Image

പണം പാഴാക്കാതെ കൺവൻഷൻ മികച്ചതാക്കും: ഫോമാ ട്രഷറർ ബിജു തോണിക്കടവിൽ 

Published on 29 May, 2023
പണം പാഴാക്കാതെ കൺവൻഷൻ മികച്ചതാക്കും: ഫോമാ ട്രഷറർ ബിജു തോണിക്കടവിൽ 
 
ഫോമായുടെ കേരള കൺവൻഷന് ഇനി ദിവസങ്ങൾ മാത്രം. രണ്ടു സംസ്ഥാനങ്ങളിലെ ഗവർണർമാർ പങ്കെടുക്കുന്നു എന്ന അപൂർവത ഇത്തവണത്തെ കൺവൻഷന്റെ മാറ്റുകൂട്ടുന്നു. ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ളയുടെ ക്ഷണം സ്വീകരിച്ച് പ്രത്യേക അതിഥിയായി ഫോമാ പ്രസിഡന്റ് ഡോ.ജേക്കബ് തോമസ് ഗോവയിലേക്ക്  യാത്രപുറപ്പെട്ടിരിക്കുകയാണ്. ട്രഷറർ ബിജു തോണിക്കടവിലിനെ ഫോണിൽ വിളിച്ച് സ്ഥിതിഗതികൾ ഓരോ നിമിഷവും അറിയുന്നുണ്ട്. ഈ കൺവൻഷന്റെ വിശദാംശങ്ങൾ ഫോമായുടെ ട്രഷറർ ബിജു തോണിക്കടവിൽ പങ്കുവയ്ക്കുന്നു...
 
ഫോമായുടെ മുൻ എക്സ്ക്യൂട്ടീവ് കമ്മിറ്റിയിൽ ജോയിന്റ് ട്രഷറർ ആയിരുന്നതുകൊണ്ട്, മുൻപ് നടന്നതും ഇപ്പോൾ നടക്കാനിരിക്കുന്നതുമായ കേരളാ കൺവൻഷനുകളെ കുറിച്ച് താങ്കൾക്ക് കൂടുതൽ പറയാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. താരതമ്യമല്ല, മുൻ വർഷത്തിൽ നിന്ന് സ്വായത്തമാക്കിയ പാഠങ്ങൾ ഇത്തവണ പ്രയോജനപ്പെട്ടോ എന്നാണ് അറിയേണ്ടത്...
 
തീർച്ചയായും. ഓരോ ടീമിനൊപ്പം പ്രവർത്തിക്കുമ്പോഴും പലതും പഠിക്കുന്നുണ്ട്. മുൻ പ്രസിഡന്റ് അനിയൻ ജോർജ്ജിന്റെയും നിലവിലെ പ്രസിഡന്റ് ഡോ.ജേക്കബ് തോമസിന്റെയും പ്രവർത്തന ശൈലി വ്യത്യസ്തമാണ്. കഴിഞ്ഞ കമ്മിറ്റിയിൽ, പ്രസിഡന്റിനൊപ്പം നിരവധി തവണ കേരളത്തിൽ വന്നിരുന്നു. പ്രളയസമയത്ത് പ്രസിഡന്റിനൊപ്പം കമ്മിറ്റിയിൽ നിന്ന് എനിക്ക് മാത്രമേ നാട്ടിൽ എത്താൻ സാധിച്ചിരുന്നുള്ളു. കേരളത്തിനങ്ങോളം ഇങ്ങോളം അന്ന് നടത്തിയ യാത്രകൾ, കേരളത്തിൽ കൂടുതൽ ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും ഫോമായുടെ പ്രവർത്തനങ്ങളെക്കുറിച്ച് നാട്ടുകാർ അറിയുന്നതിനും സഹായകമായി. അന്നത്തെ കേരള കൺവൻഷന്റെ ചെയർമാൻ ആയിരുന്നു നിലവിലെ പ്രസിഡന്റ്. പ്രവർത്തനങ്ങളിലെ ചടുലതയും ചിന്താഗതിയിലെ സമാനതകളുമാണ്, ഞങ്ങളെ തമ്മിൽ അടുപ്പിച്ചത്. സത്യത്തിൽ, ആ കൺവൻഷനിലൂടെ  ജേക്കബ് തോമസ് എന്ന വ്യക്തിയെ അടുത്തറിഞ്ഞതുകൊണ്ടാണ് അദ്ദേഹത്തിന്റെ പാനലിൽ മത്സരിക്കാനുള്ള ക്ഷണം സ്വീകരിച്ചത്.കേരള കണ്‍വന്‍ഷന്‍ ചെയര്‍ തോമസ് ഒലിയാംകുന്നേൽ, കണ്‍വന്‍ഷന്‍ കമ്മറ്റിയുടെ കോ-ഓര്‍ഡിനേറ്റർ ഡോ. എം.കെ. ലൂക്കോസ് മണിയോട്ട് എന്നിവരും കൈമെയ് മറന്ന് പ്രവർത്തിക്കുന്നുണ്ട്.
 
 
രണ്ടു ദിവസങ്ങളിലായാണ് കൺവൻഷൻ നടക്കുന്നത്.ട്രഷറർ എന്ന നിലയിൽ സാമ്പത്തികം കൈകാര്യം ചെയ്യുമ്പോൾ എന്തുതോന്നുന്നു?
 
ഫോമായുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കൺവൻഷൻ ആക്കിത്തീർക്കാനാണ് പരിശ്രമിക്കുന്നത്. കേരള കൺവൻഷനിൽ എപ്പോഴും ജീവകാരുണ്യ പദ്ധതികൾക്കാണ് പ്രാധാന്യം. മേയ് 30 മുതൽ ജൂൺ 4 വരെ നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ട്.മേയ് 30 ന് റാന്നിയിൽ സൗജന്യ  മെഡിക്കൽ ക്യാമ്പ്,31 ന് ഇടുക്കിയിൽ സൗജന്യ ക്യാൻസർ സ്ക്രീനിംഗ് ക്യാമ്പ്,ജൂൺ 1 ന് ഗാന്ധിഭവനിൽ വിദ്യാർത്ഥികൾക്ക് ധനസഹായം കൈമാറും. അമേരിക്കയിലും ഇന്ത്യയിലുമുള്ള ധാരാളം സുഹൃത്തുക്കൾ അകമഴിഞ്ഞ് സഹായിക്കുന്നതുകൊണ്ടാണ് ഇതിനുള്ള സാമ്പത്തികം കണ്ടെത്താൻ കഴിഞ്ഞത്. അതിന് ഓരോരുത്തരോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദിപറയുന്നു. ഫോമായുടെ  കേരള കൺവൻഷന്റെ മുഖ്യ സ്‌പോൺസർഷിപ്പ് ഏറ്റെടുത്തതിന് സാജ് റിസോർട്സിന്റെ ഉടമ സാജൻ വർഗീസും കുടുംബത്തോടും ഏറെ കടപ്പാടുണ്ട്. സംഘടനയ്ക്കായി ഒരു രൂപ എങ്കിലും ചിലവഴിച്ചിട്ടുണ്ടെങ്കിൽ അതിന് ഞങ്ങൾ വിലമതിക്കുന്നു.കോവിഡിനു ശേഷം എല്ലാത്തിനും വിലകയറിയ അവസരത്തിൽ,ഞെരുക്കത്തിൽ നിന്ന് നൽകുന്ന സംഭാവനകൾ നന്ദിയോടെ ഹൃദയത്തോട് ചേർക്കുന്നു.
അധികം സാമ്പത്തികം ഇല്ലാതെയാണ് ഇറങ്ങിത്തിരിച്ചിരിക്കുന്നത്.പുതിയ കമ്മിറ്റി തുടങ്ങിയിട്ട് അത്ര സമയമായിട്ടില്ല.അതുകൊണ്ട് തന്നെ, വളരെ സൂക്ഷിച്ചാണ് പണം കൈകാര്യം ചെയ്യുന്നത്. ഒരു നാണയത്തുട്ടുപോലും പാഴായിപ്പോകില്ലെന്ന് ട്രഷറർ എന്ന നിലയിൽ ഉറപ്പ് നൽകുന്നു.സാമ്പത്തികവിഷയത്തിൽ കാർക്കശ്യവും സുതാര്യവുമായ സമീപനമാണ് കൈക്കൊണ്ടിരിക്കുന്നത്.
 
മേയ് 30 ന് നടക്കുന്ന  മെഡിക്കൽ ക്യാമ്പിനെക്കുറിച്ച്?
 
ഫോമായും കോഴഞ്ചേരിയിലെ എംജിഎം മുത്തൂറ്റ് ഹോസ്പിറ്റലുമായി ചേര്‍ന്ന് അന്തരിച്ച എം.ജി ജോര്‍ജ് മുത്തൂറ്റിന്റെ സ്മരണാര്‍ത്ഥം നടത്തുന്ന മെഡിക്കൽ ക്യാമ്പ് ഈ മാസം 30 നാണ്. പത്തനംതിട്ട ജില്ലയിലെ റാന്നി ഇടമുറിയിലുള്ള എബനേസര്‍ മാര്‍ത്തോമ്മാ ചര്‍ച്ച് പാരീഷ് ഹാളില്‍ രാവിലെ 10 മണി മുതല്‍ 4 മണിവരെയാണ് പൊതുജനങ്ങള്‍ക്കായി പരിശോധനകള്‍ നടക്കുക.മെഡിക്കല്‍ ക്യാമ്പില്‍ കളക്ടറോടൊപ്പം ആന്റോ ആന്റണി എം.പി, പ്രമോദ് നാരായണ്‍ എം.എല്‍.എ, മുന്‍ എം.എല്‍.എ രാജു എബ്രഹാം, തുടങ്ങിയവരും ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവരും പൗരപ്രമുഖരും പങ്കെടുക്കും.
 
 
  ഇടുക്കിയിൽ  നടത്തുന്ന സൗജന്യ ക്യാൻസർ സ്ക്രീനിംഗ് ക്യാമ്പിന്റെ വിശദാംശങ്ങൾ പങ്കുവയ്ക്കാമോ?
 
ഫോമാ വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍ സുജ ഔസോ,സെക്രട്ടറി രേഷ്മ രഞ്ജൻ,ട്രഷറർ സുനിത പിള്ള,വൈസ് ചെയർ മേഴ്സി സാമുവൽ,നാഷണൽ കമ്മിറ്റി കോഓർഡിനേറ്റർ അമ്പിളി സജിമോൻ,ജോയിന്റ് സെക്രട്ടറി ശുഭ അഗസ്റ്റിൻ,ജോയിന്റ് ട്രഷറർ ടിന ആശിഷ് എന്നിവർ കൂടിയാലോചിച്ചാണ് ഇങ്ങനൊരു  ആശയം മുന്നോട്ടുവച്ചത്.നാട്ടിൽ 35 വയസുകഴിഞ്ഞ സ്ത്രീകളിൽ സ്തനാർബുദവും ഗർഭാശയ അർബുദവും വർദ്ധിച്ചുവരുന്നതും കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതുമായ പ്രശ്നം അവരാണ് ചൂണ്ടിക്കാണിച്ചത്. ഓറൽ, ബ്രെസ്റ്റ്, സെർവിക്കൽ ക്യാൻസർ സ്ക്രീനിംഗ് നടത്തിയാൽ രോഗനിർണ്ണയം മുൻകൂട്ടി സാധ്യമാകും. നേരത്തെ ചികിത്സിച്ചാൽ ഭേദമാകുന്ന ഇത്തരം രോഗങ്ങൾ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ ശ്രദ്ധിക്കാതെ വിടുകയും അസുഖം മൂർച്ഛിച്ച് മരണപ്പെടുകയും ചെയ്യുന്ന സംഭവങ്ങൾ ഇന്ന് സാധാരണമായി മാറിയിരിക്കുന്നു.ബോധവൽക്കരണവും പ്രധാനമാണ്. വിമൻസ് ഫോറത്തിന്റെ ഈ ആശയത്തിന് പ്രസിഡന്റ് ഡോ.ജേക്കബ് തോമസ് , ജനറല്‍ സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറര്‍ ബിജു തോണിക്കടവില്‍, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം ജോയിന്റ് സെക്രട്ടറി ഡോ. ജെയ്‌മോള്‍ ശ്രീധര്‍, ജോയിന്റ് ട്രഷറര്‍ ജെയിംസ് ജോര്‍ജ് എന്നിവരുടെയും പൂർണ പിന്തുണയുണ്ട്. ഫോമാ ഹെല്പിങ് ഹാൻഡ്‌സിൽ നിന്നുള്ള 2 ലക്ഷം രൂപയുടെ ചെക്ക് ഇതിനായി കൈമാറി.സുജ ഓസോയും  അമ്പിളി സജിമോനും മേഴ്‌സി സാമൂവലും  നാട്ടിലുണ്ട്. കാർക്കിനോസ് ഹെൽത്ത് കെയറിന്റെ മേധാവി ഹണി ദേവസ്യയുമായി, മറ്റ് വനിതാ അംഗങ്ങൾ അമേരിക്കയിലിരുന്ന് നിരന്തരം ആശയവിനിമയം നടത്തിയാണ് ഇത് സാധ്യമായത്.   അവരുടെ പ്രവർത്തനങ്ങളുടെ കണക്കും കാര്യങ്ങളും വനിതാ ഫോറം കൃത്യമായി കൈകാര്യം ചെയ്യുന്നതും ട്രഷറർ എന്ന നിലയിൽ നന്ദിയോടെ ഓർക്കുന്നു.

മേയ് 31ന് ഉടുമ്പൻചോല നിയോജക മണ്ഡലം എം.എൽ.എ  എം എം മണി, ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ബിനു കെ ടി,ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി,ഫോമാ ഹൗസിംഗ് പ്രോജക്ട് ചെയർ ജോസഫ് ഔസോ,  ഇരട്ടയാർ സെന്റ് ജോസഫ് പള്ളി വികാരി മോൺസ്.റവ. ഫാ.ജോസ് കരിവേലിക്കൽ, കാർകിനോസ് ഹെൽത്ത് കെയർ ആൻഡ് അൽഫോൻസ ഹോസ്പിറ്റലിലെ ഓങ്കോളജിസ്റ്റ് ഡോ. അരുൺ മുരളി തുടങ്ങിയവർ ക്യാമ്പിന്റെ ഉദ്ഘാടനച്ചടങ്ങിൽ  പങ്കെടുക്കും.
 
കൺവൻഷൻ കാണാൻ അമേരിക്കയിൽ നിന്ന് കേരളത്തിൽ എത്തുന്ന കുടുംബങ്ങൾക്ക് എന്തൊക്കെ പ്രതീക്ഷിക്കാം?
 
കൺവൻഷൻ നടക്കുന്നത് കൊല്ലം ജില്ലയിൽ ആയതുകൊണ്ട് സമീപ പ്രദേശത്തെ ടൂറിസ്റ്റ് സ്പോട്ടുകൾ സന്ദർശിക്കാൻ അവർക്ക്  അവസരമൊരുക്കും. കുറച്ച് കുടുംബങ്ങൾ നേരത്തെ എത്തിച്ചേർന്നിട്ടുണ്ട്. അവർക്ക് ഇടുക്കി ഡാം ഉൾപ്പെടെ ഇടുക്കിയിലെ ദൃശ്യഭംഗി ആസ്വദിക്കാനുള്ള സംവിധാനവും പ്ലാൻ ചെയ്തിട്ടുണ്ട്.
 
ജൂൺ മാസത്തിലാണ് കേരള കൺവൻഷൻ എന്നതുകൊണ്ട് മഴ പോലുള്ള കാലാവസ്ഥാ പ്രശ്നങ്ങൾ നേരിടാൻ മുന്നൊരുക്കങ്ങൾ എടുത്തിട്ടുണ്ടോ?
 
 ജൂൺ മൂന്നിനും നാലിനാണ് കൺവൻഷൻ. അഞ്ചാം തീയതിക്ക് ശേഷമാണ് ഇത്തവണ മഴ കണക്കുക എന്നാണ് കാലാവസ്ഥാപ്രവചനം. എല്ലാം നന്നായി പര്യവസാനിക്കുമെന്ന ശുഭാപ്തിവിശ്വാസമുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക