Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വെള്ളിയാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 04 November, 2022
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വെള്ളിയാഴ്ച (ജോബിന്‍സ്)

കാറില്‍ ചാരി നിന്നതിന്റെ പേരില്‍ രാജസ്ഥാന്‍ സ്വദേശിയായ ആറു വയസ്സുകാരന് ക്രൂരമര്‍ദ്ദനം. തലശേരിയിലാണ് സംഭവം. കുട്ടിയെ ആക്രമിച്ച മുഹമ്മദ് ഷഹഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം നടന്ന ഇന്നലെ പ്രതിയെ നാട്ടുകാര്‍ സ്റ്റേഷനിലെത്തിച്ചെങ്കിലും പോലീസ് അറസ്റ്റ് ചെയ്യാന്‍ കൂട്ടാക്കാതെ പറഞ്ഞു വിട്ടു. ഇന്ന് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. 
******************************************
പിഎഫ് പെന്‍ഷന്‍ കേസില്‍ തൊഴിലാളികള്‍ക്ക് ആശ്വാസമാകുന്ന നിര്‍ണായക വിധിയുമായി സുപ്രീംകോടതി. ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ നല്‍കണമെന്ന കേരള ഹൈക്കോടതി വിധി സുപ്രീ കോടതി ഭാഗികമായി ശരിവെച്ചു. 1.16 ശതമാനം വിഹിതം തൊഴിലാളികള്‍ നല്‍കണം എന്ന നിര്‍ദ്ദേശവും റദ്ദാക്കി. അവസാന അഞ്ചു വര്‍ഷത്തെ ശമ്പളത്തിന്റെ ശരാശരി കണക്കാക്കി പെന്‍ഷന്‍ നല്‍കും. 
****************************************
സര്‍ക്കാരിനെതിരെ രണ്ടും കല്‍പ്പിച്ച് ഗവര്‍ണ്ണര്‍. മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഗവര്‍ണ്ണര്‍ കത്തയച്ചു. ചട്ടലംഘനം ചൂണ്ടിക്കാണിച്ചാണ് കത്തയച്ചത്. വിദേശ പര്യടനം നടത്തിയത് തന്നെ അറിയിച്ചില്ലെന്നാണ് കത്തില്‍ ആരോപിച്ചിരിക്കുന്നത്.മുഖ്യമന്ത്രി വിദേശത്തു പോയപ്പോള്‍ പകരം ചുമതല ആര്‍ക്കാണ് എന്നും അറിയിച്ചില്ല. മേലധികാരി എന്ന നിലയിലാണ് രാഷ്ട്രപതിക്ക് ഗവര്‍ണര്‍ കത്ത് അയച്ചത്. കത്തിന്റെ പകര്‍പ്പ് പ്രധാന മന്ത്രിക്കും അയച്ചിട്ടുണ്ട്. 
**********************************
സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി ചുമതലയേറ്റെടുക്കാനെത്തിയ ഡോ സിസ തോമസിനെ തടഞ്ഞ് എസ്.എഫ്.ഐ-കെ.ജി.ഒ.എ പ്രവര്‍ത്തകര്‍. തുടര്‍ന്ന് പൊലീസ് കാവലിലാണ് അവര്‍ ക്യാംപസില്‍ കടന്ന് ചുമതലയേറ്റത്.
പ്രതിഷേധം താന്‍ പ്രതീക്ഷിച്ചിരുന്നുവെന്നും ജീവനക്കാരുടെ പിന്തുണയുണ്ടെങ്കിലേ മുന്നോട്ട് പോകാനാവൂ എന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചവരെ തഴഞ്ഞാണ് ഗവര്‍ണ്ണര്‍ സിസി തോമസിന് വിസിയുടെ ചുമതല നല്‍കിയത്. ഇതാണ് ഇടത് സംഘടനകളെ പ്രകോപിപ്പിച്ചത്. 
**********************************
എഡ്യുടെക് ആപ്പായ ബൈജൂസിന്റെ അംബാസിഡറായി അര്‍ജന്റീനന്‍ ഫുട്‌ബോള്‍ താരമായ ലയണല്‍ മെസി. എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന പദ്ധതിയുടെ അംബാസിഡറായി ബൈജൂസും മെസിയും തമ്മില്‍ കരാര്‍ ഒപ്പുവച്ചു. ബൈജൂസിന്റെ ജഴ്‌സി ധരിച്ച് ഖത്തര്‍ ലോകകപ്പിന് ഉപയോഗിക്കുന്ന അല്‍ രിഹ്ല പന്തും പിടിച്ച് നില്‍ക്കുന്ന മെസിയുടെ ചിത്രം പുറത്തുവന്നിട്ടുണ്ട്.
************************************
ഗവര്‍ണ്ണര്‍ സര്‍ക്കാര്‍ പോരില്‍ പ്രതിപക്ഷത്ത് വീണ്ടും അഭിപ്രായ ഭിന്നത. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടികള്‍ തികച്ചും ബാലിശമാണെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. നടപടികള്‍ സര്‍ക്കാരിന്റെ ദൈനം ദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. പ്രധാനപ്പെട്ട കാര്യങ്ങളില്‍ ചര്‍ച്ച നടക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ ഗവര്‍ണ്ണറും സര്‍ക്കാരും തമ്മില്‍ പ്രശ്‌നങ്ങളില്ലെന്നും നടക്കുന്നത് നാടകമാണെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രതികരണം. 
************************************
തെലങ്കാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അമിത് ഷായുടെ ഏജന്റായി തുഷാര്‍ വെള്ളാപ്പള്ളി പ്രവര്‍ത്തിച്ചെന്ന തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ ആരോപണം തള്ളി തുഷാര്‍ രംഗത്ത് വന്നു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തുഷാര്‍ വെളളാപ്പളളി പറഞ്ഞു. ടിആര്‍എസിന്റെ ഒരു എംഎല്‍എമാരുമായും ബന്ധപ്പെട്ടിട്ടില്ല. ആരോപണം ഉന്നയിക്കുന്നവര്‍ തന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവിടട്ടെ എന്നും തുഷാര്‍ വെളളാപ്പളളി പറഞ്ഞു.
***********************************
കെ എം ഷാജിയുടെ വീട്ടില്‍ നിന്നും വിജിലന്‍സ് കണ്ടെടുത്ത പണം തിരികെ വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ തിരിച്ചടി. കെഎം ഷാജിക്ക് പണം തിരികെ നല്‍കാനാവില്ലെന്ന് കോടതി അറിയിച്ചു. വീട്ടില്‍ സൂക്ഷിച്ചത് തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന മുന്‍ എംഎല്‍എയുടെ വാദവും കോടതി തള്ളിക്കളഞ്ഞു. തന്റെ കണ്ണൂരിലെ വീട്ടില്‍ നിന്നും വിജിലന്‍സ് പിടിച്ചെടുത്ത 47,35,500 രൂപ തിരികെ വേണമെന്നായിരുന്നു ഷാജിയുടെ ആവശ്യം. 
************************

MAIN NEWS -NATIONAL - KERALA 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക