Image

കപ്പേളയിലെ  നരബലികള്‍  (കഥ- ജോസഫ്‌  എബ്രഹാം)

Published on 23 October, 2022
കപ്പേളയിലെ  നരബലികള്‍  (കഥ- ജോസഫ്‌  എബ്രഹാം)

https://emalayalee.com/writer/161

ഈ കഥ കഥാകൃത്തിന്‍റെ  ശബ്ദത്തില്‍ കേള്‍ക്കാന്‍ ഇവിടെ നല്‍കിയിരിക്കുന്ന  യൂട്യൂബ് ലിങ്കില്‍ ദയവായി ക്ലിക്ക് ചെയ്യുക
https://youtu.be/Ef7PK24NiEs

“ആ ഇടവക വികാരിയായി  ഞാന്‍ ചുമതല ഏറ്റെടുത്തിട്ടു  ഒരാറു മാസം  കഴിഞ്ഞിട്ടുണ്ടാകണം  അപ്പോഴാണ് അതൊക്കെ നടന്നത്”  ഫാദര്‍  ജോണ്‍,  ഓര്‍മ്മകള്‍ പങ്കുവച്ചു. 

‘അന്നുറക്കം വിട്ടുണര്‍ന്ന ഗ്രാമം   ഉടന്‍  തന്നെ നിശ്ചലമായി. ആരും അന്നു ഗ്രാമം വിട്ടു പുറത്ത് പോയില്ല. കുട്ടികളെ  സ്കൂളിലും വിട്ടില്ല. സൂര്യന്‍ അസ്തമിച്ചതോടെ  അങ്ങാടിയില്‍ ആളൊഴിഞ്ഞു,  എല്ലാവരും വീടിനുള്ളില്‍ കയറി വാതിലടച്ചു. ഗ്രാമഹൃദയത്തിന്‍റെ മിടിപ്പ് കൂട്ടിയ   രണ്ടു സംഭവങ്ങളാണ്  അന്നവിടെ നടന്നത്. 

നാട്ടുകാരായ രണ്ടു കൂട്ടുകാര്‍,ആര്‍ക്കുമൊരു ദ്രോഹവും ചെയ്യാത്ത  രണ്ടു ചെറുപ്പക്കാര്‍, എല്‍ദോയും, കുഞ്ഞുമോനും അവര്‍ രണ്ടു പേരും ഒരേ സ്ഥലത്ത് വച്ചു കൊല്ലപ്പെട്ടിരിക്കുന്നു. 

എല്‍ദോ പള്ളിയിലെ കപ്യാരും,  കുഞ്ഞുമോന്‍ റബര്‍  വെട്ടുകാരനുമാണ്. എല്‍ദോ  അതിരാവിലെ പള്ളി തുറക്കാനായി വരും, രാവിലത്തെ കുര്‍ബാന കഴിഞ്ഞു പള്ളിക്കാര്യങ്ങള്‍ നോക്കി വീട്ടില്‍ തിരികെ എത്തുമ്പോഴേക്കും  രാവിലെ പത്തുമണി കഴിയും. വീട്ടുപറമ്പിലെ  പണികള്‍ കഴിഞ്ഞു,  മൂവന്തിയില്‍  കപ്പേളയില്‍ നടക്കുന്ന പ്രാര്‍ത്ഥന അറിയിച്ചുള്ള സന്ധ്യാമണി അടിക്കാനായി  തിരിച്ചു വരുമ്പോഴേക്കും,  തോട്ടത്തിലെ ഷീറ്റ് പുരയില്‍,  അന്നടിച്ച റബര്‍ ഷീറ്റുകള്‍  തോരാനിട്ടശേഷം കുഞ്ഞുമോന്‍  അങ്ങാടിയിലേക്ക് നടന്നു പോകുന്നതും  കാണാം.

ഇരട്ട മരണം. അതു,  കൊലപാതകങ്ങള്‍    തന്നെയാണെന്നാണ് പോലീസിന്‍റെ  നിഗമനം. രണ്ടു പേര്‍ക്കും  ശത്രുക്കള്‍  ആരെങ്കിലും ഉണ്ടോയെന്നാണ് പോലീസുകാര്‍ ആദ്യം ചികഞ്ഞത്, പക്ഷെ  അങ്ങിനെയാരും ഉള്ളതായി വെളിപ്പെട്ടില്ല.

ഒരു പക്ഷെ പള്ളിയില്‍ നടന്ന വല്ല മോഷണവുമായി ബന്ധപ്പെട്ടാണോ ഈ കൊലപാതകങ്ങള്‍ എന്നന്വോഷിച്ചു നോക്കിയെങ്കിലും  പോലീസിനോ ഫോറെന്‍സിക്  വിദഗ്ദ്ധര്‍ക്കോ അങ്ങിനെ ഒരു സൂചനയും  ലഭിച്ചുമില്ല.

അന്വോഷണ ചുമതലയുള്ള  ഡി.വൈ.എസ്.പി    രാജന്‍  തോമസിനെയും  സംഘത്തെയും കൂടുതല്‍ കുഴപ്പിക്കുന്നതായിരുന്നു  പോസ്റ്റ്‌മോര്‍ട്ടം  റിപ്പോര്‍ട്ടും  ഫോറെന്‍സിക്  തെളിവുകളും.

എല്‍ദോയുടെ മൃതദേഹം  കിടന്നതിന്റെ   പത്തടി മാത്രം മാറി ചെടികള്‍ക്ക രികിലാണ്  കുഞ്ഞുമോന്‍ കൊല്ലപ്പെട്ടു കിടന്നത്. സംഭവസ്ഥലത്ത് മലര്‍ന്നു കിടക്കുന്നതായി കാണപ്പെട്ട  കുഞ്ഞുമോന്‍റെ തൊണ്ടകുഴിയില്‍ കുത്തിയിറക്കിയ ടാപ്പിംഗ്  കത്തിയുടെ  ഒരഗ്രം കഴുത്തിന്‍റെ പിന്‍ഭാഗം തുളച്ചിറങ്ങി.  ടാപ്പിംഗ് കത്തി കുഞ്ഞുമോന്‍റെ  തന്നെയാണെന്നു . കത്തിയില്‍ നിന്നും മറ്റാരുടേയും  വിരല്‍  അടയാളങ്ങള്‍   കിട്ടിയതുമില്ല.

എല്‍ദോയുടെ മരണമാണ് പോലീസിനെ ഏറെകുഴക്കിയത്. മരണകാരണമെന്ന്  കണക്കാക്കാവുന്ന യാതൊരു മുറിവുകളും ദേഹത്തുണ്ടായിരുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം  ചെയ്ത  ഡോക്ടറാകട്ടെ   വളരെ വിചിത്രമായ ഒരു സംഗതിയാണ്  തന്‍റെ റിപ്പോര്‍ട്ടില്‍  രേഖപ്പെടുത്തിയതും.

ഒരാളുടെ മരണശേഷം ചംക്രമണം നിലയ്ക്കുന്ന  രക്തം ശരീരത്തിനെ പലഭാഗങ്ങളിലായി  ഉറഞ്ഞുകൂടുകയും,  അതിനാല്‍ തന്നെ  ആ ഭാഗങ്ങള്‍  ശോണിതമാവുകയും  ചെയ്യേണ്ടതാണ്. എന്നാല്‍  പോസ്റ്റ്മോര്‍ട്ടം ചെയ്യവേ ഡോക്ടര്‍  കണ്ടത്  രക്തം നഷ്ട്ടപ്പെട്ടു  വിളറിവെളുത്ത ഒരു  ശരീരമാണ്.

എല്‍ദോയുടെ ശരീരത്തില്‍  ഒരു തുള്ളി രക്തം പോലും  ഉണ്ടായിരുന്നില്ലെന്നു  പറഞ്ഞാല്‍ അതൊട്ടും അതിശയോക്തിയല്ല. മരണകാരണം ഹൃദയം നിന്നു പോയതാണന്നു സാങ്കേതികമായി  പറയാമെങ്കിലും,  ഇന്ധനമില്ലാതെ  ഒരു എഞ്ചിന്‍ നിലച്ചപോലെ, രക്തമില്ലാതെ ഹൃദയം നിലച്ചുപോയി  എന്നാണ്  ഡോക്ടര്‍  പറഞ്ഞത്. അതില്‍ കൂടുതല്‍  ഒരു വിശദീകരണം നല്കാന്‍ ഡോക്ടര്‍ക്കാ കുമായിരുന്നില്ല.

എല്‍ദോയുടെ മരണം  കൊലപാതകമെന്നതിനു  ശാസ്ത്രീയമായ  തെളിവില്ലാ   എന്നതാണ്  അന്വോഷണ ഉധ്യോഗസ്ഥരെ ഏറെ കുഴക്കിയത്.  എന്നാല്‍  അതൊരു കൊലപാതകമല്ലെന്നു   തീര്‍ത്തും പറയാനുംപറ്റില്ല,  അതിനു വ്യക്തായ  രണ്ടു കാരണങ്ങള്‍ ഉണ്ട് 

ഒന്നാമതായി രണ്ടു മരണങ്ങളും  നടന്നിരിക്കുന്നത് ഏകദേശം  ഒരേ സമയത്താണ്. രണ്ടാമത്തേതും,  വളരെ പ്രധാനവുമായ ഒരു തെളിവ്,  രണ്ടു മൃതദേഹത്തിലും  കണ്ടെത്തിയ ഒരേ തരത്തിലുള്ള നഖപ്പാടുകളാണ്. എല്‍ദോയുടെ കഴുത്തിലും  കുഞ്ഞുമോന്‍റെ  നെഞ്ചിലും  കണ്ടെത്തിയ  അഞ്ചു നഖങ്ങള്‍ പതിഞ്ഞ   പാടുകള്‍!.  

ഒരു പുരുഷന്‍റെ വലതുകൈയിലെ നഖങ്ങള്‍  കൊണ്ടുണ്ടായതാണ്   ആ  മുറിവുകള്‍. ആ മുറിവുകള്‍  രണ്ടും ഉണ്ടാക്കിയതു   ഒരേ ആളുതന്നെയെന്നാണ്  ഫോറെന്‍സിക്   നിഗമനവും.

മരണം നടന്നിരിക്കുന്നത്  ഒരു ദേവാലയ മുറ്റത്തുള്ള  കപ്പേളയോടു ചേര്‍ന്നാണ്.
പകലും   വൈകുന്നേരവുമൊക്കെ  വിശ്വാസികള്‍    പുണ്യാളന്മാരുടെ മുന്‍പില്‍ തിരികത്തിച്ചു പ്രാര്‍ത്ഥിക്കാന്‍   എത്തുന്ന കപ്പേള.

അടുത്തുള്ള  ആശുപത്രിയിലെ കൂട്ടിരിപ്പുകാരും, സ്കൂളിലെ  കുട്ടികളുമൊക്കെ  കപ്പേളയില്‍  വരാറുണ്ടായിരുന്നു. ഈ സംഭവത്തോടെ  അവരുടെ വരവെല്ലാം  നിലച്ചു. വിശുദ്ധമായ ഒരിടം, പെട്ടന്ന്  ഭീതിയുടെ  വിജനതയില്‍  ഒറ്റപ്പെട്ടു  പോയതില്‍   എനിക്കേറെ  ഏറെ ദുഖം  തോന്നി.

 
അന്വോഷണ  ഉദ്യോഗസ്ഥര്‍  ബന്തവസിലാക്കിയ കപ്പേളയും  പരിസരവും  ഒരാഴ്ച  കഴിഞ്ഞപ്പോള്‍      തിരികെ ലഭിച്ചു.  പോലീസ്   താക്കോല്‍ തിരികെ നല്‍കിയതോടെ  കപ്പേള തുറക്കാനും  സന്ധ്യാപ്രാര്‍ത്ഥന പുനരാരംഭിക്കാനും ഞാനാഗ്രഹിച്ചു. എങ്കിലും  കപ്പേളയുടെ  വാതില്‍  തുറന്നു  അകത്തു കടക്കുന്നതോടെ  ഏതോ അദൃശ്യശക്തി  എന്‍റെ  മനസിനെ വിലക്കുന്നതായി     അനുഭവപ്പെടാന്‍  തുടങ്ങി. 

എല്‍ദോയുടെ മരണശേഷം രാവിലെ  പള്ളിതുറക്കാന്‍ ആരെയും  കിട്ടിയില്ല. പുതിയ കപ്യാരെ  നിയമിക്കണം,  പക്ഷെ എല്ലാം ഒന്നു ശാന്തമാകട്ടെ എന്നും   കരുതി. 

വൈദീക പരിശീലനത്തിന്റെ  ഭാഗമായി ഇടവക ശുശ്രൂഷ ചെയ്യാനെത്തിയ  റൊമാന്‍സ് പള്ളിച്ചല്‍, എന്ന ശെമ്മാച്ചന്‍   കൂടെ ഉണ്ടായിരുന്നതുകൊണ്ട്  ഒരു കപ്യാരുടെ  അഭാവം  അങ്ങിനെ അനുഭവപ്പെട്ടുമില്ല.

 ഒരു  രാവിലെ  ഞാന്‍ കപ്പേളയുടെ അടുത്തേക്ക്  നടന്നു ചെന്നു.  ജനവാതിലുകള്‍   അടച്ചു പൂട്ടിയിരുന്ന  കപ്പേളയുടെ  ഒരു ജനല്‍പാളി തുറന്നു കിടക്കുന്നതായി  കണ്ടതുകൊണ്ടാണ്    അവിടേയ്ക്കു  ചെന്നത്.  ഒരുപക്ഷെ കഴിഞ്ഞ രാത്രിയില്‍ വല്ല മോഷണശ്രമവും  നടന്നിരിക്കുമോയെന്നു    ഞാന്‍ സംശയിച്ചു.    തുറന്നു കിടക്കുന്ന ജനാലയുടെ സമീപമെത്തി.  ജനലഴികള്‍ മുറിച്ചിട്ടുണ്ടോ  എന്നാണ്   ആദ്യമേ  നോക്കിയത്.  പക്ഷെ അങ്ങിനെ ഒരു കുഴപ്പവും  കണ്ടില്ല.

അടച്ചിട്ട കപ്പേളയില്‍നിന്നു ഇരുള്‍  ഒഴിഞ്ഞുപോകാനുള്ള വെട്ടംവീണിരുന്നില്ല.   ഞാന്‍ ജനലിലൂടെ  അകത്തേക്കു  നോക്കി. അകത്തു  കപ്പേളയുടെ തറയില്‍  കാല്‍ മുട്ടുകള്‍ക്കിടയില്‍ മുഖം പൂഴ്ത്തി ആരോ ഇരിക്കുന്നതായി  കണ്ടു.  ആരാണയാള്‍??, അടച്ചിട്ടിരിക്കുന്ന കപ്പേളയുടെയുള്ളില്‍ അയാളെ ങ്ങിനെയാണ്‌  കയറിപറ്റിയത്?. 

ഞാന്‍ ചുറ്റും നോക്കി. പരിസരത്തെങ്ങും  ആരുമില്ല.  ഭയം അല്‍പ്പാല്‍പ്പമായി  എന്‍റെ കാലുകളിലൂടെ  അരിച്ചുകയറി. കഴുത്തില്‍  അണിഞ്ഞിരുന്ന   വിശേഷപ്പെട്ട  ബെനഡിക്ട്ഷന്‍  കുരിശ്  വലതു കരത്തില്‍ എടുത്തുകൊണ്ട്  ധൈര്യം  സംഭരിച്ചു   ‘ആരാണവിടെ’ എന്നു ചോദിക്കാന്‍  തുടങ്ങിയെങ്കിലും  എന്‍റെ നാവു പൊങ്ങിയില്ല. നാവിന്‍റെ ചലനശേഷി  നഷ്ട്ടപ്പെട്ടുപോയി.  പെട്ടെന്ന്  തൊട്ടു പുറകില്‍ നിന്നും ഒരു നായയുടെ ഉറക്കെയുള്ള ഓരിയിടല്‍ കേട്ടു. അപ്രതീക്ഷിതമായ ഓരിയിടലില്‍ ഞെട്ടിവിറച്ചു ഞാന്‍   തിരിഞ്ഞു നോക്കി. 

കറുത്ത നിറമുള്ള  ഒരു കൂറ്റന്‍ നായ. അതിന്‍റെ   പച്ച നിറമുള്ള കണ്ണുകളില്‍  പൈശാചികത തിളങ്ങുന്നു.   ഏതു നിമിഷവും  ആ ജന്തു എന്‍റെ   മേല്‍ ചാടി വീഴുമെന്നുറപ്പാണ്. ഇരു കൈകളും നെഞ്ചിലെ  വിശുദ്ധ കുരിശില്‍ ചേര്‍ത്ത് വച്ചുകൊണ്ട്,  വിശുദ്ധ ഗബ്രിയേല്‍ മാലാഖയുടെ പ്രാര്‍ത്ഥന ഉള്ളില്‍ ഉരുവിട്ടുകൊണ്ടു ഞാന്‍   കപ്പേളയുടെ ഉള്ളിലേക്കു  നോക്കി.

കപ്പേളയുടെ തറയില്‍ കാല്‍മുട്ടിന്മേല്‍ മുഖമണച്ചിരുന്ന രൂപം, അതിന്റെ   വിളറി വെളുത്ത    മുഖം ചെരിച്ചു   ജനാലയുടെ ഭാഗത്തേക്ക്  നോക്കി. ഇരുളില്‍ അതിന്‍റെ  കണ്ണുകള്‍  പച്ച നിറത്തില്‍ തിളങ്ങി.  നാവു  ബന്ധനത്തിലെങ്കിലും, ഉള്ളാലെ  പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്ന എന്‍റെ കൈയില്‍  പിടിച്ചിരുന്ന ‘ബെനഡിക്ഷന്‍   കുരിശ്’  കണ്ണില്‍പ്പെട്ടതോടെ     ആ  പൈശാചിക  ജീവിയുടെ കണ്ണുകളില്‍  ഭയം നിറയുന്നതായി കാണപ്പെട്ടു. 

“അച്ചോ,  എന്താണവിടെ ?”

അല്പം  ദൂരെ നിന്നും കാതിലെത്തിയ   ശെമ്മാച്ചന്‍റെ ശബ്ദം കേട്ടു  ഞാന്‍ തിരിഞ്ഞു നോക്കുന്നതിനിടയില്‍  തൊട്ടുപിന്നിലുണ്ടായിരുന്ന നായ ചെടികള്‍ക്കിടയിലൂടെ  മാഞ്ഞുപോയി.  ഞാന്‍  തിരിഞ്ഞു  കപ്പേളയുടെ  ഉള്ളിലേക്ക് നോക്കി അപ്പോഴേക്കും അവിടെ കണ്ട രൂപവും അപ്രത്യക്ഷമായിരുന്നു. 

“എന്താ അച്ചാ,  എന്തുണ്ടായി ?”  തൊട്ടടുത്തെത്തിയ  ശെമ്മാച്ചന്‍  ചോദിച്ചു 

“ഇല്ല, ഒന്നുമില്ല”, ശെമ്മാച്ചനോട് മറുപടി പറയവേ ശബ്ദം പുറത്ത് വരികയും    നാവിന്‍റെ  ചലനശേഷി  തിരിച്ചുകിട്ടിയതായി  തിരിച്ചറിഞ്ഞു.
 
“അല്ല,  ഈ ജനല്‍ പാളി   തുറന്നു കിടക്കുന്നത്  കണ്ടു നോക്കിയതാണ്.   വല്ല കള്ളന്മാരും കയറിയോന്നു നോക്കിയതായിരുന്നു,  കുഴപ്പമൊന്നും  കാണുന്നില്ല,  കാറ്റടിച്ചപ്പോള്‍   തുറന്നു പോയതായിരിക്കും”. ജനല്‍ പാളി  ചേര്‍ത്ത്  അടച്ചു കൊണ്ട്  ശെമ്മാച്ചനോടായി   പറഞ്ഞു 

“കാപ്പി  എടുത്തു വെച്ചിട്ടു  നോക്കിയപ്പോള്‍  അച്ചനെ  കാണാത്തതു   കൊണ്ട്  ഞാന്‍  തിരക്കി വന്നതാണ്‌”  പള്ളി മേടയിലേക്ക്  നടക്കുന്നതിനിടയില്‍  ശെമ്മാച്ചന്‍  പറഞ്ഞു. 

കാപ്പി കുടിക്കുന്നതിനിടയില്‍  ഞാന്‍    ആലോചനയില്‍ മുഴുകുന്നതും, എന്‍റെ മുഖം വലിഞ്ഞു മുറുകുന്നതും  ശെമ്മാച്ചന്‍  ശ്രദ്ധിച്ചു.  മൌനമായിരിക്കുന്ന   ശെമ്മാച്ചനെ നോക്കി   ഞാന്‍  പറഞ്ഞു 

“ഇന്നു കുര്‍ബാന കഴിഞ്ഞു  ഞാന്‍  നമ്മുടെ  ബെനെഡിക്  ആശ്രമം വരെ ഒന്നു പോവുകയാണ്. ഇന്നുതന്നെ   തിരിച്ചു വരാന്‍ പറ്റുമെന്ന് തോന്നുന്നില്ല,” 

 അങ്ങിനെ പറഞ്ഞപ്പോള്‍  എന്തോ കാര്യമായ പ്രശ്നം  എന്നെ അലട്ടുന്നുണ്ടെന്നു    ശെമ്മാച്ചനു  മനസിലായി. എന്‍റെ  ആത്മീയ ഗുരുവാണ് ഫാദര്‍ യൂജിന്‍.  വന്ദ്യവയോധികനായ  ഫാദര്‍ യൂജിന്‍  ഇപ്പോള്‍  ഇടവക  ചുമതലകള്‍  എല്ലാം ഒഴിവാക്കി    ആശ്രമത്തിന്‍റെ  ചുമതലയിലും,  പ്രാര്‍ത്ഥനയിലും മുഴുകി വിശ്രമജീവിതം നടത്തി വരികയാണ്‌.  

ഭൂതോച്ചാടനത്തില്‍  പ്രഗത്ഭനായ  ഫാദര്‍ യൂജിന്  അതിന്റെ വിലയായി നല്‍കേണ്ടി വന്നിരുന്നത്  അദ്ധേഹത്തിന്റെ വ്യക്തി  ജീവിതമായിരുന്നു.  മറ്റു  ഇടവക വികാരിമാരെപ്പോലെ  സുഖമായി ജീവിക്കാനോ, വിനോദങ്ങളില്‍ ഏര്‍പ്പെടുവാനോ  അദ്ധേഹത്തിനാവുമായിരുന്നില്ല.  ഭൂതോച്ചാടനത്തിനും, പൈശാചിക ശക്തികളെ ബന്ധിക്കുന്നതിനും  വേണ്ടിയുള്ള ശക്തി സംഭരിക്കാന്‍ പള്ളിയിലെ  സക്രാരിയുടെ മുന്‍പില്‍  ജപമാലയുമായി നിരന്തരമായ ഉപവാസ പ്രാര്‍ത്ഥനകളില്‍ അദ്ദേഹം മുഴുകിയിരുന്നു. അമാനുഷരായ  പൈശാചിക ശക്തികളോട് ഏറ്റുമുട്ടുക  എന്നത് അത്യന്തം അപകടം പിടിച്ച കളിയാണ്‌,  അതില്‍ വിജയിക്കണമെങ്കില്‍  ശക്തമായ ദൈവീക  സംരക്ഷണം  ആവശ്യമാണ്. 

“ശെമ്മച്ചനു   രാത്രിയില്‍ ഒറ്റയ്ക്കു   കിടക്കാന്‍ പേടിയുണ്ടോ ? ഉണ്ടെങ്കില്‍ ഞാന്‍  പീറ്ററിനോട്  പറയാം,   ഇന്നു  വേണമെങ്കില്‍ അവരുടെ വീട്ടില്‍ കിടക്കാം” 
പീറ്റര്‍ പള്ളിയിലെ കൈക്കാരനാണ് .
“ഹേയ്  അതൊന്നും വേണ്ടച്ചോ,  ഞാനൊറ്റയ്ക്ക് കിടന്നോളം, എനിക്ക് പേടിയൊന്നുമില്ല” 

ഒറ്റയ്ക്കു  കിടക്കാന്‍  പേടിയാണെന്ന്  മറ്റുള്ളവര്‍ അറിഞ്ഞാലുള്ള നാണക്കേടോര്‍ത്താണ് ശെമ്മാച്ചന്‍  അങ്ങിനെ പറയുന്നതെന്നു    എനിക്ക്  മനസ്സിലായി. യാത്ര പുറപ്പെടും മുമ്പായി    പള്ളിമേട വെഞ്ചിരിച്ചു. സക്രാരിയില്‍  നിന്നും  വിശുദ്ധ കുര്‍ബാന   ചെറിയൊരു  അരുളിക്കയില്‍  പള്ളിമേടയുടെ  സ്വീകരണ മുറിയില്‍  കൊണ്ടു  വച്ചു കൊണ്ട്  ഞാന്‍ ശെമ്മാച്ചനോട്  പറഞ്ഞു 

“ഈ വിശുദ്ധ കുര്‍ബാനയുടെ മുന്‍പിലുള്ള മെഴുകുതിരി അണഞ്ഞു പോകാതെ നോക്കണം.  എരിഞ്ഞു തീരുന്നതിനു മുന്‍പ്   പുതിയത്  കത്തിച്ചു വയ്ക്കണം. 

“എന്‍റെ  യാത്രയില്‍  പല തടസങ്ങളും  ഉണ്ടാകാനിടയുണ്ട്  അതുകൊണ്ട്  ഈ വിശുദ്ധ കുര്‍ബാന ഞാന്‍ തിരിച്ചു വരുന്നത് വരെ  ഇവിടെയിരിക്കട്ടെ”

ആ രാത്രിയില്‍ ശെമ്മാച്ചനു സംരക്ഷണമാകാനാണ്  പള്ളിമേടയില്‍  വിശുദ്ധ കുര്‍ബാന എഴുന്നുള്ളിച്ചുവച്ചത്.  ശെമ്മാച്ചനു ഇടര്‍ച്ചയുണ്ടാകേണ്ടന്നു കരുതി  അതു വെളിപ്പെടുത്തിയില്ലന്നു മാത്രം.

സെന്റ്. ബെനെഡിക്റ്റ് ആശ്രമത്തില്‍ എത്തിയപ്പോള്‍ നേരം  ഉച്ചകഴിഞ്ഞു.  ചെല്ലുമെന്ന   അറിയിപ്പൊന്നും  നല്‍കിയിരുന്നില്ലെങ്കിലും   എന്‍റെ    വരവും പ്രതീക്ഷിച്ചുകൊണ്ട്   പുറത്തെങ്ങും  പോകാതെ  ഫാദര്‍ യൂജിന്‍ ആശ്രമത്തില്‍ കാത്തിരിക്കുന്നുണ്ടായിരുന്നു.  ഉച്ചകഴിഞ്ഞ്  ഒരു അതിഥി എത്തുമെന്നും  അയാള്‍ക്കുള്ള  ഉച്ചഭക്ഷണം  എടുത്തു വയ്ക്കണമെന്നും  ഫാദര്‍ യൂജിന്‍  പറഞ്ഞിരുന്നുവെന്ന്  ഊണു കഴിക്കുന്നതിനിടയില്‍  അടുക്കളക്കാരന്‍   പറഞ്ഞു.

അന്ന്  രാത്രിയില്‍ ഫാദര്‍  യൂജിനും ഒരുമിച്ചു   പുലര്‍ച്ചെ മൂന്നുമണി വരെ ഞാന്‍ ആശ്രമത്തിലെ  ചാപ്പലില്‍  പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്നു.

ഞാന്‍ നിര്‍ദേശം നല്കിയപോലെ തന്നെ ശെമ്മാച്ചന്‍   എല്ലാം കൃത്യമായി ചെയ്തു. കിടക്കുന്നതിനു മുന്‍പായി,  രാത്രിമുഴുവന്‍ കത്തിയാലും  തീരാത്ത വലിപ്പമുള്ള  ഒരു മെഴുകുതിരി  വിശുദ്ധ കുര്‍ബാനയുടെ  മുന്‍പില്‍ കത്തിച്ചു വയ്ക്കുകയും  ചെയ്തു. പക്ഷെ അന്നുരാത്രിയില്‍ ശെമ്മാച്ചന്‍ വളരെ ഭയാനകമായ ഒരു അവസ്ഥയിലൂടെയാണ്  കടന്നു പോയതെന്ന്  പിറ്റേന്നു  പള്ളിമേടയില്‍ എത്തിയപ്പോള്‍  അറിയാന്‍ കഴിഞ്ഞു.

രാത്രിയായതോടെ ശെമ്മാച്ചന്‍റെ  മനസ്  വല്ലാതെ  ആകുലപ്പെടുന്നുണ്ടായിരുന്നു. അകാരണമായ ഒരു ഭയമുള്ളില്‍  കടന്നു കൂടിയെങ്കിലും, കത്തിയുരുകുന്ന  മെഴുകുതിരികള്‍ക്കിടയില്‍  എഴുന്നുള്ളിയിരിക്കുന്ന  വിശുദ്ധ കുര്‍ബാനയുടെ ശക്തിയിലുള്ള വിശ്വാസം ശെമ്മാച്ചനു  ധൈര്യം നല്‍കി.  

രാത്രി രണ്ടുമണിയായികാണും. മുറിയുടെ പുറത്ത്  നിന്നും  നായകളുടെ ഓരിയിടല്‍ കേട്ടുകൊണ്ട്  ഞെട്ടി എഴുന്നേറ്റ ശെമ്മാച്ചന്‍ ജനാലയുടെ ചില്ലിലൂടെ പുറത്തേക്ക് നോക്കി.  പുറത്തെങ്ങും   ഭീതി ജനിപ്പിക്കുന്ന നിഴലനക്കങ്ങള്‍. നായ്ക്കളുടെ നിലയ്ക്കാത്ത  ഓരിയിടല്‍. പുറത്തു  നിന്നും ചീറിയടിക്കുന്ന  കാറ്റിന്റെ ഹുങ്കാരം  കേള്‍ക്കുന്നുണ്ട്, പക്ഷെ  കാറ്റടിച്ചു മരങ്ങള്‍  ഉലയുന്നുമില്ല. മരങ്ങള്‍ക്കിടയല്‍, ഒരു    ഒറ്റമരത്തില്‍  ശക്തമായ കാറ്റടിച്ചു.  ആ മരം  മാത്രം ഉലയുന്നു. പിന്നെ  അതു നിലയ്ക്കുന്നു,  അപ്പോള്‍   മറ്റൊരു മരം ഉലയുന്നു, ഒറ്റ  മരങ്ങളെ വീതം  ഉലച്ചുള്ള  ആ കാറ്റിന്‍റെ  സഞ്ചാരം പള്ളി മേടയുടെ നേര്‍ക്കാണ് വന്നുകൊണ്ടിരുന്നത്. മേടയുടെ മുറ്റത്തെ   സ്തൂപികാഗ്രമുള്ള അശോക മരം കാറ്റില്‍  നിന്നുലയുകയും   വളഞ്ഞു കുത്തുകയും ചെയ്തു. എങ്കിലും  ചുറ്റുമുള്ള മരങ്ങളുടെ  ഒരിലപോലും  അനങ്ങുന്നില്ലായിരുന്നു.

ശെമ്മാച്ചന്‍  കഴുത്തിലെ കുരിശു രൂപത്തില്‍ പിടിമുറുക്കികൊണ്ട്    വിശുദ്ധ ഗബ്രിയെലിന്റെ ജപം ഉരുവിടാന്‍ തുടങ്ങി. പെട്ടന്ന്  വലിയ ശബ്ദത്തത്തോടെ   ഒരു കറുത്ത രൂപം പള്ളി മേടയുടെ  ജനാലയില്‍  വന്നിടിച്ചു. 

‘എന്‍റെ ഈശോയെ രക്ഷിക്കണേ’ 

എന്നലറി വിളിച്ചുകൊണ്ട്   ശെമ്മാച്ചന്‍  സ്വീകരണ മുറി ലക്ഷ്യമാക്കി ഓടി. പക്ഷെ  എത്ര ഓടിയിട്ടും, കാലുകള്‍  അനക്കിയിട്ടും  ശെമ്മാച്ചനു    സ്വീകരണ മുറിയിലേക്കെത്താന്‍  പറ്റുന്നില്ല!. പള്ളിമേടയിലെ രണ്ടു മുറികള്‍ക്കും  അടുക്കളയ്ക്കും  ഇടയിലൂടെ,  സ്വീകരണ മുറിയിലേക്കുള്ള ആ ചെറിയ ഇടനാഴിയിലൂടെ   ശെമ്മാച്ചന്‍  ഓടുന്നുണ്ട്,  പക്ഷെ ലക്ഷ്യത്തില്‍  എത്തുന്നില്ല. വലിയ ഒരു കെട്ടിടത്തിന്‍റെ  അനന്തമായ  ഇടനാഴിയിലൂടെ  ഓടുന്നപോലെ  ശെമ്മാച്ചന്‍ ഓടിക്കൊണ്ടിരുന്നു.

ആ സമയം പള്ളിമേടയെ  പിടിച്ചുകുലുക്കികൊണ്ട്  ചുറ്റും കാറ്റുവീശി. ചുഴലിക്കാറ്റില്‍ പെട്ടപോലെ പള്ളിമേട കുലുങ്ങി, ജനല്‍പാളികള്‍  വലിയ ശബ്ദത്തോടെ തുറന്നടഞ്ഞു.  അതോടെ കരണ്ടും   പോയി.  ഇരുളില്‍  തട്ടിതടഞ്ഞു വീണ ശെമ്മാച്ചന്‍ ഇഴഞ്ഞുകൊണ്ട്   സ്വീകരണ മുറിയില്‍  എത്തിയപ്പോഴേക്കും  അരളിക്കയുടെ  മുന്‍പിലുണ്ടായിരുന്ന മെഴുകുതിരികളും  കാറ്റില്‍ അണഞ്ഞുപോയിരുന്നു. വലിയ അന്ധകാരം മാത്രം ചുറ്റിലും.

 വലിയ ശബ്ദത്തോടെ തുറന്നടയുന്ന  ജനലിനപ്പുറത്തായി  ഒരു  കറുത്ത രൂപം  നില്‍ക്കുന്നത്  ശെമ്മാച്ചന്‍ കണ്ടു, ആ രൂപത്തിന്‍റെ  കൈ തറയിലൂടിഴയുന്ന    ശേമ്മാച്ചന്റെ  നേര്‍ക്ക്‌ നീണ്ടു നീണ്ടു വന്നു.

ഈ സമയം ബെനെഡിറ്റ്  ആശ്രമത്തിലെ ചാപ്പലില്‍  ഫാദര്‍ യൂജിനോടൊപ്പം  പ്രാര്‍ത്ഥനയില്‍  മുഴുകിയിരുന്ന  ഞാന്‍    ഞെട്ടലോടെ  ചാടി എഴുന്നേറ്റു. ശെമ്മാ ച്ചന്‍ ഏതോ അപകട വക്ത്രത്തില്‍ പെട്ടുവെന്ന് എന്‍റെയുള്ളം പറഞ്ഞു. അപ്പോഴും, മുട്ടിന്മേല്‍ നിന്നുകൊണ്ട്  പ്രാര്‍ത്ഥനയില്‍  മുഴുകിയിരുന്ന  ഫാദര്‍ യൂജിന്‍    കണ്ണുകളുടെ    ആംഗ്യത്താല്‍  ശാന്തനാകാന്‍  എന്നോടാവശ്യപ്പെട്ടു. 

ഫാദര്‍  യൂജിന്‍  എഴുന്നേറ്റു.  തിരുവസ്ത്രം കഴുത്തിലണിഞ്ഞു.   അരളിക്കയില്‍  എഴുന്നുള്ളിച്ചു വച്ചിരുന്ന  തിരുവോസ്തി എടുത്തു  രണ്ടായി മുറിച്ചു.  രണ്ടായി മുറിച്ച തിരുവോസ്തിയില്‍  ഒന്നിന്റെ  അഗ്രഭാഗം  താഴേക്ക്‌ മടക്കിവച്ചുകൊണ്ട്‌ ക്കൊണ്ട്  നാരകീയ ശക്തികളെ തോല്‍പ്പിച്ച തിരുബലിയെ പുനരാവിഷ്കരിച്ചു. തിരുവോസ്തിയില്‍ നിന്നും ഒരുതുള്ളി രക്തം പൊടിഞ്ഞു. താഴേക്ക്‌ ഇറ്റിയ  ആ രക്തത്തുള്ളി നിലത്തു പതിക്കാതെ അന്തരീക്ഷത്തില്‍ അലിഞ്ഞില്ലാതായി.  ആ സമയം  ചാപ്പലിലെ നാഴിക   മണി മൂന്നു  പ്രാവശ്യം മുഴങ്ങി.

പള്ളിമേടയിലെ സ്വീകരണ മുറിയിലെ  തറയില്‍ കിടക്കുന്ന ശെമ്മാച്ചന്‍   തന്‍റെ നേര്‍ക്ക്‌  നീണ്ടു വരുന്ന,   നീണ്ട നഖമുള്ള കൈ  കണ്ടു. ഉറക്കെ കരഞ്ഞു സഹായത്തിനായി വിളിക്കാന്‍ ആഗ്രഹിച്ചെങ്കിലും അതിനാവാത്ത വിധം   നാവ് ബന്ധനത്തിലായിരുന്നു.വിശുദ്ധ കുര്‍ബാന സൂക്ഷിച്ചിരിക്കുന്ന അരളിക്കയുടെ ഭാഗത്തേക്ക്  ശെമ്മാച്ചന്‍    തറയിലൂടെ ഇഴഞ്ഞു.  അപ്പോഴേക്കും  നീണ്ട നഖങ്ങളുള്ള  ആ കൈ ശെമ്മാച്ചന്‍റെ കഴുത്തില്‍ പിടിമുറുക്കിയിരുന്നു, തൊലിയില്‍ നഖം കൊള്ളുന്നതിന്റെ നീറ്റലിനൊപ്പം   ശെമ്മാച്ചന്‍റെ   ശ്വാസവും  മുട്ടി.

ആ സമയം   മുറിയില്‍ ഒരു പ്രകാശം പരക്കുന്നതും  കഴുത്തിലെ പിടി അയഞ്ഞു പോകുന്നതായും  ശെമ്മാച്ചനറിഞ്ഞു. തിരുവോസ്തിയിരിക്കുന്ന അരളിക്കയില്‍ നിന്നും ചുവപ്പും, ഇളംനീലയും വര്‍ണത്തിലുള്ള  പ്രകാശരേണുക്കള്‍  പുറപ്പെട്ടു, ആ രശ്മികളാല്‍  അവിടം പ്രകാശമാനമായി. 

ആ സമയം പള്ളിമേടയിലെ ചുവര്‍ ഘടികാരത്തിലെ  കിളിക്കൂട്‌ തുറന്നു. കിളികള്‍ മൂന്നു പ്രാവശ്യം ചിലച്ചു. എല്ലാം പെട്ടന്ന് ശാന്തമായി.  നായ്ക്കളുടെ  ഓരിയിടലും  കാറ്റും പിടിച്ചുകെട്ടിയപോല്‍ നിലച്ചു.   തറയില്‍ കിടന്നു കൊണ്ട്, കൈയ്യെത്തിച്ചു  ശെമ്മാച്ചന്‍  അരളിക്ക എടുത്തു നെഞ്ചില്‍ ചേര്‍ത്ത് വച്ചു. ആ കിടപ്പില്‍ ശെമ്മാച്ചന്‍ ശാന്തമായി ഉറങ്ങി.

രാവിലെ തന്നെ  ഞാനും    ഫാദര്‍ യൂജിനും  പള്ളിമേടയിലെത്തി. ഫാദര്‍ യൂജിന്‍  ശെമ്മാച്ചന്‍റെ   കഴുത്തിലെ  നഖപാടുകളിലൂടെ  വിരലോടിച്ചു,  പിന്നെ ഒന്നമര്‍ത്തി മൂളി.  തലേന്നു  രാത്രിയിലെ  ഞെട്ടലില്‍ നിന്നും ശെമ്മാച്ചന്‍ അപ്പോഴും മോചിതനായിട്ടില്ല. ഫാദര്‍ യൂജിന്‍  ശെമ്മാച്ചന്‍റെ  തലയില്‍  കൈവെച്ചു പ്രാര്‍ത്ഥിച്ചു.

ഫാദര്‍ യൂജിനുമൊത്ത്     കപ്പേളയിലേക്ക്  നടന്നു. ശെമ്മാച്ചന്‍  കപ്പേളയുടെ വാതില്‍ തുറന്നു. ഫാദര്‍ യൂജിനാണ്  കപ്പേളയിലേക്ക്  ആദ്യം കടന്നത്‌  കപ്പേളയുടെ മധ്യഭാഗത്തെ   തറയില്‍ അദ്ധേഹത്തിന്റെ  കണ്ണുകള്‍ ഉടക്കി. ആ ഭാഗത്തെ  പരവതാനി  നീക്കം ചെയ്യാന്‍  അദ്ദേഹം  ആവശ്യപ്പെട്ടത് പ്രകാരം  ശെമ്മാച്ചനും  ഞാനും    ചേര്‍ന്ന് പരവതാനി  ചുരുട്ടി മാറ്റി.

ഫാദര്‍  യൂജിന്‍  തറയിലേക്കു വിരല്‍ ചൂണ്ടി.  തറയില്‍  വിരിച്ചിരുന്ന  സെറാമിക്  ഓടുകളില്‍  നെടുനീളത്തില്‍  ഒരു വിള്ളല്‍ കണ്ടു.  ഞാനപ്പോള്‍ ഓര്‍ത്തു  ആ  ഭാഗത്തായിരുന്നു  തലേന്നു  ഞാന്‍   പ്രേതരൂപത്തെ കണ്ടതും.   

തിരികെ  മേടയില്‍ എത്തിയ ഫാദര്‍ യൂജിന്‍  പറഞ്ഞു തുടങ്ങി.

‘ലൂക്കാ 12:34-ൽ യേശു പറയുന്നു: “നിന്റെ നിക്ഷേപം എവിടെയോ, അവിടെ നിന്റെ ഹൃദയവും’”. ഈ ആമുഖത്തോടെ  മുപ്പതു വര്‍ഷങ്ങള്‍ക്കു  മുന്‍പുണ്ടായ  ഒരു സംഗതി   ഫാദര്‍  യൂജിന്‍  പങ്കു വച്ചു.

“അന്ന്  ഫാദര്‍  സൈമണ്‍  എന്നൊരു വികാരിയായിരുന്നു ഈ ഇടവകയില്‍.   ഇന്നത്തെ  ഈ  പള്ളിമന്ദിരം  പണിയാനുള്ള  ആലോചന  നടക്കുന്ന കാലം.        വലിയ  ആത്മീയ ഉണര്‍വൊന്നുമില്ലെങ്കിലും  നല്ലൊരു സംഘാടകനായിരുന്നു   ഫാദര്‍   സൈമണ്‍. ഇടവക  പള്ളികള്‍  പണിതു  പൂര്‍ത്തിയാക്കുന്നതില്‍  വലിയ മിടുക്കനായിരുന്നു അദ്ദേഹം. നിരവധി  ഇടവകളില്‍   പള്ളികള്‍  പണി കഴിപ്പിക്കുന്നതില്‍   മിടുക്കും കഴിവും തെളിയിച്ച   ഫാദര്‍ സൈമണിനെ   ഈ ഇടവകയില്‍ പുതിയയൊരു  പള്ളിമന്ദിരം  പണിയാനുള്ള ചുമതലയുമായി  പിതാവ് അയച്ചതായിരുന്നു.

“ആ  സമയത്താണ്  ജോമിസ്  തരകന്‍  എന്നൊരാള്‍ ഈ  ഗ്രാമത്തിലേക്കും   ഇടവകയിലെക്കും  കടന്നു വരുന്നത്.  ഒരു  സിവില്‍ കോണ്ട്രാക്ടര്‍  ആയിരുന്നു   ജോമിസ് തരകന്‍.  നിര്‍മ്മാണ മേഖലയില്‍  തനിക്കു വലിയ നഷ്ട്ടം  വന്നപ്പോള്‍  നില്‍ക്കകള്ളിയില്ലാതെ  ആലപ്പുഴ  പട്ടണത്തിലുള്ള  അയാളുടെ വീടും സ്ഥലവും വിറ്റ്‌,  ഇവിടെ കുറച്ചു റബര്‍ തോട്ടം  വാങ്ങി  അതിലൊരു വീടും വച്ചു ഒതുങ്ങി കൂടി ജീവിക്കാന്‍ തുടങ്ങുകയായിരുന്നു.

“പള്ളിപണിയുടെ  നടപടികള്‍  അപ്പോഴേക്കും  തുടങ്ങി.  വലിയൊരു പള്ളിയും  അതിനോട് ചേര്‍ന്ന   കപ്പേളയും പണിയാനുള്ള  പ്ലാനും എസ്ടിമേറ്റും    ഫാദര്‍ സൈമണ്‍  തയ്യാറാക്കി. അന്നത്തെ സാഹചര്യത്തില്‍  ഇടവകക്കാര്‍ക്ക്  താങ്ങാനാവാത്ത  വലിയ ഒരു തുക വേണ്ടി വരും പള്ളി പണിക്കായി.  ഇത്രയും പണംമുടക്കി  വലിയൊരു പള്ളി പണിയേണ്ടതുണ്ടോ  എന്നൊക്കെ ചോദിച്ചുകൊണ്ട്  കുറച്ചു ഇടവകക്കാര്‍  എതിര്‍പ്പ്  പ്രകടിപ്പിച്ചു. 

“പള്ളി പണിക്കു വേണ്ട തുകയുടെ നാലിലൊന്നു താന്‍ സംഘടിപ്പിച്ചു  കൊള്ളാമെന്ന് ഫാദര്‍  സൈമണ്‍ പറഞ്ഞതോടെ   എല്ലാ എതിര്‍പ്പുകളും ഇല്ലാതായി. 

“ഇടവകയില്‍ പുതിയതായി വന്ന ജോമിസ് തരകന്‍ കെട്ടിടം കോണ്ട്രാക്ടറാ  ണെന്ന് അറിഞ്ഞതോടെ  പള്ളിപണിയുടെ കരാര്‍   ഏറ്റെടുക്കാന്‍  ജോമിസ് തരകനോട്  വികാരിയച്ചന്‍ ആവശ്യപ്പെട്ടു.  തനിക്കറിയാവുന്ന ജോലി  തുടങ്ങി വയ്ക്കാന്‍ പുതിയ നാട്ടില്‍ ഒരു അവസരം തേടിയെത്തുക, അതും ഒരു ദേവാലയ നിര്‍മ്മിതി.  നല്ലൊരവസരം ദൈവം തന്നെ തന്നതാണെന്ന്     ജോമിസ് തരകനും കരുതി. പള്ളിയുടെ  ഫണ്ടുപിരിവു  തുടങ്ങി വരുന്നതേയുള്ളൂ  എങ്കിലും പണികള്‍   ഏറ്റെടുത്ത സമയത്ത്  തീര്‍ക്കാനുള്ള  ആവേശത്തില്‍  സ്വന്തം പുരയിടം ബാങ്കില്‍  പണയം വച്ചു പണമെടുത്തു  ജോമിസ് തരകന്‍   പണികള്‍  തുടങ്ങി.

“ജോമിസ് തരകന്‍  അതുവരെ  പണിതീര്‍ത്തതൊക്കെ വലിയ കെട്ടിടങ്ങളായിരുന്നു  അതുവച്ച്  നോക്കുമ്പോള്‍  താരതമ്യേനെ  ചെറുതായ  ഒരുപള്ളിയും, കപ്പേളയും അതൊരു   വലിയ  സംഗതിയായി  അയാള്‍ക്ക്  തോന്നിയില്ല. 

“പക്ഷെ, അവിടെയായിരുന്നു  തരകനു   പിഴച്ചതും.  പള്ളിയുടെ  ഗോപുരവും  മകുടവും, അള്‍ത്താരയുടെയുമൊക്കെ നിര്‍മ്മിതി ചെയ്യാന്‍  സാധാരണ കല്‍പ്പണിക്കാര്‍ക്കാവില്ല.    അതിനു പ്രത്യേകം നിപുണരായ  തൊഴിലാളികള്‍ തന്നെ വേണം.  കന്യാകുമാരി ജില്ലയില്‍ നിന്നുള്ള പണിക്കാരാണ് അക്കാര്യത്തില്‍    പ്രാഗത്ഭ്യമുള്ളവര്‍. അവരെ   ചെല്ലും ചെലവും, ഉയര്‍ന്ന കൂലിയും കൊടുത്തു കൊണ്ടുവരണം.  വളരെ ഇഴഞ്ഞു മാത്രമേ അത്തരം പണികള്‍ മുന്നോട്ടു പോവുകയുമുള്ളൂ. 

“ചുരുക്കി പറഞ്ഞാല്‍  പലതും കൊണ്ട് പള്ളി പണിയില്‍ ജോമിസ്  തരകനു  വലിയ സാമ്പത്തിക  നഷ്ട്ടം വന്നു. പള്ളി കൂദാശ കഴിയട്ടെ,  എന്തെങ്കിലും  വഴികള്‍ ആലോചിക്കാം  വിഷമിക്കേണ്ട  എന്നൊക്കെ ഫാദര്‍  സൈമണ്‍ പറഞ്ഞെങ്കിലും  പള്ളികൂദാശ കഴിഞ്ഞതോടെ  കരാറുകാരന്‍റെ  ബാധ്യത ഏറ്റെടുക്കാന്‍  ആര്‍ക്കും  താല്പര്യമില്ലാണ്ടായി.  ഭാര്യയും  രണ്ടു പെണ്മക്കളുമായി   പുരയിടത്തില്‍ നിന്നും ഇറങ്ങിപോകേണ്ടി വരുമോ എന്ന ആധിയില്‍  നീറിയ  ജോമിസ് തരകന്‍  അധികം താമസിക്കാതെ  ചങ്കുപൊട്ടി മരിച്ചു.

“അന്നത്തെ  ഒരു  രീതിയനുസരിച്ച്  പള്ളി പണികഴിപ്പിച്ചയാള്‍  മരണപ്പെട്ടാല്‍  അയാളെ പള്ളിയുടെ  അകത്തു സംസ്കരിക്കുന്ന  ഒരു പതിവുണ്ട്. ജോമിസ്  തരകന്‍റെ   ദേഹം അങ്ങിനെ  കപ്പേളയുടെ  അകത്തായി  അടക്കം ചെയ്തു.

“കുറച്ചു നാളുകള്‍   കഴിഞ്ഞു.  ഒരു ദിവസം  കപ്പേള തുറക്കാന്‍ വന്ന കപ്യാര്‍  കപ്പേളയുടെ  അകത്തു   ജോമിസ് തരകന്റെ   പ്രേതം കാല്‍മുട്ടുകളില്‍  മുഖം പൂഴ്ത്തി  ഇരിക്കുന്നത്  കണ്ടു പേടിച്ചു പനിപിടിച്ചു കിടപ്പിലായി. കപ്യാര്‍ കിടപ്പിലായതോടെ  കപ്പേള തുറക്കാന്‍ പോയ  വികാരിയച്ചനും  അതുപോലെ ഒരു പ്രേതാനുഭവം ഉണ്ടായി. അങ്ങിനെയാണ്  ഞാന്‍ ആദ്യമായി  ഈ ദേവാലയത്തില്‍  വരുന്നത്.”

 
ഫാദര്‍  യൂജിന്‍  പറഞ്ഞു നിര്‍ത്തി. ഫാദര്‍   എഴുന്നേറ്റു   മേശപ്പുറത്തിരുന്ന  ബ്രൌണ്‍ ഫെല്‍റ്റ്  കൌബോയി ഹാറ്റ്‌ എടുത്തു  തലയില്‍ വച്ചുകൊണ്ട്  പള്ളിമേടയുടെ മുറ്റത്തിറങ്ങി. ബ്രൌണ്‍ നിറത്തിലുള്ള ളോഹയുടെ  പോക്കറ്റില്‍ നിന്നും ഒരു ഹവായിയന്‍ വിന്‍റെജ്‌   ചുരുട്ട്  പുറത്തെടുത്തു  തീകൊളുത്തി  പുകവിട്ടു. 

ചെമ്മാച്ചന്‍   ഫാദര്‍ യൂജിനെ  നോക്കിക്കൊണ്ട്   പറഞ്ഞു.  “അഗതാ ക്രിസ്റ്റിയുടെ  ഡിറ്റ്ക്ടീവായ ‘ഹര്‍ക്യൂള്‍ പൊറോ’ യെപ്പോലെയുണ്ട്   ഫാദര്‍ യൂജിനെ  കണ്ടാല്‍”. 

ഞാന്‍   മുറ്റത്തേക്കിറങ്ങി ചെന്നു,  ഒപ്പം ശെമ്മാച്ചനും. 

ഫാദര്‍ യൂജിന്‍ , നിര്‍ത്തി വച്ച സംഭാഷണം പുനരാരംഭിച്ചു.

അന്നു പക്ഷെ  ജോമിസ് തരകന്‍റെ  ആത്മാവ്   ഉപദ്രവകാരിയായി കാണപ്പെട്ടില്ല. അതുകൊണ്ട് ഫാദര്‍ യൂജിന്‍  അതിനെ നശിപ്പിച്ചില്ല. അതിന്‍റെ  കുഴിമാടത്തില്‍ തന്നെ പുറത്തിറങ്ങാന്‍  ആവാത്തവിധം    ബന്ധിക്കുകയാണ്  ചെയ്തത്. 

“കപ്പേളയുടെ  ഫ്ലോര്‍  പുതുക്കി  പണിതപ്പോള്‍  ഈ കാര്യങ്ങള്‍  അറിയാവുന്നവര്‍  ആരും ഉണ്ടായിരുന്നില്ലന്നു തോന്നുന്നു. തറയോടുകള്‍  ഇളക്കി മാറ്റിയതോടെ  ആത്മാവിനെ ബന്ധിച്ചുകൊണ്ടു  അവിടെ വച്ചിരുന്ന  വിശുദ്ധ വസ്തുക്കളും നീക്കം ചെയ്യപ്പെട്ടു. അതോടെ ജോമിസ് തരകന്റെ     ആത്മാവ്  സ്വതന്ത്രനായി, അതിന്‍റെ സ്ഥായിയായ സ്വഭാവത്താല്‍ കൂടുതല്‍ പൈശാചികത  കൈവരിക്കുകയും  രക്തദാഹിയായ  ഒരു രക്ഷസ്സായി മാറുകയും ചെയ്തു.  ഇനി ഒന്നും ചെയ്യാനില്ല  അതിനെ  നശിപ്പിക്കണം.

“പക്ഷെ, അതൊരു  മാരകമായ ഉച്ചാടന മാര്‍ഗ്ഗമാണ്.  ഫാദര്‍ യൂജിന്‍  അതു  ചെയ്യാറില്ല. ജീസസ് പോലും   ദുരാന്മാക്കളെ  പുറത്താക്കുകയല്ലാതെ നശിപ്പിക്കാന്‍ തുനിഞ്ഞിട്ടില്ല,  എന്നാണ്‌  അദ്ദേഹം പറയാറുള്ളത്.. 


ഫാദര്‍ യൂജിന്‍  ഇതും  പറഞ്ഞു  കൊണ്ടിരിക്കെ  ഒരു പോലീസ് ജീപ്പ്  അവിടെ വന്നു നിന്നു. ജീപ്പില്‍ നിന്നും ഡി വൈ എസ് പി  രാജന്‍ തോമസ്‌  ഇറങ്ങി വന്നു.

“ഗുഡ് മോര്‍ണിംഗ്  ഫാദര്‍.  അങ്ങ്  ഇവിടേയ്ക്ക്  പോന്നിട്ടുണ്ടെന്നു  ആശ്രമത്തില്‍ വിളിച്ചപ്പോള്‍  അറിഞ്ഞു,  അതാ നേരെ ഇങ്ങു പോന്നത്”.   ഫാദര്‍  യൂജിനെ നോക്കി  ഡി വൈ എസ് പി  പറഞ്ഞു.

“ഗുഡ് മോര്‍ണിംഗ്  സര്‍.   അങ്ങേയ്ക്ക്  എന്നെക്കൊണ്ട്  എന്തെങ്കിലും  ഉപകാരമുണ്ടോ ?”   ഫാദര്‍ ചോദിച്ചു.

പോലീസിനു അതു വരേയ്ക്കും എല്‍ദോ, കുഞ്ഞുമോന്‍  എന്നവരുടെ മരണത്തില്‍  ഒരു ലീഡും കിട്ടിയിട്ടില്ല. പല കേസ്  അന്വോഷണങ്ങളിലും    ഫാദര്‍ യൂജിനെപ്പോലെ  പരാസൈക്കോളജി, സൈക്കോളജി   എന്നീ വിഷയങ്ങളില്‍ അറിവുള്ളവരുടെ  സഹായം  പോലീസുകാര്‍ തേടാറുണ്ട്.

 

ഫാദര്‍ യൂജിന്‍  പറഞ്ഞു.
  “സര്‍  അമേരിക്കയിലുള്ള  പോലുള്ള    ഒരു ‘പ്രൊഫൈലര്‍’  ഒന്നുമല്ല ഞാന്‍.  എന്‍റെ നിഗമനങ്ങള്‍  ചിലപ്പോള്‍  യുക്തിക്ക് നിരക്കുന്നതുമായിരിക്കില്ല, ഒരുപക്ഷെ  ഞാന്‍ പറയുന്ന കാര്യങ്ങള്‍  കേട്ടാല്‍ മന:സ്സാക്ഷി കുത്തില്ലാതെ  ഈ കേസിന്‍റെ  അന്വോഷണം  അവസാനിപ്പിക്കാന്‍  നിങ്ങള്‍ക്ക്  കഴിഞ്ഞേക്കും.” 

ഫാദര്‍  യൂജിന്‍ എല്ലാവരെയും സ്വീകരണ മുറിയിലേക്ക് വിളിച്ചു.

കണ്ണുകള്‍  അടച്ചു കൊണ്ട്  ഫാദര്‍  കുറച്ചു നേരമിരുന്നു. പിന്നെ കണ്ണുകള്‍ തുറന്നുവെങ്കിലും   അതാരുടേയും നേരെ പതിഞ്ഞില്ല.  ചുവരില്‍  മിന്നി മറയുന്ന ചിത്രങ്ങളില്‍  നോക്കിയെന്നവണ്ണം,  ചുവരിലേക്ക്  നോക്കിക്കൊണ്ട് ഫാദര്‍ പറഞ്ഞു തുടങ്ങി 
“അന്നു രാവിലെ  പള്ളി തുറക്കാന്‍ ചെന്ന  എല്‍ദോ   കപ്പേളയുടെ ജനല്‍  തുറന്നു  കിടക്കുന്നതായാണ്   കണ്ടത്.  തലേന്നു  വൈകുന്നേരം    സന്ധ്യാ പ്രാര്‍ത്ഥന കഴിഞ്ഞു   കപ്പേളയുടെ ജനലും വാതിലും  ഭദ്രമായി  അടച്ചുപൂട്ടി  പള്ളി മേടയില്‍ താക്കോല്‍  ഏല്‍പ്പിച്ചാണ്   എല്‍ദോ വീട്ടില്‍ പോയത്.

“നേരം പരപരാന്നു  വെളുത്തു  വരുന്നതേയുള്ളൂ. പള്ളിയുടെ തൊട്ടടുത്തുള്ള    റബര്‍തോട്ടത്തില്‍   കുഞ്ഞുമോന്‍  ഹെഡ് ലൈറ്റിന്റെ  വെളിച്ചത്തില്‍  റബര്‍ വെട്ടുന്നത്  എല്‍ദോ കണ്ടു.

“എല്‍ദോ  കപ്പേളയുടെ  ചുറ്റും നോക്കി. ഒരു പക്ഷെ ജനലിന്‍റെ   കുറ്റി ശരിക്കും ഇട്ടുകാണില്ല  രാത്രിയില്‍   കാറ്റടിച്ചിരിക്കുമെന്നൊക്കെ അവന്‍ കരുതി. 

“കപ്പേളയുടെ  അകത്തെ  ഇരുളില്‍   ആരോ ഇരിക്കുന്നതായി എല്‍ദോ  കണ്ടു, ഒരു പക്ഷെ തോന്നിയതാകാം എന്നാണവന്‍ ആദ്യം കരുതിയത്‌,  ടോര്‍ച്ചടിച്ചു നോക്കിയാല്‍ എന്താനെന്നറിയാം, പക്ഷെ ടോര്‍ച്ച് എല്‍ദോയുടെ സ്കൂട്ടറിലാണുള്ളത്.  ടോര്‍ച്ചെടുത്തു  വരാനായി  പോകാന്‍ തുടങ്ങും മുന്‍പേ തൊട്ടു  പുറകില്‍ നിന്നും  ഒരു നായ ഉറക്കെ ഓരിയിട്ടതുകേട്ട്  എല്‍ദോ  ഞെട്ടി വിറച്ചുപോയി. നിലതെറ്റി മുന്നോട്ടഞ്ഞുപോയ എല്‍ദോ വീണു പോകാതിരിക്കാന്‍ കപ്പേളയുടെ  ജനലഴിയില്‍ മുറുകെ പിടിച്ചു നിന്നു.  

“കപ്പേളയുടെ ഉള്ളിലേക്ക് നോക്കിയ  എല്‍ദോയുടെ  നട്ടെല്ലിലൂടെ  ഒരു  മരവിപ്പ് അരിച്ചു കയറി. അവന്‍  ഉറക്കെ കരഞ്ഞു വിളിച്ചു. പക്ഷെ കരച്ചില്‍  ഉള്ളില്‍ മാത്രമായി  ഒതുങ്ങി, ശബ്ദം പുറത്തേക്ക്  വന്നില്ല. തൊണ്ടയില്‍ മുറുകിയ ഒരു കരത്തിന്‍റെ ശക്തിയില്‍    അവന്‍ ശ്വാസം മുട്ടി പിടഞ്ഞു.

“കപ്പേളയുടെ മുറ്റത്ത് നിന്നും, നിലയ്ക്കാതെ അടിക്കുന്ന മൊബൈല്‍ ഫോണ്‍  ശബ്ദം കേട്ടാണ്  കുഞ്ഞുമോന്‍ അവിടേയ്ക്കു നോക്കിയത്  പക്ഷെ  ആരെയും  കണ്ടില്ല. പള്ളിയുടെ അതിരിനോട്  ചേര്‍ന്നുള്ള റബര്‍മരങ്ങള്‍ ടാപ്പ്  ചെയ്തുകൊണ്ടിരിക്കെയാണ്  കുഞ്ഞുമോന്‍ ഫോണ്‍ബെല്‍ കേട്ടത്. ആരുടെയെങ്കിലും ഫോണ്‍ നഷ്ട്ടപ്പെട്ടതായിരിക്കുമെന്നു കരുതി  കുഞ്ഞുമോന്‍ ഫോണ്‍ ശബ്ദം കേള്‍ക്കുന്ന ഇടത്തേക്ക്  നടന്നു.

“കപ്പേളയുടെ മുറ്റത്ത് ചെടികള്‍ക്കിടയില്‍ ഒരു നീലവെളിച്ചം കെട്ടു പോകുന്നത്  കുഞ്ഞുമോന്‍ കണ്ടു. അവിടേയ്ക്കു  ഹെഡ് ലൈറ്റ് വെളിച്ചത്തില്‍ നടന്നു ചെന്ന കുഞ്ഞുമോന്‍റെ  മുന്നിലേക്ക്‌  പെട്ടെന്ന്,  ഒരു കറുത്ത നായ കുരച്ചുകൊണ്ടു  ചാടിവീണു. അതിന്റെ കണ്ണില്‍ നിന്നും തീ പാറുന്നത്   കുഞ്ഞുമോന്‍  കണ്ടു. 

“നായ അയാളുടെ  നേരെ കുരച്ചു ചാടിയപ്പോള്‍, തൊണ്ടയില്‍ നിന്നും  പുറത്തേക്ക്  വരാനാവാതെപോയ ഒരു നിലവിളിയില്‍ കുരുങ്ങി കുഞ്ഞുമോന്‍  കമിഴ്ന്നു വീണു. ആ വീഴ്ചയില്‍  അയാളുടെ കയ്യിലിരുന്ന  ടാപ്പിംഗ് കത്തി തൊണ്ടക്കുഴിയിലൂടെ  തുളഞ്ഞു മറുപുറമെത്തി, അയാളുടെ ശരീരം ഒന്നു ശക്തമായി  പിടഞ്ഞു, ആ പിടച്ചലില്‍  കമിഴ്ന്നു കിടന്ന  അയാള്‍ മലര്‍ന്നു,  പിന്നെ നിശ്ചലമായി”.

“ഓഫീസര്‍  ഇതാണ് എനിക്ക്  പറയാനുള്ളത്. യു  കാന്‍  ടേക്ക് ഇറ്റ്‌,  ഓര്‍ ലീവ് ദിസ്‌ തിംഗ്  ഹിയര്‍ ഇറ്റ്‌സെല്‍ഫ്.”
ഉള്ളില്‍ വര്‍ദ്ധിച്ചുവരുന്ന കുഴമറിച്ചലോടെ ഡി.വൈ.എസ്.പി യാത്ര പറഞ്ഞിറങ്ങി 

“സര്‍ ഒരു കാര്യം കൂടി”   ഫാദര്‍  യൂജിന്‍  പറഞ്ഞു.

“ഇതുമായി  ബന്ധപ്പെട്ടു  ഒരു മരണം കൂടി നടന്നേക്കും  പക്ഷെ എപ്പോള്‍, എങ്ങിനെ  എന്നറിയില്ല,  ഇപ്പോള്‍ നടന്ന മാതിരിയുള്ള ഒരു സംഭവം തന്നെ  ആകണമെന്നുമില്ല” 
ഡി വൈ എസ് പി  പോയ ഉടനെ  ഫാദര്‍ യൂജിന്‍  തിരക്കിട്ട്  പറഞ്ഞു. 

“നമുക്കിനി സമയം കളയാനില്ല  ഇന്നു  രാത്രിയില്‍  തന്നെ ആ   ദുരാത്മാവിനെ ബന്ധിക്കണം. അല്ലെങ്കില്‍ കൂടുതല്‍ കുഴപ്പങ്ങളും മരണങ്ങളും  ഉണ്ടാകും.   ചില ഒരുക്കങ്ങള്‍ ഉടനെ നടത്തണം,  നമുക്കു  ധീരരും  ആരോഗ്യവാന്മാരുമായ  നാലു മത്സ്യതൊഴിലാളികളെയും  അവരുടെ ഒരു വള്ളവും വേണം. അവര്‍ രാത്രി രണ്ടു മണിയോടെ  കടപ്പുറത്ത്  തയ്യാറായിരിക്കണം.”

രാത്രിയായി. അതിനകം ഫാദര്‍ യൂജിന്‍  ആവശ്യപ്പെട്ട ഒരുക്കങ്ങള്‍ ഞാന്‍ പൂര്‍ത്തിയാക്കി. പാതിരാ കഴിഞ്ഞപ്പോള്‍   എല്ലാവരും പ്രേതോച്ചാടനത്തിനായി പ്രാര്‍ത്ഥിച്ചൊരുങ്ങി. ഫാദര്‍ യൂജിന്‍  തിരുവസ്ത്രമണിഞ്ഞു, എല്ലാവരും  ദിവ്യ ശക്തിയുള്ള ബെനെഡിക്ഷ്യന്‍  കുരിശ് കഴുത്തിലണിഞ്ഞു.

ധൂപകുറ്റിയില്‍ കനലിട്ടു കുന്തിരിക്കം പുകച്ചുകൊണ്ട്  ഏറ്റവും പുറകിലായി    ശെമ്മാച്ചന്‍  നടന്നു.  ഒരുകൈയില്‍    കുരിശും  മറുകൈയില്‍   ഹന്നാന്‍  വെള്ളവുമായി ഞാന്‍  ഫാദര്‍ യൂജിന്‍റെ  പുറകെ നടന്നു. ഫാദര്‍  യൂജിന്‍റെ   നിര്‍ദേശ പ്രകാരം  നടന്നു പോകുന്ന  വഴികളില്‍   വിശുദ്ധജലം  തളിക്കുകയും കുന്തിരിക്കം  പുകയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു. 

കപ്പേളയുടെ  അടുക്കല്‍ എത്താറായപ്പോഴേക്കും  ശക്തമായ  കാറ്റ് വീശി.  ചുറ്റുമെങ്ങും യാതൊരു ഇലയനക്കവും  സൃഷ്ട്ടിക്കാതെ  ഞങ്ങള്‍ക്ക്  ചുറ്റും മാത്രമായി, പൊടിപടലങ്ങള്‍  പടര്‍ത്തി,  ഒരു ചുഴലിയായി  കാറ്റാഞ്ഞുവീശി.

കാറ്റ്  കൂടുതല്‍ തീവ്രമായി ഞങ്ങളെ  വലയം ചെയ്തുകൊണ്ട്  അടുത്തടുത്തു വന്നു.  ഏതാനും നിമിഷത്തിനുള്ളില്‍  അതു ഞങ്ങളെ കശക്കിയെറിയുമെന്ന് ഉറപ്പാണ്‌.   ഫാദര്‍ യൂജിന്‍  ലത്തീനിലുള്ള ഉച്ചാടന പ്രാര്‍ഥനകള്‍  ഉറക്കെ ചൊല്ലിക്കൊണ്ട്  ചുഴലിക്കുനേരെ  കയ്യിലിരുന്ന  കുരിശു നീട്ടിപിടിച്ചു.  നീട്ടിയ  കുരിശിന്‍റെ  അഗ്രത്തിനപ്പുറം ചുഴലി നിന്നുകറങ്ങി, പിന്നെ കാറ്റില്‍ പാറിയ ചേലപോലെ  ഊക്കുകുറഞ്ഞു, പതിയെ മണ്ണില്‍ വീണു കെട്ടടങ്ങി.

അപ്പോഴാണ്  ശ്വാസം ഒന്നു നേരെ വീണത്.  ഫാദര്‍ യൂജിന്‍ കപ്പേളയുടെ  ജനാലകള്‍ പ്രാര്‍ത്ഥനയോടെ കുരിശുവരച്ചു ബന്ധിക്കുകയും വിശുദ്ധജലം തളിക്കുകയും ചെയ്തു. വാതിലും  അപ്രകാരം  കുരിശിനാലും  ഹന്നാന്‍ വെള്ളത്താലും ബന്ധിച്ചു. വാതില്‍ തുറന്ന  ഞങ്ങള്‍  കപ്പേളയുടെ  അകത്തു കയറി വാതില്‍ അടച്ചു.

കപ്പേളയുടെ തറയിലെ വിള്ളല്‍ വീണ ഭാഗത്തിനഭിമുഖമായി നിന്ന ഫാദര്‍ യൂജിന്‍  ഉച്ചാടന പ്രാര്‍ത്ഥനകള്‍  ഉറക്കെ ചൊല്ലി, കുന്തിരിക്ക പുക അവിടമാകെ ചൂഴ്ന്നു നിന്നു. ഫാദര്‍ യൂജിന്‍  കുരിശു കൊണ്ട് തറയില്‍ ഉറക്കെ തട്ടി ശബ്ദമുണ്ടാക്കി 

ഫാദര്‍  വിളിച്ചു പറഞ്ഞു, 

“ജോമിസ് തരകന്‍,  കര്‍ത്താവായ യേശുവിന്‍റെ  നാമത്തില്‍  ഞാന്‍ നിന്നോട് ആജ്ഞാപിക്കുന്നു  നീ നിന്‍റെ  കല്ലറയുടെ ഒളിവില്‍ നിന്നും പുറത്തു വരിക.” 

പെട്ടന്ന് കാല്‍ക്കീഴിലെ  ഭൂമി ഇളകി.  ശെമ്മാച്ചനും ഞാനും ഭയപ്പെട്ടു    പുറകോട്ടു മാറി. ഫാദര്‍  യൂജിന്‍  അതൊന്നും അറിഞ്ഞതായിപോലും നടിക്കാതെ ഉച്ചാടന പ്രാര്‍ത്ഥനകള്‍ കൂടുതല്‍ ശക്തിയോടെ  ചൊല്ലിക്കൊണ്ടിരുന്നു.  എന്താണിനി സംഭവിക്കുക  എന്ന ഭയപ്പാടോടെ  ഞങ്ങള്‍    ഉറ്റു നോക്കിയിരുന്നു.

ഫാദര്‍ യൂജിന്‍ ഒരിക്കല്‍ കൂടി,  ദുരാത്മാവിനോട്  പുറത്തുവരാന്‍ ആജ്ഞാപിച്ചുകൊണ്ട്  തന്‍റെ കയ്യിലിരുന്ന വലിയ ലോഹ കുരിശിന്‍റെ കൂര്‍ത്ത  അടി ഭാഗം കൊണ്ട്  തറയില്‍  ആഞ്ഞു കുത്തി. കപ്പേളയുടെ  തറയിലെ ഓടുകള്‍  ആ പ്രഹരത്തില്‍  ചിന്നി ചിതറി. 

 തറയുടെ  അടിയില്‍ നിന്നും അലറിയുള്ള ഒരു നിലവിളി കേട്ടു.

 തറയുടെ   ഒരു ഭാഗം അടര്‍ന്നു  താഴെ  കല്ലറയിലേക്ക് വീണു. അതോടെ കല്ലറ തുറക്കപ്പെട്ടു.

“ജോമിസ് തരകന്‍ നീ  എന്നെ  അനുസരിക്കുക,  നിനക്ക് എന്നെ കബളിപ്പിച്ചുകൊണ്ട്    ഇവിടെ നിന്നും   പുറത്ത് പോകാനാവില്ല” 

പച്ച നിറത്തിലുള്ള കണ്ണുകളും   ശവത്തിന്റെ  മുഖവുമുള്ള  ഒരു രൂപം  കല്ലറയില്‍ നിന്നും വിളിച്ചു പറഞ്ഞു 

“ഫാദര്‍ യൂജിന്‍,  ദയവായി  എന്നെ നശിപ്പിച്ചു  നരകത്തിലേക്ക്  അയക്കരുതേ” 

ഫാദര്‍ യൂജിന്‍  ശെമ്മാച്ചന്‍റെ   നേരെനോക്കി, ശെമ്മാച്ചന്‍  ഫാദറിന്‍റെ  കാല്‍ക്കലേക്ക് ഒരു  കല്‍ഭരണി നീക്കിവച്ചു 

“ഇല്ല, നിന്നെ നശിപ്പിക്കണമെന്ന് എനിക്കാഗ്രഹമില്ല, അങ്ങിനെ  വേണമായിരുന്നെങ്കില്‍ മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പേ  അതാകാമായിരുന്നു. 

“അന്ന്,    നിന്‍റെ  കഥയറിഞ്ഞപ്പോള്‍,  എനിക്ക് നിന്നോട്  അനുകമ്പതോന്നി.നിന്‍റെ  അവസ്ഥയ്ക്ക് ഞങ്ങളും ഉത്തരവാദികള്‍ ആണെന്നു തോന്നി. ഇവിടെ, ഈ കപ്പേളയില്‍ നടക്കുന്ന പ്രാര്‍ത്ഥനകള്‍  കാലാന്തരത്തില്‍ നിന്നെ ശുദ്ധീകരിച്ചുകൊള്ളട്ടെ എന്നു  കരുതിയാണ്  ഞാന്‍ നിന്നെ   ഇവിടെതന്നെ  തളച്ചത്.  

“പക്ഷെ നീ, നീ നിന്‍റെ   വാക്കുകള്‍   തെറ്റിച്ചു. നിനക്ക് നഷ്ട്ടമായ പണത്തില്‍ തന്നെയാണ് ഇപ്പോഴും നിന്‍റെ ചിന്ത, അതിനാലാണ്  ഒരു പ്രാര്‍ത്ഥനയ്ക്കും  നിന്നെ തുണയ്ക്കാന്‍  കഴിയാതെ വന്നതും.

“നീ ഒരു ദുരാത്മാവായി മാറിയതില്‍  മനംനൊന്തു  നിന്‍റെ രണ്ടു പെണ്മക്കളും  മുള്ളുമഠത്തില്‍ ചേര്‍ന്ന്  ആത്മപീഡനം  ഏറ്റുവാങ്ങിയത്,  നിന്‍റെ  ആത്മരക്ഷയ്ക്കു  വേണ്ടിയായിരുന്നു. പക്ഷെ അതൊന്നും നിനക്ക്  തുണയായില്ല കാരണം മരിച്ചിട്ടും മരിക്കാത്ത നിന്‍റെ ദ്രവ്യാഗ്രഹമാണ്  എല്ലാത്തിനും  വിഘ്നമാകുന്നത്.  

“ജീവന്‍ എടുക്കാന്‍ മാത്രം ശക്തിയുള്ളവനായി നീ  മാറിക്കഴിഞ്ഞു. നിന്നെ നശിപ്പിക്കാതെ, നിന്‍റെ  ശക്തി ഇല്ലാതാവില്ല എന്നകാര്യം  എനിക്കറിയാം. 

“എങ്കിലും  ഞാന്‍ നിനക്ക് വാക്കു തരുന്നു. നീ എന്നെ അനുസരിച്ചാല്‍ നിന്നെ ഞാന്‍ നശിപ്പിക്കില്ല, ഇല്ലെങ്കില്‍ എനിക്ക് നിന്നെ നശിപ്പിക്കാതെ തരമില്ല” 

“ഫാദര്‍  അങ്ങ്, എന്നെ എന്തു  ചെയ്യാന്‍ പോകുന്നു?” 

“എനിക്കു  നിന്നെ ഇവിടെ നിന്നും, നിന്‍റെ, ഈ  വാസസ്ഥലത്തു നിന്നും  ഒഴിപ്പിക്കണം. ഞാന്‍ നിന്നെ മറ്റൊരിടത്ത്  കൊണ്ടുചെന്നാക്കാം” 

 ഫാദര്‍  കല്‍ഭരണിയുടെ മൂടി തുറന്നു  അതില്‍ നിന്നും നീല നിറത്തിലുള്ള  ഒരു കുപ്പി എടുത്തു.

“ജോമിസ് തരകന്‍, ഞാന്‍ പറയുന്നത്  അനുസരിക്കൂ, നീ ഈ കുപ്പിയിലേക്ക്‌  സ്വയം സംവഹനം ചെയ്യൂ” 

എല്ലാവരും നോക്കി നില്‍ക്കെ ജോമിസ് തരകന്‍റെ    രൂപം ഒരു നീല നിറത്തിലുള്ള  പുകച്ചുരുളായി  മാറി. ആ പുകചുരുള്‍  ഫാദര്‍  യൂജിന്‍റെ കയ്യിലുള്ള  കുപ്പിയില്‍  വന്നുകയറി. ഫാദര്‍  കുരിശു മുദ്രപതിപ്പിച്ച കോര്‍ക്ക് കൊണ്ട്  കുപ്പി ഭദ്രമായി അടച്ചു. കുപ്പിയെ കല്‍ഭരണിയില്‍  തിരികെ വച്ചു  മൂടി,  വിശുദ്ധ വസ്തുക്കളാല്‍ കല്‍ഭരണി മുദ്രവച്ചു.

രണ്ടു മണിയോടെ കടപ്പുറത്തെത്തിയെ ഞങ്ങളെയും   കാത്തു കൊണ്ട്  നാലു ചെറുപ്പക്കാര്‍  വള്ളവുമായി  നില്‍ക്കുന്നുണ്ടായിരുന്നു.  വള്ളത്തില്‍ കയറുന്നതിനു മുന്‍പേ  ഫാദര്‍ യൂജിന്‍  എല്ലാവര്‍ക്കുമായി  നിര്‍ദേശം നല്‍കി. 

“തിരികെ എത്തുന്നത്  വരെ ആരും ഒന്നും സംസാരിക്കരുത്, ഞാന്‍ പറയുന്ന നിര്‍ദേശങ്ങള്‍  പാലിക്കണം  അതില്‍ ഒരു പിഴവും വരുത്തരുത്” 

 ഉച്ചാടന പ്രാര്‍ത്ഥനയ്ക്കൊപ്പം  ശെമ്മാച്ചന്‍  ധൂപാര്‍പ്പണം  നടത്തികൊണ്ടിരുന്നു, തീരത്ത് നിന്നും ഒരു മണിക്കൂര്‍ യാത്ര പൂര്‍ത്തിയാക്കിയ  മൂന്നു മണി സമയത്തു വള്ളം നിര്‍ത്താന്‍ ഫാദര്‍ യൂജിന്‍  പറഞ്ഞു.  നല്ല നിലാവുള്ള രാത്രി  കായല്‍പരപ്പുപോലെ കുഞ്ഞോളങ്ങള്‍ മാത്രമുള്ള  ശാന്തമായ നടുക്കടല്‍. മൂന്നു മണിയുടെ യാമപ്രാര്‍ത്ഥനയില്‍ തന്‍റെ കൂടെ ചേരുവാന്‍  എല്ലാവരോടുമായി   ഫാദര്‍  പറഞ്ഞു. പതിനഞ്ചു മിനുട്ട് നേരത്തെ പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍   ഫാദര്‍  പറഞ്ഞു  

“ഇനി  തിരികെ പോകാന്‍ തയ്യാറായി  വള്ളം തിരിച്ചു നിര്‍ത്തുക.”

വള്ളം തിരിച്ചു നിര്‍ത്തിയപ്പോള്‍  ഫാദര്‍ യൂജിന്‍   പറഞ്ഞു. 

“എന്‍റെ  കയ്യിലിരിക്കുന്ന  ഈ കല്‍ഭരണി ഞാന്‍  കടലിലേക്ക്  ഏറിയാന്‍ പോവുകയാണ്,എറിയുന്ന നിമിഷത്തില്‍ തന്നെ വള്ളം മുന്നോട്ടു  നീങ്ങാന്‍ തുടങ്ങണം. യാതൊരു കാരണവശാലും,  എന്തൊക്കെ   ശബ്ദങ്ങളോ നിലവിളിയോ  കേട്ടാലും, തിരയിളക്കമുണ്ടായാലും ആരും തിരിഞ്ഞു നോക്കുകയോ  ശബ്ദിക്കുകയോ  ചെയ്യരുത്.” 

 ഫാദര്‍  കല്‍ഭരണി  കടലിലേക്ക്  വലിച്ചെറിഞ്ഞു, ഒരുനിമിഷം പോലും പാഴാക്കാതെ  വള്ളം മുന്നോട്ടു നീങ്ങി. കല്‍ഭരണി വെള്ളത്തില്‍ വീണതോടെ,അതുവരെ നിശബ്ദമായിരുന്ന കടലില്‍ നിന്നും   പൊട്ടിത്തെറി പോലെയുള്ള വലിയ ശബ്ദം കേട്ടു, കാതില്‍ തുളച്ചുകയറുന്ന  അലര്‍ച്ചയും, നിലവിളിയും ഉയര്‍ന്നു കേട്ടു.  കടലില്‍  വലിയ തിരയിളക്കം ഉണ്ടായി,മലപോലെ തിരമാലകള്‍  വള്ളത്തിനെ വിഴുങ്ങാനായി  ഉയര്‍ന്നുപൊങ്ങി. തിരകളില്‍ പെട്ടുലഞ്ഞ തോണിയെ നിയന്ത്രിക്കാന്‍    തോണിക്കാര്‍  പാടുപെട്ടു. 

ഫാദര്‍ യൂജിന്‍  തന്‍റെ  പ്രാര്‍ത്ഥന തുടര്‍ന്ന് കൊണ്ട്  ശാന്തനായിരുന്നു. തോണി മുന്നോട്ടു കുതിക്കും തോറും  കടല്‍  ശാന്തമായി വന്നുകൊണ്ടിരുന്നു. എല്ലാവര്‍ക്കും വലിയ ആശ്വാസം തോന്നി. പുറകോട്ടു തിരിഞ്ഞു നോക്കണമെന്ന ആഗ്രഹം എല്ലാവര്‍ക്കും   തോന്നിയെങ്കിലും,  തിരിഞ്ഞു നോക്കരുതെന്ന  ഫാദര്‍ യൂജിന്‍റെ  നിര്‍ദ്ദേശം  ലംഘിക്കാന്‍ ആരും ഒരുമ്പട്ടില്ല.

തോണിയുടെ പുറകില്‍ ‘ഔട്ട്‌ ബോര്‍ഡ്’  എഞ്ചിന്‍  കൈകാര്യം ചെയ്തു കൊണ്ടിരിക്കുന്ന  അന്തോണിസാമി എന്ന ചെറുപ്പക്കാരനു പക്ഷെ  തിരിഞ്ഞു നോക്കാനുള്ള ആകാംക്ഷ  അടക്കാന്‍ കഴിഞ്ഞില്ല. അവന്‍ എല്ലാവരെയും നോക്കി എല്ലാവരും  കിഴക്കോട്ടു  കണ്ണും നട്ടിരിക്കുകയാണ്. ആരും തന്നെ കാണുന്നില്ലെന്ന    വിശ്വാസത്തില്‍  അന്തോണി സാമി തിരിഞ്ഞു നോക്കി. 

വെള്ളത്തിന്‍റെ  മീതെ, വള്ളത്തിന്‍റെ പുറകിലായി  ആകാശം മുട്ടെ ഉയരമുള്ള  ഒരു വെളുത്ത രൂപം കയ്യും നീട്ടി ഓടി വരുന്നതായി  അന്തോണിസാമി കണ്ടു. പേടിച്ചു പോയ  അന്തോണിസാമി പെട്ടന്ന് നോട്ടം പിന്‍വലിച്ചു, പിന്നെ ഒരിക്കല്‍ കൂടി  തിരിഞ്ഞു നോക്കി  പക്ഷെ അപ്പോള്‍ അവിടെ ഒന്നും  കണ്ടില്ല.

വീട്ടിലെത്തിയപ്പഴേ   അന്തോണിസാമിക്ക്  പനിച്ചുതുടങ്ങി. പിറ്റേദിവസമാ  യപ്പോഴേക്കും പനി മൂര്‍ച്ഛിച്ച്  ആ ചെറുപ്പക്കാരന്‍  മരിച്ചു.

ഫാദര്‍ ജോണ്‍ തന്‍റെയീ  അനുഭവം പറഞ്ഞു കഴിഞ്ഞപ്പോള്‍,   അനുബന്ധമായി  മറ്റൊരു  കാര്യം  കൂടെ പറഞ്ഞു.

 “എല്‍ദോയുടെയും  കുഞ്ഞുമോന്‍റെയും  കേസ്   സി ബി ഐ ക്കു വിടണമെന്ന്  ആവശ്യപ്പെട്ടുകൊണ്ട് നാട്ടുകാര്‍ പൌരസമിതി രൂപികരിക്കുകയും  വീട് വീടാന്തരം കയറി ഇറങ്ങി ഒപ്പു ശേഖരണവും നടത്തി.  സര്‍ക്കാര്‍ കേസ് സി ബി ഐ ക്കു  കൈമാറിയെങ്കിലും  തെളിയിക്കപ്പെടാന്‍ കഴിയാത്ത കേസുകളുടെ പട്ടികയിലേക്ക്  ഈ കേസും   ഉള്‍പ്പെടുത്തിക്കൊണ്ട്  കോടതിയില്‍   സി ബി ഐറിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുകയാണ്   ഉണ്ടായത്”.  

Join WhatsApp News
Sudhir Panikkaveetil 2022-10-24 01:16:01
ചില അതിമാനുഷ (supernatural)ശക്തികൾ മനുഷ്യരെ ഭയപ്പെടുത്തുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. പ്രേതങ്ങൾ അല്ലെങ്കിൽ പിശാചുക്കൾ ഒരാളെ അല്ലെങ്കിൽ ആളുകളെ കൊന്നുവെന്നൊക്കെ നമ്മൾ വിശ്വസിക്കുന്നു. ഇവിടെ കഥാകൃത്ത് വ്യക്തമാക്കുന്നത് ശ്രദ്ധിക്കുക. വാസ്തവതത്തിൽ ഈ ഭൂതപ്രേത ആത്മാക്കൾക്ക് ഒരാളെ കൊല്ലാൻ കഴിയുകയില്ല. കൊല്ലുന്നത് നമ്മൾ തന്നെ പക്ഷെ നമ്മെ അവർ ഭയപ്പെടുത്തുന്നു. ആ ഭയത്തിൽ നിന്നും രക്ഷപെടാനുള്ള വേവലാതിയിൽ ചുരുങ്ങിയ നിമിഷം കൊണ്ടുണ്ടാകുന്ന വിഷമമാണ്. ചിലപ്പോൾ ബോധം പോയി കിടക്കാം. ഈ കഥയിൽ എന്തോ കണ്ടു ഭയന്നോടുന്ന മനുഷ്യൻ വീഴുകയും അപ്പോൾ അവന്റെ കയ്യിലെ കത്തി കഴുത്തിൽ കുത്തിക്കേറി ചാവുകയും ചെയ്യുന്നു. പ്രേതം കൊന്നിട്ടതാണെന്നു എന്ന് ജനം വിശ്വസിക്കുന്നു. ശേമ്മാച്ചൻ ഒറ്റക്ക് കിടന്നു പേടിക്കുന്നതും പിറ്റേന്ന് കഴുത്തിൽ നഖക്ഷതപ്പാടുകൾ കാണുന്നതും വായനക്കാരനെ സംഭ്രമിപ്പിക്കാം. ഇതെല്ലാം മനസ്സ് എന്ന മാന്ത്രികന്റെ മായാജാലങ്ങൾ എന്ന് മനസിലാക്കിയാൽ പ്രശ്നമില്ല.പക്ഷെ ഏതൊരു മനുഷ്യനും ധൈര്യം ചോർന്നുപോകുക സാധാരണം. ശ്രീ ജോസഫ് എബ്രഹാം തന്റെ കഥ നന്നായി അവതരിപ്പിച്ചു. അഭിനന്ദനങൾ. വായനക്കാർ ഹാലോവീൻ സൂത്രങ്ങളും സത്കാരങ്ങളും (Trick and Treat) കൊണ്ട് ഈ ആഘോഷം പൊടിപൊടിക്കട്ടെ എന്ന് ആശംസിക്കുന്നു.
ജോർജ് കാനാ 2022-10-24 09:52:29
"നിന്റെ നിക്ഷേപം എവിടെയോ അവിടെ നിന്റെ ഹൃദയവും " എന്ന ബൈബിൾ വചനം വളരെ സത്യമാണ്. സമ്പത്തിൽ ഹൃദയം അർപ്പിച്ച ഒരുവന് എങ്ങിനെയാണ് മരണശേഷവും ഈ ഭൂമിവിട്ടു പോകാൻ കഴിയുക? ഒരുവനെ ഒരു ദുരാത്മാവ് ആയി തീരുവാൻ ഇടയാക്കിയ മതസംവിധാനങ്ങളുടെ നിഷ്ക്രിയത ഇവിടെ ചൂണ്ടിക്കാട്ടുന്നു. ഒരു പ്രേത കഥ എന്നതിനുപരി ഈ കഥ ചിലസാമൂഹിക വിഷയങ്ങളും, വിശ്വാസങ്ങളും ചൂണ്ടിക്കാട്ടുന്നു, യുക്തിപരമായി ചിന്തിച്ചാൽ ഈ കഥ അന്ധവിശ്വാസങ്ങൾക്ക് എതിരെന്ന് കാണാം
BATTAN BOSS 2022-10-25 15:42:07
പഴയ ഡ്രാക്കുള കഥ വായിക്കുമ്പോളുള്ള ഭീതിയും ആകാംക്ഷയും . കഥയിലെ മികച്ച കയ്യടക്കം മൂലം കഥ നല്ല നിലവാരം പുലർത്തുന്നു
Vayanakaaran 2022-10-25 20:09:39
ശ്രീ ജോസഫെ സൂക്ഷിക്കണം. ഇന്നലെ രാത്രി ഉറങ്ങുമ്പോൾ ഒരു അലർച്ച കേട്ട് പേടിച്ചരണ്ട് കണ്ണ് പതിയെ തുറന്നപ്പോൾ സുന്ദരിയായ നാഗവല്ലി പതിനെട്ട് മുഴം സാരിയിൽ. അവൾ ചോദിച്ചു. എവിടെ ജോസഫ് ആ കഥ എഴുതുന്നവൻ. എന്തിനാണ് എന്ന് ചോദിച്ചപ്പോൾ "അവനെ കൊന്നു രക്തത്തെ കുടിച്ച്...അറിയാതെ ഗംഗേ എന്ന് വിളിച്ചുപോയി. മുറി ശൂന്യം. നിലാവിന്റെ ചിരി മാത്രം. എന്നാലും ജോസഫെ സൂക്ഷിക്കണം.
ജോസഫ് എബ്രഹാം 2022-10-26 23:21:17
കഥ വായിച്ച എല്ലാവര്ക്കും, വായിക്കാൻ പോകുന്നവർക്കും നന്ദി. കഥയെക്കുറിച്ചു. അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി. കഥയ്ക്ക് കൂടുതൽ മിഴിവായി വന്ന ചിത്രങ്ങൾ വരച്ച കലാകാരനും ഇ മലയാളിക്കും വളരെ നന്ദി. വായിക്കാൻ സമയം ഇല്ലാത്തവർക്കും, വായന കൂടാതെ കേൾക്കാൻ ആഗ്രഹിക്കുന്നവർക്കുമായി യുട്യൂബ് link ചേർത്തിട്ടുണ്ട്. ദയവായി ശ്രദ്ധിക്കുമല്ലോ.
ജോസഫ് എബ്രഹാം 2022-10-28 00:10:26
കഥ വായിക്കുകയും അഭിപ്രായം പറയുകയും ചെയ്ത എല്ലാവര്ക്കും നന്ദി. ഇങ്ങിനെ ഒരു കഥയെഴുതാൻ എന്നെ പ്രോത്സാഹിപ്പിച്ച ശ്രീ സുധീർ സാറിനും കഥയ്ക്ക് മനോഹരമായ ചിത്രങ്ങൾ സഹിതം പ്രിസിദ്ധീകരിച്ച ഇ മലയാളിക്കും പ്രത്യേകമായി നന്ദിപറയുന്നു. കമന്റു ചെയ്ത എല്ലാവര്ക്കും നന്ദി, സ്നേഹം
സാബു മാത്യൂ 2022-10-30 15:31:34
ഈ കഥ ഇന്നാണ് വരേണ്ടത്. ഹലോവിന്‍ പ്രമാണിച്ചു ആള്‍ക്കാര്‍ക്ക് ഒരു ഹൊറര്‍ കഥ വായിക്കാന്‍ അവസരം കിട്ടുമായിരുന്നു.
സാമുവേൽ പള്ളുരുത്തി 2022-11-08 01:26:06
ഒരുകാലത്ത് പേടിതോന്നുമെങ്കിലും ആസ്വദിച്ചു വായിച്ചിരുന്ന പ്രേതനോവലുകളെക്കുറിച്ചുള്ള ഓർമകൾ ഈ കഥവായിച്ചപ്പോൾ അറിയാതെ വന്നു പോയി. അന്നൊക്കെ വായനശാലകളിൽ ധാരാളമായി അത്തരം നോവലുകൾ ലഭിക്കുമായിരുന്നു കോട്ടയം പുഷ്പനാഥ് ഏറ്റുമാനൂർ ശിവകുമാർ തുടങ്ങിയവർ കിടുകിടാ ഞെട്ടിച്ച രാത്രികൾ. ഈ കഥ വളരെ ഇഷ്ടമായി ഒരു നോവലിനെ ഒരു കഥയിൽ പറഞ്ഞു തീർത്ത കഥാകാരന് അഭിനന്ദനങ്ങൾ ഭീതിയുംഉച്ചാടനവും എല്ലാം നന്നായി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക