Image

നിര്‍ണ്ണായക വിധി : മുന്നോക്ക സംവരണം സുപ്രീം കോടതി ശരിവെച്ചു

ജോബിന്‍സ് Published on 07 November, 2022
നിര്‍ണ്ണായക വിധി : മുന്നോക്ക സംവരണം സുപ്രീം കോടതി ശരിവെച്ചു

മുന്നോക്ക ജാതിയിലെ പാവപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസ തൊഴില്‍ മേഖലയില്‍ പത്ത് ശതമാനം സംവരണമേര്‍പ്പെടുത്തിയ ഭരണഘടനയുടെ 103ാം ഭേദഗതി സുപ്രീം  കോടതി ശരിവച്ചു. ഇതില്‍ ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ലന്ന് സുപ്രീം  കോടതിയുടെ ഭൂരിപക്ഷ ഭരണഘടനാ ബഞ്ച് വിധിയെഴുതി.

അഞ്ചില്‍ മൂന്ന് ജഡ്ജിമാരും മുന്നാക്ക സംവരണം ശരിവച്ചു. ചീഫ് ജസ്റ്റിസിനും ജസ്റ്റിസ് രവീന്ദ്ര ഭട്ടിനും ഒരു വ്യവസ്ഥയോട് വിയോജിപ്പ് പ്രകടിപ്പിച്ചു. നിലവില്‍ സംവരണം കിട്ടുന്നവരെ ഒഴിവാക്കിയതിനോടാണ് ചീഫ് ജസ്റ്റിസും ജസ്റ്റിസ് രവീന്ദ്ര ഭട്ടും വിയോജിപ്പ് പ്രകടിപ്പിച്ചത്. സാമ്പത്തിക സംവരണത്തിനോട് വിയോജിപ്പില്ല, എന്നാല്‍ ചിലരെ പരിധിയില്‍ നിന്ന് ഒഴിവാക്കിയത് അംഗീകരിക്കുന്നില്ലെന്ന് ജസ്റ്റിസ് ഭട്ട് അദ്ദേഹത്തിന്റെ വിധിയില്‍ പറഞ്ഞു. സാമ്പത്തിക പിന്നാക്ക അവസ്ഥ മറികടക്കാനുള്ള അവസരം തുല്യമായി നല്‍കണമെന്നും ജസ്റ്റിസ് ഭട്ട് കൂട്ടിച്ചേര്‍ത്തു.
 

2019 ജനുവരിയില്‍ ഭരണഘടനയുടെ 15, 16 അനുഛേദങ്ങള്‍ ഭേദഗതി ചെയ്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10% സംവരണം അനുദിച്ചതിനെതിരെ 39 ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.

സംവരണം സാമ്പത്തിക ഉന്നമന പദ്ധതിയല്ലെന്നും, പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യത്തിനുള്ള ഉപാധിയാണെന്നുമാണു ഹര്‍ജിക്കാരുടെ വാദം കോടതി തള്ളി. സംവരണ വിഭാഗങ്ങളുടെ സംവരണത്തെ ഒട്ടും ബാധിക്കാതെയാണ് മുന്നാക്ക സംവരണം അനുവദിച്ചതെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. 

പിന്നാക്ക വിഭാഗങ്ങളിലെ ദരിദ്രര്‍ക്ക് സംവരണത്തിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. അതിനാല്‍ സാമ്പത്തിക സംവരണത്തില്‍ നിന്ന് പിന്നാക്ക വിഭാഗങ്ങളെ ഒഴിവാക്കിയത് ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് എതിരാണെന്നു പറയാനാകില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു.

supreme court approved EWS quota

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക