Image

അപ്പങ്ങളെമ്പാടും ഒന്നിച്ചു ചുട്ടമ്മായി ....(ഉയരുന്ന ശബ്ദം-80: ജോളി അടിമത്ര)

Published on 21 April, 2023
അപ്പങ്ങളെമ്പാടും ഒന്നിച്ചു ചുട്ടമ്മായി ....(ഉയരുന്ന ശബ്ദം-80: ജോളി അടിമത്ര)

ഷൊര്‍ണൂരെ അമ്മായിമാര്‍  കാത്തിരിക്കയായിരുന്നു,കുറച്ച് അപ്പങ്ങളൊക്കെ ചുട്ട് ,കൊട്ടയിലാക്കി കൊച്ചിയില്‍ കൊണ്ടുപോയി വിറ്റ് പത്ത് കാശുണ്ടാക്കാന്‍.കെ.റെയില്‍ വന്നാല്‍ കാര്യങ്ങളൊക്കെ ജഹപൊഹ.അമ്മായിമാര്‍ കൂട്ടായി മീറ്റിംഗ് ചേര്‍ന്ന് ടൈംടേബിള്‍ വരെയുണ്ടാക്കി.ബ്രേക്ക്ഫാസ്റ്റ് കഴിച്ചിട്ട് അപ്പം വില്‍ക്കാന്‍ പോയാല്‍ ഒഴിഞ്ഞ കൊട്ടയും നിറഞ്ഞ കീശയുമായി ഉച്ചയൂണിന്  വീട്ടിലെത്താം.എന്താ അല്ലേ...മനോഹരമായ സ്വപ്നം !.

അതിരാവിലെ എണീക്കണം.പുലര്‍ച്ചെ നാലു മണിക്ക് അലാറം വച്ച് എണീറ്റാല്‍ നേരെ അടുക്കളയിലേക്ക്.കുളിയൊക്കെ പിന്നെ മതി.അപ്പോഴേക്കും വൈകുന്നേരം കുഴച്ചുവച്ച മാവൊക്കെ പാകത്തിന്  പുളിച്ച് പൊന്തിയിട്ടുണ്ടവും. കള്ളു ചേര്‍ത്ത് കുഴയ്ക്കണോ,യീസ്റ്റു മതിയോ എന്നുള്ള അങ്കലാപ്പ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ചിരുന്നു.കള്ളിന് വിലയേറും,അപ്പം വില്‍പ്പന ലാഭകരമാവില്ല.പിന്നെ വ്യാജക്കള്ള് അറിയാതെ ചേര്‍ത്ത് അപ്പം ഉണ്ടാക്കി ആര്‍ക്കെങ്കിലും വയറ്റിളക്കമോ ചര്‍ദ്ദിയോ ഉണ്ടായാല്‍ കച്ചവടം പൂട്ടും.അതുകൊണ്ട് യീസ്റ്റാണ് എന്തുകൊണ്ടും നല്ലത് എന്ന് ചര്‍ച്ചയ്ക്കു നേതൃത്വം നല്‍കിയ മഹിളാമണി കാര്യകാരണസഹിതം  വ്യക്തമാക്കി.യീസ്റ്റ് മൊത്തവിലയ്ക്ക് കിട്ടാനുള്ള ഏര്‍പ്പാടും ചെയ്തിട്ടാണ് അവര്‍ പോയത്.പാലപ്പം വേണോ,വെള്ളയപ്പം വേണോ എന്ന കാര്യത്തിലും തര്‍ക്കം ഉണ്ടായി.കച്ചവടത്തിന്റെ പോക്കനുസരിച്ച് മാറ്റിപ്പിടിക്കാം എന്ന തീരുമാനത്തില്‍ ആ തര്‍ക്കവും പരിഹരിക്കാനായി. പത്ത് അപ്പച്ചട്ടിയെങ്കിലും വാങ്ങണം .എന്നാലെ അപ്പം വേഗത്തില്‍ ചുട്ടെടുക്കാനാവുള്ളു.ഇരുമ്പ് ചട്ടിയാണെങ്കില്‍ ഒട്ടിപ്പിടിക്കും,നോണ്‍സ്റ്റിക്ക് മതിയെന്നും മഹിളാമണി ബുദ്ധി ഉപദേശിച്ചിരുന്നു.അരി നിലവാരമുള്ളത് തന്നെ വാങ്ങണം.സര്‍ക്കാരിന്റെ റേഷനരി കൊണ്ട് അവനവന്റെ വീട്ടിലേക്കുള്ള അപ്പം ചുട്ടാല്‍ മതി.വെളിയില്‍ വില്‍ക്കാന്‍ ഒന്നാന്തരം അരി തന്നെ വാങ്ങണം.തേങ്ങപ്പാല്‍ ചേര്‍ക്കുന്നതില്‍ തെല്ലും പിശുക്കു വേണ്ട,ലേശം ചോറു ചേര്‍ത്ത് മാവരച്ചാല്‍ നല്ല മാര്‍ദ്ദവം മാത്രമല്ല പൊലിപ്പും കിട്ടും തുടങ്ങിയ പൊടിക്കൈകളും പഠിപ്പിച്ചിട്ടാണ് അവര്‍ മടങ്ങിയത്.അപ്പത്തിനൊപ്പമുള്ള സ്റ്റ്യൂ മറ്റൊരു കുടുംബശ്രീ യൂണിറ്റ് ഉണ്ടാക്കിയാല്‍ സമയം ലാഭം,അദ്ധ്വാനവും ലാഭം .പരസ്പര സഹായ സഹകരണമാണല്ലോ ലക്ഷ്യം. പിന്നെ അപ്പം ചുടുമ്പോള്‍ ടെന്‍ഷന്‍ ഒഴിവാക്കാനും റിലാക്‌സാവാനും ഒരു പാട്ടു പാടുന്നത് എന്തുകൊണ്ടും നല്ലതാണ്.

           ഏതു പാട്ടു വേണമെന്നതില്‍ ഇത്തിരി തര്‍ക്കം ഉണ്ടായി.അറുപതു കഴിഞ്ഞ സരോജനിയമ്മ '' ദൈവമേ,കൈ തൊഴാം ,കേള്‍ക്കുമാറാകേണം ,പാവമാം ഞങ്ങളെ കാത്തു കൊള്ളേണമേ...''എന്ന പാട്ടാണ് അതു നല്ലത് എന്ന് പ്രസ്താവിച്ചെങ്കിലും അപ്പത്തെ ദൈവവുമായി ബന്ധിപ്പിക്കേണ്ടന്നു ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.

ചര്‍ച്ച സജീവമാകണമെങ്കില്‍ തര്‍ക്കം നല്ലതാണല്ലോ. ഐകകണ്‌ഠേന ഏവരും കൈയ്യടിച്ചത് 'അപ്പങ്ങളെമ്പാടും ഒന്നിച്ചു ചുട്ടമ്മായി ,അമ്മായി ചുട്ടത് മരിമോനിക്കായി ' ,എന്ന സിനിമപ്പാട്ടാണ്.ആ പാട്ട് നിരവധി തവണ അവര്‍ മൊബൈലില്‍ കേട്ടുപാടിപ്പാടി  പരിശീലിക്കയും ചെയ്തു.പിന്നെ നല്ലയിനം ഈറ്റയുടെ കുട്ട വയനാട്ടില്‍പോയി വാങ്ങണം.അപ്പം നിരത്തി വാഴയിലകൊണ്ട് മൂടിമറച്ച് കൊണ്ടുപോകണം.കൈയ്യുറയിട്ടേ അപ്പം എടുത്തു കൊടുക്കാവൂ.തിരക്കുള്ള ജംഗ്ഷനില്‍ അപ്‌നാ അപ്നാ വില്‍ക്കണോ,അതോ ഹോട്ടലുകാര്‍ക്കു കൊടുക്കണോ എന്നൊക്കെയുള്ള  സംശയങ്ങള്‍ക്ക് ഉത്തരം പിന്നാലെ വരും,ഏതായാലും പാട്ടുപാടി അപ്പമുണ്ടാക്കി  പഠിച്ചോ എന്നായിരുന്നു ഉത്തരവ്.ഇനി കെ.റെയില്‍ വന്നുകിട്ടിയാല്‍  മതി.അതിനുള്ള കാത്തിരിപ്പായിരുന്നു കഴിഞ്ഞയാഴ്ച്ച വരെ.ഒക്കെ മുടിച്ചു തേച്ചുകഴുകി.

സില്‍വര്‍ കാറ്റില്‍പ്പറത്തി കൂകിപാഞ്ഞു വന്നത് വന്ദേ ഭാരത് !.
           
         കെ.റെയിലില്‍  കൊച്ചിയില്‍ അപ്പം കൊണ്ടുപോയി വില്‍ക്കാമെന്നു  പറഞ്ഞ  നേതാവ് കൊച്ചിയിലെ പെണ്ണുങ്ങളെ അപമാനിക്കയായിരുന്നില്ലേ എന്നു ബഹളം വച്ചവരും ഉണ്ട്.കൊച്ചിക്കാര്‍ക്കെന്താ അപ്പം ഉണ്ടാക്കാനറിയില്ലേ,കൂറ്റനാട്ടുകാര്‍ക്കേ അതറിയുള്ളോ എന്നൊക്കെ പിന്തിരിപ്പന്‍ വര്‍ത്തമാനം പറഞ്ഞ വികസനവിരുദ്ധ മൂരാച്ചികളെ അവഗണിക്കയാണ് ബുദ്ധി എന്ന് നിര്‍ദ്ദേശം വന്നതുകൊണ്ട് ആ ഒച്ചപ്പാട് കെട്ടടങ്ങി.

       പുതിയ തീവണ്ടി കൂവിപാഞ്ഞു തുടങ്ങും മുമ്പേ   എവിടെയും ഇപ്പോള്‍ വിമര്‍ശനങ്ങളും പരിഹാസങ്ങളും വിലയിരുത്തലുകളുമാണ്. പുതുതായി എന്തുകാര്യം ഉണ്ടായാലും കേരളം ഇങ്ങനെയാണ്.വന്ദേ ഭാരതത്തിന്റെ സ്പീഡും ടൈമിംഗും ചാര്‍ജുമൊക്കെയാണ് തലനാരിഴകീറി വിലയിരുത്തുന്നത്.ലോകോത്തര നിലവാരമുള്ള ഒരു ട്രെയിന്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ കഴിഞ്ഞതും വിജയകരമായി പല സംസ്ഥാനങ്ങളില്‍ കൂകിപ്പായുന്നതും കണ്ടിട്ടും കേരളക്കാര്‍ മുഖം തിരിച്ചു നില്‍പ്പാണ്.കെ.റെയിലായാലും വന്ദേ ഭാരത് ആയാലും കേരളത്തിലെ സാധാരണക്കാരന് അതുകൊണ്ട് വലിയ മെച്ചമുണ്ടാകാന്‍ പോണില്ല.അതിന്റെ ടിക്കറ്റ് ചാര്‍ജ്ജ് സാധാരണക്കാരന് താങ്ങാന്‍ പറ്റില്ലെന്നതുതന്നെ കാരണം.അത്യാവശ്യസമയങ്ങളില്‍ കയറിപ്പോകാമെന്നു മാത്രം.എന്നും യാത്ര ചെയ്യാന്‍ ഇവ രണ്ടും തുണയ്ക്കില്ലെന്നു സാരം.പഴക്കം ചെന്ന റെയിലില്‍ ,എങ്ങനെ 130 കി.മി സ്പീഡില്‍ വന്ദേ ഭാരത് മിന്നല്‍പ്പോലെ പായും.തമിഴ് നാട്ടിലൂടെ പായുന്ന വന്ദേ ഭാരതിന് മൂന്നേമൂന്നു സ്റ്റോപ്പ് മാത്രം അനുവദിച്ചപ്പോള്‍ കേരളത്തിന് മുട്ടിനു മുട്ടിന് സ്‌റ്റോപ്പു വേണമെന്നു നിര്‍ബന്ധം.സ്പീഡ് കുറയരുതു താനും.എന്നാപ്പിന്നെ  പാസഞ്ചര്‍ തീവണ്ടി  സ്പീഡിലോടിച്ചാല്‍ പോരെയെന്ന് സംശയിച്ചുപോയാല്‍ കുറ്റമാണോ.ഇതിപ്പോ,പട്ടി കച്ചി തിന്നുകയുമില്ല,പശുവിനെക്കൊണ്ട് തീറ്റിയ്ക്കുകയുമില്ല എന്ന പഴമൊഴിപോലെ..
             കൊള്ളാവുന്ന ഒരു ട്രെയിന്‍ നമ്മുടെ നാട്ടിലൂടെ ഒന്നോടട്ടെന്നേ.വൈകൃതസാഹിത്യവും അശ്‌ളീലചിത്രങ്ങളും കുത്തിവരഞ്ഞ , മൂത്രം നാറുന്ന ടോയ്‌ലറ്റുകളും ഈച്ചയാര്‍ക്കുന്ന കമ്പാര്‍ട്ടുമെന്റുകളും ഭിക്ഷക്കാരുടെ ശല്യവും മാത്രമാണ് നമ്മള്‍ക്കു പഥ്യം.വിനോദസഞ്ചാരികളെ മാടി വിളിക്കുന്ന കേരളം  മുന്തിയ യാത്രാ സൗകര്യം അവര്‍ക്ക് ഉറപ്പാക്കേണ്ടേ.വൃത്തിഹിനമായ നമ്മുടെ തീവണ്ടികളില്‍ സഞ്ചരിക്കുന്ന ലോകസഞ്ചാരികള്‍ കേരളത്തിന്റെ നിലവാരത്തെ വിലയിടുകയാണെന്നത് മറക്കുന്നു.പോക്കറ്റില്‍ കാശുള്ളവന്‍ വന്ദേ ഭാരതില്‍ കയറിപ്പോകട്ടെ.കെ.റെയില്‍ വന്നാലും ഇതേ ടിക്കറ്റ് ചാര്‍ജ്ജ് തന്നെയായിരിക്കും.പിന്നെ സീസണ്‍ ടിക്കറ്റുകാരനും സാദാ യാത്രക്കാരനും കീശയ്ക്ക് കനം കുറഞ്ഞവനും ഇങ്ങനെ ബഹളം വച്ചിട്ടെന്തു കാര്യം.നമ്മുടെ നാട്ടിലൂടെ രാജധാനി എക്‌സ്പ്രസ്സ്   വര്‍ഷങ്ങളായി ഓടുന്നുണ്ടല്ലോ..എത്രപേര്‍ ആ തീവണ്ടി സൗകര്യം ഉപയോഗിച്ചിട്ടുണ്ട്.താരതമ്യേന ചെലവു കുറഞ്ഞ ഗരീബ് രഥില്‍പോലും കയറാത്തവര്‍ ഇതിപ്പോ ചുമ്മാ കിടന്ന്ഒച്ച വയ്ക്കുന്നു. കെ.റെയില്‍ വരാന്‍ ഇനി എത്ര വര്‍ഷം ജനം കാത്തിരിക്കണം.ഇന്നത്തെയുവാക്കള്‍ വൃദ്ധരായാലും ആ തീവണ്ടിസ്വപ്‌നം സാക്ഷാത്കരിക്കുമോ ?സംശയമാണ്.
    കെഎസ്ആര്‍ടിസി എന്ന മഹത്തായ പ്രസ്ഥാനത്തെ മുടിപ്പിച്ച് തേച്ചുകഴുകിയിട്ട് നില്‍ക്കുകയാണ് .മരുന്നിനും കുഞ്ഞുങ്ങള്‍ക്ക് ഒരു പാക്കറ്റ് പാല്‍ വാങ്ങാന്‍പോലും കാശില്ലാത്ത ഗതികേട്..കൂലിയില്ലാതെ പണിചെയ്ത് നരകിച്ച്,പട്ടിണികിടക്കുന്ന തൊഴിലാളികളുടെ കണ്ണീര്‍ വീണ കേരളം.പെന്‍ഷന്‍പോലും മുടങ്ങുന്നു.റിട്ടയര്‍ ചെയ്യുന്നവര്‍ക്കു  ബെനിഫിറ്റ്‌സിനു പകരം വാഗ്ദാനങ്ങളുടെ പെരുമഴ മാത്രം.ഗതികെട്ട് ആത്മഹത്യ ചെയ്യുന്നവരും യൂണിഫോമില്‍ പ്രതിഷേധബാഡ്ജ് ധരിച്ച് ജോലിക്കെത്തിയവരും കെഎസ്ആര്‍ടിസിയുടെ പരിതാപകരമായ അവസ്ഥ ലോകത്തോട് വിളിച്ചു പറഞ്ഞു.മാസങ്ങളായി ജോലിചെയ്യുന്നവര്‍ക്ക്  ശമ്പളം നല്‍കാനാവാത്തവരാണ്  സില്‍വര്‍ലൈന്‍ മേനി വിളിച്ചു പറയുന്നത്. ഏറ്റെടുക്കുന്ന സ്ഥലത്തിന് നഷ്ടപരിഹാരം നല്‍കാന്‍ കൈയ്യില്‍  കാശില്ല.കുടിയിറക്കപ്പെടുന്നവന് അന്തിയുറങ്ങാന്‍ ഇടമില്ലാത്ത ഗതികേട്.നഷ്ടപരിഹാരം നല്‍കാന്‍ വൈകുന്തോറും തെരുവിലാക്കപ്പെട്ടവന്‍ അലഞ്ഞുനടക്കേണ്ട സ്ഥിതി. കേരളത്തെ  നീളത്തില്‍ രണ്ടായി വെട്ടി മുറിക്കുന്ന ആപല്‍ക്കരമായ അവസ്ഥ .വെള്ളക്കെട്ടിന്റെ ഭീഷണി.വന്ദേ ഭാരതിന്റെ വരവോടെ ഇതിനൊക്കെ തീര്‍പ്പായി.മഞ്ഞക്കുറ്റിയെ എതിര്‍ത്തവര്‍ പിരിമുറുക്കം ഒഴിഞ്ഞവരായി.ആശ്വാസം,ആഹ്‌ളാദം..
         കണ്ണൂര്‍ നിന്നും കോഴിക്കോട്ടുനിന്നും കൊച്ചിയില്‍നിന്നും തിരുവനന്തപുരത്തേക്ക് കണ്ണടച്ചുതുറക്കുംമുമ്പേ എത്തണമെന്നുള്ളവര്‍ക്ക് വിമാനസര്‍വ്വീസിനെ ആശ്രയിക്കാനുള്ള സൗകര്യം ഇപ്പോള്‍ത്തന്നെ ഉണ്ടല്ലോ.എന്തിനാണ് പിന്നെ വന്നുകിട്ടുന്ന കൊള്ളാവുന്ന ഒരു ട്രെയിനിനു നേരെ അമര്‍ഷം കൊള്ളുന്നത്.സൗകര്യമുള്ളവന്‍ കയറിപ്പോട്ടെന്നേ.ഇല്ലാത്തവന്‍ മുറുമുറുത്തിട്ടെന്തു കാര്യം.
പിന്നെ,വന്ദേ ഭാരത് വന്നത് ആരും മുന്‍കൂട്ടി അറിഞ്ഞില്ല എന്നത് പലരെയും വല്ലാതെ വേദനിപ്പിച്ചു.ബിജെപിക്കാര് റെയില്‍വേ സ്‌റ്റേഷനുകളില്‍ പ്രതീകാത്മകമായി അപ്പം വിതരണം ചെയ്തപ്പോള്‍ ,അവര്‍ ആര്‍ത്തു വിളിച്ചപ്പോ പലരുടെയും മനസ്സ് തകര്‍ന്നു.രാഷ്ട്രീയ വിദ്വേഷങ്ങള്‍ മറന്ന് ഒറ്റക്കെട്ടായി അവര്‍ പ്രതിഷേധിച്ചു. ബിജെപിക്കാരുടെ തറവാടുസ്വത്തല്ലല്ലോ,കേരളത്തിന്റെ വിഹിതമല്ലേ വന്ദേ ഭാരത് എന്നൊക്കെ മുറുമുറുത്തവരും ഏറെ.മുന്‍കൂട്ടി അറിയിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസ്സുകളും കമ്മ്യൂണിസ്റ്റുകളും ചേര്‍ന്ന് തീവണ്ടിയ്ക്ക് പൂമാല ചാര്‍ത്താനെത്തുമായിരുന്നെന്ന സ്വപ്‌നമൊന്നും ഉച്ചയ്ക്ക് ഒരുനേരമെങ്കിലും ചോറുണ്ണുന്ന കേരളക്കാരനില്ല.കാരണം ചിലകാര്യങ്ങളിലെങ്കിലും അവര്‍ക്കിടയില്‍ അന്തര്‍ധാര സജീവമാണല്ലോ..അതുകൊണ്ടുതന്നെ തീവണ്ടിയുടെ മാനം ബിജെപിക്കാര്‍ കാത്തു.കുറച്ചു ജയ് വിളികളും ആള്‍ക്കൂട്ടവും ആരവാരവും കണ്ട് മനംകുളുര്‍ത്ത് ,തീവണ്ടി ഭാരതത്തിന്റെ തെക്കോട്ടു വലതുകാല്‍ വച്ചു.പറയാതെ വയ്യാ,ഒരു നവവധുവിനെപ്പോലെ സുന്ദരിയായിരുന്നു ആദ്യകാഴ്ചയില്‍ വന്ദേ ഭാരത്  !.നല്ല മുഖശ്രീ,ഒതുക്കമുള്ള ശരീരഘടന..ഇതുവരെ നമ്മുടെ മുന്നിലെത്തിയത് ചതുരമുഖവും താടകയുടെ ആകാരവും ഒരുമാതിരി വല്ലാത്ത നിറവുമുള്ളവയുമായിരുന്നല്ലോ.ഇതിപ്പോ പുതുപ്പെണ്ണിനെക്കണ്ട പുയ്യാപ്‌ളയുടെ ഹാലിളക്കമായി കേരളക്കാര്‍ക്ക്.. പ്രധാനമന്ത്രി അടുത്തയാഴ്ച ഫ്‌ളാഗ് ഓഫ് ചെയ്യുന്നതോടെ 14-മത്തെ വന്ദേ ഭാരത് നാളീകേരത്തിന്റെ നാട്ടിലൂടെ കൂകിപ്പായും..തിരഞ്ഞെടുപ്പു മുന്നില്‍കണ്ടാണോ കേരളത്തെ സ്‌നേഹിച്ചാണോ  വന്ദേ ഭാരത് നമ്മള്‍ക്കു സമ്മാനിച്ചതെന്ന ചിന്തകളെക്കൊണ്ട്  തലപുകയ്ക്കാന്‍  അനുവദിക്കരുത്.ദീപസ്തംഭം മഹാശ്ചര്യം ,നമുക്കും കിട്ടണം...
 
വാല്‍ക്കഷണം-അപ്പങ്ങളെമ്പാടും ഒന്നിച്ചു ചുട്ടാലും ഒറ്റയ്ക്ക് ചുട്ടാലും ശരി അമ്മായിമാര്‍ 'ബ്രേക്ക് ഫാസ്റ്റ് 'കഴിച്ച് കൊട്ടനിറയെ അപ്പവുമായി കെ.റെയിലിലായാലും വന്ദേഭാരതിലായാലും ശരി കൊച്ചിയില്‍ പോയി വിറ്റിട്ട് ലഞ്ചിന് വീട്ടിലെത്താമെന്നുള്ള പൂതി വാങ്ങിവച്ചേരെ.അപ്പം വിറ്റ കാശു മുഴുവന്‍ കൊടുത്താലും ടിടിആര്‍ പറയുന്ന ഫൈനടയ്ക്കാന്‍ തികയില്ല.നമ്മള്‍ക്കു വിധി നമ്മടെ സാദാ എക്‌സ്പ്രസ്സും പാസഞ്ചറും തന്നെയാ..ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് ...

#Appam_Article_jollyAdimathra

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക