Image

അഞ്ജലീബദ്ധയായ് (മാര്‍ഗരറ്റ് ജോസഫ്)

Published on 24 July, 2023
അഞ്ജലീബദ്ധയായ് (മാര്‍ഗരറ്റ് ജോസഫ്)

ഉള്ളിന്റെയുമ്മറവാതിലി,ലുണ്മയാല്‍,
തുള്ളിത്തുളുമ്പുന്ന നൈര്‍മല്യമേ;
മിന്നിത്തെളിയും ചിരിവിളക്കായ് നീ-
ചിത്രം വരച്ചിടുന്നോര്‍മ്മയില്‍.

അമ്മയ്ക്കു കുഞ്ഞായി, പ്രിയജനങ്ങള്‍ക്ക്-
കുഞ്ഞൂഞ്ഞായ്, നാട്ടുകാര്‍ക്കുമ്മന്‍ചാണ്ടി;
സ്ഥാനമാനങ്ങള്‍ക്കടിമയാകാത്തവന്‍, 
കേരളം കണ്ട മനുഷ്യസ്‌നേഹി;
ആവലാതിക്കാര്‍ക്ക് കാവലാളായവന്‍,
ആവോളമാശ്വാസമേകിയവന്‍, 
താഴൂ തന്‍ രൂപമെടുത്തവനിന്നിതാ-
കാണാമറയത്തകന്നുപോയി....
പാദങ്ങളൂന്നിയ, പാതവിട്ടേകനായ്-
'അതിവേഗം ബഹുദൂര'മെത്തി,
നിത്യവിഹായസ്സിലേറെത്തിളങ്ങുന്ന,
നക്ഷത്ര ദീപമായ്ത്തീര്‍ന്നു നീണാള്‍,
നീതിബോധം സദാ കൈമുതലാക്കിയീ-
ജീവിതം നന്മമരത്തണലായ്;
നായകന്‍, സേവനകനാകണമെന്നുള്ള, 
പാഠം പഠിപ്പിച്ചിടുന്നു നമ്മെ.
കാലം മറക്കുന്ന സംഭവമെത്രയോ?
കാലം മറക്കാത്ത സത്യങ്ങളും;
അഞ്ജലീബദ്ധയാര്‍പ്പിച്ചുകൊള്ളട്ടെ ,
'വോട്ടറാ'മെന്റെയനുസ്മരണം.

 

Join WhatsApp News
ജോയ് പാരിപ്പള്ളിൽ 2023-07-27 23:29:08
നെഞ്ചിലെ തേങ്ങലൊരു ചുടുനിണമായി ഇറ്റിറ്റു വീഴുന്നു നിൻ ഓർമ്മതൻ തീരത്ത്... 🙏 ഉമ്മൻ ചാണ്ടിയ്ക്ക് ആദരാഞ്ജലികൾ... 🙏
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക