Image

മദ്‌നിയ്ക്കും കുടുംബത്തിനുമെതിരായ യൂത്ത് ലീഗ് നേതാവിന്റെ പരാമര്‍ശം വിവാദത്തില്‍

ജോബിന്‍സ് Published on 05 November, 2022
മദ്‌നിയ്ക്കും കുടുംബത്തിനുമെതിരായ യൂത്ത് ലീഗ് നേതാവിന്റെ പരാമര്‍ശം വിവാദത്തില്‍

പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസിര്‍ മഅ്ദനിയേയും കുടുംബത്തേയുംകുറിച്ച് യൂത്ത് ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഫൈസല്‍ ബാബു നടത്തിയ പരാമര്‍ശം വിവാദമാകുന്നു. അബ്ദുല്‍ നാസര്‍ മഅ്ദനിയ്ക്കും ഭാര്യ സൂഫിയയ്ക്കുമെതിരെയാണ്  മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു രംഗത്തുവന്നത്. 

'ബെംഗളുരുവില്‍ നിങ്ങള്‍ക്കാ മനുഷ്യനെ കാണാം, കരിമ്പൂച്ചയില്ല ഒരകമ്പടിയുമില്ല. വലത്തും ഇടത്തും തന്റെ പ്രിയപ്പെട്ട മക്കള്‍ മാത്രം. ഭാര്യ പോലും ഒരു ഘട്ടത്തില്‍ ഇറങ്ങിപ്പോയെന്നും ഫൈസല്‍ ബാബു പറഞ്ഞു. മലപ്പുറം ചെമ്മാട് വെച്ച് നടന്ന മുസ്ലിം ലീഗ് പൊതുസമ്മേളനത്തിലായിരുന്നു ഇത്തരത്തിലൊരു പരാമര്‍ശം..

ഫൈസല്‍ ബാബുവിന്റെ നടപടി മുസ്ലിം ലീഗിന്റെ നിലപാടാണോയെന്ന് അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ വ്യക്തമാക്കണമെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് തിക്കോടി ആവശ്യപ്പെട്ടു. രോഗിയായ പിതാവിനെ പോലും കാണാന്‍ അനുമതിയില്ലാതെ എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ട് ഗുരുതരമായ രോഗങ്ങളാല്‍ ക്ലേശപ്പെട്ട് കഴിയുന്നയാളോടുള്ള പരിഹാസം സാമാന്യ മര്യാദയുടെ എല്ലാ സീമകളും ലംഘിക്കുന്നതാണെന്നും വാര്‍ത്താകുറിപ്പില്‍ അദ്ദേഹം വിമര്‍ശിച്ചു.

 

അഡ്വ. ഫൈസല്‍ ബാബുവിന്റെ വാക്കുകള്‍:

ബെംഗളൂരുവില്‍ നിങ്ങള്‍ക്കാ മനുഷ്യനെ കാണാം കരിമ്പൂച്ചയില്ല ഒരകമ്പടിയുമില്ല. വലത്തും ഇടത്തും തന്റെ പ്രിയപ്പെട്ട മക്കള്‍ മാത്രം. ഭാര്യ പോലും ഒരു ഘട്ടത്തില്‍ ഇറങ്ങിപ്പോയി.

ജോണ്‍ ബ്രിട്ടാസ് നീട്ടിക്കൊടുത്ത ബ്ലാങ്ക് ചെക്കിന്റെ കനത്തിനനുസരിച്ച് മുസ്ലിം ലീഗിനെ തോല്‍പ്പിക്കാന്‍ കൈരളി ചാനലിലെ ടോക് ഷോയ്ക്ക് നിന്നു കൊടുത്തു. തന്റെ ഭര്‍ത്താവിന്റെ ദുര്യോഗത്തെ ലീഗ് പാര്‍ട്ടിയെ ഫിനിഷ് ചെയ്യാന്‍ ഉപയോഗിക്കാമോ എന്നാണ് സഹധര്‍മ്മിണി പോലും ചിന്തിച്ചത്.

തിരൂരങ്ങാടി തെരുവിലൂടെ കരിമ്പൂച്ചകളുടെ അകമ്പടിയോടെ കടന്നുപോയ ജാഥ കണ്ടിട്ടുള്ളവരേ... ആ മനുഷ്യന്റെ ദയനീയ സ്ഥിതി ഈ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ക്ഷയരോഗത്തെ കുറിച്ച് ഒട്ടിച്ച പോസ്റ്ററില്‍ നിങ്ങള്‍ കാണുന്ന ചിത്രമില്ലേ അതുപോലെയാണ്. ഞങ്ങള്‍ സെലിബ്രേറ്റ് ചെയ്യുകയല്ല, അതിന് സമാനമായി ബെംഗളൂരുവിലെ സൗഖ്യ ആശുപത്രിയില്‍ കഴിയുകയാണ് ആ മനുഷ്യന്‍.

youth league and madhani

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക