Image

കര്‍ക്കടകം 11: രാമായണ പാരായണം; അഗസ്ത്യമുനി ദര്‍ശനം ( ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 27 July, 2023
കര്‍ക്കടകം 11: രാമായണ പാരായണം; അഗസ്ത്യമുനി ദര്‍ശനം ( ദുര്‍ഗ മനോജ് )

ചിത്രകൂടത്തിലുള്ള വാസം അവസാനിപ്പിച്ചു, രാമനും സീതയും ലക്ഷ്മണനും ദണ്ഡകാരണ്യത്തിലെ പഞ്ചവടിയിലേക്കു യാത്രയാകുന്നതുവരെയാണ് ഇന്നത്തെ പ്രതിപാദ്യം.

അയോധ്യയില്‍ മടങ്ങിയെത്തിയ ഭരതന്‍, ജേഷ്ഠ പാദുകങ്ങളെ മുന്‍നിര്‍ത്തി നന്ദിഗ്രാമത്തില്‍ താമസിച്ചു കൊണ്ട്  രാജ്യഭരണം നിര്‍വഹിച്ചു തുടങ്ങി. മരവുരി ഉടുത്തു, ജടപിടിപ്പിച്ചു, മുനി വേഷം പൂണ്ട് സേനയോടൊത്തു ഭരതന്‍ നന്ദിഗ്രാമത്തില്‍ പാര്‍ത്തു.

ഭരതനും ശത്രുഘ്‌നനും അമ്മമാരും വന്നു മടങ്ങിയ ശേഷം ചിത്രകൂടത്തില്‍ ഏറെക്കാലം തുടരുവാന്‍ രാമന്‍ ആഗ്രഹിച്ചില്ല. രാക്ഷസന്മാരുടെ പല വിധ ആക്രമണങ്ങളില്‍ മനംനൊന്ത്, ഖരന്‍ എന്ന രാഷസന്റെ ആക്രമണം ഏതു നിമിഷവും ഉണ്ടാകാം എന്ന ഭയത്തിലും, മറ്റു താപസര്‍ അപ്പോഴേക്കും ചിത്രകൂടം വെടിഞ്ഞിരുന്നു. കുറച്ചു വൈകിയാണെങ്കിലും രാമനും ചിത്രകൂടം ഉപേക്ഷിക്കുവാന്‍ നിശ്ചയിച്ചു. അങ്ങനെ സീതയും ലക്ഷ്മണനുമൊത്ത് അത്രി മഹര്‍ഷിയുടെ ആശ്രമത്തിലേക്കു മൂവരും യാത്ര തുടങ്ങി. അവിടെ എത്തി, മഹര്‍ഷിയുടെ ഉപചാരം സ്വീകരിച്ചു. പിന്നീട് മഹര്‍ഷിയുടെ പുണ്യവതിയായ ഭാര്യ അനസൂയയോടു, ആ മഹതിയുടെ ആവശ്യപ്രകാരം സീത തന്റെ സ്വയംവര കഥ വിവരിച്ചു കൊടുത്തു. സീതാ കല്യാണ വൃത്താന്തം കേട്ടു അതീവ സന്തുഷ്ടയായ അനസൂയ സീതയ്ക്ക് അതിവിശിഷ്ടമായ ആടയാഭരണങ്ങള്‍ സമ്മാനിച്ചു. അതൊക്കെ ധരിച്ച് സാക്ഷാല്‍ ലക്ഷ്മിയെപ്പോലെ വിളങ്ങുന്നതു കണ്ട് ആശ്രമവാസികള്‍ ഏവരും സന്തോഷിച്ചു.
ആ രാത്രി അത്രിമഹര്‍ഷിയുടെ ആതിഥ്യം സ്വീകരിച്ചു പിറ്റേന്ന് സീതാരാമ ലക്ഷ്മണന്മാര്‍ അശ്രമത്തിലെല്ലാവരോടും യാത്ര പറഞ്ഞ് വനത്തില്‍ പ്രവേശിച്ചു.


അരണ്യകാണ്ഡം ആരംഭിക്കുന്നു.

ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച രാമന്‍ താപസാശ്രമ മണ്ഡലം കണ്ടു. നിയതാഹാരരായ പരമര്‍ഷികളാല്‍ ശോഭിതമായ ആശ്രമം കണ്ടു മൂവരും ആനന്ദിച്ചു. അവിടുത്തെ ആതിഥ്യവും സ്വീകരിച്ചു മുന്നേറിയ അവരെ കാത്തിരുന്നത് രാക്ഷസനായ വിരാധനാണ്. അവന്‍ ശാപം കിട്ടിയ ഗന്ധര്‍വ്വനായിരുന്നു. ശസ്ത്രങ്ങളാല്‍ വധിക്കപ്പെടുകയില്ല എന്നവനു വരം കിട്ടിയിരുന്നു. അവന്‍ സീതയെ പിടികൂടിയതു കണ്ട് ക്രുദ്ധനായ രാമലക്ഷ്മണന്‍മാര്‍ സീതയെ അവനില്‍ നിന്നും രക്ഷിച്ച് അവനെ കൊല്ലാന്‍ തീരുമാനിച്ചു. അതിനായി അവന്റെ കഴുത്തില്‍ രാമന്‍ ചവിട്ടിപ്പിടിക്കുകയും ലക്ഷ്മണന്‍ ആനക്കൊത്ത കുഴി കുഴിച്ച് അവനെ അതിലിട്ടു മൂടി പാറക്കല്ലുകള്‍ അടുക്കി ഭദ്രമാക്കുകയും ചെയ്തു.
മോക്ഷം കിട്ടിയ വിരാധന്‍ രാമനെ വണങ്ങി ഗന്ധര്‍വ്വ ലോകത്തിലേക്കു യാത്രയായി. വിരാധ നിര്‍ദ്ദേശപ്രകാരം, മൂവരും ശരഭങ്ഗ മുനിയുടെ ആശ്രമത്തിലേക്കു യാത്രയായി. അവിടെ എത്തുമ്പോള്‍, ഇന്ദ്രന്റെ സാന്നിദ്ധ്യം രാമന്‍ തിരിച്ചറിഞ്ഞു. എന്നാല്‍ ഇന്ദ്രന്‍ രാമനു മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ കൂട്ടാക്കിയില്ല. സമയമായില്ല എന്നറിയിച്ചു മാറി നിന്നു. ഈ സമയത്തു ശരഭങ്ഗ മുനി രാമനോട് തനിക്കു ശരീരം വെടിയുവാന്‍ സമയമായിരിക്കുന്നുവെന്നും, അതുവരെ കാക്കുക എന്നറിയിച്ചു. ശരഭങ്ഗന്‍ അഗ്‌നിജ്വലിപ്പിച്ചു മന്ത്ര പുരസ്സരം ആജ്യം ഹോമിച്ച് ആ അഗ്‌നിയില്‍ പ്രവേശിച്ചു.
ശരഭങ്ഗന്‍ വീണ്‍പൂകെ, മുനിമാര്‍ രാമനെ സമീപിച്ചു. അങ്ങ് ഇക്ഷ്വാകുലത്തിനും പൃഥ്വിക്കും നാഥനാകുന്നു. എന്നാല്‍ അങ്ങു നാഥനായുണ്ടായിട്ടും അനാഥരെപ്പോലെ ഞങ്ങള്‍ രാക്ഷസരാല്‍ പീഡിപ്പിക്കപ്പെടുന്നു.
ഞങ്ങള്‍ക്കു മറ്റൊരു ഗതിയില്ല. ഞങ്ങളെ രക്ഷിച്ചാലും എന്നപേക്ഷിച്ചു.
രാമനതു കേട്ടു മുനിമാരോടു പറഞ്ഞു, താപസന്മാരുടെ ശത്രുക്കളായ രാക്ഷസരെ പോരില്‍ കൊല്ലുന്നതാണ്.

പിന്നീട് മൂവരും സുതീക്ഷണമുനിയുടെ ആശ്രമത്തിലെത്തി, അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങി യാത്ര തുടര്‍ന്നു.
ഈ സമയം സീത, രാമനോടു ചില കാര്യങ്ങളിലെ ആശങ്ക പങ്കുവച്ചു. മൂന്ന് അധര്‍മ്മങ്ങളാണു മനുഷ്യനെ കാത്തിരിക്കുന്നത്. ഒന്ന് മിഥ്യാപവാദം, രണ്ട് പരദാരഗമനം, മൂന്ന്, വൈരംവിനാരൗദ്രതയുമാണവ. അതില്‍ ആദ്യത്തെ രണ്ടു കാര്യങ്ങളിലും രാമനെക്കുറിച്ച് അശേഷം ആശങ്ക വേണ്ട. എന്നാല്‍ മൂന്നാമത്തെ വാക്യം വൈരം വിനാ രൗദ്രതയെക്കുറിച്ചു സീത സംശയം പങ്കുവെച്ചു.  രാമനെ നേരിട്ടാക്രമിക്കാത്ത രാക്ഷസരെ കൊല്ലുന്നതിലൂടെ സംഭവിക്കുക അതല്ലേ എന്നായിരുന്നു സീതയുടെ സംശയം. അതിനുത്തരമായി രാമന്‍ പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു.
ക്ഷത്രിയര്‍ ആയുധം ധരിക്കുന്നത് അശരണരുടെ ആര്‍ത്തനാദം കേള്‍ക്കാതിരിക്കുവാനാണ്. ദണ്ഡകാരണ്യത്തില്‍ രാക്ഷസരുടെ ആക്രമണത്തില്‍പ്പെട്ട വനവാസികള്‍ രക്ഷക്കായ് എന്നെ സമീപിക്കുകയും ഞാന്‍ വാക്കു നല്‍കുകയും ചെയ്തതാണ്. ആ വാക്കുപാലിക്കപ്പെടേണ്ടതുണ്ട്. അതിനാല്‍ അവര്‍ നേരിട്ടാവശ്യപ്പെട്ടില്ലെങ്കില്‍ കൂടി അവരുടെ സംരക്ഷണം എന്റെ ഉത്തരവാദിത്വമാണ്. സീതയത് അംഗീകരിച്ചു.

 ദണ്ഡകാരണ്യത്തില്‍ ഓരോരോ ആശ്രമ മണ്ഡലങ്ങളിലായി പാര്‍ത്തുകൊണ്ട് പത്തുവര്‍ഷം കടന്നു പോയി. മൂവരും വീണ്ടും സുതീക്ഷ്ണമൂനിയുടെ അടുത്തെത്തി. അവിടെ വച്ച് അഗസ്ത്യമുനിയുടെ ആശ്രമത്തില്‍ ചെന്നദ്ദേഹത്തെ കാണുവാനുള്ള ആഗ്രഹം രാമന്‍  പ്രകടിപ്പിച്ചു. അങ്ങനെ, സുതീക്ഷ്ണമുനിയുടെ അനുഗ്രഹത്തോടെ അഗസ്ത്യമുനിയുടെ ആശ്രമത്തിലെത്തി അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ചു പിന്നെ അദ്ദേഹത്തിന്റെ നിര്‍ദ്ദേശത്താല്‍ അവശേഷിച്ച നാലു വര്‍ഷങ്ങള്‍ താമസിക്കുവാന്‍ പഞ്ചവടിയിലേക്കു പോകുവാന്‍ നിശ്ചയിച്ചു യാത്ര ആരംഭിച്ചു.

ഇന്നത്തെ രാമായണ യാത്ര ചിത്രകൂടത്തില്‍ നിന്നും ദണ്ഡകാരണ്യത്തിലേക്കുള്ളതാണ്. അഗസ്ത്യമുനി, അത്രിമഹര്‍ഷി, ഭാര്യ അനസൂയ ദേവീ, ശരഭങ്ഗ മുനി, സുതീക്ഷ്ണമുനി തുടങ്ങിയ മഹത്തുക്കളുമായി കണ്ടുമുട്ടുന്നതും, വിരാധനെന്ന രാക്ഷസനെ വധിക്കുന്നതുമാണ് പ്രധാനമായ സവിശേഷതകള്‍. മഹത്തുക്കളുമായി സംവദിക്കുന്നതിലൂടെ ലഭിക്കുന്ന അറിവുകളും, സദ്‌സംഗങ്ങളുടെ ഗുണങ്ങളും ഇവിടെ ദര്‍ശിക്കാം. സീത കേവലമൊരു കൗമാരക്കാരിയാണ്. പക്ഷേ പത്തു വര്‍ഷത്തെ നിരന്തരമായ സദ്‌സംഗങ്ങള്‍ രാമനോട് ധര്‍മ്മമോതുവാന്‍ തക്കവിധം അവളെ വളര്‍ത്തുന്നുണ്ട്. ഭര്‍ത്താവിന്റെ നിഴലില്‍ നില്‍ക്കുമ്പോഴും, സ്വന്തം ഭര്‍ത്താവില്‍ ധര്‍മ്മഭ്രംശം സംഭവിക്കരുതെന്ന ചിന്ത നമുക്കിവിടെ ദര്‍ശിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക