Image

ആക്ടീവ്  ഷൂട്ടര്‍ (കഥ:  ജോസഫ്‌  എബ്രഹാം )

Published on 08 May, 2023
ആക്ടീവ്  ഷൂട്ടര്‍ (കഥ:  ജോസഫ്‌  എബ്രഹാം )

ചെവിക്കുള്ളിൽ അസഹ്യമായ വേദനയും,  ചെന്നിയിലൂടെ നനവും,  രക്തത്തിന്‍റെ പരന്നൊഴുകുന്ന തുരുമ്പ് മണവും അനുഭവിച്ചപ്പോൾ  മനസ്സിലായി മരണത്തിലേക്കുള്ള യാത്ര തുടങ്ങിയെന്ന്. ആളുകളുടെ ബഹളവും വെടിയൊച്ചകളും നേര്‍ത്തില്ലാതായി. മറ്റൊരു  വെടിയൊച്ചയ്ക്ക് കാതോർത്തിട്ടെന്നപോലെ കുറെനേരത്തേക്കു  നിശബ്ദമാത്രം ചുറ്റും പൊതിഞ്ഞു നിന്നു. 

ഞാനിത് ഏറെനാളായി പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.  അത്തരമൊരു തോക്കിന്‍ കുഴല്‍ ഒരുനാള്‍ എന്‍റെ നേരെയും നീളുമെന്നറിയാമായിരുന്നു. 

അന്നു തന്നെ അയാൾ വന്നേക്കുമെന്നാണ് ഞാൻ കണക്കു  കൂട്ടിയിരുന്നത്. എന്നിട്ടും     നേരേ  മുന്‍പില്‍ നിന്നും  അയാള്‍ എനിക്ക് നേരെ തോക്ക് ചൂണ്ടിയപ്പോൾ പോലും എന്തുകൊണ്ടോ അതൊരു തോന്നല്‍ മാത്രമെന്നാണ്  ഞാൻ  കരുതിയത്. 

വെടി പൊട്ടുന്ന ശബ്ദത്തിനൊപ്പം ഞാനിരിക്കുന്ന കസേര പിന്നോക്കം മറിഞ്ഞുവീണു. തറയില്‍ വീണു കിടക്കുമ്പോള്‍  ആരൊക്കയോ  പരിഭ്രാന്തമായ ശബ്ദത്തില്‍  എന്‍റെ പേര്‍ വിളിക്കുന്നുണ്ടായിരുന്നു.  

കുറച്ചുകാലമായി ആള്‍ക്കൂട്ടത്തിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും മാളുകളിലുമൊക്കെ പോകുമ്പോള്‍ അജ്ഞാതനായ ഒരു കൊലയാളിയെ  തേടി കണ്ണുകള്‍ പരതുമായിരുന്നു, ബാക്ക് പാക്കില്‍ നിന്നും  ഒരു ഓട്ടോമാറ്റിക്  തോക്കെടുത്ത്  ഹോളിവുഡ് സിനിമകളിലെപ്പോലെ തുരുതുരാ വെടിവെച്ചുകൊണ്ട് നടന്നു നീങ്ങുന്ന ഒരുവനെ. അവന്‍റെ വെടിയുണ്ടകളില്‍ നിന്നും രക്ഷനേടുവാനായി ആര്‍ത്തുവിളിച്ചു  ഒളിവിടം തേടുന്ന ജനങ്ങള്‍, അവര്‍ക്കിടയില്‍  പെട്ടുപോകുന്ന പക്ഷം,  സുരക്ഷിതമായി മറഞ്ഞിരിക്കാന്‍ പറ്റിയ ഒരിടം  എപ്പോഴും   മനസ്സില്‍ കുറിച്ചു  വയ്ക്കാറുണ്ടായിരുന്നു.

ഇതൊന്നും സ്വാഭവികമായി ഉണ്ടാകുന്ന  ചിന്തകളല്ല, ഒരു ‘ആക്ടീവ്  ഷൂട്ടര്‍’  വന്നാല്‍ എന്ത് ചെയ്യണമെന്ന കാര്യത്തില്‍  എല്ലാ വര്‍ഷവും ഞങ്ങളുടെ ഓഫീസ്  അധികൃതര്‍  പരിശീലനം നല്‍കാറുണ്ട്.

 “അക്രമം ഇല്ലാതാക്കാനാവില്ല, രക്ഷപ്പെടാനുള്ള വഴി തേടലാണ് ബുദ്ധി” 

‘ആക്ടീവ്  ഷൂട്ടര്‍’  എന്ന വിഷയത്തില്‍  പരിശീലനം  നല്‍കാന്‍  വന്ന പോലീസ്  ഓഫീസര്‍  പറഞ്ഞുതന്നു.

 സ്കൂളുകള്‍ കഴിഞ്ഞാല്‍ തോക്കുധാരികളുടെ രണ്ടാമത്തെ ലക്‌ഷ്യമാകാറുള്ളത് സര്‍ക്കാര്‍ ഓഫീസുകളാണ്. വിവിധ ആവശ്യങ്ങളുമായി  വരുന്നവര്‍  അവരുടെ കാര്യം നടക്കാതെ വരുമ്പോള്‍ പ്രകോപിതരാവുക സ്വാഭാവികം.  അവരില്‍ ചിലര്‍ ആയുധങ്ങളുമായി  തിരികെ വന്നു അക്രമം നടത്തുകയെന്നുള്ളതും ഒരു സ്വാഭാവിക കാര്യമായാണിപ്പോള്‍ കണക്കാക്കുന്നത്‌. അതുകൊണ്ടുതന്നെ  ഞങ്ങള്‍  കൂടുതലായി  കരുതല്‍ സ്വീകരിക്കേണ്ടവരാണ്. സൂക്ഷിച്ചാല്‍ നിങ്ങള്‍ക്കു തന്നെ കൊള്ളാം എന്നുതന്നെയാണ് ഔദ്യോഗിക ഭാഷ്യവും.

 സര്‍ക്കാര്‍  ഔദ്യോഗികമായി  സമ്മതിച്ചില്ലെങ്കിലും  കുടിയേറ്റക്കാര്‍,  അവരുടെ  വംശവും, ഭാഷയും  സംസ്കാരവും മൂലം, ആക്രമിക്കപ്പെടുന്ന  ലക്ഷ്യമായി മാറിയിട്ടുണ്ട്. കുടിയേറ്റക്കാര്‍ പലരും അവരുടെ നാട്ടിലെ അച്ചടക്കരാഹിത്യവും അപരനോടുള്ള ബഹുമാനക്കുറവും  കൂടെക്കൊണ്ടു നടക്കുന്നതും  കാര്യങ്ങള്‍  കൂടുതല്‍ വഷളാക്കുന്നുമുണ്ട്.  

“സര്‍,  താങ്കള്‍ക്ക്  കുടിക്കാന്‍ എന്തെങ്കിലും  വേണമോ?”
“നന്ദി, ഒരു കപ്പ് കാപ്പിയും സാധിക്കുമെങ്കിൽ ഒരു സിഗരറ്റും  കിട്ടിയിരുന്നെങ്കില്‍  നന്നായിരുന്നു”
“തീര്‍ച്ചയായും. എന്‍റെ പക്കല്‍  സിഗരറ്റുണ്ട്, ഞാന്‍  താങ്കള്‍ക്ക്  ഒരെണ്ണം തരാം”
പോലീസ് ഓഫീസര്‍ എനിക്കൊരു കപ്പു കാപ്പി എടുത്തു കൊണ്ടുവരാനായി  ബാരക്കിലെ ബ്രേക്ക് റൂമിലേക്ക്‌ പോയി. കഴിഞ്ഞ ഏതാനും  മണിക്കൂറുകളായി  ഞാന്‍ പോലീസ്  ബാരക്കിലാണ്.

ഭാഗ്യവശാല്‍  ആക്രമണത്തില്‍ എനിക്കൊന്നും പറ്റിയിരുന്നില്ല. എന്‍റെ നേരെ ഒരാള്‍ തോക്ക് ചൂണ്ടുന്നത് കണ്ട് എന്നെ രക്ഷിക്കാനായി, ഞാനിരിക്കുന്ന കസേര പിന്നോക്കം മറിച്ചിട്ടുകൊണ്ട്  രക്ഷിക്കാന്‍ ശ്രമിച്ച ഒരു സഹപ്രവര്‍ത്തകയുടെ രക്തമായിരുന്നു എന്‍റെ ചെന്നിയിലൂടെ അവിടെ  പരന്നൊഴുകിയത്. 

ഓഫീസര്‍  കാപ്പിയുമായി  തിരികെ വന്നു. കാപ്പി കുടിക്കുന്നതിനിടയില്‍ ഞാൻ ടി വി ശ്രദ്ധിച്ചു. സമാനമായ പഴയൊരു വാർത്തയുടെ റീ ടെലികാസ്റ്റിങ് ആണ്. കഴിഞ്ഞ ദിവസം  ഒരു സ്കൂളില്‍  ഉണ്ടായ വെടിവെപ്പിനെക്കുറിച്ചുള്ള  വാര്‍ത്തകളും  ദൃശ്യങ്ങളും ടെലിവിഷനില്‍ വരുന്നുണ്ടായിരുന്നു.
 
“നിങ്ങള്‍  എന്തിനാണ്  ഇങ്ങനെ സ്കൂളില്‍ കയറി കുട്ടികളെ വെടിവെച്ചു കൊന്നത്?” 
കീഴടങ്ങിയ  വനിതാ കൊലയാളിയോട്  ഒരു മാധ്യമ പ്രവര്‍ത്തകന്‍  വിളിച്ചു ചോദിക്കുന്നു. ഒരു പുഞ്ചിരിയോടെ  അവള്‍ മറുപടി ഉറക്കെ വിളിച്ചു പറയുന്നു,
 “അതോ, ഇന്നു  തിങ്കളാഴ്ചയാണ്. എനിക്ക്  തിങ്കളാഴ്ചകളെ തീരെ   ഇഷ്ട്ടമല്ല” 
‘ഹക്കിൾബെറി ഫിന്നി’ലെ ടോം സോയര്‍ക്ക് തിങ്കളാഴ്ച ദിവസങ്ങളെ ഇഷ്ടമല്ലാത്ത കഥ സ്‌കൂളിൽ പഠിച്ചത് ഞാനോർത്തു. അതൊരു നിർദ്ദോഷമായ ഹാസ്യം. പക്ഷെ ഈ സ്ത്രീയുടെ തിങ്കളാഴ്ച  വിരോധത്തിനു  ഇരയായത്‌  മൂന്നു  കുട്ടികളും  രണ്ടദ്ധ്യാപകരുമായിരുന്നു 

“ഷെയിം ഓണ്‍ യു അങ്കിള്‍ സാം,” 
ആള്‍ക്കൂട്ടത്തില്‍ നിന്നാരോ  വിളിച്ചു പറഞ്ഞു,
“സ്വന്തം കുഞ്ഞുങ്ങളെ  സംരക്ഷിക്കാന്‍  കഴിയാത്ത  നിങ്ങളാണോ  ലോകത്തില്‍ മുഴുവനും സമാധാനവും ജനാധിപത്യവും സംരക്ഷിക്കാന്‍ വേണ്ടി യുദ്ധം ചെയ്യുന്നത്?’

ഭൂകമ്പം ഉണ്ടാകുമ്പോള്‍  എങ്ങിനെയാണ് പ്രതികരിക്കേണ്ടതെന്ന് ജപ്പാനിലെ  സ്കൂള്‍കുട്ടികള്‍  പരിശീലനം നേടുന്നതുപോലെ, ഒരക്രമി തോക്കുമായി  വന്നാല്‍  എങ്ങിനെ പ്രതികരിക്കണമെന്ന്   കുട്ടികള്‍  നന്നായി പരിശീലനം നേടുന്നുണ്ട്. 

കരഞ്ഞുവിളിച്ചു പരിഭ്രാന്തരാകാതെ, അദ്ധ്യാപകരുടെ നിര്‍ദ്ദേശമനുസരിച്ച് സമചിത്തതയോടെ  കാര്യങ്ങളെ കണ്ട്,  ഒരു കൊലയാളിയുടെ  തോക്കിന്‍ മുനയില്‍ നിന്നും എങ്ങിനെ രക്ഷപ്പെടാം എന്ന പരിശീലനം അവര്‍ മിക്കവരും നേടിക്കഴിഞ്ഞു.  നിഷ്കളങ്കമായ ബാല്യം പോലും സ്വതന്ത്രമായി ഓടിത്തിമര്‍ത്ത് ആസ്വദിക്കാനുള്ള അവകാശം നഷ്ടമാകുന്ന കുഞ്ഞുങ്ങള്‍ ബാല്യം മുതലേ ശത്രുവിനെ ഭയന്നു ജീവിക്കാന്‍  പരിശീലിക്കുന്നു. ശത്രുവിനായി  അവരുടെ ഉള്ളിൽ ഇരുണ്ട ഒരിടം അവർ മാറ്റിവെക്കുന്നു. 

“എല്ലാവരും രക്ഷപ്പെടാനായി ഒരു ഒളിയിടം  മനസ്സില്‍ കണ്ടിരിക്കണം, അതെവിടെയുമാകം നിങ്ങളുടെ ഇരിപ്പടത്തിനു താഴെപോലും ആകാം. അസ്വാഭാവികമായ  വേഷമോ, പെരുമാറ്റമോ കണ്ടാല്‍ ജാഗ്രത വേണം, റിപ്പോര്‍ട്ട്‌ ചെയ്യണം”  പരിശീലകന്‍  പറഞ്ഞു കൊണ്ടിരുന്നു. 

ജോലിസ്ഥലത്ത് അക്രമികളെ അതിജീവിക്കാനുള്ള  പരിശീലനത്തില്‍ പങ്കെടുത്തു കൊണ്ടിരിക്കവേ ലക്ഷ്യത്തിലേയ്ക്ക് പായുന്ന അസ്ത്രത്തെപ്പോലെ ഒരിക്കൽ എന്നെ തേടി വരാനിടയുള്ള അക്രമിയെ ഞാനെന്‍റെ മനസില്‍ വരച്ചുകൊണ്ടിരുന്നു. അതോടൊപ്പം,  ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങള്‍ക്ക് പിന്നാലെ മനസ്സും അലഞ്ഞുകൊണ്ടിരുന്നു.

ലോകം പുരോഗമിക്കുന്നു. ശാസ്ത്രം  മനുഷന്റെ ഭൗതിക ജീവിതത്തെ ലളിതമാക്കാന്‍ സഹായിക്കുന്നു. നിത്യജീവിതത്തിലും, ആത്മീയ ജീവിതത്തിലും, ബൗദ്ധികമായ വ്യാപാരത്തിലും,                                സര്‍ഗ്ഗ ജീവിതത്തിലുമൊക്കെയിപ്പോള്‍    യന്ത്രബുദ്ധികള്‍ മനുഷ്യന്‍റെ സേവകരായി നില്‍ക്കുമ്പോള്‍  എത്രയധികം  സുന്ദരവും അനായാസവും  സന്തോഷകരമായും ഏവര്‍ക്കും  ജീവിക്കാന്‍ കഴിയും! 

എന്തു ചെയ്യാം! ഒരുപക്ഷെ ദൈവങ്ങള്‍ക്കെല്ലാം മനുഷ്യരോട്  അസൂയയായിരിക്കണം. മനുഷ്യര്‍ എല്ലാവരും ഒരുമിച്ചു നിന്നാല്‍ അവന്‍ അജയ്യനാകുമെന്നു തിരിച്ചറിഞ്ഞ ദൈവങ്ങള്‍  മനുഷ്യരെ  അനാദികാലം മുതലേ ഭിന്നിപ്പിച്ചു. അവനെ പലഭാഷകളിലും മതങ്ങളിലും  വംശങ്ങളിലും  ഗോത്രങ്ങളിലുമായി  ഭിന്നിപ്പിച്ചു. ഗോത്രങ്ങളും മതങ്ങളും പരസ്പരം  പോരടിച്ചു. ഭാഷയുടെ പേരിലും അവര്‍ കലാപങ്ങള്‍ നടത്തി. ഈ  ഭിന്നിപ്പില്‍ നിന്നും ഒരിക്കലും മനുഷ്യന്‍ മോചനം നേടാതിരിക്കാന്‍ അവൻ കണ്ടെത്തിയ ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ചും ദൈവങ്ങള്‍ മനുഷ്യരെ ഭിന്നിപ്പിച്ചു കൊണ്ടിരിക്കുന്നു. വന്നുവന്ന്  മനുഷ്യനന്മയ്ക്കായി  എന്തെല്ലാം  കണ്ടുപിടിക്കുന്നോ  അതെല്ലാം തിന്മയുടെ വളര്‍ച്ചക്കും വേണ്ടി ഉപയോഗിക്കാൻ ദൈവങ്ങള്‍  കൂട്ടുനിൽക്കുകയാണെന്ന് തോന്നും. 

 മനുഷ്യനെ  ശിക്ഷിക്കാനും  നശിപ്പിക്കുവാനുമായി  മനുഷ്യരോട്  മത്സരിക്കുന്ന ദൈവങ്ങളാണ്  എങ്ങും. മനുഷ്യന്‍ ആകാശ ഗോളങ്ങളെ  നിരിക്ഷിക്കാന്‍  തുടങ്ങിയപ്പോള്‍  ദൈവം  ഭീഷിണിപ്പെടുത്തിപ്പറഞ്ഞു, “നീ കഴുകനെപ്പോലെ ഉയർന്നാലും, നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവച്ചാലും, അവിടെനിന്ന് ഞാൻ നിന്നെ ഇറക്കും”
മനുഷ്യരെ സ്നേഹിച്ച ദൈവങ്ങളെയും അവര്‍  കൊന്നു. മനുഷ്യര്‍ക്ക്   അഗ്നി പകര്‍ന്ന  ദൈവങ്ങള്‍ ദാരുണമായി പീഡിപ്പിക്കപ്പെട്ടു.
“ ദൈവമേ, ആരുടെ ദൈവമാണ്  ശരിയായ ദൈവം ?” 
‘ഞാനാണ്‌ യഥാര്‍ത്ഥ ദൈവം  ഞാനല്ലാതെ മറ്റൊരു ദൈവം ഉണ്ടാകരുത്.’  അവന്‍  ശഠിച്ചു.

കാപ്പികുടി കഴിഞ്ഞു.  പുറത്തിറങ്ങി  ഞാനും  ഓഫീസറും കൂടി  സിഗരറ്റു വലിച്ചു കൊണ്ടിരിക്കെ ഞാന്‍  അയാളോടു  ചോദിച്ചു, 

“സര്‍ എന്നെ എന്തിനാണ്  ഇവിടെ പിടിച്ചു  വച്ചിരിക്കുന്നത്?  നിങ്ങളുടെ മനസ്സിൽ പ്രതിയെന്നു  സംശയിക്കുന്ന  ആളാണോ ഞാന്‍?”
അയാള്‍  അതിനെന്തെങ്കിലും മറുപടി പറയുന്നതിനു മുന്‍പേ മറ്റൊരു ഓഫീസര്‍ വന്ന് അകത്തേക്ക് ചെല്ലാന്‍ പറഞ്ഞു. 

‘ഇന്റര്‍വ്യൂ മുറി’  എന്നു  വിളിക്കുന്ന മുറിയിലേക്ക്  എന്നെ കൊണ്ടുപോയി.  സിനിമകളിലൊക്കെ ഞാൻ അത്തരം മുറികള്‍ കണ്ടിട്ടുണ്ടായിരുന്നു. അവിടെ നാലുപേര്‍ ഇരിക്കുന്നുണ്ടായിരുന്നു. എന്നെ  ഞടുക്കിക്കൊണ്ട്    പിന്നില്‍ വാതില്‍ വലിയ ശബ്ദത്തോടെ അടഞ്ഞു. ഇരിക്കുന്നവര്‍ സ്വയം പരിചയപ്പെടുത്തി. അവര്‍ നാലുപേരും ഹോമിസൈഡ് ഡിറ്റെക്ടീവുകള്‍. പുറമേ സൗഹൃദം തോന്നിച്ചുവെങ്കിലും അവരുടെ മുഖങ്ങളില്‍ അതീവ ഗൌരവം മരവിച്ചുകിടന്നിരുന്നത് ഞാൻ ശ്രദ്ധിച്ചു.
 
“മിസ്റ്റര്‍  ജോ,  എല്ലാം ഉള്ളതുപോലെ  തുറന്നു പറയുക.  എങ്കില്‍ നമുക്ക്  എളുപ്പത്തില്‍ ഈ മീറ്റിങ്ങ് അവസാനിപ്പിക്കാം” 

അവരുടെ കൂട്ടത്തില്‍  സീനിയര്‍ എന്നു  തോന്നിച്ച ഒരാള്‍  അഭിമുഖത്തിനു  തുടക്കം കുറിച്ചു കൊണ്ട് പറഞ്ഞു. അവരുടെ വാക്കുകളിലെ മുൾവേലികളിൽ കുരുങ്ങി ഞാന്‍ ഉള്ളുകൊണ്ട് പിടഞ്ഞു. അക്രമി തോക്കുമായി മുന്നിൽ വന്നു നിന്നപ്പോഴും എനിക്ക് ഉണ്ടാകാതിരുന്ന ഭയം അപ്പോളെന്നെ  പൊതിഞ്ഞു. 

“നിങ്ങളാണ്  ഈ ദൗര്‍ഭാഗ്യ സംഭവത്തിനു കാരണമായത്  എന്നാണ് ഞങ്ങള്‍ക്ക് കിട്ടിയ പ്രാഥമിക വിവരം”

അതും കൂടി  കേട്ടതോടെ എന്‍റെ മനസ്സിടിഞ്ഞു. എന്‍റെ ഹൃദയതാളം എനിക്ക് കേള്‍ക്കാവുന്നത്രയും ഉച്ചത്തിലായി. എങ്കിലും എവിടെ നിന്നോ കിട്ടിയ ധൈര്യത്തില്‍ ഞാന്‍  അസ്പഷ്ടമായി ചോദിച്ചു.

“ അപ്പോള്‍ നിങ്ങള്‍ എന്നെ ഒരു ‘സസ്പെക്ട്’  ആയി കാണുന്നുവോ?, എങ്കില്‍ എനിക്ക്  നിങ്ങളോട്  ഒന്നും സംസാരിക്കാനില്ല. എനിക്ക്  ഒരു അറ്റോര്‍ണിയെ വേണം” 
ഒരു കുറ്റാരോപിതനു നിശബ്ദനായിരിക്കാനുള്ള  അവകാശം നിയമത്തില്‍  എഴുതി വച്ചിട്ടുണ്ടെന്ന്  എനിക്കറിയാമായിരുന്നു.

“അല്ല,  തീര്‍ച്ചയായും അല്ല. ഈ കാര്യത്തില്‍  ഒരു ഇരയുടെ സ്ഥാനത്താണ്  താങ്കള്‍.  എന്താണ് ഇക്കാര്യത്തില്‍  താങ്കള്‍ക്ക്  പറയാനുള്ളത്  എന്നു  കേള്‍ക്കുകയാണ്  ഞങ്ങളുടെ  ലക്‌ഷ്യം. വിരോധമില്ലെങ്കില്‍ താങ്കള്‍ക്കുണ്ടായ അനുഭവങ്ങള്‍ ഞങ്ങളോട്  പറയാം”

മനസിലെ ആശങ്കകള്‍ക്കു  അല്പം  അയവുവന്നു. 

“ എങ്കില്‍ അല്പം പിന്നില്‍ നിന്നും ഞാന്‍ പറഞ്ഞു തുടങ്ങാം.”
ഞാൻ കസേരയിൽ ഒന്നിളകിയിരുന്നു 

“ഒരിക്കല്‍  എന്‍റെ  അപ്പാര്‍ട്ടുമെന്റിലെ  പാര്‍ക്കിംഗ്  ഗ്രൗണ്ടിലേക്ക് പോകാനായി പൊതു അലക്കുമുറിയിലൂടെയുള്ള എളുപ്പവഴിയിലൂടെ   നടന്നുപോകുമ്പോള്‍  അവിടെ ഉണ്ടായിരുന്ന  കറുത്ത വര്‍ഗ്ഗക്കാരിയായ ഒരു പെണ്‍കുട്ടി കൗമാരക്കാരായ അവളുടെ  കൂട്ടുകാരുടെ ഇടയില്‍ ഇരുന്ന് വിളിച്ചു പറഞ്ഞു,
 'മെക്സിക്കന്‍സ്  ആര്‍  സ്റ്റുപ്പിഡ്'”

“ഒരു മെക്സിക്കനല്ലെങ്കിലും ആ പ്രസ്താവന കേട്ടപ്പോള്‍ എനിക്ക് വേദന തോന്നി കാരണം അവള്‍  എന്നെ ഒരു മെക്സിക്കനെന്ന്   തെറ്റിദ്ധരിച്ചാണ്  അങ്ങിനെ പറഞ്ഞത്. എന്‍റെ മകളാകാന്‍ മാത്രം പ്രായമുള്ള ആ  ഇളം മനസ്സില്‍ എങ്ങിനെയാണ്‌  അത്തരം ഒരു വെറുപ്പിന്റെ  സന്ദേശം വേരുറച്ചത്?  ആരാണ്  അവളോട്‌ അങ്ങിനെ പറഞ്ഞുകൊടുത്തത്? കറുത്തവര്‍  വിഡ്ഢികളാണെന്നു   കരുതുന്നവര്‍  ധാരാളം ഉണ്ടെന്ന് ആ പെണ്‍കുട്ടിക്ക്  അറിയുമോ എന്തോ?”

 നാലുപേരും  ഒരു കഥ കേൾക്കുന്നതുപോലെ ഞാൻ പറയുന്നത് ശ്രദ്ധിക്കുന്നുണ്ട്. ആ കൂട്ടത്തിലെ കറുത്ത വര്‍ഗ്ഗക്കാരനായ ഒരു ഓഫീസര്‍ ചുളിഞ്ഞ നെറ്റിയോടെ  സൂക്ഷിച്ചുനോക്കിയതു ശ്രദ്ധിക്കാതിരിക്കാനായില്ല. 

 “ഇക്കാര്യത്തില്‍   കറുത്തവനെന്നോ വെളുത്തവനെന്നോ വ്യത്യാസമില്ല. ചില ആളുകള്‍ക്ക്  കുടിയേറ്റക്കാരോട്  വെറുപ്പാണ്. അവര്‍ തരം കിട്ടിയാല്‍ അവരെ കയ്യേറ്റം ചെയ്യുന്നു, ഓടുന്ന തീവണ്ടിക്കു മുന്നിലേക്ക്‌  തള്ളിയിടുന്നു,  കൂട്ടക്കൊല ചെയ്യുന്നു പൊതുസമൂഹം  അതില്‍ നിസ്സംഗത പുലര്‍ത്തുന്നു. കാരണം കൊല്ലപ്പെട്ടവന്‍ കറുത്തവനോ വെളുത്തവനോ അല്ല.”
 
അവരിലൊരാൾ ദീർഘനിശ്വാസം വിട്ടു. ഒരു തലമുറ മുൻപേയെത്തിയ കുടിയേറ്റക്കാരുടെ കുടുംബാംഗം ആയിരിക്കണമയാള്‍. 

"നിങ്ങള്‍ക്കറിയുമോ സര്‍, നല്ല ഇംഗ്ലീഷ് സംസാരിക്കാത്തവര്‍  ബുദ്ധിശൂന്യരെന്നും,  ഒന്നിനും കൊള്ളാത്തവരെന്നും  കരുതുന്ന കുറേയധികം ആളുകളുണ്ട്. ജോലിയുടെ ഭാഗം, അല്ലെങ്കില്‍ അതിജീവനത്തിന്റെ ഭാഗം എന്ന നിലയില്‍  മിക്കവരും  തന്നെ ഇത്തരം അവഹേളനങ്ങളെ അവഗണിക്കും, അല്ലെങ്കില്‍ അപമാനം  കടിച്ചൊതുക്കും ചിലര്‍ക്കെങ്കിലും അതൊരു  അവഹേളനമെന്ന്‌  മനസ്സിലാകുന്നതു  പോലുമില്ല.”

എന്‍റെ കേള്‍വിക്കാരില്‍  രണ്ടുപേർ പരസ്പരം നോക്കി. 

“കുടിയേറ്റക്കാര്‍ ഒരിക്കലും  അന്നം തരുന്ന നാട്ടിലെ കന്നംതിരിവുകള്‍  പുറത്ത് പറയാറില്ല. ആരെങ്കിലും അങ്ങിനെയൊക്കെ പറഞ്ഞാല്‍ത്തന്നെ  ഞങ്ങളതിനെ ശക്തിയുക്തം എതിര്‍ക്കും. കൂട്ടത്തില്‍ ഒരുവനാണ്  പറയുന്നതെങ്കില്‍ നിനക്ക്  തിരിച്ചു പോയ്ക്കൂടെ എന്നു  ചോദിച്ചു  വായടപ്പിക്കും.”

കുടിയേറ്റക്കാരുടെ കുടുംബത്തിൽ നിന്നെന്ന് തോന്നിച്ച ആളുടെ കണ്ണുകള്‍ പറഞ്ഞു അയാള്‍ മറ്റെവിടെയോകൂടി സഞ്ചരിക്കുകയാണെന്ന്.  പ്രകാശത്തെക്കാള്‍  വേഗത്തില്‍ ഒരു ലോകത്തു നിന്നു മറ്റൊരിടത്തേക്ക്  സഞ്ചരിക്കാന്‍ കഴിയുന്ന ഒന്നാണല്ലോ മനുഷ്യന്‍റെ മനസ്സ്. അയാള്‍ അച്ഛനോ അമ്മയോ പറഞ്ഞുകേട്ട കഥകളിലൂടെ സഞ്ചരിക്കുകയാവാം. 

“ആയിടെ ഉണ്ടായ  ഒരു സ്കൂള്‍ വെടിവെപ്പിനെക്കുറിച്ച് ജോലി ചെയ്യുന്നതിനിടയില്‍ എന്‍റെ അടുക്കല്‍ വന്ന ഒരു ഇടപാടുകാരിയുമായി ഞാൻ സംസാരിക്കുകയായിരുന്നു. അവര്‍ ചോദിച്ചു,

  ‘നോക്കൂ സഹോദരാ  എങ്ങിനെ   നമ്മുടെ കുഞ്ഞുങ്ങളെ  ധൈര്യമായി സ്കൂളില്‍  വിടും? എപ്പോഴാണ്  ഒരു അക്രമി കടന്നു വന്ന് നമ്മുടെ കുഞ്ഞുങ്ങളെ കൊല്ലുക എന്നു പറയാന്‍ പറ്റുമോ?’  
 
‘നമ്മുടെ സര്‍ക്കാര്‍ ലോകത്തെല്ലാം സമാധാനം  സംരക്ഷിക്കാന്‍  നമ്മുടെ നികുതി പണം  ചിലവഴിക്കുന്നുണ്ടല്ലോ?’ ഞാൻ പറഞ്ഞു 

‘പക്ഷേ  അതുകൊണ്ട്  നമ്മുടെ കുട്ടികളുടെ സുരക്ഷിതത്വം എങ്ങിനെ  ഉറപ്പാക്കും?’
‘മാഡം,  നിന്നെപ്പോലെ  നിന്‍റെ  അയല്‍ക്കാരെയും  സ്നേഹിക്കുക എന്നല്ലേ പ്രമാണം?’

എന്‍റെ  വാക്കിലെ  സര്‍ക്കാസം മനസിലായ  അവര്‍ പറഞ്ഞു, 
‘അതെയതെ!’
‘പക്ഷെ ഇതിനൊരു  അവസാനം വേണ്ടേ? എവിടെയും ഭീതിയാണ്  ആള്‍ക്കൂട്ടത്തില്‍  ഒരു തോക്കുധാരി എപ്പോള്‍ വേണമെങ്കിലും  പ്രത്യക്ഷപ്പെടാം.  അതെവിടെയുമാകാം,  ഷോപ്പിംഗ്  സെന്ററിലോ, ആരാധനാലയത്തിലോ  തെരുവിലോ  ബസിലോ  ഒക്കെയാകാം. എന്തൊരു  അരക്ഷിതാവസ്ഥയാണ്  ഈ നാട്ടില്‍!’

സത്യത്തിൽ എൻറെ ഉള്ളിലെ ചിന്തകൾ തന്നെയാണ് അവരുടെ ശബ്ദത്തിൽ ഞാൻ കേട്ടുകൊണ്ടിരുന്നത് 

'നോക്കൂ സഹോദരാ   തൊട്ടു പുറകെ വരുന്ന ഓരോ കാലടികളെയും  ഞാന്‍ ഭയക്കുന്നു, ഓരോ അപരിചിതന്‍റെയും നേരെ സംശയത്തോടെ  നോക്കുന്നു, പരിചയമില്ലാത്ത ആരെങ്കിലും  വാതില്‍ക്കല്‍ മുട്ടിയാല്‍ ഞാന്‍ വാതില്‍ തുറക്കാറില്ല'

“കേട്ടില്ലേ സാര്‍,  ആ സ്ത്രീ പറഞ്ഞത് ലോകം മുഴുവനും സമാധാനം സ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങുന്ന ഒരു രാജ്യത്തിലെ പ്രജകള്‍ എത്ര ഭയവിഹ്വലരായിട്ടാണ്  സ്വന്തം വീടുകളില്‍ പോലും  കഴിയുന്നതെന്ന്?”

അവർ നാലുപേരും അവരുടെ മുഖഭാവങ്ങൾ മറച്ചുവെയ്ക്കാൻ പ്രയാസപ്പെടുന്നപോലെ തോന്നി 
“അവള്‍ യാത്ര പറഞ്ഞ് പോയി. അടുത്തതായി വന്നത്  ഒരു വയോധികനായ ചൈനീസ് വംശജനാണ്. എന്‍റെ  മുഖം കണ്ടപ്പോള്‍  അയാള്‍  പുഞ്ചിരിച്ചു,  ഇംഗ്ലീഷ്  നല്ലവശമില്ലെന്നു ആമുഖമായി പറഞ്ഞുകൊണ്ട് തുടങ്ങി. മുന്‍പൊരിക്കല്‍  ഒരു കടയില്‍  ജോലി ചെയ്തിരുന്ന കാലത്തേ  എനിക്കയാളെ  പരിചയമുണ്ടായിരുന്നു, എല്ലാ ദിവസവും ലോട്ടറി  എടുത്ത് ഭാഗ്യം പരീക്ഷിക്കുന്ന  അയാളെ അങ്ങിനെ എളുപ്പം മറക്കുവാന്‍  കഴിയുമായിരുന്നില്ല. അയാളുടെ ഇംഗ്ലീഷ്  വശമില്ലായ്മയെ കടയില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികള്‍  കളിയാക്കുന്നതില്‍  അയാള്‍ക്ക്  വിഷമവും  പ്രതിക്ഷേധവും  ഉണ്ടായിരുന്നു. പക്ഷെ അതു  പറയുവാനുള്ള  ഭാഷാജ്ഞാനം  അയാള്‍ക്കില്ലായിരുന്നു. ഒരു ദിവസം  അവസരം കിട്ടിയപ്പോള്‍  അയാള്‍ അതെല്ലാം എന്നോട്,  അയാള്‍ക്കറിയാവുന്ന ഭാഷയില്‍  പറഞ്ഞു. അതെല്ലാം  എളുപ്പത്തില്‍  എനിക്ക് മനസ്സിലാകുമായിരുന്നു കാരണം അത്തരം അവഹേളനങ്ങളുടെ  പാതയില്‍ ഇടയ്ക്കിടെ വ്രണിതമാവുന്ന  ഒരു തരളഹൃദയത്തിന്‍റെ  ഉടമകൂടിയാണ് ഞാന്‍.

മൂന്നു പേരുടെയും ചുണ്ടിൽ ഒരു ചിരി പടർന്നു. എങ്കിലും ചിരിക്കാതിരിക്കാന്‍ അവര്‍ ശ്രദ്ധിച്ചു. നാലാമൻ ഇപ്പോഴും ഗതകാലം അയവിറക്കുകയാണെന്ന് തോന്നുന്നു. 

“സര്‍ ആത്മാഭിമാനം  എന്നൊന്ന്  ഉണ്ടെങ്കില്‍,    അതു വൃണപ്പെടുമ്പോള്‍  ചിലപ്പോഴെങ്കിലും ഒരുവന് സ്വയം നിയന്ത്രിക്കാനാവാതാകും. ചിലര്‍  തിണ്ണമിടുക്ക്  കാട്ടി  അപമാനിക്കും. ഇക്കാലത്തും ഒരാളുടെ  രൂപം, നിറം, ഭാഷ, വേഷം, ലിംഗം എന്നിവയാല്‍ മുന്‍വിധിക്കപ്പെടുന്ന   മനോഭാവം   കൂടുതല്‍ ശക്തമാകുന്നു. 

അവരുടെ കൂട്ടത്തിൽ പൊക്കം കുറഞ്ഞ ഒരാൾ ഒന്നു  നിവർന്നിരുന്നു. പിന്നെ മറ്റുള്ളവരെ  പാളി നോക്കി. 

“സാര്‍, ഇതെല്ലാം  പലവുരു ആവര്‍ത്തിക്കപ്പെടുമ്പോള്‍, ഒരുവന്‍  ഒന്നു പൊട്ടിത്തെറിക്കുകയെങ്കിലും ചെയ്യേണ്ടേ സാര്‍, അല്ലെങ്കില്‍ സാമാന്യ ബുദ്ധിയുള്ള  ഒരുവന്  ഭ്രാന്ത് പിടിക്കുകയില്ലേ? ലോകത്തിന്‍റെ  പലഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെയുണ്ട് അവര്‍ക്കെല്ലാവര്‍ക്കും ഒരേ പോലെ സംസാരിക്കുവാനും പെരുമാറുവാനുമാകുമോ?

ആ ചോദ്യത്തോട് പ്രതികരിക്കാതിരിക്കാൻ അവർ പണിപ്പെട്ടുവെങ്കിലും  അവരുടെ ശരീരഭാഷയ്ക്ക്‌ എന്നെ ശരിവയ്ക്കാതിരിക്കാന്‍ ആകുമായിരുന്നില്ല.
 
“അയാള്‍, ആ കൊലയാളി,  അന്നവിടെ വന്നപ്പോൾ എന്താണ്  പറഞ്ഞതെന്ന്  അറിയാമോ?  എന്നെപ്പോലെയുള്ള ആളുകളെ സര്‍ക്കാര്‍ സംവിധാനത്തില്‍  ജോലിക്ക് വയ്ക്കുന്നത്  തികച്ചും ദൗര്‍ഭാഗ്യകരമാണെന്ന്. ഇതു വംശീയ അധിക്ഷേപമല്ലേ?  എന്നേപ്പോലുള്ളവര്‍  ഇതും സഹിച്ചു ജീവിക്കണമെന്നാണോ  നിങ്ങള്‍ പറയുന്നത്?.

“മിസ്റ്റര്‍. ജോ, ഞങ്ങൾ ആരും അങ്ങിനെ ചിന്തിക്കുന്നില്ല, പറയുന്നുമില്ല അയാള്‍ പറഞ്ഞതിനോട് യോജിക്കുന്നുംമില്ല"
സീനിയർ ഓഫീസർ മുഖം ചുളിച്ചുകൊണ്ടു പറഞ്ഞു.

“സർ, ഞാൻ നിങ്ങളെയല്ല ഉദ്ദേശിച്ചത്. ഒരു സാധാരണ പൗരൻറെ ഉള്ളിലുള്ളത് പ്രകടിപ്പിച്ചെന്നേയുള്ളൂ. ഞാന്‍ അന്നും അയാളോട്  ഒന്നുമാത്രമേ പറഞ്ഞുള്ളൂ. ഞാനും ഈ  രാജ്യത്തെ പൗരനാണ്  ഇവിടെ ഇരിക്കാനുള്ള  എന്‍റെ ആര്‍ഹതയെ  ചോദ്യം ചെയ്യാന്‍ നിങ്ങള്‍ക്കാവില്ല. നിങ്ങള്‍ പറയുന്നത്  വംശീയതയാണ് അയാള്‍ക്കെതിരെ  ഞാന്‍ കേസുകൊടുക്കുമെന്നും പറഞ്ഞു. അതു   പറയാനുള്ള  അവകാശം  എനിക്കില്ലെന്നാണോ  അയാൾ കരുതിയത്? ഞാന്‍  അങ്ങിനെ കരുതുന്നില്ല.   

“ഇവിടെ എന്തൊക്കെയാണ്  നടക്കുന്നതെന്ന്  പറഞ്ഞാല്‍  നിങ്ങള്‍ക്കതു  മനസിലാവണമെന്നില്ല മനസ്സിലായാല്‍ തന്നെ മനസ്സില്‍ തട്ടണമെന്നില്ല.” 
ഞാൻ ആരോടെന്നില്ലാതെ ഉറക്കെപ്പറഞ്ഞു.

അവര്‍ പരസ്പരം നോക്കി, ഒരാള്‍ തന്‍റെ കൈയിലെ വാച്ചിലും.  അഭിമുഖം അവസാനിപ്പിക്കാനുള്ള തിടുക്കം  അവരുടെ മുഖങ്ങളില്‍ നിന്നും വായിച്ചെടുത്തു.   

“സർ, ഒരു കാര്യം കൂടി. ചെറുതെങ്കിലും വലിയ പ്രയാസമുണ്ടാക്കുന്ന ഒരു കാര്യം പറയാം. പുതിയതായി  ജോലിയില്‍ വരുന്നവര്‍ക്കെല്ലാവര്‍ക്കും  എല്ലാകാര്യത്തിലും  സംശയമായിരിക്കും  അതുകൊണ്ട് തന്നെ  അവര്‍ക്കുള്ള  ഇരിപ്പിടങ്ങൾ ക്രമീകരണം ചെയ്തിരിക്കുന്നത്  സീനിയറായ, കാര്യങ്ങളില്‍ കുറച്ചൊക്കെ  ധാരണയുള്ളവരുടെ  അടുത്താണ്, അവര്‍ക്കെന്തെങ്കിലും സംശയം വന്നാല്‍  ചോദിക്കാന്‍ എളുപ്പത്തിനായിട്ട്. പക്ഷേ എന്‍റെ തൊട്ടടുത്ത്‌  ഇരിക്കുന്ന  ഒരാള്‍  എന്നോട് ചോദിക്കാതെ    അവരുടെ വംശത്തില്‍പ്പെട്ട  എന്നെക്കാളും  ജൂനിയറായ ഒരാളുടെ അടുക്കല്‍  പോയി സംശയ നിവാരണം നടത്തുന്നത്  കാണുമ്പോള്‍, നമ്മുടെ മനസ്സില്‍  ഒരു വേദനയും അപമാനവും തോന്നുക സ്വാഭാവികം. ചിലപ്പോള്‍ പ്രതികരിക്കാതിരിക്കാനാവില്ല സര്‍."

 ഞാൻ പറയുന്നതൊക്കെ ബധിരകർണ്ണങ്ങളിലാണ് വീഴുന്നതിന്ന് തോന്നി. എല്ലാവരുടേയും മുഖത്ത്  നിസ്സംഗതയും എത്രയും പെട്ടെന്ന്  ഇന്റര്‍വ്യൂ അവസാനിപ്പിക്കാനുള്ള തിടുക്കവുമാണ്.

“അന്ന് ഞാന്‍ പൊട്ടിത്തെറിച്ചു. മനസ്സില്‍ കൂനകൂട്ടി വച്ചിരുന്ന പ്രതിക്ഷേധമെല്ലാം പീരങ്കി വെടികള്‍ പോലെ പായിച്ചു. ഞാന്‍ എന്‍റെ അവകാശങ്ങള്‍ വിളിച്ചു പറഞ്ഞു. ജനക്കൂട്ടം എന്‍റെ ശബ്ദത്തിനു  മുന്‍പില്‍ നിശബ്ദരായി  പകച്ചുനിന്നു. അതിനു ശേഷം ഞാന്‍ എന്താണ് ചെയ്തതെന്ന്  നിങ്ങള്‍ക്ക് അറിയുമോ? അവിടെ നിന്നും മാറി മറ്റൊരു മുറിയില്‍ കയറി  ഞാന്‍ പൊട്ടിക്കരഞ്ഞു, മനസില്‍ കൂട്ടി വച്ചിരുന്ന  സങ്കടമെല്ലാം  കരഞ്ഞു തീര്‍ത്തു. സഹപ്രവര്‍ത്തകരില്‍  ചിലര്‍ വന്ന് ആലിംഗനം  ചെയ്യുകയും  അവരുടെ സമൂഹത്തിനു വേണ്ടി മാപ്പ് പറയുകയും ചെയ്തു.”

എന്റെ തൊണ്ടയിടറി. ഭയം വേദനയും ദുഖവുമായി മാറിക്കഴിഞ്ഞിരുന്നു. 

“ഞാനയാളെ കാത്തിരിക്കുകയായിരുന്നു. അയാള്‍ അന്നു വരുമെന്ന്  എനിക്ക് ബോധ്യമുണ്ടായിരുന്നു അയാളുടെ കണ്ണുകളിലെ വംശീയ വെറിയും ആള്‍ക്കൂട്ടത്തിനു മുന്‍പില്‍  പരാജിതനായതിന്റെ  പകയും ഞാന്‍ അന്നേ കണ്ടിരുന്നു. പ്രതികരിക്കുന്നവരെ  കടന്നാക്രമിക്കുക  എന്നതാണ് ലോകനീതി, അതുകൊണ്ടുതന്നെയാണ് അയാള്‍ വരുമെന്ന് ഞാന്‍  കരുതിയത്‌.”
വീണ്ടും ആ രംഗമോര്‍ക്കുമ്പോളൊക്കെ എനിക്ക് അപമാനവും സങ്കടവും തോന്നും.
“പക്ഷെ ആയുധം ഉപയോഗിക്കുന്നതിലുള്ള അയാളുടെ പാടവക്കുറവായിരിക്കണം  അയാളുടെ ലക്‌ഷ്യം പിഴയ്ക്കാന്‍  കാരണം. നിര്‍ഭാഗ്യവശാല്‍ എനിക്കു പകരം മറ്റൊരാള്‍ അയാളുടെ ആയുധത്തിനിരയായി. 'സ്നേഹിതനു വേണ്ടി ജീവന്‍ ബലികഴിക്കുന്നതിനെക്കാള്‍ വലിയ സ്നേഹമില്ലെന്നു' പറയും പോലെ  എന്‍റെ ജീവനു  വേണ്ടി അവള്‍ അവളുടെ വിലപ്പെട്ട ജീവന്‍ ബലികഴിച്ചു. അവളുടെ വംശത്തില്‍പ്പെട്ട ഒരുവന്‍റെ നെറികേടിന്റെ  വെടിയുണ്ട  അവള്‍ എനിക്കു വേണ്ടി ഏറ്റുവാങ്ങി. അതില്‍ എനിക്ക് അതിയായ ദുഖമുണ്ട് ”

എന്റെ ശബ്ദം ഇടറി,കണ്ണുകൾ നിറഞ്ഞൊഴുകി. എന്റെ ദുഃഖം ഒടുവിൽ അവരിലേയ്ക്കും പടരുന്നതും ഞാന്‍ കണ്ടു. 

എല്ലാം പറഞ്ഞു തീര്‍ത്ത കിതപ്പില്‍  ഞാനിരുന്ന് കിതച്ചു, ഒരു കുന്നു ഓടിക്കയറിയവനെപ്പോലെ എന്റെ രോമകൂപങ്ങളിൽ വിയർപ്പ് പൊടിഞ്ഞു.  വാക്കുകളിലെ പ്രതിക്ഷേധം വീണ്ടും ഒരു പൊട്ടിക്കരച്ചിലാ  കുമോന്നു  ഭയന്നു. ആ മുറിയില്‍ വീണ്ടും കനത്ത നിശബ്ദത നിറഞ്ഞു. ആരുടെതന്നറിയാത്ത ദീർഘനിശ്വാസങ്ങൾ മുറിയിൽ പരന്നു. അവിടെ ഇരുന്നവരില്‍ ഒരാള്‍ എഴുന്നേറ്റു വന്നു  ഒരു ഗ്ലാസ്‌ വെള്ളം  എന്‍റെ നേരെ നീട്ടി.  വെള്ളം കുടിച്ചു കഴിഞ്ഞപ്പോള്‍  അയാള്‍ എന്‍റെ ചുമലില്‍ കൈവെച്ചുകൊണ്ട്  പറഞ്ഞു.
 
“മിസ്‌റ്റര്‍.  ജോ,  താങ്കള്‍ക്കു  പോകാം, താങ്കള്‍ക്ക്  സംഭവിച്ച മനോവിഷമത്തിൽ ഞങ്ങള്‍ ഖേദം പ്രകടിപ്പിക്കുന്നു.” 

നിയമത്തിന്‍റെ വാതിലുകള്‍ എനിക്കായി തുറന്നു. പുറത്തേയ്ക്ക്  നടക്കുമ്പോള്‍  ഞാന്‍ ചുറ്റും നോക്കി. എവിടെ നിന്നെങ്കിലും വീണ്ടും ഒരു തോക്കിന്‍ കുഴല്‍  എന്‍റെ നേരെ നീളുന്നുണ്ടോ? സംശയകരമായി  ആരെയെങ്കിലും അവിടെ   കാണുന്നുണ്ടോ? 

മനുഷ്യന്‍ മനുഷ്യനെ ഭയക്കാത്ത ലോകത്തെ കണ്ണ് തുറന്ന് വെച്ച് ദിവാസ്വപ്നം കണ്ടുകൊണ്ടു  ഞാന്‍ നടന്നു. സൂര്യന്‍ പടിഞ്ഞാറു മറഞ്ഞു  കഴിഞ്ഞു. മഹത്തായ അമേരിക്കന്‍ സ്വപ്നത്തിന്‍മേല്‍ ഇരുള്‍ മൂടിത്തുടങ്ങി. വ്യാളികളുടെ കണ്ണുകൾ പോലെ മിഴികൾ ചിമ്മിത്തുറന്ന വിളക്കുകാലുകള്‍ക്ക്  അടിയിലെ ഇത്തിരി വെട്ടത്തിലൂടെ  ഞാന്‍ നടന്നു. 

 

Join WhatsApp News
സാബു മാത്യു 2023-05-08 18:35:41
എവിടെ നിന്ന് എപ്പോൾ ഒരു വെടിയുണ്ട ചീറിപാഞ്ഞു വരുമെന്ന ഒരു അരക്ഷിതാവസ്ഥയിലാണ് അമേരിക്ക, ഇന്നലെ ടെക്സാസ് സ്റ്റേറ്റിൽ നടന്നപോലെ വംശീയ വെടിവെപ്പ് തുടർന്നാൽ കുടിയേറ്റക്കാരുടെ ജീവിതം കഷ്ട്ടമാകും
Sudhir Panikkaveetil 2023-05-09 13:25:52
ദൈവം തന്റെ സ്വരൂപത്തിൽ (ഉൽപ്പത്തി 1 : 27 ) മനുഷ്യനെ സൃഷ്ടിച്ചു. ഭാരതത്തിൽ ബ്രാഹ്മണനും, മറ്റു രാജ്യങ്ങളിൽ അത് വെള്ളാക്കാരനുമായി കരുതപ്പെട്ടതുകൊണ്ട് വംശീയ വിരോധം ഉണ്ടായി. അങ്ങനെ നാലു നിറങ്ങൾ എടുത്ത് ദൈവം അമ്മാനമാടിയപ്പോൾ ഭൂമിയിൽ സമാധാനം നഷ്ടപ്പെട്ടു. അതിനു സാത്താനെ പഴിക്കരുത് കാരണം സൃഷ്ടി ദൈവത്തിന്റെ കുത്തകയാണല്ലോ. കഥാകൃത്ത് ഓർമിപ്പിക്കുന്നത് വെടിയുണ്ടകൾ ചീറിവരുമ്പോൾ മാത്രം ജാഗരൂകരായാൽ പോരാ ഏതു നേരവും അതുണ്ടാകാം. പ്രവാസികൾ അടിമകളാണ് ഒരർഥത്തിൽ. അപ്പോൾ അവരോടുള്ള പെരുമാറ്റവും ആ രാജ്യക്കാർ എങ്ങനെ കാണുമെന്നു ഊഹിക്കാം. സാഹിത്യം എപ്പോഴും സാമൂഹ്യപ്രശ്നങ്ങളെ പ്രമുഖമാക്കി അവതരിപ്പിച്ചിട്ടുണ്ട്. ശ്രീ ജോസെഫ് ഏബ്രാഹം ഈ കഥയിലൂടെ നമ്മെ ബോധവാന്മാരാക്കുന്നു.ഈശ്വരൻ തന്റെ സ്വരൂപത്തിൽ സൃഷ്ടിക്കാത്തവരൊക്കെ സൂക്ഷിക്കുക. എല്ലാവരും തുല്യരല്ല എല്ലാവരും വ്യത്യസ്തരാണ്. ഒരു നല്ല പ്രമേയത്തിന്റെ നടുക്കുന്ന ആവിഷ്കാരം.
American Malayalee 2023-05-09 09:34:25
Why should American writers write these kinds of stories? This story though fiction, tells the stark realities, but being an American Malayalee, my pride is not allowing me to. Appreciate it. I don't want to be little before all Malayali folks in Kerala.
ഞാൻ മലയാളി 2023-05-09 10:10:45
അമേരിക്കൻ മലയാളികൾ ചർച്ച ചെയ്യേണ്ട ഒരു കഥയാണ് മിഥ്യാഭിമാനത്തിന്റെ പേരിൽ മൗനമായിരുന്നത് കൊണ്ടൊന്നും ഇതൊന്നു ഇല്ലാതാകില്ല, കഴിഞ്ഞ ദിവസം വെടിയേറ്റ് മരിച്ച ഇന്ത്യൻ യുവതി അവരുടെ അമേരിക്കൻ സ്വപ്നം പൊലിഞ്ഞു, നാളെ ആരുമാകാം നിങ്ങളോ നിങ്ങളുടെ മക്കളോ
Santhosh A. S 2023-05-11 09:33:39
Realistic fiction with very emotional and powerful language. Attitude has changed; immigrants are targeted for mass shootings, Texas shootings, and Chinese new year shootings, and the numbers are increasing... Excellent fiction needs to be discussed in political outlook and literature
ആം ആദ്മി 2023-05-12 09:51:02
വളരെ മനോഹരം ഒരു പക്ഷെ ഒരു കുടിയേറ്റക്കാരന് മാത്രമേ അതിന്റെ തീവ്രത അനുഭവിക്കാൻ ആകൂ. പക്ഷെ എവിടെനിന്നും എപ്പോൾ വേണമെങ്കിലും, അത് സ്‌കൂൾ ആകാം മാൾ ആകാം പള്ളിയാകാം ഒരു തോക്കിൻ കുഴൽ നീളാം എന്നത് ഞെട്ടിപ്പിക്കുന്ന ഒരു യാഥാർഥ്യം തന്നെയാണ്, ഇന്ത്യക്കാർ രാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയിട്ടുണ്ട് അതുകൊണ്ടു തന്നെ നാം കരുതിയിരിക്കണം
ജോസഫ് എബ്രഹാം 2023-05-14 14:58:44
കഥ വായിക്കുകയും അഭിപ്രായം പറയുകയും ചെയ്ത എല്ലാ മാന്യവായനക്കാർക്കും നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക