Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വ്യാഴാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 10 November, 2022
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വ്യാഴാഴ്ച (ജോബിന്‍സ്)

നിയമന കത്ത് വിഷയത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന് ഹൈക്കോടതി നോട്ടീസ്. സംഭവത്തില്‍ കേസ് എടുത്തോ എന്ന് ചോദിച്ച കോടതി മേയര്‍ക്ക് പറയാനുള്ളത് കേള്‍ക്കണമെന്നും വ്യക്തമാക്കി. കോര്‍പറേഷനിലെ നിയമനങ്ങള്‍ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി ആര്‍ അനിലിനും ഹൈക്കോടതി നോട്ടീസ് അയയ്ക്കും. 
**************************************
തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വന്‍ മുന്നേറ്റം. എല്‍ഡിഎഫില്‍നിന്ന് 7 സീറ്റുകളും ബിജെപിയില്‍നിന്ന് രണ്ട് സീറ്റുകളും യുഡിഎഫ് പിടിച്ചെടുത്തു. രണ്ട് യുഡിഎഫ് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. ബിജെപിക്ക് രണ്ട് സീറ്റ് നഷ്ടമായപ്പോള്‍ ആലപ്പുഴയില്‍ ഒരു സീറ്റ് എല്‍ഡിഎഫില്‍നിന്ന് പിടിച്ചെടുത്തു. യുഡിഎഫ് 15, എല്‍ഡിഎഫ് 12, ബിജെപി 2 എന്നിങ്ങനെയാണ് സീറ്റ് നില.
*************************************
ബലാത്സംഗ കേസിലെ പരാതിക്കാരിയുടെ രഹസ്യമൊഴി പരിശോധിക്കാന്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്ക് ഹൈക്കോടതി അനുമതി. കോടതി ഓഫീസറുടെ സാന്നിദ്ധത്തില്‍ രഹസ്യമൊഴി പരിശോധിക്കാനാണ് കോടതി അനുവദിച്ചിരിക്കുന്നത്. രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്ന് എല്‍ദോസിന്റെ ആവശ്യത്തെ സര്‍ക്കാരും പരാതിക്കാരിയും ശക്തമായി എതിര്‍ത്തെങ്കിലും ഫലം ഉണ്ടായില്ല.
*************************************
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചു. 84 സീറ്റുകളിലേക്കാണ് ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഗാട്‌ലോഡിയയില്‍നിന്ന് മത്സരിക്കും. തൂക്ക് പാലം ദുരന്തമുണ്ടായ മോര്‍ബിയിലെ എംഎല്‍എ ബ്രിജേഷ് മെര്‍ജയ്ക്ക് ഇത്തവണ സീറ്റില്ല. തൊഴില്‍ വകുപ്പ് സഹമന്ത്രിയായിരുന്നു മെര്‍ജ. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബയ്ക്ക് സീറ്റ് നല്‍കിയിട്ടുണ്ട്. ജാംനഗര്‍ നോര്‍ത്തില്‍നിന്ന് അവര്‍ മത്സരിക്കും. ഹാര്‍ദ്ദിക് പട്ടേല്‍ വിരംഗം മണ്ഡലത്തില്‍ നിന്ന് മത്സരിക്കും.
***************************************
ആര്‍ എസ് എസ് ശാഖക്ക് സംരക്ഷണമൊരുക്കിയെന്ന വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്ത്. ശാഖയോടും അവരുടെ ലക്ഷ്യത്തോടും ആര്‍ എസ് എസിനോടും തനിക്ക് ആഭിമുഖ്യമില്ലെന്നും എന്നാല്‍ അവര്‍ക്ക് പറയാനും ജനാധിപത്യ സമൂഹത്തില്‍ നിയമ വിധേയമായി പ്രവര്‍ത്തിക്കാനും അവകാശമുണ്ടെന്നും അത് മാത്രമാണ് താന്‍ ചൂണ്ടികാട്ടിയതെന്നുമാണ് സുധാകരന്‍ പറയുന്നത്.
*********************************
കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലും കേരളത്തിലെ പാലക്കാട്ടും എന്‍ഐഎയുടെ വ്യാപക റെയ്ഡ്. സംസ്ഥാനത്ത് 45 ഇടങ്ങളിലാണ് പരിശോധന നടന്നത്. കോയമ്പത്തൂര്‍ നഗരത്തില്‍ മാത്രം 21 സ്ഥലങ്ങളില്‍ റെയ്ഡ് നടന്നു. കാര്‍ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് എന്‍ഐഎയുടെ നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലാണ് ഉദ്യോഗസ്ഥരെത്തിയത്.
****************************************
കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ എന്‍ഐഎയുടെ വ്യാപക റെയ്ഡ്. സംസ്ഥാനത്ത് 45 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. കോയമ്പത്തൂര്‍ നഗരത്തില്‍ മാത്രം 21 സ്ഥലങ്ങളില്‍ റെയ്ഡ് നടക്കുന്നുണ്ട്.
കാര്‍ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് എന്‍ഐഎയുടെ നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലാണ് ഉദ്യോഗസ്ഥരെത്തിയത്.
*****************************************
കത്ത് വിവാദം കത്തിപ്പടരുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രതിപക്ഷ പ്രതിഷേധം കയ്യാങ്കളിയില്‍. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ജെബി മേത്തര്‍ എംപി അടക്കമുള്ളവര്‍ക്ക്  ദേഹാസ്വാസ്ഥ്യമുണ്ടായി. പൊലീസ് നിര്‍ദാക്ഷിണ്യം പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ അതിക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് പ്രതിഷേധിച്ച കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരും നേതാക്കളും ആരോപിച്ചു. 
കത്ത് വിവാദത്തില്‍ നാലാം ദിവസമാണ് കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധമിരമ്പിയത്. 
******************************************
ടി20 ലോകകപ്പ് ഫൈനല്‍ കാണാതെ ഇന്ത്യ പുറത്ത്. സെമി ഫൈനലില്‍ ഇംംഗ്ലണ്ടിനെതിരെ പത്ത് വിക്കറ്റിന്റെ കൂറ്റന്‍ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. അഡ്ലെയ്ഡ് ഓവലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 16 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമാവാതെ ലക്ഷ്യം മറികടന്നു. 
*************************************
നടി നിമിഷ സജയനെതിരെ നികുതി വെട്ടിപ്പ് ആരോപണമുന്നയിച്ച് ബിജെപി മുന്‍ വക്താവ് സന്ദീപ് വാര്യര്‍. നിമിഷാ സജയന്‍ 1.14 കോടിയുടെ വരുമാനം ഒളിപ്പിച്ച് വച്ചതായി സംസ്ഥാന ജിഎസ്ടി വിഭാഗം കണ്ടെത്തിയെന്ന് സന്ദീപ് വാര്യര്‍ ആരോപിച്ചു. ഇത്തരത്തില്‍ 20.65 ലക്ഷം രൂപയുടെ നികുതി നിമിഷ സജയന്‍ വെട്ടിച്ചെന്ന് ജിഎസ്ടി വകുപ്പ് കണ്ടെത്തിയതായും സന്ദീപ് വാര്യര്‍ ഫേസ് ബുക്കില്‍ കുറിച്ചു. 

DAILY ROUND UP-MAIN NEWS-NATIONAL-KERALA 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക