Image

ഫോമാ പുരസ്കാരം: മികച്ച മന്ത്രി ജി.ആർ അനിൽ; റോണി റാഫേൽ, ഡോ.ഗീവർഗ്ഗീസ് യോഹന്നാൻ,  ഡോ. ഷാജഹാൻ ജേതാക്കൾ

Published on 03 June, 2023
ഫോമാ പുരസ്കാരം: മികച്ച മന്ത്രി ജി.ആർ അനിൽ; റോണി റാഫേൽ, ഡോ.ഗീവർഗ്ഗീസ് യോഹന്നാൻ,  ഡോ. ഷാജഹാൻ ജേതാക്കൾ

കൊല്ലം: കേരള വികസനത്തിൽ  അമേരിക്കൽ മലയാളികൾക്ക് നിർണായക സ്ഥാനം വഹിക്കാനാകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അഭിപ്രായപ്പെട്ടു.

അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫോമ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്ക) യുടെ  കേരള കൺവെൻഷൻ കൊല്ലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസന ചർച്ചകൾക്ക് വേദിയൊരുക്കുന്നതിന് ലോക കേരള സഭ പോലുള്ള സംവിധാനങ്ങൾ അനിവാര്യമാണ്. ഫോമ പോലുള്ള സംഘടനകൾക്കും വികസന ചർച്ചകൾക്ക് വേദി ഒരുക്കാനാകും.

ജലവിഭവ വകുപ്പം മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. മുൻ അംബാസിഡർ ടി.പി. ശ്രീനിവാസൻ,  ദലീമാ ജോജോ എം എൽ എ, മുൻ എം എൽ എ രാജു എബ്രഹാം ,  ഫോമ മുൻ പ്രസിഡന്റ് അനിയൻ ജോർജ്, ട്രഷറർ ബിജു തോണിക്കടവിൽ,  എന്നിവർ പ്രസംഗിച്ചു. ഫോമ കേരളാ കൺവെൻഷൻ ചെയർമാൻ തോമസ് ഒലിയംകുന്നേൽ സ്വാഗതവും വൈസ് പ്രസിഡൻ്റ് സണ്ണി വള്ളിക്കളം നന്ദിയും പറഞ്ഞു.

ചടങ്ങിൽ വച്ച് ഈ വർഷത്തെ ഫോമ പുരസ്കാരങ്ങളും പ്രഖ്യാപിക്കപ്പെട്ടു.

മികച്ച മന്ത്രിക്കുള്ള പുരസ്കാരം ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ. അനിലിനു സമ്മാനിക്കും. കേരളത്തിലെ പൊതുവിതരണ രംഗത്ത് വരുത്തിയ ക്രിയാത്മക മാറ്റങ്ങൾ ആണ് ജി.ആർ. അനിലിനെ പുരസ്കാരത്തിന് അർഹനാക്കിയത്.  റേഷൻ കടകളെ നവീകരിച്ച്  കെ - സ്റ്റോറുകളാക്കി മാറ്റി കൂടുതൽ ജനോപകാര പ്രദമാക്കുന്ന പദ്ധതി അടക്കമുള്ള പുതിയ പദ്ധതികൾ വിഭാവനം ചെയ്തു നടപ്പാക്കുന്നതിൽ ജി.ആർ. അനിൽ പ്രകടിപ്പിച്ച ഭരണമികവിനെ പുരസ്കാരസമിതി പ്രത്യേകം പ്രശംസിച്ചു.

കാലാരംഗത്തെ നേട്ടങ്ങൾക്ക് സംഗീത സംവിധായകൻ റോണി റാഫേൽ ഫോമ കലാസാംസ്കാരിക അവാർഡിനു അർഹനായി.

മികച്ച വ്യവസായിക്കുള്ള അവാർഡ് കേരളത്തിലെ വിദ്യാഭ്യാസരംഗത്തു വ്യക്തി മുദ്ര പതിപ്പിച്ച വ്യവസായ പ്രമുഖൻ  ഡോ.ഗീവർഗ്ഗീസ് യോഹന്നാനും പൊതുജനാരോഗ്യ രംഗത്തെ സംഭാവനകൾക്ക് കൊല്ലം ജില്ലാ ആശുപത്രിയിലെ ആർ എം ഒ ഡോക്ടർ എ എം ഷാജഹാന് ഡോ. വന്ദനാദാസ് സ്മാരക ആരോഗ്യ പുരസ്കാരവും നൽകും.

ഫോമ കേരള കൺവെൻഷനോടനുബന്ധിച്ച്  നാളെ (ജൂൺ 4)  രാവിലെ 10.30 ന് കൊല്ലം ബീച്ച് റിസോർട്ട് കൺവെൻഷൻ സെന്ററിൽ വച്ച് നടക്കുന്ന അമേരിക്കൻ മലയാളികളുടെ എൻ ആർ ഐ കോൺക്ലേവിൽ വച്ച് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള പുരസ്കാരങ്ങൾ സമ്മാനിക്കും   

നാളെ  വൈകിട്ടു 3.30 ന്  നടക്കുന്ന സമാപന സമ്മേളനം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. എം പിമാരായ ആന്റോ ആന്റണി, എൻ കെ പ്രേമ ചങ്കരൻ കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് എന്നിവർ പങ്കെടുക്കും.

ചടങ്ങിൽ ഫോമ പ്രസിഡന്റ് ഡോ.ജേക്കബ് തോമസ് അധ്യക്ഷതവഹിക്കും. ചടങ്ങിൽ വച്ച്
മികച്ച സംരംഭകർക്കുള്ള അവാർഡ് കൊല്ലം കിംസ് ആശുപത്രി സി ഒ ഒ ഡോ പ്രിൻസ് വർഗീസിനും പൂവാർ റിസോർട്ട് ചെയർമാൻ കബീർ ഖാദറിനും, ഗവർണർ സമ്മാനിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക