Image

കര്‍ക്കടകം നാല്: രാമായണ പാരായണം; അഹല്യാമോക്ഷവും സീതാസ്വയംവരവും(ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 20 July, 2023
കര്‍ക്കടകം നാല്: രാമായണ പാരായണം; അഹല്യാമോക്ഷവും സീതാസ്വയംവരവും(ദുര്‍ഗ മനോജ് )

ഗൗതമ മുനിയുടെ ആശ്രമ പരിസരത്ത് എത്തിയ രാമലക്ഷ്മണന്മാരോട് മുനി വിശ്വാമിത്രന്‍ ആ ആശ്രമത്തെക്കുറിച്ചു പറഞ്ഞു കൊടുത്തു. അഹല്യ, ദേവന്മാര്‍ പോലും പൂജിക്കുന്ന ഗൗതമ മുനിയുടെ പത്‌നിയാണ്. അഹല്യ എന്നാല്‍ യാതൊരു വിധ വൈകല്യവും ഇല്ലാത്തവര്‍ എന്നര്‍ത്ഥം. അതായത് അഹല്യയെപ്പോലെ എല്ലാം ഒത്തിണങ്ങിയ മറ്റൊരു സ്ത്രീരൂപം ഇല്ല എന്നര്‍ത്ഥം. കാര്യങ്ങളിങ്ങനെ പോകുമ്പോള്‍ പതിവുപോലെ ദേവേന്ദ്രന് അസ്വസ്ഥത ആരംഭിച്ചു. രണ്ടു കാരണങ്ങള്‍ ഉണ്ട്. ഒന്നാമത്തേത് ഗൗതമന്റെ തപസ്സ്, രണ്ടാമത്തേത് അഹല്യ. രണ്ടിനും ഒറ്റ ഉപായമെന്ന നിലയില്‍ മുനി പ്രാതഃ സന്ധ്യാവന്ദനത്തിനായി നദീതീരത്തേക്കു പുറപ്പെട്ട തക്കത്തിന് ദേവേന്ദ്രന്‍ മുനിയുടെ രൂപം ധരിച്ച് അഹല്യയുടെ അടുത്തെത്തി അവളെ പ്രാപിച്ചു. മുനി തിരികെ വരുമ്പോള്‍ തന്റെ രൂപത്തില്‍ ഇന്ദ്രന്‍ മുന്നില്‍! മുനി ഇന്ദ്രനെ ശപിച്ചു. വാല്മീകി രാമായണത്തില്‍  ഇന്ദ്രന്‍ വൃഷണഹീനന്‍ ആകട്ടെ എന്നായിരുന്നു ആ ശാപം എന്നാണ്. എന്നാല്‍ എഴുത്തച്ഛന്റെ കിളിപ്പാട്ടില്‍ പറയുന്നതിപ്രകാരമാണ്.
'സഹസ്രഭഗനായി ഭവിക്ക ഭവാനിനി
സ്സഹിച്ചീടുക ചെയ്ത ദുഷ്‌കകര്‍മഫലമെല്ലാം.' എന്നാണ്.
തുടര്‍ന്ന് അഹല്യയെ ശിലയാക്കി മാറ്റിയെന്നും കിളിപ്പാട്ട് പറയുന്നു.
എന്നാല്‍ വാല്മീകി രാമായണത്തില്‍ അഹല്യ അദൃശ്യയാക്കപ്പെടുകയാണ്. ആരാലും കാണപ്പെടാതെ, അന്നപാന വസ്ത്രങ്ങള്‍ ഇല്ലാതെ, എല്ലാവരും ത്യജിച്ച ആശ്രമത്തില്‍ ഏകയായി മൂകയായിക്കഴിയുക. ശാപമോക്ഷം രാമപാദം എപ്പോള്‍ ആ ആശ്രമവനിയില്‍ പതിക്കുന്നോ അപ്പോള്‍ മാത്രം.

ഏതായാലും, വിശ്വാമിത്രനൊപ്പം രാമന്‍ ആശ്രമത്തിലേക്കു പ്രവേശിച്ചതോടെ അഹല്യയെ എല്ലാവര്‍ക്കും കാണാന്‍ സാധിച്ചു. അവള്‍ രാമനെ നമസ്‌ക്കരിച്ചു. ആതിഥ്യം സ്വീകരിച്ച ശേഷം, വിശ്വാമിത്രനും സംഘവും അയോധ്യയിലെത്തി. വിശ്വാമിത്രനെ സ്വീകരിക്കാന്‍ ജനകനും പരിവാരങ്ങളുമെത്തി. ത്രൈയംബകം എന്ന ശൈവചാപം കാണണമെന്ന മുനിയുടെ ആഗ്രഹം അറിഞ്ഞതോടെ ജനകന്‍ മറ്റൊന്നു പറഞ്ഞു, മുനിയോടൊപ്പമുള്ള കോമളകുമാരന്‍ ആ വില്ലു കുലച്ചാല്‍ സീത ആ കുമാരനുള്ളതാണ്. അയ്യായിരം പേര്‍ ചേര്‍ന്ന് വില്ലു കൊണ്ടുവന്നു. രാമന്‍ വില്ലിനെ വന്ദിച്ചു. പിന്നെ ഞാന്‍ മുറുക്കിക്കെട്ടാന്‍ ശ്രമിക്കവേ ആ ചാപം രണ്ടായി മുറിഞ്ഞു. ദിഗന്ദങ്ങള്‍ നടുങ്ങിത്തരിച്ചു. ദേവകള്‍ രാമനു മേല്‍ പുഷ്പവൃഷ്ടി നടത്തി. സീത തോഴിമാരോടൊത്തു വന്നു രാമനെ സ്വയംവരഹാരം അണിയിച്ചു. അതോടെ ഈ വിവരം അറിയിച്ച് അയോധ്യയിലേക്കു ദൂതു പോയി. അവര്‍ ദശരഥനും പത്‌നിമാരും ഭരതനും ശത്രുഘ്‌നനും വലിയ സംഘം സേവകരും മിഥിലാപുരിയിലെത്തി. പിന്നെ യഥാവിധി വിവാഹത്തിനുള്ള ഒരുക്കമായി. ഇതിനിടയില്‍ ദശരഥനു നാലു പുത്രന്മാര്‍, തനിക്കും സഹോദരനും കൂടി നാലു പുത്രിമാര്‍, അപ്പോള്‍ അവരുടെ കൂടി വിവാഹം നടത്തിയാലെന്താ എന്നായി ആലോചന. അങ്ങനെ രാമന്‍ സീതയെ, ലക്ഷ്മണന്‍ ഊര്‍മിളയെ, ഭരതനും ശത്രുഘ്‌നനും ശ്രുതകീര്‍ത്തിയും മാണ്ഡവിയും എന്നു നിശ്ചയിച്ചു. അങ്ങനെ നാലു വിവാഹങ്ങളും കെങ്കേമമായിക്കഴിഞ്ഞ്, ഏവരും സന്തോഷത്തോടെ അയോധ്യയിലേക്കു മടങ്ങി.

ഇവിടെ എഴുത്തച്ഛന്റെ കിളിപ്പാട്ടില്‍ സീതയെ തനിക്കു ലഭിച്ച കഥ പറയുന്നതിനനൊപ്പം, നാരായണന്‍ രാമനായി പിറക്കുമ്പോള്‍, യോഗമായാദേവി സീതയായി പിറക്കുമെന്നു നാരദന്‍ പറഞ്ഞതായി പറയുന്നുണ്ട്. ഭക്തിപ്രസ്ഥാന കാലയളവില്‍ ഇതിഹാസത്തിലൂടെ മനുഷ്യരില്‍ ഭക്തി വളര്‍ത്തുക എന്നൊരു വലിയ ഉത്തരവാദിത്തം രാമായണം വ്യാഖ്യാനിച്ചവരില്‍ ഒക്കെയും ഉണ്ടായിരുന്നു. സാക്ഷാല്‍ നാരായണനെ മുന്നില്‍ക്കണ്ടാണ് ഓരോ വരിയും എഴുത്തച്ഛന്‍ രചിച്ചതും. എന്നാല്‍ ആദി കവിയുടെ കാലഘട്ടത്തില്‍ ഭക്തിയേക്കാളേറെ രാജ്യതന്ത്രത്തിനായിരുന്നു പ്രാധാന്യം. അവിടെ പ്രബലനായ അയോധ്യാ ഭരണാധികാരിയുമായി ഒരു ചങ്ങാത്തം ജനകന്‍ ആഗ്രഹിച്ചു. നാലു പെണ്‍മക്കളേയും അയോധ്യക്കു നല്‍കി ആ ബന്ധം സുദൃഢമാക്കി ജനകന്‍.

രാമായണം രണ്ടു വിധത്തില്‍ വായിക്കാം, ഭക്തി മാത്രം മുന്‍നിര്‍ത്തിയും, ധര്‍മം മുന്‍നിര്‍ത്തിയും. ആദി കവി മനുഷ്യധര്‍മത്തിനു പ്രാധാന്യം നല്‍കി. എഴുത്തച്ഛന്‍, ഭക്തിയും മോക്ഷവും പ്രധാനമായിക്കരുതി. അദ്ദേഹം ജീവിതദുരിതത്തില്‍ അത്താണിയായി നാരായണനെക്കണ്ടു എന്നും ചിന്തിക്കാം.
ശ്രീനാരായണനെ മുന്‍നിര്‍ത്തി നാലാം ദിവസത്തെ രാമായണ ചിന്ത സംഗ്രഹിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക