Image

ഫോമാ ഹൗസിങ് പ്രോജക്ടിലൂടെ  ഇനിയും കൂടുതൽ വീടുകൾ നിർമ്മിച്ച് നൽകും : ജോസഫ് ഔസോ 

മീട്ടു റഹ്മത്ത് കലാം  Published on 30 May, 2023
ഫോമാ ഹൗസിങ് പ്രോജക്ടിലൂടെ  ഇനിയും കൂടുതൽ വീടുകൾ നിർമ്മിച്ച് നൽകും : ജോസഫ് ഔസോ 

ഫോമായുടെ കേരള കൺവൻഷനിലൂടെ നിരവധി ജീവകാരുണ്യ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ്  ഫോമാ ഹൗസിങ് പ്രോജക്ട്. സംഘടനയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ ജോസഫ് ഔസോയാണ് പ്രോജക്ട് ചെയർമാൻ.ഒരു പതിറ്റാണ്ടിലേറെയായി ഫോമായ്‌ക്കൊപ്പം പ്രവർത്തിക്കുന്ന 
മോഹൻ പനവുങ്കൽ,സജി എബ്രഹാം,തോമസ് ജോസ്,ജോർജ് മാലിയിൽ,സണ്ണി കൈതമറ്റം എന്നിവരുടെ സ്ഥിരോത്സാഹവും ആത്മാർത്ഥതയുമാണ് ഹൗസിങ് പ്രോജക്ട് വിജയകരമായി പൂർത്തീകരിക്കാൻ തനിക്ക് സഹായകമായതെന്ന് ചെയർമാൻ ജോസഫ് ഔസോ പറയുന്നു...


 വീട് ഓരോ വ്യക്തിയുടെയും സ്വപ്നങ്ങളിൽ ഒന്നാണ്.അത് യാഥാർത്ഥ്യമാക്കാൻ ചുക്കാൻ പിടിക്കുമ്പോൾ ഫോമാ ഹൗസിങ് പ്രോജക്ട്  ചെയർമാൻ എന്ത് തോന്നുന്നു?

ഫോമായുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ് ഞാൻ. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി കേരളത്തിനകത്തും പുറത്തും ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങൾ ഫോമാ നടത്തിയിട്ടുണ്ട്. ഓരോ പദ്ധതിയും ആരെ ഏൽപ്പിക്കണമെന്ന ദിശാബോധം ഇതുവരെയുള്ള എല്ലാ എക്സ്ക്യൂട്ടീവ് കമ്മിറ്റികളും കാണിച്ചു എന്നതുകൊണ്ടാണ് ഏറ്റെടുത്ത പദ്ധതികൾ നടപ്പാക്കാൻ സംഘടനയ്ക്ക് കഴിഞ്ഞിട്ടുള്ളത്. പ്രസിഡന്റ് ഡോ.ജേക്കബ് തോമസ്,ജനറല്‍ സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറര്‍ ബിജു തോണിക്കടവില്‍, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം ജോയിന്റ് സെക്രട്ടറി ഡോ. ജെയ്‌മോള്‍ ശ്രീധര്‍, ജോയിന്റ് ട്രഷറര്‍ ജെയിംസ് ജോര്‍ജ് എന്നിവരും മികച്ച രീതിയിൽ സംഘടനയെ മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്.പത്തുവർഷത്തിനിടെ 78 വീടുകൾ നിർമ്മിച്ചു നൽകിയ അനുഭവപരിചയം കണക്കിലെടുത്താണ് ഫോമാ ഹൗസിങ് പ്രോജക്ടിന്റെ അമരക്കാരനാകാൻ എന്നെ തിരഞ്ഞെടുത്തത്. ആ പ്രോജക്ട് വിജയിപ്പിക്കാൻ ആരൊക്കെ ഒപ്പം വേണമെന്ന ആലോചനയിൽ മനസ്സിൽ വന്ന അഞ്ച് മുഖങ്ങളുണ്ട്. ന്യൂയോർക്കിൽ നിന്നുള്ള സജി എബ്രഹാം(വൈസ് ചെയർമാൻ),ഡിട്രോയിറ്റിൽ നിന്നുള്ള മോഹൻ പനവുങ്കൽ (സെക്രട്ടറി), വാഷിംഗ്ടൺ ഡി.സി യിൽ നിന്നുള്ള തോമസ് ജോസ്,ഫ്ലോറിഡയിൽ നിന്നുള്ള സണ്ണി കൈതമറ്റം,ജോർജ് മാലിയിൽ എന്നിവർ പത്തുവർഷത്തിലേറെയായി ഫോമായ്ക്കുവേണ്ടി പ്രവർത്തിക്കുന്നവരാണ്.  അമേരിക്കയുടെ  വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഞങ്ങളുടെ ഒറ്റക്കെട്ടായുള്ള പ്രവർത്തനമാണ് ഈ പ്രോജക്ടിന്റെ വിജയരഹസ്യം.ഈ വിജയം ഞാൻ എന്റെ ടീമിന് സമർപ്പിക്കുന്നു.

കൺവൻഷന്റെ ഭാഗമായി രണ്ടുപേരാണ് പുതിയ വീട്ടിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നത്, അല്ലേ?

നിരവധി അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ രണ്ടുപേരെയാണ് പരിഗണിച്ചത്. പൊട്ടിപ്പൊളിഞ്ഞ് വാസയോഗ്യം അല്ലാതായി തീർന്ന വീടുകൾ പുതുക്കിപ്പണിയാനുള്ള സഹായമാണ് ഈ ഘട്ടത്തിൽ ചെയ്തത്. അറുപത് വർഷം ടെയ്ലറിംഗ് ജോലി ചെയ്തിട്ടും, നല്ലൊരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയാതിരുന്ന  ഗോപാല പിള്ളയാണ് ഒരാൾ. എന്റെയും ഭാര്യ സുജ ഔസോയുടെയും കുടുംബത്തിൽ നിന്നുതന്നെ രണ്ടു ലക്ഷം രൂപയും വേറെ ഒരു ലക്ഷം രൂപയും വീടുപൂർത്തീകരിക്കാൻ നൽകി. ഹൗസിങ് പ്രോജക്ടിന്റെ ആദ്യഘട്ട കൈത്താങ്ങ് എത്തിയ മറ്റൊരാൾ സിബി എന്ന പത്തനംതിട്ട സ്വദേശിയാണ്. 2022-24 ടീമിന്റെ പ്രവർത്തനങ്ങളുടെ തുടക്കമായി മാത്രം ഇതിനെ കണ്ടാൽ മതി.ഫൈനൽ കൺവൻഷന്റെ ഭാഗമായി കൂടുതൽ വീടുകൾ പൂർത്തീകരിക്കും.

കേരള കൺവൻഷന് വളരെ മുൻപേ അമേരിക്കയിൽ നിന്ന് പുറപ്പെട്ടോ?

ഡൽഹിയിലാണ് വന്നിറങ്ങിയത്. നാട്ടിൽ വന്നാൽ,മജീഷ്യൻ മുതുകാട് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി നടത്തുന്ന മാജിക് പ്ലാനറ്റിൽ പോകണമെന്ന് ആഗ്രഹിച്ചിരുന്നു. അവിടെ പോയി ആ കുട്ടികൾക്കൊപ്പം ആടുകയും പാടുകയും ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു. പിന്നീടാണ് കേരള കൺവൻഷന്റെ ഒരുക്കങ്ങളുടെയും തിരക്കുകളുടെയും ഭാഗമായത്.ഇവിടെ പ്രസിഡന്റ് ഡോ.ജേക്കബ് തോമസ്, കേരള കണ്‍വന്‍ഷന്‍ ചെയര്‍ തോമസ് ഒലിയാംകുന്നേൽ, കണ്‍വന്‍ഷന്‍ കമ്മറ്റിയുടെ കോ-ഓര്‍ഡിനേറ്റർ ഡോ. എം.കെ. ലൂക്കോസ് മണിയോട്ട് എന്നിവരും കൈമെയ് മറന്ന് പ്രവർത്തിക്കുന്നുണ്ട്.
ശിങ്കാരി മേളക്കാർക്കൊപ്പം കൊട്ടാനും കൂടി.ഒരുക്കങ്ങൾ ആസ്വദിക്കുന്നുണ്ട്. കേരളത്തിലായാലും അമേരിക്കയിലായാലും കൺവൻഷൻ എപ്പോഴും ഒരാവേശമാണ്.എന്റെയും സുജയുടെയും വിവാഹം നടന്നതും ഫോമായുടെ ക്രൂസ് കൺവൻഷനിൽ വച്ചാണ്. വീട്ടിലൊരു ഫങ്ഷൻ നടക്കുന്ന ഫീലാണ്. കൺവൻഷനെ വരവേൽക്കാൻ മനസ്സ് ഒരുങ്ങിക്കഴിഞ്ഞു.

#Fomaa_housing_project

Join WhatsApp News
മലയാളി 2023-05-30 13:57:48
അച്ചായൻ ഇപ്പോഴും പഴയ ആളു തന്നെ. തമാശക്ക് ഒരു കുറവും ഇല്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക