Image

 ഏക സിവില്‍ കോഡും പൗരത്വ നിയമഭേദഗതിയും വീണ്ടും എടുത്തിട്ട് ബിജെപി

Published on 10 November, 2022
  ഏക സിവില്‍ കോഡും പൗരത്വ നിയമഭേദഗതിയും വീണ്ടും എടുത്തിട്ട് ബിജെപി

 

സാമ്പത്തിക സംവരണം സംബന്ധിച്ച സുപ്രീംകോടതി വിധിക്ക് പിന്നാലെ ഏക സിവില്‍ കോഡ്, പൗരത്വ നിയമഭേദഗതി വിഷയങ്ങളില്‍  ചര്‍ച്ച സജീവമാക്കി ബിജെപി. ജാതി സെന്‍സസിനായി പ്രാദേശിക പാര്‍ട്ടികള്‍ സമ്മര്‍ദ്ദം തുടരുന്നതിനിടെയാണ് ബിജെപിയുടെ മറുനീക്കം. ഹിമാചല്‍ പ്രദേശില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് പ്രചാരണത്തിന്റെ അവസാന ദിനവും അമിത്ഷാ ആവര്‍ത്തിച്ചു.

സംവരണത്തിലെ അന്‍പത് ശതമാനം പരിധി എടുത്ത് കളഞ്ഞ് ദേശീയ തലത്തില്‍ ജാതി സെന്‍സസ് നടത്തി പിന്നാക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്നാണ് പ്രാദേശിക പാര്‍ട്ടികളുടെ ആവശ്യം. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഈ ആവശ്യം മുന്നോട്ട് വച്ചിരുന്നെങ്കിലും കേന്ദ്രം അനുകൂലമായി പ്രതികരിച്ചിരുന്നില്ല. ഇപ്പോള്‍ മുന്നാക്ക സംവരണം സുപ്രീംകോടതി ശരിവച്ച പശ്ചാത്തലത്തില്‍ ജാതി സെന്‍സസ് ആവശ്യം പല സംസ്ഥാനങ്ങളില്‍ നിന്നും ഉയരുകയാണ്. രണ്ടാം മണ്ഡല്‍ നീക്കം മറികടക്കാന്‍ ഏക സിവില്‍ കോഡ്, പൗരത്വ നിയമഭേദഗതി ചര്‍ച്ചകള്‍ ബിജെപി വീണ്ടും എടുത്തിടുകയാണ്. ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ഏക സിവില്‍ കോഡ് ചര്‍ച്ച  ബിജെപി സജീവമാക്കിയിട്ടുണ്ട്. മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങി അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്കും ചര്‍ച്ച വ്യാപിക്കുകയാണ്. ദേശീയ തലത്തില്‍ നടപ്പാക്കാന്‍ കഴിഞ്ഞില്ലെങ്കിലും സംസ്ഥാന അടിസ്ഥാനത്തില്‍ പ്രാവര്‍ത്തികമാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ  നീക്കം. ഹിമാചലില്‍ അധികാരത്തില്‍ തിരിച്ചെത്തിയാലുടന്‍ ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന് അമിത്ഷാ വ്യക്തമാക്കിയത് ഇത് ഉന്നംവച്ചാണ്. 

തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലെ രണ്ട് ജില്ലകളില്‍ പൗരത്വ നിയമഭേദഗതി നടപ്പാക്കാനുള്ള നടപടികള്‍ ഇതിനോടകം തുടങ്ങിയിട്ടുമുണ്ട്. നിയമസഭ എതിര്‍ പ്രമേയം പാസാക്കിയ പശ്ചിമബംഗാളില്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച്  പൗരത്വ നിയമഭേദഗതി നടപ്പാക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിരിക്കുകയാണ്. ഗുണഭോക്താക്കളായ സമുദായങ്ങളെ സര്‍ക്കാരിനെതിരെ അണിനിരത്തിയുള്ള രാഷ്ട്രീയ നീക്കവും   ബിജെപി ഉന്നമിടുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക