Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വ്യാഴാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 03 November, 2022
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വ്യാഴാഴ്ച (ജോബിന്‍സ്)

ഗവര്‍ണ്ണര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാന്‍ വിസി മാര്‍ക്ക് ഹൈക്കോടതി തിങ്കളാഴ്ച അഞ്ച് മണി വരെ സമയം നീട്ടി നല്‍കി. ഇനി കേസ് ചൊവ്വാഴ്ചയാകും പരിഗണിക്കുക. ഗവര്‍ണ്ണര്‍ക്ക് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാമെന്നും കോടതി പറഞ്ഞു. രണ്ട് വി.സി.മാര്‍ മറുപടി നല്‍കിയതായി ഗവര്‍ണ്ണര്‍ കോടതിയെ അറിയിച്ചു. നിയമനത്തില്‍ ക്രമകേട് ഉണ്ടെങ്കില്‍ വിസി മാരുടെ നിയമനം നിലനില്‍ക്കില്ലെന്ന് കോടതി ഓര്‍മിപ്പിച്ചു സുപ്രീകോടതി വിധി പ്രാവര്‍ത്തികം ആക്കുക മാത്രമല്ലേ ചാന്‍സലര്‍ ചെയ്തുള്ളൂ എന്ന് കോടതി ചോദിച്ചു.
*******************************
മുഖ്യമന്ത്രിക്ക് മറുപടിയുമായി വീണ്ടും ഗവര്‍ണ്ണര്‍ രംഗത്ത്. താന്‍ ആര്‍എസ്എസ് നോമിനിയാണെന്ന് തെളിയിച്ചാല്‍ രാജിവയ്ക്കാമെന്ന് ഗവര്‍ണ്ണര്‍ വെല്ലുവിളിച്ചു. ധനമന്ത്രി ബാലഗോപാല്‍ പ്രാദേശികവാദം ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നതെന്നും സ്വപ്ന സുരേഷിനെപ്പറ്റിയും ഗവര്‍ണര്‍ പരാമര്‍ശം നടത്തി. ആ വനിതയ്ക്ക് ജോലി നല്‍കിയത് എങ്ങനെയാണ്?. അവരെ ഹില്‍സ്റ്റേഷനിലേക്ക് ക്ഷണിച്ചത് ആരാണ്? വിവാദ വനിത മുഖ്യമന്ത്രിയുടെ ഓഫീസില്‍ വന്നിട്ടില്ലേ? ശിവശങ്കര്‍ ആരായിരുന്നു? മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജിവെച്ചത് ഏത് കാരണത്താലാണ്? ഇതൊക്കെ കേരളത്തിലെ ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
*******************************
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതികള്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 1, 5 തിയ്യതികളായി രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. ഡിസംബര്‍ 8 ന് വോട്ടെണ്ണല്‍ നടക്കും. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഒന്നാം ഘട്ടത്തിലെ നാമനിര്‍ദേശ പത്രിക നവംബര്‍ 14 വരെയും രണ്ടാം ഘട്ടത്തിലെ നാമനിര്‍ദേശ പത്രിക നവംബര്‍ 17 വരേയും സമര്‍പ്പിക്കാം.
*****************************
നടിയെ ആക്രമിച്ച കേസില്‍ വിചാരണ നവംബര്‍ 10 ന് പുനഃരാരംഭിക്കും. കേസില്‍ പ്രാഥമികമായി വിസ്തരിക്കേണ്ട 39 സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷന്‍ കോടതിക്ക് നല്‍കിയിരുന്നു. ഇതില്‍ 36 പേര്‍ക്ക് സമന്‍സ് അയക്കും.
നടി മഞ്ജു വാര്യര്‍, ജിന്‍സണ്‍ അടക്കമുള്ളവരെ ആദ്യ സാക്ഷി പട്ടികയില്‍ വിസ്തരിക്കില്ല.
*****************************
സര്‍ക്കാരിനെതിരെയുള്ള നീക്കങ്ങളില്‍ ഗവര്‍ണ്ണര്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി കെ. സുധാകരന്‍. സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച ഗവര്‍ണ്ണറുടെ പരാമര്‍ശം ഏറെ ഗൗരവകരമാണെന്നും അതില്‍ ഉറച്ചു നില്‍ക്കുന്നുവെങ്കില്‍ സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ഗവര്‍ണര്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. അതല്ലെങ്കില്‍ അന്വേഷണത്തിന് ഉത്തരവിടാനെങ്കിലും ആവശ്യപ്പെടണമെന്ന് സുധാകരന്‍ പറഞ്ഞു.
*****************************
പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ സര്‍ക്കാര്‍ നടപടി പാര്‍ട്ടി അറിഞ്ഞിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. പാര്‍ട്ടിയോട് കൂടിയാലോചിക്കാതെ എങ്ങനെയാണ് ഉത്തരവ് ഇറക്കിയതെന്ന് പരിശോധിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം.'ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടി ഫോറത്തില്‍ യാതൊരു കൂടിയാലോചനയും നടന്നിട്ടില്ല. ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും ഉള്‍പ്പെടെയുള്ള യുവജനസംഘടനകള്‍ ഉത്തരവിനെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. അവരുടെ പ്രതിഷേധം തെറ്റായിരുന്നില്ല.' എന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചത്.
******************************************
പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയ്ക്ക് ഒരു കേസില്‍ കൂടി മുന്‍കൂര്‍ ജാമ്യം. ബലാത്സംഗ കേസിലെ പരാതിക്കാരിയെ മര്‍ദിച്ചെന്ന കേസിലാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. തിരുവനന്തപുരം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം.നവംബര്‍ 10, 11 നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം. ഒരു ലക്ഷം രൂപയുടെ ജാമ്യത്തുകയോ തത്തുല്ല്യമായ ആളെയോ ജാമ്യം നിര്‍ത്തണം, സംസ്ഥാനം വിട്ടുപോകരുത്, കക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
**************************************
ഗവര്‍ണര്‍ സ്ഥാനത്ത് ഇരുന്ന് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇത്തരം പ്രസ്താവനകള്‍ ഇരിക്കുന്ന പദവിയുടെ അന്തസിന് നിരക്കുന്നതല്ല. അത് തെറ്റാണ്. ബി ജെ പി ഇതര സംസ്ഥനങ്ങളില്‍ ഗവണറെ ഉപയോഗിച്ച് രാഷ്ട്രീയ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. ദേശീയ തലത്തില്‍ മറ്റ് പാര്‍ട്ടികളുമായി ആലോചിച്ച് തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി. 
***********************************
പാറശ്ശാല ഷാരോണ്‍ കൊലക്കേസ് കേരള പൊലീസ് തന്നെ തുടര്‍ന്നും അന്വേഷിക്കും. കേസ് അന്വേഷണം തമിഴ്‌നാടിന് കൈമാറില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഷാരോണിന്റെ കുടുംബത്തെ അറിയിച്ചു. കേസിന്റെ അധികാരപരിധി സംബന്ധിച്ച് ചില സംശയങ്ങള്‍ കേരള പൊലീസിന് ഉണ്ടായിരുന്നു. കൃത്യം നടന്ന സ്ഥലം, തൊണ്ടിമുതല്‍ കണ്ടെടുത്ത സ്ഥലം ഇവയെല്ലാം തമിഴ്‌നാടിന്റെ പരിധിയിലായതിനാല്‍ തുടരന്വേഷണം തമിഴ്‌നാട് പൊലീസിനെ ഏല്‍പ്പിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.
**********************************

Main news - national news-kerala news

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക