Image

സ്‌കന്‍തോര്‍പ്പ് മലയാളം പള്ളിക്കുടം സംഘടിപ്പിച്ച കേരളപ്പിറവി ആഘോഷം വര്‍ണാഭമായി

Published on 05 December, 2022
സ്‌കന്‍തോര്‍പ്പ് മലയാളം പള്ളിക്കുടം സംഘടിപ്പിച്ച കേരളപ്പിറവി ആഘോഷം വര്‍ണാഭമായി

സ്‌കന്‍തോര്‍പ്പ് : മലയാള നാടിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന നിരവധി കലാ സാംസ്‌കാരിക പരിപാടികളോടെ ബ്രിട്ടനിലെ സ്‌കന്‍തോര്‍പ്പ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന മലയാളം പള്ളിക്കൂടത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കേരളപ്പിറവി ആഘോഷം ഏവര്‍ക്കും മാതൃകാപരവും വര്‍ണാഭവുമായി.

സ്‌കാന്‍തോര്‍പ്പിലെ സ്‌കോട്ടര്‍ വില്ലേജ് ഹാളിലായിരുന്നു ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. കുട്ടികള്‍ ചേര്‍ന്നാലപിച്ച ഈശ്വര പ്രാര്‍ഥനഗാനത്തിനുശേഷം എസ്എംഎ പ്രസിഡന്റ് സെബാസ്റ്റ്യന്‍ ദേവസ്യയുടെ അധ്യക്ഷതിയില്‍ ചേര്‍ന്ന സാംസ്‌കാരിക സമ്മേളനത്തോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത് . മുഖ്യാതിഥിയായി പങ്കെടുത്ത മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റും ലോകകേരളസഭ അംഗവുമായ സി.എ ജോസഫ് കേരളപ്പിറവി ആഘോഷപരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രശസ്ത കവിയും മലയാളം മിഷന്‍ ഡയറക്ടറുമായ മുരുകന്‍ കാട്ടാക്കട വീഡിയോയിലൂടെ നല്‍കിയ ആശംസ കേരളപ്പിറവി ആഘോഷങ്ങള്‍ക്ക് മാറ്റു പകര്‍ന്നു. ആശംസയോടൊപ്പം അദ്ദേഹം ആലപിച്ച കവിത ശ്രോതാക്കള്‍ക്ക് നവ്യാനുഭവമാണ് നല്‍കിയത്. പ്രധാന അധ്യാപിക അന്പിളി സെബാസ്റ്റ്യന്‍ മാത്യുസ് സ്വാഗതവും എസ്.എം.എ സെക്രട്ടറി ഷിബു ഈപ്പന്‍ നന്ദിയും പറഞ്ഞു.

മലയാളഭാഷയുടെ പിതാവായി അറിയപ്പെടുന്ന തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടും ചങ്ങന്പുഴയുടെ കാവ്യനര്‍ത്തകിയും ചെറുശ്ശേരിയുടെ 'കൃഷ്ണഗാഥ'യും ഇടശ്ശേരിയുടെ പൂതപ്പാട്ടും വൈക്കം മുഹമ്മദ് ബഷീറിന്റെ 'പാത്തുമ്മയുടെ ആടും' മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ജെ.സി. ഡാനിയല്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്ത മലയാളത്തിലെ ആദ്യ നിശബ്ദ ചലച്ചിത്രമായ വിഗതകുമാരന്‍ എന്ന സിനിമയിലെ കഥാപാത്രങ്ങളും തകഴിയുടെ ചെമ്മീനിലെ പരീക്കുട്ടിയെയും കറുത്തമ്മയെയുമെല്ലാം എസ് എം എ മലയാളം പള്ളിക്കൂടത്തിലെ കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് മികവാര്‍ന്ന രംഗസജ്ജീകരണങ്ങളോടെ വേദിയില്‍ അവതരിപ്പിച്ചപ്പോള്‍ അത്യാപൂര്‍വമായ ദൃശ്യാനുഭവമായിരുന്നു കാണികള്‍ക്ക് സമ്മാനിച്ചത്.


സാമൂഹ്യ പ്രസക്തമായ വിഷയങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിച്ച ഓട്ടന്‍തുള്ളലും ഇന്പമാര്‍ന്ന നാടന്‍പാട്ടും കുട്ടികള്‍ ചേര്‍ന്നവതരിപ്പിച്ച 'കിട്ടാത്ത മുന്തിരി പുളിക്കും' എന്ന് കഥയുമെല്ലാം ഏറെ കരഘോഷങ്ങളോടെയാണ് കാണികള്‍ ഏറ്റുവാങ്ങിയത്. കേരളത്തിന്റെ സാംസ്‌കാരിക തനിമയുടെ പ്രതീകങ്ങളായ കലാരൂപങ്ങളുടെയും നിശ്ചലദൃശ്യങ്ങളുടെയും അകന്പടിയോടെ കുട്ടികളും മുതിര്‍ന്നവരും അണിനിരന്ന് ഉത്സവപ്രതീതി ഉണര്‍ത്തി നടത്തിയ സാംസ്‌കാരിക ഘോഷയാത്രയും അവിസ്മരണീയമായിരുന്നു.

മലയാളം സ്‌കൂളിന്റെ പ്രധാന അധ്യാപികയും എസ്എംഎ വൈസ് പ്രസിഡന്റും യുക്മ യോര്‍ക്ക്‌ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജണല്‍ സെക്രട്ടറിയുമായ അന്പിളി സെബാസ്റ്റ്യനെ ചടങ്ങില്‍ ആദരിച്ചു.

മലയാളം പള്ളിക്കൂടത്തിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുന്ന കയ്യെഴുത്തുമാസികയായ 'നുറുങ്ങു മുത്തുകളുടെ' പ്രകാശനവും മലയാള പുസ്തകങ്ങളുടെ ലൈബ്രറി ഉദ്ഘാടനവും ചടങ്ങുകളോടനുബന്ധിച്ചു നടന്നു. യുക്മ കലാമേളയില്‍ സമ്മാനാര്‍ഹരായ പ്രതിഭകള്‍ക്കുള്ള എസ്എംഎയുടെ പ്രത്യേകമായ സമ്മാനങ്ങളും നല്‍കി. മലയാളം പള്ളിക്കൂടത്തിലെ ഇക്കഴിഞ്ഞ അധ്യയനവര്‍ഷത്തിലെ മികച്ച സ്റ്റുഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട റോഷ്‌ന ജോണിനും ഭാഷാപഠനത്തിന് അതീവ താല്‍പര്യം പ്രകടിപ്പിച്ച കുട്ടിക്കുള്ള പ്രോത്സാഹന സമ്മാനം ജാക്‌സ് സിബിക്കും നല്‍കി. കുട്ടികളെ മലയാളം പഠിപ്പിക്കുവാന്‍ കൂടുതല്‍ പ്രചോദനം നല്‍കുന്ന രക്ഷിതാക്കള്‍ക്കുള്ള സമ്മാനത്തിന് മിസ്റ്റര്‍ ആന്‍ഡ് മിസസ് ജോണ്‍ തോമസും അര്‍ഹരായി.

പ്രധാനാധ്യാപിക അന്പിളി സെബാസ്റ്റ്യന്‍ ചൊല്ലിക്കൊടുത്ത മലയാളം മിഷന്‍ പ്രസിദ്ധീകരിച്ച ഭാഷാപ്രതിജ്ഞയും ചടങ്ങില്‍ പങ്കെടുത്ത എല്ലാവരും ഏറ്റുചൊല്ലി ഭാഷാ പ്രതിജ്ഞയുമെടുത്തു.

മലയാളത്തനിമ നിറഞ്ഞ പരിപാടികള്‍ കൊണ്ട് സന്പന്നമായ കേരളപ്പിറവി ആഘോഷം പ്രൗഡോജ്വലമായി സംഘടിപ്പിക്കുന്നതിനായി മലയാളം പള്ളിക്കൂടത്തിന്റെ രക്ഷാധികാരികളായ ഡോ ജോര്‍ജ് തോമസ്, ജിമ്മിച്ചന്‍ ജോര്‍ജ്, പ്രധാനാധ്യാപിക അന്പിളി സെബാസ്റ്റ്യന്‍, എസ്എംഎ സെക്രട്ടറി ഷിബു ഈപ്പന്‍, നിര്‍വാഹക സമിതി അംഗം ജോണ്‍ തോമസ്, ബിജു ചാക്കോ, ഷാജി തോമസ് തുടങ്ങി നിരവധി ആളുകള്‍ നേതൃത്വം നല്‍കി.

ഷാജി തോമസ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക