Image

മുഖ്യമന്ത്രി അമേരിക്കയില്‍; വിവാദങ്ങൾ ശരിയോ? (ലേഖനം : തമ്പി ആന്റണി)

തമ്പി ആന്റണി Published on 30 June, 2023
മുഖ്യമന്ത്രി അമേരിക്കയില്‍; വിവാദങ്ങൾ ശരിയോ? (ലേഖനം : തമ്പി ആന്റണി)
അമേരിക്കയില്‍ നടന്ന ലോകകേരളസഭയുടെ സമ്മേളനത്തില്‍ എനിക്കു ക്ഷണം ലഭിക്കുകയും മലയാളികളായ പരശ്ശതം പ്രവാസികള്‍ക്കൊപ്പം ഞാനും ഭാര്യയും അഭിമാനപൂര്‍വം അതില്‍ പങ്കുകൊള്ളുകയും ചെയ്തു. സ്വാഭാവികമായും അവിടെക്കണ്ട അസുലഭമുഹൂര്‍ത്തങ്ങള്‍ പകര്‍ത്തുകയും കൈരളിയുള്‍പ്പെടെയുള്ള ചാനലുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും എന്റെ അഭിപ്രായങ്ങള്‍ പറയുകയുമുണ്ടായി. ഈ വലിയ സംരംഭത്തോടു വിയോജിപ്പുള്ളവരുണ്ടാകാം. എന്നാല്‍ ഞങ്ങള്‍ അമേരിക്കന്‍ മലയാളികളെ സംബന്ധിച്ചിടത്തോളം അതൊരുത്സവമായിരുന്നു. 
 
വര്‍ഷങ്ങളായി കേരളംവിട്ടു താമസിക്കുന്ന ഞങ്ങള്‍ക്ക് നമ്മുടെ മുഖ്യമന്ത്രി മുഖ്യാതിഥിയായെത്തുന്ന ചടങ്ങില്‍ പങ്കെടുക്കുന്നത് ആഹ്ലാദകരമാണ്. പ്രവാസികള്‍തന്നെ മുന്‍കൈയെടുത്തു സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയോടൊപ്പമിരിക്കാന്‍ പണം നല്‍കണമെന്നും രജിസ്‌ട്രേഷന്‍ കിട്ടാന്‍ വന്‍തുക നല്‍കണമെന്നും തുടങ്ങി, ന്യൂയോര്‍ക്കില്‍ പുക കാരണം മാസ്‌ക് വയ്ക്കാതെ പുറത്തിറങ്ങാനാവില്ലെന്നുംവരെ ചില മാധ്യമങ്ങളെഴുതി. അതു തെറ്റാണെന്നു തെളിവു സഹിതം പറയേണ്ടത് ഒരു കലാകാരന്‍കൂടിയായ എന്റെ ചുമതലയായിരുന്നു. അതു ചെയ്തു. അതിനെ വിമര്‍ശിച്ചുകൊണ്ട് ഇപ്പോള്‍ ചലര്‍ രംഗത്തു വന്നിരിക്കുന്നതിനാലാണ് ഈ വിശദീകരണക്കുറിപ്പ്. 
 
ഒരു വിമര്‍ശകന്‍ കൊട്ടാരക്കരക്കാരനായ ഒരു പഴയ ചലച്ചിത്രപ്രവര്‍ത്തകനാണ്. സമൂഹമാധ്യമത്തിലൂടെ എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുക മാത്രമല്ല, പൊതുഖജനാവിലെ പണം ധൂര്‍ത്തടിക്കുകയായിരുന്നെന്നും അമേരിക്കയിലെ പ്രവാസിമലയാളികള്‍ക്കു ഫ്രസ്‌ട്രേഷനാണെന്നും പറഞ്ഞ് ലോകകേരളസഭയില്‍ പങ്കെടുത്ത മുഴുവന്‍ പേരെയും അദ്ദേഹം തേജോവധം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഫ്രസ്‌ട്രേഷന്‍ എന്നാല്‍ ഇച്ഛാഭംഗമാണെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. കേവലം ഇരുപതും അന്‍പതും ഡോളറുകളുമായി ഉപജീവനാര്‍ത്ഥം അമേരിക്കയില്‍ കുടിയേറിയവരാണ് ഇവിടത്തെ പ്രവാസികള്‍. കഠിനാധ്വാനത്തിലൂടെ സമ്പന്നരാവുകയും അമേരിക്കന്‍ ഇലക്ഷന്‍ ഫണ്ടിലേക്ക് ദശലക്ഷക്കണക്കിനു ഡോളര്‍ സംഭാവന നല്‍കാന്‍ പ്രാപ്തരായിത്തീര്‍ന്നവരുമായ അവരെക്കണ്ടാല്‍, എന്തെങ്കിലുമാകാന്‍വേണ്ടി അമേരിക്കയില്‍വന്ന്, അധ്വാനിക്കാന്‍ മനസ്സില്ലാതെ ഓടിപ്പോകേണ്ടിവന്നവര്‍ക്കു തോന്നാവുന്ന വികാരമാണ് ഫ്രസ്‌ട്രേഷന്‍! അതുകൊണ്ട് കൊട്ടാരക്കരക്കാരന് അതു പറയാം!
അമേരിക്കയിലെ പല പ്രമുഖകമ്പനികളുടെയും സി ഇ ഓമാര്‍ ഇന്ത്യക്കാരാണ്. ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങി, പല തലങ്ങളിലും ഇന്ത്യക്കാരുടെ ബാഹുല്യമുള്ളതു കാണുമ്പോള്‍ നമുക്കഭിമാനമാണുണ്ടാവേണ്ടത്. കേരളത്തില്‍നിന്ന് അമേരിക്ക സന്ദര്‍ശിക്കാനെത്തുന്ന കലാകാരന്‍മാരെയും പ്രമുഖവ്യക്തികളെയും പരിചരിക്കുന്നതും അവര്‍ക്കു സൗകര്യമൊരുക്കിക്കൊടുക്കുന്നതും വിമര്‍ശകര്‍ 'പ്രാഞ്ചിയേട്ടന്‍മാര്‍' എന്നുവിളിച്ച് അപമാനിക്കുന്ന ഈ പ്രവാസികളാണ്, അല്ലാതെ സായിപ്പന്‍മാരല്ല. വര്‍ഷങ്ങളോളം കടലുകള്‍ക്കിപ്പുറം കഴിഞ്ഞുകൂടുമ്പോഴും മലയാളത്തെയും കേരളത്തെയും മറക്കാത്ത ഞങ്ങള്‍ പുതിയ കേരളത്തെ സ്വപ്നം കാണുന്നതു ഭ്രാന്തന്‍മാരായതുകൊണ്ടല്ല, മറിച്ച് ഇന്നു കേരളത്തില്‍ താമസിക്കുന്ന ഈ നാലാംകിടവിമര്‍ശകരെക്കാള്‍ പിറന്ന നാടിനോടു സ്‌നേഹമുള്ളവരായതുകൊണ്ടാണ്. 
 
മുഖ്യമന്ത്രിയുടെ കസേര
കസേരവിവാദമുണ്ടാക്കിയവരറിയാന്‍. പോഡിയമല്ലാതെ ഇരിപ്പിടമില്ലാത്ത വേദിയായിരുന്നു അത്. സുരക്ഷാ ഉദ്യോഗസ്ഥര്‍, മുഖ്യമന്ത്രിയെ അല്‍പ്പം നേരത്തേ വേദിയിലേക്കാനയിച്ചു. സംഘാടകരിലൊരാള്‍ അദ്ദേഹത്തിനൊരു കസേര നല്‍കി. ഇരുമ്പുകസേരയൊന്നുമല്ല! അദ്ദേഹം, ശാന്തനായി അക്ഷോഭ്യനായി അവിടെയിരുന്നപ്പോള്‍ ഞങ്ങള്‍ക്ക് അദ്ദേഹത്തോടുള്ള ബഹുമാനം വര്‍ദ്ധിക്കുകയാണു ചെയ്തത്. 
 
മുഖ്യമന്ത്രിയുടെ ഭക്ഷണം
ടൈംസ്‌ക്വയര്‍ മാരിയറ്റില്‍ മുഖ്യമന്ത്രിക്കും പത്‌നിക്കും മുറിയിലേക്കു ഭക്ഷണമെത്തിക്കുകയാണു ചെയ്തത്. ഞാനുള്‍പ്പെടെയുള്ളവര്‍, ഡൈനിംഗ് ഹാളില്‍ ആവശ്യമായ ഭക്ഷണമെടുത്ത് ലഭ്യമായ ഇരിപ്പിടങ്ങളിലിരുന്നു കഴിച്ചു. അവിടെ ഏതെങ്കിലും തരത്തിലുള്ള വേര്‍തിരിവുണ്ടായിരുന്നില്ല. 
 
ബിസിനസ് മീറ്റിംഗുകളിലെ രെജിസ്‌ട്രേഷന്‍
ആകെ ഇരുനൂറുപേര്‍ക്ക് ഇരിപ്പിടമുള്ള അവിടെ അത്രയുംപേര്‍ക്കേ പ്രവേശനമനുവദിക്കാന്‍ കഴിയുമായിരുന്നുള്ളു. രെജിസ്‌ട്രേഷന് ഫീസുണ്ടായിരുന്നില്ല എന്നതാണു പരമാര്‍ത്ഥം! 
 
ഞങ്ങളെല്ലാംതന്നെ മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും സൗകര്യങ്ങള്‍ക്ക് അങ്ങേയറ്റത്തെ പ്രാധാന്യമാണു കൊടുത്തിരുന്നത്. അതുകൊണ്ടാണ് തൊട്ടടുത്ത മുറിയില്‍ താമസിച്ചിട്ടും എലിവേറ്ററില്‍ തൊട്ടടുത്തുനിന്നു യാത്ര ചെയ്തിട്ടും മുഖ്യമന്ത്രിയ്‌ക്കൊപ്പം ഒരു ഫോട്ടോപോലുമെടുക്കാന്‍ ഞാന്‍ തയ്യാറാകാതിരുന്നത്; എടുത്തിരുന്നെങ്കില്‍ അതൊരു സ്വകാര്യമുതല്‍ക്കൂട്ടാകുമായിരുന്നിട്ടും! 
 
സാര്‍ത്ഥകമായൊരു പരിപാടിയായിരുന്നു ലോകകേരളസഭ. അതുകൊണ്ടു കേരളത്തിനെന്താണു കാര്യമെന്നു ചോദിക്കുന്നവര്‍ ഒന്നുകില്‍ ഒന്നിനെക്കുറിച്ചും ഒരു ബോധ്യവുമില്ലാത്തവരായിരിക്കണം; അല്ലെങ്കില്‍ എന്തിനെയും കുറ്റം പറയുന്നവരായിരിക്കണം- ആപ്പിള്‍ മുറിച്ചുകൊടുക്കാനാവശ്യപ്പെട്ടു കരഞ്ഞ്, അതു സാധിച്ചുകിട്ടിയപ്പോള്‍ പഴയതുപോലെ മതിയെന്നാവശ്യപ്പെട്ട, പഴങ്കഥയിലെ കുട്ടിയെപ്പോലെ! 
 
ഞാനുള്‍പ്പെടെയുള്ള പ്രവാസികളെ പ്രാഞ്ചിയേട്ടന്‍മാരെന്നു വിളിച്ചാക്ഷേപിക്കുന്ന, അന്യനാട്ടില്‍ മലയാളികളുടെ മാനംകളയാന്‍ മടിയില്ലാത്ത 'വിമര്‍ശ'കരേ, ഞങ്ങള്‍ നിങ്ങളേക്കാള്‍ കൂടുതല്‍ മലയാളികളാണ്.
 
Chief Minister in America.
Join WhatsApp News
Mr Commi 2023-06-30 13:24:18
One of the highlights of the Loka Kerala Sabha was identifying the Andham Commies in America
Jayan varghese 2023-06-30 13:56:17
ക്ഷമിക്കണം, ഞാൻ നീലക്കുറുക്കൻ. കാര്യം രാജാവിന്റെ വേഷത്തിലാണെങ്കിലും ഏന്റെ കൂട്ടർ ഇങ്ങനെ അറഞ്ഞ് കൂവുമ്പോൾ അടിയനും അറിയാതെ കൂവിപ്പോകുന്നു
നിരീശ്വരൻ 2023-06-30 16:29:09
താങ്കൾ ഒരാളെ ആരാധിക്കുകയും ബഹുമാനിക്കുകയും ഒക്കെ ചെയ്യുന്നതുകൊണ്ട് അമേരിക്കൻ മലയാളികളും അങ്ങനെ ചെയ്യണം എന്നാണോ പറയുന്നത്? അതിന് ഇത് കേരളം അല്ലല്ലോ അമേരിക്കയല്ലേ. അഭിപ്രായ സ്വാതന്ത്ര്യം ഏറെയുള്ള നാട്. വളരെ അധികം കുറ്റാരോപണങ്ങൾ ഉള്ള രണ്ടുപേരാണ് അടിത്തിടയ്ക്ക് അമേരിക്കയിൽ വന്നത്. കുറ്റം തെളിയാക്കപ്പെടുന്നതുവരെ ആരും കുറ്റവാളികൾ അല്ല. പക്ഷെ ഇന്ന് കുറ്റവാളികളെപ്പോലും പണവും സ്വാധീനവും കൊണ്ട് വെറുതെ വിടുന്നു. അധികാരവും പണവും ഉണ്ടെങ്കിൽ എന്തും നടക്കും എന്നത് ഇന്ന് ഒരു ലോകസത്യമായി മാറിക്കൊണ്ടിരിക്കുകയാണ്. പക്ഷെ ഈ അവസ്ഥയിലും ഒറ്റക്ക് നിന്ന് നീതിക്കും ന്യായത്തിനും വേണ്ടി പോരാടുന്നവരെ ഇഷ്ടപ്പെടുന്നവർ ചുരുക്കമായി ഉള്ളത് കടുത്തവേനലിൽ കിട്ടുന്ന ഒരു ചെറുമഴപോലെ ആശ്വാസകരമാണ്. കേരളത്തിന്റ അവസ്ഥ പലതുകൊണ്ടും പരിതാപകരമാണ്. ശശിതരൂർ നടത്തിയ പഠനങ്ങളിൽ 47% അഭ്യസ്തവിദ്യരും തൊഴിൽ രഹിതരാണ്. വിദേശങ്ങളിലേക്കുള്ള പ്രവാഹം അനിതരസാധാരണമാണ്. കേരളത്തിൽ എത്ര കമ്പനികൾ ഒരു വർഷത്തിൽ അവിടെ ആരംഭിക്കുന്നുണ്ട് ? കേരളം എന്നുകേട്ടാൽ ചോര തിളയ്ക്കും; അഭിമാനംകൊണ്ടല്ല അവിടുത്തെ രാഷ്ട്രീയക്കാരുടെയും മതനേതാക്കളുടെയും ജുഗുപ്‌സജനിപ്പിക്കുന്ന പ്രവർത്തനങ്ങളും പെരുമാറ്റങ്ങൾക്കൊണ്ടും. പക്ഷെ നിങ്ങളെപ്പോലെയുള്ളവർ അണിനിരക്കുന്നത് ഇത്തരക്കാരുടെ പിന്നിലാണെന്നുള്ളതാണ് ഏറ്റവും ഖേദകരമായ സത്യം. നിങ്ങളെ മാത്രം കുറ്റം പറയുന്നില്ല. 100 % സാക്ഷരത ഉണ്ടെന്ന് പറയുമ്പോഴും, സിനിമാനടന്മാരെയും, ബിഷപ്പുമാരെയും, രാഷ്ട്രീയക്കാരെയും തലയിലേറ്റി നടക്കുന്ന ഒരു ജനതയാണ് അവിടെയുള്ളത്. അമേരിക്കയിൽ ഇത് കാണാൻ സാധിക്കില്ല. സാധുക്കളായ ജനങ്ങളെ ഞാൻ പൂർണ്ണമായും കുറ്റം പറയുന്നില്ല. പണവും പ്രതാപവും ഉണ്ടായിരുന്നെങ്കിൽ അവരും ഇതൊക്കെ തന്നെ ചെയ്യുമായിരുന്നു . അതില്ലാത്തതുകൊണ്ടു കിട്ടുന്ന കിറ്റ് കൊണ്ട് സംതൃപ്തരായി ഇവരെയൊക്ക ആരാധിച്ച്‌ അവർക്കുവേണ്ടി ഫാൻ ക്ളബ്ബുകളും, അമ്പലങ്ങളും ഒക്കെ പണിത് അവർ ധനവാന്റെ മേശയിൽ നിന്ന് വീഴുന്ന അപ്പക്കഷ്ണം പെറുക്കി തിന്ന് ജീവിക്കുന്നു . ഇതിന് മാറ്റംവരണമെങ്കിൽ എവിടെ സാദ്ധ്യയുണ്ടെങ്കിലും അവിടെ ചെന്ന് ചെന്ന് അപ്പം തിന്നുന്നവരയല്ലേ വേണ്ടത്. ജാതിയുടെയും മതത്തിന്റെയും ദൈവങ്ങളുടെയും പിടിയിൽ പെടാതെ ആൾക്കൂട്ടത്തിൽ തനിയെ നടക്കുന്നവരെയാണ് വേണ്ടത് . ഒരു നിരീശ്വരനാകു. സ്വാതന്ത്രനാകു. ഇതാണ് സത്യം ഈ സത്യം നിങ്ങളെ സ്വാതന്ത്രനാക്കും. സ്നേഹപൂർവ്വം നിരീശ്വരൻ
മനോഹരൻ മാനാഞ്ചിറ 2023-06-30 20:43:56
താങ്കൾ പറഞ്ഞത് എല്ലാം സമ്മതിക്കുന്നു. എന്നാലും ഇതിൽ കാതലായ ഒരു കാര്യം മാത്രം താങ്കൾ മനഃപൂർവ്വം മറന്നു. ഈ ലോക കേരള സഭ കൊണ്ട് പ്രവാസികളായ അമേരിക്കൻ മലയാളികൾക്ക് എന്ത് ഗുണം ആണ് ലഭിച്ചത്? ആരോപണങ്ങൾക്ക് ഉരുളയ്ക്ക് ഉപ്പേരി കണക്കിന് പ്രത്യാരോപണങ്ങൾ ഉന്നയിക്കുമ്പോൾ കാതലായ കാര്യങ്ങൾ വിസ്മരിക്കരുത്.
American Malayali 2023-06-30 22:18:00
ഈ ലോക കേരള സഭയുടെ പരിപാടി കൊണ്ട് കേരളത്തിനെന്തു ഗുണമുണ്ടായി എന്നു ചോദിക്കുന്നവർ ആപ്പിൾ മുറിക്കാൻ പറഞ്ഞ കുഞ്ഞിനെപ്പോലെയാണത്രെ! പ്രശസ്തനായ മിസ്റ്റർ കലാകാരാ താങ്കൾക്ക് ആ സത്യം കൊണ്ടു പൊള്ളിയെങ്കിൽ എന്തെങ്കിലും ഗുണമുണ്ടായ ഒരു കാര്യം പറയൂ. അവർ മറിച്ചു ചിന്തിക്കും. പറയാമോ? പിന്നെ താങ്കൾ ഫോട്ടോ എടുത്തില്ലെന്ന്. നന്നായി. അല്ലെങ്കിൽ അദ്ദേഹം പറയുമായിരുന്നു, “കടക്കൂ പുറത്ത്!” ഫോട്ടോ എടുത്തപ്പോൾ തോളിൽ കയ്യിട്ടതും പ്രബുദ്ധനായ ഒരു പ്രാഞ്ചിയായിരുന്നു. അത് മറക്കണ്ട!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക