Image

ഞാൻ കണ്ട 'കേരളാ സ്റ്റോറി' (നടപ്പാതയിൽ ഇന്ന്- 73 : ബാബു പാറയ്ക്കൽ)

ബാബു പാറയ്ക്കൽ Published on 13 May, 2023
ഞാൻ കണ്ട 'കേരളാ സ്റ്റോറി' (നടപ്പാതയിൽ ഇന്ന്- 73 : ബാബു പാറയ്ക്കൽ)

വിവാദപരമായ 'കേരളാ സ്റ്റോറി' ഇന്നാണ് ന്യൂയോർക്കിൽ റിലീസ് ചെയ്തത്. ആദ്യത്തെ ഷോ തന്നെ കണ്ടു. അതിശയമെന്നു പറയട്ടെ, ആകെ അഞ്ചു പേർ മാത്രമേ തീയേറ്ററിൽ ഉണ്ടായിരുന്നുള്ളൂ. കണ്ണിമയ്ക്കാതെ നോക്കി കണ്ട സിനിമ തീർന്നു കഴിഞ്ഞപ്പോൾ നെടുവീർപ്പോടെയാണ് എഴുന്നേറ്റത്. ഒപ്പം എന്നെ അതിശയിപ്പിച്ച ഒരു ചോദ്യവും. ഈ സിനിമ പ്രദർശിപ്പിക്കാൻ ഇന്ത്യയിൽ എങ്ങനെ അനുവദിച്ചു? എന്തുകൊണ്ട് മത സംഘടനകൾ ഇതിനെതിരായി തെരുവിലിറങ്ങിയില്ല? തീയേറ്ററുകൾ കത്തിച്ചില്ല? ഇന്ത്യയിൽ ഒന്നോ രണ്ടോ സംസ്ഥാനങ്ങൾ മാത്രം ഇതിനു പ്രദർശനാനുമതി നൽകിയില്ല. മറ്റെല്ലായിടത്തും ഇത് ഓടുന്നുണ്ട്. കേരളത്തിൽ മനസ്സില്ലാമനസ്സോടെ പ്രദർശനാനുവാദം നൽകിയെങ്കിലും അധികം തിയേറ്ററുകളും ചില മത സംഘടനകളെ പേടിച്ചു പ്രദർശിപ്പിക്കുന്നില്ല. 

 

ഇതിൽ തീർച്ചയായും മതവികാരങ്ങളെ വൃണപ്പടുത്തുന്ന പരാമർശങ്ങളുണ്ട്. എന്നാൽ ആ മത സംഘടനകളോ മത മേലധ്യക്ഷ്യന്മാരോ അതിനെപ്പറ്റി ഒന്നും പറഞ്ഞു കണ്ടില്ലെന്നത് എന്നെ അതിശയിപ്പിക്കുന്നു. ഇതിൽ പ്രതിഷേധിച്ചതും പ്രദർശനാനുമതി നൽകരുതെന്നാവശ്യപ്പെട്ടതും മുസ്ലിം മത സംഘടനകളാണ്. എന്നാൽ അല്ലാഹുവിനെപ്പറ്റിയോ ഖുർആനെപ്പറ്റിയോ ഒന്നും മോശമായി പരാമർശിക്കപ്പെട്ടിട്ടില്ലെന്നു മാത്രമല്ല അവയെയൊക്കെ വളരെ ബഹുമാന പുരസ്സരമാണ് അവതരിപ്പിച്ചിട്ടുള്ളത്. പക്ഷേ, ഹിന്ദു മതത്തെപ്പറ്റിയും അതിലെ ദൈവങ്ങളെപറ്റിയും വളരെ അപകീർത്തിപരമായിട്ടാണ് ഇതിൽ പരാമർശിച്ചിരിക്കുന്നത്. ഉദാഹരണത്തിന്, കല്ലിൽ കൊത്തിവച്ച ദൈവങ്ങൾക്ക് ശക്തിയില്ലെന്നും സർവ്വശക്തനെന്നു കരുതുന്ന ശിവൻ പാർവതിയുടെ മൃതദേഹവും കൊണ്ട് ദേശം മുഴുവൻ ഓടി നടന്നെന്നും ഭഗവാൻ ശ്രീകൃഷ്ണൻ ഏറ്റവും വലിയ സ്ത്രീ ലമ്പടനായിരുന്നെന്നും ഹിന്ദു മതത്തിലെ ദൈവങ്ങൾ സ്വയം രക്ഷിക്കുവാൻ പോലും അറിയാത്ത ദൈവങ്ങളാണെന്നും അപ്പോൾ പിന്നെ നമ്മെ എങ്ങനെ രക്ഷിക്കുമെന്നും തുടങ്ങി അനേകം അപഹാസ്യങ്ങളായ സംഭാഷങ്ങൾ ഇതിലുണ്ട്. 

ഈ സിനിമയിൽ മുഴുവൻ സമയ സംഭാഷണങ്ങളിൽ ഹിന്ദുവിനെയും ക്രിസ്ത്യാനിയെയും വില കുറച്ചു കാണിച്ചുകൊണ്ട് അവരുടെ വിശ്വാസം തെറ്റാണെന്നും ശരിയായി അള്ളാഹു മാത്രമാണെന്നും അതുകൊണ്ട് ഇസ്‌ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതാണ് അഭികാമ്യം എന്നും തുടങ്ങി പടിപടിയായി കൃത്യമായി കണക്കു കൂട്ടി നടത്തുന്ന പ്രവർത്തനം ഒരു അജണ്ട പോലെ തുടരുന്നത് കാണാം. ഈ സിനിമ പ്രദർശിപ്പിക്കുന്നതിൽ ആരെങ്കിലും പ്രതിക്ഷേധിക്കണമെങ്കിൽ അത് ഹിന്ദു സംഘടനകളാണ് ചെയ്യേണ്ടത്. പക്ഷേ, സനാതന ധർമ്മത്തിൽ വിശ്വസിക്കുന്ന ഹിന്ദു സമൂഹം ഇന്ത്യൻ ഭരണഘടന അനുവദിക്കുന്ന ആവിഷ്‌ക്കാര സ്വാതന്ത്രത്തിൽ മത സ്വാധീനം ഈ അവസരത്തിലെങ്കിലും വേണ്ടെന്നു തീരുമാനിച്ചതിനെ ശ്‌ളാഘിക്കാതെ വയ്യ. തീർച്ചയായും ഈ സിനിമ നല്ലൊരു സന്ദേശം സമൂഹത്തിനു നൽകുന്നുണ്ട്. 

തീവ്രവാദം ഇന്നൊരു യാഥാർഥ്യമാണ്. അത് ഒരു മതത്തിന്റേതായി മാത്രം ചിത്രീകരിക്കപ്പെടാൻ കാരണം ആ മതത്തിലെ പുഴുക്കുത്തുകളെ വിമർശിക്കാൻ അവരാരും മുന്നോട്ടു വരുന്നില്ല എന്നതാണ്. ഉദാഹരണത്തിന്, അഫ്‌ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തിൽ സ്ത്രീകൾക്ക് യാതൊരു സ്വാതന്ത്യവുമില്ല. കാരണം അവർ ശരിയത് നിയമം ആണ് കർശനമായി പിന്തുടരുന്നത്. കേരളത്തിൽ മുസ്ലിം സ്ത്രീകൾ സ്വാതന്ത്ര്യം അനുഭവിക്കുന്നത് അവർ ഇന്ത്യയിൽ ജീവിക്കുന്നതുകൊണ്ടും ഇന്ത്യൻ ഭരണഘടന എല്ലാവർക്കും തുല്യത നൽകുന്നതുകൊണ്ടും അത് മാനിക്കുന്ന ഒരു ഭരണ സംവിധാനം ഉള്ളതുകൊണ്ടും മാത്രമാണ്. 

കേരളത്തിൽ നിന്നും 32000 പെൺകുട്ടികളെ സിറിയയിലേക്കയച്ചതായിട്ടു സിനിമയിൽ പറയുന്നില്ല. എന്നാൽ അങ്ങനെയൊരു കെണിയിൽ പെട്ട് നരകയാതന അനുഭവിച്ചു ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ട ശാലിനി ഉണ്ണികൃഷ്ണൻ എന്ന നായിക പറയുന്ന ഒരഭിപ്രായത്തിന് ഉത്തരവാദപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ ചോദിക്കുന്നത് അതിനു തെളിവൊന്നുമില്ലല്ലോ എന്നാണ്. കേരളത്തിൽ നിന്നും അഞ്ചു പേർ പോകുമ്പോൾ യു കെ യൂറോപ്പിൽ നിന്നും മുപ്പതോ നാല്പതോ പേർ പോകുന്നുവെന്നു പറയുമ്പോൾ ഇതൊരു ആഗോള തന്ത്രമായിട്ടുള്ള അജണ്ടയുടെ ഭാഗമായിട്ടുള്ള കരുനീക്കമാണെന്നു മനസ്സിലാക്കാം.

ഈ സിനിമയിൽ ഇസ്‌ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ മറ്റു മതങ്ങളിലെ പെൺകുട്ടികളെ കരുതിക്കൂട്ടി കെണിയിൽ വീഴ്ത്തുന്നത് വ്യക്തമായി കാണിക്കുന്നെങ്കിലും അവരെ എന്തിനാണ് കുറ്റപ്പെടുത്തുന്നത്? അത് അവരുടെ മതം വളർത്താനുള്ള തന്ത്രമാണ്. അവരെ കുറ്റപ്പെടുത്തുകയും നിശിതമായി വിമർശിക്കയും ചെയ്യുന്ന ഹിന്ദുക്കളും ക്രിസ്ത്യാനികളും ചിന്തിക്കേണ്ടത് അവരുടെ മതത്തിൽ ആചാരാനുഷ്ഠാനങ്ങൾ പാലിച്ചു വിശ്വസിച്ചു വളരുന്ന ഒരു കുട്ടിയെ അധികം പരിചയമൊന്നുമില്ലാത്ത ഒരു കൂട്ടുകാരി 'നിങ്ങളുടെ മതമല്ല, ഞങ്ങളുടെ മതമാണ് ശരി' എന്ന് പറയുമ്പോൾ അതിൽ ആകൃഷ്ടയായി ചാടി വീഴുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കണം. അപ്പോൾ നിങ്ങൾ പഠിപ്പിക്കുന്നതിൽ എന്തോ തെറ്റുണ്ട്. അത് തിരുത്താനാണ് ശ്രമിക്കേണ്ടത്. ഒപ്പം തന്നെ അങ്ങനെ പ്രലോഭിപ്പിക്കപ്പെടാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുകയും വേണം. പരുന്ത് വട്ടമിട്ടു പറക്കുമ്പോൾ കോഴിക്കുഞ്ഞുങ്ങളെ തുറന്നു വിട്ടിട്ടു വിലപിക്കുന്നതിൽ അർത്ഥമില്ല. 

ഈ സിനിമ ഒരു നല്ല സന്ദേശം നൽകുന്നുണ്ട്. ഇങ്ങനെയുള്ള കെണിയിൽ കുട്ടികൾ വീഴാതിരിക്കാൻ അവരെ ഉത്ബുദ്ധരാക്കേണ്ട ചുമതല മാതാപിതാക്കൾക്കുണ്ട്. അത് തീവ്രമായി മനസ്സിലേക്കിറങ്ങുവാൻ ഇങ്ങനെയുള്ള സിനിമകൾ ഉപകരിക്കും. എല്ലാവരും ഈ സിനിമ കാണുകയും കഴിയുമെങ്കിൽ കുട്ടികളെക്കൂടി കാണിക്കയും ചെയ്യണം. ഇതിലെ ശാലിനി ഉണ്ണികൃഷ്ണൻ ആരുടേയും മകളാകാം സഹോദരിയാകാം. അത് കേരളത്തിലാകാം ഇന്ത്യയിലാകാം അമേരിക്കയിലാകാം യുറോപ്പിലാകാം. അതിന് അതിർ വരമ്പുകളില്ല. സൂക്ഷിച്ചാൽ ദുഖിക്കേണ്ട! ഈ സിനിമ ധൈര്യപൂർവ്വം തീയേറ്ററുകളിൽ എത്തിച്ചവർക്ക് അഭിനന്ദനങൾ!

Join WhatsApp News
Abdul Punnayurkulam 2023-05-14 17:31:34
Very easy to read, good article, Babu.
Babu Parackel 2023-05-15 23:47:48
Thank you all for reading the article and posting responses.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക