Image

ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സര്‍ക്കാരിന് പാര്‍ട്ടിയുടെ അനുമതി

Published on 05 November, 2022
 ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സര്‍ക്കാരിന് പാര്‍ട്ടിയുടെ അനുമതി

തിരുവനന്തപുരം: ഗവര്‍ണറെ സര്‍വകലാശാലാ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ നിര്‍ണായക നീക്കവുമായി സിപിഎം. ഇതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരും. സിപിഎം സംസ്ഥാന സമിതിയുടേതാണ് തീരുമാനം. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ നിയമസഭയില്‍ ബില്ല് കൊണ്ടു വരാനാണ് നീക്കം. ബില്ല് ഒപ്പിടാതെ തിരിച്ചയച്ചാല്‍ കോടതിയെ സമീപിക്കാനും സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചു. ഇതിന് മുമ്പായി പ്രതിപക്ഷ പിന്തുണയും തേടും. 

തുടര്‍ നടപടിക്കായി പാര്‍ട്ടി സര്‍ക്കാരിനെ ചുമതലപ്പെടുത്തി. ഗവര്‍ണര്‍ക്കെതിരെ തമിഴ്‌നാടുമായി യോജിച്ച് പ്രക്ഷോഭവും ആലോചനയിലുണ്ട്. ഗവര്‍ണര്‍ക്കെതിരായ പ്രക്ഷോഭത്തില്‍ സീതാറാം യെച്ചൂരിയും ഡി.രാജയും ഡിഎംകെ നേതാക്കളും പങ്കെടുക്കും. 


ഇതിനിടെ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വന്‍തുക ചെലവാക്കി അസാധാരണ നടപടിക്ക് ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഗവര്‍ണര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഭരണഘടന വിദഗ്ധന്‍ ഫാലി എസ്‌ന.രിമാന്റെ നിയമോപദേശം തേടിയിരിക്കുകയാണ് സര്‍ക്കാര്‍. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കുന്നതിനുള്ള നിയമ നിര്‍മ്മാണത്തെ കുറിച്ചും സര്‍ക്കാര്‍ ഉപദേശം തേടിയിട്ടുണ്ട്. നിയമോപദേശത്തിനായി ഫാലി എസ് നരിമാനും കൂടെയുള്ളവര്‍ക്കും 45.9 ലക്ഷം രൂപ ഫീസായി നല്‍കാനാണ് സര്‍ക്കാര്‍ ഉത്തരവ്.

നിയമ ഉപദേശം നല്‍കുന്നതിന് ഫാലി എസ്‌ന.രിമാന് മാത്രം ഫീസായി മുപ്പത് ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കും. നരിമാന്റെ ജൂനിയര്‍മാരും ക്ലര്‍ക്കുമാര്‍ക്കുമായി 15.9 ലക്ഷം രൂപയുമാണ് നല്‍കുന്നത്. നിയമോപദേശം ലഭിച്ചാല്‍ ഉടന്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിക്കുന്നതിനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കും. അനുകൂലമായ നിയമോപദേശം ലഭിച്ചാല്‍ സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയില്‍ ഫാലി എസ്.നരിമാനോ, കെ.കെ.വേണുഗോപാലോ ഹാജരാകും. നേരത്തെ ദില്ലിയില്‍ എത്തിയ എജി ഗോപാലകൃഷ്ണക്കുറുപ്പ്  ഉള്‍പ്പെടെയുള്ളവര്‍  മുന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലിനെ കണ്ടിരുന്നു. മുഖ്യമന്ത്രി ദില്ലിയിലുള്ളപ്പോളായിരുന്നു കൂടിക്കാഴ്ച്ച.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക