Image

ഒരു രാജധാനി അനുഭവം (നടപ്പാതയിൽ ഇന്ന്- 69: ബാബു പാറയ്ക്കൽ)

Published on 18 April, 2023
ഒരു രാജധാനി അനുഭവം (നടപ്പാതയിൽ ഇന്ന്- 69: ബാബു പാറയ്ക്കൽ)

ഇന്ന് കേരളത്തിന് വന്ദേ ഭാരത് എക്സ്പ്രസ്സ് ലഭിച്ചതിൽ നമ്മളെല്ലാവരും സന്തോഷത്തിലാണ്. ആധുനിക സാങ്കേതിക വിദ്യയിൽ അതിന്റെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നതു കൊണ്ട് കൂടുതൽ സൗകര്യപ്രദമായിരിക്കുമെന്നു കരുതുന്നു. എന്നാൽ ഇപ്പോൾ നിലവിലുള്ള ട്രെയിനുകളിൽ മുൻപന്തിയിലുള്ള ഒന്നാണ് രാജധാനി എക്സ്പ്രസ്സ്. അത് വേറൊരു ലെവലാണ് എന്നാണ് പലരും പറഞ്ഞു കേട്ടിരുന്നത്. അതുകൊണ്ടു തന്നെ അടുത്തയിടെ നാട്ടിലായിരുന്നപ്പോൾ നാട്ടിൽ നിന്നും ഡൽഹിക്ക് ഈ രാജധാനി എക്സ്പ്രസ്സ് ട്രെയിനിൽ ഒരു യാത്ര നടത്തി. അത് വേറിട്ട ഒരനുഭവമായിരുന്നു. 
ട്രെയിൻ യാത്ര എന്നും എനിക്കൊരു അഭിനിവേശമായിരുന്നു. ബോംബയിൽ പഠിച്ചിരുന്ന കാലത്തു നടത്തിയ യാത്രാനുഭവങ്ങൾ മനസ്സിൽ കോറിയിട്ടിരിക്കുന്ന ഗതകാല മധുര സ്മരണകളായിരിക്കാം അതിനു കാരണം. ന്യൂയോർക്ക് സിറ്റി മെട്രോയിൽ 33 വർഷം സേവനം അനുഷ്ഠിച്ചപ്പോൾ വളരെയധികം ട്രെയിൻ യാത്ര നടത്തിയിട്ടുണ്ടെങ്കിലും നാട്ടിലെ ട്രെയിനിൽ കയറുവാനുള്ള ത്വര ശമിച്ചിരുന്നില്ല. ഒരു പ്രാവശ്യം അവധിക്കു പോയപ്പോൾ കൊങ്കൺ പാതയുടെ മനോഹാരിത ആസ്വദിക്കാനായി ബോംബെയ്ക്കു പോയി. ഇപ്പോൾ പോയപ്പോൾ ഒരു ഡൽഹി യാത്ര ആകാമെന്നു കരുതി. കാണാത്ത പല സ്ഥലങ്ങളും കാണാനും ട്രെയിൻ യാത്രയുടെ അനുഭൂതി നുകരാനും ആഗ്രഹിച്ച എനിക്ക് 'രാജധാനി യിലെ യാത്രയായിരിക്കും നല്ലത്’ എന്നാണ് സുഹുത്രുക്കളുടെ ഉപദേശം ലഭിച്ചത്. 6,427.94 രൂപയ്ക്കു സെക്കന്റ് എ/സി യിൽ ടിക്കറ്റ് ബുക്ക് ചെയ്തു. ട്രെയിൻ നമ്പർ 12431 മാർച്ച് 7ന് വൈകിട്ട് 9:35 ന് ആലപ്പുഴയിൽ നിന്നും തിരിച്ച്‌ 40 മണിക്കൂറിൽ ഉച്ചക്ക് 12:30 നു ഡെൽഹിയിലെത്തും. 


യാത്ര തിരിക്കേണ്ട ദിവസം നാല് മണിയായപ്പോൾ റയിൽവെയുടെ അറിയിപ്പ് കിട്ടി, "ട്രെയിൻ രണ്ടു മണിക്കൂർ വൈകും." 'അവർ അങ്ങനെ പറഞ്ഞാലും ചിലപ്പോൾ കൃത്യ സമയത്തു തന്നെ വന്നേക്കും, കാരണം ഇത് രാജധാനിയാണ്' എന്ന് പലരും അഭിപ്രായപ്പെട്ടതുകൊണ്ട് നേരത്തെ തന്നെ ആലപ്പുഴയിലെത്താൻ തീരുമാനിച്ചു. ചങ്ങനാശേരിയിൽ നിന്നുമുള്ള എ.സി. റോഡ് നവീകരണാർഥം അടച്ചിരിക്കുന്നതിനാൽ എടത്വ-അമ്പലപ്പുഴ വഴി ഇരട്ടി സമയം എടുത്താണ് ആലപ്പുഴയിൽ എത്തിയത്. 9 മണിയായപ്പോൾ സ്റ്റേഷനിലെത്തി. ട്രെയിൻ വൈകിയിരിക്കുന്നു. അന്വേഷിച്ചപ്പോൾ രണ്ടു മണിക്കൂർ വൈകുമെന്നറിയിച്ചു. പ്ലാറ്റ്‌ഫോമിൽ ഒരിടത്തായി ഞാൻ ഇരുപ്പുറപ്പിച്ചു. നിമിഷങ്ങൾക്കുള്ളിൽ തന്നെ വൻ കൊതുകുകളുടെ ഒരു കൂട്ടം എന്നെ ആക്രമിക്കാനെത്തി. ഞാൻ എഴുന്നേറ്റു പ്ലാറ്റുഫോമിന്റെ നടുക്കായി വന്നിരുന്നു. രക്ഷയില്ല. കൊതുകുകൾ എന്നെ വിടുന്ന ലക്ഷണമില്ല.
ഞാൻ രണ്ടു കൈകൾ കൊണ്ടും പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അതിനിടയിൽ ഞാൻ ഒരു സുഹൃത്തിനു ഫോൺ ചെയ്‌തു കൊതുകിന്റെ കാര്യം പറഞ്ഞു. അദ്ദേഹത്തിന്റെ മറുപടി "ആലപ്പുഴയിലെ കൊതുകിനെ സൂക്ഷിക്കണം. കാലിൽ മന്ത് വരാനുള്ള സാധ്യത ഉണ്ട്" എന്നായിരുന്നു. ഞാൻ എഴുന്നേറ്റു നടന്നു. അപ്പോഴാണ് തെരുവു പട്ടികളുടെ ഒരു കൂട്ടം ഘോഷയാത്രയായി നടന്നു വന്ന് പ്ലാറ്റുഫോമിന്റെ നടുവിലായി കിടന്നത്. ഞാൻ തിരിച്ചു നടന്നു. അവിടെ ഒരു വാട്ടർ ഫൗണ്ടൻ ഉണ്ട്. അതിൽ നിന്നും അല്പം വെള്ളം എടുത്ത് ഒരു കുപ്പിയിൽ നിറയ്ക്കാൻ ഒരു പെൺകുട്ടി അങ്ങോട്ട് വന്നു. പക്ഷേ അതിനു മുൻപിൽ നിൽക്കുന്ന അര ഡസനിലധികം നായ്ക്കൾ മുറുമുറുത്തതിനാൽ ആ  കുട്ടി വെള്ളം എടുക്കാനാവാതെ തിരിച്ചു നടന്നു. ഞാൻ നടപ്പു തുടർന്നു. അതാ കാണുന്നു 2 എ.സി. വിശ്രമ മുറി! ആശ്വാസമായി. ഞാൻ ആ മുറിയിലേക്കു കയറി. അവിടെ ആരും ഉണ്ടായിരുന്നില്ല. ശൗച്യാലയവും അതിനോട് കൂടെത്തന്നെയുണ്ട്. ഇനിയും ഒരു മണിക്കൂർ കൂടിയുണ്ട്. അല്പമൊന്നു മയങ്ങാം എന്ന് കരുതി ഞാൻ ഒരു കസേരയിൽ ഇരുന്നു. ഉടനെ അറിയിപ്പു വന്നു, 'ട്രെയിൻ 4 മണിക്കൂർ വൈകും.' കാത്തിരിക്കയല്ലാതെ മാർഗ്ഗമില്ലല്ലോ. ഞാൻ കയ്യിലുള്ള ബാഗ് അടുത്തു വച്ചിട്ട് ഇരുന്നു. എന്നാൽ പൂർവ്വാധികം ശക്തിയോടെയാണ് കൊതുകുകൾ ആക്രമണം അഴിച്ചുവിട്ടത്. അപ്പോഴാണ് ആരും വിശ്രമമുറി ഉപയോഗിക്കാത്തതിന്റെ കാരണം മനസ്സിലായത്. ഞാൻ വേഗം മുറിയിൽ നിന്നും പുറത്തിറങ്ങി. പതുക്കെ നടക്കുന്നവരെ പോലും കൊതുകുകൾ വെറുതെ വിട്ടില്ല. 
വീണ്ടും അറിയിപ്പ് വന്നു. ട്രെയിൻ അഞ്ചര മണിക്കൂർ വൈകും! അഞ്ചു മണിക്കൂർ നരകയാതന അനുഭവിച്ച ഞാൻ തിരിച്ചു വീട്ടിൽ പോയാലോ എന്നാലോചിച്ചു. എന്നാൽ അവിടെയെങ്ങും ഒരു വണ്ടി കിട്ടാനില്ല. ഒടുവിൽ 3 മണി ആകാറായപ്പോൾ ട്രെയിൻ വന്നു. ആശ്വാസം. അങ്ങനെ സ്വപ്‌ന സാക്ഷാത്കാരമായി രാജധാനിയിൽ കയറിപ്പറ്റി. 


രാവിലെ പല്ലുതേക്കാനായി ബാത്‌റൂമിൽ കയറി. വൃത്തികെട്ട ബാത്റൂം. ഒരു വിധത്തിൽ പല്ലു തേച്ചു വന്നു സീറ്റിൽ ഇരുന്നു. ഇനി ഒരു കാപ്പി കുടിക്കണം. ഭക്ഷണം ടിക്കറ്റ് ചാർജിൽ ഉൾപെട്ടിരിക്കുന്നതു കൊണ്ട് ആരെങ്കിലും കാപ്പി കൊണ്ട് വരുമെന്നു പ്രതീക്ഷിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ഒരാൾ വന്നു കാപ്പിയോ ചായയോ വേണോ എന്ന് ചോദിച്ചു. ഞാൻ ഒരു കാപ്പി ആവശ്യപ്പെട്ടു. അയാൾ ധരിച്ചിരിക്കുന്ന വൃത്തികെട്ട ഒരു കുപ്പായത്തിന്റെ ഇടതു വശത്തുള്ള പോക്കറ്റിൽ നിന്നും കഷ്ടിച്ച് 4 ഔൺസ് പോലും കൊള്ളാത്ത ഒരു ചെറിയ കപ്പ് എടുത്തു നീട്ടി. ഞാൻ അയാളെ നോക്കി. എനിക്ക് കാര്യം പിടികിട്ടിയില്ലെന്ന് അയാൾക്ക്‌ മനസ്സിലായി. അത് പിടിക്കാൻ എന്നോടാവശ്യപ്പെട്ടു. ഞാൻ അത് പിടിച്ചു. അപ്പോൾ അയാൾ കയ്യിലിരുന്ന ഫ്ലാസ്ക്കിൽ നിന്നും ചൂടുവെള്ളം ആ കപ്പിലേക്കു പകർന്നു. എന്നിട്ട് കുപ്പായത്തിന്റെ വലതു വശത്തുള്ള പോക്കറ്റിൽ നിന്നും ഒരു ചെറിയ കോഫി പായ്ക്കറ്റ് എടുത്തു തന്നു. പാലിനു പകരം ക്രീമറിന്റെ മറ്റൊരു പായ്ക്കറ്റും. അയാൾ നടന്നു നീങ്ങി. തന്ന സാമഗ്രികൾ കൊണ്ട് ഞാൻ ഒരു കാപ്പി ഉണ്ടാക്കി കുടിച്ചു. അയാൾ മടങ്ങി വന്നിട്ട് എന്റെ നേരെ കൈ നീട്ടി. എന്ത് വേണം എന്ന് ഞാൻ ചോദിച്ചു. "25 രൂപ" അയാൾ പറഞ്ഞു. ഭക്ഷണം ടിക്കറ്റിൽ ഉൾപ്പെടില്ലേ എന്ന് ഞാൻ ആരാഞ്ഞു. ബ്രേക്ക്ഫാസ്റ്റ് കൊണ്ടുവരുമ്പോൾ അതിന്റെ കൂടെ കാപ്പി തരും. അത് ഫ്രീയാണ്. ഈ കാപ്പിക്ക് പൈസ കൊടുക്കണം എന്ന് പറഞ്ഞു. 
വണ്ടി കാസർഗോഡ് എത്തിയപ്പോഴേക്കും രാവിലെ 9 മണി കഴിഞ്ഞിരുന്നു. ബ്രേക്ക്ഫാസ്റ്റ് എപ്പോൾ കിട്ടുമെന്നു ചോദിച്ചപ്പോൾ രസകരമായ മറുപടിയാണ് വന്നത്. വണ്ടി വൈകി ഓടുന്നതിനാൽ ഓരോ നേരവുമുള്ള ഭക്ഷണവും അത്രയും വൈകുമത്രേ! അയാൾ പറഞ്ഞത് ശരിയായിരുന്നു. പ്രഭാത ഭക്ഷണം കിട്ടിയത് ഉച്ചയോടടുത്തായിരുന്നു. ഉച്ചയ്ക്കത്തെ ഊണ് കിട്ടുമ്പോൾ 4 മണി കഴിയുമെന്നു പറഞ്ഞു. കാരണം ഭക്ഷണം ട്രെയിനിൽ ലോഡ് ചെയ്യാൻ ഓരോ സ്റ്റേഷനിൽ അറേഞ്ച് ചെയ്തിരിക്കുകയാണ്. ട്രെയിൻ അവിടെ എത്തിയെങ്കിലല്ലേ പറ്റൂ! 4:30 നാണ് ഉച്ചഭക്ഷണം ലഭിച്ചത്.
ഭക്ഷണം വൈകുന്നത് എങ്ങനെയെങ്കിലും സഹിച്ചാലും ബാത്റൂമിന്റെ സ്ഥിതി സഹിക്കാവുന്നതിനപ്പുറമായിരുന്നു. ടോയ്‍ലെറ്റുകൾ വിസർജ്ജം കൊണ്ട് നിറഞ്ഞു കിടക്കുന്നു. കംപാർട്മെന്റിലെ ചപ്പു ചവറു മാലിന്യങ്ങൾ അതിനടുത്തായി കൂട്ടിയിട്ടിരിക്കുന്നു. ഇടയ്ക്കു കുറെ മാലിന്യങ്ങൾ ട്രാക്കിലേക്കു വീണു പോകുന്നുണ്ട്. മാലിന്യശേഖരത്തിനുള്ള ഒരു ബിൻ നിറഞ്ഞു കവിഞ്ഞു കിടക്കുന്നു. ഡൽഹി വരെയുള്ള യാത്രയിൽ ഒരിക്കൽ പോലും ബാത്റൂം വൃത്തിയാക്കുകയോ ചപ്പുചവറു മാലിന്യങ്ങൾ നീക്കം ചെയ്യുകയോ ചെയ്‌തില്ല. ഞങ്ങളുടെ കമ്പാർട്മെന്റിൽ എറണാകുളത്തു നിന്നും കയറിയ കോട്ടയംകാരിയായ ഒരു സഹയാത്രിക പറഞ്ഞത്, അവർ ദിവസേന 3 ലിറ്റർ വെള്ളം കുടിക്കുന്നതാണ്. എന്നാൽ  ഇന്ന് ഒരു ഗ്ലാസ്സ് വെള്ളം പോലും കുടിച്ചില്ല. കാരണം വെള്ളം കുടിച്ചാൽ മൂത്രമൊഴിക്കേണ്ടേ എന്നാണ്.
‘Picture Window’ എന്നറിയപ്പെടുന്ന ജനാലയിൽ കൂടി പ്രകൃതി സൗന്ദര്യം ആസ്വദിക്കാമെന്നു ധരിച്ചവർക്കു തെറ്റി. ആ വിൻഡോ ഒരിക്കൽ പോലും ക്‌ളീൻ ചെയ്‌തിട്ടില്ല. മങ്ങീഭവിച്ച ആ ചില്ലിൽ കൂടി കാഴ്ച്ച ആസ്വദിക്കാനോ ഒരു പടമെടുക്കാനോ പോലും സാധിച്ചിച്ചില്ല.
ഉച്ചയ്ക്ക് 12 മണി കഴിയുമ്പോൾ എത്തേണ്ട വണ്ടി ഡൽഹിയിൽ എത്തിയപ്പോൾ 5 മണി കഴിഞ്ഞിരുന്നു. 4 മണിക്ക് അമൃതസറിലേക്കു പോകാൻ ബുക്ക് ചെയ്തിരുന്നത് എനിക്ക് ക്യാൻസൽ ചെയ്യേണ്ടി വന്നതുകൊണ്ട് രണ്ടു ദിവസം കൂടുതൽ ഡൽഹിയിൽ താമസിക്കേണ്ടിയും വന്നു. വാരഫലം നോക്കുന്ന പതിവില്ലാത്തതു കൊണ്ടായിരിക്കാം ധന നഷ്‌ടം, മാനഹാനി, സമയനഷ്ടം ഇതെല്ലാം രാജധാനിയുടെ രൂപത്തിൽ വന്നത് അറിയാതെ പോയത്! ട്രെയിൻ യാത്ര യൂട്യൂബിൽ പോലും കണ്ട് ആനന്ദിക്കുന്നവനായിരുന്നു ഞാൻ. എന്നാൽ ഇപ്പോൾ ട്രെയിൻ യാത്ര എനിക്ക് പേടിസ്വപ്നമായിരിക്കുന്നു. ഡൽഹിയിൽ നിന്നും തിരിച്ചും ബോംബെ വഴി ട്രെയിൻ യാത്ര പ്ലാൻ ചെയ്തിരുന്ന ഞാൻ അതെല്ലാം ക്യാൻസൽ ചെയ്ത് വെറും 6,700 രൂപ ചെലവിൽ മൂന്നു മണിക്കൂർ കൊണ്ട് എയർ ഇന്ത്യയിൽ തിരുവനന്തപുരത്തെത്തി.
ഇപ്പോൾ ഒരു പ്രാർഥനയേ ഉള്ളൂ. ഇനി ഒരിക്കലും ഇന്ത്യയിൽ ഒരു ട്രെയിനിൽ കയറേണ്ട ഗതികേടുണ്ടാകരുതേ! വന്ദേ ഭാരത് ഇതിനൊരു മാറ്റമുണ്ടാക്കുമെന്നു വിശ്വസിക്കാമോ ആവോ?

#NadappathayilInnu

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക