Image

നീതിമാന്റെ രക്തം (നടപ്പാതയിൽ ഇന്ന്- 86: ബാബു പാറയ്ക്കൽ)

Published on 21 July, 2023
 നീതിമാന്റെ രക്തം (നടപ്പാതയിൽ ഇന്ന്- 86: ബാബു പാറയ്ക്കൽ)

രണ്ടായിരം വർഷങ്ങൾക്കു മുൻപ് ജനം ആക്രോശിച്ചു, "അവനെ ക്രൂശിക്കുക, അവനെ ക്രൂശിക്കുക!” അവൻ ചോദിച്ചു, "ഞാൻ എന്ത് തെറ്റാണ് ചെയ്തത്?" അവർക്കതിന് മറുപടി ഇല്ലായിരുന്നു. അവർ വീണ്ടും ആക്രോശിച്ചു, "അവനെ ക്രൂശിക്കുക, അവനെ ക്രൂശിക്കുക! അവൻ നമ്മൾ അറിയുന്ന തച്ചന്റെ മകനല്ലേ? എന്നിട്ടും എവിടെ ചെന്നാലും ജനക്കൂട്ടം അവനെ പിന്തുടരുന്നു!” അതായിരുന്നു അവരുടെ ഭയം. അവൻ ആൾക്കൂട്ടത്തെ ഇഷ്ടപ്പെട്ടു. അവൻ അവരെ സൗഖ്യപ്പെടുത്തി. അവരെ ആശ്വസിപ്പിച്ചു. അവരുടെ പല പ്രശ്നങ്ങൾക്കും പരിഹാരം കണ്ടു. അധികാരികൾ വിരണ്ടു. അവർ ഗൂഡാലോചന നടത്തി. അവന്റെ പേരിൽ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു. ചെയ്യാത്ത കുറ്റങ്ങൾ അവന്റെ പേരിൽ ചാർത്തി. അവന്റെ കൂട്ടത്തിൽ തന്നെയുള്ള ഒരുവൻ അവനെ ഒറ്റിക്കൊടുത്തു. ഒടുവിൽ എല്ലാവരും കൂടി അവനെ ക്രൂശിച്ചു കൊന്നു. അവർ സമാധാനത്തോടെ പിരിഞ്ഞു. അവൻ മരിച്ചു കഴിഞ്ഞപ്പോൾ അവർ തിരിച്ചറിഞ്ഞ യാഥാർഥ്യം ഉൾക്കൊണ്ടുകൊണ്ട് പറഞ്ഞു, "അവൻ നീതിമാനായിരുന്നു. അവൻ സാക്ഷാൽ ദൈവപുത്രനായിരുന്നു." 

അവൻ ജീവിച്ചിരുന്നതിനേക്കാൾ അവർക്കു ഭീഷണിയായതു മരിച്ചു കഴിഞ്ഞപ്പോഴായിരുന്നു. അവന്റെ സ്വാധീനം അളവില്ലാതെ വളർന്നു. നീതിമാന്റെ രക്തത്തിന്റെ മണം പരിമളമായി പരന്നൊഴുകി. നൂറു കണക്കിനു വർഷങ്ങളുടെ പാരമ്പര്യത്തിൽ ഉറച്ചുനിന്ന സിംഹാസനങ്ങൾ മറിഞ്ഞു വീണു. അധികാരത്തിന്റെ കോട്ട കൊത്തളങ്ങളിൽ അഭിരമിച്ചിരുന്നവർ വിരണ്ടോടി. അവന്റെ പ്രവൃത്തിയുടെ സ്വാധീനം കാലദേശങ്ങൾക്കപ്പുറമായി വളർന്നു പന്തലിച്ചു. ഇന്നും ജനങ്ങൾ പറയുന്നു "അവൻ നീതിമാനായിരുന്നു. അതേ, അവൻ ദൈവപുത്രനായിരുന്നു!"


ഈ നൂറ്റാണ്ടിൽ ഇവിടെയൊരു ജന നായകനുണ്ടായി. അവൻ ജനക്കൂട്ടത്തെ ഇഷ്ടപ്പെട്ടു. അവൻ എവിടെ ചെന്നാലും അവനെ കാണാൻ ജനങ്ങൾ തിങ്ങിക്കൂടി. അധികാരികൾ ഭയപ്പെട്ടു. അവർ പറഞ്ഞു, "ഇവൻ നമ്മൾ അറിയുന്ന വെറും സാധാരണക്കാരനല്ലേ? ഇവന് ഇതെങ്ങനെ കഴിയുന്നു? അവൻ ഊണും ഉറക്കവുമില്ലാതെ ജനങ്ങളുടെ ആവലാതികൾ കേൾക്കുന്നു. അവരെ ആശ്വസിപ്പിക്കുന്നു. അവർക്കു വേണ്ട സഹായങ്ങൾ നൽകുന്നു.” അവന്റെ സ്വാധീനം വളർന്നു.  അവർക്കു ഭീഷണിയാകുമെന്നു കണ്ട അധികാരികൾ വിരണ്ടു.

അവർ ഗൂഡാലോചന നടത്തി. അവന്റെ കൂട്ടത്തിൽ തന്നെയുള്ള ചിലർ അവനെ ഒറ്റിക്കൊടുത്തു. അവന്റെ പേരിൽ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു. ചെയ്യാത്ത കുറ്റങ്ങൾ അവന്റെ പേരിൽ ചാർത്തി. പരസ്യമായി അവർ അവനെയും അവന്റെ കുടുംബാംഗങ്ങളെയും വ്യക്തിഹത്യ നടത്തി. ഒടുവിൽ എല്ലാവരും കൂടി അവനെ വിചാരണ ചെയ്‌തു ക്രൂശിച്ചു. അവർ ആശ്വസിച്ചു. അവൻ മരിച്ചു കഴിഞ്ഞപ്പോൾ അവന്റെ സ്വാധീനം വളർന്നു. ജനക്കൂട്ടം നൂറിരട്ടിയായി വളർന്നു. കണ്ണീരോടെ അവനെ അനുഗമിച്ച വൻ ജനാവലിയെ കണ്ട് അവർ തിരിച്ചറിഞ്ഞ യാഥാർഥ്യം ഉൾക്കൊണ്ടുകൊണ്ട് പറഞ്ഞു, "അവൻ നീതിമാനായിരുന്നു." 

ഒറ്റിക്കൊടുത്തവരും ഗൂഡാലോചന നടത്തിയവരും ജനത്തിന് മുൻപേ തന്നെ വന്ന് മുതലക്കണ്ണീരിൽ ആദരാഞ്ജലികൾ അർപ്പിച്ചു. അധികാരത്തിൽ അഭിരമിച്ച്‌ കനക സിംഹാസനത്തിൽ പൃഷ്ഠാരൂഢരായിരിക്കുന്ന അവരുടെ ഗർവ്വിന്റെ ചേഷ്ഠകൾ കണ്ട് അവൻ കണ്ണടച്ചു കിടന്നെങ്കിലും ഉള്ളിൽ ചിരിക്കുന്നുണ്ടായിരുന്നു. കാരണം, അവർക്കു വരാൻ പോകുന്ന വീഴ്ച്ചയുടെ ആഘാതം അവൻ അറിയുന്നുണ്ടായിരുന്നു. പക്ഷേ, ആ യാഥാർഥ്യം അറിയാത്തവർ അനവധി കാറുകളുടെയും കരിമ്പൂച്ചകളുടെയും  അകമ്പടിയിൽ ജനങ്ങളെ അകറ്റിനിർത്തി തെരുവീഥിയിലൂടെ തേരാ പാരാ പാഞ്ഞു. നീതിമാന്റെ രക്തത്തിന്റെ മണം പരിമളമായി പരന്നൊഴുകി. സാവധാനം അവന്റെ കണ്ണുകൾ വിടർന്നു. അതിന്റെ തിളക്കം ഉദയ സൂര്യന്റെ രശ്മികൾ പോലെ അന്ധകാരത്തെ കീറിമുറിച്ചു നിർഗമിച്ചു.
______________

 

Join WhatsApp News
ബെന്നി 2023-07-21 03:46:41
"അവൻ നീതിമാനായിരുന്നു."
Abdul Punnayurkulam 2023-07-21 23:47:17
Babu, in Kerala everyone knows Oommen Chandi is innocent. That is why it is easy to crucified him. Along with power and greed, innocence doesn't match.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക