Image

വന്ദേ ഭാരത്: ഇത്രയും തുള്ളണോ? (നടപ്പാതയിൽ ഇന്ന്- 68: ബാബു പാറയ്ക്കൽ)

Published on 14 April, 2023
വന്ദേ ഭാരത്: ഇത്രയും തുള്ളണോ? (നടപ്പാതയിൽ ഇന്ന്- 68: ബാബു പാറയ്ക്കൽ)

"എന്താടോ, ധൃതിയിൽ എങ്ങോട്ടാ?"
"എന്റെ പിള്ളേച്ചാ, റെയിൽവേ സ്റ്റേഷൻ വരെ ഒന്നു പോകുകാ."
"എന്താ കാര്യം? ആരെയെങ്കിലും യാത്ര അയയ്ക്കാനോ സ്വീകരിക്കാനോ ഉണ്ടോ?"
"അതല്ല. വന്ദേ ഭാരത് എക്സ്പ്രസ്സ് നമ്മുടെ കേരളത്തിലേക്ക് വരുന്നതറിഞ്ഞില്ലേ? അല്പം കഴിയുമ്പോൾ അത് നമ്മുടെ ഇവിടത്തെ റെയിൽവേ സ്റ്റേഷൻ വഴി കടന്നു പോകും. പിള്ളേച്ചൻ വരുന്നോ?"
"ആ ട്രെയിൻ ഇത് വഴി പോകുന്നതിനു താനെന്തിനാ ഈ ബഹളം വയ്ക്കുന്നത്? ഇയ്യാളെന്താ ഇതു വരെ ട്രെയിൻ കണ്ടിട്ടില്ലേ?"
"എന്താ പിള്ളേച്ചൻ ഈ പറയുന്നത്? ഇത് സാധാരണ ട്രെയിൻ അല്ല. വന്ദേ ഭാരത് ട്രെയിൻ ആണ്. ഭാരതത്തിന്റെ അഭിമാനം."
"അഭിമാനിക്കാം. പക്ഷേ, അതിനെന്താ ഇത്ര വലിയ കോലാഹലം?"
"ഇത് നമുക്കുള്ള പ്രധാനമന്ത്രിയുടെ വിഷുക്കൈനീട്ടമാണ്. ബിജെപിയുടെ നേതൃത്വത്തിൽ എല്ലാവരും സ്റ്റേഷനിൽ ചെല്ലണമെന്നു പറഞ്ഞിട്ടുണ്ട്. ഇത് മോദി സർക്കാരിന്റെ കേരളത്തോടുള്ള പ്രത്യേക സ്നേഹത്തിന്റെ അടയാളമാണ്. സ്വീകരിക്കാൻ ചെല്ലാതിരിക്കാൻ പറ്റുമോ?"
"എടോ, ഈ വന്ദേ ഭാരത് ട്രെയിൻ ഓടുന്ന ട്രാക്ക് ഞാനും താനുമൊക്കെ ജനിക്കുന്നതിനു മുൻപ് നിർമ്മിച്ചിട്ടുള്ളതാണ്. അതുപോലെ ഈ സ്റ്റേഷനിൽ കൂടി എത്രയോ ട്രെയിനുകൾ ദിവസേന ഓടുന്നു. ഇതൊക്കെ മോദി സർക്കാർ വരുന്നതിനു മുൻപേ ഓടുന്നതാണ്."
"പിള്ളേച്ചന് മനസ്സിലാകാഞ്ഞിട്ടാ. ഈ വന്ദേ ഭാരത് ട്രെയിൻ നവീന ടെക്നോളജിയിൽ അത്യാധുനികമായി തദ്ദേശീയമായി നിർമ്മിച്ചതാണ്. ഈ അഭിമാന മുഹൂർത്തത്തിന് നമ്മൾ സാക്ഷിയാകുന്നത് ഒരു ഭാഗ്യമല്ലേ?"
"കാലാ കാലങ്ങളായി നവീന സാങ്കേതിക വിദ്യ അനുസരിച്ചു നമ്മൾ പലതും നിർമ്മിക്കുന്നുണ്ട്. ആറ്റം ബോംബ് പോലും നമ്മൾ സ്വയം നിർമ്മിച്ച് വിജയകരമായി പരീക്ഷിച്ചിട്ടുള്ളതാണ്. ദീർഘദൂര മിസൈലുകളും ശൂന്യാകാശത്തേക്ക് അയയ്ക്കുന്ന റോക്കറ്റ് വരെ നമ്മൾ സ്വയം ഉണ്ടാക്കി പരീക്ഷിച്ചതാണ്. ഇതൊക്കെ ഈ മോദി സർക്കാർ വരുന്നതിന് എത്രയോ വർഷങ്ങൾ മുൻപേ കൈവരിച്ച വിജയങ്ങളാണ്. അന്നൊന്നും അത് ഒരു രാഷ്ട്രീയ പാർട്ടിയുടെ മാത്രം വിജയമായി ആരും പറഞ്ഞു കേട്ടിട്ടില്ല. പിന്നെ എന്തിനാണ് അൽപ്പം സ്പീഡിൽ ഓടുന്ന ഒരു ട്രെയിൻ കേരളത്തിലേക്ക് വരുന്നു എന്ന് പറഞ്ഞ് കേരളത്തിലെ ബിജെപിക്കാർ അതവരുടെ മാത്രം നേട്ടമാണെന്ന് വരുത്തി തീർക്കുന്നത്? അല്പന് അർഥം ഉണ്ടായാൽ അർദ്ധരാത്രിയിൽ കുട പിടിക്കുമെന്നു കേട്ടിട്ടുണ്ട്. കേരളത്തിലെ ബിജെപി ഇപ്പോൾ അതാണ് ചെയ്യുന്നത്."
"അങ്ങനെ പറയാമോ പിള്ളേച്ചാ? ഇന്ത്യയിലെ പല സംസ്ഥാനങ്ങൾക്കും കിട്ടാത്ത ഒന്നാണ് വന്ദേ ഭാരത് ട്രെയിൻ. അത് പ്രധാനമന്ത്രി കേരളം സന്ദർശിക്കാൻ വരുന്നതിനു മുന്നോടിയായി നമ്മുടെ വിഷുവിനു തന്നെ നമുക്കു സമ്മാനിച്ചു എന്ന് പറയുമ്പോൾ അത് നമ്മൾ ആഘോഷിക്കേണ്ടതല്ലേ?"
"എടോ, പ്രധാനമന്ത്രിയുടെ ഓഫിസ് ഇത് സംസ്ഥാന സർക്കാരിനെപ്പോലും അറിയിക്കാതെ രഹസ്യമായി വച്ചതു തന്നെ ഒരു രഹസ്യ അജണ്ടയുടെ ഭാഗമല്ലേ? കെ-റെയിലിനെ പൊട്ടിക്കാനും അതുവഴി ബിജെപിക്കു മൈലേജ് ഉണ്ടാക്കാനുമല്ലേ ഈ കുരുട്ടു ബുദ്ധി കാട്ടിയത്?”
"കെ-റെയിൽ അല്ലെങ്കിലും പ്രായോഗികമല്ലെന്ന് ആർക്കാണറിയാത്തത്? വെറുതെ ആളുകളുടെ വസ്‌തു സർക്കാർ പിടിച്ചു വച്ചിരിക്കയല്ലേ? മറ്റൊരർത്ഥത്തിൽ ഇനി കെ-റയലിന് അംഗീകാരം ലഭിക്കില്ല എന്ന ഒരു സന്ദേശം കൂടി ഇതിൽ ഉണ്ടായേക്കാം. എന്തായാലും ബിജെപി പ്രവർത്തകരെക്കൊണ്ട് സ്റ്റേഷൻ നിറയണം എന്നാ പറഞ്ഞിരിക്കുന്നത്."
"അങ്ങനെയാണെങ്കിൽ ആദ്യമായി ട്രെയിൻ ഓടിച്ച സായിപ്പിനെ മാലയിട്ടു സ്വീകരിക്കണമല്ലോടോ. ഈ വന്ദേ ഭാരത് ട്രെയിനുകൾ നിർമ്മിക്കുന്ന തമിഴ്‌നാട്ടിലെ ഇന്റഗ്രൽ കോച്ച് ഫാക്‌ടറി നിർമ്മിച്ചത് ജവഹർലാൽ നെഹ്രുവിന്റെ കാലത്തായിരുന്നു. അതാണ് ദീർഘ വീക്ഷണം."
"അതെന്തൊക്കെ ആയാലും മണിക്കൂറിൽ 180 കിലോമീറ്റർ വേഗത്തിൽ ഓടുന്ന ഈ ട്രെയിൻ നമുക്ക് അഭിമാനിക്കാനുള്ളതാണ്."
"അത് ശരിയാണ്. അഭിമാനം അഹങ്കാരമാവരുത്. ഇന്ത്യ ഇപ്പോഴും ഈ മേഖലയിൽ ശിശുവാണ്‌. ലോകത്തിൽ പല രാജ്യങ്ങളിലും, ചൈനയിൽ പോലും, മണിക്കൂറിൽ 300 കിലോമീറ്റർ വേഗത്തിലാണ് ട്രെയിൻ ഓടുന്നത്. ജപ്പാനിൽ ബുള്ളറ്റ് ട്രെയിൻ 450 കിലോമീറ്റർ സ്പീഡിലാണ് ഓടുന്നത്. സ്‌പെയിനിൽ 600 കിലോമീറ്റർ സ്പീഡിൽ പരീക്ഷണ ഓട്ടം പൂർത്തിയാക്കിയിരിക്കുന്നു. കേരളത്തിൽ ഈ ട്രെയിൻ ഓടുന്ന പരമാവധി വേഗത 110 കിലോമീറ്റർ ആണ്. പിന്നെ, ഇത്രയും കിടന്നു തുള്ളണോ?"
"പിള്ളേച്ചാ, അസൂയാലുക്കൾ പലതും പറയും. ഇപ്പോൾ വന്നാൽ വന്ദേ ഭാരത് ട്രെയിൻ കാണാം. വരുന്നോ?"
"ഞാൻ വരുന്നില്ല. അവരോടു ചെന്ന് പറഞ്ഞേര് ഇത് പുരോഗതിയിലേക്കുള്ള നാടിന്റെ ഒരു കാൽവയ്‌പ്‌ മാത്രമാണ്. അത് ഒരു രാഷ്ട്രീയ പാർട്ടിയുടെ മാത്രം നേട്ടമാണെന്ന് കരുതുന്നത് അല്പത്തരമാണെന്ന്."
"അങ്ങനെയാകട്ടെ പിള്ളേച്ചാ. കൂടുതൽ താമസിച്ചാൽ ട്രെയിൻ പോയെന്നിരിക്കും."
"ശരി, വേഗം ചെല്ല്."
_____________

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക