Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - തിങ്കളാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 07 November, 2022
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - തിങ്കളാഴ്ച (ജോബിന്‍സ്)

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയറുടെ കത്ത് വിവാദത്തില്‍ കോര്‍പ്പറേഷനില്‍ ഇന്ന് കണ്ടത് പ്രതിഷേധ പരമ്പര. യൂത്ത് കോണ്‍ഗ്രസ് , യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. മേയറുടെ രാജിയാവശ്യപ്പെട്ടായിരുന്ന മാര്‍ച്ച്. മാര്‍ച്ചിനെ നേരിടാന്‍ പോലീസ് ടിയര്‍ഗ്യാസും ലാത്തിയും ജലപീരങ്കിയും ഉപയോഗിച്ചു. ഒടുവില്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. തങ്ങളെ ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് കാട്ടി ജീവനക്കാരും സമരത്തിനിറങ്ങിയതോടെ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം നിലച്ചു. 
****************************************
തിരുവനന്തപുരം മേയറുടെ കത്ത് വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാരും സിപിഎം. സിപിഎം ജില്ലാ കമ്മിറ്റി വിഷയം അന്വേഷിക്കും. മേയര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി അന്വേഷിക്കാന്‍ ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിച്ചു. 
****************************************
മാധ്യമങ്ങളെ പുറത്താക്കി ഗവര്‍ണ്ണര്‍. ഗവര്‍ണ്ണര്‍ ഇന്ന് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. കൈരളി , മീഡിയാ വണ്‍ ചാനലുകളോട് ഗവര്‍ണ്ണര്‍ ഗെറ്റ് ഔട്ട് പറയുകയായിരുന്നു. ഈ താനലുകള്‍ കേഡര്‍ ചാനലുകളാണെന്നും ഈ ചാനല്‍ പ്രതിനിധികള്‍ പുറത്തു പോയില്ലെങ്കില്‍ താന്‍ സംസാരിക്കില്ലെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് കെയുഡബ്‌ള്യുജെ നാളെ രാജ്ഭവനിലേയ്ക്ക് മാര്‍ച്ച് നടത്തും. 
*************************************
സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാനം ഭരണഘടന തകര്‍ച്ചയിലാണെന്ന് ഗവര്‍ണര്‍ ആരോപിച്ചു. രാജ്ഭവന്‍ മാര്‍ച്ച് വരട്ടെ എന്നും തന്നെ റോഡില്‍ ആക്രമിക്കട്ടെ എന്നും ഗവര്‍ണര്‍ക്കെതിരെ ഇടതുമുന്നണി നടത്താനിരിക്കുന്ന മാര്‍ച്ചില്‍ അദ്ദേഹം പ്രതികരിച്ചു. മേയറുടെ കത്ത് അടക്കമുള്ള വിഷയങ്ങള്‍ സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിലെ ചിലര്‍ രാജ്ഭവനെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ്. താന്‍ നിയമിച്ചവര്‍ക്ക് തന്നെ വിമര്‍ശിക്കാന്‍ അധികാരമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. 
************************************
മുന്നോക്ക ജാതിയിലെ പാവപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസ തൊഴില്‍ മേഖലയില്‍ പത്ത് ശതമാനം സംവരണമേര്‍പ്പെടുത്തിയ ഭരണഘടനയുടെ 103ാം ഭേദഗതി സുപ്രീം കോടതി ശരിവച്ചു. ഇതില്‍ ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ലന്ന് സുപ്രീം കോടതിയുടെ ഭൂരിപക്ഷ ഭരണഘടനാ ബഞ്ച് വിധിയെഴുതി. അഞ്ചില്‍ മൂന്ന് ജഡ്ജിമാരും മുന്നാക്ക സംവരണം ശരിവച്ചു. ചീഫ് ജസ്റ്റിസിനും ജസ്റ്റിസ് രവീന്ദ്ര ഭട്ടിനും ഒരു വ്യവസ്ഥയോട് വിയോജിപ്പ് പ്രകടിപ്പിച്ചു. 
***********************************
കാറില്‍ചാരി നിന്നതിന് ആറുവയസുകാരനെ ചവിട്ടിതെറിപ്പിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്. വിഷയത്തിന്റെ ഗൗരവം മനസിലാക്കുന്നതിന് പൊലീസിന് വീഴ്ചയുണ്ടായെന്നും റൂറല്‍ എസ്പിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. പ്രതിയെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. തലശ്ശേരി സി ഐ എം അനിലിനും ഗ്രേഡ് എസ് ഐമാര്‍ക്കും വീഴ്ച പറ്റിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ നടപടി ഉണ്ടായേക്കും. 
**********************************
എല്ലാം മാസവും അഞ്ചാം തിയതിക്ക് മുമ്പ് കെഎസ്ആര്‍ടിസിയില്‍ ശമ്പളം നല്‍കുമെന്ന മുഖ്യമന്ത്രിയുടെ വാക്ക് പാഴ് വാക്കായി. ഏഴാം തിയതിയായിട്ടും ഇതുവരെ ശമ്പളം വിതരണം ചെയ്യാന്‍ സാധിച്ചിട്ടില്ല. സിംഗിള്‍ ഡ്യൂട്ടി അടക്കം കെഎസ്ആര്‍ടിസിയിലെ പരിഷ്‌കാര നടപടികളുമായി സഹകരിച്ചാല്‍ എല്ലാ മാസവും അഞ്ചാം തീയതി ശമ്പളം ഇതായിരുന്നു മുഖ്യമന്ത്രി തൊഴിലാളികള്‍ക്ക് നല്‍കിയ ഉറപ്പ്.
*********************************************
കൈരളിയേയും മീഡിയ വണ്ണിനേയും വാര്‍ത്താസമ്മേളനത്തില്‍ നിന്ന് വിലക്കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ജനാധിപത്യരീതിയിലുള്ള ഒരു സമൂഹത്തില്‍ അംഗീകരിക്കാന്‍ കഴിയുന്ന നിലപാടല്ല അദ്ദേഹം സ്വീകരിക്കുന്നതെന്നും ഗോവിന്ദന്‍ വിമര്‍ശിച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തുടങ്ങിയവരും ഗവര്‍ണ്ണറുടെ നടപടിയെ വിമര്‍ശിച്ചു. 
***************************

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക