Image

ക്രിസ്ത്യൻ -ബിജെപി കൂട്ടുകെട്ട് അഭികാമ്യമോ? (നടപ്പാതയിൽ ഇന്ന്- 70: ബാബു പാറയ്ക്കൽ)

Published on 22 April, 2023
ക്രിസ്ത്യൻ -ബിജെപി കൂട്ടുകെട്ട് അഭികാമ്യമോ? (നടപ്പാതയിൽ ഇന്ന്- 70: ബാബു പാറയ്ക്കൽ)

ഈയിടെയായി രാഷ്ട്രീയ പാർട്ടി നേതാക്കൾ അഹമഹമിയാ ക്രിസ്ത്യൻ അരമനകൾ നിരങ്ങുന്ന കാഴ്ചയാണ് കാണുന്നത്. ഇതിനെപ്പറ്റി മാധ്യമങ്ങൾ അവരവരുടെ കാഴ്ചപ്പാടനുസരിച്ചു പൊടിപ്പും തൊങ്ങലും വച്ച് വിളമ്പാറുമുണ്ട്. ഈ ഘോഷയാത്രയ്ക്ക് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ക്രിസ്ത്യൻ ദേവാലയം സന്ദർശിച്ചതാണ്. ക്രിസ്ത്യാനികളോട് ഇപ്പോൾ എന്താണ് ബിജെപി ക്ക് ഒരു പ്രത്യേക സ്നേഹം? ഈ നടപടിയെ നിശിതമായി വിമർശിച്ചുകൊണ്ട് യു ഡി എഫ് മുന്നണിയും എൽ ഡി എഫ് മുന്നണിയും രംഗത്ത് വന്നു. തുടർന്ന് അവർ ക്രിസ്ത്യൻ മത നേതാക്കളുടെ അരമന കയറി ഇറങ്ങി 'നമ്മൾ ഒന്നാണ്' എന്ന് ഫോട്ടോ സഹിതം വിളംബരം ചെയ്‌തു. ഇതിനിടയിൽ ഉത്തരേന്ത്യയിൽ ക്രിസ്ത്യൻ പള്ളികൾ ആക്രമിക്കപ്പെടുകയും വൈദികരെയും പാസ്റ്റർമാരെയും പീഡിപ്പിക്കയും കൊല ചെയ്യുകയും ചെയ്തതിന്റെ വാർത്തകളും ചിത്രങ്ങളും ചിലർ തുരുതുരാ പുറത്തു വിടുകയും ചെയ്‌തു. ഗ്രഹാം സ്റ്റെയിൻസിന്റെ കഥയും സ്റ്റാൻ സ്വാമിയുടെ കഥയും വിവരിച്ചുകൊണ്ട് ടീവി ചർച്ചയിൽ സിപിഎം നേതാവ് വിങ്ങിപ്പൊട്ടുക വരെ ചെയ്‌തു. ഇതൊക്കെ ചെയ്‌ത, ഇപ്പോഴും ക്രിസ്ത്യാനികളെ പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന, ബിജെപിയുമായി എങ്ങനെ ക്രിസ്ത്യാനികൾക്ക് സമരസപ്പെടുവാനാകുന്നു എന്ന് പലരും അത്ഭുതപ്പെടുകയുണ്ടായി. എന്നാൽ ഇവരെയൊക്കെ അത്ഭുതപ്പെടുത്തിക്കൊണ്ട് ചില ക്രിസ്ത്യൻ ബിഷപ്പുമാർ ബിജെപിയെ അനുകൂലിച്ചു സംസാരിച്ചത് പലരെയും ഞെട്ടിച്ചു. അണികളുടെ പൾസ്‌ അറിയാതെ ഇവർക്ക് എങ്ങനെ ഇങ്ങനെ പ്രതികരിക്കാനാവും? ഉത്തരേന്ത്യയിലും ഇന്ത്യയുടെ കിഴക്കൻ പ്രദേശങ്ങളിലും ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെടുന്നു. ബലമായ മതപരിവർത്തനം നടത്തിയതായി ആരോപിച്ചു പല വൈദികരുടെയും പേരിൽ കേസുകൾ ചാർജ് ചെയ്‌തിട്ടുണ്ട്‌. ഇങ്ങനെ മതപരിവർത്തനം നടത്തിയവരാണെന്ന കാരണം പറഞ്ഞു ബിജെപിയുടെയോ പോഷക സംഘടനകളുടെയോ കുട്ടി നേതാക്കൾ ഇവരെ കൂട്ടമായി 'ഘർ വാപസി' ബലമായി നടത്തുകയുണ്ടായി. ഇതിന് ഇവർക്ക് പൂർണ്ണമായ പോലീസ് സംരക്ഷണവുമുണ്ട്. ഇങ്ങനെ ന്യൂന പക്ഷത്തിനു ഭീഷണിയായ ബിജെപിയെ ക്രിസ്ത്യൻ ദേവാലയത്തിലേക്ക് സ്വാഗതം ചെയ്യേണ്ട ആവശ്യം എന്താണ്? ഇത്രയൊക്കെ ഉപദ്രവം ഉണ്ടായിട്ടും ക്രിസ്ത്യാനികൾ എന്തുകൊണ്ട് ബിജെപിയോട് അടുക്കുന്നു, അഥവാ, അടുക്കാൻ താത്പര്യപ്പെടുന്നു? ഇതാണ് ബിജെപിയുമായി ക്രിസ്ത്യൻ സഭകൾ അടുക്കുന്നതിനെ എതിർക്കുന്നവർ ചോദിക്കുന്നത്. എന്നാൽ ഇതിനു മറുവശത്തും ആളുകൾ കൂട്ടമായിത്തന്നെയുണ്ട്. അവരുടെ ആശങ്ക കൂടി നോക്കാം.

കേരളത്തിൽ എന്ന് മുതലാണ് ഈ മത ജാതീയ ധ്രുവീകരണം സംജാതമായത്? നൂറ്റാണ്ടുകളായി ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഒരു പ്രശ്‌നവുമില്ലാതെ സോദരത്വേന വാഴുന്ന നാടായിരുന്നു കേരളം. ഹിന്ദുക്കൾക്ക് മഹാ മഹാഭൂരിപക്ഷം ഉണ്ടായിരുന്ന നാടായിരുന്നെങ്കിലും അവർ മറ്റു മതങ്ങളെ ഒരിക്കലും ഭീഷണിപ്പെടുത്തിയിരുന്നില്ല. എന്ന് മാത്രമല്ല, കേരളത്തിലെ പല ക്രിസ്ത്യൻ/മുസ്ലിം ദേവാലയങ്ങളും സ്ഥിതി ചെയ്യുന്നത് ഹിന്ദുക്കൾ ദാനമായി കൊടുത്ത ഭൂമിയിലാണ്. പുരാതനമായ പല ക്രിസ്ത്യൻ ദേവാലയങ്ങളിലും പെരുന്നാളിന് പ്രദക്ഷിണം പോകുമ്പോൾ അതിൻറെ മുൻപിൽ വിളക്ക് പിടിച്ചുകൊണ്ടു നടക്കുന്നത് ഹൈന്ദവ തറവാടുകളിലെ അംഗങ്ങളാണ്. ഇത്രയധികം ഐക്യത്തിലും സ്നേഹത്തിലും കഴിഞ്ഞിരുന്ന കേരളത്തിലെ സമുദായങ്ങൾക്കിടയിൽ ആരാണ് വിള്ളൽ വീഴ്ത്തിയത്?

മുൻപ് ഹിന്ദുക്കൾക്ക് വൻ ഭൂരിപക്ഷമുണ്ടായിരുന്ന പല പ്രദേശങ്ങളിലും മറ്റു മതവിഭാഗങ്ങൾ ത്വരിതഗതിയിൽ വളരുകയും ഹിന്ദുക്കളുടെ ഭൂരിപക്ഷം ഗണ്യമായി കുറയുകയും ചെയ്‌തു. ബലമായ മതപരിവർത്തനവും സാമൂഹ്യ കലാപങ്ങളും ഇതിനു കാരണമായിട്ടുണ്ട്. പിന്നീട് മുഖ്യമായും മലബാർ പ്രദേശത്തു മുസ്ലിം വിഭാഗവും മധ്യതിരുവിതാംകൂർ പ്രദേശത്തു ക്രിസ്ത്യൻ വിഭാഗവുമാണ് ശക്തി പ്രാപിച്ചത്. എന്നാൽ ആഗോള തലത്തിൽ മത തീവ്രവാദം ശക്തി പ്രാപിക്കയും അതിന്റെ അനുരണനങ്ങൾ കേരളത്തിൽ പ്രതിഫലിക്കയും ചെയ്‌തപ്പോൾ ഊട്ടിയുറപ്പിക്കപ്പെട്ടിരുന്ന മത സൗഹാർദ്ദം ആടിയുലഞ്ഞു തുടങ്ങി. രാഷ്ട്രീയ പാർട്ടികൾ വോട്ടു ബാങ്ക് ലക്ഷ്യമാക്കി മത തീവ്ര വാദത്തിനെതിരേ കണ്ണടച്ചതോടെ ഒന്നിനെയും ഭയപ്പെടേണ്ട ആവശ്യമില്ലെന്നു മനസ്സിലാക്കിയ വിഘടിത വിഭാഗം വിധ്വംസക പ്രവർത്തനങ്ങളിലൂടെ ശക്തി പ്രാപിച്ചു. 

മദ്ധ്യ പൗരസ്ത്യ ദേശത്തു പടർന്നു പിടിച്ച തീവ്രവാദത്തിന്റെ കലാപ കലുഷിതവും കിരാതവുമായ മുന്നേറ്റത്തിൽ സഹസ്രാബ്‌ദങ്ങളായി അവിടെയുണ്ടായിരുന്ന ക്രിസ്ത്യൻ ജനതതിയായിരുന്നു ഇരയാക്കപ്പെട്ടവർ. അവിടെ നടന്ന കൂട്ടക്കൊലകൾ ലോക മനഃസാക്ഷിയെ ഞെട്ടിച്ചുവെങ്കിലും സ്വാർഥ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ മാത്രം ശ്രദ്ധിച്ച വൻ ശക്തികൾ ത്വരിത ഗതിയിൽ അവിടെ ഇടപെടുവാൻ തയ്യാറായില്ല. ഫലമോ, അവിടത്തെ ക്രിസ്ത്യൻ ജനസംഖ്യ തുടച്ചു നീക്കപ്പെട്ടു. എന്നാൽ,ആഗോള ഇസ്ലാമികവത്കരണത്തിന്റെ ഭാഗമായി കണക്കു കൂട്ടിത്തന്നെ ദശ ലക്ഷക്കണക്കിന് മുസ്ലിങ്ങൾ യൂറോപ്പിലേക്കും മറ്റു പല ക്രിസ്ത്യൻ രാജ്യങ്ങളിലേക്കും അഭയാർഥികളായി കടന്നു ചെന്നു. അവരെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചവർക്കു തെറ്റി. അധികം കഴിയുന്നതിനു മുൻപ് തന്നെ പാല് കൊടുത്ത കൈക്ക് അവർ കൊത്തി. അവിടെയൊക്കെ തീവ്രവാദത്തിന്റെ വിത്തുകൾ അവർ അതിവേഗം വളർത്തിയെടുക്കുവാൻ തുടങ്ങി. 

ഇതിനിടയിലാണ് ചില മുസ്ലിം മത നേതാക്കൾ 'നമ്മൾ അല്പം ശ്രദ്ധിച്ചാൽ അടുത്ത 10 വർഷത്തിനകം കേരളം ഒരു ഇസ്ലാമിക രാഷ്ട്രം ആക്കി മാറ്റുവാൻ സാധിക്കും' എന്ന് പരസ്യമായി പ്രഖ്യാപിച്ചത്. ഇത് കേട്ട് കേരളത്തിലെ ക്രിസ്ത്യാനികളും ഹിന്ദുക്കളും ഞെട്ടിയതിൽ അതിശയമില്ലല്ലോ. ഇറാഖിലെയും സിറിയയിലെയും ക്രിസ്ത്യാനികളുടെ അവസ്ഥ കേരളത്തിലെ ക്രിസ്ത്യാനികൾക്കും താമസിയാതെ വന്നു ഭവിക്കും എന്ന സത്യം അവരെ അലട്ടി. അതിനിടയിൽ കുറെ മുസ്ലിം യുവാക്കൾ പല ക്രിസ്ത്യൻ ദേവാലയങ്ങളിലെയും സ്‌തൂപങ്ങൾ നശിപ്പിക്കയും കുരിശിനു മുകളിൽ കയറി നിന്ന് ഫോട്ടോ എടുത്തു സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്‌തു. ഇതിനെതിരെയൊന്നും കാര്യമായ യാതൊരു നടപടിയും സർക്കാരിൽ നിന്നുണ്ടായില്ല. മുസ്ലിം തീവ്രാവാദത്തെ വിമർശിക്കുന്നവരൊക്കെ 'ഇസ്ലാമോഫോബിയ'യുടെ അടിമകളാണെന്നു ചാപ്പ കുത്തപ്പെട്ടു.     
1600 ൽ പരം വർഷം ക്രിസ്ത്യൻ ദേവാലയമായിരുന്ന ടർക്കിയിലെ 'ഹാഗിയാ സോഫിയ' മുസ്ലിം ദേവാലയമായി അവിടത്തെ മുസ്ലിം ഭരണാധികാരി മാറ്റിയപ്പോൾ ലോകം മുഴുവൻ ജാതി മത ഭേദമെന്യേ ആ തീരുമാനത്തെ വിമർശിച്ചു. എന്നാൽ കേരളത്തിലെ മുസ്ലിങ്ങളുടെ അനിഷേധ്യ നേതാവായ പാണക്കാട് തങ്ങൾ സാഹിബ് അവരുടെ മുഖപത്രത്തിൽ പള്ളി മാറ്റിയതിനെ ശ്ലാഘിച്ചു കൊണ്ട് ലേഖനം എഴുതി സ്വയം നിറം കാണിച്ചു കൊടുത്തു. ഇത് ക്രിസ്ത്യൻ ജനതയെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. 2019 ഏപ്രിൽ 21 നു ശ്രീലങ്കയിൽ മുസ്ലിം തീവ്രവാദികൾ 3 ക്രിസ്ത്യൻ ദേവാലയങ്ങൾ അവരുടെ വിശുദ്ധ ദിനമായ ഈസ്റ്ററിനു ആരാധനാ സമയത്ത് ബോംബ് ചെയ്‌തു നശിപ്പിച്ചു. ആകെ 269 പേർ ആ ബോംബിങ്ങിൽ കൊല്ലപ്പെട്ടിട്ടും കേരളത്തിൽ ഒരു മുസ്ലിം നേതാവും അതിനെ അപലപിച്ചു കണ്ടില്ല. ആലപ്പുഴയിൽ നടന്ന മുസ്ലിങ്ങളുടെ ഒരു ജാഥയിൽ ഒരു കൊച്ചു കുട്ടിയെക്കൊണ്ട് തികച്ചും പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ചു പറയിച്ചിട്ടും ഒരു മുസ്ലിം നേതാവും അവരെ ശാസിച്ചില്ല.
ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രം ആക്കി മാറ്റണം എന്ന് ദൃഢപ്രതിജ്ഞയെടുത്ത് അതിനു വേണ്ടി ഏതു വിധ്വംസക പ്രവർത്തനത്തിലും ഏർപ്പെടാൻ തയ്യാറായി പ്രവർത്തിക്കുന്ന മുസ്ലിം യുവാക്കളുടെ എണ്ണം അനുദിനം വർദ്ധിച്ചു വന്നു. കേരളത്തിലെ കലാലയങ്ങളിൽ ലഹരി മരുന്നിന്റെ ഉപയോഗം അതിശീഘ്രം വളർന്നു വരുന്നത് യുവതലമുറയെ നശിപ്പിക്കുമെന്നു മനസ്സിലാക്കിയ ഒരു ക്രിസ്ത്യൻ ബിഷപ്പ് ഇവിടെയൊരു ലഹരിമരുന്നു വിപ്ലവം അഥവാ 'നാർക്കോട്ടിക് ജിഹാദ്' ഉണ്ടെന്നും അതിൽ വീഴാതെ നിങ്ങളുടെ കുട്ടികളെ സംരക്ഷിക്കണമെന്നും പറഞ്ഞത് ഇവിടത്തെ തീവ്രവാദ ഇസ്ലാമിക് സംഘടനകളെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. 
പരോക്ഷമായി അവർക്കു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി തന്നെ ആ ബിഷപ്പിനെ 'നികൃഷ്ട ജീവി' എന്ന് വിളിക്കയും അദ്ദേഹത്തിന്റെ പേരിൽ കേസെടുക്കുവാൻ തയ്യാറാവുകയും ചെയ്‌തു. തീവ്രവാദ ഇസ്ലാമിക സംഘടനകളുടെ നേതൃത്വത്തിൽ ആ ബിഷപ്പിന്റെ അരമനയിലേക്കു മാർച്ച് നടത്തി. അതിനു പുറമേ കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ നൂറ്റാണ്ടുകളായി ക്രിസ്ത്യൻ സഭകൾ സമൂഹത്തിനു ചെയ്യുന്ന സംഭാവനകൾ കണ്ടില്ലെന്നു നടിച്ച്‌ വിദ്യാഭ്യാസ മേഖലയുടെ സർവാധികാരം മുസ്ലിം സമുദായത്തിനു നൽകുകയും സർക്കാർ ആനുകൂല്യങ്ങൾ 80 ശതമാനവും ഭരണകക്ഷിയുടെ ഒത്താശയോടെ അവർ കയ്യാളുകയും ചെയ്യുന്നത് ക്രിസ്ത്യാനികൾക്ക് കണ്ടുനിൽക്കേണ്ടി വന്നു. അങ്ങനെ സമൂഹത്തിൽ അവഗണിക്കപ്പെടുകയും രണ്ടു മുന്നണികളും മുസ്ലിം സമുദായത്തെ പ്രീണിപ്പിക്കയും ഭരണ കക്ഷിയിൽ നിന്നും യാതൊരു പരിരക്ഷയും ലഭിക്കയുമില്ലെന്നു മനസ്സിലാക്കിയ ക്രിസ്ത്യൻ മത നേതാക്കൾക്ക് ആശ്രയിക്കാൻ കേന്ദ്രമല്ലാതെ ആരുമില്ലാത്ത ഗതികേട് കൈവന്നു.

ഇന്ന്, സ്വർണ്ണ കള്ളക്കടത്തിലോ ലഹരിമരുന്നു കടത്തിലോ തീവ്രവാദത്തിലോ വിശ്വസിക്കാത്ത ക്രിസ്ത്യൻ ഹിന്ദു യുവാക്കൾക്ക് കേരളത്തിൽ യാതൊരു തൊഴിൽ സാധ്യതയുമില്ലെന്നുള്ള സത്യം മനസ്സിലാക്കി അവരൊക്കെ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്ന ദുരവസ്ഥയാണ് കാണുന്നത്. ഈ നിസ്സഹായാവസ്ഥയിൽ വിറങ്ങലിച്ചു നിൽക്കുകയാണ് മതനേതാക്കൾ. അവരെ സംബന്ധിച്ചിടത്തോളം ഇത് നിലനിൽപ്പിന്റെ പ്രശ്നമാണ്. ഇനിയും കേരളത്തിൽ വികസനം കൊണ്ടുവന്നു തൊഴിലവസരങ്ങൾ ഉണ്ടാക്കുവാൻ ബിജെപി ക്കു മാത്രമേ സാധിക്കൂ എന്നവർ വിശ്വസിക്കുന്നു. സമൂഹത്തിനു ഭീഷണിയായ തീവ്രവാദികളെ ഒന്നടങ്കം പൊക്കി ജയിലിൽ ഇട്ട കേന്ദ്രത്തെ ഇവർ അഭിനന്ദിച്ചു. അതുകൊണ്ടെല്ലാം ക്രിസ്ത്യൻ സഭകൾ ബിജെപിയോട് അടുക്കുന്നെങ്കിൽ അവരെ കുറ്റം പറയാനാവുമോ എന്നതാണ് ഒരു വാദഗതി.

എന്നാൽ ഇതിൽ പെടാത്ത ഒരു യാഥാർഥ്യം കൂടിയുണ്ട്. മിക്കവാറും മതനേതാക്കളെല്ലാം പല രീതിയിൽ കളങ്കിതരാണ്. സാമ്പത്തിക ക്രമക്കേടുകളിലും ലൈംഗിക പീഡന കേസുകളിലും പള്ളി വഴക്കുകളിലും പെട്ട് വിവിധ തരം കേസുകൾ കോടതിയിൽ നിലനിൽക്കുന്നവരാണ്. ഇത് സഭകളെ കുറച്ചൊന്നുമല്ല അപകീർത്തിപ്പെടുത്തിയിരിക്കുന്നത്. ഇതിൽ നിന്ന് മുക്തി ലഭിക്കണമെങ്കിൽ കേന്ദ്രം കനിഞ്ഞേ മതിയാവൂ. ‘മോങ്ങാനിരുന്ന നായയുടെ തലയിൽ തേങ്ങാ വീണു’ എന്ന് പറഞ്ഞതുപോലെയാണ് ഇവരെ പ്രകോപിപ്പിക്കാൻ മുസ്ലിം തീവ്രവാദ സംഘടനകൾ സർക്കാരിന്റെ ഒത്താശയോടെ ശ്രമിക്കുന്നത്. 

എന്തുതന്നെയായാലും കേരളത്തിലെ ക്രിസ്ത്യാനികളുടെ ഇപ്പോഴത്തെ അവസ്ഥയിൽ ബിജെപിയോട് ഭ്രഷ്‌ട്‌ കൽപിച്ചു നിൽക്കുന്നത് ആത്മഹത്യാപരമാണ്. ഏതായാലും നൂറ്റാണ്ടുകളായി ഈ ഹിന്ദുക്കളുടെ കൂടെ ജീവിച്ചിട്ട് ക്രിസ്ത്യാനികളും മുസ്ലിങ്ങളും സുരക്ഷിതരായിരുന്നല്ലോ! ഇന്നവർ മാറി ചിന്തിക്കുന്നെങ്കിൽ അതിനു വഴിയൊരുക്കിയത് ഇവിടത്തെ ക്രിസ്ത്യാനികളും മുസ്ലിങ്ങളും തന്നെയാണ്. ഇനിയെങ്കിലും സ്വന്തം കുഴി തോണ്ടാതെ സ്വാർത്ഥ താത്പര്യങ്ങൾ മാറ്റി വച്ച് ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ മത നേതാക്കൾ പരിശ്രമിക്കണം. അതിനെ വിശ്വാസികൾ പിന്തുണയ്ക്കുകയും വേണം.

NadappathayilInnu-70
__________________

 

Join WhatsApp News
Ajith Kottayam 2023-04-22 19:50:22
കിറു കൃത്യമായ അവലോകനം. പക്ഷപാദം ചേരാതെ രണ്ടു വശവും അവതരിപ്പിച്ചിരിക്കുന്നു. പലരുടെയും എന്നല്ല ഭൂരിഭാഗം വരുന്ന ക്രിസ്തവരുടെ മനസ്സിലുമുള്ള കാര്യങ്ങളാണ് പാറയ്ക്കൽ എഴുതിയിരിക്കുന്നത്. മനസ്സിലുണ്ടെങ്കിലും കേരളത്തിൽ ഇരുന്നുകൊണ്ട് പറയാൻ ധൈര്യമില്ല എന്നതാണ് പലർക്കും പ്രശ്നം. സധൈര്യം ഇക്കാര്യങ്ങൾ എഴുതിയ താങ്കൾക്ക് അഭിനന്ദനങ്ങൾ!
Christian 2023-04-23 03:26:20
ഇന്ത്യയിൽ ആക്രമണം ഉണ്ടെങ്കിലും ക്രിസ്ത്യാനി ഇപ്പോഴും ഉണ്ട് . മിഡിൽ ഈസ്റ്റിലെ സ്ഥിതി എന്താ? ഒരു കാലത്ത് ക്രൈസ്തവ രാജ്യങ്ങളായിരുന്നു ഈജിപ്തും തുർക്കിയുമൊക്കെ ഇപ്പോൾ മുസ്ലിം രാജ്യങ്ങൾ. കേരളത്തിൽ ആ സ്ഥിതി വരുത്താനാണ് ശ്രമിക്കുന്നത്. ഹിന്ദുവിനെ അത്ര പേടിക്കണ്ട.
josecheriporam 2023-04-23 18:51:50
Christians leadership always supported the ruling party, it's a survival technic , for Christians in Kerala has no leadership with a political agenda or insight .
Babu Parackel 2023-04-25 11:09:01
ലേഖനം വായിച്ചവർക്കും പ്രതികരിച്ചവർക്കും എല്ലാം നന്ദി!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക