Image

യുക്മ കേരളപൂരം വള്ളംകളി: ലോഗോ മത്സരത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു

Published on 28 July, 2023
 യുക്മ കേരളപൂരം വള്ളംകളി: ലോഗോ മത്സരത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു

ലണ്ടന്‍: യുക്മ കേരളപൂരം വള്ളംകളി 2023ന്റെ ലോഗോ തെരഞ്ഞെടുക്കുവാന്‍ യുക്മ ദേശീയ സമിതി മത്സരം സംഘടിപ്പിക്കുകയാണ്. ലോഗോ മത്സരത്തില്‍ വിജയിക്കുന്ന ലോഗോയായിരിക്കും അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളിയുടെ ഔദ്യോഗിക ലോഗോ.

ലോഗോ മത്സരവിജയിക്ക് 100 പൗണ്ട് കാഷ് അവാര്‍ഡും ഫലകവും നല്‍കുവാന്‍ ദേശിയ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. ഓഗസ്റ്റ് മൂന്നിനാണ് ലോഗോ സമര്‍പ്പിക്കേണ്ട അവസാന തീയതി. ഓഗസ്റ്റ് 26ന് സൗത്ത് യോര്‍ക്ക്ഷയറിലെ ഷെഫീല്‍ഡിനടുത്തുള്ള റോഥര്‍ഹാം മാന്‍വേഴ്‌സ് തടാകത്തില്‍ വച്ചാണ് ഇത്തവണയും വള്ളംകളി നടക്കുന്നത്.

2019, 2022 വര്‍ഷങ്ങളില്‍ യുക്മ കേരളപൂരം വള്ളംകളി നടന്നത് പ്രകൃതി മനോഹരവും വിശാലവുമായ മാന്‍വേഴ്‌സ് തടാകത്തില്‍ തന്നെയായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന വള്ളംകളി മത്സരത്തിന് ഏഴായിരത്തിലധികം ആളുകള്‍ കാണികളായി എത്തിച്ചേര്‍ന്നിരുന്നു.

വള്ളംകളി മത്സരത്തിലും അതിനോടനുബന്ധിച്ച് നടക്കുന്ന കാര്‍ണിവലിലും പങ്കെടുത്ത് ഒരു ദിവസം മുഴുവന്‍ ആഹ്ലാദിച്ച് ഉല്ലസിക്കുവാന്‍ ഈ വര്‍ഷം കൂടുതല്‍ പേര്‍ മാന്‍വേഴ്‌സ് തടാകത്തില്‍ ഓഗസ്റ്റ് 26 ന് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി യുക്മ കേരളപൂരം വള്ളംകളിയുടെ ജനറല്‍ കണ്‍വീനര്‍ അഡ്വ.എബി സെബാസ്റ്റ്യന്‍ അറിയിച്ചു.

യുക്മ ദേശിയ സമിതിയില്‍ നിന്നും വള്ളംകളി മത്സരത്തിന്റെ ചുമതല ദേശീയ വൈസ് പ്രസിഡന്റ് ഷീജോ വര്‍ഗീസിനായിരിക്കും. മാമ്മന്‍ ഫിലിപ്പിന്റെ നേതൃത്വത്തില്‍ യുക്മ ദേശിയ സമിതി 2017, 2018 വര്‍ഷങ്ങളില്‍ യുക്മ കേരളപൂരം വള്ളംകളി വിജയകരമായി സംഘടിപ്പിച്ചപ്പോള്‍ 2019 ല്‍ മനോജ് കുമാര്‍ പിള്ളയുടെ നേതൃത്വത്തിലും കോവിഡ് മൂലം നടത്താന്‍ കഴിയാതിരുന്ന 2020, 2021 കാലത്തിന് ശേഷം 2022ല്‍ ഡോ. ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തിലും ഏറെ ജന പങ്കാളിത്തത്തോടെ സംഘടിപ്പിക്കുവാന്‍ കഴിഞ്ഞു.


മാന്‍വേഴ്‌സ് തടാകവും അനുബന്ധ പാര്‍ക്കുകളിലുമായി പതിനായിരത്തോളം കാണികളെ ഉള്‍ക്കൊള്ളുന്നതിനുള്ള സൗകര്യമുണ്ട്. വള്ളംകളി മത്സരം നടത്തപ്പെടുന്ന തടാകത്തിന്റെ ഏത് ഭാഗത്ത് നിന്നാലും തടസിമില്ലാതെ മത്സരം വീക്ഷിക്കുന്നതിനുള്ള സൗകര്യവുമുണ്ട്.

പ്രധാന സ്റ്റേജ്, ഭക്ഷണശാലകള്‍ എന്നിവ ചുറ്റുമുളള പുല്‍ത്തകിടിയിലായിരിക്കും ഒരുക്കുന്നത്. ഒരേ സ്ഥലത്ത് നിന്നു തന്നെ വള്ളംകളി മത്സരങ്ങളും സ്റ്റേജ് പ്രോഗ്രാമുകളും കാണുന്നതിനുള്ള അവസരവുമുണ്ടായിരിക്കും.

കൂടാതെ മൂവായിരത്തിലധികം കാറുകള്‍ക്കും കോച്ചുകള്‍ക്ക് പ്രത്യേകവും പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ട്. സ്‌കൂള്‍ അവധിക്കാലത്ത് ഒരു ദിവസം മുഴുവനായി ആഹ്ലാദിക്കുന്നതിനും ആസ്വദിക്കുന്നതിനുമുള്ള അവസരമാണ് യുക്മ കേരളപൂരം വള്ളംകളി മത്സരം ഒരുക്കുന്നത്.

മത്സരം കാണുന്നതിന് എല്ലാവരേയും യുക്മ ദേശീയ സമിതി സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ് എന്നിവര്‍ അറിയിച്ചു.

ലോഗോ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ secretary.ukma@gmail.com എന്ന വിലാസത്തിലേക്കാണ് ലോഗോകള്‍ അയച്ച് തരേണ്ടത്.

വള്ളംകളി സ്‌പോണ്‍സര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും: ഡോ. ബിജു പെരിങ്ങത്തറ - 07904785565, കുര്യന്‍ ജോര്‍ജ് - 07877348602, അഡ്വ. എബി സെബാസ്റ്റ്യന്‍ - 07702862186.

അലക്‌സ് വര്‍ഗീസ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക