Image

കല്‍ക്കട്ടാ  തിസീസ് (ഇ മലയാളി അവാര്‍ഡ് നേടിയ കഥ: ജോസഫ്‌ എബ്രഹാം)

Published on 11 January, 2023
കല്‍ക്കട്ടാ  തിസീസ് (ഇ മലയാളി അവാര്‍ഡ് നേടിയ കഥ: ജോസഫ്‌ എബ്രഹാം)

അന്നു  വൈകുന്നേരം  ആന്ധ്രയിലെ  പ്രകാശം ജില്ലയിലുള്ള  ഓന്‍ഗോള്‍  എന്ന ചെറിയ പട്ടണത്തില്‍  ട്രെയിനിറങ്ങിയപ്പോള്‍,  അതു ജീവിതത്തില്‍ നിന്നുള്ള  ഇറങ്ങിപ്പോകല്‍ കൂടിയാകുമെന്നു കരുതിയതേയില്ല.  ഒരു ബഹുരാഷ്ട്ര കമ്പനിയുടെ  സെയില്‍സ്  മാനേജരായിരുന്നപ്പോള്‍. അത്യുഷ്ണമായിരുന്നതിനാല്‍   അതിരാവിലെ  തുറക്കുകയും  ഉച്ചകഴിഞ്ഞു  
ഒരുമണിയോടെ  അടച്ച്, വീണ്ടും  സൂര്യാസ്തമയത്തോടെയാണ്  കമ്പോളങ്ങള്‍
സജീവമാവുക.  ഒരു  ഇടത്തരം ഹോട്ടലില്‍  ബുക്ക് ചെയ്തിരുന്ന മുറിയില്‍  ചെക്ക്- ഇന്‍
ചെയ്തു.     അത്താഴം കഴിച്ചിട്ട്‌   നേരത്തേ കിടക്കണം. അതിരാവിലെ
ജോലിക്കിറങ്ങണം. 
കുളിക്കാനായി ബാത്ത്‌ടൌവല്‍  ഉടുത്തുനില്‍ക്കവേ വാതിലില്‍ മുട്ടുകേട്ടു. ഒട്ടും
മര്യാദയില്ലാത്ത   ഉറക്കെയുള്ള തട്ടല്‍. റൂംബോയി അല്ലന്നുറപ്പായിരുന്നു.  വീണ്ടും 
മുട്ടല്‍  കേട്ടു. അധികാരത്തിന്‍റെ  സ്വരത്തിലുള്ള  തട്ടല്‍. 
നല്ല ദേഷ്യത്തോടെയാണ്  കതകു തുറന്നത്. ഒരു ചെറുപ്പക്കാരന്‍  വാതില്‍ക്കല്‍ 
നില്‍ക്കുന്നതു കണ്ടു. ഉള്ളില്‍ തികട്ടിവന്ന  ദേഷ്യം  അടക്കാനായില്ല, അല്‍പ്പം
പരുഷമായി തന്നെ  ചോദിച്ചു പോയി.
  “ക്യാ  ചാഹിയെ?”
“കോനെ, തും”   മറു ചോദ്യം 
“തു,  കോനെ ?“  
 പ്രകടമായ അലോസരത്തോടെ തന്നെ  തിരിച്ചു ചോദിച്ചു. 
“ഞങ്ങള്‍  പോലീസുകാരാണ്”  
അയാളുടെ പിന്നില്‍ നിന്നും  ആരോ പറഞ്ഞതു കേട്ടപ്പോള്‍ 
അയാള്‍ക്കപ്പുറത്തേയ്ക്ക്   നോക്കി. 
പാന്‍റ്സും   ടീ ഷര്‍ട്ടുമിട്ട  ചെറുപ്പക്കാര്‍, അവര്‍ നാലഞ്ചു  പേരുണ്ട്.  കൂടെ  പോരാട്ട
വേഷമണിഞ്ഞ  രണ്ടുപേര്‍ കൂടി,  അവരുടെ   കയ്യില്‍ ഓട്ടോമാറ്റിക് റൈഫിള്‍.  അവരുടെ
ലീഡര്‍  എന്നു തോന്നിച്ച ചെറുപ്പക്കാരന്‍  ആവശ്യപ്പെട്ട  പ്രകാരം   
ഐഡന്‍റ്റിറ്റി  കാര്‍ഡു  കാണിച്ചു. അവര്‍ മുറി പരിശോധിക്കാന്‍ തുടങ്ങി. പെട്ടി
തുറന്നു കാണിക്കാന്‍ പറഞ്ഞു.  പെട്ടിക്കുള്ളില്‍  വസ്ത്രങ്ങള്‍ക്കൊപ്പം  ഒരു
പുസ്തകമുണ്ടായിരുന്നു.  പുസ്തകം  എടുത്തു നോക്കിയ  പോലീസുകാരന്‍ ചോദിച്ചു.
“എന്ത്  പുസ്തകമാണിത്?” 
“ഇതൊരു നോവലാണ്‌” 
“ഇതൊരു മാവോയിസ്റ്റ്  സാഹിത്യമല്ലേ ?”
“അല്ല സര്‍, വയലാര്‍  അവാര്‍ഡു വാങ്ങിയ  ഒരു നോവലാണ്‌” 
“സര്‍….”  
ഒരു പോലീസുകാരന്‍ ഉറക്കെ വിളിച്ചുകൂവി. കിടക്കയുടെ അടിയില്‍ ഒളിപ്പിച്ച
നിലയില്‍ കണ്ട ഒരു റൈഫിള്‍ അയാള്‍ ചൂണ്ടിക്കാട്ടി.  പോലീസു സ്റ്റേഷനില്‍
പാറാവുകാരന്‍ പിടിച്ചുകൊണ്ട് നില്‍ക്കുന്ന  അത്രയും  വലിപ്പമുള്ള
ഒന്നായിരുന്നത്. 
“യെഹ്   കിസ്കാ ?, തേരാ ?”
മറുപടി പറയാന്‍ വാക്കുകള്‍  കിട്ടിയില്ല.  അല്ലായെന്നു  നിഷേധിച്ചു 
തലയനക്കി. അടുത്ത ക്ഷണം ഇരുചെവികളും പൊത്തിയുള്ള  അടിപൊട്ടി.  ചെവിയുടെ
മൂളലിലും,  കണങ്കാലില്‍ ബൂട്ടിട്ട കാലിന്‍റെ ചവിട്ടു കൊള്ളൂന്നതും  മുഖമടച്ചു
വീഴുന്നതും  അറിഞ്ഞിരുന്നു.

Page | 2
ഒറ്റനിമിഷം കൊണ്ടയാള്‍ കീഴ്‌പ്പെടുത്തി. കൈകള്‍ പിന്നിലേക്കാക്കി 
വിലങ്ങുവച്ചുകഴിഞ്ഞു. അയാളുടെ നോട്ടത്തില്‍ പരിശീലനം കിട്ടിയ 
അപകടകാരിയാണ് മുന്‍പില്‍ നില്‍ക്കുന്നത്. അവരെല്ലാവരും
തോക്കുകള്‍ പുറത്തെടുത്തു.
ഹോട്ടല്‍ ഇടനാഴിയിലൂടെ തിടുക്കപ്പെട്ടു വലിച്ചിഴച്ചവര്‍ കൊണ്ടുപോയപ്പോള്‍ 
അരയില്‍ ചുറ്റിയ  ടവല്‍  അഴിഞ്ഞുപോയിരുന്നു.  പൂര്‍ണ്ണനഗ്നനായിട്ടുതന്നെയാണ്   
പോലീസ് സ്റ്റേഷനിലെത്തിച്ചത്. കൈകള്‍  ബന്ധനത്തിലായതിനാല്‍ കണ്ണുകളടച്ചു
നഗ്നത മറയ്ക്കാന്‍ ശ്രമിച്ചു. ഒരു പോലീസുകാരന്‍  അവന്‍റെ ലാത്തികൊണ്ട്  
നഗ്നതയില്‍  തട്ടിനോക്കി അശ്ലീലം
പറഞ്ഞതുകേട്ടു കൂടെയുള്ളവര്‍ ചിരിച്ചു.ലോക്കപ്പിലടച്ചശേഷം 
അഴികള്‍ക്കിടയിലൂടെ    വസ്ത്രം  എറിഞ്ഞു തന്നു. 
“നിങ്ങള്‍  സിലിഗുരിയില്‍ പോയിരുന്നോ?” 
“പോയിരുന്നു” 
“നക്സല്‍ബാരിയില്‍ പോയിരുന്നോ?”
“പോയിരുന്നു” 
“എന്തിനാണ്  കനുസന്യാലിനെ  കണ്ടത്?,  
“എന്തിനായിരുന്നത്  ? ആരൊക്കെ ഉണ്ടായിരുന്നു നിങ്ങള്‍ക്കൊപ്പം?,
“കളവു പറയാന്‍ നോക്കേണ്ട, നിങ്ങളുടെ കൂടെ  മറ്റുനാലുപേര്‍ കൂടി 
നക്സല്‍ബാരിയിലും, സിലിഗുരിയിലും  ഉണ്ടായിരുന്നുവെന്നതിന്  സാക്ഷികളുണ്ട്. 
“കാക്കിനടയില്‍ വെച്ചാണോ  കൊണ്ടപ്പള്ളിയെ  കണ്ടത്  അല്ലെങ്കില്‍
വിജയവാഡയില്‍ വച്ചോ?” 
“ കൊണ്ടപ്പള്ളിയെ  ഞാന്‍ കണ്ടിട്ടില്ല,  അദേഹത്തെ പരിചയവുമില്ല”
“അപ്പോള്‍ എന്തിനാണ്  കാക്കിനടയിലും,  വിജയവാഡയിലും പോയത്?”
“അതെന്‍റെ  സെയില്‍സ്   ടെറിട്ടറിയാണ” 
“പിന്നെ എന്തിനാണ്  മറ്റു നാലുപേരും, നിങ്ങള്‍ താമസിച്ച ഹോട്ടലില്‍  തന്നെ  ഒരേ
ദിവസങ്ങളില്‍ മുറിയെടുത്തത്?” 
“അറിയില്ല സര്‍.  എന്‍റെ കൂടെ ആരും   ഉണ്ടായിരുന്നില്ല, ഹോട്ടല്‍ അല്ലെ സര്‍,
ആകസ്മികമായി  അതൊക്കെ നടക്കാമല്ലോ ” 
“ഞങ്ങളും  അങ്ങിനെ കരുതുമായിരുന്നു,   ഇങ്ങിനെ ഒരു റിപ്പോര്‍ട്ട്‌  നിങ്ങളുടെ
കമ്പനിയില്‍ നിന്നും  കിട്ടിയില്ലായിരുന്നെങ്കില്‍” 
അയാള്‍    ട്രാന്‍സ്ഫര്‍    അപേക്ഷയുടെ കോപ്പി എടുത്തു കാണിച്ചു. 
 എല്ലാവരും   വരാന്‍ മടിക്കുന്ന, ദുര്‍ഘടപാതകളും, അത്യുഷണ  പ്രദേശങ്ങള്‍
നിറഞ്ഞതുമായ  റായലസീമ,  ശ്രീകാകുളം  പോലെയുള്ള ചുവന്നനാടുകളെ   ചോദിച്ചു
വാങ്ങുകയായിരുന്നു.  എന്തിനായിരുന്നുവെന്ന്  ചോദിച്ചാല്‍  പല ഉത്തരങ്ങളുണ്ട് 
അതൊക്കെ മറ്റാര്‍ക്കും മനസ്സിലായെന്നുവരികില്ല. വിപ്ലവകാരികളുടെ തോക്കിന്‍
നിഴലില്‍  ജോലിചെയ്യുന്നതിന്‍റെ  ഒരു രസം അനുഭവിക്കാനായിരുന്നോ?,
അല്ലെങ്കില്‍ ചെറുപ്പത്തിലെപ്പഴോ  മനസ്സില്‍ല്‍ കയറിക്കൂടിയ ഒരു  കൌതുകം
വിട്ടൊഴിയാത്തതോ?, അതോ ഉള്ളിലെ  വരള്‍ച്ചയ്ക്ക് ശമനമാകാന്‍ ഉഷ്ണക്കാറ്റ്
തേടിയിറങ്ങിയതോ?
“ഇനി  അറിയേണ്ടത്,  ആരാണ്  ഹോട്ടല്‍ മുറിയില്‍ തോക്ക്   എത്തിച്ചു തന്നത്  എന്ന
കാര്യമാണ്?.

Page | 3
“ചെന്നയില്‍ നിന്നും നിങ്ങള്‍ വന്നത് ട്രെയിനിലാണ്. ഹോട്ടലില്‍ വരുമ്പോഴും
നിങ്ങളുടെ കയ്യില്‍  അങ്ങിനെ സംശയിക്കത്തക്കതായി ഒന്നുമുണ്ടായിരുന്നില്ല” 
“എനിക്കറിയില്ല സര്‍ ,  അതവിടെ  മുന്നേ തന്നെ  ഉണ്ടായിരുന്നിരിക്കാം” 
“എന്താ, പോലീസുകാരോട് തമാശ പറയുകയാണോ നിങ്ങള്‍? വെറുതെ എന്‍റെ കൈ
മെനക്കെടുത്തരുത്‌. 
“തോക്ക് മുന്നേ അവിടെ ഉണ്ടായിരുന്നു പോലും; എന്തായിരുന്നു  നിങ്ങളുടെ  ആക്ഷന്‍
പ്ലാന്‍?”
“ആക്ഷന്‍ പ്ലാന്‍ ? എനിക്കറിയില്ല സര്‍” 
“കേരളക്കാരായ  മാവോയിസ്റ്റുകള്‍ ഇവിടെ ധാരാളമുണ്ടെന്നു ഞങ്ങള്‍ക്കറിയാം” 
അയാള്‍   ഒരു ഓഡിയോ റെക്കോര്‍ഡര്‍  എടുത്തു ഓണ്‍ ചെയ്തു മേശമേല്‍ വച്ചുകൊണ്ട്‌ 
പറഞ്ഞു 
“കൊല്ലടാ,  അവനെ വിടരുത്’   അങ്ങിനെ   മലയാളത്തില്‍  പത്തു പ്രാവശ്യം പറയൂ”
“സര്‍  അതെന്തിന്, എന്നെ  കുടുക്കാനാണോ നിങ്ങള്‍ നോക്കുന്നത് ?”
“അല്ല, നിങ്ങള്‍ നിരപരാധിയെങ്കില്‍, ഒരു പക്ഷെ നിങ്ങള്‍ക്കിതു രക്ഷയാകും. വേഗം
പറഞ്ഞോളൂ” 
തിരികെ സെല്ലിലേക്കു കൊണ്ടുപോയത് മലയാളിയായ  പോലീസുകാരനായിരുന്നു. 
“നിങ്ങളെന്തിനാണു മാഷെ ഇവിടെ വന്നീപ്പണിയൊക്കെ  ചെയ്യുന്നത്. എന്തായാലും 
ഇതീന്ന്  നിങ്ങളങ്ങനെ എളുപ്പത്തില്‍ ഊരിപ്പോവില്ല.  എല്ലാ തെളിവും
നിങ്ങള്‍ക്കെതിരാണ്”
“സാറെ, എന്താണ്  നിങ്ങള്‍  പറയുന്നത്,  അതിനു ഞാനെന്തു  തെറ്റാണു  ചെയ്തത്?” 
“ഓ, അതിനിയും  നിങ്ങള്‍ക്കു  മനസിലായില്ല?”
“ഇല്ല, ദയവായി പറയൂ” 
“ഒന്നാമതായി നിങ്ങളുടെ പക്കല്‍നിന്നും  തോക്ക് പിടിച്ചു. അതാണെങ്കില്‍  നോണ്‍
ബെയിലബിള്‍  കുറ്റമാണ്.
“രണ്ടാമതായി നിങ്ങളുടെ  കൈവശത്തില്‍ നിന്നും വിപ്ലവ സാഹിത്യവും
പിടികൂടിയിരിക്കുന്നു”
“അതിനത്‌  അവാര്‍ഡു കിട്ടിയ നോവലല്ലേ സാര്‍ ?” 
“അതൊക്കെ  ശരിയായിരിക്കാം, പക്ഷെ അതൊരു   മാവോയിസ്റ്റ്  സാഹിത്യമാണ്”
“സാര്‍, മുന്‍പേ പറക്കുന്ന പക്ഷികളെപ്പോലെ കടന്നുപോയ ചിലര്‍. അവര്‍
തെറ്റിപ്പോയ സ്വപ്‌നങ്ങള്‍ കണ്ടിരിക്കാം പക്ഷെ അവരെക്കുറിച്ചുള്ള  ഒരു നോവല്‍, 
അതു കൈവശം വയ്ക്കുന്നത്  എങ്ങിനെ കുറ്റമാകും?”
“അതൊന്നും  എനിക്കറിയില്ല, സര്‍ക്കാര്‍ പറയുന്നത്   അതു  കുറ്റമാണെന്നാണ്.
“ബാക്കികൂടി കേട്ടോളൂ.  നിങ്ങള്‍  നക്സല്‍ബാരിയില്‍ പോയി,  സിലുഗുരിയില്‍ ചെന്നു
കനുസന്യാലിനെ  കണ്ടു.  അതും കഴിഞ്ഞു  കാക്കിനടയില്‍  വച്ചു ഗൂഡാലോചന 
നടത്തി.  ഇതിനിടയില്‍  വിജയവാഡയില്‍ വന്നു  കൊണ്ടപ്പള്ളിലെ  കണ്ടു.  പിന്നെ
ബാക്കി നാലുപേരോടും  കൂടി ചേര്‍ന്ന്   ആക്ഷന്‍ നടത്തി”
“ആക്ഷനോ, എന്താക്ഷന്‍?”
“എന്തായാലും  ഇവിടെയിപ്പോള്‍   തോക്ക് കൊണ്ടുവന്നത്  ഏതെങ്കിലും ഒരു ആക്ഷനു
വേണ്ടിയാണെന്ന്  ഞങ്ങള്‍  കരുതുന്നില്ല, അതു നിങ്ങളുടെ സഖാക്കള്‍  നിങ്ങളുടെ
രക്ഷയ്ക്ക് വേണ്ടി നല്‍കിയതാകാം” 
“സര്‍  ഞാനെന്ത്  ആക്ഷന്‍ നടത്തി എന്നാണ്  പറയുന്നത്?” 
“എന്‍റെ  മാഷെ,  ഒരു മലയാളി ആയതുകൊണ്ട്  പറയുകയാണ്,  വെറുതെ ഉരുട്ടലും  ഗരുഡന്‍
തൂക്കലുമൊന്നും ഇരന്നു വാങ്ങാന്‍ നില്‍ക്കേണ്ട.  എന്നെങ്കിലും ജയിലില്‍ നിന്നു
ഇറങ്ങിയാലും  കൂലിപ്പണി എടുത്തു ജീവിക്കേണ്ടേ?” 

Page | 4

“ഞാനതിനു  കുറ്റമൊന്നും  ചെയ്തിട്ടില്ലല്ലോ?” 
“ഇല്ലെങ്കില്‍ വേണ്ട. ശെടാ പാടേ… ഞാന്‍ പറയാനൊള്ളതു  പറഞ്ഞു. ഇനിയൊക്കെ 
തന്‍റെ   ഇഷ്ട്ടം.” 
യാത്രകളെന്നും ഇഷ്ട്ടമായിരുന്നു,  ഒറ്റയ്ക്കുള്ള യാത്രകള്‍ ഏറെയിഷ്ട്ട്ടം. വലിയ
തയ്യാറെടുപ്പുകളില്ലാതെ കയ്യില്‍ കിട്ടുന്നതു  ബാഗില്‍ കുത്തിനിറച്ചുകൊണ്ടുള്ള 
യാത്രകള്‍.
ജോലിക്കിടയിലെ  ഒരു വെക്കേഷന്‍ നാളുകള്‍.  കൊല്‍ക്കത്തയില്‍  പോകാന്‍  ഒരു
തോന്നല്‍.     രണ്ടു ദിവസം  നഗരത്തിലൂടെ അലച്ചില്‍, മെട്രോയിലൂടെ  യാത്ര.  
കോളേജു സ്ട്രീറ്റിലെ പഴയ പുസ്തക താളുകള്‍ക്കിടയിലൂടെ  ഒരുദിനം പരന്നൊഴുകി
മാഞ്ഞുപോയി.  കുറച്ചു പുസ്തകങ്ങള്‍ വാങ്ങി, കൂടുതലും  മലയാള പുസ്തകങ്ങള്‍
തന്നെ. 
 ‘ഹൌറാ’ ഇരുമ്പുപാലത്തിലെ  നടപ്പാതയില്‍ നിന്നുകൊണ്ട്   കുതിച്ചു പായുന്ന
ഹൂഗ്ലിയെ  നോക്കി
വെറുതെനിന്നു.പാലത്തിനുകീഴെ, തോണിക്കാര്‍,അവര്‍പരസ്പരംവിളിച്ചുകൂവുന്നതിന്‍
റെ  ശബ്ദം   കാറ്റിലൂടൊഴുകിവന്നു.
കാളിഘട്ടിലെ  പടവിലിറങ്ങി, ദേഹശുദ്ധി വരുത്തവേ ഒരുള്‍വിളിതോന്നി 
ഡാര്‍ജിലിങ്ങു  പോകാനായി.
“ബാബുജി”
പുറകില്‍ നിന്നും  ഒരു പെണ്‍ശബ്ദം. ഒറ്റക്കു ചുറ്റിത്തിരിയുന്ന യാത്രികനെ 
കണ്ടപ്പോള്‍  കൂട്ട് വേണമോന്നവള്‍   ചോദിച്ചതാണ്.
ഒരു നിമിഷം   അവളുടെ  മുഖത്തേക്ക് നോക്കി  മുപ്പതുകളിലാണവള്‍. കാണാന്‍ നല്ല
ശേലുമുണ്ട്.
 “നീ പോരുന്നോ  ഡാര്‍ജിലിങ്ങിലേക്ക്?. 
“ഒന്നുരണ്ടു ദിവസത്തെ  യാത്രയാണ്.  എനിക്കു ഗ്രാമങ്ങളിലൊക്കെ പോകണം  നിനക്ക് 
ബംഗാളി  അറിയാമല്ലോ  എനിക്കൊരു സഹായവുമാകും” 
അവളുടെ മുഖം മങ്ങി.
“വീട്ടില്‍  കുട്ടികള്‍ ഒറ്റയ്ക്കാവും    ബാബുജി.”   അവള്‍ നിരാശയോടെ  പറഞ്ഞു.
സൈക്കിളില്‍  ചായ വില്‍ക്കുന്ന  ചായവാലയില്‍ നിന്നും  രണ്ടു  ‘മട്ക്ക  ചായ’
വാങ്ങി. ഒരെണ്ണം അവള്‍ക്കും കൊടുത്തു.  
ചായ കുടിക്കുമ്പോള്‍  അവള്‍ ചോദിച്ചു,
“ബാബുജി, അങ്ങിപ്പോള്‍   പോവുകയാണോ,  അതോ രാത്രിവണ്ടിക്കോ?”.
പോക്കറ്റില്‍ നിന്നും  കുറച്ചു പണമെടുത്തു നീട്ടിയപ്പോള്‍  വാങ്ങാനവള്‍  മടിച്ചു.  
“വാങ്ങിക്കോളൂ,  ഇതു  നിന്‍റെ  കുട്ടികള്‍ക്കുള്ള  എന്‍റെ   സമ്മാനമാണ്” 
അങ്ങിനെ   പറഞ്ഞപ്പോള്‍  അവള്‍ വാങ്ങി. അവളപ്പോള്‍ കുഞ്ഞുങ്ങളുടെ വിശന്ന
കണ്ണുകള്‍  ഓര്‍ത്തു കാണണം.  യാത്ര പറഞ്ഞു  നടന്നു നീങ്ങവേ  അവള്‍ പറഞ്ഞു
“ബാബുജി താങ്കളെ,  കാളി മാതാവ്‌  അനുഗ്രഹിക്കട്ടെ” 
ഡാര്‍ജിലിങ്ങിലെത്തി ഒന്നു ചുറ്റിയടിച്ചപ്പോഴാണ്  നക്സല്‍ബാരിയെന്ന 
പേരുകേട്ട ഗ്രാമത്തിലേക്ക്  അവിടെനിന്നും അധിക ദൂരമില്ലെന്നറിഞ്ഞത്.
അവിടേയ്ക്കു പോകുന്ന വഴിക്ക്  ബസിലിരുന്നു കണ്ടതാണ്  സിലുഗുരി ഗ്രാമം.
കനുസന്യാല്‍  എന്ന കമ്മ്യൂണിസ്റ്റ്  നേതാവിന്‍റെ  നാടും വീടും അവിടെയാണ്. 
എന്നും ആദരവായിരുന്നു വിപ്ലവകാരികളോട്, അവരുടെ ശരിയോ, ശരികേടോ 
വിലയിരുത്താന്‍ തുനിഞ്ഞിട്ടില്ല. ഒരുജന്മം മറ്റുള്ളവര്‍ക്കുവേണ്ടി ബലികഴിക്കുന്ന
നിസ്വാര്‍ത്ഥ  ജീവിതങ്ങളോ ടുള്ള  സ്നേഹമായിരിക്കണം അതിനുകാരണം.

Page | 5
നകസല്‍ബാരിയിലിറങ്ങി  ചുറ്റിനടന്നു.  വളരെ പിന്നോക്കമായ  ഒരു ഗ്രാമം.
അവിടവിടങ്ങളിലായി       പാറികളിക്കുന്നു ചുവന്നകൊടികള്‍.   വല്ലപ്പോഴും  ഒരു
പാസഞ്ചര്‍  ട്രെയിന്‍ വന്നു പോകുന്ന   ആളൊഴിഞ്ഞ  റെയില്‍വേ സ്റ്റേഷനെ  കടന്നു 
ചെല്ലുമ്പോള്‍  ഗ്രാമത്തിലെ  ഒരു മൈതാനത്തിനരികില്‍  നിരവധി   
അര്‍ദ്ധകായപ്രതിമകള്‍;  ലെനിനും,  സ്റ്റാലിനും,  മാവോയും,  ചാരുമജൂന്‍ന്ദാരും,  സരോജ്
ദത്തയും,  പിന്നെ  സഹദേബ് മുഖര്‍ജിയും.
തിരിച്ചുള്ളയാത്രയില്‍,സിലുഗുരിയിലിറങ്ങി. സൈക്കിള്‍  റിക്ഷാക്കാരനോട് 
കോമ്രേഡിന്‍റെ   വീടിനടുത്തായി റിക്ഷ  നിര്‍ത്തിയാല്‍ മതിയെന്നാണ് പറഞ്ഞിരുന്നത്.
വെറുതെ  സ്ഥലമൊക്കെ കണ്ടു പോരാമെന്നാണ്  കരുതിയത്‌.  കോമ്രേഡ്
കനുസന്യാലിനെ  കാണുന്നതിണോ,  സംസാരിക്കുന്നതിനോ  യാതൊരു തയ്യാറെടുപ്പും 
ഉണ്ടായിരുന്നില്ല. 
ടിന്‍ഷീററുകള്‍ മേഞ്ഞ  ഒരു കെട്ടിടത്തിന്‍റെ  മുന്‍പിലായി റിക്ഷ നിര്‍ത്തി. നിരവധി
ചെങ്കൊടികള്‍ കൊണ്ടലങ്കരിച്ച  ആ ചെറിയ കെട്ടിടം  ‘ദാദാ’ എന്നു നാട്ടുകാര്‍
ആദരവോടെ വിളിക്കുന്ന കോമ്രേഡ്  കനുസന്യാലിന്റെ വീടും  പാര്‍ട്ടി ഓഫീസും
ചേര്‍ന്നതായിരുന്നു. സൈക്കിള്‍  റിക്ഷ  നിര്‍ത്തിയ സമയം  മൂന്നാലുപേര്‍  അവിടെ
നിന്നും പുറത്തേക്ക്  നടന്നു വരുന്നതു  കണ്ടു.  അവര്‍ക്കൊപ്പം  പുറത്തേക്ക് വന്ന
കൃശഗാത്രന്റെ  അടുക്കലേക്കു  ഓടിച്ചെന്നു  ഭവ്യതയോടെ  റിക്ഷാക്കാരന്‍ 
അറിയിച്ചു. ദാദാജി, അങ്ങയെ കാണാന്‍ കേരളത്തില്‍ നിന്നും ഒരാള്‍ വന്നിരിക്കുന്നു.
അദ്ദേഹം  റിക്ഷയിലേക്ക് നോക്കി,  പിന്നെ  കോമ്രേഡിന്‍റെ അടുക്കലേക്കു  
ചെല്ലുകയല്ലാതെ   തരമില്ലായിരുന്നു. 
കോമ്രേഡ്, അകത്തേക്കു ക്ഷണിച്ചു.ഒരു,യാത്രികനാണെന്നും,  അങ്ങയെക്കുറിച്ച് 
കേട്ടിട്ടുള്ളതിനാല്‍  ഇതുവഴി വന്നപ്പോള്‍ കണ്ടിട്ട് പോകാമെന്ന് 
വിചാരിച്ചതാണെന്നും  പറഞ്ഞു. 
അദ്ദേഹം  മേശപ്പുറത്തിരുന്ന  ഫ്ലാസ്കില്‍ നിന്നും ഒരു കപ്പു ചായ പകര്‍ന്നു നേരെ
നീട്ടി 
“നല്ല ഡാര്‍ജിലിങ്ങു   ചായയാണ്   മധുരമിട്ടിട്ടില്ല, താങ്കള്‍ക്കു മധുരം
വേണമെങ്കില്‍ ചേര്‍ക്കാം.”
അദ്ദേഹം  തന്ന  ചായ കുടിച്ചു.  പിന്നെ   യാത്ര പറഞ്ഞിറങ്ങി. 
ചോദ്യം  ചെയ്യല്‍ മുറിയിലേക്ക്  വീണ്ടും  വിളിപ്പിച്ചു.   അയാള്‍  ആമുഖമായി  
പറഞ്ഞുതുടങ്ങി. 
“നിങ്ങള്‍ സ്കൂളില്‍ പഠിക്കുന്ന കാലത്തുതന്നെ, നക്സല്‍
പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. നേരിട്ട്  കേസുകളില്‍ പെടാത്തതു കൊണ്ടും, 
ചെറിയ കുട്ടി ആയതുകൊണ്ടും മാത്രം,   കേസില്‍ നിന്നു ഒഴിവാക്കപ്പെട്ടതെല്ലാം  
ഞങ്ങള്‍ക്കറിയാം.  നിങ്ങള്‍  നക്സലൈറ്റ്  ആയതുകൊണ്ടും വിധ്വംസന
പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള സാധ്യതയുള്ളതും കൊണ്ടും  നിങ്ങളെ ജില്ലാ
ഭരണകൂടം  കരുതല്‍ തടങ്കലില്‍  വച്ച  റിപ്പോര്‍ട്ടുകളൊക്കെ   ഇവിടെ കിട്ടിയിട്ടുണ്ട്.
“ഞാന്‍ അഞ്ചുമിനുട്ട് കഴിഞ്ഞു വരാം.  എല്ലാം ഓര്‍മിച്ചുനോക്കിക്കോളൂ, 
എന്നിട്ടെല്ലാം തുറന്നു  പറയൂ. നമുക്കീകളി ഉടനെ അവസാനിപ്പിക്കേണ്ടതുണ്ട്”   
ചോദ്യം ചെയ്യുബോഴൊക്കെ വിരലുകള്‍ക്കിടയിലൂടെ വട്ടം കറക്കാറുള്ള 
കൂര്‍ത്തപെന്‍സില്‍   കണ്ണിനു നേരെ ചൂണ്ടികൊണ്ടായിരുന്നു അയാളതു   പറഞ്ഞത്.
നക്സലൈറ്റുകാര്‍ മഠത്തില്‍ മത്തച്ചന്‍ മുതലാളിയെ ഉന്മൂലനം ചെയ്തു. മുതലാളിയുടെ
  തലവെട്ടിയെടുത്തവര്‍   റോഡരികില്‍ നാട്ടി. ഒരു നാടിനെ മൊത്തം  ഇളക്കിമറിച്ച ആ

Page | 6
വധത്തെക്കുറിച്ചറിഞ്ഞത്‌ സ്കൂളിലെത്തിയപ്പോഴാണ്. ബൂര്‍ഷ്വാസിയെന്നു,
നീചനെന്നും വിപ്ലവകാരികള്‍ മുദ്രകുത്തിയ മത്തച്ചന്‍ മുതലാളിയോടു
സഹതപിക്കാന്‍ നാട്ടുകാരാരും മെനക്കെട്ടുമില്ല.
ഈ സംഭവത്തോടെ   കൌമാരക്കാരായ പല വിദ്യാര്‍ഥികള്‍ക്കുമെന്നപോലെ  
നക്സലുകളോട് ഒരു തരം    വീരാരാധനയും ഇഷ്ട്ടവും  തോന്നിതുടങ്ങിയിരുന്നു. 
സദാനന്ദന്‍ മാഷ് നക്സലാണെന്നു പറഞ്ഞുകേട്ടിരുന്നു. ക്ലാസെടുക്കുന്നതിനിടയില്‍ 
രസകമായ കഥകളും, രാഷ്ട്രീയവുമൊക്കെ പറഞ്ഞിരുന്ന  മാഷിനെ കുട്ടികള്‍ക്ക് വലിയ
കാര്യമായിരുന്നു. 
“കൊതുക് വന്നു  ചോരകുടിക്കുമ്പോള്‍ നിങ്ങളെന്തു ചെയ്യും?”  ഒരു ദിവസം
ക്ലാസെടുക്കുന്നതിനിടയില്‍ മാഷു ചോദിച്ചു. 
കൈകൊണ്ടു   തച്ചുകൊല്ലുമെന്നു കുട്ടികള്‍ ഒന്നടങ്കം പറഞ്ഞു. 
“അപ്പോള്‍ മനുഷ്യരുടെ ചോരയൂറ്റിക്കുടിക്കുന്നവരെ തച്ചുകൊല്ലുന്നത് ന്യായമായ 
സംഗതിയാണോ അല്ലയോ?”  
 സദാനന്ദന്‍ മാഷിന്‍റെ  ചോദ്യം എല്ലാവര്‍ക്കും  മനസിലായി പക്ഷെ അതിനുള്ള  
ഉത്തരം മാഷോ  കുട്ടികളോ പറഞ്ഞില്ല. ഉത്തരം പറഞ്ഞത്  സുജാതയുടെ അച്ഛന്‍
കുമാരേട്ടനായിരുന്നു. മരമില്ല് മുതലാളിയും  പഞ്ചായത്തു   പ്രസിഡണ്ടുമായിരുന്നു
കുമാരേട്ടന്‍. 
 വെള്ളിയാഴ്ച സ്കൂള്‍ കഴിഞ്ഞുപോയ  സദാനന്ദന്‍ മാഷ് പിന്നെ സ്കൂളില്‍ വന്നിട്ടില്ല. 
ആരും മാഷിനെ  കണ്ടിട്ടുമില്ല. പോലീസുകാര്‍ മാഷിനെ  ഉരുട്ടിക്കൊന്ന് മുത്തങ്ങ
കാട്ടില്‍ കൊണ്ടുപോയി കത്തിച്ചു കളഞ്ഞുവെന്നു ചിലര്‍ പറഞ്ഞു.  
 അറിവില്ലായ്മകൊണ്ടു പറ്റിയ തെറ്റോര്‍ത്തു സുജാത കരഞ്ഞു. 
മാഷ് പോലീസിനെ വെട്ടിച്ചു  കടന്നുവെന്നും,  ചരക്കുമായി ആന്ധ്രയില്‍ പോയ
ലോറിക്കാരില്‍ ചിലര്‍ മാഷിനെ അവിടെ നക്സലൈറ്റുകാരുടെ കൂട്ടത്തില്‍
കണ്ടുവെന്നൊക്കെ   പറച്ചിലുകളുണ്ടായി. സുജാതയുടെ  ഗര്‍ഭങ്ങള്‍
അലസിപ്പോകുന്നതും, ചാപിള്ളകള്‍  പിറക്കുന്നതുമെല്ലാം   മാഷിന്‍റെ
ശാപംകൊണ്ടാകുമെന്നു   അന്നത്തെ ചില  സഹപാഠികള്‍ പിന്നീടൊരിക്കല്‍
പറഞ്ഞതായോര്‍ക്കുന്നു.
ശ്രീകൃഷ്ണപട്ടയനും, അയാളുടെ തുന്നല്‍ പീടികയും.  
മറക്കാന്‍ കൊതിക്കുന്ന ഓര്‍മ്മകളാണിതൊക്കെ.  പക്ഷെ തുന്നല്‍ സൂചി
കൈവെള്ളയില്‍ തറച്ചു കേറുംപോലെ ആരെങ്കിലും ഇങ്ങിനെ
ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരിക്കും.
നമ്പ്യാരുടെ   മാളികകെട്ടിടത്തിന്‍റെ   താഴത്തെനിലയില്‍  കുമ്മായം കൊണ്ട്
നമ്പരെഴുതിയ  നിരപ്പലകയിട്ടൊരു പീടികമുറി, അതായിരുന്നു ശ്രീകൃഷ്ണ പട്ടയന്‍റെ 
തുന്നല്‍പീടിക. സ്കൂള്‍വിട്ടു കഴിഞ്ഞുള്ള വൈകുന്നേരങ്ങളിലും, അവധി
ദിവസങ്ങളിലും നേരം പോക്കാന്‍ പോയിരിക്കുന്ന ഒരിടം. അതേ  പീടികമുറിയുടെ
മണ്ടയിലെ മുറിയിലാണ് അയാള്‍ താമസിച്ചിരുന്നതും.
തുന്നല്‍പ്പണിയേക്കാള്‍  വര്‍ത്താനം പറച്ചിലായിരുന്നു ശ്രീകൃഷ്ണ പട്ടയനു
ഏറെയിഷ്ട്ട്ടം.  പീടിയ കോലായിലെ  ബഞ്ചില്‍  പത്രവാരികകള്‍  നിരത്തിയിട്ടിരുന്നു. 
ആളുകളെക്കൊണ്ട് പത്രം വായിപ്പിക്കുക, എന്നിട്ടവരുമായി ചര്‍ച്ചയിലും
തര്‍ക്കങ്ങളിലും ഏര്‍പ്പെടുക  എന്നതൊക്കെയായിരുന്നു   മൂപ്പര്‍ക്കു ഹരം.
രാത്രികാലങ്ങളില്‍  ശ്രീകൃഷ്ണപട്ടയന്റെ മുറിയില്‍ ചിലരുടെ  വരത്തുപോക്കുകള്‍
ഉണ്ടായിരുന്നു.  ശ്രീകഷ്ണപട്ടയന്‍ നക്സലൈറ്റാണെന്നുള്ള  ആളുകളുടെ പറച്ചില്‍
മൂലം  അയാളോട്  ആദരവ് തോന്നിയിരുന്നു. ചിലപ്പോള്‍ ഒന്നു രണ്ടു ദിവസത്തേക്ക്
തുന്നല്‍ പീടിക അടഞ്ഞുകിടക്കും. ചോദിച്ചാല്‍   കുറച്ചകലെയുള്ള അയാളുടെ
വീട്ടില്‍ പോയതാണെന്നാണ് പറയുക. 

Page | 7

അന്നു സ്കൂള്‍വിട്ടു വന്നശേഷം ഗോതമ്പ് പൊടിപ്പിക്കാന്‍ പോയതായിരുന്നു.
സഞ്ചിയും തലയിലേന്തിയുള്ള  നടപ്പില്‍ ചൂടുള്ള ഗോതമ്പുപൊടി ശിരസിനെ 
പൊള്ളിച്ചുകൊണ്ടിരുന്നു. വഴിയില്‍ ഇരുട്ട് വീണിരുന്നു.  ശ്രീകൃഷ്ണ പട്ടയന്‍  
മുറിയുടെ വാതില്‍ക്കല്‍ നിന്നും  വിളിച്ചു.  കൈയില്‍  ഒരു കടലാസ് ചുരുള്‍  തന്നിട്ട്,
ഇതു പാര്‍ട്ടി   പോസ്റ്ററാണ്   ആരും  കാണാതെ വായനശാലയുടെ ചുവരില്‍
ഒട്ടിച്ചുവരാമോന്നു ശബ്ദം താഴ്ത്തി  ചോദിച്ചു.
ഇരുളിലൂടെ അങ്ങാടിയിലേക്ക് ഓടുമ്പോള്‍ വലിയൊരു ആവേശമായിരുന്നു. എന്തോ
വലിയൊരു സംഗതിയില്‍ ഭാഗഭാക്കായെന്ന ഒരു തോന്നല്‍. അപ്പോഴേക്കും 
അങ്ങാടിയില്‍ ആളൊഴിഞ്ഞിരുന്നു.  കുറച്ചാളുകള്‍ അല്പം മാറിയുള്ള കടയുടെ 
മുന്‍പിലെ പെട്രോമാക്സ് വിളക്കിന്‍റെ  വെളിച്ചത്തില്‍ വര്‍ത്താനം പറഞ്ഞു
നില്‍ക്കുന്നുണ്ട്. വായനശാലയും പരിസരവും ഇരുളില്‍ നിശബ്ദമായി മറഞ്ഞിരുന്നു.
പിറ്റെദിവസം, സ്കൂളിലേക്കുള്ള നടപ്പില്‍  വായനശാലയുടെ അടുത്തായി  ഒരാള്‍ക്കൂട്ടം
കണ്ടു.   അവര്‍ പോസ്റ്റര്‍ വായിച്ചുള്ള  ചര്‍ച്ചയിലായിരുന്നു.   
“ജനശത്രു  മത്തച്ചനെ  ഉന്മൂലനം ചെയ്ത,


 പോരാളികള്‍ക്കഭിവാദ്യങ്ങള്‍.”
“വിപ്ലവം തോക്കിന്‍ കുഴലിലൂടെ,
നക്സല്‍ബാരി സിന്ദാബാദ്”.
വെളുത്ത കടലാസില്‍ കറുപ്പും ചുവപ്പും മഷികൊണ്ടെഴുതിയ നാലുവരികള്‍ മാത്രം.
പക്ഷെ  സംഗതി കുഴപ്പമാകുമെന്ന് ആളുകളുടെ വര്‍ത്താനത്തില്‍ നിന്നും മനസിലായി. 
എന്തായാലും  ആരും ഒന്നും കണ്ടില്ലന്ന ആശ്വാസത്തില്‍   സ്കൂളിലേക്ക് നടന്നു. 
രാവിലത്തെ  ഇടവേള  സമയത്താണ് കണ്ടത്,   നിക്കറും, കൂമ്പന്‍തൊപ്പിയും വച്ച 
പോലീസുകാര്‍ സ്കൂളിലേക്കുള്ള കുന്നു കയറിവരുന്നു.  ക്ലാസിലിരിക്കുമ്പോള്‍
ഉള്ളാന്തി. ദേഹം വെട്ടി  വിയര്‍ക്കുകയും,  ചങ്കിടിച്ചു വേദനിക്കുകയും ചെയ്തു.
പോലീസുകാര്‍  പൊതുവില്‍  കാര്യങ്ങള്‍  അന്വോഷിക്കാന്‍  വന്നതായിരിക്കുമെന്ന് 
ആശ്വസിക്കാന്‍ ശ്രമിച്ചു.
ക്ലാസ് തുടങ്ങി അല്പം കഴിഞ്ഞപ്പോഴേക്കും  പ്യൂണ്‍ വന്നു ഹെഡ്മാസ്റ്റര്‍ 
വിളിക്കുന്നുവെന്നറിയിച്ചു. പെട്ടുപോയെന്നു അപ്പോഴേ മനസ്സിലായി.
ഹെഡ്മാസ്റ്ററുടെ  മുറിയില്‍  രണ്ടു പോലീസുകാര്‍.    അതിലൊരാള്‍   നാട്ടുകാരനായ 
ഭാസ്കരന്‍  പോലീസാണ്.   അപരാധിയെപ്പോലെ    കയ്യുംകെട്ടി തലകുനിച്ചുകൊണ്ട്
അവര്‍ക്കരികിലായി അച്ഛന്‍ നില്‍ക്കുന്നുണ്ടായിരുന്നു. ആ  മുഖത്തു നോക്കാനുള്ള
ധൈര്യമില്ലായിരുന്നു അന്നേരം.  
കുന്നിനു താഴെ, റോഡിരികില്‍   പോലീസ് ജീപ്പ്  കിടപ്പുണ്ടായിരുന്നു. കഴുത്തിനു
പിടിച്ചു തള്ളിക്കൊണ്ട്   ‘ജീപ്പില്‍  കയറടാ’ന്നു പറഞ്ഞു  ഭാസ്കരന്‍ പോലീസിന്‍റെ 
കൂടെയുള്ള  പോലീസുകാരന്‍ അലറി. 
“അയ്യോ, കൊച്ചിനെ ഒന്നും ചെയ്യല്ലേ സാറെ”  
 നിലവിളിച്ചുകൊണ്ട്  ജീപ്പില്‍ കയറാന്‍ തുടങ്ങിയ അച്ഛനെ   അവര്‍ കയറ്റിയില്ല.
“നിങ്ങള്‍  പിന്നെ സ്റ്റേഷനിലേക്ക്  വന്നാല്‍ മതി”   ഭാസ്കരന്‍ പോലീസ്  പറഞ്ഞു. 
 ഭാസ്കരന്‍  പൊലീസിന്‍റെ  മുന്നില്‍ അച്ഛന്‍ ഇരുകൈകളും കൂപ്പി നിന്നു. മകനെ 
ഉപദ്രവിക്കരുതേ, എന്ന യാചനയായിരുന്നു ആ  കണ്ണുകളിലപ്പോള്‍.  അച്ഛന്‍റെ  
ദയനീയമായ  നോട്ടവും നിലയും   കണ്ടു വണ്ടിയിലിരുന്നു  കരഞ്ഞപ്പോള്‍   ഭാസ്കരന്‍
പോലീസ്  തെറി പറഞ്ഞു
 “കരയാണ്ടിരിക്കട    ചെക്കാ, ഓരോന്നും ഒപ്പിച്ചിട്ടിരുന്നു  മോങ്ങുന്നു, നായിന്‍റെ
മോന്‍ ”
ഓടുന്ന ജീപ്പിലിരുന്നുകൊണ്ട്,   ഭാസ്കരന്‍ പോലീസ്  ചോദ്യം ചെയ്യല്‍ തുടങ്ങി.

Page | 8

“നീയാണോ  പോസ്റ്റര്‍  ഒട്ടിച്ചത് ?”
 “അതേ” 
“അപ്പോള്‍  അതെഴുതിയതും  നീയാണല്ലേ ?”
“ഞാനല്ല ,  ശ്രീകൃഷ്ണേട്ടന്‍    തന്നതാണ്”
“ഏതു  ശ്രീകൃഷ്ണന്‍ ?”
“നമ്പ്യാരുടെ  മാളിക കെട്ടിടത്തിലെ തുന്നല്‍ പീടിയക്കാരന്‍” 
“ഓ, ശ്രീകൃഷ്ണ  പട്ടയന്‍, അവന്‍  ഞങ്ങളുടെ  നോട്ടപുള്ളിയാണ്”
“ നീ അവന്‍റെ  പാര്‍ട്ടിക്കാരനാണോ?”
“അറിയില്ല സര്‍”
“അതെന്താ നിനക്ക്  അറിയില്ലാത്തത് ?”
“അല്ല  സാറേ, പാര്‍ട്ടിക്കാരനല്ല”
“ പോസ്റ്റര്‍  തന്നപ്പോള്‍  അവന്‍റെ കൂടെ ആരെങ്കിലും  ഉണ്ടായിരുന്നോ?” 
“ഇല്ല” 
“പിന്നെ അവന്‍ എന്തൊക്കെ  പറഞ്ഞു?”
 “ആരും കാണാതെ  ഒട്ടിക്കണം എന്നു പറഞ്ഞു.” 
“ശരി,  എസ്. ഐ ചോദിക്കുബോഴും  ഇങ്ങനെ തന്നെ പറഞ്ഞാല്‍ മതി” 
പോലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ ലോക്കപ്പിന് വെളിയിലായി ഒരു മൂലയിയിലാണ്
നിര്‍ത്തിയത്.  ഒരു നക്സലിനെ  പിടിച്ചോണ്ട് വന്നെന്നു  കേട്ടപ്പോള്‍ പോലീസുകാര്‍ 
വന്നു നോക്കി   ചിരിച്ചിട്ട്‌  പോയി.  മറ്റുചിലര്‍   ‘ഇവനോ നക്സല്‍’  എന്ന
നോട്ടത്തില്‍  “മുട്ടയില്‍ നിന്നു വിരിഞ്ഞില്ലാലോ”, എന്നു പരിഹസിച്ചു.
  “ചന്തിയിലെ  ചോപ്പ് മാഞ്ഞില്ലാന്നു”   മറ്റുചിലര്‍ കളിയാക്കി 
  “നിന്റെ കാര്യം പോക്കാണ് ചെക്കാ”
എന്നും  പറഞ്ഞു സ്റ്റേഷനില്‍ ചായ കൊണ്ടുവരുന്ന ചായക്കടക്കാരനും
പേടിപ്പിച്ചു.
വല്ലാതെ   കരച്ചില്‍ വന്നപ്പോള്‍,  അവിടെയിരുന്നു  ഉറക്കെ കരഞ്ഞു.
“മോങ്ങാണ്ടിരിക്കിനെടാ നായിന്‍റെ മോനെ”  
അകത്തു നിന്നും  ഏതോ പോലീസുകാരന്‍ ദേഷ്യപ്പെട്ടു പറഞ്ഞപ്പോള്‍, 
ശബ്ദമില്ലാതെ  കരഞ്ഞു. 
കുറച്ചു  കഴിഞ്ഞപ്പോഴേക്കും  ശ്രീകൃഷ്ണപട്ടയനെ കൊണ്ടു വന്നു
‘നീ എന്നെ ഒറ്റിയല്ലേ’, എന്ന  അയാളുടെ നോട്ടത്തിനു മുന്‍പില്‍  തലകുനിച്ചു
പോയി.
ശ്രീകൃഷ്ണപട്ടയനെ  ചോദ്യം ചെയ്യാനായി  എസ്. ഐ യുടെ മുറിയിലേക്ക് 
കൊണ്ടുപോയി. അവിടെ നിന്നും ഉറക്കെയുള്ള തെറികളും അടിയുടെ  ഒച്ചകളും കേട്ടു.
തിരികെ ലോക്കപ്പിലേക്കു കൊണ്ടുവന്നപ്പോള്‍   അയാളുടെ മുഖം വീങ്ങിയിരുന്നു,
ചുണ്ടുകള്‍ പൊട്ടി ചോര ഒലിക്കുന്നുണ്ടായിരുന്നു. 
എസ്.ഐ  വിളിപ്പിച്ചു.  ചോദ്യം ചെയ്തപ്പോള്‍ ഭാസ്കരന്‍ പോലീസിനോട്  
പറഞ്ഞപോലെ തന്നെ പറഞ്ഞു.  എസ്.ഐ  ചൂരല്‍ വടികൊണ്ട്    ചന്തിക്കും 
തുടയ്ക്കും   അടിച്ചു.  തുടകളില്‍  ചൂരല്‍ വണ്ണം തിണര്‍ത്തു പൊന്തി.
ലോക്കപ്പിനു വെളിയിലെ ചുവരില്‍ ചാരി കരഞ്ഞു കൊണ്ടിരിക്കവേ  ഭാസ്കരന്‍
പോലീസ്  വന്നു പറഞ്ഞു.
“നിന്‍റച്ഛന്‍   പുറത്ത് നില്‍പ്പുണ്ട്,  സര്‍ക്കിളും  ഡി  വൈ എസ് പി യും  വരുമ്പോള്‍ 
നിന്‍റെ  കാര്യം തീരുമാനിക്കും.”
പുറത്തു  നില്‍ക്കുന്ന അച്ഛന്‍    കയറിവരുമോ  എന്നതായിരുന്നു  അപ്പോഴത്തെ 
ഏറ്റവും വലിയ ഭയം. അന്നു രാത്രിയാകുന്നതുവരെ  സര്‍ക്കിളും  ഡി.വൈ.എസ്.പിയും
വന്നില്ല. ഇതിനിടയില്‍  ശ്രീകൃഷ്ണപട്ടയനെ  വീണ്ടും  ചോദ്യംചെയ്യാന്‍

Page | 9
കൊണ്ടുപോയി.  അയാളുടെ  കരച്ചില്‍  ഉയര്‍ന്നപ്പോഴൊക്കെ  സങ്കടത്താലും  
ഭയത്താലും  കരഞ്ഞുകൊണ്ട് കൂനിക്കൂടിയിരുന്നു. 
രാത്രിയില്‍ ശ്രീകൃഷണപട്ടയനൊപ്പമാണ്   ലോക്കപ്പിലിട്ടത്. അയാളുടെ    മുഖത്ത്
നോക്കാന്‍ പേടിയേക്കാള്‍  കൂടുതല്‍  കുറ്റബോധമായിരുന്നപ്പോള്‍. അയാളുടെ മുഖം
നീരുവച്ചിരുന്നു, ചുണ്ടുകള്‍ നീലച്ചും, തടിച്ചുവീങ്ങിയുമിരുന്നു. 
“സാരമില്ലെടാ, നീ ചെറിയ ചെക്കനല്ലേ.   നിന്നെ വിടും  പക്ഷെ എന്‍റെ  കാര്യം
പോക്കാണ്” 
അയാള്‍ വേദനയില്‍ ഞരങ്ങിക്കൊണ്ട്  പറഞ്ഞു. അതുകേട്ടപ്പോള്‍ വീണ്ടും കരച്ചില്‍
വന്നു. പിറ്റേന്ന് ഉച്ചയോടെ,  ചൂരല്‍ കൊണ്ടുള്ള ഒന്നുരണ്ടു അടികൂടി തന്നിട്ട്  
വിട്ടയച്ചു.  അച്ഛന്റെ  കൂടെ വീട്ടിലേക്ക്  പോകുമ്പോള്‍  അച്ഛന്‍ 
വഴക്കുപറയുമെന്ന  ആധിയുണ്ടായിരുന്നു. എന്നാല്‍  അതൊന്നും ഉണ്ടായില്ല. 
പുറത്തിറങ്ങിയപ്പോള്‍   ചായക്കടയില്‍  നിന്നു ചായയും  ബോണ്ടയും  വാങ്ങിച്ചു
തന്നു,  അച്ഛനും  വാങ്ങിക്കഴിച്ചു.  അച്ഛന്‍റെ   പരവേശവും വിശപ്പും
കണ്ടപ്പോള്‍    തലേന്നു മുതല്‍  അച്ഛന്‍   ഒന്നും കഴിച്ചിട്ടില്ലായിരുന്നുവെന്ന്
മനസ്സിലായി.
നടന്ന  കാര്യമൊക്കെ  മറക്കാന്‍ ശ്രമിച്ചുനോക്കി,  പക്ഷെ
കൃത്യാന്തരബാഹുല്യത്തിനിടയിലും പോലീസുകാര്‍ അതൊക്കെ കൃത്യമായി
ഓര്‍ത്തുവയ്ക്കുകയും നിശ്ചിതഇടവേളകളില്‍, മഫ്ടിയിലുള്ള  സ്പെഷ്യല്‍ ബ്രാഞ്ച് 
പോലീസുകാര്‍    അന്വോഷണവുമായി  വീട്ടിലും കോളേജിലും വന്നു കൊണ്ടിരുന്നു.  
അവസാന വര്‍ഷ ബിരുദം    പഠിക്കുമ്പോളായിരുന്നു ഏറെ വിഷമിപ്പിച്ച ആ
സംഗതിയുണ്ടായത്‌. പ്രാദേശിക തിരഞ്ഞെടുപ്പ്  ബഹിഷ്ക്കരിക്കാനും, 
അട്ടിമറിക്കാനും   ഒരു സംഘടന  ആഹ്വാനം ചെയ്തു. അതുമൂലം  തിരഞ്ഞെടുപ്പിന്‍റെ
ഒരാഴ്ചക്കാലം നാട്ടുകാര്‍ക്ക്‌ പറഞ്ഞു രസിക്കാന്‍ ഒരു വിഷയമായും,  വീട്ടുകാര്‍ക്ക്
അപമാനവും   വേദനയുമായി  കോഴിക്കോട്  ജില്ലാ ജയിലില്‍, കുറച്ചു
ചെറുപ്പക്കാര്‍ക്കൊപ്പം   കരുതല്‍ തടങ്കലില്‍ കിടക്കേണ്ടി വന്നു. ഇതെല്ലാം
കൊണ്ട്  സ്വന്തം നാട്ടില്‍ നിന്നും മാറിനില്‍ക്കാന്‍  ആഗ്രഹിച്ച സമയത്താണ്  
ചെന്നെയില്‍   ഒരു ജോലി തരപ്പെട്ടത്. പതിയെ, പതിയെ പോലീസുകാരും
തേടി വരാതായപ്പോള്‍  കഴിഞ്ഞകാലത്തിന്റെ കരിനിഴല്‍ ഭൂതങ്ങള്‍  വിട്ടൊഴിഞ്ഞെന്നു 
  കരുതിയിരിക്കുകയായിരുന്നു.
“ഇനിയും  നിങ്ങള്‍  നിഷേധിക്കുന്നുവോ,  നിങ്ങള്‍  മാവോയിസ്റ്റു
തീവ്രവാദിയാണെന്ന കാര്യം?” 
 ഓര്‍മ്മകളില്‍ നിന്നും ഉണര്‍ത്തിക്കൊണ്ടയാള്‍  ചോദ്യം ചെയ്യല്‍ വീണ്ടും തുടങ്ങി. 
“സാര്‍,  എനിക്കങ്ങിനെ ഒരു രാഷ്ട്രീയവുമില്ല” 
“ശരി. എങ്കില്‍ പറയൂ, എന്തിനാണ്   ചിറ്റൂരില്‍ പഞ്ചസാരമില്ലു  നടത്തുന്ന
നാരായണ റെഡിയെ,  നായിഡു പേട്ടയിലുള്ള അയാളുടെ ഫാം ഹൌസില്‍  വച്ചു  നിങ്ങള്‍ 
കൊലപ്പെടുത്തിയത്?” 
“അയ്യോ, എന്തായിത്  ഞാനാരെയും    കൊന്നിട്ടില്ല”
“അങ്ങിനെ പറഞ്ഞാല്‍ പോരല്ലോ സാ..റെ, സംഭവം നടന്നദിവസം നായിഡുപേട്ടയിലെ
ഹോട്ടലില്‍   തങ്ങിയതിനും, അന്നു രാത്രി അസമയത്ത്   അവിടെ നിന്നു രക്ഷപ്പെട്ടു 
ചാര്‍മിനാര്‍   എക്സ് പ്രസ്സില്‍  കയറി പോയതിനും  തെളിവുണ്ട്”
“നായിഡു പേട്ടയില്‍ പോയത്  എന്‍റെ  ജോലി സംബന്ധമായിട്ടാണ്. പിറ്റേന്ന് രാവിലെ
ചെന്നയില്‍  എത്തേണ്ട ആവശ്യം വന്നതിനാലാണ്  വെളുപ്പിന്  രണ്ടുമണിക്ക് വരുന്ന 
ചാര്‍മിനാര്‍ എക്സ് പ്രസ്സ് ട്രെയിനില്‍ തിരികെ പോയത്” 
“ശരി,  വന്നു പോയി എന്നു സമ്മതിച്ചല്ലോ. പിന്നെ എന്തിനാണു നീ    റെഡിയുടെ 
ഫാംഹൌസില്‍ പോയത് ?”
“ഞാന്‍ എങ്ങും പോയിട്ടില്ല” 

Page | 10

“നിനക്കിനി  രക്ഷപ്പെടാനാവില്ല.
‘കൊല്ലടാ, അവനെ വിടരുത്’   എന്നു  നീ മലയാളത്തില്‍ വിളിച്ചു പറഞ്ഞത് 
റെഡിയുടെ  വേലക്കാരന്‍  കേട്ടതാണ്. ഇന്നലെ ഞാന്‍ നിന്നെക്കൊണ്ടു   പറയിച്ച
ശബ്ദം   അയാളെ  കേള്‍പ്പിക്കുകയും  അതേ  ശബ്ദം തന്നെയാണ് അന്നു  കേട്ടതെന്ന 
കാര്യം  അയാള്‍ തിരിച്ചറിയുകയും  ചെയ്തു”
എന്താണു പറയേണ്ടതെന്ന്  ഒരു പിടിയും കിട്ടിയില്ല.  കുരുക്കുകള്‍ ഒന്നൊന്നായി
മുറുകി വരുന്നു. 
“സര്‍ എനിക്കെന്‍റെ കമ്പനിയുമായി ബന്ധപ്പെടണം. ഒരുപക്ഷെ അവര്‍ക്കു നിങ്ങളെ 
സത്യാവസ്ഥ   ബോധ്യപ്പെടുത്താന്‍  കഴിയും” 
“നിനക്കിനി അതിന്റെ ആവശ്യമുണ്ടെന്നു  തോന്നുന്നില്ല.  കമ്പനിയുടെ ഒരു
സീനിയര്‍ മാനേജര്‍  എന്നെ വന്നു കണ്ടിരുന്നു, അവര്‍ ഞങ്ങള്‍ക്കെല്ലാ സഹായവും 
വാഗ്ദാനം  ചെയ്തിട്ടുണ്ട്. ഒരു കാര്യം മാത്രമാണ്  അവര്‍ ആവശ്യപ്പെട്ടത്.  
അതവര്‍ക്കു  ചെയ്തുകൊടുക്കാമെന്നു  ഞാനുറപ്പും നല്‍കി”
“എന്ത് കാര്യം  സര്‍ ?”
“കമ്പനിയുടെ   പേരിക്കാര്യത്തില്‍    വലിച്ചിഴയ്ക്കപ്പെടരുതെന്നു.
“മനസിലായില്ലേ,  അവര്‍ നിന്നെ തള്ളിപ്പറഞ്ഞു. നിന്നെപ്പോലെയുള്ള ഒരു
തന്തയില്ലാത്തവനെ  ജോലിക്കെടുത്തതില്‍   അവരിപ്പോള്‍ ഖേദിക്കുന്നുപോലും ” 
“എടോ,  അര്‍ജുന്‍.
“നീ  വിദ്യാഭ്യാസവും  ലോകവിവരവും നേടിയ ആളാണ്.  വിപ്ലവം എന്നൊക്കെ
ഓമനപ്പേരിട്ട് വിളിച്ചാലും നീയൊക്കെ ചെയ്യുന്നത് വെറും  കൊലപാതകവും 
കൊള്ളയും മാത്രമാണ്.വെറുതെ ഞങ്ങളെക്കൊണ്ട്  മൂന്നാംമുറകള്‍ എടുപ്പിക്കരുത്. 
മാത്രവുമല്ല  അത്തരം രീതികളോട്  എനിക്കെതിര്‍പ്പുമാണ്,  അതു  ഞങ്ങളുടെ  
രീതിയുമല്ല. 
“അവസാനമായി  ഒരു കാര്യം കൂടി.
“ഈ സംഭവുമായി  ബന്ധപ്പെട്ടു  നാലുപേരെ  അറസ്റ്റുചെയ്തു കഴിഞ്ഞു. 
അവരിപ്പോള്‍  ഞങ്ങളുടെ കസ്റ്റഡിയിലുണ്ട്.  അവര്‍ കുറ്റം സമ്മതിച്ചുകഴിഞ്ഞു, 
അവരാണു   പറഞ്ഞത്  അവരുടെ കൂടെ അഞ്ചാമതായി   ഒരാള്‍ കൂടിയുണ്ടെന്നതു.  
നിങ്ങള്‍   യാത്ര ചെയ്ത ദിവസങ്ങളില്‍തന്നെ   അവരും നക്സല്‍ബാരിയിലും,
സിലുഗിരിയിലും  പോയിരുന്നു.  കാക്കിനടയില്‍  നിങ്ങള്‍ പോയ അതേ ദിവസം  തന്നെ
ഒരുമിച്ചു കൊണ്ടപ്പള്ളിയെ കാണുകയും അതിനു ശേഷം വിജയവാഡയില്‍  ഒരുമിച്ചു
കൂടി ഗൂഢാലോചന  നടത്തി, പിന്നെ ഒറ്റപിരിഞ്ഞു  നായിഡു പേട്ടയിലെത്തി  
‘ആക്ഷന്‍’ നടത്തിയെ ന്നും സമ്മതിച്ചിട്ടുണ്ട്.
“അവരുടെ  കൂടെ ഉണ്ടായിരുന്നത്  ഒരു മലയാളിയാണെന്നും  അയാളുടെ പേര്‍ അര്‍ജുന്‍
ആണെന്നും  സമ്മതിച്ചിട്ടുണ്ട്. 
“നോക്കൂ, നിന്‍റെ  യാത്രകളും, മുറിയില്‍ നിന്നും  തോക്ക്  കണ്ടെത്തിയതും,  അതേ
പോലുള്ള തോക്ക് കൊണ്ടാണ്  റെഡിയെ വകവരുത്തിയതെന്ന തെളിവും,   പൂര്‍വകാല 
റെക്കോര്‍ഡ്‌കളും,  ചുവപ്പന്‍ ജില്ലകള്‍പെട്ട  സ്ഥലത്തേയ്ക്കു   സ്ഥലമാറ്റം
ചോദിച്ചു വാങ്ങിയതും,  കൂട്ട് പ്രതികളുടെ  മൊഴിയും,  സാക്ഷി ശബ്ദം
തിരിച്ചറിഞ്ഞതും മാത്രംമതി ഏതു കോടതിയും നിന്നെ  കുറ്റക്കാരനെന്നു
വിധിക്കാന്‍.”
അന്നു  തന്നെ കൂട്ടു പ്രതികളുടെ  സെല്ലിലേക്ക്   മാറ്റി. ആദ്യം  അവരാരും 
ഒന്നും മിണ്ടിയില്ല   പക്ഷെ അവരുടെ  മുഖങ്ങള്‍ നല്ല പരിചയം  തോന്നി.  
‘ജീവിതകാലം മുഴുവന്‍ എന്തുകൊണ്ടാണിങ്ങനെ   ചെയ്യാത്ത തെറ്റിന് 
ശിക്ഷിക്കപ്പെടുന്നത്.  ഇതാ ഒരു   രാവണന്‍ കോട്ടയില്‍ തന്നെ
അകപ്പെട്ടിരിക്കുന്നു.  ഇനി ജീവിതമെന്നത്    അന്യമാണ്.’ 

Page | 11
‘സത്യം  നിഷേധിച്ചില്ല,  പക്ഷെ സത്യമൊട്ടു തുണയ്ക്കുന്നുമില്ല. ഓ ജീസസ്,
‘സത്യം ഒരുവനെ സ്വതന്ത്രനാക്കുമെന്ന’ല്ലേ  അങ്ങു പഠിപ്പിച്ചത്?
അവിടുത്തേയ്ക്കും പിഴച്ചുവോ? അതോ ഞാന്‍ മനസ്സിലാക്കിയതില്‍ വന്ന പിഴവോ?’
നിസഹായതയില്‍  കുറച്ചുനേരം പൊട്ടിക്കരയാനാണ് തോന്നിയത്,  കുറച്ചു നേരം
 കരഞ്ഞു. സഹതടവുകാരില്‍പ്പെട്ട   രാജു  എന്നയാള്‍   തോളില്‍ തട്ടിക്കൊണ്ടു 
പറഞ്ഞു.
“സര്‍,  താങ്കള്‍  വിഷമിക്കരുതെന്നു    പറയുന്നതില്‍  കാര്യമില്ലെന്നറിയാം.”
അയാളുടെ  മുഖത്തേക്കു  സൂക്ഷിച്ചു   നോക്കി. നീണ്ട താടിയും
മുടിയുമൊക്കെയുണ്ടെങ്കിലും   അയാള്‍ നന്നേ ചെറുപ്പമാണെന്ന്  അയാളുടെ
കണ്ണുകള്‍ പറഞ്ഞു.
“സര്‍ താങ്കള്‍ ഇപ്പോഴെന്താണ് ആലോചിക്കുന്നതെന്ന്  എനിക്കറിയാം. നമ്മളിതിനു
മുന്‍പ്  കണ്ടിട്ടുണ്ടോ  എന്നല്ലേ?,
“കണ്ടിട്ടുണ്ട്,  സിലിഗുരിയില്‍  ദാദയുടെ  വീട്ടില്‍ നിന്നു ഇറങ്ങിയപ്പോള്‍ താങ്കളെ 
കണ്ടിരുന്നു. നക്സല്‍ ബാരിയില്‍  വഴിവക്കിലെ  ചെറിയ പെട്ടികടയില്‍ നിന്നും ചായ
കുടിക്കുന്നതിനൊപ്പം  സിഗരറ്റു  പുകച്ചു നില്‍ക്കുന്ന താങ്കളെയും  ഞാന്‍
കണ്ടിരുന്നു. 
“സര്‍  അങ്ങ്  ഞങ്ങളില്‍പ്പെട്ട  ഒരാളല്ലന്നറിയാം,  പക്ഷെ അവരതു സമ്മതിക്കില്ല.
തല്ക്കാലം  താങ്കള്‍  അവര്‍ പറയുന്നത്  സമ്മതിച്ചേക്കൂ,   ഇല്ലെങ്കില്‍  അവര്‍
നിങ്ങളെ  തല്ലിചതച്ചും, ഗരുഡന്‍ തൂക്കിയും  സമ്മതിപ്പിക്കും. 
“താങ്കള്‍  കണ്ടതല്ലേ അയാളുടെ കയ്യിലെ കൂര്‍ത്തപെന്‍സില്‍. അതയാള്‍  മര്‍മ്മത്ത് 
കയറ്റുമ്പോള്‍ ജനിച്ചു പോയതില്‍ താങ്കള്‍ ഖേദിക്കും. പുറമേ കാണുന്ന
സൌമ്യനല്ലയാള്‍. ചെകുത്താനാണ്‌, അനാട്ടമി പഠിച്ച ഡോക്ടറാണയാള്‍.  അയാള്‍ക്ക്
നന്നായറിയാം  എങ്ങിനെയൊരാളെ   കൊല്ലാതെ
കൊല്ലാമെന്ന്. താങ്കള്‍ വെറുതെ ആരോഗ്യം,നശിപ്പിക്കേണ്ട.  കോടതിയില്‍  നമുക്ക് 
നോക്കാം.  ഇവിടെ  അധികം കിടക്കേണ്ടി വരില്ല. എന്നെ വിശ്വസിക്കൂ”. 
“ഞാനെന്തിനു ചെയ്യാത്ത  കുറ്റമേല്‍ക്കണം. ഞാനും   ഒരിന്ത്യന്‍ പൌരനാണ്,
എനിക്കെതിരെ ആരോപിക്കുന്നകുറ്റം  അവര്‍ തെളിയിക്കട്ടെ  അതല്ലേ 
നിയമവ്യവസ്ഥയും  ഭരണഘടനയും  പറയുന്നത്. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടലും 
ഒരു നിരപരാധിയും  ശിക്ഷിക്കപ്പെടരുത്  എന്നല്ലേ?’ 
“എന്‍റ  സാറെ,  അതൊക്കെയിപ്പോള്‍  ‘ചിരഞ്ജീവി’   സിനിമയിലെ  ഡയലോഗുകള്‍  
മാത്രമാണ്.  സാറെ താങ്കളിപ്പോള്‍   ഇന്ത്യന്‍ പൌരനല്ല. ഇന്ത്യന്‍ ഭരണഘടന 
താങ്കളെ സഹായിക്കുകയുമില്ല” 
“താങ്കള്‍  എന്താണ്  പറയുന്നത്  ഞാന്‍ ഇന്ത്യന്‍ പൌരന്‍  അല്ലെന്നോ ?”
“അതേ  ഞാനും താങ്കളും  ഇവരുമൊക്കെയിപ്പോള്‍  പൌരാവകാശങ്ങള്‍  ഇല്ലാത്ത
മൃഗങ്ങളാണ്. വളര്‍ത്തു മൃഗങ്ങളെ   കെട്ടിയിട്ടാല്‍  അതിനെതിരെ   കേസെടുക്കാന്‍ 
പറ്റുമോ ?.
“നമ്മളിപ്പോള്‍   ചില പ്രത്യേക നിയമങ്ങളുടെ  പിടിയിലാണ്  ഇവിടെ നമ്മള്‍ കുറ്റം
ചെയ്തുവെന്ന്   അവര്‍ തെളിയിക്കേണ്ട, ആരോപിച്ചാല്‍ മാത്രം മതി.  അതോടെ
അവരുടെ ജോലി  തീര്‍ന്നു.  അവര്‍ ആരോപിക്കുന്നകുറ്റം ചെയ്തില്ലെന്നു നമ്മള്‍
തെളിയിച്ചാല്‍ നമുക്ക് പുറത്ത് കടക്കാം, ഇല്ലെങ്കില്‍ അകപ്പെട്ടു.
“സാര്‍ താങ്കള്‍   ധൈര്യമായിരിക്കൂ, നമ്മള്‍  ഈ  ഊരാക്കുടിക്കില്‍  നിന്നും  പുറത്ത്
കടക്കുക തന്നെ ചെയ്യും” 
 അവരുടെ ആരുടേയും മുഖത്ത് നിരാശ കണ്ടില്ല. എന്തോ ദൃഢനിശ്ചയം അവരുടെ
കണ്ണുകളില്‍  തിളങ്ങിയിരുന്നു. 
ദീര്‍ഘകാലം  വിചാരണ തടവുകാരായി  കിടക്കേണ്ടിവരുമെന്ന  കണക്കുകൂട്ടലില്‍ 

Page | 12
മറ്റുനാലു പേര്‍ക്കുമൊപ്പം കൂടുതല്‍ സുരക്ഷയുള്ള മറ്റൊരു  ജയിലിലേക്ക്   മാറ്റാന്‍ 
തീരുമാനമായി.
 മുന്‍പില്‍  ഒരു പോലീസ് ജീപ്പ്  നടുവില്‍  തടവുകാരെ കയറ്റിയ വാന്‍  പുറകില്‍  മറ്റൊരു
പോലീസ്  ജീപ്പ്.  യാത്ര തുടങ്ങിയിട്ട്  ഏറെ നേരമായി. മദ്ധ്യാഹ്ന വെയില്‍ ചൂടില്‍
എല്ലാവരും തളര്‍ന്നു മയങ്ങിയിരുന്നു.   ഒരു വിജന പ്രദേശത്തെത്തിയപ്പോള്‍    
ബ്രേക്ക് ഉരയുന്ന  വലിയ ശബ്ദത്തോടെ വണ്ടികള്‍ ഇളകി നിന്നു.   റോഡിനു കുറുകെ 
വലിയൊരു മരം  വഴിമുടക്കി വീണുകിടക്കുന്നു. മരം നീക്കം ചെയ്യാതെ മുന്നോട്ടു
പോകാനാവില്ല.
പോലീസുകാര്‍ പുറത്തിറങ്ങാനായി  എഴുന്നേല്‍ക്കാന്‍ തുടങ്ങി. അപ്പോഴേക്കും  
എവിടെ നിന്നോ പാഞ്ഞുവന്ന  വെടിയുണ്ടകള്‍   വാഹനങ്ങളുടെ  ചക്രങ്ങള്‍ തകര്‍ത്തു.
പോലീസുകാര്‍  തിരികെ വെടിയുതിര്‍ത്തില്ല. ചുറ്റും നിന്നും വളയപ്പെട്ടുവെന്ന
കാര്യം അവര്‍ക്കു ബോധ്യമായി. അവര്‍ സീറ്റിനിടയില്‍ തലപൂഴ്ത്തി.
ആക്രമിക്കുന്നവരുടെ ലക്‌ഷ്യമെന്താണെന്നു അവര്‍ക്കു മനസ്സിലായി.  വാനിന്റെ 
പുറകിലെ  പൂട്ട്‌ പൊളിക്കുന്ന  ശബ്ദം കേട്ടു. വാതില്‍ തുറന്നതോടെ  രാജു മറ്റു
തടവുകാരെയും വലിച്ചുകൊണ്ട്  പുറത്തേക്കു ചാടി.  കയ്യില്‍ ബന്ധിച്ചിരിക്കുന്ന 
വിലങ്ങുകളോടെ  എല്ലാവരും  കാട്ടിലൂടെ ഓടി. 
പോലീസുകാര്‍  പിന്തുടര്‍ന്നാലും  കണ്ടെത്തില്ലെന്നു ബോധ്യമുള്ള ദൂരം
താണ്ടിയപ്പോള്‍  ഓട്ടം നിര്‍ത്തി  നടത്തം  തുടങ്ങി.   വലിയ ഉരുളന്‍  പാറകള്‍
അടുക്കായി  വച്ചിരിക്കുന്ന   ഒരു മൊട്ടക്കുന്നു  കയറിയിറങ്ങിയപ്പോഴേക്കും 
എല്ലാവരും  തളര്‍ന്നുവീണു. കൈയിലെ വിലങ്ങുമായുള്ള  ഓട്ടവും കയറ്റവും  വളരെ
ശ്രമകരമായിരുന്നു.
 തോളറ്റം  വരെ നീണ്ടു കിടക്കുന്ന മനോഹരമായ    മുടിയും, വെട്ടിയൊതുക്കിയ 
താടിയും, ഒത്ത ഉയരവും ഉയര്‍ന്ന നാസികയുമുള്ള  സുന്ദരനായ  ഒരു യുവാവ്‌  കയ്യില്‍ 
തോക്കും,  തോളില്‍ ഞാത്തിയ  അമ്പുംവില്ലുമായി  നില്‍ക്കുന്നതു  കണ്ടു.
കണ്ണെടുക്കാതെ, ആരാധനയോടെ അയാളെ നോക്കി നില്‍ക്കവേ, അയാള്‍ ചിരിച്ചു
കൊണ്ട്    അടുക്കല്‍ വന്നു പറഞ്ഞു,
 “ക്ഷെമിക്കണം  മിസ്റ്റര്‍. അര്‍ജുന്‍,  താങ്കള്‍ എന്‍റെ പേരില്‍  കുറെ
കഷ്ട്ടപ്പെട്ടുവെന്നറിഞ്ഞു. എന്തു  ചെയ്യാന്‍!  ഭരണകൂടങ്ങള്‍  തിരിയുന്നത് 
വിവേകമില്ലാത്തവരുടെ  കൈകൊണ്ടാണല്ലോ” 
“താങ്കളുടെ പേര്?” 
“അതേ, അതു തന്നെ, താങ്കള്‍  പറയാന്‍ വന്നതു  തന്നെ”
 “അര്‍ജുന്‍ അഗസ്റ്റിന്‍?” 
“അതാണ്  ഞാന്‍  ആദ്യമേ പറഞ്ഞത്  എന്‍റെ  പേരില്‍ താങ്കള്‍ സഹിച്ചുവെന്ന്.”
അര്‍ജുന്‍ അഗസ്റ്റിന്‍ എല്ലാവര്‍ക്കുമായി കുറച്ചു ഭക്ഷണം കരുതിയിട്ടുണ്ടായിരുന്നു.
ഭക്ഷണം കഴിച്ചു, കാട്ടുചോലയിലെ   വെള്ളം  കോരിക്കുടിച്ചു ദാഹവും  തീര്‍ത്തു. 
“അപ്പോള്‍, ഇനി എന്താണ് പ്ലാന്‍. ഞങ്ങളുടെ കൂടെ കൂടാന്‍
താങ്കള്‍ക്കാവില്ലന്നറിയാം.  താങ്കള്‍ ഇപ്പോഴും ഭരണകൂടത്തിന്‍റെ നീതിബോധത്തില്‍
വിശ്വസിക്കുന്നുവെന്നാണ്   രാജു പറഞ്ഞത്. 
“താങ്കള്‍ പൊയ്ക്കോളൂ.  അര്‍ജുന്‍  എന്ന പേരും, ആ പേരിലുള്ള ആധാര്‍കാര്‍ഡും  ഇവിടെ
ഈ കാട്ടില്‍ ഉപേക്ഷിക്കുക. സ്വത്വം  നഷ്ട്ടമാക്കാന്‍   താങ്കള്‍ക്ക്  കഴിയുമെങ്കില്‍,
അപരത്വത്തിന്‍റെ വല്‍ക്കത്തില്‍   താങ്കള്‍ക്ക്  കഴിയാം. ഒരുപക്ഷെ ഒരു 
മനുഷ്യനെപ്പോലെ,   അല്ലെങ്കില്‍ തീര്‍ച്ചയായും ഒരു മാടിനെപ്പോലെ.”
ബെല്ലാരി യെല്ലമ്മ കോവിലിലെ ഉത്സവപ്പറമ്പിലേക്ക് പിച്ചക്കാരെ  
കൊണ്ടുപോകുന്ന  ഒരു ട്രക്കില്‍  രാജു ഒരിടം  തരപ്പെടുത്തിതന്നു. മാടുകളെ
കൊണ്ടുവന്ന  ട്രക്കായിരുന്നതു, അവറ്റകളുടെ ചൂര് അതിലെങ്ങും തങ്ങിനിന്നിരുന്നു.

Page | 13
പിച്ചക്കാരനെപ്പോലെ  അവരുടെ ഇടയില്‍ മുഷിഞ്ഞമുണ്ടും പുതച്ചിരുന്നു. 
അര്‍ജുന്‍ അഗസ്റ്റിന്‍  കുറച്ചു  പണം ഒരു പത്രകടലാസില്‍  പൊതിഞ്ഞു തന്നിരുന്നു.
പണം എടുത്തു ട്രൌസറിനെ  പോക്കറ്റില്‍ നിക്ഷേപിച്ചു.  അതു പൊതിഞ്ഞിരുന്ന 
ഇംഗ്ലീഷ്  പത്രം വിടര്‍ത്തി വായിച്ചു നോക്കി. ഒരു സിനിമാ നടനെ  പീഡനക്കേസില്‍
അറസ്റ്റ് ചെയ്ത വാര്‍ത്തയായിരുന്നത്. 
ഇംഗ്ലീഷിലുഉള്ള കടലാസ്  വായിച്ചു നോക്കുന്നത് ചിലര്‍  ശ്രദ്ദിക്കുന്നതായി  
കണ്ടപ്പോള്‍,  ഒരു വെടല ചിരി ചിരിച്ചുകൊണ്ട്  ഉറക്കെ പറഞ്ഞു 
“അയ്യയ്യോ  ഇത് പൂരാ ഇംഗ്ലീഷാച്ചേ -എന്നാലെ  പഠിക്ക  മുടിയാത്” 
പത്രം  ചുരുട്ടി  പുറത്തേക്കെറിഞ്ഞു 
അടുത്തിരുന്ന  വൃദ്ധ  ചിരിച്ചു കൊണ്ട്  ചോദിച്ചു 
“തമ്പി …ഉന്‍  പേര് എന്നപ്പാ ?” 
“ഏന്‍..  പേര്,  അതു  വന്ത്  …, മാട സാമി” 
“അട ….  മാടസാമിയാ, നല്ല പേരാച്ചേ .. അതു ശൊല്ലവാ  ഇവളവു തയങ്കറെ” ,
 വൃദ്ധ എന്തൊക്കയോ  പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു.
 ട്രക്കിന്റെ ഇരമ്പലില്‍ കലര്‍ന്നുപോയ ചിരിയെ, കാതുകള്‍ക്കകലെ, കാതങ്ങള്‍
ദൂരേയ്ക്ക് കൊണ്ടുപോകാനായി വരണ്ടകാറ്റുകള്‍ വീശിക്കൊണ്ടേയിരിക്കുന്നു.
--------------------------
** അര്‍ജുന്‍ അഗസ്റ്റിന്‍
മുന്‍പേ  പറക്കുന്ന  പക്ഷികള്‍  എന്ന നോവലിലെ    നായക കഥാപാത്രം 
കഥാകൃത്തിനെ കുറിച്ച്
സുല്‍ത്താന്‍ ബത്തേരി സ്വദേശി, ഇപ്പോള്‍ അമേരിക്കയിലെ മേരിലാണ്ട് സ്റ്റേറ്റില്‍
സ്ഥിരതാമസം. കഥകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുകയും,
യൂടുബില്‍ ഓഡിയോ ബുക്കായി അവതരിപ്പിക്കുകയും

# (E Malayalee Award Winning Story: Joseph Abraham)

Join WhatsApp News
Sudhir Panikkaveetil 2023-01-11 14:32:44
നക്‌സലൈറ്റുകൾ എന്ന മുദ്ര കുത്തി എത്രയോ പേരുടെ ജീവിതം പിച്ചി ചീന്തിരിയിരുന്നു നിയമപാലകർ. ഇതിലെ കഥാപാത്രത്തിനെ സംശയിക്കാൻ ചില കാര്യങ്ങൾ തെളിവുകളാക്കാനും അവർക്ക് കഴിഞ്ഞു. വായനക്കാരിൽ ഉദ്വേഗം വളർത്തിക്കൊണ്ടു പോകുന്ന രചനാതന്ത്രം ഈ കഥയിൽ കാണാം. അഭിനന്ദങ്ങൾ പ്രിയ കഥാകൃത്തെ.
Jayan varghese 2023-01-11 16:46:03
അംഗീകാരം അർഹതപ്പെട്ടത്‌ തന്നെ. അഭിനന്ദനങൾ ! അഭിവാദനങ്ങൾ ! !
ജോസഫ്‌ എബ്രഹാം 2023-01-14 15:29:46
സ്നേഹം, സന്തോഷം ശ്രീ സുധീര്‍, ജയന്‍ വര്‍ഗീസ്. താങ്കളുടെ വായനയ്ക്കും അഭിപ്രായത്തിനും
ദിലീപ് പട്ടയൻ 2023-01-16 23:57:31
ഒരു സിനിമയുടെ വിഷ്വലും സസ്‌പെൻസും നിറഞ്ഞ കഥ. ദൃശ്യ പരതയെക്കാൾ മനസിനെ സ്പർശിക്കുന്ന കഥ. കഴിഞ്ഞു പോയ കാലം വർത്തമാനത്തിൽ തുടരുന്ന വ്യക്തമായ രാഷ്ട്രീയം. പുരസ്‍കാരത്തിനു തീർത്തും അർഹമായ കഥ. ആശംസകൾ
ടി. ആർ. രാജ്‌മോഹൻ 2023-01-17 21:05:49
ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു. ഹൃദയ സ്പർശി. യഥാർത്ഥമെന്ന് തോന്നുന്ന വിവരണം. 🙏🏽🙏🏽
Dr. Know 2023-01-18 01:20:21
ഒറ്റ ഇരുപ്പിൽ ഇരുന്ന് ഒരിക്കലും കഥ വായിക്കരുത് . ചിലപ്പോൾ കഥ കഴിയും . ഇടയ്ക്ക് എഴുനേറ്റ് വെള്ളം കുടിച്ചിട്ട് (അടിച്ചിട്ടല്ല ) ഒക്കെ കഥ വായിക്കണം. അല്ലിങ്കിൽ ബ്ലഡ് ക്ളോട്ട് ഉണ്ടാകും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക