Image

നിരാശപ്പെടുത്തിയ രാഹുൽ ഗാന്ധി (നടപ്പാതയിൽ ഇന്ന്- 77: ബാബു പാറയ്ക്കൽ)

Published on 06 June, 2023
 നിരാശപ്പെടുത്തിയ രാഹുൽ ഗാന്ധി (നടപ്പാതയിൽ ഇന്ന്- 77: ബാബു പാറയ്ക്കൽ)

ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച രാഹുൽ ഗാന്ധി സ്വീകരണ സമ്മേളത്തിൽ സംബന്ധിച്ചത് വലിയ പ്രതീക്ഷയോടും 'ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി' എന്ന് കോൺഗ്രസ് പാർട്ടി വിശേഷിപ്പിക്കുന്നതുമായ രാഹുൽ ഗാന്ധിയെ കാണാനുമായിരുന്നു. സർവ്വോപരി അദ്ദേഹത്തിന്റെ മനസ്സിലുള്ള ഭാവി ഇന്ത്യയെ പറ്റി അദ്ദേഹത്തിൽ നിന്നു തന്നെ കേൾക്കാനുമായിരുന്നു. കൃത്യം 2 മണിക്ക് തന്നെ മീറ്റിംഗ് തുടങ്ങുമെന്നറിയിച്ചിരുന്നത് കൊണ്ട് സമയത്തു തന്നെ എത്തിച്ചേർന്നു. അതിവേഗം നിറയുന്ന കൺവൻഷൻ ഹാൾ കണ്ടപ്പോൾ ഈ സമ്മേളനം വൻ വിജയമായിരിക്കുമെന്ന കാര്യത്തിൽ സംശയം തോന്നിയില്ല. ഇന്ത്യയിലെ പല പി സി സി പ്രസിന്റ്മാരും ഐ ഒ സി യുടെ പല നേതാക്കന്മാരും മുൻപിൽ സന്നിഹിതരായിരുന്നു. തുടക്കത്തിൽ രണ്ടു മൂന്നു ഹിന്ദി പാട്ടുകൾ ആരോ പാടി. അതിനു പക്ഷേ അക്ഷമരായ ജനങ്ങളെ ശാന്തരാക്കാനായില്ല. ഇടയ്‌ക്കൊക്കെ 'രാഹുൽജി സിന്ദാബാദ്' വിളികളുമായി കുറേപ്പേർ ശബ്ദമുണ്ടാക്കി ഹാളിന്റെ ഇടനാഴിയിൽകൂടി കടന്നു വന്നപ്പോൾ രാഹുൽ വന്നതാണെന്ന് കരുതി ജനങ്ങൾ എഴുന്നേറ്റു. എന്നാൽ അതെല്ലാം വെള്ളമടിച്ച കുറെ 'പ്രവർത്തകരുടെ ആത്മവീര്യ വിസ്ഫോടനം മാത്രമായിരുന്നു എന്നു പിന്നീട് മനസ്സിലായി. അവരുടെ ആത്മാർഥത മറ്റുള്ള അണികൾക്കു ശല്യമായപ്പോൾ അവരെ സെക്യൂരിറ്റിക്കാർ ലഘുഭക്ഷണം കഴിക്കാമെന്നു പറഞ്ഞു കൊണ്ടുപോകുമെന്നു കണ്ടു.

സമയം പിന്നെയും നീങ്ങിയപ്പോൾ സ്റ്റേജിൽ കുറെ നേതാക്കന്മാരെ വിളിച്ചിരുത്തി. അവരിൽ ഓരോരുത്തരായി പ്രസംഗിച്ചു. എന്നാൽ സംഘാടകർ ആരും തന്നെ രാഹുൽ ഗാന്ധി താമസിക്കുന്നതിന്റെ കാരണമോ ഇനിയും എത്ര നേരം കൂടി കാത്തിരിക്കണമെന്നോ പറയാനുള്ള സാമാന്യ മര്യാദ കാണിച്ചില്ല. ഏതാണ്ട് മൂവായിരത്തിലധികം ആളുകളുടെ സമയത്തിന് യാതൊരു വിലയും കൽപ്പിച്ചില്ല. നാലര മണി കഴിഞ്ഞപ്പോൾ ഞങ്ങളുടെ അടുത്തിരുന്ന ബോസ്റ്റണിൽ നിന്നും വന്ന ദമ്പതിമാർ എഴുന്നേറ്റു സ്ഥലം കാലിയാക്കി. ടോറോന്റോ യിൽ നിന്നും വന്ന ഒരു കുടുംബം ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ മടങ്ങി. 

ഒടുവിൽ, 4: 40 ആയപ്പോൾ രാഹുൽ ഗാന്ധി എത്തി. തുടർന്ന് സാം പെട്രോഡ പ്രസംഗിച്ചു. ഏതാണ്ട് അര മണിക്കൂറിലധികം നീണ്ട പ്രസംഗത്തിൽ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായപ്പോൾ കൊണ്ടു വന്ന മാറ്റങ്ങളെപ്പറ്റിയാണ് അദ്ദേഹം കൂടുതൽ വിവരിച്ചത്. 1986 ൽ രാജീവ് ഗാന്ധി വാഷിംഗ്‌ടണിൽ വന്നപ്പോൾ നടത്തിയ മീറ്റിംഗിൽ സംബന്ധിക്കയും അദ്ദേഹത്തോട് സംസാരിക്കയും ചെയ്ത ഒരാളെന്ന നിലയിൽ അന്നത്തെ മീറ്റിംഗിന്റെ ഓർമ്മകൾ എൻറെ മനസ്സിലേക്കൊടിയെത്തി. ഇന്ത്യയിൽ ഒരു ടെക്നോളജി വിപ്ലവം തന്നെയാണ് രാജീവ് ഗാന്ധി വിഭാവനം ചെയ്തത്. പല കാര്യങ്ങളും ചെയ്യുമെന്ന് പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കാനോ തുടക്കമിടാനോയെങ്കിലും അദ്ദേഹത്തിന് സാധിച്ചു എന്ന കാര്യം വിസ്മരിക്കാനാവില്ല. 

സാം പെട്രോഡയുടെ നീണ്ട പ്രസംഗത്തിനു ശേഷം രാഹുൽ ഗാന്ധി പ്രസംഗം ആരംഭിച്ചു. പറഞ്ഞിരുന്ന സമയത്തേക്കാൾ മൂന്നു മണിക്കൂർ താമസിച്ചെങ്കിലും ഭാവിയുടെ വാഗ്‌ദാനങ്ങൾ അറിയുവാൻ ചെവി കൂർപ്പിച്ചിരുന്നു. രാഹുൽജി നാളെ പ്രധാനമന്ത്രിയായാൽ എങ്ങനെ ഇന്ത്യയെ നയിക്കും എന്ന് കേൾക്കാൻ ജനങ്ങൾ മുഴുവൻ നിശബ്ദമായി ശ്രവിച്ചു. 'നഫ്‌റത് കി ബാസാർ മേം മുഹബ്ബത് കി ദൂക്കാൻ' (വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട) യാണ് നമ്മുടെ ലക്ഷ്യം എന്ന മുദ്രാവാക്യവുമായി തുടങ്ങിയ രാഹുൽ പക്ഷേ ജനങ്ങൾ കേൾക്കാൻ കൊതിച്ച വിഷയങ്ങളൊന്നും സ്‌പർശിച്ചതേയില്ല. സാധാരണ ജനങ്ങൾക്കും രാഷ്ട്രത്തിനു തന്നെയും ഭീഷണിയായി വളർന്നു വരുന്ന തീവ്രവാദത്തിനെ നേരിടാൻ സ്നേഹത്തിന്റെ കടയിൽ എന്താണുള്ളതെന്നദ്ദേഹം പറഞ്ഞില്ല. അന്തർദ്ദേശീയമായി ഉരുത്തിരിയുന്ന വൻ ശക്തികളുടെ മാറിമറിയുന്ന കൂട്ടുകെട്ടിനെപ്പറ്റി അദ്ദേഹം ശബ്‌ദിച്ചില്ല. റഷ്യയും ചൈനയും സൗദി അറേബ്യയും ഇറാനും തമ്മിൽ കൈകോർക്കുന്നത് അമേരിക്ക സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. ഇന്ത്യയ്ക്കു ചുറ്റും ഇവർ ശക്തി പ്രാപിക്കുമ്പോൾ ഇന്ത്യയുടെ നയം എന്തായിരിക്കണമെന്നോ റഷ്യ-യുക്രയിൻ യുദ്ധത്തിൽ ഇന്ത്യയുടെ നിലപാടിനെപ്പറ്റി അഭിപ്രായം പറയുകയോ ചെയ്തില്ല.

ഇന്ത്യയുടെ കിഴക്കൻ മേഖലകളിൽ പടർന്നു വരുന്ന കലാപങ്ങളെപ്പറ്റി ഒരക്ഷരം മിണ്ടിയില്ല. അടുത്ത തെരഞ്ഞെടുപ്പിൽ കർണാടക എല്ലായിടത്തും ആവർത്തിക്കും എന്ന് പറയുമ്പോൾ അതെങ്ങനെ എന്ന് പറയുന്നില്ല. തമ്മിലടിച്ചു നശിച്ചുകൊണ്ടിരിക്കുന്ന കോൺഗ്രസ് പാർട്ടിയെ ഭഗവാൻ ഏതു രൂപത്തിൽ വന്നു രക്ഷപ്പെടുത്തുമെന്നും അദ്ദേഹം വിശദീകരിച്ചില്ല. ട്രെയിൻ അപകടം ഉണ്ടായപ്പോൾ കോൺഗ്രസ് മന്ത്രി രാജി വച്ച പാരമ്പര്യത്തെപ്പറ്റി പറഞ്ഞപ്പോഴും ആയിരക്കണക്കിന് ആളുകൾ അപകടത്തിൽപ്പെടുന്ന ചരിത്രം എങ്ങനെ മാറ്റിയെഴുതാൻ കഴിയും എന്നദ്ദേഹം പറഞ്ഞില്ല. നരേന്ദ്ര മോദി അധികാരത്തിൽ വന്ന 2014 ൽ മാത്രം 27,000 പേർ ഇന്ത്യയിൽ തീവണ്ടിയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ മരണപ്പെട്ടതായി 'നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ’യെ ഉദ്ധരിച്ചു കൊണ്ട് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. അതിനു ബിജെപി സർക്കാരിനെ മാത്രം എങ്ങനെയാണ് കുറ്റപ്പെടുത്താനാകുക? പ്രധാനമന്ത്രി മോദിയെയും ബിജെപി യെയും കുറ്റപ്പെടുത്താനാണ് രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ അധിക സമയവും  ചെലവാക്കിയത്. ആവർത്തന വിരസത അതിനു പുറമെയും. ബിജെപി സർക്കാർ ചെയ്യുന്ന പല കാര്യങ്ങളും അംഗീകരിക്കാനാവുന്നതല്ലെങ്കിലും പ്രധാന മന്ത്രി നരേന്ദ്ര മോദി അന്തർദ്ദേശീയ തലത്തിൽ രാജ്യത്തിന് പുകഴ്ച്ച നേടിത്തന്നു എന്നത് യാഥാർഥ്യമാണ്. 

രാജ്യത്തു വികസനം ത്വരിതഗതിയിൽ മുന്നേറുകയാണ്. ഈയിടെ വടക്കേ ഇന്ത്യയിൽ പല സംസ്ഥാനങ്ങലും സന്ദർശിച്ച എനിക്ക് അത് നേരിട്ട് കാണാൻ സാധിച്ചു. വൈകിട്ടത്തെ ടീവി ന്യൂസിൽ അവിടെ വരുന്ന പുതിയ വൻ വ്യവസായങ്ങളെപ്പറ്റിയും ചൈനയിൽ നിന്നും ഇന്ത്യയിലേക്ക് വരാൻ വെമ്പൽ കൊള്ളുന്ന അമേരിക്കൻ കമ്പനികളെക്കുറിച്ചും ആർക്കും എടുക്കാൻ പാകത്തിൽ മേശപ്പുറത്തു വച്ചിരിക്കുന്ന വൻ അമേരിക്കൻ കമ്പനികളുടെ അവസരങ്ങളെപ്പറ്റിയും അതൊക്കെ എടുത്തുകൊണ്ടു പോകുന്ന സംസ്ഥാനങ്ങളെപ്പറ്റിയും ഒക്കെയാണ് വാർത്തകൾ കാണുന്നത്. അതേ സമയം കേരളത്തിലെ ടീവി യിലോ? അരിക്കൊമ്പനെ മയക്കു വെടി വച്ചതും അതിനെ ട്രക്കിൽ കയറ്റി കൊണ്ടുപോകുന്നതും മുഖ്യമന്ത്രിയുടെ അഴിമതി കഥകളും അതിനെ ചുറ്റിപ്പറ്റിയുള്ള ചാനൽ ചർച്ചകളും തുടങ്ങി ജനങ്ങൾക്ക് യാതൊരു ഗുണവുമില്ലാത്ത കാര്യങ്ങൾ. ഇനി എന്നാണാവോ നമുക്കു ബുദ്ധി വരിക! എന്തായാലും പല മേഖലകളിലും അതിശീഘ്രം വളരുന്ന വികസനങ്ങൾ കണ്ടില്ലെന്നു നടിക്കാനാവില്ല. 

ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാഹുൽ ഗാന്ധിയിൽ നിന്നും ജനങ്ങൾ പ്രതീക്ഷിച്ച ഒരു പ്രസംഗമല്ല ശ്രവിച്ചത്. ഹൃസ്വമായ പ്രസംഗം മറ്റു മേഖലകളിലേക്കൊന്നും കടക്കാതെ ഉപസംഹരിക്കയും ചെയ്തു. രാഹുൽ ഗാന്ധി എന്നെ നിരാശപ്പെടുത്തിക്കളഞ്ഞു. സമ്മേളനം കഴിഞ്ഞിറങ്ങിയ പലരും ഈ അഭിപ്രായം തന്നെയാണ് പങ്കിട്ടതും. ഒരു പക്ഷേ, ഇന്ദിരാ ഗാന്ധിയുടെ കൊച്ചുമകനിൽ നിന്നും നാം പ്രതീക്ഷിച്ചതു കൂടിപ്പോയതു കൊണ്ടവാം.
_________________

Join WhatsApp News
Abdul Punnayurkulam 2023-06-06 10:30:06
Yes, sometimes leaders not come to public expectations!
NJ man 2023-06-06 14:47:38
I do agree
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക