Image

കര്‍ക്കടകം പത്ത്: രാമായണ പാരായണം; ഭരതന്‍ ചിത്രകൂടത്തില്‍ (ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 26 July, 2023
കര്‍ക്കടകം പത്ത്: രാമായണ പാരായണം; ഭരതന്‍ ചിത്രകൂടത്തില്‍ (ദുര്‍ഗ മനോജ് )

രാമനെ തിരികെ കൊണ്ടുവരുവാന്‍ സര്‍വ്വസന്നാഹങ്ങളുമായാണ് ഭരതന്‍ യാത്ര തിരിക്കുന്നത്. പൗരപ്രമുഖര്‍, വിവിധ പണികള്‍ ചെയ്യുന്നവര്‍, ആന അമ്പാരിമേളങ്ങള്‍, കച്ചവടക്കാര്‍ എന്നിങ്ങനെ ഒരു ചെറിയ അയോധ്യ അപ്പാടെ കാട്ടിലേക്ക് ഒഴുകുന്ന മട്ടിലാണ് ആ യാത്ര തുടങ്ങിയത്. അമ്മമാര്‍, ഗുരു ജനങ്ങള്‍, തോഴിമാര്‍, പടയാളികള്‍ അങ്ങനെ കണ്ണെത്താ ദൂരം പരന്നുകിടന്നു ആ പട. അവര്‍ ഗംഗാ തീരത്തു ശൃംഗവേരപുരത്തിലെത്തി. അതായതു രാമസഖാവ് ഗുഹന്റെ രാജ്യത്തെത്തി. അവിടെ തമ്പടിച്ചു ക്ഷീണം തീര്‍ത്തു പിറ്റേ ദിവസം ഗംഗ തരണം ചെയ്യാമെന്നു നിശ്ചയിച്ചു. 

ഗംഗാ തീരത്തു താവളമടിച്ച കടല്‍ പോലെയുള്ള പട കണ്ട ഗുഹന്‍, ഇതു രാമനെ മുച്ചൂടും നശിപ്പിക്കുവാന്‍ വേണ്ടി ഭരതന്‍ യുദ്ധത്തിനിറങ്ങിയതാണെന്നു തെറ്റിദ്ധരിച്ചു. അതിനാല്‍ തന്നാലാവും വിധം ഭരതനെ തടയണമെന്നു ഗുഹന്‍ നിശ്ചയിച്ചു സ്വന്തം പടയാളികള്‍ക്കു നിര്‍ദ്ദേശം നല്‍കി. ഒപ്പം ഭരതന്‍, രാമനില്‍ പ്രീതിയുക്തനെങ്കില്‍ മാത്രമേ ഈ സേന നിരപായം പുഴ കടക്കുകയുള്ളൂ എന്നു നിശ്ചയിച്ചു.
എന്നിട്ട്, ഉപഹാരങ്ങളുമെടുത്ത് ഭരതന്റെ മനസറിയുവാന്‍ ഗുഹന്‍ അദ്ദേഹത്തിനടുത്തേക്കു ചെന്നു. ഗുഹന്‍ വരുന്നതു കണ്ട്, സുമന്ത്രര്‍ ഗുഹനെ ഭരതനു പരിചയപ്പെടുത്തി. 

ഗുഹന്‍ ഭരതനെ വന്ദിച്ചു ഉപഹാരങ്ങള്‍ നല്‍കി. അതിനു ശേഷം യാത്രയുടെ ഉദ്ദേശം രാമനെ ഹനിക്കുവാനല്ലെന്ന് ഉറപ്പു വരുത്തി. അതോടെ ഭയം മാറിയ ഗുഹന്‍ എല്ലാ സൗകര്യങ്ങളും സഹായങ്ങളും വാഗ്ദാനം ചെയ്തു. പിന്നെ, രാവു നീളെ, കൊട്ടാരത്തിലെ സുഖശയനത്തില്‍ നിന്നും കാട്ടിലെ പൊടിമണ്ണിലും ഇലമെത്തയിലും ഉറങ്ങേണ്ടി വന്ന രാമനേയും സീതയേയും അവര്‍ക്കു രാവു പുലരുവോളം കാത്തിരുന്ന ലക്ഷ്മണനെക്കുറിച്ചും സംസാരിച്ചിരുന്നു. രാമന്റെ ആ അവസ്ഥ കേട്ട ഭരതന്‍ വാവിച്ചു നിലവിളിച്ചു. അതു കണ്ടു ശത്രുഘ്‌നന്‍ ഭരതനെ കെട്ടിപ്പിടിച്ചു കരയുവാന്‍ തുടങ്ങി.
അന്നു രാത്രി രാമകഥകള്‍ പറഞ്ഞു സമയം പോക്കി. പിറ്റേന്നു ഗുഹന്‍ അഞ്ഞൂറുതോണികളിലായി സര്‍വ്വ പടയേയും നദി കടത്തി. പിന്നെ, ദേവ പുരോഹിതനായ ഭരദ്വാജമുനിയുടെ ആശ്രമത്തിലെത്തി.

ഒരു വിളിപ്പാടകലെ പടയെ നിര്‍ത്തി, ഗുരു വസിഷ്ഠനൊപ്പം മഹര്‍ഷിയുടെ മുന്‍പാകെ എത്തി. ക്ഷേമാന്വേഷണങ്ങള്‍ക്കു ശേഷം മുനി ഭരതനോട്, പതിനാലു വര്‍ഷത്തേക്കു വനവാസം വിധിക്കപ്പെട്ട രാമനേയോ, ഒപ്പം പുറപ്പെട്ട ലക്ഷ്മണനേയോ ഏതെങ്കിലും വിധത്തില്‍ അപായപ്പെടുത്താനുള്ള ഉദ്ദേശത്താലാണോ ഇത്ര വലിയ പടയൊരുക്കം എന്നന്വേഷിച്ചു. എന്നാല്‍ അതു കേട്ടു കണ്ണീര്‍ വാര്‍ത്തുകൊണ്ടു രാമനെ സ്വീകരിച്ചു കൊണ്ടുവരുവാനാണീ യാത്രയെന്നു ഭരതന്‍ വിശദീകരിച്ചു. അമ്മയുടെ വാക്കുകള്‍ തനിക്കു സമ്മതമല്ലെന്നും ഭരതന്‍ മുനിയെ അറിയിച്ചു. സന്തോഷവാനായ മുനി അന്നേ ദിവസം പടയോടൊന്നിച്ചവിടെ പാര്‍ക്കണമെന്ന് അപേക്ഷിച്ചു.

ആദ്യം മടിച്ചുവെങ്കിലും ആതിഥ്യം ഭരതന്‍ പടയോടൊന്നിച്ചു സ്വീകരിച്ചു. മഹര്‍ഷിയുടെ തപഃശക്തിയാല്‍ അന്നേ വരെ ആരും കണ്ടിട്ടില്ലാത്ത വിധത്തില്‍ മുനി ഒരുക്കിയ ആ വിരുന്നില്‍ പടയാകെ ഉന്മത്തരായി.
പിറ്റേന്നു ഭരതന്‍ ഗുരുവും അമ്മമാരുമൊന്നിച്ചു ഭരദ്വാജനു മുന്നിലെത്തി.
ചിത്രകൂടത്തിലേക്കുള്ള വഴി പറഞ്ഞു കൊടുക്കവേ ദശരഥ പത്‌നിമാരെ ഓരോരുത്തരേയും പരിചയപ്പെടുത്തുവാന്‍ മുനി ആവശ്യപ്പെട്ടു. അങ്ങനെ, ആദ്യം കൗസല്യയേയും സുമിത്രയേയും പിന്നീട് ഏറെ സങ്കടത്തോടെ കൈകേയിയേയും പരിചയപ്പെടുത്തി.മുനി ഭരതനോട്, അമ്മയുടെ മേല്‍കോപം പാടില്ലെന്നും രാമന്റെ വനവാസത്തിന് ഉദ്ദേശ്യങ്ങള്‍ ഉണ്ടെന്നും പറഞ്ഞു കൊടുത്തു. പിന്നെ ആ പെരുംപട, ചിത്രകൂടത്തിലേക്കു യാത്രയായി.
'ചിത്രകൂടത്തില്‍ വാസമാരംഭിച്ച രാമനും സീതയും ലക്ഷ്മണനും ആ കാനനഭംഗിയില്‍ മുഗ്ദരായി.ഗിരിപ്രിയനായ രാമന്‍, സീതയുടെ പ്രിയത്തിനും തന്റെ സന്തോഷത്തിനുമായി മനോഹരമായ ചിത്രകൂടത്തെ സീതയ്ക്കു പരിചയപ്പെടുത്തി. പര്‍വ്വതത്തെ അയോധ്യയെന്നും, ജന്തുക്കളെ പൗരജനങ്ങളെന്നും, മന്ദാകിനീ നദിയെ സരയുവെന്നും കരുതുക. നിന്നോടും എന്നെ അനുസരിക്കുന്ന ലക്ഷ്മണനോടൊപ്പവും കഴിയുന്ന ഞാന്‍ രാജ്യത്തേയോ അയോധ്യയോ ആശിക്കുന്നില്ല. ഇങ്ങനെ രഘുരാമന്‍ സീതാസമേതനായി ചിത്രകൂടത്തില്‍ ചുറ്റി നടന്നു.
അങ്ങനേയിരിക്കേ ഭരതസേനയുടെ ആരവവും പൊടിയും മാനംമുട്ടെ പൊങ്ങി. ഇതു കേട്ടു രാമന്‍ ലക്ഷ്മണനോടു പറഞ്ഞു, ഇടിവെട്ടും പോലെ കോലാഹലം കേള്‍ക്കുന്നു. എന്താണു കാരണമെന്നറിഞ്ഞു വരുക.

ലക്ഷ്മണന്‍ വേഗമൊരു  പൂത്ത സാലമരത്തില്‍ കയറി ചുറ്റും നോക്കി. അപ്പോള്‍ കണ്ടു, പെരുംപടയുടെ വരവ്.
ലക്ഷ്മണന്‍ വിളിച്ചു പറഞ്ഞു, 'ജേഷ്ഠാ, തീ കെടുത്തൂ. സീത ഗുഹയ്ക്കുള്ളില്‍ പ്രവേശിക്കട്ടെ, അങ്ങ് ചട്ടയിട്ട് വില്ലു കുലച്ച് അമ്പും തൊടുത്തു നിലയുറപ്പിക്കുക. കൈകേയിയുടെ മകനായ ഭരതന്‍, നമ്മെ ഇരുവരേയും കൊല്ലാന്‍ വരുകയാണ്.
ലക്ഷ്മണന്‍, ഭരതന്‍ പോരിനു വന്നാല്‍ ഭരതനെ നിഗ്രഹിച്ച്, പടയെത്തുരത്തി കൈകേയിയുടെ അഹങ്കാരത്തിനു ശമനമുണ്ടാക്കുമെന്നു നിശ്ചയിച്ചു.'
എന്നാല്‍ അതു കേട്ടു രാമന്‍ ഭരതനോടു താഴെയിറങ്ങുവാനും, ഇന്നുവരെ ഒരപ്രിയം പോലും നമ്മളോട് പ്രവര്‍ത്തിക്കാത്ത ഭരതന്‍ ഒരിക്കലും ദുഷ്ചിന്തയോടെ ആകില്ല വരുന്നതെന്നും, ഒരു പക്ഷേ ദശരഥമഹാരാജാവ് സ്വയം പടയുമൊത്ത് എഴുന്നെള്ളി, സീതയെ തിരികെ കൊണ്ടു പോകുവാന്‍ വരുന്നതുമാകാം എന്നു പറഞ്ഞു. മാത്രവുമല്ല, ഭരതനെ ഇല്ലാതാക്കിയിട്ട് ഒരു രാജ്യം തനിക്കാവശ്യമില്ലെന്നും രാമന്‍ അറിയിച്ചു. രാമോപദേശത്താല്‍ ലക്ഷ്മണന്‍ ലജ്ജയാല്‍ ചൂളിപ്പോയി.

ചിത്രകൂടവനത്തില്‍ സേന പ്രവേശിച്ചതോടെ, രാമനെ കണ്ടെത്തുവാനായി ഭരതന്‍ പല ദിക്കുകളിലേക്കായി പടയാളികളെ അയച്ചു. പിന്നെ ആകാംക്ഷ സഹിക്കാതെ സ്വയമൊരു സാലമരത്തിനു മുകളില്‍ കയറി ദൂരെ പുക ഉയരുന്നതു കണ്ടെത്തി.
സേനയെ അവിടെ നിര്‍ത്തി, ശത്രുഘ്‌നനൊപ്പം മുന്നില്‍ നടന്നു ഭരതന്‍. വസിഷ്ഠനോടു അമ്മമാരെ കൂട്ടി പിന്നാലെ വരുവാനും അപേക്ഷിച്ചു.
കാട്ടിലൂടെ നടന്ന് ഒടുവില്‍, പുണ്യവും മനോഹരവുമായ പര്‍ണ്ണശാല കണ്ടു.
 കൃഷ്ണാജിനം ധരിച്ചു മരത്തോലുടുത്ത്, അഗ്‌നിയാല്‍ ചൂഴപ്പെട്ടവനെപ്പോലുള്ള മഹാ ബാഹുവായ രാമന്‍ സീതാലക്ഷ്മണ സമേതം ദര്‍ഭ വിരിച്ച നിലത്തു ബ്രഹ്‌മാവിനെപ്പോലെ ഇരിക്കുന്നതു കണ്ടു.

രാമനെ ഈ വിധം കണ്ടതും ഭരതന്‍ അടക്കാനാത്ത സങ്കടത്താല്‍ ഓടി വന്നു രാമപാദത്തില്‍  പതിച്ചു. ശത്രുഘ്‌നനും രാമപാദം വണങ്ങി. വാത്സല്യത്തോടെ രാമന്‍ രണ്ടുപേരേയും കെട്ടിപ്പിടിച്ചു. പിന്നെ കൊട്ടാര വിശേഷങ്ങള്‍ ചോദിച്ചു തുടങ്ങി. അച്ഛനെവിടെ എന്ന ചോദ്യത്തിന് ഭരതന്‍ അച്ഛന്റെ വിയോഗ വാര്‍ത്ത അറിയിച്ചു. അതു കേട്ട് ആര്‍ത്തനായി രാമന്‍.
അപ്പോഴേക്കും അമ്മമാരുമായി വസിഷ്ഠന്‍ അവിടെ എത്തി. പരസ്പരം കണ്ട ആശ്വാസത്തിലും, എന്നാല്‍ വന്നു പെട്ട ദുരന്തങ്ങളോര്‍ത്തും ദീനരായ്കരഞ്ഞും ഒരു രാവുകടന്നു പോയി. പിറ്റേന്നു മന്ദാകിനിയില്‍ അച്ഛനു വേണ്ട ക്രിയകള്‍ ചെയ്തു കഴിഞ്ഞ് ഭരതന്‍, രാമനോട് രാജ്യഭാരമേല്‍ക്കുവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ രാമനതു അംഗീകരിച്ചില്ല. അച്ഛന്റെ കടം വീടേണ്ടതു ധര്‍മ്മമാണെന്നും അതില്‍ നിന്നും വ്യതിചലിക്കുവാനാവില്ലെന്നും പറഞ്ഞു. ജബാലി എന്ന ബ്രാഹ്‌മണനും രാമനെ മനംമാറ്റുവാന്‍ ശ്രമിച്ചു പരാജയപ്പെട്ടു. ഈ സമയം വസിഷ്ഠന്‍ ഇടപെട്ടു. അദ്ദേഹത്തിനും രാമന്റെ മനം മാറ്റുവാനായില്ല. ഒടുവില്‍ ഋഷിഗണങ്ങള്‍ ഭരതനോടു രാമവാക്യം അനുസരിക്കുക എന്നു പറഞ്ഞു. രാമന്‍ അച്ഛന്റെ കടം വീട്ടിയതിനാല്‍ അദ്ദേഹത്തിനു സ്വര്‍ഗ്ഗം ലഭിച്ചുവെന്നും അറിയിച്ചു. അങ്ങനെ, ഭരതന്‍, രാമന്റെ കാലടികള്‍ പൊന്‍പാദുകങ്ങളില്‍ ഏറ്റുവാങ്ങി. എന്നിട്ടു പറഞ്ഞു, 'പതിനാലു വര്‍ഷം ജടാചീരധാരനായി, ഫലമൂലാശനനായി, നഗരത്തിനു പുറത്ത് അങ്ങയുടെ വരവും കാത്തു താമസിക്കും. രാജ്യ കാര്യങ്ങള്‍ അങ്ങയുടെ പാദുകങ്ങളില്‍ അര്‍പ്പിച്ചു ജീവിക്കും.പതിനാലു വര്‍ഷം കഴിഞ്ഞു പിറ്റേന്ന് അങ്ങയെ കാണാത്ത പക്ഷം ഞാന്‍ അഗ്‌നിപ്രവേശം ചെയ്യും.'
അത് രാമനും അംഗീകരിച്ചു. പിന്നെ ഭരതനും കൂട്ടരും അയോധ്യയിലേക്കു മടങ്ങി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക