Image

ഒരു ഭീകരൻറെ തിരോധാനം (കഥ: ബാബു പാറയ്ക്കൽ)

Published on 02 May, 2023
 ഒരു ഭീകരൻറെ തിരോധാനം (കഥ: ബാബു പാറയ്ക്കൽ)

പ്രഭാത സൂര്യന്റെ സുവർണ്ണ രശ്മികൾ മരച്ചില്ലകളുടെ ഇടയിൽ കൂടി അയ്യാളുടെ മുഖത്തു പ്രതിഫലിച്ചു. അയ്യാൾ പതുക്കെ മിഴികൾ തുറന്നു. വെളുപ്പിനെ എപ്പോഴോ ആണ് വന്നു കിടന്നത്. തലയുടെ കെട്ടു വിട്ടിട്ടില്ല. ദേഹമാസകലം വേദനിക്കുന്നു. എഴുന്നേൽക്കാൻ തോന്നുന്നില്ല. അയ്യാൾ കണ്ണ് തുറന്നു ചുറ്റും നോക്കി. യാതൊരു പരിചയവുമില്ലാത്ത സ്ഥലം. ഇടത്തോട്ടും വലത്തോട്ടും തിരിഞ്ഞു നോക്കിയിയിട്ടു പതുക്കെ എഴുന്നേറ്റിരുന്നു. വയറ്റിൽ വിശപ്പിന്റെ വിളി ഒരു പ്രകമ്പനമായി മുഴങ്ങുന്നു. ആരാണ് അബോധാവസ്ഥയിലായിരുന്ന തന്നെ ഇവിടെ കൊണ്ടിട്ടത്? എങ്ങനെയാണ് താൻ ഇവിടെ എത്തിപ്പെട്ടത്? തലേന്ന് ഉച്ച കഴിഞ്ഞപ്പോൾ കള്ളക്കേസു ചുമത്തി പോലീസ് തന്നെ അറസ്റ്റ് ചെയ്‌ത്‌ കൈവിലങ്ങുകൾ ധരിപ്പിച്ചു. താൻ ചെറുത്തു നില്ക്കാൻ ശ്രമിച്ചപ്പോൾ അവർ തന്നെ മാരകമായി ഉപദ്രവിച്ചു.

പോലീസുകാരേക്കാൾ അയ്യാൾ ആരോഗ്യവാനായിരുന്നതു കൊണ്ട് അവർക്കു നേരിട്ട് അയ്യാളെ കീഴടക്കാൻ ഭയമായിരുന്നു. പിന്നെ പലരെ കൊന്നവൻ എന്ന ഖ്യാതിയും! പോലീസ് അയ്യാളെ പിടിക്കാൻ തുടങ്ങിയപ്പോൾ അയാൾ അവരോടു കെഞ്ചി പറഞ്ഞു. ഈ പറയുന്ന കുറ്റമൊന്നും ഞാൻചെയ്‌തിട്ടില്ല. ഇതൊക്കെ എന്റെ ശത്രുക്കൾ പറഞ്ഞുണ്ടാക്കുന്നതാണ്. 

"അപ്പോൾ പിന്നെ കടയിൽ നിന്നും വിശപ്പടക്കാൻ നീ അരി മോഷ്ടിച്ചെടുത്തു തിന്നു എന്ന് പറയുന്നതോ?"
"അത് ശരിയാണ് സാർ. അത് തുടങ്ങിയിട്ട് വെറും അഞ്ചു വർഷമേ ആയിട്ടുള്ളൂ. വനത്തിൽ ജീവിച്ചിരുന്ന മധു എന്നൊരു ആദിവാസി ചെറുപ്പക്കാരൻ വിശപ്പടക്കാനായി അല്പം അരി മോഷ്ടിച്ചു എന്ന് പറഞ്ഞു കുറച്ചു പേർ അവനെ മരത്തിൽ കെട്ടിയിട്ടു മർദ്ദിച്ചു കൊന്നു. അവരെയൊക്കെ കുത്തിക്കൊല്ലണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, അവരെ കണ്ടു കിട്ടിയില്ല. ആ വൈരാഗ്യത്തിലാണ് ഞാൻ മനപ്പൂർവ്വം വിശപ്പടക്കാനായി കടകളിൽ നിന്നും അരി മോഷ്ടിച്ചത്."
"അപ്പോൾ പിന്നെ ആറേഴു പേരെ നീ കൊന്നു എന്ന് പറയുന്നതോ? അത് നീ ചെയ്തതാണോ?"
“സാറേ, നിങ്ങൾക്കറിയാമല്ലോ ഞാൻ ആ കോളനിയുടെ പുറകിലുള്ള പുറമ്പോക്കിലാണ് താമസിച്ചിരുന്നത്. അതിന്റെ പുറകിലുള്ള ഉൾവനത്തിൽ നിന്നും ചന്ദന മരം മോഷ്ടിച്ചുകൊണ്ട് എന്റെ മുൻപിൽ കൂടി പോയപ്പോൾ ന്യായമായും ഒരു ഉത്തരവാദപ്പെട്ട ദേശസ്നേഹി എന്ന നിലയിൽ അവരെ ഞാൻ തടഞ്ഞു. അപ്പോൾ അവരെന്നെ ആക്രമിച്ചു. ഞാൻ സ്വാഭാവികമായും ചെറുത്തു നിന്നു. ഒരു ഘട്ടത്തിൽ എന്റെ ജീവന് ഭീഷണിയുണ്ടാകുമെന്നു തോന്നിയപ്പോൾ ഒരുത്തനെ ഞാനങ്ങു തട്ടി. പോലീസുവന്നു ചന്ദനത്തടി ഉൾപ്പെടെ കണ്ടെങ്കിലും അവന്മാര് ചന്ദനത്തടിയും കൊണ്ടുപോയി. അപ്പോൾ ഞാൻ ഒളിവിൽപ്പോയി. പിന്നെ അവിടെ നടന്ന കൊലപാതകങ്ങളൊക്കെ അവർ എന്റെ പേരിൽ ചാർത്തി. എന്നെ ഒരു ഭീകരനായി പ്രഖ്യാപിച്ചു.”

"നിനക്ക് നല്ല ആരോഗ്യമുണ്ടല്ലോ. നിനക്ക് വല്ല ജോലിയും ചെയ്‌ത്‌ നല്ല ശാപ്പാടൊക്കെ കഴിച്ചു സുഖമായി ജീവിച്ചുകൂടെ? എന്താ നീ ഇങ്ങനെ ആയിപ്പോയത്?"
"എനിക്ക് ആറു മാസം മാത്രം പ്രായമുള്ളപ്പോഴാണ് വനത്തിൽ നിന്നും ചന്ദനം കടത്തുന്ന കൊള്ളക്കാരുമായി ഉടക്കിയ എന്റെ അപ്പനെ അവർ പതിയിരുന്നു നിഷ്ക്കരുണം വെടിവച്ചു കൊന്നുകളഞ്ഞത്. അതു കഴിഞ്ഞപ്പോൾ അമ്മ വളരെ ദുഖിതയായിരുന്നു. എങ്കിലും എന്നെ പരിപാലിക്കുന്നതിൽ അതീവ ശ്രദ്ധാലുവായിരുന്നു. എന്തോ, എനിക്ക് രണ്ടര വയസ്സ് മാത്രമുള്ളപ്പോൾ എൻറെ അമ്മയും കടന്നു പോയി. പിന്നീട് എന്നെ വളർത്തിയത് അയൽപക്കത്തുള്ള ലക്ഷ്‌മിയുടെ അമ്മയായിരുന്നു. വർഷങ്ങളോളം ഒന്നിച്ചു കളിച്ചു വളർന്ന ഞാനും ലക്ഷ്‌മിയും ഹൃദയം കൊണ്ട് വളരെ അടുത്തിരുന്നു. ഞങ്ങളുടെ എല്ലാ കാര്യത്തിനും ഒപ്പം കൂടെയുണ്ടായിരുന്നവനായിരുന്നു ചന്ദ്രൻ. ഞങ്ങളുടെ കട്ടയ്ക്കുള്ള സൗഹൃദം മറ്റുള്ളവർ അസൂയയോടെയാണ് വീക്ഷിച്ചത്."
"പക്ഷേ, പിന്നെ നിങ്ങൾ വലിയ ശത്രുക്കൾ ആയ്രിരുന്നല്ലോ? നിങ്ങൾ തമ്മിൽ തന്നെ പല തവണ അടിപിടിയുണ്ടായിട്ടുണ്ടല്ലോ."
"ഉണ്ട് സാർ. അതിന്റെ കാരണം മറ്റൊന്നല്ല. ഞങ്ങളുടെ കൂടെ ഒന്നിച്ചു നിന്നെങ്കിലും അവനു ലക്ഷ്‌മിയിൽ ഒരു കണ്ണുണ്ടായിരുന്നു. ഒരിക്കൽ അവസരം കിട്ടിയപ്പോൾ അവൻ ലക്ഷ്‌മിയെ കടന്നു പിടിച്ചു. അവൾ കുതറിയോടി കരഞ്ഞുകൊണ്ട് എന്റെ അടുക്കൽ വന്നു. അന്നുമുതൽ ഞാനും ചന്ദ്രനും ശത്രുക്കളായി. പിന്നീട് ഞാൻ ലക്ഷ്‌മിയെ അവളുടെ അമ്മയുടെ അനുവാദത്തോടെ സ്വന്തമാക്കി. ഇപ്പോൾ ലക്ഷ്‌മി ഗർഭിണിയാണ് സാർ. അതുകൊണ്ട് എന്നെ കൊണ്ടുപോകരുത് സാർ."
"കൊണ്ടുപോകുക തന്നെയല്ല. നീ അറിയാത്ത ഒരു കാര്യം കൂടി പറയാം. ഇനി നിനക്ക് ഈ ജില്ലയിലേക്ക് പ്രവേശനമില്ല. നീ ചെയ്തത് ഗുരുതരമായ കുറ്റമായതുകൊണ്ട് മുകളിൽ നിന്നും ഉള്ള ഉത്തരവാണ്. നിന്നെ നാട് കടത്തുകയാണ്."
"അത് ചന്ദനത്തടി കടത്തുന്നവർക്കു സഹായം ചെയ്യാൻ വേണ്ടിയല്ലേ സാർ എന്നെ ഇവിടെ നിന്നു മാറ്റുന്നത്?"
"ചന്ദ്രൻ നിന്റെ ശത്രു ആണെന്ന് പറഞ്ഞിട്ട് നിന്നെ അറസ്റ്റ് ചെയ്തപ്പോൾ പ്രതിരോധിക്കാൻ വന്നവരിൽ അവൻ മുൻപിൽ ഉണ്ടായിരുന്നല്ലോ. അതെങ്ങനെ?"
"ചന്ദ്രന് അവന്റെ തെറ്റ് മനസ്സിലായി വന്നു ക്ഷമ പറഞ്ഞു. ഞങ്ങൾ വീണ്ടും നല്ല സുഹൃത്തുക്കളായി. ലക്ഷ്‌മിയുടെ കണ്ണീരു കണ്ട എനിക്ക് തിരിച്ചുവരാതിരിക്കാൻ കഴിയില്ല സാർ."
"നിന്നെ തിരിച്ചു വിടാമെടാ!" അലറിക്കൊണ്ട് പുറകിലിരുന്ന ഒരു പോലീസുകാരൻ തന്റെ തലയ്ക്കടിച്ചു. പിന്നെ തനിക്കൊന്നും ഓർമ്മയില്ല. 
അയ്യാൾ മയക്കത്തിൽ നിന്നും ഉണർന്നു. ആവുന്നത്ര ഉച്ചത്തിൽ അലറി വിളിച്ചു. ആരും അടുത്തെങ്ങും ഉണ്ടായിരുന്നില്ല. തന്റെ പ്രിയതമന്റെ തിരോധാനത്തെപ്പറ്റി അറിയാത്ത ലക്ഷ്‌മി തന്നെ അവിടെയെല്ലാം തെരയുന്നുണ്ടാവും.
അയാൾ എഴുന്നേറ്റു പതുക്കെ നടന്നു. അടുത്ത് തന്നെ ഒരു ചെറിയ പുഴ ഒഴുകുന്നു. അതിലേക്കു പതുക്കെ ഇറങ്ങി അൽപ്പം വെള്ളം കോരിക്കുടിച്ചു. അപ്പോഴാണ് ശ്രദ്ധിച്ചത്. പുഴയിലെ വെള്ളത്തിൽ കണ്ട തന്റെ പ്രതിബിംബത്തിൽ തന്റെ കഴുത്തിൽ ഒരു മാല പോലെ എന്തോ അണിയിച്ചിരിക്കുന്നു. അയാൾ അതിൽ തടഞ്ഞു നോക്കി. എന്തോ എഴുതിയിരിക്കുന്നു. സൂക്ഷിച്ചു വായിച്ചു. "അരിക്കൊമ്പൻ: ജി പി എസ്  കോളർ."
അവൻ വീണ്ടും അലറി വിളിച്ചു, ലക്ഷ്‌മീ..... അത് വനാന്തരങ്ങളിൽ മാറ്റൊലിക്കൊണ്ടപ്പോൾ അവൻ ചെവി വട്ടം പിടിച്ചു. ലക്ഷ്‌മിയുടെ ശബ്‌ദം ദൂരെ എവിടെ നിന്നെങ്കിലും കേൾക്കുന്നുണ്ടോ എന്നറിയാൻ! സൂര്യരശ്മിയുടെ ചൂട് കൂടി വന്നെങ്കിലും വനാന്തരത്തിലൂടെ അവന് മാത്രം അറിയാവുന്ന ലക്ഷ്യത്തിലേക്ക് അവൻ പതിയെ നടന്നു.
# OruBheekaranteThirodhaanam
_________________

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക