Image

ഫൊക്കാന മാനവികതയുടെ പ്രതീകം: ഗോവ ഗവര്‍ണ്ണര്‍ അഡ്വ.പി.എസ് ശ്രീധരന്‍ പിള്ള

Published on 01 April, 2023
ഫൊക്കാന മാനവികതയുടെ പ്രതീകം: ഗോവ ഗവര്‍ണ്ണര്‍ അഡ്വ.പി.എസ് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ഫൊക്കാന ഉന്നതമായ മാനവികതയുടെ പ്രതീകമാണെന്ന് ഗോവ ഗവര്‍ണ്ണര്‍ അഡ്വ.പി.എസ്. ശ്രീധരന്‍ പിള്ള. ഫൊക്കാന കേരള കണ്‍വെന്‍ഷന്‍ രണ്ടാം ദിവസം പ്രവാസി മലയാളികളും അവാര്‍ഡ് വിതരണവും പ്രത്യേക സെഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫൊക്കാനയുടെ കേരള കണ്‍വെന്‍ഷന്‍ വളരെ പ്രധാനപ്പെട്ടതാണ്. ലോകമെമ്പാടും പ്രവാസികളാണ് അഭിപ്രായ നിര്‍മ്മാതാക്കള്‍. അതില്‍ മലയാളികളും ഉണ്ട്. അമേരിക്കയിലെ ആകെ ജനസംഖ്യയില്‍ ഇന്ത്യന്‍ വംശജര്‍ ഒരു ശതമാനം മാത്രമാണ്. എന്നാല്‍ അമേരിക്കയുടെ വരുമാനത്തിന്റെ ആറ് ശതമാനം ഇന്ത്യന്‍ വംശജരില്‍ നിന്നുമാണ് ലഭിക്കുന്നത്. കുടുംബവും സമൂഹവുമായി ഒത്തിണങ്ങി ജീവിക്കുമ്പോഴുള്ള മൂല്യങ്ങള്‍ അമേരിക്കയിലെ കുട്ടികള്‍ക്ക് ലഭിക്കുന്നില്ല. അവിടെ സ്‌കൂള്‍ കുട്ടികള്‍ മറ്റുളളവരുടെ നേര്‍ക്ക് വെടിയുതിര്‍ക്കുന്നു. മാനുഷികത നിറഞ്ഞ മനോഭാവം അനിവാര്യമായ ഒരു കാലത്താണ് നാം ജീവിക്കുന്നത്.

കേരളത്തിനു പ്രതിസന്ധികളുണ്ടാകുമ്പോള്‍ പ്രവാസി സമൂഹം ഒന്നാകെ ഉണരുന്നത് അവരുടെയുള്ളില്‍ സ്വന്തം നാടിനോടുള്ള നന്‍മയും സ്‌നേഹവും ഉളളതു കൊണ്ടാണ്. വിഭിന്ന രാഷ്ട്രീയ നിലപാടുകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ അതിലും പാരസ്പര്യം കണ്ടെത്താന്‍ കഴിയണം. പ്രസ്ഥാനത്തിന്റെ മൗലികതയും ആത്മാവും നഷ്ടപ്പെടുത്തിയാല്‍ അത് വലിയ ആഘാതമായി തീരും. വ്യത്യസ്തമായ രാഷ്ടീയ പാര്‍ട്ടികളില്‍ നില്‍ക്കുമ്പോഴും വ്യത്യസ്തമായ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുമ്പോഴും രാഷ്ട്രീയ സൗഹൃദം പുലര്‍ത്താന്‍ കഴിയണം. ഇങ്ങനെ രാഷ്ട്രീയ സൗഹൃദവും പാരസ്പര്യവും പുലര്‍ത്തുന്നതിലൂടെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് പരസ്പര സഹായമാകും. ഈ രീതിയിലുള്ള കൊടുക്കല്‍വാങ്ങലാണ് ജനാധിപത്യത്തിന്റെ കാതല്‍.

അറിയപ്പെട്ട എല്ലാ മതങ്ങളെയും സ്വാഗതം ചെയ്ത നാടാണിത്. സ്വാമി വിവേകാനന്ദന്‍ ഉയര്‍ത്തിപ്പിടിച്ച മാനവികത ഉള്‍ക്കൊണ്ടു കൊണ്ട് മാനവരാശിയെ മുഴുവന്‍ സ്വീകരിക്കാന്‍ നാം തയ്യാറാകണം. രാജ്യത്തെ ഏകീകരിക്കാന്‍ മതത്തിനോ രാഷ്ട്രീയത്തിനോ കഴിയില്ല. എന്നാല്‍ കലയ്ക്കും സാഹിത്യത്തിനും അത് സാധ്യമാകും. ലോകത്തിന്റെയാകെ പുരോഗതി ലക്ഷ്യമിട്ടു കൊണ്ടാണ് നാം മുന്നോട്ടു പോകേണ്ടത്. മത രാഷ്ട്രീയ രംഗങ്ങളില്‍ വ്യത്യസ്ത തലങ്ങളില്‍ നില്‍ക്കുമ്പോഴും മനുഷ്യ സമൂഹത്തിന്റെ പുരോഗതിയാകണം നമ്മുടെ ലക്ഷ്യവും സ്വപ്നവുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന മന്ത്രിസഭയിലെ മികച്ച മന്ത്രിക്കുള്ള അവാര്‍ഡ് ഗവര്‍ണ്ണര്‍ മുഹമ്മദ് റിയാസിന് നല്‍കി. സതീഷ് ബാബു മെമ്മറിയല്‍ പ്രവാസി സാഹിത്യ അവാര്‍ഡ് നേടിയ പ്രവാസി എഴുത്തുകാരനായ മന്‍സൂര്‍ പല്ലൂര്‍, 2023ലെ ഫൊക്കാന സാഹിത്യ അവാര്‍ഡ് നേടിയ വി.ജെ ജെയിംസ്, കവി രാജന്‍ കൈലാസ് എന്നിവര്‍ക്കുള്ള അവാര്‍ഡും ഗവര്‍ണ്ണര്‍ വിതരണം ചെയ്തു. അബ്ദു വഹാബ് എം.പി, ഫൊക്കാന പ്രസിഡന്റ് ബാബു സ്റ്റീഫന്‍ എന്നിവര്‍ ഗവര്‍ണ്ണര്‍ക്ക് പൊന്നാട അണിയിച്ചു.

ഫൊക്കാനയുടെ ലക്ഷ്യം യുവജനങ്ങളുടെ സമഗ്ര വികസനം: ഡോ. ബാബു സ്റ്റീഫന്‍

യുവജനതയ്ക്ക് ആവശ്യമായ വിദ്യാഭ്യാസവും തൊഴില്‍ നൈപുണ്യ പരിശീലനവും നല്‍കി അവരുടെ സമഗ്രവികസനമാണ് പൊക്കാന ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

കേരളീയം വൈസ് ചെയര്‍മാനും സെന്റ് മേരീസ് എജ്യുക്കേഷണല്‍ സൊസൈറ്റിയുടെ സെക്രട്ടറിയുമായ സരോഷ് പി.എബ്രഹാം സ്വാഗതം പറഞ്ഞു. ഫൊക്കാന റീജിയണല്‍ വൈസ് പ്രസിഡന്റ് വാഷിങ്ങ്ടണ്‍ ഡി.സി ജോണ്‍സണ്‍ തങ്കച്ചന്‍, അസോസിയേറ്റ് ട്രഷറര്‍ ജോര്‍ജ് പണിക്കര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ഫൊക്കാന വൈസ് പ്രസിഡന്റ് ഷാജി വര്‍ഗ്ഗീസ് കൃതജ്ഞത അറിയിച്ചു. 

കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തും: മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുമെന്നും ഓരോ പൗരന്റെയും അഭിപ്രായം സ്വീകരിച്ചു കൊണ്ട് മുന്നോട്ടു പോകുമെന്നും മികച്ച മന്ത്രിക്കുള്ള ഫൊക്കാനയുടെ പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് കേരള പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അഴമതിക്കെതിരേ സന്ധിയില്ലാ സമരമാണ് ഈ സര്‍ക്കാര്‍ നടത്തുന്നത്. ഭരണ കാര്യങ്ങള്‍ ജനങ്ങള്‍ അറിയണമെന്ന ലക്ഷ്യത്തോടെ സുതാര്യമാക്കുന്നതിനും സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുന്നു. ഇപ്പോള്‍ കേരളം നേരിടുന്ന മാലിന്യ പ്രശ്‌നത്തിന് ഉറവിട മാലിന്യ സംസ്‌ക്കരണത്തിന് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ഇതിന് കൂട്ടായ പരിശ്രമം വേണം. അതില്‍ ഫൊക്കാനയുടെ ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകണം. എല്ലാ മന്ത്രിമാരും മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്നവരാണ്. മന്ത്രിമാര്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നിലപാട് സ്വീകരിക്കുന്നവരാണ്. പ്രതിപക്ഷവുമായി ആശയപരമായ വിയോജിപ്പ് ഉണ്ടാകുമെങ്കിലും പ്രതിപക്ഷ എം.എല്‍.എമാര്‍ ഒരാവശ്യവുമായി വരുന്ന ഘട്ടത്തില്‍ എല്ലാ സഹായവും ചെയ്തു നല്‍കാറുണ്ട്. വികസന കാര്യത്തില്‍ എല്ലാവരുമായും സഹകരിച്ചു മുന്നോട്ടു പോകുന്നതിനാണ് ശ്രമിക്കുന്നതെന്നു പറഞ്ഞ മന്ത്രി ഏറ്റവും കൂടുതല്‍ വനിതാ മന്ത്രിമാരുള്ള മന്ത്രിസഭയാണിതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

പ്രവാസികള്‍ കലയെ പ്രോത്സാഹിപ്പിക്കണം: മുന്‍മന്ത്രി എം.എ ബേബി

മികച്ച മന്ത്രിയായി മുഹമ്മദ് റിയാസിനെ തിരഞ്ഞെടുത്ത് അഭിനന്ദിക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടക്കുന്ന ബിനാലെ കാണാനും തയ്യാറാകണമെന്ന് ഫൊക്കാന കണ്‍വെന്‍ഷനല്‍ എത്തിയവരോട് മുന്‍ മന്ത്രി എം.എ ബേബി പറഞ്ഞു. പ്രവാസികള്‍ കലയെ പ്രോത്സാഹിപ്പിക്കണം. ലോകമെമ്പാടുമുള്ള മികച്ച കലാകാരന്‍മാര്‍ തങ്ങളുടെ സൃഷ്ടികള്‍ അവിടെ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഭാഷയ്‌ക്കൊരു ഡോളര്‍, പോലെ കലയ്‌ക്കൊരു ഡോളര്‍ പദ്ധതി നടപ്പിലാക്കുന്ന കാര്യം ഫൊക്കാനയ്ക്ക് ആലോചിക്കാവുന്നതാണ്. മാലിന്യമുക്ത കേരളത്തിനായി ഫലപ്രദമായ രീതിയില്‍ ഉറവിട മാലിന്യ സംസ്‌ക്കരണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ഈ സര്‍ക്കാര്‍. ഫൊക്കാന കണ്‍വെന്‍ഷന്‍ വേദികളില്‍ സ്ത്രീപ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്നും എം.എ ബേബി പറഞ്ഞു.

see also

ഫൊക്കാന സാഹിത്യ അവാർഡുകൾ സമ്മാനിച്ചു 

അമേരിക്കൻ മലയാളിക്ക് ആദരവുമായി ഫൊക്കാന കൺവൻഷനിൽ മന്ത്രിമാർ, നേതാക്കൾ 

ഫൊക്കാനാ ഭാഷയ്‌ക്കൊരു ഡോളർ പുരസ്കാരം  പ്രവീൺ രാജിനു സമ്മാനിച്ചു 

ഇന്ത്യയിലും ലിഞ്ചിംഗ് വന്നു; ജനാധിപത്യ ഇൻഡക്സിൽ  പിന്നോക്കം പോയി: സ്പീക്കർ ഷംസീർ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക