Image

കര്‍ക്കടകം ഒമ്പത്: രാമായണ പാരായണം; ചിത്രകൂട പ്രവേശം, ഭരതന്റെ വനയാത്ര(ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 25 July, 2023
 കര്‍ക്കടകം ഒമ്പത്: രാമായണ പാരായണം; ചിത്രകൂട പ്രവേശം, ഭരതന്റെ വനയാത്ര(ദുര്‍ഗ മനോജ് )

 രാമന്റെ അഭാവത്തില്‍ അയോധ്യയില്‍ പാര്‍ക്കാന്‍ ദശരഥന്‍ ആഗ്രഹിച്ചില്ല. ദശരഥന്‍ രാമാ... ലക്ഷ്മണാ എന്നു ദീനം വിലപിച്ചു. താപത്താല്‍ വെന്തുരുകുന്ന ദശരഥനോടു കൗസല്യ, രാമനെ കാട്ടിലയച്ച കൈകേയിയുടെ ക്രൂരത എണ്ണിപ്പറഞ്ഞു കരഞ്ഞു തുടങ്ങി. ഇതൊക്കെ കേട്ട് ലക്ഷ്മണമാതാവു സുമിത്ര കൗസല്യയെ സമാധാനിപ്പിച്ചു. അവര്‍ പറഞ്ഞു, കീര്‍ത്തിക്കു കീര്‍ത്തിയും, ക്ഷമക്കു ക്ഷമയുമാണു രാമന്‍. അച്ഛന്‍ നല്‍കിയ വാക്കുപാലിക്കുവാനാണു രാമന്‍ അയോധ്യ ഉപേക്ഷിച്ചത്.ലക്ഷ്മണന്‍ പിതാവിനെ എന്ന പോലെ രാമനെ ശുശ്രൂഷിക്കും. വനവാസം ക്ഷണത്തില്‍ പൂര്‍ത്തിയാക്കി തിരികെ വന്നു രാമന്‍അയോധ്യാപതിയാകും. അതു വരെക്കാത്തിരിക്കൂ എന്ന്.
ഈ സമയം സുമന്ത്രര്‍ തിരികെ അയോധ്യയിലെത്തി. വിവരങ്ങള്‍ ഓരോന്നും സവിസ്തരം പറഞ്ഞു കേള്‍പ്പിച്ചു. അയോധ്യയിലെ വിലാപം അവസാനിച്ചില്ല.

രാമന്റെ ജീവിതം യഥാര്‍ത്ഥ വനവാസത്തിലേക്കു കടന്നിരിക്കുന്നു. രാമനിരിക്കുന് നിടംയിടം സ്വര്‍ഗമെന്ന സീതയുടെ കണ്ടെത്തലെത്ര സത്യമാണെന്നു തോന്നും ചിത്രകൂട വര്‍ണ്ണന കണ്ടാല്‍. അതില്‍ അതിര്‍യോക്തി ഇല്ല താനും. സീതയും രാമനും ലക്ഷ്മണനും മാത്രമുള്ള മറ്റൊരയോധ്യ ചിത്രകൂടത്തില്‍ വീണ്ടും ജനിക്കുകയാണ്.

ഇതേ സമയം രാമിനല്ലാത്ത അയോധ്യയില്‍ കൗസല്യയ്ക്ക് ജീവിതം തീര്‍ത്തും ദുഃസ്സഹമായി.ഒരിക്കലും കൈകേയിയുടെ താത്പര്യത്തിനു വിരുദ്ധമായി ദശരഥന്‍ പ്രവര്‍ത്തിച്ചിരുന്നില്ല. അതിനാല്‍ പത്‌നിമാരില്‍ മുതിര്‍ന്നവളായിട്ടും രാജാവിന്റെ യാതൊരു പരിഗണനയും കൗസല്യക്കു ലഭിച്ചിരുന്നില്ല. ഒപ്പം, സപത്‌നിമാരോടു വിദ്വേഷം പുലര്‍ത്തുകയും ചെയ്തിരുന്നു കൈകേയി. ഇപ്പോഴിതാ കൈകേയി കാരണം മകനെ വനവാസത്തിനയക്കേണ്ട ദുര്‍ഗതിയും വന്നു ഭവിച്ചിരിക്കുന്നു. സ്വാഭാവികമായും കൗസല്യയുടെ വിലാപം ദശരഥനെ കൂടുതല്‍ തളര്‍ത്തി. ദയവായി തന്നെ ഇനിയും പരുഷ വാക്കുകളാല്‍ മുറിവേല്‍പ്പിക്കരുതേ എന്നു ദശരഥന്‍ കേണു. ദുഃഖം കൊണ്ടു കാഴ്ച മറഞ്ഞ് ദീനനായ ദശരഥന്‍, കൗസല്യയോട് അദ്ദേഹത്തിന്റെ ബാല്യകാലത്തു നടന്ന ഒരു സംഭവത്തെക്കുറിച്ച് പൊടുന്നന്നെ ഓര്‍മ്മയില്‍ വന്നതു പറയുവാന്‍ തുടങ്ങി.
'ഭദ്രേ, ഒരുവന്‍ ചെയ്യുന്നതു നല്ലതോ ചീത്തയോ ആകട്ടെ, അതിന്റെ ഫലമാണു ലഭിക്കുക. പൂവു കണ്ടു കായയെക്കുറിച്ചു മോഹിച്ചു, മാവു വെട്ടി പ്ലാശിനു വെള്ളമൊഴിക്കുന്നതു പോലെയാണ് കര്‍മ്മവും. ഫലത്തെക്കുറിച്ചറിയാതെ കര്‍മം തുടരുന്നവന്‍ പ്ലാശിനെ നട്ടുനനയ്ക്കുന്നതിനു തുല്യമാണ്. '

യുവരാജാവായിരുന്ന കാലത്തു ദശരഥനു ശബ്ദവേധിയായ കുമാരന്‍  എന്ന ഖ്യാതിയുണ്ടായിരുന്നു. ഒരു മഴക്കാലത്തു രാത്രി നായാട്ടിനായി ഇറങ്ങിയ ദശരഥന്‍ സരയൂ നദിയില്‍ ഏതോ മൃഗം വെള്ളം കുടിക്കുന്ന ശബ്ദം കേട്ട് ആ ദിക്കിലേക്കു ബാണമയച്ചു. അപ്പോള്‍, 'ഹാ.....' എന്ന മനുഷ്യ ശബ്ദമാണു കേട്ടത്. അടുത്തേക്കു ചെന്നപ്പോള്‍ അതൊരു മുനി കുമാരനായിരുന്നു എന്നു തിരിച്ചറിഞ്ഞു. അദ്ദേഹം പറഞ്ഞു, 'ഞാന്‍ മരിച്ചാല്‍ പരസഹായമില്ലാതെ ജീവിക്കുവാനാകാത്ത എന്റെ വൃദ്ധമാതാപിതാക്കള്‍ പട്ടിണി കിടന്നു മരിക്കും. അവര്‍ക്കു ദാഹജലം തേടി വന്നതാണു ഞാന്‍. ഈ നടന്നു തെളിഞ്ഞ ഒറ്റയടിപ്പാതയിലൂടെ പോയാല്‍ ഞങ്ങളുടെ പര്‍ണ്ണശാല കാണാം. അവര്‍ക്കു ദാഹനീര്‍ നല്‍കി സമാധാനിപ്പിച്ച് എന്റെ മരണവിവരം അറിയിക്കുക. വേദന സഹിക്കുവാന്‍ ഇനിയും വയ്യ.
എന്റെ മര്‍മ്മം തകര്‍ത്ത അമ്പു വലിച്ചുരുക. ഞാന്‍ ബ്രാഹ്‌മണനല്ല. അതിനാല്‍ ബ്രഹ്‌മഹത്യാ പാപം ഏല്‍ക്കില്ല.'
ആ താപസന്റെ നെഞ്ചില്‍ തറച്ച അമ്പു ദശരഥന്‍ ഊരി എടുത്തതോടെ അദ്ദേഹം മരിച്ചു.
പിന്നെ, കുടങ്ങളില്‍ വെള്ളവുമായി ആ വൃദ്ധമാതാപിതാക്കളുടെ അടുത്തെത്തി. ദാഹനീര്‍ നല്‍കി. ഉണ്ടായ സത്യം പറഞ്ഞു. പുത്രശോകത്താല്‍ തളര്‍ന്നു പോയ അവര്‍ മകനെ അവസാനമായി കാണണമെന്ന് ആഗ്രഹിച്ചു. നദിക്കരയില്‍ നിര്‍ജ്ജീവമായിക്കിടക്കുന്ന മകനെത്തലോടി അവര്‍ ഹൃദയം പിളര്‍ക്കെ കരഞ്ഞു. ഒടുവിലവര്‍ മകന് സ്വര്‍ഗത്തില്‍ എല്ലാ സദ്ഗതിയും അനുഗ്രഹിച്ചു. പരേതന് ഉദകം നല്‍കി. ഈ സമയത്തു മകന്‍ ഇന്ദ്രനൊപ്പം പ്രത്യക്ഷനായി താന്‍ മഹത്തായ സ്ഥാനം പ്രാപിച്ചിരിക്കുന്നുവെന്നറിയിച്ചു.
ഭാര്യയുമൊത്ത് ഉദകക്രിയ പൂര്‍ത്തിയാക്കിയ ശേഷം, ദശരഥനോട്  അങ്ങും പുത്ര വ്യഥയാല്‍ കാലഗതി പ്രാപിക്കും എന്നു പറഞ്ഞു പത്‌നിയോടൊപ്പം ആ താപസന്‍ ചിതയിലേറി സ്വര്‍ഗം പ്രാപിച്ചു. ആ കഴിഞ്ഞ കാലം മനോമുകുരത്തില്‍ കണ്ടു കൊണ്ടു രാജാവു പറഞ്ഞു, പ്രിയേ,
അപഥ്യമായിക്കഴിച്ച ആഹാരത്താല്‍ വന്നുപെട്ട വ്യാധി പോലെ, ആ മഹാത്മാവിന്റെ വാക്ക് സത്യമായിരിക്കുന്നു.'

പതിനാലു വര്‍ഷം കഴിഞ്ഞു, സീതയ്ക്കും ലക്ഷ്മണനുമൊത്തു രാമനെ കാണുന്നവര്‍ ഭാഗ്യവാന്മാര്‍ എന്നു പറഞ്ഞു അദ്ദേഹം തളര്‍ന്നു മയങ്ങി. ആ രാവില്‍, രാമനെ പിരിഞ്ഞ് ആറാം നാള്‍ രാത്രി താണ്ടവേ ദശരഥമഹാരാജാവു ദേഹം വെടിഞ്ഞു. പിറ്റേന്ന്, പള്ളിയുറക്കത്തില്‍ നിന്നുണരാത്തതു കണ്ട് ഉണര്‍ത്താന്‍ ശ്രമിക്കവേ ഏവരും ആ സത്യം തിരിച്ചറിഞ്ഞു. മകന്‍ വനവാസത്തില്‍, ഇപ്പോള്‍ ഭര്‍ത്താവും ദേഹം വെടിഞ്ഞിരിക്കുന്നു. കൗസല്യാ ദേവിയും സുമിത്രയും ബോധം നഷ്ടപ്പെട്ടു കിടന്നു.

ദശരഥന്റെ ദേഹം വിധിപ്രകാരം, തൈലത്തോണിയിലേക്കു മാറ്റി. മക്കളാരും സ്വദേശത്തില്ലാത്തതിനാല്‍ ഭരതനേയും ശത്രുഘ്‌നനേയും വരുത്തുവാന്‍ ദൂതരെ അയച്ചു. വസിഷ്ഠ വാക്കു കേട്ട ദൂതര്‍ വായുവേഗത്തില്‍ സഞ്ചരിച്ചു. കേകയ രാജ്യത്തെത്തി. 
ഈ സമയം ഭരതന്‍ രാത്രി സ്വപ്നത്തില്‍ അച്ഛനു അപകടം എന്തോ പിണഞ്ഞതായി സ്വപ്നം കണ്ട്, ആകെ ചിന്താ മൂകനായിരിക്കുകയായിരുന്നു. ആ സമയത്തു തന്നെ ദൂതരും എത്തിച്ചേര്‍ന്നു. എന്നാല്‍ ഗുരു നിര്‍ദ്ദേശപ്രകാരം, അയോധ്യയിലെ വാര്‍ത്തകളേതും പറയാതെ ഭരതനേയും ശത്രുഘ്‌നനേയും മടക്കിക്കൊണ്ടു വരുവാന്‍ ദൂതര്‍ ധൃതികൂട്ടി.
കേകയ രാജ്യത്തു നിന്നും  കണക്കറ്റ ഉപഹാരങ്ങളുമായി ഒരു കൂട്ടം സൈനികള്‍ ഭരതനും ശത്രുഘ്‌നനുമൊപ്പം യാത്രയായി. എന്നാല്‍ ഇടക്കു വെച്ചു രഥത്തിലെ യാത്രക്കു വേഗത പോരെന്നു തോന്നി, വേഗതയേറിയ കുതിരപ്പുറത്തു ഭരതന്‍ അയോധ്യയിലേക്കു പാഞ്ഞു.
ഒടുവില്‍ ഏഴു രാവു നീണ്ട യാത്ര കഴിഞ്ഞു അയോധ്യയിലേക്കു കടക്കുമ്പോള്‍ തന്നെ ആ മഹാത്മാവിന്റെ മനം പിടഞ്ഞു. വീടുകളില്‍ അലങ്കാരങ്ങളില്ല, മുറ്റമടിച്ചിട്ടില്ല, ദേവാലയങ്ങള്‍ ശൂന്യം, വ്യാപാരികളെ കാണുനില്ല, ആകെ അശുഭമാണല്ലോ എന്നോര്‍ത്തു ആ മഹാത്മാവ്.

അച്ഛനെ കാണാന്‍ ധൃതി പൂണ്ട് പിതൃഗൃഹത്തിലെത്തിയെങ്കിലും അവിടെ കാണാതെ, വേഗം അമ്മ കൈകേയിയുടെ അന്ത:പുരത്തിലെത്തി. എന്നാല്‍ അവിടേയും അച്ഛന്‍ കിടക്കുന്ന സപ്രമഞ്ചക്കട്ടില്‍ അനാഥമായി കിടക്കുന്നതു കണ്ട്, അമ്മയുടെ അടുത്തെത്തി, പാദം തൊട്ടു വന്ദിച്ചു കൊണ്ട് അച്ഛനെ ആരാഞ്ഞു. മകന് വലിയ സന്തോഷമാകുമെന്നു കരുതി, കൈകേയി നടന്ന കാര്യങ്ങള്‍ വിശദീകരിച്ചു. എന്നാല്‍ അതു കേട്ടതും ഭരതന്‍ ക്രോധം കൊണ്ടും സങ്കടം കൊണ്ടും തകര്‍ന്നു. എല്ലാം നശിപ്പിച്ച അമ്മയെ നിന്ദിച്ച്, കൗസല്യാ മാതാവിനടുത്തേക്ക് ചെന്നു. ഭരതനെക്കണ്ട കൗസല്യാ ദുഃഖം അണപൊട്ടി. കൗസല്യയുടെ ശാസന ഏറ്റുവാങ്ങി ആ മടിയില്‍ വീണു ഭരതന്‍ കരഞ്ഞു.
ഒടുവില്‍ കൗസല്യ ഭരതനെ ചേര്‍ത്തു പിടിച്ചാശ്വസിപ്പിച്ചു.
ഈ സമയം വസിഷ്ഠ മുനി വന്ന് അച്ഛന്റെ സംസ്‌ക്കാരം ഇനിയും വൈകിക്കരുത് എന്നറിയിച്ചു.എല്ലാ ഉപചാരങ്ങളോടെയും സംസ്‌ക്കാരം നടത്തി, പതിമൂന്നാം നാള്‍ അസ്ഥി സഞ്ചയനവും നടത്തി.
 ഭരതനോടു ശത്രുഘ്‌നന്‍ പറഞ്ഞു, ധീര രാമന്‍ ഒരു സ്ത്രീയാല്‍ കാട്ടിലാക്കപ്പെട്ടു. ബലവാനും, വീര്യവാനുമായ ലക്ഷ്മണന്‍ അച്ഛനെ ബന്ധിച്ചു രാമനെ മോചിപ്പിക്കാത്തതെന്ത്?' ഈ അവസരത്തില്‍ കൂനി മന്ഥര പണ്ടങ്ങള്‍ വാരിച്ചാര്‍ത്തി, രാജവസ്ത്രങ്ങളറിഞ്ഞ് അവിടെ എത്തി. അവളെ കണ്ട കാവല്‍ക്കാരന്‍ പറഞ്ഞു എല്ലാറ്റിനും കാരണക്കാരി ഇവളാണ്.ഇതറിഞ്ഞു ശത്രുഘന്‍ അവളെ ഇറുക്കിപ്പിടിച്ചു. ശത്രുഘന്‍ന്റെ കയ്യാല്‍ കൊല്ലപ്പെട്ടേക്കുമെന്നു തോന്നിയപ്പോള്‍ കൈകേയി ഭരതനോട് അവളെ കൊല്ലാതെ വിടാന്‍ അപേക്ഷിച്ചു. സ്ത്രീ വധം രാമന് ഇഷ്ടമാകില്ലെന്നതിനാല്‍ അവളെ വിട്ടയച്ചു.

ഇതിനിടയില്‍ ഭരണാധികാരിയില്ലാത്ത അയോധ്യ നാഥനില്ലാക്കളരിയാകുമെന്നു കണ്ട്, വസിഷ്ഠന്‍ ഭരതനെ അഭിഷേകം ചെയ്യുന്ന കാര്യം അവതരിപ്പിച്ചു. എന്നാല്‍ ഭരതന്‍ ഒരു കാര്യം മാത്രം പറഞ്ഞു. രാജ്യം രാമന്‍ ഭരിക്കും. ഞാന്‍ പതിനാലു വര്‍ഷം വനവാസം നടത്തും. അഭിഷേകത്തിനുള്ള എല്ലാ സന്നാഹങ്ങളുമായി. രാമനുള്ള ഇടത്തു ചെന്ന് അഭിഷേകം നടത്തി രാമനെ, അയോധ്യാപതിയായി തിരികെ കൊണ്ടുവരും. ഭരത പ്രഖ്യാപനം കേട്ടു ഏവരും ഭരതനെ അഭിനന്ദിച്ചു. ഒപ്പം രാമനെ തിരികെ കൊണ്ടുവരുവാനുള്ള പ്രവര്‍ത്തികള്‍ ആരംഭിച്ചു. 


രാമായണത്തില്‍ ഒമ്പതാം ദിനം ഒരു വിയോഗ വാര്‍ത്തയും, അതേസമയം ഒരു മഹാത്മാവിന്റെ ജനനവും കാണുകയാണ്.
പുത്ര വ്യഥയാല്‍ മരണമടഞ്ഞ ദശരഥന്‍ പറയുന്ന വാക്യങ്ങള്‍ ശ്രദ്ധേയമാണ്. പ്ലാശിന് പൂ കാണാന്‍ ചന്തമേറിയതാണ് എന്നാല്‍ മാമ്പൂവോ? കാണാന്‍ ഏതുമേ ഇല്ല താനും.പ്ലാശിന്‍ പൂവു കണ്ടാല്‍ അഗ്‌നിവര്‍ണ്ണമാണ്. അതു കണ്ട്, അതിന്റെ ഫലത്തിനും അതേ നിറവും രുചിയുമാകുമെന്നു തെറ്റിദ്ധരിച്ചു കൊണ്ട് ആരെങ്കിലും നിറയെ കായ്‌ക്കേണ്ട മാവ് മുറിച്ചുമാറ്റി പ്ലാശിനെ വളര്‍ത്തിയാലെന്തു ഫലം?
അതിനാല്‍ പ്രവര്‍ത്തിക്കും മുമ്പ് അതിന്റെ ലക്ഷ്യത്തെക്കുറിച്ചു ധാരണയുണ്ടാകേണ്ടതുണ്ട്.
ശബ്ദവേധിയായി അമ്പെയ്യുവാന്‍ സാമര്‍ത്ഥനായിരുന്നുവെങ്കിലും, കുടത്തില്‍ വെള്ളം നിറയുന്നത് മൃഗമെന്നു തെറ്റിദ്ധരിച്ചതിനാലാണ് മുനി കുമാരന്‍ മരിക്കാനിടയാകുന്നത്. അറിഞ്ഞോ അറിയാതെയോ എന്നതല്ല. കര്‍മ്മം അതിന്റെ ഫലം നല്‍കുക തന്നെ ചെയ്യുമെന്നു സാരം.
ഇനി, ഭരതന്‍, തനിക്കു ലഭിക്കുന്ന രാജ്യം ഒരല്പം പോലും മോഹിക്കാതെ, താന്‍ വനവാസമനുഷ്ഠിക്കുമെന്നു പറയുമ്പോള്‍ കേവലം മനുഷ്യനെന്ന നിലയില്‍ നിന്നും മഹാത്മാവായി മാറുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക