Image

പ്രവാസികളാണ് കേരളത്തിന്റെ അഭിവൃദ്ധിക്കു കാരണം. അവരെ കറിവേപ്പിലയായി കരുതരുത്. ഗവർണർ

ബാബു കൃഷ്ണകല Published on 04 June, 2023
പ്രവാസികളാണ് കേരളത്തിന്റെ അഭിവൃദ്ധിക്കു കാരണം. അവരെ കറിവേപ്പിലയായി കരുതരുത്. ഗവർണർ

കൊല്ലം: പ്രവാസികളുടെ അധ്വാനം കൊണ്ട് അഭിവൃദ്ധിപ്പെടുന്ന ഒരു സംസ്ഥാനമാണ് കേരളമെന്നും അതിൽ അമേരിക്കൻ മലയാളികളുടെ പങ്കു വലുതാണെന്നും ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള  വ്യക്തമാക്കി.അമേരിക്കൽ മലയാളി സംഘടനയായ ഫോമയുടെ എൻ ആർ ഐ സമ്മേളനം കൊല്ലം ബീച്ച് റിസോർട്ടിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

 കേരളത്തിൽ അവതരിപ്പിക്കുന്ന ബജറ്റിനേക്കാൾ കൂടുതൽ പ്രവാസികളുടെ സംഭാവന ഉണ്ടെന്നാണ് ഒരു പഠനം പറയുന്നത്. അതിൽ വിദേശ പ്രവാസികളുടെ സംഭാവന കൂടുതലാണെന്നും അതൊരു വലിയ ആത്മ സമർപ്പണമാണെന്നും അദ്ദേഹം  അഭിപ്രായപ്പെട്ടു.


 
പ്രവാസികളെ ആവശ്യത്തിനുപകരിക്കുകയും ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയുകയും ചെയ്യുന്ന സമീപനം മാറണം. 
 ധർമ്മത്തിൽ അധിഷ്ടിതമായ സംസ്കാരം നിലനിൽക്കുന്നതാണ് ഭാരതത്തിന്റെ ഔന്നിത്യമെന്ന്ശ്രീധരൻ പിള്ള  പറഞ്ഞു.

ലോക രാജ്യങ്ങളിലെ വിവിധ ജനതതിയുമായി തട്ടിച്ചു നോക്കുമ്പോൾ ഇന്ത്യയിൽ ദൈവ വിശ്വാസത്തിന്റെ അളവ് കൂടുമ്പോൾ  മറ്റു രാജ്യങ്ങളിൽ നിരീശ്വര വാദികളുടെ എണ്ണം ഗണ്യമായി ഉയരുന്നു .  

 വിവിധ ലോക രാജ്യങ്ങളിലെ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ ജനങ്ങൾക്ക് ദൈവ വിശ്വാസം കുറഞ്ഞു വരുന്നതായി കാണാം.  അമേരിക്കയിൽ 23 % ആളുകൾ ദൈവ വിശ്വാസമില്ലാത്തവരാണ്. ബ്രിട്ടനിൽ അത് 52 % ത്തിൽ അധികമാണ്. ജപ്പാനിൽ 62% ഉം ചൈനയിൽ 78 % വും ഭൗതിക വാദികളാണ്.  എന്നാൽ ഇന്ത്യയിൽ വെറും കാൽ ശതമാനത്തിൽ താഴയാണ് നിരീശ്വര വാദികളുടെ എണ്ണം.  

ഇതിനു കാരണം നമ്മുടെ സംസ്കാരത്തിന്റെ തെളിമയാണ്. ധർമമാണ് ഇന്ത്യയുടെ മതവും വിശ്വാസവും. ഭാരതത്തിന്റെ സർവ്വ ധർമ സമഭാവന സിദ്ധാന്തത്തിന് 5000 വർഷത്തെ പഴക്കമുണ്ട്. 

രാജാധികാരം ഏറ്റെടുക്കുമ്പോൾ ഏറ്റവും അവസാനമായി രാജാവ് എന്നെ ശിക്ഷിക്കാനാരുമില്ല, ഞാൻ സൈന്യത്തിന്റെയും സമ്പത്തിന്റെയും ഉടമയാണ് എന്ന് പ്രഖ്യാപിക്കുമ്പോഴാണ് ധർമ ദണ്ട് നൽകപ്പെടുന്നത്.  നീ ശിക്ഷക്ക് അധീനനല്ല എന്ന് രാജാവിനെ ഉത്ബോധിപ്പിക്കുന്ന ഇത്തരം ചടങ്ങുകൾ ഭാരതത്തിൽ മാത്രമേ ദർശിക്കാനാകൂ. ഇത്തരം ധർമ രീതി മറ്റെവിടെയുമില്ല. ധർമ ചക്രമാണ് ഭാരതീയ പതാകയിൽ ഉള്ളത്.  ജി 20 രാജ്യങ്ങളുടെ ചുമതല ഏറ്റെടുത്തപ്പോൾ ഇന്ത്യ പ്രഖ്യാപിച്ചത് മൂന്നു കാര്യങ്ങളാണ്. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി. ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും ധർമ വിചാരം വരട്ടെ എന്നതാണ് ഭാരതത്തിന്റെ കാഴ്ചപ്പാട്.

 അമേരിക്കയിലെ ഡോക്ടർമാരുടെ പട്ടികയിൽ ആദ്യ അഞ്ചിൽ ഇന്ത്യക്കാരനുണ്ട്. അമേരിക്കൻ സമ്പത് വ്യവസ്ഥയുടെ 6 % ഇന്ത്യക്കാരുടെ നികുതിയാണെന്നത് എന്നെ അത്ഭുതപ്പെടുത്തി. സാമൂഹിക ശ്രദ്ധ ഉള്ളവരാണ് മലയാളികൾ.

വ്യക്തി ഹത്യ കുത്തിക്കൊല്ലുന്നതിനേക്കാൾ പാപമാണ്. സി ദിവാകരൻ പറഞ്ഞതിനെ ആനുകൂലിക്കുകയാണ്. അദ്ദേഹം കള്ളം പറയുമെന്നു കരുതുന്നില്ല. കേരളത്തിൽ ആവശ്യമില്ലാത്ത വിവാദം സൃഷ്ടിക്കുന്ന പ്രവണത ഉണ്ട്. ഭരിക്കുന്നവരുടെ മുഖത്തു നോക്കി തെറ്റാണെന്നു പറയുന്നതാണ് ജനാധിപത്യം. പക്ഷെ അത് വ്യക്തി ഹത്യ നടത്താനുള്ള സ്വാതന്ത്ര്യമല്ല. ഗവർണർ വ്യക്തമാക്കി.

 പ്രസിഡന്റ് ഡോ.ജേക്കബ് തോമസ് അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ ഫോമ ബസ്റ്റ് മിനിസ്റ്റർ അവാർഡ് സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി ജി. ആർ അനിലിന് ഗവർണർ അഡ്വ.പി എസ് ശ്രീധരൻ പിള്ള സന്മാനിച്ചു.
ഫോമ ബിസിനസ് എക്സലൻസ് അവാർഡ് ഡോ.ഗീവർഗീസ് യോഹന്നാനും ആർട്ട് ആൻഡ് കൾച്ചറൽ അവാർഡ് സംഗീത സംവിധായകൻ റോണി റാഫേലിനും ഡോ വണ്ടനാ ദാസ് മെമ്മോറിയൽ ഹെൽത്ത് അവാർഡ് ഡോ. എ എം ഷാജഹാനും നൽകി.


ട്രഷറാർ ബിജു തോണിക്കടവിൽ സ്വാഗതവും കേരള കൺവെൻഷൻ ചെയർമാൻ തോമസ് ഓലിയാം കുന്നേൽ നന്ദിയും പറഞ്ഞു.

Join WhatsApp News
josecheripuram 2023-06-05 01:35:19
Why they offer themselves as "KARIVEPILLA"?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക