Image

കുറ്റകരമായ നരഹത്യാ ശ്രമമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്; കാറില്‍ ചാരിയതിന് കുട്ടിയെ ചവിട്ടിയ പ്രതി റിമാന്‍ഡില്‍

Published on 04 November, 2022
 കുറ്റകരമായ നരഹത്യാ ശ്രമമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്; കാറില്‍ ചാരിയതിന് കുട്ടിയെ ചവിട്ടിയ പ്രതി റിമാന്‍ഡില്‍

 


കണ്ണൂര്‍ : തലശ്ശേരിയില്‍ കുട്ടിയെ ചവിട്ടിയ കേസിലെ പ്രതിയായ മുഹമ്മദ് ഷിഹാദ് നടത്തിയത് കുറ്റകരമായ നരഹത്യാ ശ്രമമാണെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്. ആദ്യം കുട്ടിയുടെ തലക്ക് ഇടിച്ച പ്രതി, കുട്ടി കാറിന് സമീപത്ത് നിന്നും മാറാതായതോടെ വീണ്ടും കാലുകൊണ്ട് ചവിട്ടുകയും ചെയ്തു. കുട്ടി തിരിഞ്ഞില്ലായിരുന്നുവെങ്കില്‍ ചവിട്ടേറ്റ് കുട്ടിയുടെ മരണം വരെ സംഭവിക്കാമായിരുന്നുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 

വ്യാഴാഴ്ച വൈകീട്ടാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. തന്റെ കാറില്‍ ചവിട്ടിയെന്ന കാരണത്താല്‍ രാജസ്ഥാന്‍ സ്വദേശികളായ നാടോടി കുടുംബത്തിലെ ആറ് വയസുകാരനായ ഗണേഷ് എന്ന കുഞ്ഞിനെ മുഹമ്മദ് ഷിനാദ് എന്ന പൊന്ന്യം സ്വദേശിയായ 20 കാരന്‍ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. ക്രൂര കൃത്യത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് പൊലീസ് കൃത്യമായ രീതിയില്‍ നടപടിയെടുക്കാന്‍ തയ്യാറായത്. 


ക്രൂരമായി മര്‍ദ്ദനമേറ്റ ആറ് വയസുകാരന്‍  തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. വാരിയെല്ലില്‍ ചതവുണ്ടെന്നാണ് എക്‌സ് റേ പരിശോധനയില്‍ വ്യക്തമായത്. കാറില്‍ വന്നയാള്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് കുഞ്ഞ് മാധ്യമങ്ങളോടും പറഞ്ഞത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തുമ്പോഴേക്കും ആക്രമിച്ചയാള്‍ കടന്നു കളഞ്ഞിരുന്നെന്ന് രക്ഷിതാക്കളും പറഞ്ഞു. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍  സൗകര്യമില്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചാണ് സ്‌കാനിംഗ് പരിശോധന നടത്തിയത്. പരിശോധനയില്‍ ഇടത് ഭാഗത്തെ വാരിയെല്ലിന് ചതവുണ്ടെന്ന് കണ്ടെത്തി. ഇളകാതിരിക്കാന്‍ കയ്യില്‍ സ്ട്രിംഗ് ഇട്ടിട്ടുണ്ട്. രണ്ട് ദിവസം കൂടി ആശുപത്രിയില്‍ തുടരാനാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം.  

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക