Image

കലാമണ്ഡലം ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ നീക്കി

Published on 10 November, 2022
കലാമണ്ഡലം ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ നീക്കി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കലാമണ്ഡലം കല്‍പിത സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കി സര്‍ക്കാര്‍ ഉത്തരവ്.

കല്‍പിത സര്‍വകലാശാലകള്‍ക്ക് ബാധകമായ 2019ലെ യു.ജി.സി റെഗുലേഷന്‍ വ്യവസ്ഥ ഉപയോഗിച്ചാണ് നടപടി. സംസ്ഥാനത്തെ 14 സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാന്‍ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സിന് കഴിഞ്ഞദിവസം മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഇത് ഗവര്‍ണറുടെ അംഗീകാരത്തിന് അയക്കാനിരിക്കെയാണ് അപ്രതീക്ഷിത നീക്കത്തിലൂടെ കലാമണ്ഡലം കല്‍പിത സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ നീക്കി ഉത്തരവിറക്കിയത്.

ഗവര്‍ണര്‍ക്ക് ചാന്‍സലര്‍ പദവി വ്യവസ്ഥ ചെയ്യുന്ന കലാമണ്ഡലത്തിന്‍റെ ചട്ടങ്ങളടങ്ങിയ മെമ്മോറാണ്ടം ഓഫ് അസോസിയേഷനില്‍ ഭേദഗതി വരുത്തി സാംസ്കാരിക വകുപ്പ് ഉത്തരവിറക്കിയതോടെയാണ് ഗവര്‍ണര്‍ ചാന്‍സലര്‍ പദവിയില്‍നിന്ന് പുറത്തായത്.

ഗവര്‍ണര്‍ക്ക് പകരം കലാ -സാംസ്കാരിക മേഖലയിലെ പ്രഗല്ഭനായ വ്യക്തിയെ ചാന്‍സലറായി വ്യവസ്ഥ ചെയ്യുന്ന രീതിയിലാണ് ചട്ടത്തില്‍ ഭേദഗതി വരുത്തിയത്. പുതിയ ചാന്‍സലര്‍ ചുമതലയേല്‍ക്കുംവരെ പ്രോ ചാന്‍സലറായ സാംസ്കാരിക വകുപ്പ് മന്ത്രിക്കായിരിക്കും ചുമതല.

യു.ജി.സി റെഗുലേഷന്‍ പ്രകാരം കല്‍പിത സര്‍വകലാശാലയുടെ സ്പോണ്‍സറിങ് ബോഡിയാണ് ചാന്‍സലറെ നിയമിക്കേണ്ടത്. സംസ്ഥാന സര്‍ക്കാറാണ് കലാമണ്ഡലത്തിന്‍റെ സ്പോണ്‍സറിങ് ബോഡി. ഈ അധികാരമാണ് ചാന്‍സലറെ മാറ്റാന്‍ സര്‍ക്കാര്‍ ഉപയോഗിച്ചത്.

യു.ജി.സി റെഗുലേഷന്‍ പ്രകാരം കല്‍പിത സര്‍വകലാശാലയില്‍ ചാന്‍സലര്‍ നിയമനം അഞ്ച് വര്‍ഷത്തേക്കാണ്. ഒരുതവണ കൂടി നീട്ടി നല്‍കി പരമാവധി 10 വര്‍ഷംവരെ ഒരാള്‍ക്ക് ചാന്‍സലര്‍ പദവിയില്‍ തുടരാം. ഈ വ്യവസ്ഥയും മെമ്മോറാണ്ടം ഓഫ് അസോസിയേഷനില്‍ ഉള്‍പ്പെടുത്തി. 75 വയസ്സ് കഴിഞ്ഞവര്‍ ചാന്‍സലര്‍ പദവിയിലിരിക്കാന്‍ പാടില്ലെന്നും ചേര്‍ത്തിട്ടുണ്ട്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക