Image

ഓപ്പറേഷന്‍ കമല: കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് ടിആര്‍എസ്; തുഷാറിന്റേതെന്ന് ആരോപിക്കുന്ന ശബ്ദരേഖ പുറത്ത്

Published on 04 November, 2022
 ഓപ്പറേഷന്‍ കമല: കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് ടിആര്‍എസ്; തുഷാറിന്റേതെന്ന് ആരോപിക്കുന്ന ശബ്ദരേഖ പുറത്ത്

 


ഹൈദരാബാദ്: തെലങ്കാനയിലെ ഓപ്പറേഷന്‍ കമലയുമായി ബന്ധപ്പെട്ട ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടേതെന്ന് ആരോപിക്കുന്ന ശബ്ദരേഖ പുറത്ത്. ഏജന്റുമാരുമായി തുഷാര്‍ സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്. ടി ആര്‍ എസിന്റെ എം എല്‍ എമാരുമായി കൂടിക്കാഴ്ച നടത്താമെന്ന് ശബ്ദരേഖയില്‍ തുഷാര്‍ വെള്ളാപ്പള്ളി പറയുന്നു. ബിഎല്‍ സന്തോഷുമായി സംസാരിച്ച് കാര്യങ്ങള്‍ ഉറപ്പിക്കാമെന്നും ശബ്ദരേഖയില്‍ തുഷാര്‍ ഫോണില്‍ പറയുന്നുണ്ട്.

ഓപ്പറേഷന്‍ കമല കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് ടി ആര്‍ എസ്. രണ്ട് ദിവസത്തിനകം ഡീല്‍ ഉറപ്പിക്കാമെന്ന് തുഷാര്‍ ശബ്ദരേഖയില്‍ പറയുന്നു. ബിഎല്‍ സന്തോഷ് കാര്യങ്ങള്‍ ഡീല്‍ ചെയ്ത് തരുമെന്നാണ് തുഷാര്‍ പറയുന്നത്.  അമിത് ഷായ്ക്ക് ഒപ്പം ഗുജറാത്തിലുണ്ടെന്നും ഡീല്‍ ഉറപ്പിക്കാമെന്നും ടി ആര്‍ എസിന്റെ എം എല്‍ എമാര്‍ക്ക് ഏജന്റുമാരുടെ ഫോണിലൂടെ തുഷാര്‍ ഉറപ്പ് നല്‍കുന്നുണ്ട്. ബിഎല്‍ സന്തോഷുമായി സംസാരിച്ച് കാര്യങ്ങള്‍ ഉറപ്പിക്കാമെന്നും അതിന് മുമ്പ് നമ്മുക്ക് ഒന്ന് കാണണമെന്നും ഏജന്റ് നന്ദകുമാറിനോട് തുഷാര്‍ പറയുന്നുണ്ട്. 

കെസിആറിന്റെ ആരോപണം ബിജെപിയും തുഷാര്‍ വെള്ളാപ്പള്ളിയും തള്ളിയതിന് പിന്നാലെയാണ് കൂടുതല്‍ തെളിവുകള്‍ പുറത്ത് വരുന്നത്. വീഡിയോകള്‍ കൃത്രിമമായി സൃഷ്ടിച്ചതാണെന്നാണ് ബിജെപി ആരോപിക്കുന്നത്. ടിആര്‍എസ് വിലയ്‌ക്കെടുത്ത അഭിനേതാക്കളാണ്  വീഡിയോയിലെ ഏജന്റുമാരെന്ന് കേന്ദ്രമന്ത്രി കിഷന്‍ റെഡ്ഡി പ്രതികരിച്ചു. മുഖ്യമന്ത്രി ചന്ദ്രശേഖരറാവു പുറത്ത് വിട്ട ദൃശ്യങ്ങളില്‍ തന്റെ ബന്ധം തെളിയിക്കുന്ന ഒന്നുമില്ലെന്ന് പറഞ്ഞ തുഷാര്‍ വെള്ളാപ്പള്ളി തന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവ്  ടി ആര്‍ എസ് ഹാജരാക്കട്ടെയെന്നും വെല്ലുവിളിച്ചിരുന്നു.

അതേസമയം ആരോപണത്തിലുറച്ച് നില്‍ക്കുകയാണ് ടിആര്‍എസും ചന്ദ്രശേഖര്‍ റാവുവും. തെലങ്കാന ഹൈക്കോടതിയില്‍ വീഡിയോ തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ട്.  സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള മുഴുവന്‍ ഓപ്പറേഷന്റെയും ചുമതല തുഷാര്‍ വെള്ളാപ്പള്ളിക്കായിരുന്നുവെന്നാണ് തെലങ്കാന മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. കേസില്‍ അറസ്റ്റിലായ മൂന്ന് ഏജന്റുമാരും തുഷാറിറെ ബന്ധപ്പെട്ടതിന്റെ ഫോണ്‍വിവരങ്ങളും അദ്ദേഹം പുറത്തുവിട്ടിരുന്നു. തുഷാര്‍, അമിത് ഷായുടെ നേരിട്ടുള്ള നോമിനിയാണെന്നും കെസിആര്‍ ആരോപിച്ചിരുന്നു. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക