Image

സുവർണ്ണ ക്ഷേത്രം: മതനിരപേക്ഷതയുടെ സുവർണ്ണ ചിഹ്നം (നടപ്പാതയിൽ ഇന്ന്- 71: ബാബു പാറയ്ക്കൽ)

Published on 04 May, 2023
സുവർണ്ണ ക്ഷേത്രം: മതനിരപേക്ഷതയുടെ സുവർണ്ണ ചിഹ്നം (നടപ്പാതയിൽ ഇന്ന്- 71: ബാബു പാറയ്ക്കൽ)

പഞ്ചാബിലെ അമൃതസറിൽ സ്ഥിതി ചെയ്യുന്ന സുവർണ്ണ ക്ഷേത്രത്തെപ്പറ്റി കേൾക്കാത്തവർ ആരും തന്നെ ഉണ്ടാവില്ല. സിഖ് മതക്കാരുടെ ഏറ്റവും പാവനമായ പുണ്യ ക്ഷേത്രമാണിത്. ലോകം എമ്പാടും ആയിരക്കണക്കിന് ഗുരുദ്വാരകൾ ഉണ്ടെങ്കിലും ഈ സുവർണ്ണ ക്ഷേത്രം സന്ദർശിക്കാത്ത ഒരു സിഖ്‌കാരൻ പോലും ഉണ്ടാവില്ല. സമാനതകളില്ലാത്ത പല വിധ സവിശേഷതകളാൽ നിറഞ്ഞതാണ് ഈ സുവർണ്ണ ക്ഷേത്ര സമുശ്ചയം.


സുവർണ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് വലിയ ഒരു ജലാശയത്തിന്റെ നാടുവിലായാണ്. 'സരോവർ' എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ജലാശയം എ.ഡി. 1570 ൽ ആരംഭിച്ച്‌ ഏഴു വര്ഷം കൊണ്ട് പൂർത്തീകരിച്ചു. സുവർണ്ണ ക്ഷേത്ര നിർമ്മാണം ആരംഭിച്ചത് ഗുരു അർജൻ സാഹിബിന്റെ കാലത്താണ്. ഇതിന്റെ അടിസ്ഥാന ശില പാകിയത് ലാഹോറിലെ ഹസ്‌റത് മിയാൻ മിർജി എന്ന വിശുദ്ധനായ ഒരു മുസ്ലിം ആണ്. നിർമ്മാണം ഗുരു നേരിട്ട് മേൽനോട്ടം നടത്തിയാണ് നിർവ്വഹിച്ചത്.

ഇതിന്റെ ശ്രീകോവിൽ എന്നു കണക്കാക്കപ്പെടുന്ന ഗുരുഗ്രന്ഥ് സ്ഥാപിച്ചിരിക്കുന്ന 'ഹർമിന്ദർ സാഹിബ്' സമനിരപ്പിൽ നിന്നും ഒരു പടി താഴ്ചയിലാണ്. ഇത് മനുഷ്യനു വേണ്ട വിനയത്തെ സൂചിപ്പിക്കുന്നു. ഹൈന്ദവ ക്ഷേത്രങ്ങളുടെ ശ്രീകോവിലും ക്രൈസ്തവ ദേവാലയങ്ങളുടെ അൾത്താരയും എപ്പോഴും സമനിരപ്പിൽ നിന്നും ഒരു പടി ഉയരത്തിലാണ്  പണിയുക. ദൈവത്തിന്റെ പീഠം മനുഷ്യനേക്കാൾ ഉയർന്നിരിക്കണം എന്ന മത സങ്കൽപ്പത്തിന്റെ അടയാളമായിട്ടാണ് ഇത്. സിഖ് മതത്തിൽ പ്രത്യേകിച്ച് ദൈവങ്ങളില്ല. സുവർണ്ണ ക്ഷേത്രത്തിൽ ഒരിടത്തും ഒരു വിഗ്രഹമോ ദൈവത്തിന്റെ ഛായാ ചിത്രങ്ങളോ ഇല്ല. ജാതിമത വ്യത്യാസങ്ങളില്ലാതെ അവിടെ ആർക്കും പ്രവേശിക്കാം. അതിന്റെ സൂചനയായിട്ടാണ് മറ്റു മതങ്ങളുടെ ശ്രീകോവിലിന് ഒരു വാതിൽ മാത്രമുള്ളപ്പോൾ സുവർണ്ണ ക്ഷേത്രത്തിൽ നാല് ദിക്കുകളിലേക്കും വാതിൽ തുറന്നിടുന്നു. 1601 ൽ നിർമ്മാണം പൂർത്തീകരിച്ച ക്ഷേത്രത്തിൽ 1604 ൽ ഗുരു അർജൻ സാഹിബ് അവരുടെ വിശുദ്ധ ഗ്രന്ഥമായ 'ഗുരു ഗ്രന്ഥ്' ഹർമിന്ദർ സാഹിബിൽ പ്രതിഷ്ഠിച്ചു. ഗുരുവിന്റെ നിർദ്ദേശാനുസരണം ആദ്യമായി ഗുരുഗ്രന്ഥ് പാരായണം ചെയ്തത് ബാബാ ബുദ്ധജി ആയിരുന്നു. ഹർമിന്ദർ സാഹിബ് നിർമ്മിച്ചിരിക്കുന്നത് 67 അടി വലുപ്പമുള്ള സമചതുരത്തിലാണ്. ദർശനം നടത്തേണ്ടവർ മുഖ്യ കവാടത്തിൽ നിന്നും സരോവറിനു മുകളിലൂടെ പണിതിരിക്കുന്ന നടപ്പാതയിലൂടെ 202 അടി നടന്നാണ് ഹർമിന്ദർ സാഹിബിൽ എത്തുക.

ഈ ജലാശയത്തിനു ചുറ്റുമുള്ള വിശാലമായ സ്ഥലം മുഴുവൻ മാർബിൾ പാകിയിരിക്കയാണ്. വേനലിലെ കൊടും ചൂടിൽ പോലും ഇതിന്റെ പുറത്തു കൂടി നടന്നാൽ നല്ല തണുപ്പാണ്. അങ്ങനെയാണ് ഇതിന്റെ നിർമ്മിതി. ഇവിടെ നിന്ന് ഹർമിന്ദർ സാഹിബിലേക്കു നോക്കിയാൽ സുവർണ്ണ ക്ഷേത്രത്തിന്റെ സ്വർണ്ണഭിത്തികളിലേക്ക് സരോവറിലെ കൊച്ചോളങ്ങൾ പ്രതിഫലിപ്പിക്കുന്ന മായാദൃശ്യങ്ങളിൽ ക്ഷേത്രം ജലാശയത്തിലൂടെ ഒഴുകുന്നതായി നമുക്ക് തോന്നും. വാസ്‌തു ശില്പ കലയുടെ മായാജാലം എന്ന് വിശേഷിപ്പിക്കാവുന്ന സുവർണ്ണ ക്ഷേത്രത്തിന്റെ മുകളിലുള്ള താഴികക്കുടം സാക്ഷാൽ തങ്ക നിർമ്മിതമാണ്.

വിശേഷ ദിവസങ്ങളിൽ ഇവിടെ മണിക്കൂറുകൾ ക്യൂ നിന്നെങ്കിലെ ദർശനം സാധ്യമാകൂ. ഈ ലേഖകൻ സുഹൃത്തായ മൻജിത്ത് സിംഗിനോടൊപ്പം അവിടെയെത്തിയത് ഞായറാഴ്ച രാവിലെയായിരുന്നു. രാവിലെ ഏഴു മണി മുതൽ 11:30 വരെ നാലര മണിക്കൂർ ക്യൂവിൽ നിൽക്കേണ്ടി വന്നു. സ്ത്രീ-പുരുഷന്മാർക്കു പ്രത്യേക ക്യൂ ഇല്ല. എല്ലാം നിരീക്ഷിക്കാനായി നിരവധി ക്യാമറകളും നൂറുകണക്കിന് വാളേന്തിയ വാളന്റിയർമാരുമുണ്ട്. 

ഹർമിന്ദർ സാഹിബിലോ പരിസരത്തോ എങ്ങും ഇരിക്കാൻ കസേരകളോ ബെഞ്ചോ ഇല്ല. അവിടെ എല്ലാവരും തറയിലാണ് ഇരിക്കുക. ഏതു സിഖ് കാരനും ഗ്രന്ഥ പാരായണം ചെയ്യാം. മറ്റു മതങ്ങളെപ്പോലെ വാഴിക്കപ്പെട്ട പുരോഹിതന്മാർ സിഖ് മതത്തിൽ ഇല്ല. ഗുരു ഗ്രന്ഥത്തിന്റെ സംരക്ഷണാർത്ഥം മുകളിൽ വിശേഷാലംകൃതമായ മേൽക്കെട്ടി വിരിച്ചുണ്ടാക്കിയിട്ടുണ്ട്.

ക്ഷേത്രത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ക്ഷേത്രത്തിലോ പരിസരത്തോ പാദരക്ഷകൾ അനുവദിക്കുന്നില്ല. ക്ഷേത്ര കവാടത്തിൽ തന്നെ പാദരക്ഷകൾ ഏല്പിച്ചു ടോക്കൺ വാങ്ങണം. ഈ ചെരിപ്പുകൾ തുടച്ചു വൃത്തിയാക്കാൻ വരെ വാളന്റിയര്മാരുണ്ട്. ക്ഷേത്രത്തിന്റെ ദൈനംദിന മിനുക്കുപണികളും അറ്റകുറ്റപ്പണികളുമെല്ലാം നടത്തുന്നത് സന്നദ്ധസേവകരാണ്. 

1984 ൽ ഭീകരവാദികൾ അവരുടെ ഒളിത്താവളമായി സുവർണ്ണക്ഷേത്രം മാറ്റിയപ്പോൾ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ ഉത്തരവിൽ ഇന്ത്യൻ പട്ടാളം 'ഓപ്പറേഷൻ ബ്ലൂ സ്റ്റാർ' എന്ന പേരിൽ ക്ഷേത്രത്തിൽ ഒരു നടപടിക്കു മുതിർന്നു. പത്തു ദിവസം നീണ്ടു നിന്ന ഓപ്പറേഷനിൽ മുഴുവൻ തീവ്രവാദികളെയും കൊല്ലുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്‌തെങ്കിലും സുവർണ്ണക്ഷേത്രത്തിനു കേടുപാടുകൾ സംഭവിക്കയുണ്ടായി. സർക്കാർ അതിന്റെ കേടുപാടുകൾ മാറ്റിക്കൊടുത്തെങ്കിലും ക്ഷേത്ര കമ്മറ്റി അത് പൂർവ്വസ്ഥിതിയിലാക്കി സംരക്ഷിക്കാനുള്ള നടപടികൾ ഏറ്റെടുത്തു. 1995 ൽ ആരംഭിച്ച നവീകരണ പ്രക്രിയയിൽ ഹർമിന്ദർ സാഹിബിന്റെ മാത്രം മിനുക്കുപണിക്കു വേണ്ടി ഉപയോഗിച്ചത് 500 കിലോഗ്രാം തനി തങ്കമാണ്. നാലു വർഷം നീണ്ടു നിന്ന ജോലിക്കുവേണ്ടി രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും പ്രത്യേകം തെരഞ്ഞെടുത്ത വിദഗ്ദ്ധ കലാകാരന്മാരെയാണ് ഉപയോഗിച്ചത്.
ഈ ക്ഷേത്ര സമുച്ചയത്തിലെ മറ്റൊരത്ഭുതം ലോകത്തിലെ ഏറ്റവും വലിയ സാമൂഹ്യ സൗജന്യ അടുക്കള ഇവിടെ സ്ഥിതി ചെയ്യുന്നു എന്നതാണ്. ശരാശരി ഒരു ദിവസം ഒരു ലക്ഷം പേർക്കാണ് ഇവിടെ സൗജന്യ ഭക്ഷണം നൽകുന്നത്. പ്രത്യേക വിശേഷാൽ ദിവസങ്ങളിൽ ഇത് രണ്ടു ലക്ഷം കവിയും. ഇവിടെ വേണ്ട ഭക്ഷ്യ സാധനങ്ങൾ നൽകുകയും പാകം ചെയ്യുകയും വിളമ്പുന്നതുമെല്ലാം സന്നദ്ധ സേവകരാണ്. ഇവിടെ വലുപ്പച്ചെറുപ്പമില്ല. സമൂഹത്തിൽ എല്ലാ തുറയിലും ഉള്ളവർ ഇവിടെ ശ്രമദാനം നടത്തുന്നു. ജോലി കഴിഞ്ഞു വരുന്നവരും അവധിയുള്ളവരും വിശ്രമ ജീവിതം നയിക്കുന്നവരുമായ ബിസിനസുകാർ, ഡോക്ടർമാർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ, വക്കീലന്മാർ, ജഡ്‌ജിമാർ, മന്ത്രിമാർ, ജന പ്രതിനിധികൾ, വെറും സാധാരണക്കാർ തുടങ്ങി സമൂഹത്തിലെ എല്ലാ തുറകളിലുള്ളവരും ഇതിൽ പെടും. ഇന്ത്യയുടെ ഏഴാമത്തെ പ്രസിഡന്റായിരുന്ന ഗ്യാനി സെയിൽ സിംഗ് പോലും ഇവിടെ ഷൂസ് തുടയ്ക്കാനും അടുക്കളയിൽ പാത്രം കഴുകാനും ശ്രമദാനം നടത്തിയിട്ടുണ്ട്.  ഭക്ഷണം കഴിക്കാൻ ഇരിക്കുന്നവരുടെ ജാതിയോ മതമോ പേര് പോലും ഇവിടെ ആരും ചോദിക്കില്ല. വെജിറ്റേറിയൻ ഭക്ഷണം ആണെന്നു മാത്രം. എല്ലാവരും ഒരുപോലെ നിലത്തിരുന്നാണ് കഴിക്കുന്നത്. എപ്പോൾ ചെന്നാലും എത്ര തവണ ചെന്നാലും വയർ നിറച്ചു കഴിക്കാം. 

ശരാശരി ഈ അടുക്കളയിൽ ഒരു ദിവസം ഉപയോഗിക്കുന്നത് - ക്ഷേത്ര കമ്മറ്റിയുടെ കണക്കനുസരിച്ച്‌ - 10,000 കിലോ ഗോതമ്പുപൊടിയും, 2,500 കിലോ ധാന്യങ്ങളും 1,000 കിലോ അരിയും 5,000 ലിറ്റർ പാലും 1,000 കിലോ പഞ്ചസാരയും 500 കിലോ നെയ്യും ആണ്. 100 ഗ്യാസ് സിലിണ്ടറുകൾ എങ്കിലും ദിവസേന ആവശ്യമാണ്. നൂറുകണക്കിന് സന്നദ്ധ സേവകരാണ് ഇതിനായി അക്ഷീണം പ്രയത്നിക്കുന്നത്. ക്ഷേത്ര സമുച്ചയത്തിലുള്ള കൗണ്ടറുകളിൽ താത്പര്യമുള്ളവർക്ക് ഇതിനായി സംഭാവന നൽകാവുന്നതാണ്, യാതൊരു നിർബന്ധവുമില്ല. 

പ്രത്യേക ദൈവങ്ങളെ സൃഷ്ടിച്ചിട്ടില്ലാത്ത ദൈവ വിശ്വാസത്തിന്റെയും അപരിമേയ സൗന്ദര്യത്തിന്റെ അത്യുദാത്തമായ നിർവൃതിയുടെയും ശാന്തത നിറഞ്ഞു നിൽക്കുന്ന ക്ഷേത്രാങ്കണം! ഗുരുഗ്രന്ഥ സാഹിബിൽ നിന്നുള്ള കീർത്തനം അലയടിക്കുന്ന ഈ സുവർണ്ണ ക്ഷേത്രാങ്കണത്തിൽ ആ കീർത്തനങ്ങളെ അങ്ങേ കരയിലേക്കെത്തിക്കുന്നു എന്ന ഭാവത്തിൽ സരോവറിലെ കൊച്ചോളങ്ങൾ ആ സുവർണ്ണ ഭിത്തികളിൽ നിന്നും ആർജ്ജിച്ച ശക്തിയിൽ ജലപ്പരപ്പിലൂടെ ഒഴുകുന്ന കാഴ്ച മനസ്സിന് അവർണ്ണനീയമായ കുളിർമ്മയേകുന്നു. സുതാര്യതയുടെയും പരസ്പര സ്നേഹത്തിന്റെയും കരുതലിന്റെയും സ്ഥിതിസമത്വം വിഭാവനം ചെയ്യുക മാത്രമല്ല, അത് ജീവിത മൂല്യങ്ങളാക്കി പരിപാലിക്കയും ചെയ്യുന്ന ഏതൊരു സിഖ് കാരന്റെയും വികാരമാണ് ആ ക്ഷേത്ര സമുച്ചയത്തിലെ വായുവിൽ പോലും പ്രതിഫലിക്കുന്നത്.

#Golden Temple

Join WhatsApp News
Ajith Kottayam 2023-05-04 15:41:06
സുവർണ്ണ ക്ഷേത്രത്തെപ്പറ്റി വളരെ കേട്ടിട്ടുണ്ടെങ്കിലും ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളൊക്കെ പുതിയ അറിവുകൾ നൽകുന്നു. പ്രത്യേക ദൈവങ്ങളില്ലാത്ത ദൈവ വിശ്വാസത്തിന്റെ വക്താക്കളായ സിഖ് മതത്തെ എന്റെ ദൈവം മാത്രമാണ് സത്യം എന്നു ഗീർവ്വാണം മുഴക്കുന്നവർ കണ്ടു പഠിക്കണം . ശ്രീ പാറയ്ക്കലിന്റെ റഷ്യൻ യാത്രാ വിവരണവും വളരെ നന്നായിരുന്നു. ഒപ്പം, ധാരാളം പുതിയ അറിവുകളും നേടിത്തന്നു. പുതിയ യാത്രകൾക്ക് മംഗളം നേരുന്നു. ലേഖനത്തിനു അഭിനന്ദനങൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക