Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഞായറാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 06 November, 2022
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഞായറാഴ്ച (ജോബിന്‍സ്)

സാമ്പത്തിക സംവരണ കേസില്‍ സുപ്രീംകോടതി നാളെ വിധി പറയും. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതിന് എതിരായ ഹര്‍ജികളിലാണ് തിങ്കളാഴ്ച വിധി പറയുക. ചീഫ് ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനും ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ബേല എം ത്രിവേദി, ജസ്റ്റിസ് ജെ ബി പാര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്.
**********************************
തിരുവന്തപുരം കോര്‍പറേഷനിലെ ഒഴിവ് വന്ന താല്‍ക്കാലിക നിയമനങ്ങളിലേക്ക് പാര്‍ട്ടി കേഡര്‍മാരെ നല്‍കണമെന്നാവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കത്ത് നല്‍കിയിട്ടില്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍. പുറത്തുവന്ന കത്തിനെ അപ്പാടെ തള്ളിയാണ് പാര്‍ട്ടിക്ക് മേയര്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.മേയര്‍ എന്ന നിലയില്‍ താന്‍ കത്ത് തയാറാക്കിയിട്ടില്ലെന്നും കത്തിനെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മിഷണര്‍ക്ക് പരാതി നല്‍കുമെന്നും ആര്യ പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്.
***************************
വിഴിഞ്ഞം സമരത്തില്‍ പ്രതിഷേധാഗ്‌നി ആളിക്കത്തുമ്പോള്‍ ഒരുവിധത്തിലും മുന്നോട്ടു പോകാനാവില്ലെന്ന തിരിച്ചറിവില്‍ അദാനി ഗ്രൂപ്പ്. സമരക്കാരുമായി അനൗദ്യോഗിക ചര്‍ച്ചകല്‍ നടത്തി പ്രശ്നപരിഹാരത്തിന് ശ്രമിക്കുകയാണ് അദാനി ഗ്രൂപ്പ്.
വിഴിഞ്ഞം ജനതയുടെ പുനരധിവാസത്തിന് കമ്പനിയുടെ സിഎസ്എസ്ആര്‍ ഫണ്ട് ഉപയോഗിക്കാമെന്നും സമരം അവസാനിപ്പിക്കണമെന്നുമാണ് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടത്. സമരക്കാരുമായുള്ള സര്‍ക്കാരിന്റെ ഔദ്യോഗിക ചര്‍ച്ചകള്‍ വഴിമുട്ടിയതോടെയാണ് അനൗദ്യോഗിക പ്രശ്ന പരിഹാര ശ്രമങ്ങള്‍ സജീവമാകുന്നത്. എന്നാല്‍ സമരസമിതി ഇതുവരെ അയഞ്ഞിട്ടില്ല. 
************************************
തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ സിപിഎം നടപടിയിലേയ്ക്ക് നീങ്ങുന്നു. സംഭവം വലിയ തിരിച്ചടിയാണ് പാര്‍ട്ടിക്ക് പൊതുജന മധ്യത്തില്‍ ഉണ്ടായിരിക്കുന്നത്. ഇതേ തുടര്‍ന്ന് സിപിഎം അടിയന്തര നേതൃ യോഗങ്ങള്‍ വിളിച്ചിട്ടുണ്ട്.ജില്ലാ കമ്മിറ്റി, ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളാണ് വിളിച്ചു ചേര്‍ത്തത്. നാളെ യോഗം ചേരും. കത്ത് പുറത്തുവിട്ട സംഭവത്തില്‍ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.
********************************
കള്ളക്കടത്തുകാരനെന്ന് തെറ്റിദ്ധരിച്ച് രാജ്യസഭാ എംപി പി.വി അബ്ദുല്‍ വഹാബ് എംപിയുടെ മകനെ വസ്ത്രമഴിച്ച് പരിശോധിച്ചു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. പരിശോധനയില്‍ ഒന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് വിട്ടയച്ചു. സംഭവത്തില്‍ അബ്ദുല്‍ വഹാബ് എംപി കസ്റ്റംസ് കമീഷണര്‍ക്ക് പരാതി നല്‍കി. 
*********************************
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിദഗ്ധ ചികിത്സയ്ക്കായി ജര്‍മ്മനിയിലേയ്ക്ക് പുറപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ മൂന്നരയ്ക്ക് പുറപ്പെട്ട ഖത്തര്‍ വഴിയുള്ള വിമാനത്തിലാണ് യാത്ര. മക്കളായ മറിയയും ചാണ്ടി ഉമ്മനും ബെന്നി ബഹ്നാന്‍ എംപിയും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. യൂറോപ്പിലെ ഏറ്റവും വലിയ മെഡിക്കല്‍ സര്‍വകലാശാലകളില്‍ ഒന്നായ ബര്‍ളിനിലെ ചാരെറ്റി ആശുപത്രിയിലാണ് ചികില്‍സ.
*********************************
ക്രിമിനല്‍ തടവുകാരെ സൈന്യത്തില്‍ ചേര്‍ക്കാനൊരുങ്ങി റഷ്യ. ഇതിനായുള്ള നിയമത്തിന് പുടിന്‍ അംഗീകാരം നല്‍കി. നിര്‍ബന്ധിത സൈനിക സേവന പദ്ധതിക്ക് പിന്നാലെയാണ് പുതിയ നീക്കം. ക്രിമിനലുകളെ പുറത്തിറക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ക്രംലിനില്‍ റഷ്യന്‍ സേനയ്ക്കുണ്ടായ ശക്തമായ തിരിച്ചടികള്‍ മറികടക്കാനാണ് പുടിന്‍ ക്രിമിനലുകളെ യുക്രൈനെതിരെ യുദ്ധ രംഗത്തേക്ക് ഇറക്കുന്നത്.
*************************************
ബിജെപി ബംഗാള്‍ ഘടകം നിയമവിഭാഗം തലവനെതിരെ ലൈംഗിക പീഡന പരാതി. ലോകേനാഥ് ചാറ്റര്‍ജിക്കെതിരെയാണ് ബിജെപി ഐടി സെല്‍ അംഗം  പൊലീസില്‍ പരാതി നല്‍കിയത്. സിക്കിം യാത്രക്കിടെ  ലോകേനാഥ് ചാറ്റര്‍ജി തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദക്കും ബിസ്സ പരാതി നല്‍കിയിട്ടുണ്ട്. 
*********************************
പാറശ്ശാല ഷാരോണ്‍ കൊലക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഷാരോണിനെ കൊല്ലാന്‍ പലതവണ ശ്രമിച്ചെന്ന് ഗ്രീഷ്മ പൊലീസിനോട് സമ്മതിച്ചു. ജ്യൂസ് ചലഞ്ചും ഷാരോണിനെ കൊല്ലാനുള്ള ആസൂത്രണത്തിന്റെ ഭാഗമായിരുന്നെന്നും മുഖ്യപ്രതിയായ ഗ്രീഷ്മ പൊലീസില്‍ മൊഴി നല്‍കി.
*******************************

DAILY NEWS ROUND UP - NATIONAL- KERALA 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക