Image

ജീസസും ക്രിസ്ത്യൻ മതവും; ജീസസ്  മതം മാറിയോ? (ബി ജോൺ കുന്തറ)

Published on 03 April, 2023
ജീസസും ക്രിസ്ത്യൻ മതവും; ജീസസ്  മതം മാറിയോ? (ബി ജോൺ കുന്തറ)

ക്രിസ്ത്യൻ സമൂഹം  തീക്ഷ്ണമായി ആചരിക്കുന്ന  ദിനമാണ്  ഈസ്റ്റർ അഥവാ ഉയർപ്പ് പെരുന്നാൾ. ജീസസിൻറ്റെ ജീവിതവും മരണവും അടിസ്ഥാനപ്പെടുത്തിയാണല്ലോ ക്രിസ്ത്യൻ സമൂഹം  ഉടലെടുത്തതും നിലനിൽക്കുന്നതും.

സുവിശേഷം, സമയമെടുത്തു, ശ്രദ്ധിച്ചു  വായിക്കുമ്പോൾ, മനസ്സിൽ ഉദിക്കുന്ന ഏതാനും ചോദ്യങ്ങൾ. അതാണ് ഈ ലേഖനം ഉദ്ദേശിക്കുന്നത്. ആരുടെയും വിശ്വാസം ചോദ്യം ചെയ്യുകയല്ല. ഇതൊരു വിമർശനമല്ല വെറും അവലോകനം.

ജീസസിൻറ്റെ ജനനമോ മരണമോ ജീവചരിത്രമോ ഒന്നുമല്ല പ്രധാന  ചർച്ചാ വിഷയം. ജീസസും കത്തോലിക്കാ തിരുസഭയുമായി എന്തു ബന്ധം? ജീസസ് ജീവിച്ചിരുന്ന സമയം ഇതുപോലൊരു മതത്തിന്, സഭക്ക് തുടക്കമിട്ടോ? മരണത്തിനു മുൻപായി യഹൂദമതം ഉപേക്ഷിച്ചോ? ഇന്ന് കത്തോലിക്കാ സഭയിൽ  കാണുന്ന കൂദാശകൾ, ആചാരങ്ങൾ ജീസസ് അനുവർത്തിച്ചവയോ, ബൈബിൾ അടിസ്ഥാനപരമോ?

നാലു സുവിശേഷങ്ങളും പരിശോധിക്കുക.  ഒരു വാക്യമെങ്കിലും കാണുന്നില്ല.   ക്രിസ്ത്യാനിറ്റിയെ പറ്റിയോ റോമൻ കത്തോലിക്കാ മതത്തെ കുറിച്ചോ? ജീസസൊ, അപ്പോസ്തലന്മാരോ, പോളോ പരാമർശം  നടത്തുന്നതായി കാണുന്നില്ല

പത്രോസേ നീപാറയാകുന്നു ആ പാറമേൽ എൻറ്റെ പള്ളി പണിയും. ഈ വാക്യങ്ങൾ ക്രിസ്ത്യൻ  മതാദ്ധ്യക്ഷർ,   വ്യാഖ്യാനിക്കുന്നത്  ജീസസ് പീറ്ററിനോട് റോമൻ കത്തോലിക്കാസഭ സ്ഥാപിക്കണം എന്നാവശ്യപ്പെട്ടതായി. ഇതുതന്നെ പെന്തക്കൊസ്തുകാർക്കും , ലൂഥറൻ, സെവൻത് ഡേ, പ്രൊട്ടസ്റ്റൻറ്റ് ഈ എല്ലാ മതങ്ങൾക്കും അവകാശപ്പെട്ടുകൂടെ?

മാത്യുവിൻറ്റെ സുവിശേഷം അഞ്ചാം അധ്യായം വാക്യം 17 "നിങ്ങൾ വിചാരിക്കരുത് ഞാൻ വന്നിരിക്കുന്നത് നിയമങ്ങളേയോ പ്രവാചകരെയോ അസാധുവാക്കുന്നതിനല്ല പിന്നേയോ അവയെ പൂർത്തീകരിക്കുന്നതിന്"

വീണ്ടും പറയുന്നു "ആമേൻ ഞാൻ പറയുന്നു സ്വർഗ്ഗവും ഭൂമിയും മായുന്നതുവരെ ഒരു ചെറിയ അക്ഷരം പോലും ഈ നിയമങ്ങളിൽ നിന്നും മാറ്റിക്കൂടാ"

"ആയതിനാൽ ആരെങ്കിലും ഇതിലൊരു ചെറിയ കൽപന ലംഘിക്കുകയോ മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കുകയോ ചെയ്താൽ അവരെ അല്‍പമാർ എന്നു വിളിക്കപ്പെടും" സുവിശേഷം വായിക്കുന്ന ഒരാൾക്ക് ഇതിൽ നിന്നും എന്താണ് മനസിലാകുന്നത്? . ഈ വാക്കുകളെ മതപ്രമാണികൾ പലേ രീതികളിൽ വ്യാഖ്യാനിക്കുന്നു

ജീസസ് ഒരു ജൂതനായി,  ജൂത മാതാപിതാക്കൾക്കു ജനിച്ചു. എല്ലാ ആചാരങ്ങൾ പ്രകാരം ജീവിച്ചു . പ്രായപൂർത്തി എത്തിയ സമയം ജൂതജനത്തെ  ഭരിച്ചിരുന്ന റോമൻ ഭരണത്തോടും  അവരെ അതിൽ തുണച്ചിരുന്ന സ്വന്തജന അധികാരികളോടും അതൃപ്തനായി. പുരോഹിതർ റോമൻ ഗോവർണരുടെ സഹായത്തിൽ ജീസസ്സിനെ വധിച്ചു.

ഇതുപോലെ നിരവധി   വിപ്ലവകാരികളെ വധിച്ചിരുന്നു. ജോൺ ദി ബാപ്റ്റിസ്റ്റ് മറ്റൊരുദാഹരണം .ജീസസ് ഒരിക്കലും യഹൂദ മതത്തെ വിമർശിച്ചിട്ടില്ല. മത പ്രമാണികളുടെ ചെയ്തികളെ കുറ്റപ്പെടുത്തിയിരുന്നു.

ജീവിച്ചിരുന്ന സമയം എല്ലാ യഹൂദ മതാചാരണങ്ങളും ജീസസ് മുടക്കം കൂടാതെ അനുകരിച്ചിരുന്നു. സിനഗോഗുകളിൽ പഠനം നടത്തിയിരുന്നു. പ്രഭാഷണങ്ങൾ നൽകിയിരുന്നു.

സുവിശേഷങ്ങൾ കൂടാതെ ആക്ട്സ്,  നൽകുന്ന വിവരണങ്ങൾ പ്രകാരം, ഉയിർത്തെഴുന്നേറ്റ ജീസസ്  സ്വര്‍ഗ്ഗാരോഹണത്തിനു മുൻപ് പലതവണ ശിഷ്യന്മാർക്കു മുന്നിൽ പ്രത്യക്ഷനായി. പലേ രീതികളിൽ സമയം ചിലവഴിച്ചു. എന്നാൽ തൻറ്റെ നാമത്തിൽ  ഒരു പുതിയ മതം രൂപപ്പെടുത്തണമെന്ന് പത്രോസിനോടോ മറ്റാരോടും പറഞ്ഞതായി ഒരിടത്തും കാണുന്നില്ല.

കൂടാതെ പോളും,  അവകാശപ്പെടുന്നു,  താൻ, ഡമാസ്കസ്സിന് പോകുന്നവഴി  ജീസസ്  അരൂപിയായോ, സ്വപ്നത്തിലോ തന്നോടു സംസാരിച്ചു. ആ സമയവും ഒരു പുതിയ മതം നിർമ്മിക്കണമെന്ന് പോളിന് നിർദ്ദേശം കൊടുത്തിട്ടില്ല.

പോൾ  എഴുതുന്നു  ജീസസ് തന്നോട് ആവശ്യപ്പെട്ടു സുവിശേഷം   ജൻറ്റൈയിൽ അഥവാ അവിശ്വാസികളിലും പ്രചരിപ്പിക്കുക. പോൾ എഴുതിയ എഴുത്തുകൾ സുവിശേഷങ്ങളേക്കാൾ പഴമയുള്ളത് എന്ന് കാണണം.

ചരിത്രകാരന്മാർ കാട്ടുന്നു ജീസസ് എന്നേക്കുമായി ഈലോകം വെടിഞ്ഞു എങ്കിലും ശിഷ്യന്മാർ തങ്ങളുടെ ഗുരുവിനെ ഓർമ്മിക്കുന്നതിനായി ഇടക്കിടെ സമ്മേളിച്ചിരുന്നു. ആ സമയം, കൂട്ടായ്മകൾക്ക് ജെയിംസ് നേതൃത്വം നൽകിയതായും. ഈ സമ്മേളനങ്ങളുടെ ഒരു ഉദ്ദേശം മറഞ്ഞുപോയ ഗുരുവിനെ ഓർക്കുക  കൂട്ടായി ആഹാരം പങ്കിടുക. കൂടാതെ ചാരിറ്റി പ്രവർത്തനങ്ങൾ.

 ജെയിംസ്, അനുയായികളെ യഹൂദ മത ആചാരങ്ങൾ മുടക്കുവാൻ അനുവദിച്ചിരുന്നില്ല. ജൻറ്റയിൽ സമൂഹത്തിൽ നിന്നും ആരെങ്കിലും ജീസസ്  അനുയായിയായി   വരുവാൻ ശ്രമിച്ചാൽ അവർ ആദ്യമേ ജൂത മതപ്രകാരം സുന്നത്ത്‌ നടത്തിയിരിക്കണo. കൂടാതെ യഹൂദ നിയമങ്ങളും അറിഞ്ഞിരിക്കണം.

സാധാരണ ജൂതജനത,  ഇസ്രായേലിൽ, ആ കാലങ്ങളിൽ  സംസാരിച്ചിരുന്ന ഭാഷ അരാമയാക് അതായിരുന്നു. ജീസസും ശിഷ്യരും സംസാരിച്ചിരുന്നത് അതുതന്നെ . എന്നാൽ  എല്ലാ സുവിശേഷങ്ങളുടെയും അടിസ്ഥാന ഗ്രന്ഥങ്ങൾ എഴുതപ്പെട്ടിരിക്കുന്നത് ഗ്രീക്ക് ഭാഷയിലും. ശിഷ്യന്മാർ ഗ്രീക്ക് പഠിച്ചു ബൈബിൾ എഴുതി എന്ന് ആരും പറയുന്നില്ല.

 ഈ നാലു സുവിശേഷങ്ങൾ കൂടാതെ നിരവധി എണ്ണം   എഴുതപ്പെട്ടിരുന്നു- ഉദാഹരണം തോമസ്, മേരി, പീറ്റർ.  മത നേതാക്കൾ അവയെല്ലാം ദൈവദൂഷണം എന്ന് മുദ്രകുത്തി നശിപ്പിച്ചു. നിലവിൽ കത്തോലിക്ക സഭയിൽ, ചെറുതും വലുതുമായി  27 ഗ്രന്ഥങ്ങൾ. നാല് സുവിശേഷങ്ങൾ ബാക്കി, എഴുത്തുകൾ, നടപടികൾ എന്ന രൂപത്തിൽ.

1945 ഈജിപ്റ്റിൽ ഒരു ഗുഹയിൽ, ഒരു ആട്ടിടയൻ  മറ്റൊരു ബൈബിൾ കണ്ടെടുത്തു. അതിനെ നാഗ് ഹമ്മാദി ബൈബിൾ എന്ന് പേരിട്ടിരിക്കുന്നു.  ഇത് തോമസ്സിൻറ്റെ പേരിൽ 340 A D യിൽ എഴുതപ്പെട്ടത് എന്ന് ഭാഷാ വിദഗ്ദ്ധർ സ്ഥാപിക്കുന്നു. ഈ ബൈബിളിന് മതാടിസ്ഥാനത്തിൽ ആരും പ്രാധാന്യത നൽകുന്നില്ല.

പുതിയ നിയമ പുസ്തകങ്ങൾ ജീസസിൻറ്റെ ജീവചരിത്രം  എന്ന് ആരെങ്കിലും അവകാശപ്പെടുന്നുണ്ടോ എന്നറിയില്ല. പ്രധാനമായും ഈ പുസ്തകങ്ങളുടെ കർത്താക്കൾ ഓരോ പേരുകൾ ഉപയോഗിക്കുന്നു എന്നതിനുപരി ഈ പേരുകാർ ആരും ഒന്നും എഴുതിയിട്ടില്ല .

പരമാർത്ഥം, ജീസസ് ജീവിച്ചിരുന്നു എന്നു അനുമാനിക്കുന്ന കാലം ഏതാണ്ട് A D ആദ്യ കാലഘട്ടം റോമാക്കാർ യഹൂദരെ ഭരിക്കുന്ന കാലം . ആസമയം, ഭാഷയുടെ പരിമിതികൾ കണക്കാക്കിയാൽ അധികം ചരിത്രകാരന്മാർ ജൂദയയിൽ ഇല്ലായിരുന്നു .

ജോസീഫസ് എന്ന   ചരിത്രകാരൻ ആ കാലഘട്ടത്തെ അനുബന്ധമാക്കി എഴുതിയിട്ടുണ്ട്. എന്നാൽ അതിലൊന്നിലും ജീസസിനെ കാര്യമായി പരാമർശിക്കുന്നില്ല. നാമിന്നു കാണുന്ന സുവിശേഷങ്ങൾ ഉടലെടുക്കുന്നത്, ഏകദേശം  A D 76 മുതൽ. ജീസസ് ക്രൂശിക്കപ്പെട്ടതിനിശേഷം  ഏതാണ്ട് 34 വർഷങ്ങൾക്കു ശേഷം. എല്ലാം വായ്‌മൊഴി ആധാരപ്പെടുത്തി.

A D 70 ൽ റോമാക്കാർ ഇസ്രായേൽ മുഴുവനുമായി നശിപ്പിച്ചു. ഒരു മതിൽ ഒഴികെ.. ആ സമയം ഒന്നുകിൽ, ഇസ്രായേൽ ദേവാലയങ്ങളിൽ   സൂക്ഷിച്ചിരുന്ന ഗ്രന്ഥങ്ങൾ നശിപ്പിക്കപ്പെട്ടു. അഥവാ മാറ്റപ്പെട്ടു. മൂലഗ്രന്ഥം എന്നു പറയുവാൻ അധികമില്ല. എല്ലാം പിന്നീട് കഥകളെ ആസ്പദമാക്കി എഴുതപ്പെട്ടവ.

പോൾ, ജീസസിൻറ്റെ ഒരു ശിഷ്യൻ ആയിരുന്നില്ല. പിന്നീട് സ്വയം ശിഷ്യത്വo അവകാശപ്പെട്ട് സുവിശേഷ പ്രവർത്തനങ്ങൾ തുടങ്ങുന്നു.  നിരവധിയെ ജീസസ് വിശ്വാസികൾ ആക്കുന്നു .

ഗ്രീക്ക് ഭാഷ അറിയാമായിരുന്ന പോൾ ജൂദയക്ക് പുറമെ ആൻറ്റിയോക്ക് , ഫിലിപ്പി , ദമാസ്കസ് ഇവിടങ്ങളിൽ തൻറ്റെ സന്ദേശവുമായി യാത്രകൾ നടത്തി. കത്തുകൾ മുഖാന്തരം തൻറ്റെ അനുയായികളെ ബന്ധപ്പെട്ടിരുന്നു നിർദ്ദേശങ്ങൾ നൽകിയിരുന്നു.

ഈ പ്രവർത്തനങ്ങൾ അറിഞ്ഞ, ജറുസലേമിൽ അവശേഷിച്ച പീറ്റർ, ജെയിംസ് എന്നിവർ പോളിനെ ചോദ്യം ചെയ്‌തതായി പറയുന്നു. കാരണം, ഇയാൾ യഹൂദ ആചാരക്രമങ്ങൾ അനുസരിക്കാതെ അന്യ ജാതികളെ സ്വീകരിച്ചു. ആ ഒരു സംവാദത്തിൽ പീറ്റർ ഇടപെടുകയും ജീസസ്സിനെ അനുകരിക്കുന്നതിന് യഹൂദ ആചാരങ്ങൾ തടസ്സമല്ല എന്ന രീതി സ്ഥാപിതമാകുന്നു.

ബാർട്ട് ഹെർമൻ പോലുള്ള നിഷ്‌പക്ഷ ക്രിസ്ത്യാനിറ്റി ചരിത്രകാരന്മാർ കാട്ടുന്നു, ഇന്നു നാം കാണുന്ന ക്രിസ്ത്യൻ മതത്തിൻറ്റെ അടിത്തറ പോൾ ഇട്ടതെന്ന്. പോളിൻറ്റെ എഴുത്തുകൾ എല്ലാ സുവിശേഷങ്ങളിലും മുൻപേ എഴുതപ്പെട്ടവ. കൂടാതെ,  ജെയിംസ്, പീറ്റർ മുതലായ ജീസസ് തുടക്ക ശിഷ്യന്മാരുടെ നിലപാടുകൾ പോൾ തള്ളിക്കളയുന്നു.

ചരിത്രം പറയുന്നു ജീസസ് ക്രൂശിക്കപ്പെട്ടശേഷം ജെയിംസും പീറ്ററും ഇസ്രായേലിൽ ജീസസ് ചലനം എന്ന പേരിൽ ജ്യൂയിഷ് നിയമ ചട്ടക്കൂട് വിടാതെ പഠനങ്ങൾ നടത്തിയിരുന്നു. ഇവരും പോളും തമ്മിലുള്ള പ്രധാന വ്യത്യാസം പീറ്റർ, ജെയിംസ്, ജോൺ ഇവരെ ജീസസ് വിളിക്കുന്നു ശിഷ്യന്മാരായി. എന്നാൽ പോൾ ജീസസിനെ വിളിക്കുന്നു പേരിൽമാത്രം, തൻറ്റെ നേതാവായി.

അപ്പസ്തോലന്മാർ, പോളടക്കം സത്യമായും വിശ്വസിച്ചിരുന്നു ലോകാവസാനം അവരുടെ സമയം സംഭവിക്കും. ജീസസ് അന്തിമവിധിക്കായി ആകാശത്തു പ്രത്യക്ഷപ്പെടും. അതിനായി ലോകജനതയെ ഒരുക്കുക അതാണ് തങ്ങളെ  ജീസസ് ഏല്പിച്ചിരിക്കുന്ന ചുമതല.

പോൾ അവകാശപ്പെടുന്ന ജീസസ് വെളിപാട്,  ജീസസ് ക്രൂശിക്കപ്പെട്ട് ഏഴു വർഷങ്ങൾക്കു ശേഷം. എന്നാൽ ജീസസ് കൊല്ലപ്പെടുന്നതിന് മുൻപ് ഇങ്ങനെ ഒരാളെപ്പറ്റി ജൂദയയിൽ കേട്ടതായി പോൾ പറയുന്നില്ല.

പിന്നീട് എന്തെല്ലാം എഴുതിയോ അവയെല്ലാം ജീസസ് തന്നിൽ വെളിപാടുകളായി എത്തിച്ചവ. അങ്ങനെ പോൾ രൂപപ്പെടുത്തിയ ക്രിസ്ത്യാനിറ്റി ഒരു കാട്ടുതീ പോലെ ജൻടൈൽ, സമരിറ്റൻ ജനതയിൽ പടർന്നുപിടിച്ചു. ജറുസലേമിൽ ഉടലെടുത്ത  ജീസസ്  നീക്കം ജെയിംസ് മരണപ്പെട്ടപ്പോൾ ഇല്ലാതായി.

ആ കാലഘട്ടത്തിൽ പ്രധാനമായി നിലനിന്നിരുന്ന ഗ്രീക്ക്, റോമൻ സംസ്കാരങ്ങളിൽ ഒരു ഏക ദൈവ ആചാരണ ക്രമമില്ലായിരുന്നു ഭരണാധിപർ പലേ ദേവഗണത്തെ ആരാധിച്ചിരുന്നു പ്രജകളും.

 പോൾ ഒരു പുതിയ ഏക ദൈവ ആശയവുമായി എത്തുന്നതും ജൻറ്റയൽ ജനതയിൽ പ്രചരിപ്പിക്കുന്നതും  അതിൽ ഒട്ടനവധി  ആകര്‍ഷിക്കപ്പെടുന്നതും കാണുന്നു .

വിദേശിയ ഭരണങ്ങളിൽ അസംതൃപ്തരായി ജീവിച്ചിരുന്ന ജൂതജനം, ഡേവിഡ്‌ൻറ്റെ വംശപരമ്പരയിൽ നിന്നും ഒരു ശക്തനായ രക്ഷകൻ, മിശ്ശിഹ  വരും തങ്ങളെ രഷിക്കുന്നതിന്. എന്നാൽ ജീസസ് സംസാരിച്ചിരുന്നത് സ്വർഗ്ഗരാജ്യത്തെപ്പറ്റിയും .

ജീസസ്, ഒരു പുതിയ   മിശിഹ, രക്ഷകൻ,  എന്ന രീതിയിലാണ് യഹൂദഗണത്തിൽ അറിയപ്പെട്ടിരുന്നത്. മിശിഹ, ഗ്രീക് തർജിമ,  ക്രിസ്റ്റോസ്.  ഇതാണ് ക്രിസ്ത്യൻ  എന്ന പേരിൻറ്റെ ഉറവിടം. ജീസസ് അനുയായികളെ മറ്റുള്ളവർ ക്രിസ്ത്യാനി എന്നു വിളിച്ചുതുടങ്ങുന്നു.

പോളിൻറ്റെ അനുയായികൾ റോമിലും ക്രിസ്ത്യാനിറ്റി എത്തിച്ചു. അതവിടെ വേഗം പടർന്നുപിടിച്ചു. അധികം നിബന്ധനകൾ ഇല്ലാത്ത ഒരു മതത്തെ പൊതുജനം സ്വീകരിച്ചു. ഇതിൽ അന്നത്തെ റോമൻ ഭരണാധികാരി നീറോ  കോപാകുലനായി ക്രിസ്ത്യാനിറ്റി നിരോധിച്ചു. നിരവധി പേരെ  മരണശിക്ഷക്കു വിധിച്ചു. പോളും വധിക്കപ്പെടുന്നു .

എന്നിരുന്നാൽത്തന്നെയും ക്രിസ്ത്യാനിറ്റി ഒളിവില്‍ നിലനിന്നു പ്രചരിച്ചു. A D 320 ആയപ്പോൾ റോമിൽ കോൺസ്റ്റൻടീൻ   ചക്രവർത്തി ഭരണം തുടങ്ങി. ഇയാൾ ക്രിസ്ത്യൻ സമുദായവുമായി മല്ലടിക്കേണ്ട എന്നു തീരുമാനിച്ചു. കോൺസ്റ്റാൻറ്റിൻ, ബുദ്ധി ഉപയോഗിച്ചു  ക്രിസ്ത്യൻമതത്തെ ഏറ്റെടുത്തു റോമയുടെ  ഔദ്യോഗിക മതമാക്കി.

ഇന്നു നാം കാണുന്ന ക്രിസ്ത്യൻ മതത്തിൻറ്റെ തുടക്കം, പോൾ തുടക്കമിട്ടതും പിന്നീട് കോൺസ്റ്റാൻറ്റീൻ ഏറ്റെടുത്തു സ്ഥിരപ്പെടുത്തുകയും  എന്നു പറയുന്നതാണ് വാസ്തവം. ഇയാൾ, നിലനിന്നിരുന്ന നിരവധി റോമൻ ആചാരങ്ങൾക്കും പ്രത്യേക  ദിനങ്ങൾക്കും ജീസസ്സിൻറ്റെ പേരിൽ  പ്രാധാന്യത നൽകി ഒരു പുതിയ മതമാണ് രൂപപ്പെടുത്തിയത്.

ആ സമയം ക്രിസ്ത്യൻ സമൂഹത്തിന് ഒരു പ്രധാന നേതാവ് ഇല്ലായിരുന്നു ഏകോപിത ആരാധനാക്രമമില്ലായിരുന്നു. കോൺസ്റ്റാൻറ്റിൻ ക്രിസ്ത്യാനിറ്റി അംഗീകരിച്ചതിനു പുറകെ പുരോഹിതരും ബിഷപ്പുമാരും താനെ ഉടലെടുത്തുതുടങ്ങി.

ശനിയാഴ്ച സാബത് സൂര്യ ദേവൻറ്റെ നാമത്തിൽ സൺഡേ ആക്കി. അതുപോലതന്നെ ജീസസ് ജനനത്തീയതി ഈ ദേവൻറ്റെ ജന്മ ദിനമായ ഡിസംബർ 25 ആയി. വിഗ്രഹാരാധനയും പ്രാബല്യത്തിൽ വന്നു. സൺ ഗോഡ്, സൺ ഓഫ് ഗോഡ്  ആയിമാറി

നേരത്തെ സൂചിപ്പിച്ചു ആദ്യ കാലങ്ങളിൽ ക്രിസ്ത്യൻ സമൂഹത്തിന് ഒരു ഏകീകൃതമായ വ്യവസ്ഥിതിയോ നേതാവോ ഇല്ലായിരുന്നു. നിരവധി തദ്ദേശ അധികാരികൾ പരസ്പരം വിവാദങ്ങളിൽ ഏർപ്പെട്ടിരുന്നു. ഇത് അവസാനിപ്പിക്കുന്നതിനായി കോൺസ്റ്റൻറ്റീൻ 325 A D ആദ്യ സൂനഹദോസ് തുർക്കിയിൽ നിഖ്യ  എന്ന സ്ഥലത്തു വിളിച്ചുകൂട്ടി. ഇതിൽ മുന്നൂറിലേരെ നേതാക്കൾ പങ്കെടുത്തു.

നിക്കടോമിയ ബിഷപ്പ് ആര്യസ്, അലക്‌സാൻഡ്രിയ ബിഷപ് അലക്‌സാണ്ടർ ഇവർ തമ്മിൽ, ക്രൈസ്തവർ, ജീസസ്സിനെ എങ്ങിനെ കാണണം എന്ന വിഷയത്തിൽ തർക്കം നടന്നിരുന്നു.

ആര്യസ് ഭാഗം ജീസസ് ദൈപുത്രൻ, ഇത് ജീസസ് ജീവിച്ചിരുന്നപ്പോൾ പലേ തവണ വെളിപ്പെടുത്തിയിരിക്കുന്നു. എന്നാൽ അലക്‌സാണ്ടർ തർക്കിച്ചു ജീസസ് ത്രിത്വത്തിലെ പുത്രൻ ദൈവത്തിനു സമം. വെളിച്ചത്തിൽ നിന്നും വെളിച്ചം. ഇത് ജോണിൻറ്റെ സുവിശേഷം ആധാരമാക്കിയുള്ള നിഗമനം.

ഇതിൽ കോൺസ്റ്റാൻറ്റീൻ ചക്രവർത്തിക്ക് ഒരു അഭിപ്രായവും ഇല്ലായിരുന്നു അതിനാൽ സഭ, നൈസിയൻ  (നിഖ്യ) കൌൺസിൽ തുടക്കത്തിൽ  ഈ വിഷയം വോട്ടിനിട്ടു . വിജയിച്ചത് അലക്‌സാണ്ടർ വിഭാഗം. ഈ സുന്നഹദോസിൽ ആദ്യ പോപ്പ് സിൽവെസ്റ്റർ എന്നും വെളിപ്പെടുത്തി. അതിനോടനുബന്ധമായി സഭയുടെ കൂട്ടായ്മ സ്ഥാപിക്കുവാൻ ഒരു  മതവിശ്വാസ പ്രമാണവും രൂപപ്പെടുത്തി "നൈസിയൻ ക്രീദ്‌ "  (നിഖ്യ വിശ്വസപ്രമാണം). അതിന്നും പള്ളികളിൽ കുർബാന സമയം ചൊല്ലുന്നു.

ഒരു ചട്ടക്കൂട് പണിതശേഷം കോൺസ്റ്റാൻറ്റീൻ സഭാഭരണത്തിൽ നിന്നും മാറി ചുമതലകളെല്ലാം പോപ്പിനു നൽകി. ആ സമയം നിരവധി ബൈബിളുകൾ പലേ രീതികളിൽ പ്രചാരണത്തിൽ വന്നിരുന്നു. കൂടാതെ കൂദാശകൾ ഒന്നും ഉടലെടുത്തിരുന്നില്ല.

നൂറുകണക്കിനു വേദപുസ്തകങ്ങൾ ആവശ്യമില്ല. അവ ജനത്തിൽ കുഴച്ചില്‍ സൃഷ്ടിക്കുന്നു. അതിനാൽ ബൈബിളുകളെ ക്രോഡീകരിക്കണം അങ്ങിനെ നാല് സുവിശേഷങ്ങളിൽ ഒതുങ്ങണം എന്ന തീരുമാനത്തിലെത്തി. മറ്റുള്ളവ ഒന്നുകിൽ നശിപ്പിക്കണം അല്ലെങ്കിൽ നിയമവിരുദ്ധമാക്കപ്പെട്ടു.

ഇപ്പോൾ നിലവിലുള്ള നാലു സുവിശേഷങ്ങളും അവയുടെ ആദിമ രചനാ രൂപത്തിലെന്ന് കാണരുത് . നാല് അപ്പസ്തോലന്മാരുടെ പേരുകൾ കാണാമെങ്കിലും ഇവരാരും ഒന്നും എഴുതിയിട്ടില്ല .ലുക്ക് ഒരു ശിഷ്യനുമായിരുന്നില്ല.

സുവിശേഷങ്ങളുടെ രചനയും രൂപീകരണവും അവ്യക്തത നിറഞ്ഞ ഒരു വിഷയം. ആര്, എപ്പോൾ എഴുതി    എന്നതിന്  വ്യക്തമായ ഒരു തെളിവുമില്ല. നേരത്തെ സൂചിപ്പിച്ചു എല്ലാം അപര തൂലികാ നാമങ്ങളിൽ.

ശ്രദ്ധേയമായ ഒന്ന്. പോൾ എഴുതി എന്നവകാശപ്പെടുന്ന  നിരവധി എഴുത്തുകൾ എല്ലാ സുവിശേഷങ്ങൾക്കും മുന്നേ ഉടലെടുത്തു. കൂടാതെ നിരവധി  എഴുത്തുകളിൽ.

പോൾ ജീസസ്സിനെ ആധാരമാക്കി എഴുതിയിട്ടുള്ള വെളിപാടുകൾ അതിൽ പലതും .   മാത്യു, ലുക്ക് സുവിശേഷങ്ങളിലും ഇടനീളം കാണുവാൻപറ്റും .ലുക്ക്, പോളിൻറ്റെ ശിഷ്യൻ ആയിരുന്നു എന്നും പറയുന്നു.

ഇപ്പോൾ നാം കാണുന്ന സുവിശേഷങ്ങളുടെ രചനയിലും പലേ റോമൻ ഭരണാധിപരുടെയും, മറ്റു പുരോഹിതരുടെയും സർഗ്ഗാന്മിക ചിന്തകൾ പിന്നിൽ. ജീസസ് ജീവിച്ചിരുന്ന കാലം അതും  ഇവർ തിരുത്തിയിരിക്കുന്നു. പ്രവചനങ്ങൾ കൂട്ടിച്ചേർക്കുന്നതിനായി.

എല്ലാ ആദ്യ  കയ്യെഴുത്തുകളും ഗ്രീക്ക് ഭാഷയിൽ. ശിഷ്യന്മാരും ജീസസും  സംസാരിച്ചിരുന്നത് അരാമിയക് ഭാഷയിലും. ഒരു  കയ്യെഴുത്തുo അതുപോലെ സൂഷിക്കപ്പെട്ടിട്ടില്ല. ഏതാനും മുറിഞ്ഞ അംശം കണ്ടിരുന്നു. പിന്നെല്ലാം വായ്മൊഴികളായി കാലാന്തരത്തിൽ രൂപപ്പെട്ടവ. ഇന്നു നാം കാണുന്ന സുവിശേഷങ്ങൾ നിരവധി മത നേതാക്കളുടെ തൂലികകളിൽ നിന്നും രൂപപ്പെട്ടത്.

ജീസസ് വധിക്കപ്പെട്ട ശേഷം എഴുതപ്പെട്ട ക്രിസ്ത്യൻ വേദ പുസ്തകങ്ങളുടെ  കാലനിര്‍ണ്ണയവും ക്രമീകരണവും പരിശോധിച്ചിട്ടുള്ള സ്വതന്ത്ര ചരിത്രകാരന്മാർ കാട്ടുന്നു. പോൾ എഴുതിയ കത്തുകൾ ആദ്യമെ.  പിന്നീട് മാർക്കിൻറ്റെ സുവിശേഷം, പിന്നീട്  മാത്യു, ലുക്ക്, ജോൺ. ഇതിൽ  ജോൺ സുവിശേഷം തികച്ചും വേറിട്ട് നിൽക്കുന്നു. ജീസസ് സ്വയം ദൈവം എന്നവകാശപ്പെടുന്നത് ഈ സുവിശേഷത്തിൽ മാത്രം.

ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞത് മാർക്ക്. എന്നാൽ ആദ്യ മൂന്നു സുവിശേഷങ്ങളിലും ജീസസ്, സ്നാപക യോഹന്നാനിൽ നിന്നും മാമ്മോദീസ സ്വീകരിച്ച ശേഷം മുതൽ ക്രൂശിതനാകുന്നതുവരെയുള്ള പൊതു ജീവിതവും പ്രവർത്തികളും ചിത്രീകരിക്കുന്നു.  നിരവധി സാമ്യം കാണുന്നവ.

മാർക്ക് ജീസസ് ജനനം, പാരമ്പര്യo വിവരിക്കുന്നില്ല. മാത്യു, ലുക്ക് ഇതു രണ്ടും ചേർത്തിരിക്കുന്നു എന്നാൽ കടക വിരുദ്ധ രീതികളിൽ. പാരമ്പര്യo തുടങ്ങുന്നത് രണ്ടു വഴികളിൽ. ജനനവും അതുപോലെ ഏതാനും മറ്റു  വൈരുദ്ധ്യതയും വായിക്കുമ്പോൾ കാണുവാൻപറ്റും .

പോൾ തുടക്കമിട്ട ക്രിസ്ത്യാനിറ്റിയിലെ നിരവധി  ഗ്രൂപ്പുകളെ ഒരു കൊടിക്കീഴിൽ കൊണ്ടുവരുക അതായിരുന്നു കോൺസ്റ്റാൻറ്റീൻ ശ്രമിച്ചത്. കോൺസ്റ്റാൻറ്റീൻ സമയം കഴിഞ്ഞ ശേഷം പലേ തരത്തിലും സ്വഭാവത്തിലുമുള്ള മാർപാപ്പാമാർ ക്രിസ്ത്യാനിറ്റിയെ നയിച്ചു . അതിൽ ചിലരെല്ലാം അധികാര മോഹികളും, ദുര്‍നടപടിക്കാരും , അഴിമതിക്കാരുമായിരുന്നു. ഒരേ സമയം രണ്ടു പോപ്പ് ഉണ്ടായ സമയവും കാണാം.

ആദ്യ സമയങ്ങളിൽ, ജീസസ് സംഘങ്ങളെ നയിച്ചിരുന്നത് സമൂഹത്തിലെ "എൽഡേഴ്സ്" അല്ലാതെ പുരോഹിതർ ഇല്ലായിരുന്നു. കോൺസ്റ്റാൻറ്റീൻ രൂപീകരിച്ച  ക്രിസ്തീയ സഭയുടെ തുടക്കത്തോടെ പൗരോഹിത്യം സ്ഥാപിതമായി എൽഡേർസിനെ പുറത്താക്കി. അന്നത്തെ ആരാധന ക്രമത്തിൽ കുർബാന ഇല്ലായിരുന്നു. വെറും പ്രാർത്ഥനകളും പഠനങ്ങളും അപ്പം വിഭജിച്ചു പിരിയുക. ആ കാലങ്ങളിൽ പുരോഹിതർ കുടുംബ ജീവിതം നയിച്ചിരുന്നു.

1517  വരെ ഒരു ക്രിസ്ത്യൻ മതമേ ഉണ്ടായിരുന്നുള്ളു. മാർട്ടിൻ ലൂഥർ എന്ന ജർമ്മൻ സന്യാസി അന്നത്തെ പോപ്പ് നടത്തിയിരുന്ന അഴിമതികളിൽ പ്രതിഷേധിച്ചു മാറ്റങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ വത്തിക്കാൻ അതിനു ചെവികൊടുത്തില്ല..  അങ്ങനെ ലൂതർ വിഭാഗം കാത്തോലിക്ക സഭയിൽ നിന്നും പിരിഞ്ഞു. ഇവരെ പ്രൊട്ടസ്റ്റൻറ്റ് എന്ന് വിളിക്കുവാൻ തുടങ്ങി. അങ്ങനെ ക്രിസ്ത്യാനിറ്റി രണ്ടായി. റോമൻ കാത്തോലിക്, രണ്ട് പ്രൊട്ടസ്റ്റൻറ്റ്  അഥവാ ലൂഥറൻ.

800 A D സമയം ദേവാലയ പൂജാ ക്രമങ്ങൾ ഉടലെടുത്തു. അപ്പം പങ്കിടുക ഒരു ക്രമമായിരുന്നു . ബലി അർപ്പണം എന്ന നാമം ഉപയോഗിച്ചിരുന്നില്ല. കൂടാതെ അവർ   ഭക്ഷിച്ചിരുന്ന അപ്പം തിരുവോസ്തി ആയിരുന്നില്ല.

ആ കാലഘട്ടത്തിൽ നടന്ന സുനഹദോസുകളിൽ സുവിശേഷ പുസ്തകങ്ങൾ, കൂടാതെ ഒരു പൊതു നിയമാവലിയും ചർച്ചകളായി. അങ്ങനെ കാനൻ നിയമം ഉടലെടുത്തു. സുവിശേഷങ്ങളുടെ എണ്ണം, എഴുത്തുകൾ, ആക്ടുകൾ ആരെല്ലാം എഴുതിയവ എന്നെല്ലാം തീരുമാനിക്കപ്പെട്ടു.

1551 കൌൺസിൽ ഓഫ് ട്രെൻഡ് സമ്മേളനത്തിൽ കുർബാനക്ക് വലിയൊരു മാറ്റം സംഭവിച്ചു. അപ്പo കൂദാശ ചെയ്യുമ്പോൾ പദാര്‍ത്ഥാന്തരീകരണം "ട്രാൻസബ്സ്റ്റ്യാൻസ്യഷൻ  ' നടക്കുന്നു. വെറും അപ്പം കർത്താവിൻറ്റെ (ദൈവത്തിൻറ്റെ ) തിരുശരീരം ആയിമാറുന്നു  റോമൻ കത്തോലിക്കാ സഭ ഈ രൂപാന്തരണം കുർബാനയുടെ പ്രധാന കണ്ണിയാക്കി.

1139 വരെ വൈദികർക്ക് ബ്രഹ്മചര്യം ആവശ്യമില്ലായിരുന്നു. ഈയൊരു മാറ്റം അന്നത്തെ പോപ്പ് സാധൂകരിച്ചത് ജീസസ് വിവാഹം ചെയ്തിരുന്നില്ല അതിനാൽ ബലി അർപ്പിക്കുന്ന പുരോഹിതരും അവിവാഹിതർ ആയിരിക്കണം. ആദ്യ പോപ്പ് പത്രോസ് വിവാഹിതനായിരുന്നു എന്ന് സുവിശേഷങ്ങൾ കാട്ടുന്നു.

റോമിൽ നിന്നും മറ്റു യൂറോപ്യൻ നാടുകളിൽ മാത്രമല്ല ക്രിസ്ത്യാനിറ്റി ആഗോളതലത്തിൽ വ്യാപിച്ചു. ബദലായി മെക്ക എന്ന അറബ് ദേശത്തു മുഹമ്മദ് നബി എന്ന മറ്റൊരു പ്രവാചകൻ പൊട്ടിവിരിഞ്ഞു. അയാൾ ഇസ്ലാം എന്ന മറ്റൊരു മതത്തിനും തുടക്കമിട്ടു. ഈമതത്തിൻറ്റെയും അടിത്തറ ഹീബ്രു ബൈബിൾ.

നിലവിൽ,നിരവധി വിവിധ മുഖങ്ങൾ ഉള്ള ഏറ്റവും വലിയ മതമാണ് ക്രിസ്ത്യാനിറ്റി. നിയമങ്ങളും ആചാരങ്ങളും ആരാധന രീതികളും എല്ലാം വ്യത്യസ്തം. മാറ്റങ്ങൾ ആവശ്യപ്പെടുന്ന സാധാരണ വിശ്വാസികൾ ഏറിവരുന്നു. എല്ലാം ഒരു വിശ്വാസത്തിൽ അടിസ്ഥിതം ചോദ്യങ്ങൾക്ക് വലിയ പ്രസക്തിയില്ല.

തുടക്കത്തിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് കിട്ടുന്ന ഉത്തരങ്ങൾ, ഒന്ന് ജീസസ് ജീവിച്ചിരുന്ന സമയം ഒരു പുതിയ മതവും രൂപപ്പെടുത്തിയിട്ടില്ല, ജൂതമതം ഉപേക്ഷിച്ചിട്ടുമില്ല. ഇപ്പോൾ നാം കാണുന്ന ക്രിസ്ത്യൻ സമൂഹങ്ങൾ ജീസസ്സിനെ  ബന്ധപ്പെടുത്തിപ്പറ്റിയുള്ള   മതങ്ങൾ.

ബി ജോൺ കുന്തറ

#Jesus_article_by_johnkunthara

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക