Image

കൈവെട്ടു കേസ്: കൈവിട്ടതാര്? (നടപ്പാതയിൽ ഇന്ന്- 83: ബാബു പാറയ്ക്കൽ)

Published on 15 July, 2023
കൈവെട്ടു കേസ്: കൈവിട്ടതാര്? (നടപ്പാതയിൽ ഇന്ന്- 83: ബാബു പാറയ്ക്കൽ)

തൊടുപുഴ ന്യൂമാൻസ് കോളേജിലെ പ്രൊഫസ്സർ ജോസഫ് ചോദ്യപ്പേപ്പറിൽ 'മുഹമ്മദ്' എന്നൊരു കഥാപാത്രത്തെ വികൃതമായി ചിത്രീകരിച്ചു എന്ന കാരണത്താൽ മതവിദ്വേഷം ഉണ്ടാക്കാൻ ശ്രമിച്ചു എന്നു പറഞ്ഞു പോലീസ് കേസെടുത്തു. അദ്ദേഹം ഒളിവിൽ പോയി. ഒന്നുമറിയാതെ വീട്ടിൽ കിടന്നുറങ്ങിയ മകനെ പോലീസ് പിടിച്ചുകൊണ്ടുപോയി ക്രൂര മർദ്ദനത്തിനിരയാക്കി പക തീർത്തു. പിന്നീട് ജോസഫ് മാഷ് കീഴടങ്ങിയപ്പോൾ കയ്യാമം വച്ച് തെരുവിൽ കൂടി നടത്തി. കോടതിയിൽ നിന്നും ജാമ്യം കിട്ടി വെളിയിൽ ഇറങ്ങിയപ്പോൾ തീവ്രവാദികൾ ജോസഫ് മാഷിന്റെ കൈ വെട്ടിയെടുത്തു കേരള മനസ്സാക്ഷിയെ ഞെട്ടിച്ചു. ആ നരാധമന്മാർ വെട്ടി മാറ്റിയത് ജോസഫ് മാഷിന്റെ കൈ മാത്രമായിരുന്നില്ല. കേരളത്തിന്റെ സാഹോദര്യ പെരുമയുള്ള മതസൗഹാർദ്ദമായിരുന്നു. 2010 ൽ ഈ സംഭവം നടക്കുന്നതുവരെ കേരളത്തിലെ ഇസ്‌ലാം മതതീവ്രവാദം ഫണമുയർത്തുമെന്നോ അത് സമൂഹത്തെ വിഷലിപ്തമാക്കുമെന്നോ ആരും വിചാരിച്ചിരുന്നില്ല. 

ഭൂകമ്പമുണ്ടാകുമ്പോൾ തുടക്കത്തിൽ ചെറിയ കുലുക്കം അനുഭവപ്പെടുകയും തുടർന്നാൽ കെട്ടിടങ്ങളുടെ ഭിത്തിയിൽ വിള്ളൽ വീഴുകയും പിന്നീട് അടിത്തറയിളകി കെട്ടിടം ഒന്നാകെ നിലം പൊത്തുകയും ചെയ്യുന്നതു പോലെ ശക്തമായി നിലകൊണ്ടിരുന്ന കേരളത്തിലെ മതസുഹാർദ്ദത്തിന്റെ അടിത്തറ ഇളക്കുക എന്ന ഉദ്ദേശത്തോടുകൂടി തന്നെയാണ് തീവ്രവാദികൾ ഇതിനൊരുമ്പെട്ടത്. ചില മുസ്ലിം മത നേതാക്കൾ തുടർച്ചയായി ക്രിസ്ത്യൻ-ഹിന്ദു മതങ്ങളെ നിശിതമായി വിമർശിക്കുമ്പോൾ കയ്യടിക്കുന്നവർ പക്ഷേ ഇസ്ലാം മതത്തെ നേരീയ തോതിൽ വിമർശിച്ചാൽ പോലും അവരുടെ തലവെട്ടണമെന്ന അഭിപ്രായക്കാരാണ്. ചെറുപ്പം മുതലുള്ള മതപഠന ക്‌ളാസ്സുകളിൽ രൂപീകൃതമാകുന്ന സ്വഭാവ വൈകൃതമാണ് ഇതിനു കാരണം. 

കൈവെട്ടി മാറ്റിയതിനു ശേഷം ജോസഫ് മാഷ് കടന്നു പോയത് സമാനതകളില്ലാത്ത ആത്മസംഘർഷത്തിലൂടെയാണ്. ചോദ്യപേപ്പർ വിവാദം കത്തിയപ്പോൾ തന്നെ മാഷിനെ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്‌തു സഭാ നേതൃത്വം തീവ്രവാദികൾക്ക് ഓശാന പാടി. കിട്ടേണ്ടതായ ആനുകൂല്യങ്ങൾ ഒന്നും നൽകാതെ തീവ്രവാദികളെ പ്രീണിപ്പിക്കാൻ കോളേജ് അധികൃതർ വേണ്ടതെല്ലാം ചെയ്‌തു. മകന്റെ പോലീസ് പീഢനവും മാഷിനു വേണ്ട മരുന്നിനുള്ള തുക പോലും കണ്ടെത്താൻ സാധിക്കാത്തതിലുള്ള വിഷമവും സമൂഹത്തിന്റെ കുറ്റപ്പെടുത്തലും കൊണ്ട് വിഷാദഗ്രസ്തയായ ഭാര്യയെ ആശ്വസിപ്പിച്ചത് കോളേജിലെ ജോലി തിരിച്ചു കിട്ടുമ്പോൾ എല്ലാം ശരിയാകും എന്ന് പറഞ്ഞാണ്. എന്നാൽ കോളേജിനു നേരെയുള്ള തീവ്രവാദികളുടെ  ഭീഷണിക്കു വഴങ്ങി ജോസഫ് മാഷിനെ ജോലിയിൽ നിന്നും സഭാ നേതൃത്വം പിരിച്ചു വിട്ടു. ഇത് ആത്മഹത്യാ പ്രവണതയുള്ള വിഷാദ രോഗത്തിനടിമയായ ഭാര്യയ്ക്ക് തൂങ്ങിച്ചാകാൻ കയർ വാങ്ങിക്കൊടുക്കുന്നതിനു തുല്യമായി. എപ്പോഴും കൂടെ നിന്നു പരിപാലിച്ചെങ്കിലും ഒരു നിമിഷത്തെ അശ്രദ്ധയിൽ ഭാര്യ സലോമി പണി പറ്റിച്ചു. എല്ലാത്തിനും 28 വർഷമായി കൂടെയുണ്ടായിരുന്ന ഭാര്യയുടെ വേർപാട് വീണ്ടും പറന്നുയരാമെന്നു മോഹിച്ച പക്ഷിയുടെ ചിറകരിഞ്ഞതു പോലെയായി. 

മുസ്ലിം ഭീകരവാദികൾ കേരളത്തിൽ തീവ്രവാദത്തിന്റെ വരവറിയിച്ചുകൊണ്ടു ജോസഫ് മാഷിന്റെ കൈ പരസ്യമായി നടുറോഡിൽ വച്ച് വെട്ടി മാറ്റി. അത് ശരിയത് നിയമത്തിൽ മതനിന്ദയ്ക്ക് കൊടുക്കുന്ന ചെറിയ ഒരു ശിക്ഷയാണ്. ജോസഫ് മാഷ് ഒരു ക്രിസ്ത്യാനിയായതുകൊണ്ടു തിരിച്ചടിയുണ്ടാവില്ലെന്നവർക്കു വ്യക്തമായി അറിയാം. ആ ധൈര്യത്തിൽ തന്നെയാണ് അവർ അത് ചെയ്‌തതും. അവർ വിശ്വസിക്കുന്ന തത്വസംഹിതയനുസരിച്ചു് അവർ അതിൽ തെറ്റ് കാണുന്നുമില്ല. ഓട്ടോമൻ ഭരണകാലത്ത് അർമേനിയയിൽ വെറും മൂന്നു വർഷം (1915-1918) കൊണ്ട് കൊന്നൊടുക്കിയത് ഏതാണ്ട് 15 ലക്ഷത്തോളം ക്രിസ്ത്യാനികളെയാണ്. ഇസ്‌ലാമിക് സ്റ്റേറ്റ് നിഷ്ക്കരുണം കൊന്നൊടുക്കിയത് എത്രയോ ആയിരങ്ങളെയാണ്. അതൊക്കെ ചരിത്രം. എന്നാൽ ജോസഫ് മാഷിന്റെ കാര്യത്തിൽ അദ്ദേഹത്തെ ചേർത്തു നിർത്തേണ്ട കത്തോലിക്കാ സഭാ നേതൃത്വം അദ്ദേഹത്തെ കൈവിട്ടു എന്ന് മാത്രമല്ല, 'ഒരു കരണത്തടിച്ചാൽ മറ്റേ കരണം കൂടി കാണിച്ചു കൊടുക്കാൻ' പഠിപ്പിച്ച ക്രിസ്‌തു ദേവന്റെ ഉപദേശമനുസരിച്ചായിരിക്കണം, മാഷിന്റെ മറ്റേ കൈ കൂടി തീവ്രവാദികളുടെ മുന്പിലേക്കിട്ടു കൊടുക്കുകയായിരുന്നു. ഇത്രയും നിന്ദ്യവും പൈശാചികവുമായ നീച പ്രവർത്തിക്കു നേരെ പ്രതികരിക്കാനാവാതെ എങ്ങനെ ഈ സഭാ നേതൃത്വം മരവിച്ചു പോയി? അതിനുപുറമേ ജോസഫ് മാഷിനു നേരെ ഏറ്റവും വലിയ കല്ലെറിഞ്ഞു സലോമിയെ കൊലപ്പെടുത്തിയ സഭാ നേതൃത്വം പറ്റിയ തെറ്റിന് ഇനിയെങ്കിലും പ്രായശ്ചിത്തം ചെയ്യണം.

കാനഡയിലെ അൽബെർട്ടയിൽ കത്തോലിക്കാ മിഷനറിമാർ 100-150 ഓളം വർഷങ്ങൾക്കു മുൻപ് തദ്ദേശീയരായ നൂറുകണക്കിന് ആദിവാസി കുട്ടികളെ അവരുടെ സംസ്ക്കാര നിർമ്മാർജ്ജനത്തിനായി പീഢിപ്പിച്ചു കൊലപ്പെടുത്തി. കഴിഞ്ഞവർഷം ജൂലൈ 21 ന് ഫ്രാൻസിസ് മാർപ്പാപ്പ അവിടെ ചെന്ന് ആ കുട്ടികളെ അടക്കിയിരിക്കുന്ന സെമിത്തേരിയിൽ വീൽ ചെയറിൽ ഇരുന്നുകൊണ്ട് പരസ്യമായി അവരോടു കത്തോലിക്കാ സഭ ചെയ്‌ത ക്രൂരതയ്ക്ക് കരഞ്ഞുകൊണ്ട് മാപ്പു പറഞ്ഞു. ജോസഫ് മാഷിന്റെ കാര്യത്തിൽ അത്രയും കാലതാമസം വേണ്ട. മാന്യമായ നഷ്ടപരിഹാരവും നൽകണം. അത്രയുമെങ്കിലും മാന്യത കത്തോലിക്കാ സഭ കാണിക്കണം. അത് കാലം ആവശ്യപ്പെടുന്ന നീതിയാണ്. 

അന്ന് കത്തോലിക്കാ സഭ കാണിച്ച നിസ്സംഗതയാണ് 'കാസ' എന്ന സംഘടനയ്ക്ക് ജന്മം നൽകിയത് എന്നത് വിസ്മരിക്കാനാവില്ല. ഇനിയെങ്കിലും ജോസഫ് മാഷിനോട് കാണിച്ച തെറ്റിന് സഭ ക്ഷമ ചോദിക്കണം. അതുകഴിഞ്ഞു മതി വിശുദ്ധ കുർബ്ബാന അഭിമുഖം വേണോ തിരിഞ്ഞു നിൽക്കണോ എന്ന് തീരുമാനിക്കാൻ. കേരളത്തിലെ പോലീസ് രാജ് ഇരകൾക്കായല്ല മറിച്ച് വേട്ടക്കാരനോടൊപ്പമാണെന്നുള്ള സത്യം ഇന്ന് ജനങ്ങൾ കാണുന്നതാണ്. അപ്രിയ സത്യങ്ങൾ പറയുമ്പോൾ പലർക്കും പൊള്ളുമെന്നുള്ളതാണ് സത്യം.  അങ്ങനെ പൊള്ളലേറ്റ ഒരു ജനപ്രതിനിധി പേയ് പിടിച്ച നായയെപ്പോലെ ഉറഞ്ഞു തുള്ളുമ്പോൾ പോലീസ് അദ്ദേഹത്തിന് പൂർണ്ണ പിന്തുണ നൽകുന്ന നാട്ടിൽ ജോസഫ് മാഷിനെപ്പോലെയുള്ളവർക്ക് നീതി എവിടെ ലഭിക്കാൻ! ഇപ്പോൾ സഭ ക്ഷമ പറഞ്ഞാൽ അത് തീവ്രവാദികൾക്കൊരു ശക്തമായ സന്ദേശമായിരിക്കും നൽകുക. കൈവെട്ടി മാറ്റിയവരുടെ ഭീഷണിക്കു സഭ വഴങ്ങിയപ്പോൾ അത് അക്ഷരാർഥത്തിൽ തീവ്രവാദികൾക്ക് കീഴടങ്ങുകയായിരുന്നു. മറിച്ചുള്ള ഒരു സന്ദേശം കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനു നേതൃത്വം തയ്യാറാകണം. അമാന്തിക്കരുത്!  

 

 

On the sidewalk today
Join WhatsApp News
Sudhir Panikkaveetil 2023-07-15 18:08:26
കുറെ സർപ്പകുഞ്ഞുങ്ങൾ വീട്ടുടമസ്ഥരോട് പറഞ്ഞു ഞങ്ങൾക്ക് ഞങ്ങളുടേതായ സർപ്പക്കാവ് വേണം.നിങ്ങൾക്ക് ഞങ്ങളെ ശ്രദ്ധിക്കാൻ പറ്റില്ല.വേറെ സ്ഥലം വേണം. സ്വന്തം അധികാരവും വോട്ടും സ്വപ്നം കണ്ടവർ പറഞ്ഞു ഓക്കേ.അപ്പോഴാണ് കുറച്ച പാവത്താന്മാർ സർപ്പ കുഞങ്ങൾ പറഞ്ഞത് ഞങ്ങൾ ഇവിടെ കിടന്നോളാം. കുഴപ്പമില്ല.അധികാരികൾ ദീർഘദർശനം ഇല്ലാത്തവർ സമ്മതിച്ചു.കുറേപേർ അതിനെതിരെ ശബ്ദം വച്ച്, സർപ്പങ്ങൾ ദംശിക്കും.സൂക്ഷിക്കണം. അത് പറഞ്ഞവരെ വർഗീയവാദികളായി മുദാകുത്തി.ആ കുത്തു ഇന്ന് തുടരുന്നു. സർപ്പകുഞങ്ങൾ വലുതായി അവർ പറഞ്ഞു ഞങ്ങളുടെ മൂത്താപ്പ പറയുന്നപോലെ നിങ്ങളും ജീവിക്കണം.അല്ലെങ്കിൽ തല വെട്ടും കാല് വെട്ടും.കുറച്ചുപേർ അപ്പോഴും പറഞ്ഞു ഇവരന്മാരെ അവരുടെ കൂട്ടർ പോയെടുത്തേക്ക് പറഞ്ഞു വീട്.അവരെയും വോട്ടു മോഹികൾ വർഗീയവാദികൾ എന്ന് വിളിച്ച്. കാരണവർന്മാർ ചെയ്യുന്ന അബദ്ധങ്ങൾ പുതു തലമുറക്ക് തലവേദനയും ജീവഹാനിയും നൽകുന്നു. ഇനിയെങ്കിലും സത്യം പറയുന്നവരെ വർഗീയവാദി എന്ന് വിളിച്ച് സ്വന്തം വോട്ടു ഉറപ്പാക്കുന്നവരെ തിരിച്ചറിയുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക