Image

കെസിആറിന്റെ ആരോപണം അടിസ്ഥാനരഹിതം'; തെളിവ് ഹാജരാക്കട്ടെയെന്ന് തുഷാര്‍ വെളളാപ്പളളി

ജോബിന്‍സ് Published on 04 November, 2022
കെസിആറിന്റെ ആരോപണം അടിസ്ഥാനരഹിതം'; തെളിവ് ഹാജരാക്കട്ടെയെന്ന് തുഷാര്‍ വെളളാപ്പളളി

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ ആരോപണങ്ങള്‍ തളളി ബിഡിജെഎസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെളളാപ്പളളി. തെലങ്കാനയിലെ ഓപ്പറേഷന്‍ കമലത്തിന് പിന്നില്‍ താനാണെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തുഷാര്‍ വെളളാപ്പളളി പറഞ്ഞു. ടിആര്‍എസിന്റെ ഒരു എംഎല്‍എമാരുമായും ബന്ധപ്പെട്ടിട്ടില്ല. ആരോപണം ഉന്നയിക്കുന്നവര്‍ തന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവിടട്ടെ എന്നും തുഷാര്‍ വെളളാപ്പളളി പറഞ്ഞു.

കെ ചന്ദ്രശേഖര്‍ റാവു പുറത്തുവിട്ട ദൃശ്യങ്ങളില്‍ തന്റെ ബന്ധം തെളിയിക്കുന്ന ഒന്നുമില്ലെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം വീഡിയോകള്‍ കൃത്രിമമായി നിര്‍മ്മിച്ചതാണെന്ന് ബിജെപി ആരോപിച്ചു. ടിആര്‍എസ് വിലയ്‌ക്കെടുത്ത അഭിനേതാക്കളാണ് വീഡിയോയിലെ ഏജന്റുമാരെന്ന് കേന്ദ്രമന്ത്രി കിഷന്‍ റെഡ്ഡി പ്രതികരിച്ചു. തുഷാറിനെതിരായ ആരോപണങ്ങള്‍ തളളുന്നതായും ബിജെപി പറഞ്ഞു.

തെലങ്കാന സര്‍ക്കാരിനെ അട്ടിമറിക്കാനുളള ബിജെപിയുടെ ഓപ്പറേഷന്റെ മുഴുവന്‍ ചുമതല തുഷാര്‍ വെളളാപ്പളളിക്കായിരുന്നുവെന്നാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്. ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ടിആര്‍എസ്. ഡിജിറ്റല്‍ തെളിവുകള്‍ ടിആര്‍എസ് തെലങ്കാന ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. 

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തുഷാര്‍ 100 കോടിയാണ് വാഗ്ദാനം ചെയ്തതെന്നും കെസിആര്‍ ആരോപിച്ചു. ഇതിന് തെളിവുകളുണ്ട്. സര്‍ക്കാരിനെ അട്ടിമറിക്കാനുളള നീക്കത്തിലെ പ്രധാന കണ്ണി തുഷാര്‍ വെളളാപ്പളളിയാണ്. നാല് സര്‍ക്കാരുകളെ അട്ടിമറിക്കാനായിരുന്നു പദ്ധതി. തെലങ്കാന, ആന്ധ്ര പ്രദേശ്, ഡല്‍ഹി, രാജസ്ഥാന്‍ സര്‍ക്കാരുകളെ വീഴ്ത്താനായിരുന്നു പദ്ധതി. തുഷാര്‍ അമിത് ഷായുടെ നോമിനിയാണ്,' തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ആരോപിച്ചു.

thushar-vellappally-said-kcrs-allegation-is-baseless

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക