ്ചത്തില്‍ ശോകഗീതം ആലപിച്ചു ശവപ്പറമ്പിലെ ചിതലിനും അഗ്നിക്കും ഇരയായി, അഖണ്ഡമായി അവസാനിച്ചു. 2020-ലെയും 2021-ലെയും ഭൂതം വിഴുങ്ങിയ ഓണക്കാലം സ്മൃതിപഥത്തില്‍ നിന്നും മായട്ടെ. 
    
പനിയും ചുമയും മരണവും ജനനവും ഭീതിയും കരുതലും മാസ്‌ക്കും സാനിറ്റൈസറും പാലായനവും കുടിയേറ്റവും രണ്ട് ഓണാഘോഷങ്ങളും നിറഞ്ഞ വേദനയോടെ ലോകജനത പിന്നിട്ടു. തിരുവോണത്തെ തുരത്തിവീഴ്ത്തി താണ്ഡവനൃത്തം ചെയ്ത കോവിഡ്മൂലം വിദേശ മലയാളികള്‍ പ്രിയപ്പെട്ടവരെ ഒരുനോക്കു കാണാനാവാതെ കണ്ണീരും പ്രാര്‍ത്ഥനയുംകൊണ്ട് ഉരുകി തള്ളിനീക്കിയ സുദീര്‍ഘമായ ദിനങ്ങള്‍ മരണം വരെ മനസ്സില്‍നിന്നും മായുകയില്ല. കൊറോണ വൈറസ് എന്ന രക്തരക്ഷസ്സിന്റെ ഭീകരതയില്‍ പ്രായഭേദമന്യേ പൈതല്‍ മുതല്‍ വൃദ്ധര്‍വരെ മരിച്ചു വീഴുന്ന ദുഃഖവാര്‍ത്തകള്‍ മുഖ്യമായി പ്രക്ഷേപണം ചെയ്യുന്ന മാദ്ധ്യമങ്ങളിലൂടെ പ്രവാസി മലയാളികള്‍ അനുഭവിച്ച ഭയവും വിരഹവേദനയും ഇന്നും അനിയന്ത്രിതമായി അവശേഷിയ്ക്കുന്നു. 
    
ലോകത്തിന്റെ പലഭാഗത്തുനിന്നും ജീവന്‍ കൊതിച്ചു നാട്ടിലെത്തിയ പ്രവാസികളെ സ്വന്തം മാതാപിതാക്കളടക്കമുള്ള ബന്ധുക്കള്‍ അകറ്റി നിര്‍ത്തേണ്ട നിസ്സഹായവസ്ഥപോലും ഉണ്ടായി. സ്വന്തം ഭാര്യയ്ക്കും മക്കള്‍ക്കും വേണ്ടി പിറന്നമണ്ണിനോടു വിടപറഞ്ഞു വിദേശരാജ്യങ്ങളിലെത്തി കഠിനാദ്ധ്വാനം ചെയ്തു സ്വരൂപിച്ച സമ്പാദ്യവുമായി എത്തിയ ഹതഭാഗ്യരായ പ്രവാസിയോടു ജനാല അഴിയ്ക്കുള്ളിലൂടെ പണം വാങ്ങി മടക്കി അയച്ച അനിഷ്ടവും സ്വാര്‍ദ്ധവുമായ സംഭവങ്ങള്‍ വിരളമല്ല. കോവിഡിനെ ഭയന്നു സ്വന്തം വീടുകളില്‍ വര്‍ഷങ്ങള്‍ അടച്ചിരുന്ന നമ്മള്‍ നഷ്ടങ്ങളുടെ കണക്കെടുപ്പും അതിലെ തീരാദുഃഖങ്ങളും മായ്ക്കാന്‍ മറ്റൊരു ഓണക്കാലം കൂടി നമ്മെ തേടിയെത്തി. 

സ്വന്തബന്ധങ്ങളിലും മിത്രങ്ങളിലും ആരൊക്കെയോ ഇല്ലാത്ത ഒരു ഓണം. ഒരു അതിജീവന ഓണം! വേദനയും കണ്ണീരും അല്പനേരത്തേക്കെങ്കിലും മാറ്റിവെച്ച് ശേഷിക്കുന്നവര്‍ക്കായി നമ്മള്‍ ഈ ഓണത്തെ വരവേറ്റു. പൂക്കളും ഓണക്കോടിയും മാവേലിയും ഓണസദ്യയും കോവിഡിനെ മറന്നുള്ള മറ്റൊരു ലോകത്തെ വാര്‍ത്തെടുക്കാന്‍ നമുക്കു കൂട്ടായെത്തി. എല്ലാം പഴയതുപോലെ തിരിച്ചെത്താന്‍ തുടങ്ങുന്നു. നാട്ടില്‍നിന്നും ജോലി സ്ഥലത്തേയ്ക്ക് തിരിച്ചെത്തിയ പ്രവാസികള്‍ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ ഈ ഓണക്കാലത്തെ ഇരു കൈകളും നീട്ടി സ്വീകരിച്ചു. 
    
അമേരിക്കന്‍ മലയാളികള്‍ ഇപ്പോഴും ആഘോഷം തുടരുകയാണ്. പൂക്കളമിട്ടും ഓണസദ്യയും കഴിച്ച് മാവേലിത്തമ്പുരാന്റെ നിറഞ്ഞ അനുഗ്രഹത്താല്‍ ഓണക്കളികളും പാട്ടുംകൊണ്ട് അരങ്ങു നിറച്ചുള്ള പൊന്നോണത്തെ വീണ്ടുമൊരുക്കുകയാണ്. തിരക്കു          പിടിച്ച ജീവിതത്തില്‍ എവിടെയോ നഷ്ടപ്പെട്ട കുട്ടിക്കാലത്തെ ഓര്‍മ്മകളെ തിരിച്ചുകൊണ്ടുവരികയാണ്. നാട്ടിന്‍പുറത്തെ സമൃദ്ധിയും നന്മയും എന്തെന്നറിയാത്ത വരുംതലമുറയ്ക്ക് പകര്‍ന്നുകൊടുക്കുവാന്‍ ഒരുപിടി നല്ല ഓര്‍മ്മകളെ വാര്‍ത്തെടുക്കുകയാണ് അമേരിയ്ക്കന്‍ മലയാളികള്‍. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക