Image

കൂനമ്പാറക്കവല (അധ്യായം 9- നോവല്‍: തമ്പി ആന്റണി)

Published on 18 July, 2023
കൂനമ്പാറക്കവല (അധ്യായം 9- നോവല്‍: തമ്പി ആന്റണി)

പ്രൊഫസര്‍

    അടുത്ത ഇലക്ഷന് നീലിമയെങ്ങാനും കാലുമാറിയാല്‍ പിന്നത്തെ ഏറ്റവും യോഗ്യതയുള്ള സ്ഥാനാര്‍ത്ഥി, പ്രൊഫസര്‍ പത്രോസ് പുത്തന്‍വീട് എന്ന പീറ്റര്‍സാറാണ്. പക്ഷേ, എപ്പോഴും ഏതെങ്കിലും കടുത്ത നിറമുള്ള പാന്റ്‌സും ഇളംനിറമുള്ള ഷര്‍ട്ടും മാത്രം ധരിച്ചു നടക്കാറുള്ള ആ വാദ്ധ്യാര്‍ക്കു രാഷ്ട്രീയത്തില്‍ തീരെ താല്‍പ്പര്യമില്ലെന്ന കാര്യം നാട്ടിലെല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഒരിക്കലും ഒരു ജൂബയിട്ടു കണ്ടിട്ടില്ല. സര്‍വ്വീസില്‍നിന്നു പെന്‍ഷനായതിനുശേഷമാണു വാദ്ധ്യാരായത്. അതുകൊണ്ട് മാസംമാസം മിലിട്ടറി ക്വോട്ടാ കിട്ടും. പിന്നെ നാട്ടുകാരുമായൊക്കെ നല്ല സൗഹൃദത്തില്‍ ജീവിതം ആഘോഷമാക്കുന്നതിലാണു താല്‍പ്പര്യം. അതറിഞ്ഞുകൊണ്ടാണ് രാഷ്ട്രവും കൂട്ടുകാരും അയാളോടു മമത കാണിച്ചുതുടങ്ങിയത്. അതു മാത്രമല്ല, ശിഷ്യന്‍മാരായ കോളേജ് പിള്ളേരുമായി സകല വേണ്ടാതീനത്തിനും കൂടും. കുട്ടികള്‍ക്കും പ്രൊഫസര്‍ ഒരു കൂട്ടുകാരനെപ്പോലെയാണ്. എന്തും തുറന്നുപറയാം. 

    ഭാര്യ അമ്മുക്കുട്ടി, പീരുമേട്ടില്‍ പി ഡബ്ല്യു ഓഫീസില്‍ ക്ലര്‍ക്കാണ്. കുറച്ച് ഏലത്തോട്ടവും കുരുമുളകുതോട്ടവുമൊക്കെയുള്ളതുകൊണ്ട്, ജോലിയില്‍നിന്നുള്ള ശമ്പളം കൂടാതെ, പീറ്റര്‍സാറിന് ആവശ്യത്തിനു വരുമാനമുണ്ട്. എന്നാലും അമ്മുക്കുട്ടിക്കു ജോലിക്കു പോകുന്നതാണിഷ്ടം. അല്ലെങ്കില്‍ പകല്‍സമയത്തുകൂടി പീറ്റര്‍സാറിനെ സഹിക്കേണ്ടിവരും! ഇടപെടലുകള്‍ കുറഞ്ഞിരുന്നാല്‍ സംഘര്‍ഷങ്ങളും കുറഞ്ഞിരിക്കുമല്ലോ. എപ്പോഴും ഒന്നിച്ചിരിക്കുന്ന ഭാര്യാഭര്‍ത്താക്കന്‍മാര്‍ അടിച്ചുപിരിയാനുള്ള സാധ്യത വളരെക്കൂടുതലാണ്. അകലുന്തോറും അടുക്കുമെന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും കണ്ടമാനമകന്നാല്‍ ഇടയ്ക്കാരെങ്കിലും കയറിയിരുന്നാലോ എന്നൊരു ഉള്‍ഭീതിയും അമ്മുക്കുട്ടിക്കുണ്ട്. 

    പകലൊക്കെ വീട്ടുജോലിക്കു വരുന്ന സ്ത്രീയാണ് കുഞ്ഞുമോള്‍. കറുത്തതാണെങ്കിലും കാണാന്‍ തരക്കേടില്ലാത്തവളാണ്. അവരെയും പീറ്റര്‍സാറിനെയും ചേര്‍ത്തുള്ള പരദൂഷണങ്ങള്‍ അമ്മുക്കുട്ടിയുടെ ചെവിയിലെത്താറുണ്ട്. കുഞ്ഞുമോളുടെ ചില നേരത്തെ ഒരുക്കവും നടപ്പും കാണുമ്പോള്‍ ഒരങ്കലാപ്പുണ്ടെങ്കിലും ഭര്‍ത്താവിനെ വിശ്വാസമാണ്. എന്നാലും, പീറ്റര്‍സാര്‍ 'കുഞ്ഞുമോളേ' എന്നു നീട്ടിവിളിക്കുന്നതു കേട്ടാല്‍ അമ്മുക്കുട്ടിക്കു കലിയിളകും. മറ്റൊന്നുംകൊണ്ടല്ല, ഒരിക്കല്‍പ്പോലും അമ്മുക്കുട്ടിയെ 'മോളേ' എന്നു വിളിച്ചിട്ടില്ല! അമ്മുക്കുട്ടിയെ അമ്മുക്കുട്ടിയെന്നു വിളിക്കുന്നതാണിഷ്ടമെന്ന് പീറ്റര്‍സാറിനറിയാം. എന്തെങ്കിലും കാര്യം സാധിക്കാനുണ്ടെങ്കില്‍ അങ്ങനെ നീട്ടി വിളിക്കാറുണ്ട്! 

    കോഴിക്കോടന്‍ ബേക്കറിയിലിരുന്നു രാഷ്ട്രവും കൂട്ടുകാരും സാറിനെ കുറ്റം പറയുമായിരുന്നെങ്കിലും ഏതു കാര്യത്തെപ്പറ്റിയും ആധികാരികമായി സംസാരിക്കാന്‍ കഴിയുന്ന, അറിവിന്റെ എന്‍സൈക്ലോപ്പീഡിയയാണ് അദ്ദേഹമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എല്ലാത്തിനുമുപരി, ആളൊരു മാന്യനാണെന്നു കൂനമ്പാറക്കാര്‍ക്കറിയാം. എത്രയോ മാന്യന്‍മാര്‍ കഞ്ചാവടിക്കുകയും കള്ളു കുടിക്കുകയും ചെയ്യുന്നു! അതൊക്കെ തെറ്റാണെന്ന് ഒരു നിയമവുമില്ല. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികവേഴ്ചയ്ക്കുപോലും ഇപ്പോള്‍ നിയമസാധുതയുണ്ട്. പിന്നെയല്ലേ കള്ളും കഞ്ചാവും! മറ്റുള്ളവര്‍ക്ക് ഉപദ്രവമൊന്നും ഉണ്ടാക്കാത്തിടത്തോളം കാലം, അറിയാവുന്നവര്‍പോലും അതൊന്നും അറിഞ്ഞില്ലെന്നു നടിക്കും. 

    ചില വൈകുന്നേരങ്ങളില്‍, പ്രൊഫസര്‍ രാഷ്ട്രത്തിനെയും കരുണാകര്‍ജിയെയും വീട്ടിലേക്കു വിളിക്കാറുണ്ട്. ഒറ്റയ്ക്കിരുന്നു കള്ളടിക്കാന്‍ അമ്മുക്കുട്ടി സമ്മതിക്കില്ല. അങ്ങനെ കുടിക്കുന്നവര്‍ മുഴുക്കുടിയന്‍മാരാണെന്ന് അവര്‍ക്കറിയാം. അല്ലെങ്കില്‍ മുഴുക്കുടിയനാവാനുള്ള സാധ്യതയുണ്ടാകുമെന്നാണ് അവരുടെ നിഗമനം. അതുകൊണ്ട് കുടിക്കണമെന്നു തോന്നുമ്പോള്‍, പ്രൊഫസര്‍ വഴിയേ പോകുന്ന ആരെയെങ്കിലും വീട്ടിലേക്കു ക്ഷണിക്കും. പിന്നെ മൂക്കുമുട്ടെ കുടിച്ചു പട്ടാളക്കഥകള്‍ വിസ്തരിക്കുക, നാട്ടുകാരുടെ കുറ്റങ്ങള്‍ക്കു പരിഹാരം നിര്‍ദ്ദേശിക്കുക എന്നിവയൊക്കെയാണു പതിവ്. അതുകേട്ടു തലയാട്ടാനും തിരിച്ച് അല്‍പ്പംകൂടി ഡോസു കൂട്ടി പറയാനും പറ്റിയയാള്‍ സാക്ഷാല്‍ കോഴിക്കോടനാണെന്ന് പ്രൊഫസര്‍ക്കറിയാം. 

    രാഷ്ട്രം വന്നാല്‍ ആദരപൂര്‍വ്വം നിലത്താണ് ഇരിക്കാറ്. അതില്‍ ചെറിയൊരു ദുരുദ്ദേശമില്ലാതില്ല. ഒന്ന്, ഒരു നാലെണ്ണം വിട്ടാലും ആരുമറിയില്ല. രണ്ട്, ടീപ്പോയിയുടെ മറവില്‍ ചാരിയിരിക്കുമ്പോള്‍, പ്രൊഫസര്‍ കൊടുക്കുന്ന തെറുപ്പുബീഡിയില്‍ കഞ്ചാവു തിരുകിവയ്ക്കാനുള്ള സൗകര്യം കിട്ടും! കുഞ്ഞുമോള്‍ പകല്‍ജോലിക്കാരിയാണ്. കണ്ണെഴുതി പൊട്ടുംതൊട്ട്, വൈകുന്നേരം അവള്‍ വീട്ടില്‍പ്പോകും. അതുകൊണ്ട് അടുക്കളയില്‍ പാചകത്തില്‍ മാത്രം ശ്രദ്ധിക്കുന്ന അമ്മുക്കുട്ടി ഒന്നുമറിയില്ലെന്നാണ് രാഷ്ട്രത്തിന്റെ വിശ്വാസം. സത്യത്തില്‍ അമ്മുക്കുട്ടി എല്ലാം കാണുന്നുമുണ്ട്, കേള്‍ക്കുന്നുമുണ്ട്. പക്ഷേ, ഒന്നുമറിയാത്തമട്ടില്‍ മിണ്ടാതിരിക്കും. അതൊക്കെ സ്ഥിരം അഭ്യാസങ്ങളാണെന്നു പ്രൊഫസര്‍ക്കറിയാം. ഭര്‍ത്താവിനോടു പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്ന് അമ്മുക്കുട്ടിക്കുമറിയാം. ഒരുകാലത്ത് ഭാരതത്തിന്റെ രക്ഷകനായിരുന്നല്ലോ. ഇനി നാട്ടുകാരുടെകൂടെക്കൂടി ഒന്നു സന്തോഷിച്ചോട്ടെ എന്നങ്ങു സമാധാനിക്കും. 

    എങ്കിലും കോഴിക്കോടനെ കാണുമ്പോഴേ, അമ്മുക്കുട്ടി ദേഷ്യംകൊണ്ട് അടിമുടി വിറയ്ക്കും. കരുണാകര്‍ജിയോടും നാടകക്കാരന്‍ അപ്പാജിയോടും അത്രയ്ക്കു വിരോധമില്ല. പീറ്റര്‍സാര്‍ കുറച്ചുനേരം തന്റെ മെക്കിട്ടുകയറുകയില്ലല്ലോ എന്ന സമാധാനത്തില്‍ സഹിക്കും. 

    ആ കൂടിച്ചേരല്‍ കഴിഞ്ഞ് ഒരുകെട്ടു തെറുപ്പുബീഡിയുമായി അങ്ങാടിയിലേക്കിറങ്ങുകയാണു പതിവ്. കോഴിക്കോടന്‍ ബേക്കറിയിലെ നിത്യസന്ദര്‍ശകരായിരുന്ന അലവലാതി കോളേജ് പിള്ളേര്‍ അവിടെക്കാണും. ദേവീക്ഷേത്രത്തിനടുത്തുള്ള ആല്‍ത്തറയിലാണു പൂവാലസംഗമം. ചില ദിവസങ്ങളില്‍ അപ്പാജിയും കുഞ്ചാക്കോയും കരണ്ടുരാജപ്പനും കരുണാകര്‍ജിയും കാണും. 

    പ്രൊഫസര്‍ എല്ലാവര്‍ക്കും ഓരോ തെറുപ്പുബീഡി കൊടുത്തുകൊണ്ടു പറയും:

    'ഇങ്ങനെയായാല്‍ ഞാന്‍ ബീഡി മേടിച്ചുതന്നെ മുടിയും.'

    പ്രൊഫസര്‍ പറയുന്ന തമാശ ആര്‍ക്കും പിടികിട്ടില്ല! സംഘത്തില്‍പ്പെട്ടവര്‍ ഒന്നും മിണ്ടാതെ ബീഡി വാങ്ങിപ്പുകയ്ക്കും. കാരണം അതിനകത്തുള്ള ഇടുക്കി ഗോള്‍ഡ് തന്നെ! അവരില്‍ സ്വന്തമായി നല്ല വരുമാനമുള്ള ഒരേയൊരാള്‍ പീറ്റര്‍സാറാണ്. അല്‍പ്പം ഇരുട്ടായാല്‍ അവര്‍ ആല്‍ത്തറയില്‍ കയറിയിരിക്കും. പുക, കുമുകുമാ ഉയര്‍ന്ന് ആല്‍മരത്തിനു ചുറ്റും പടരും. അതു തൊട്ടടുത്തുള്ള കൂനമ്പാറ പോലീസ് സ്റ്റേഷനിലുള്ള മിക്കവാറും പോലീസുകാര്‍ക്കുമറിയാം. ആര്‍ക്കും പ്രത്യേകിച്ചു ശല്യമൊന്നുമില്ലാത്തതുകൊണ്ട് അവര്‍ മൗനം പാലിക്കുന്നു. തന്നെയുമല്ല, അവര്‍ക്കും അതിന്റെയൊരു വീതം കിട്ടുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

    അന്ന്, പതിവിനു വിപരീതമായി കഞ്ചാവു മൂത്തപ്പോള്‍ കോഴിക്കോടന്‍ അതിലേ നടക്കാന്‍ വന്ന പോലീസുകാരനുമായി ഒന്നുടക്കി. ചുമ്മാതെ നിന്ന അയാളോട്, 'നിനക്കെന്നാടാ ആലുമ്മൂട്ടില്‍ കാര്യം' എന്നായി. അതുകേട്ട് അടുത്തുനിന്ന മറ്റൊരു പൂവാലന്‍: 

    'അതു കറക്ട്. പൊന്നുരുക്കുന്നിടത്തു പൂച്ചക്കെന്നാ കാര്യം?'

    എന്നുചോദിച്ച്, ഒരു കൂവല്‍! 

    'എടാ, വിവരമുള്ള പൂച്ചയാണെങ്കില്‍ അങ്ങനെയാ. പൊന്നുരുക്കുന്നിടത്തുനിന്നു മാറില്ല!'

    കോഴിക്കോടന്‍ ഉടനടി മറുപടി കൊടുത്തു. പിന്നെ, പോലീസ് സ്റ്റേഷനിലേക്കു നോക്കി, നെഞ്ചുവിരിച്ചുനിന്ന് നല്ല ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: 

    'എല്ലാത്തിന്റെയും തൊപ്പി ഞാന്‍ തെറിപ്പിക്കും!'

    ശരിക്കും അതൊരട്ടഹാസമായിരുന്നു. അതോടെ സംഗതികള്‍ കൈവിട്ടുപോയി. കൂനമ്പാറ സ്റ്റേഷനിലെ സകലപോലീസുകാരും ഓടിയെത്തി. പൂവാലസംഘത്തിനെ അറസ്റ്റു ചെയ്യുമെന്ന വാശിയായി. എസ് ഐ ജനാര്‍ദ്ദനന്‍പിള്ള അവധിയിലായിരുന്നതു ഭാഗ്യം. അയാള്‍ക്കാണെങ്കില്‍ ചോദ്യവും പറച്ചിലുമൊന്നുമില്ല. കുനിച്ചുനിര്‍ത്തി ഇടിക്കും. അയാളില്ലെന്നറിഞ്ഞുകൊണ്ടാണ് കോഴിക്കോടന്‍ ആ പ്രകടനം നടത്തിയതെന്നു പിന്നീടാണറിഞ്ഞത്. എന്തായാലും വന്നതു വന്നു. ഇനി പോയ ബുദ്ധി ആന പിടിച്ചാല്‍ കിട്ടുമോ! പ്രൊഫസര്‍ കാലുപിടിച്ചു പറഞ്ഞുനോക്കി. അവസാനം ഹെഡ് കോണ്‍സ്റ്റബിള്‍ കുഞ്ഞിക്കൃഷ്ണന്‍ ഒരു നിര്‍ദ്ദേശം വച്ചു: 

    'മുടി നീട്ടിവളര്‍ത്തിയ പൂവാലസംഘം തല മൊട്ടയടിക്കണം.'

    കോഴിക്കോടന്‍ അതില്‍ കാര്യമായ എതിര്‍പ്പു പ്രകടിപ്പിച്ചില്ല. കാരണം, തലയില്‍ ഏ സി തിയേറ്ററില്‍ അവാര്‍ഡ് പടം കാണാന്‍ ആളു കയറുന്നതുപോലെ എണ്ണിനോക്കാവുന്നത്ര രോമമല്ലേയുള്ളു! അതങ്ങു പോനാല്‍ പോകട്ടും എന്ന മട്ടില്‍ മിണ്ടാതിരുന്നു. അല്‍പ്പം അതൃപ്തിയുണ്ടായിരുന്നെങ്കിലും പ്രൊഫസര്‍ കൈ കൊടുത്തു. ആ രാത്രിയില്‍ത്തന്നെ തൊട്ടടുത്തുള്ള ബാര്‍ബര്‍ഷോപ്പില്‍ എല്ലാത്തിനെയും കയറ്റി തല വടിപ്പിച്ചു. 

    അതിന്റെ പിറ്റേദിവസം അഞ്ചുരുളിയിലെ അന്തിപ്പത്രത്തില്‍ 'മൊട്ടയടിക്കപ്പെട്ട ഹിപ്പികള്‍' എന്ന തലക്കെട്ടില്‍ എല്ലാവരുടെയും ഫോട്ടോ സഹിതം വാര്‍ത്ത വന്നു. പ്രൊഫസറെ മാത്രം ശിക്ഷയില്‍നിന്ന് ഇളവുചെയ്തു. അതുകൊണ്ട് പത്രത്തില്‍ പടവും വന്നില്ല. കരുണാകര്‍ജിയുള്‍പ്പെടെ സ്ഥലത്തെ പ്രധാനദിവ്യന്‍മാരുടെ ഈ രൂപമാറ്റത്തില്‍, കൂനമ്പാറയിലെ പൊതുജനം നല്ലതുപോലെ ആഘോഷിച്ചു. എന്നിട്ടും ആലുംമൂട്ടിലെ സംഗമത്തിനുമാത്രം വിരാമമിട്ടില്ല. ശിക്ഷ കൊടുത്തതുകൊണ്ട് പോലീസുകാരും ഒന്നു കൈയയച്ചു. 

    തൊട്ടടുത്ത് ഒരു കുരിശുപള്ളിയുണ്ട്. അതുകൊണ്ട് ഷാപ്പു മാത്രം അല്‍പ്പം താഴേക്കുമാറി ഇരുട്ടുകവലയിലാണ്. പണ്ടൊക്കെ ഇടതൂര്‍ന്നുനില്‍ക്കുന്ന ഉയരമുള്ള മരങ്ങളായിരുന്നു ആ പ്രദേശം മുഴുവന്‍. അക്കാലത്ത് നാലുംകൂടിയ കവലയ്ക്ക് കുടിയേറ്റക്കാരിട്ട പേരാണ്, ഇരുട്ടുകവല. കാരണം, പകലുപോലും സൂര്യപ്രകാശം കഷ്ടിയായിരുന്നു. കൃഷി ചെയ്യാന്‍ വന്ന ചേട്ടന്‍മാര്‍ എല്ലാം വെട്ടിത്തെളിച്ച് ഏലവും കുരുമുളകും മറ്റു പലതും നട്ടുവളര്‍ത്തി. അതുകൊണ്ടിപ്പോള്‍ നല്ല വെട്ടവും വെളിച്ചവുമുണ്ടെങ്കിലും കവലയുടെ പേര് ഇപ്പോഴും ഇരുട്ടുകവല എന്നുതന്നെ! 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക