Image

ബോണ്‍ നത്താലെ' സാന്റ്റ സംഗമം ഡിസംബര്‍ 18ന് എയ്ല്‍സ്‌ഫോഡില്‍

Published on 05 December, 2022
 ബോണ്‍ നത്താലെ' സാന്റ്റ സംഗമം ഡിസംബര്‍ 18ന് എയ്ല്‍സ്‌ഫോഡില്‍

 

എയ്ല്‍സ്‌ഫോര്‍ഡ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ലണ്ടന്‍ റീജണിന്റെ നേതൃത്വത്തില്‍ സാന്റ്റ സംഗമം അരങ്ങേറുന്നു. അന്തിയുറങ്ങുവാന്‍ ഇടമില്ലാതെ പാതയോരങ്ങളില്‍ രാത്രി കഴിച്ചുകൂട്ടുന്ന അശരണര്‍ക്ക് ആശ്വാസമേകുവാന്‍ 'ബോണ്‍ നത്താലെ' എന്ന പേരില്‍ സംഘടിപ്പിക്കുന്ന സാന്റ്റ സംഗമം ഡിസംബര്‍ 18 ന് എയ്ല്‍സ്‌ഫോഡില്‍ നടക്കും. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കലിന്റെ നേതൃത്വത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ ലണ്ടന്‍ റീജണില്‍ നിന്നുള്ള മുതിര്‍ന്നവരും കുട്ടികളുമടക്കം നിരവധിപേര്‍ ഈ സംഗമത്തില്‍ പങ്കെടുക്കും.

സത്രത്തില്‍ ഇടമില്ലാത്തതിനാല്‍ പുല്‍ക്കൂട്ടില്‍ പിറക്കേണ്ടിവന്ന ദൈവപുത്രന്റെ തിരുപ്പിറവിയുടെ സന്ദേശം ഏവരിലും എത്തിക്കുക എന്ന ലക്ഷ്യമാണ് ഈ ചാരിറ്റിയുടെ പിന്നില്‍. ഭാവനരഹിതരായി വഴിയോരങ്ങളില്‍ കഴിയുന്നവര്‍ക്ക് ക്രിസ്മസ് രാത്രിയില്‍ തലചായ്ക്കാന്‍ ഒരിടം തയ്യാറാക്കിക്കൊടുക്കുവാന്‍ യുകെയിലെ പ്രശസ്തമായ ചാരിറ്റി സംഘടനയായ സെന്റ് മംഗോസ് ചാരിറ്റിയുമായി കൈകോര്‍ത്തുകൊണ്ടാണ് ഈ സംഗമം അരങ്ങേറുന്നത്.

 

2022 ഡിസംബര്‍ 18 ഞായറാഴ്ച ഉച്ചക്ക് 1.30 ന് എയ്ല്‍സ്‌ഫോര്‍ഡ് പ്രയറിയിലെ സെന്റ് ജോസഫ് ചാപ്പലില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധകുര്‍ബാനക്കു ശേഷം പ്രയറിയിലെ ഓപ്പണ്‍ പിയാസയില്‍ സാന്റാക്‌ളോസ് സംഗമം അരങ്ങേറും. ലണ്ടന്‍ റീജണിന്റെ വിവിധ മിഷനുകളില്‍ നിന്നും സാന്റയുടെ വേഷം ധരിച്ചെത്തുന്ന കുട്ടികളുടെയും മുതിര്‍ന്നവരുടെയും സംഘം ഓപ്പണ്‍ പിയാസയില്‍ അണിനിരന്ന് നൃത്തച്ചുവടുകള്‍ വയ്ക്കും. എയ്ല്‍സ്‌ഫോര്‍ഡ് ഔര്‍ ലേഡി ഓഫ് മൌന്റ്റ് കാര്‍മല്‍ മിഷനില്‍ നിന്നുള്ള ഗായകര്‍ ക്രിസ്മസ് കരോള്‍ ഗാനങ്ങള്‍ ആലപിക്കും. സെന്റ് മംഗോസ് ചാരിറ്റിയുടെ പ്രതിനിധികളും മേയര്‍, കൗണ്‍സിലര്‍മാര്‍, കൂടാതെ വിശിഷ്ടാതിഥികളായി എത്തുന്നവരും സംഗമത്തിന് ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കും.


സംഗമത്തിലൂടെ സമാഹരിക്കുന്ന പണം സെന്റ് മംഗോസ് ചാരിറ്റി വഴി ഭവനരഹിതര്‍ക്ക് ക്രിസ്മസ് ദിനത്തില്‍ താമസമൊരുക്കുവാന്‍ ഉപയോഗിക്കുമെന്ന് ലണ്ടന്‍ റീജണ്‍ ഡയറക്ടറും 'ബോണ്‍ നത്താലെ' ചീഫ് കോര്‍ഡിനേറ്ററുമായ ഫാ. ടോമി എടാട്ട് അറിയിച്ചു.

'സത്രത്തില്‍ ഒരിട'ത്തിനു വേണ്ടി സംഘടിപ്പിക്കുന്ന ബോണ്‍ നത്താലെ ചാരിറ്റിയില്‍ സഹകരിക്കുവാന്‍ താല്പര്യമുള്ളവര്‍ താഴെപ്പറയുന്ന ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്.

ബന്ധപ്പെടേണ്ട നന്പര്‍: റോജോ : 07846038034, ജോസഫ് കരുമെത്തി : 07760505659, ജോസഫ് ജോസഫ്: 07550167817

ഫാ. ടോമി എടാട്ട്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക