Image

അതിരുകൾ ഭേദിച്ച് ഫോമാ വിമൻസ് ഫോറത്തിന്റെ ജൈത്രയാത്ര (മീട്ടു റഹ്മത്ത് കലാം) 

Published on 28 July, 2023
അതിരുകൾ ഭേദിച്ച് ഫോമാ വിമൻസ് ഫോറത്തിന്റെ ജൈത്രയാത്ര (മീട്ടു റഹ്മത്ത് കലാം) 

സ്ഥാനമേറ്റ് വെറും ഏഴ് മാസങ്ങൾക്കുള്ളിൽ തന്നെ സ്തുത്യർഹമായ നേട്ടം കൈവരിച്ചവരിക്കുകയാണ് ഫോമായുടെ വിമൻസ് ഫോറം ടീം. കേരളാ കൺവെൻഷന്റെ മൂന്ന് പ്രധാന പദ്ധതികൾ  ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും ചുക്കാൻ പിടിച്ച ഇവർ,ഓരോ മാസവും ഒന്നിനുപുറകെ ഒന്നായി വേറിട്ട പരിപാടികളും പദ്ധതികളുമായി മുന്നോട്ടുവന്നുകൊണ്ട് സംഘടനയെ മറ്റൊരു തലത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.  പ്രോജക്ടുകൾക്കായി ചുരുങ്ങിയ കാലയളവിൽ 20 ലക്ഷം രൂപ സമാഹരിക്കാൻ സാധിച്ചതിന്റെ സംതൃപ്തി ഓരോ ടീമംഗത്തിന്റെയും മുഖത്തുനിന്ന് വായിച്ചെടുക്കാം.വിമൻസ് ഫോറം ചെയർ സുജ ഔസോ,സെക്രട്ടറി രേഷ്മ രഞ്ജൻ,ട്രഷറർ സുനിത പിള്ള,ജോയിന്റ് സെക്രട്ടറി ശുഭ അഗസ്റ്റിൻ,ജോയിന്റ് ട്രഷറർ ടീന ആശിഷ് എന്നിവർ രാപകലില്ലാതെ അധ്വാനിച്ചാണ് തുടങ്ങിവച്ച ഉദ്യമങ്ങൾ ഭംഗിയായി പൂർത്തീകരിച്ചത്. വിമൻസ് ഫോറത്തിന്റെ നെടുംതൂണായ സ്ത്രീരത്നങ്ങൾ, അവരുടെ പ്രവർത്തന വഴിത്താരകൾ വിശദീകരിക്കുന്നു...

പലതരം ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനിടയിൽ സംഘടനാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് സ്ത്രീകൾക്ക് പരിമിതികളുണ്ട്. പ്രവാസികളാകുമ്പോൾ അത് കൂടും.ഈ പശ്ചാത്തലത്തിൽ എങ്ങനെയാണ്, നിങ്ങൾ ഓരോരുത്തരും ഒരു നോൺ-പ്രോഫിറ്റ് ഓർഗനൈസേഷനായ ഫോമായ്ക്ക് വേണ്ടി നിങ്ങളുടെ ദിനരാത്രങ്ങൾ ഉഴിഞ്ഞുവയ്ക്കാൻ തയ്യാറായത്?

സുജ ഔസോ : സംഘടനാപ്രവർത്തനങ്ങളിൽ ഞങ്ങൾ ആരും തന്നെ പുതുമുഖങ്ങളല്ല. ജോലിയുമായി ബന്ധപ്പെട്ടും അല്ലാതെയും വർഷങ്ങളായി അമേരിക്കയിലെ മലയാളികളുമായി ഇടപഴകിക്കഴിയുന്ന ഞങ്ങൾ ഓരോരുത്തർക്കും ഇവിടത്തെ നല്ലതും ചീത്തയുമായ എല്ലാവശങ്ങളെക്കുറിച്ചും ധാരണയുണ്ട്. കേരളത്തിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള അവബോധവുമുണ്ട്. കഴിഞ്ഞ 43 വർഷമായി കൈസർ പെർമനെന്റ് എന്ന ഹോസ്പിറ്റലിലാണ് ഞാൻ ജോലി ചെയ്യുന്നത്. 20 വർഷമായി ക്വാളിറ്റി കണ്ട്രോൾ മാനേജർ പോസ്റ്റിൽ എത്തിയിട്ട്. മകൻ ആൻഡ്രുവിന്റെ കല്യാണം കഴിഞ്ഞു.മകൾ മിറായയുടെ വിവാഹം അടുത്ത വർഷം ഉണ്ടാകും.ജീവിതം അത്യാവശ്യം സെറ്റിൽ ആവുമ്പോൾ സ്ത്രീകളെ പിന്തുണയ്ക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നുള്ള തീരുമാനം ഇന്നും ഇന്നലെയും എടുത്തതല്ല. കുട്ടിക്കാലത്ത് ബോർഡിങ് സ്‌കൂളിൽ പഠിക്കുന്ന കാലയളവിൽ തന്നെ  പാവപ്പെട്ടവരെ കാണുമ്പോൾ അനുകമ്പ തോന്നിയിരുന്നു. എന്നെങ്കിലും, കാശുണ്ടായാൽ മറ്റുള്ളവരെ സഹായിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ഭർത്താവ് ജോസഫ് ഔസോയും ധാരാളം ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്ന വ്യക്തിയാണ്. ഫോമായുടെ ഫൗണ്ടിങ് മെമ്പറും മുൻ ട്രഷററുമായ അദ്ദേഹം ഇപ്പോൾ സംഘടനയുടെ ഹൗസിംഗ് പ്രൊജക്റ്റ് ചെയറാണ്. കാലിഫോർണിയ ലോസ് ആഞ്ചലസിലെ വാലി ക്ലബ്,ഒരുമ,ഇൻലൻഡ് എമ്പയർ എന്നീ സംഘടനകളിൽ പ്രവർത്തിച്ച ശേഷമാണ് ഞാൻ ഫോമായുടെ ഭാഗമാകുന്നത്.2012 മുതൽ ഫോമായിൽ സജീവമാണ്.ജോസ് എബ്രഹാം സെക്രട്ടറി ആയിരിക്കെ,തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിലെ പീഡിയാട്രിക് ഓങ്കോളജി ഡിപ്പാർട്മെന്റിനുവേണ്ടി ഞാനും എന്റെ കുടുംബവും ചേർന്ന് 13000 ഡോളർ സമാഹരിച്ചു നൽകി. ഫോമായുടെ ഏതെങ്കിലും സ്ഥാനം വഹിക്കുകയാണെങ്കിൽ കൂടുതൽ ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യാമെന്ന് മനസ്സിലാക്കിക്കൊണ്ടാണ്,വനിതാ ഫോറത്തിന്റെ ചെയർപേഴ്സൺ ആകാൻ അവസരം ലഭിച്ചപ്പോൾ അത് സ്വീകരിച്ചതുതന്നെ.

ഇടതു നിന്ന് : സുനിത പിള്ള, ശുഭ അഗസ്റ്റിൻ, സുജ ഔസോ, ടീന ആശിഷ്, രേഷ്മാ രഞ്ജൻ 

രേഷ്മ രഞ്ജൻ : പാലക്കാടാണ് സ്വദേശം. ബാംഗ്ലൂരിൽ ഐസിഎസ്ഇ സ്‌കൂളിൽ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ടീച്ചറായിരുന്നു. പബ്ലിക് സ്പീക്കിങ് ട്രെയ്‌നറായും പ്രവർത്തിച്ചിട്ടുണ്ട്. 2014 ലാണ് ഭർത്താവിന്റെ ജോലിയുമായി ബന്ധപ്പെട്ട് കൊളറാഡോയിൽ എത്തുന്നത്. എഴുത്താണ് എന്റെ മേഖല. രണ്ടുപതിറ്റാണ്ടിനിടയിൽ 13 പുസ്തകങ്ങൾ എഴുതി പ്രസിദ്ധീകരിച്ചു. ആളുകളുമായി ഇടപഴകാൻ താല്പര്യമുള്ള ആളാണ് ഞാൻ. കേരള അസോസിയേഷന്‍ ഓഫ് കോളറാഡോയില്‍ യുവ ആൻഡ് ലിറ്ററേച്ചര്‍ സെക്രട്ടറി എന്ന നിലയിലാണ് സംഘടനാപ്രവർത്തനങ്ങളിലേക്ക് കടന്നുവന്നത്.  മാഗസിന്‍ എഡിറ്റ് ചെയ്യാനും അവസരം ലഭിച്ചു. കുട്ടികള്‍ക്കു വേണ്ടി മാത്രമല്ല,നമുക്കുചുറ്റുമുള്ള സ്ത്രീകൾക്ക് വേണ്ടിയും  കൂടുതല്‍ കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് കുറച്ചുനാളുകൾകൊണ്ട് മനസിലാക്കി. ക്രിയേറ്റീവ് റൈറ്റിംഗ് സെഷനും  ആര്‍ട്  വര്‍ക്ക് ഷോപ്പും സംഘടിപ്പിച്ചു. കേരള അസോസിയേഷന്‍ ഓഫ് കൊളറാഡോയില്‍ മൂന്നു വര്‍ഷം ഉണ്ടായിരുന്നു. ആ കാലയളവിലാണ് ഫോമായുടെ വെസ്റ്റേണ്‍ റീജിയണ്‍ വുമണ്‍സ് ഫോറത്തിന്റെ ഭാഗമായത്. അവിടെ വിവിധ പ്രവര്‍ത്തനങ്ങളിൽ ഏർപ്പെട്ടു.  വെസ്റ്റേണ്‍ റീജിയണ്‍ വെബ്സൈറ്റ്  റീ ഡിസൈന്‍ ചെയ്തതാണ് അതിൽ പ്രധാനം. ഫോമായുടെ മുൻ വിമൻസ് ഫോറം ട്രഷറർ ജാസ്മിനാണ്  നാഷണൽ  ലെവലിലേക്ക് എന്നെ കൈപിടിച്ചുകയറ്റിയത്. കഴിഞ്ഞ വർഷത്തെ രണ്ടുമൂന്നു പ്രോജക്റ്റുകളുടെ ഭാഗമായി പ്രവർത്തിച്ചതോടെയാണ് ആത്മവിശ്വാസം വർദ്ധിച്ചത്.'മയൂഖം' ബ്യൂട്ടി പാജെന്റ് നടക്കുമ്പോള്‍ ഇംഗ്ലീഷ് സ്‌ക്രിപ്റ്റ് എഴുതി കൊടുത്തു. ന്യൂസ് ട്രാന്‍സ്ലേഷന്‍ ചെയ്തു.ഗാന്ധിഭവനില്‍ വച്ചുനടന്ന ഓണാഘോഷ പരിപാടിയായ 'ബാലരാമപുരം കൈത്തറിക്ക് ഒരു കൈത്താങ്ങ്' എന്ന പ്രോജക്ടില്‍ സംബന്ധിക്കാന്‍ സാധിച്ചു. സുനിത പിള്ളയും ശുഭ അഗസ്റ്റിനുമായി പരിചയപ്പെടുന്നതും ഒന്നിച്ച് പ്രവർത്തിച്ചാൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനാകുമെന്ന് മനസ്സിലാക്കുന്നതും അതിലൂടെയാണ്. 

സുനിത പിള്ള : ഗൾഫിലാണ് ഞാൻ വളർന്നത്. മലയാളി അസ്സോസിയേഷനുകളുമായി വളരെയധികം ചേർന്ന് പ്രവർത്തിക്കുന്ന അച്ഛൻ എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.ഓർമ്മവച്ച കാലം മുതൽ സംഘടനയുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കുന്നതുകൊണ്ട് ഇത് ജീവിതത്തിന്റെ ഭാഗമായി മാറിയിരുന്നു. 2008 ലാണ് അമേരിക്കയിൽ വന്നത്.കുറച്ചുനാൾ ഷിക്കാഗോയിലായിരുന്നു. യുഎസിലെ മിനസോട്ട എന്ന വളരെ തണുപ്പുള്ള സ്ഥലത്താണ് ഇപ്പോൾ താമസിക്കുന്നത്. മിക്കവാറും ആളുകൾ തഴയുന്ന ഒരു സ്ഥലമാണ്. മകൾ കൃഷ മുതിർന്ന ശേഷമാണ് ഇവിടത്തെ സംഘടനകളിൽ സജീവമാകുന്നത്. അവളെ നമ്മുടെ സംസ്കാരവുമായി ചേർത്തുനിർത്താൻ അത് സഹായിക്കുന്നുണ്ടെന്നാണ് ഞാൻ മനസിലാക്കുന്നത്.രണ്ടു വർഷം മിനസോട്ട മലയാളി അസോസിയേഷന്റെ ബോർഡ് ഓഫ് ഡയറക്ടർസിൽ ഒരാളായി പ്രവർത്തിച്ചു. ഭർത്താവ് സുരേഷ് പിള്ള അതിന്റെ വൈസ് പ്രസിഡന്റായി. മകൾ എല്ലാ പരിപാടികൾക്കും വോളന്റിയർ ചെയ്യും.
2020 വരെ ഫോമായുമായ് മിനസോട്ടയ്ക്ക് കണക്ഷൻ ഉണ്ടായിരുന്നില്ല.
ഫോമായെ 12 റീജിയനായാണ് തിരിച്ചിട്ടുള്ളത്.അതിൽ ഗ്രേറ്റ് ലേക്‌സ്‌ റീജിയനിൽ നാഷണൽ കമ്മിറ്റി അല്ലെങ്കിൽ വിമൻസ് റെപ്രസെന്ററ്റീവ് വേണം എന്നൊരു അപേക്ഷ വന്നു. മിനസോട്ട മലയാളി അസോസിയേഷന്റെ പ്രസിഡന്റാണ് 2020 ൽ എന്നെ ഇതിലേക്ക് നോമിനേറ്റ് ചെയ്തത്.തുടർന്ന്, 2022 ൽ എന്റെ പേര്  നാഷണൽ കമ്മിറ്റിയിലേക്ക് നിർദ്ദേശിച്ചത് കേരള ക്ലബ് ഓഫ് മിഷിഗണും ആർവിപി ബിനോയ് ഏലിയാസുമാണ്.ഫോമായുടെ 2020-22 ടീമിലെ ഹെല്പിങ് ഹാൻഡ്‌സുമായി ചേർന്ന് ഗാന്ധിഭവൻ-ബാലരാമപുരം പ്രോജക്ടിന് നേതൃത്വം നൽകുകയും പ്രാദേശികതലത്തിൽ വിമൻസ് ഫോറം ടീം രൂപീകരിക്കുകയും ചെയ്തു.കൂടാതെ വിമൻസ് ഫോറത്തിന് ഒരു സോഷ്യൽ മീഡിയ ടീം ഉണ്ടാക്കുകയും ബൈലോ അമെൻഡ്മെന്റുമായി ബന്ധപ്പെട്ട ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഫോമായുടെ കാൻകൂൺ കൺവൻഷന്റെ രജിസ്‌ട്രേഷൻ ടീമിൽ പ്രവർത്തിച്ചതും നല്ലൊരു അനുഭവമായിരുന്നു.

ശുഭ അഗസ്റ്റിൻ : ഈ സംസാരിച്ചവരിൽ നിന്ന് എന്റെ ഏറ്റവും വലിയ വ്യത്യാസം ഞാൻ യു എസിൽ അല്ല എന്നുള്ളതാണ്. കാനഡയിലെ ഒന്റാറിയോയിലാണ് താമസിക്കുന്നത്.സോഫ്ട്‍വെയർ എഞ്ചിനീയറാണ്.മാനേജ്‌മെന്റിലും ഡെവലപ്മെന്റിലുമെല്ലാം പ്രവർത്തിക്കുന്നുണ്ട്.2008 ൽ കാനഡയിൽ വന്നതുമുതൽ ഇവിടത്തെ ഗ്രാൻഡ് റിവർ മലയാളി അസോസിയേഷനിൽ(ജിആർഎംഎ) സജീവമാണ്.ഭർത്താവ് ഉമ്മൻ തോമസ് അസോസിയേഷനിൽ സെക്രട്ടറിയും ട്രഷറുമായി പ്രവർത്തിച്ചിരുന്നു.മകൾ ലയ കുഞ്ഞായിരിക്കെ, സംഘടനാപ്രവർത്തനങ്ങളിൽ വളരെ സജീവമായി ഏർപ്പെട്ടിരുന്നില്ലെങ്കിലും പരിപാടികൾക്കെല്ലാം അവളെയും കൂട്ടി പോകുമായിരുന്നു. കേരളത്തിലെ വേരുകളെക്കുറിച്ചുള്ള അവബോധം അവളിൽ ഉണ്ടാകണമെന്ന് എനിക്ക് നിർബന്ധമായിരുന്നു. പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പറ്റുന്ന സഹായങ്ങൾ ചെയ്തിരുന്നു.പതുക്കെ കൂടുതൽ ആക്ടിവായി. അടുത്തിടെ ബാംഗ്ലൂർ പോയപ്പോൾ, അവിടുള്ള മലയാളി കുട്ടികളെക്കാൾ നന്നായി അമേരിക്കയിൽ നിന്ന് വന്ന എന്റെ മകൾ മലയാളം സംസാരിക്കുന്നതിനെക്കുറിച്ച് ആളുകൾ പറഞ്ഞു. അമ്മയെന്ന നിലയിൽ അതുകേട്ട് അഭിമാനം തോന്നി. മലയാളി അസോസിയേഷനുകൾ ഇതിന് സഹായകമായിട്ടുണ്ട്. സംഘടനയുടെ ലേഡീസ് വിങ് ആരംഭിച്ചപ്പോൾ, ഞാൻ അതിന്റെ കമ്മിറ്റിയിൽ ഭാഗമാവുകയും പിന്നീട് ലേഡീസ് വിങ് കൺവീനർ ആവുകയും ചെയ്തു.ഫുഡ് ബാങ്കുമായി ബന്ധപ്പെട്ട് ഡൊണേഷനും ഫണ്ട് റെയ്‌സിംഗും ഒക്കെയായി ചെറിയ രീതിയിൽ ചാരിറ്റി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ഞാൻ സെക്രട്ടറി ആയിരുന്ന സമയത്താണ് ഞങ്ങളുടെ സംഘടന ഫോമായിൽ അംഗത്വമെടുക്കുന്നത്.കഴിഞ്ഞ ഭരണസമിതിക്കൊപ്പം, ഫോമായിലെ സുപ്രധാനമായ ചില പ്രോജക്ടുകളിൽ പ്രവർത്തിച്ചത് വഴിത്തിരിവായി. ഒരു അംബ്രല്ല ഓർഗനൈസേഷൻ ആയതുകൊണ്ട് കൂടുതൽ അംഗസംഖ്യ ഫോമായിലുണ്ട്. നല്ല ആശയങ്ങൾ കൊണ്ടുവന്നാൽ, ധാരാളം പേരിലേക്ക് സഹായം എത്തിക്കാൻ സാധിക്കുമെന്ന് മനസ്സിലാക്കിക്കൊണ്ടാണ് ഫോമായുടെ ഇലക്ഷനിൽ നിന്നത്. തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ജിആർഎംഎ യുടെ പ്രസിഡന്റ് ആയിരുന്നു. സംഘടനയുടെ 23 വർഷത്തെ ചരിത്രത്തിനിടയിൽ, ആദ്യത്തെ വനിതാ പ്രസിഡന്റ് ആകാൻ കഴിഞ്ഞത്, മത്സരിക്കാൻ കൂടുതൽ കരുത്ത് നൽകി. 

തിരഞ്ഞെടുപ്പ് കാലം സമ്മർദ്ദം നിറഞ്ഞതായിരുന്നോ?

ശുഭ അഗസ്റ്റിൻ : ഇലക്ഷനിൽ അഞ്ച് പേരാണ് നിന്നത്. അതിന് തൊട്ടുമുൻപ് കൂടിയ ജനറൽ ബോഡിയിലാണ് ഇത്തവണ ആറ് വിമൻ റെപ്രസെന്ററ്റീവ്സിന് നാഷണൽ കമ്മിറ്റിയിൽ അംഗങ്ങളാകാമെന്ന് തീരുമാനമായത്. അതിന്റെ ബൈ-ലോ പാസായത് നവംബറിലായിരുന്നു. ഞങ്ങൾക്ക് അഞ്ച് പേർക്കും ഒപ്പം പ്രവർത്തിക്കാനായിരുന്നു താൽപര്യം. രണ്ടു മാസത്തേക്ക് വേണ്ടി ഇലക്ഷൻ നടത്തി പരസ്പരം മത്സരിക്കേണ്ട ആവശ്യമില്ലല്ലോ എന്നാണ് ചിന്തിച്ചത്. അങ്ങനെ ഞങ്ങൾ അഞ്ച് പേരും(ഞാൻ,സുനിത,ശുഭ ,മേഴ്സി സാമുവൽ ,അമ്പിളി സജിമോൻ) വേറൊരാളും ചേർന്ന് വനിതാ ഫോറം 2023 - 24 ടീം രൂപീകരിക്കുന്ന കാര്യം അവതരിപ്പിക്കുകയും ജനറൽ ബോഡി അത് അംഗീകരിക്കുകയും ചെയ്തു. ഇലക്ഷൻ സെപ്റ്റംബറിൽ തീരുമാനിച്ചതുകൊണ്ട് നടത്തേണ്ടി വന്നു എന്ന് മാത്രം.നവംബറിലാണ് ആറാമത്തെ വനിത റെപ്രസെന്ററ്റീവ് എന്ന നിലയ്ക്ക് ടീന ആശിഷിനെയും വനിതാ ഫോറം ചെയർപേഴ്സണായി വെസ്റ്റേൺ റീജിയനിൽ നിന്ന് സുജ ചേച്ചിയെയും തീരുമാനിച്ചത്. അങ്ങനെനോക്കുമ്പോൾ, തിരഞ്ഞെടുപ്പിന്റെ സമ്മർദ്ദങ്ങൾ ഉണ്ടായില്ലെന്ന് പറയാം.

വനിതാ ഫോറത്തിന്റെ പുതിയ ടീം രൂപീകരിച്ച ഉടൻ എന്താണ് ചെയ്തത്?

ശുഭ അഗസ്റ്റിൻ:  ഫോമ വിമൻസ് ഫോറത്തിന്റെ മുൻകാല വനിതാ നേതാക്കളെ കൊണ്ടുവന്ന് അവരുടെ പ്രാധാന്യവും സംഭാവനയും അംഗീകരിച്ചുകൊണ്ടാണ് വിമൻസ് ഫോറം ആരംഭിച്ചത്. ' ഐസ് ബ്രേക്കർ സീക്രട്ട് സാന്റ 'എന്ന രസകരമായ കളിയിൽ ഏർപ്പെട്ടുകൊണ്ട്  ഞങ്ങൾക്കിടയിലെ ഗ്യാപ് ഇല്ലാതായി. ആരോഗ്യ സംബന്ധിയായ പ്രോജക്ടായ  'ഹെർ  സ്വാസ്ഥ്യ' യാണ് ആദ്യം നടപ്പാക്കിയത്. പോയി. ഗ്രീൻ ജ്യൂസ് ഡെയ്‌സ് എന്ന പേരിൽ ആരോഗ്യത്തിന് പ്രാധാന്യം നൽകി സംഘടിപ്പിച്ച ഇവന്റും വൻ വിജയമായിരുന്നു.അതിൽ പങ്കെടുത്ത മൂന്ന് വിജയികൾക്ക്  $250 മൂല്യമുള്ള സമ്മാനങ്ങൾ നൽകി. ഡോ. ശ്രീരാഗ് ഗോപിയുമായി അടുക്കള രസതന്ത്രത്തെക്കുറിച്ച് നടത്തിയ സെഷനും ഹൃദ്യമായ സ്വീകാര്യത ലഭിച്ചു. പലതരം ഭക്ഷണങ്ങൾ നമ്മുടെ ദഹനപ്രക്രിയയെ എങ്ങനെ ബാധിക്കുമെന്നാണ് വിജ്ഞാനപ്രദമായ ആ  സെഷനിൽ ചർച്ചചെയ്തത്.

 രേഷ്മ രഞ്ജൻ : മാർച്ച് മാസം വനിതാദിനവുമായി ബന്ധപ്പെട്ട് അമേരിക്കയിലെ മലയാളികളായ സ്ത്രീകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ആഘോഷത്തിൽ, എംഎൽഎ ദലീമ ജോർജ്, അഭിനേത്രിയും സാമൂഹിക പ്രവർത്തകയുമായ സീമ നായർ എന്നിവരായിരുന്നു മുഖ്യാതിഥികൾ.അന്ന് സ്ത്രീകൾക്കായി രണ്ട് മത്സരങ്ങളും പ്രഖ്യാപിച്ചിരുന്നു.ആദ്യത്തേത്, ഫോട്ടോഗ്രാഫി മത്സരം 2023; പിന്നൊന്ന്  സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആക്ടീവാകുന്ന വനിതയെ തിരഞ്ഞെടുക്കുന്ന മത്സരം. വിജയികൾക്ക് മെയ് മാസത്തിൽ  $450 സമ്മാനത്തുക നൽകുകയും ചെയ്തു.

നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് മുൻപേ തീരുമാനിച്ചിരുന്നോ?

 സുജ ഔസോ:  കേരളത്തിലെയും അമേരിക്കയിലെയും സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി എന്തൊക്കെ ചെയ്യാനാകും എന്നാണ് ഞങ്ങൾ ആലോചിച്ചത്. വിദ്യാഭ്യാസവും ജോലിയും ഇല്ലാത്തതുകൊണ്ട് ഒരുപാട് പ്രയാസങ്ങൾ സഹിച്ച് ജീവിക്കുന്ന ഒരുപാട് പേർ ചുറ്റിലുമുണ്ടെന്നും അവർക്ക് കൈത്താങ്ങ് നൽകുന്ന പദ്ധതികൾ ആവിഷ്കരിക്കണം എന്നതുമായിരുന്നു ലക്ഷ്യം.പണം നൽകി സഹായിച്ചാൽ,അതിന്റെ ഗുണം ആ നേരത്തേക്ക് മാത്രമായിരിക്കും. ഒരാളുടെ വിദ്യാഭ്യാസത്തിന് വേണ്ടി സഹായം നൽകിയാൽ, അതിലൂടെ ഒരു ജോലി നേടി ആ കുടുംബം രക്ഷപ്പെടും.ഇതാണ് ഞങ്ങളുടെ വിശ്വാസപ്രമാണം.വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ നഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനികള്‍ക്ക്  50,000 രൂപ വീതം സ്‌കോളര്‍ഷിപ്പ് നല്‍കാനായിരുന്നു ആദ്യം തീരുമാനിച്ചത്.ഞങ്ങൾ കൂടി ആലോചിച്ച്, എഞ്ചിനീയറിങ്ങ് ഉള്‍പ്പെടെയുള്ള മറ്റു  പ്രൊഫണല്‍ വിദ്യാര്‍ത്ഥികളെക്കൂടി പദ്ധതിയിലേക്ക് ഉൾപ്പെടുത്തി.വിദ്യാവാഹിനി എന്നാണ് സ്‌കോളർഷിപ്പ് പദ്ധതി നാമകരണം ചെയ്തത്. കുടുംബത്തിന്റെ അത്താണി നഷ്ടപ്പെട്ടവരാണ് അധികവും. പഠിക്കാൻ മിടുക്കികൾ ആയിട്ടും,സാമ്പത്തികം ഇല്ലാത്തതിന്റെ പേരിൽ  ഉന്നതവിദ്യാഭ്യാസത്തിന് അവസരം നിഷേധിക്കപ്പെട്ടവരാണ് പദ്ധതിയുടെ ഗുണഫലം ഏറ്റുവാങ്ങിയത്. വിദ്യവാഹിനി പ്രൊഫഷണൽ കോഴ്സ് സ്കോളർഷിപ്പിലൂടെ 33 പെൺകുട്ടികൾക്ക് 50,000 രൂപ വീതം നൽകി.ഇതുകൂടാതെ,ഗാന്ധിഭവനിൽ കഴിയുന്ന ഏതാനും കുട്ടികൾക്ക് 15000 രൂപ വീതം പഠനസഹായവും നൽകാൻ സാധിച്ചു.

സുനിത പിള്ള: 35 വയസുകഴിഞ്ഞ സ്ത്രീകളിൽ സ്തനാർബുദവും ഗർഭാശയ അർബുദവും വർദ്ധിച്ചുവരികയാണ്.മുൻ വനിതാ ഫോറം ചെയറും ഓങ്കോളജിസ്റ്റുമായ സേറ ചേച്ചിയാണ്,സ്ത്രീകളെ ബാധിക്കുന്ന അസുഖങ്ങളെക്കുറിച്ച് ചർച്ച ചെയ്തപ്പോൾ നാട്ടിൽ ക്യാൻസർ സ്ക്രീനിംഗ് നടത്തുന്ന ആശയം മുന്നോട്ടുവച്ചത്. സ്ക്രീനിംഗ് നടത്തി രോഗം  മുൻകൂട്ടി അറിയുന്ന രീതി, അമേരിക്കയിൽ വളരെ മുൻപേ ഉണ്ട്. കേരളത്തിലും അങ്ങനൊരു അവബോധം ആരംഭിച്ചിട്ടുണ്ടെങ്കിലും, സാധാരണക്കാരിലേക്ക് അത് എത്തപ്പെട്ടിട്ടില്ല. നേരത്തെ ചികിത്സിച്ചാൽ ഭേദമാകുന്ന ഇത്തരം രോഗങ്ങൾ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ ശ്രദ്ധിക്കാതെ വിടുകയും അസുഖം മൂർച്ഛിച്ച് മരണപ്പെടുകയും ചെയ്യുന്ന സംഭവങ്ങൾ ഇന്ന് സാധാരണമായി മാറിയിരിക്കുന്നു. ബോധവൽക്കരണം പ്രധാനമാണ്. കുടുംബപ്രാരബ്ധങ്ങൾക്കിടയിൽ സ്വന്തം ആരോഗ്യത്തിന് പ്രാധാന്യം കൊടുക്കാൻ മലയാളി സ്ത്രീകൾ പൊതുവേ വിമുഖത കാണിക്കാറുണ്ട്. അത് മാറണം. സ്ത്രീകളുടെ ആരോഗ്യം ഒരു കുടുംബത്തിന്റെ അടിത്തറയാണ്. രോഗനിർണ്ണയം മുൻകൂട്ടി സാധ്യമാകുന്നതിലൂടെ ഒരു ജീവനെങ്കിലും രക്ഷിക്കാൻ സാധിച്ചാൽ, അതിനപ്പുറം ഒരു സന്തോഷം ലഭിക്കാനില്ല. ഇടുക്കി ജില്ലയിലെ ഇരട്ടയാർ പഞ്ചായത്തിലെ ഏറ്റവും സാധാരണക്കാരായ സ്ത്രീകളിൽ ക്യാൻസർ സ്ക്രീനിംഗ് നടത്താൻ കാർക്കിനോസ് ഗ്രൂപ്പുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത് അങ്ങനെയാണ്.  ഫോമായുടെ തന്നെ മറ്റൊരു സബ് കമ്മിറ്റിയായ  ഹെല്പിങ് ഹാൻഡ്‌സിനെക്കൂടി ഈ പ്രൊജക്ടുമായി ചേർന്ന് സഹകരിക്കാൻ ക്ഷണിച്ചു.ഹെല്പിങ് ഹാൻഡ്‌സിലൂടെ ഞങ്ങൾ തന്നെ അക്കൗണ്ട് തുടങ്ങിയാണ് ഇതിന് ആവശ്യമായ ഫണ്ട് കണ്ടെത്തിയത്. ആളുകളെ ഫോണിലൂടെ വിളിച്ചും ബന്ധപ്പെട്ടും ഫോമാ ഹെല്പിങ് ഹാൻഡ്‌സിന്റെ അക്കൗണ്ടിലേക്ക് പണം അയയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. ആ സബ്കമ്മിറ്റിക്കും അതൊരു ഉണർവ്വായി.
മേയ് 31 ന് നടന്ന ആദ്യ ഘട്ടത്തിൽ 125 പേരെയാണ് പരിശോധിച്ചത്. ഇതിൽ മൂന്നുപേരിൽ ഓറൽ ക്യാൻസർ കണ്ടെത്തി. മറ്റു പരിശോധനകളും ചികിത്സയും അവർക്ക് നിർദ്ദേശിച്ചിരിക്കുകയാണ്. 14 സ്ത്രീകളിൽ സ്തനാർബുദവും സ്ഥിരീകരിച്ചു. അവർക്ക് മാമ്മോഗ്രാം,യുഎസ്ജി എന്നീ പരിശോധനകളും ചികിത്സയും നടത്തേണ്ടതുണ്ട്. എച്ച്പിവി പോസിറ്റീവായ മൂന്നു സ്ത്രീകളെ കോളപോസ്കോപിക്ക് വിധേയരാകണം.വേണ്ടി വന്നാൽ,തെർമൽ അബ്ലേഷൻ ചെയ്യണം.ജൂലൈ ആദ്യവാരം രണ്ടാം ഘട്ട സ്ക്രീനിംഗ് നടത്തി. റിസൽറ്റിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ്.

വിദ്യാവാഹിനിയിലൂടെ തുടർപഠനത്തിന് ഒരു ആൺകുട്ടി ധനസഹായം അഭ്യർത്ഥിച്ചെങ്കിലും അത് നിരസിക്കപ്പെട്ടു എന്നും ഫോമായുടെ പ്രസിഡന്റ് കേരള കൺവൻഷൻ വേദിയിൽ വച്ച് ആ കുട്ടിക്ക് സഹായം നൽകിയതും വാർത്ത വന്നിരുന്നല്ലോ,ഇത് സംബന്ധിച്ച് എന്താണ് നിങ്ങളുടെ നിലപാട് ?

സുജ ഔസോ : ഫോമായുടെ വനിതാ ഫോറം രൂപീകരിച്ചതുതന്നെ സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടുകൊണ്ടാണ്. ഹെല്പിങ് ഹാൻഡ്‌സ് ഉൾപ്പെടെ പല കമ്മിറ്റികളും ലിംഗഭേദമില്ലാതെ സഹായങ്ങൾ നൽകുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളിലും വനിതാ ഫോറം സ്‌കോളർഷിപ്പ് നൽകിയത് പെൺകുട്ടികൾക്ക് മാത്രമാണ്. ഫോമായുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിച്ച മാനദണ്ഡങ്ങളാണ് പദ്ധതിക്കായി പിന്തുടർന്നിട്ടുള്ളത്. ഒരു ആൺകുട്ടിയെ പരിഗണിക്കുന്നതുസംബന്ധിച്ച് മുൻ പ്രസിഡന്റ് ഫിലിപ് ചാമത്തിൽ അഭിപ്രായം ചോദിച്ചപ്പോൾ തന്നെ ഇക്കാര്യം അറിയിച്ചതാണ്. ഞങ്ങൾ പറഞ്ഞപ്പോൾ അദ്ദേഹത്തിന് കാര്യം മനസ്സിലാവുകയും ചെയ്തു. കേരള കൺവൻഷൻ വേദിയിൽ വിദ്യാവാഹിനി സ്‌കോളർഷിപ്പ് വിതരണം ചെയ്യുന്നതിനിടയിൽ ഫോമാ പ്രസിഡന്റ് സ്വന്തം കയ്യിൽ നിന്ന് ആ ആൺകുട്ടിക്ക് പണം കൊടുത്തത് എന്തിനാണെന്ന് വ്യക്തമല്ല. അതിനെക്കുറിച്ച് യാതൊരു സൂചനയും തന്നിരുന്നില്ല. ഫോമായുടെ വേറെ ഏതെങ്കിലും പദ്ധതിയിൽ ഉൾപ്പെടുത്തി ആ കുട്ടിയെ സഹായിക്കാമായിരുന്നതേ ഉള്ളു. ഇങ്ങനൊരു വാർത്ത സൃഷ്ടിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ലെന്നാണ് എനിക്ക് തോന്നുന്നത്. സ്റ്റേറ്റ് ഗവൺമെന്റോ കേന്ദ്ര ഗവൺമെന്റോ പോലും, പെൺകുട്ടികൾക്ക് നൽകുന്ന ആനുകൂല്യങ്ങളിലും അവർക്കുവേണ്ടി തുടങ്ങുന്ന പദ്ധതികളിലും ആൺകുട്ടികളുടെ അപേക്ഷ സ്വീകരിക്കില്ലല്ലോ.  

 കേരള കൺവൻഷനിടയിൽ  ഇത്തവണത്തെ വനിതാ ഫോറത്തിന്റെ ചില പ്രവർത്തികൾ ബാലിശമായി പോയതായും ആക്ഷേപമുണ്ട്. അതിനെ എങ്ങനെ കാണുന്നു?

സുജ ഔസോ: അത് ഞാനും കേട്ടു. വനിത ഫോറം നടത്തിയ  സ്‌കോളർഷിപ്പും ക്യാൻസർ സ്‌ക്രീനിങ്ങും ഔസോച്ചായന്റെ നേതൃത്വത്തിൽ നടന്ന ഹൗസിങ് പ്രോജക്റ്റും അല്ലാതെ ഇത്തവണത്തെ കേരള കൺവൻഷനിൽ എന്താണ് ഉണ്ടായിരുന്നത്? നമുക്ക് ഒരു ക്രെഡിറ്റും വേണ്ട. പക്ഷെ,ചെയ്തത് ചെയ്തില്ലെന്ന് പറയരുത്. ഫോമായേക്കാൾ വലുതല്ല വനിതാ ഫോറം എന്ന് എനിക്കറിയാം. എക്സ്ക്യൂട്ടീവ് കമ്മിറ്റിയും സംഘടനയേക്കാൾ വലുതല്ല എന്നും അറിയാം. വ്യക്തികൾക്ക് ആളാകാനല്ല കൺവൻഷൻ നടത്തുന്നത്,ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കാനാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. 

രേഷ്മ രഞ്ജൻ : ആക്ഷേപങ്ങൾ ഉന്നയിക്കുന്നവർ അവരവരുടെ മനസ്സാക്ഷിയെ ചോദ്യം ചെയ്യുന്നതാണ് നല്ലത്. ഫോമാ വനിതാ ഫോറത്തിന് രൂപം നൽകിയ മുൻഗാമികളോട് എപ്പോഴും ബഹുമാനമാണ്.അവരുടെ ഉപദേശങ്ങളും അഭിപ്രായങ്ങളും പലപ്പോഴും ചോദിച്ചറിയാറുണ്ട്. അവരുമായി താരത്യപ്പെടുത്തേണ്ടതില്ല. ഓരോ തവണത്തേയും ടീമിലെ ആളുകൾ വേറെയാണ്. അനിയൻ ജോർജ്-ഉണ്ണികൃഷ്ണൻ ടീമിനൊപ്പം ഞാനും സുനിതയും ശുഭയും പ്രവർത്തിച്ചിട്ടുണ്ട്. നമ്മളൊരു ആശയം പറഞ്ഞു തീരും മുൻപ് തന്നെ,അത് നടപ്പാക്കാൻ എന്തൊക്കെ സഹായങ്ങളാണ് വേണ്ടത് എന്ന് ചോദിച്ച് അവർ നിരന്തരം ഫോളോ അപ്പ് നടത്തിയിരുന്നു. ധാർമികമായ പിന്തുണ പോലും ലഭിക്കാതെ, നമ്മൾ ഒരു പദ്ധതി നടപ്പാക്കാൻ രാപകലില്ലാതെ അദ്ധ്വാനിക്കുകയും,പഴി കേൾക്കേണ്ടി വരികയും ചെയ്യുന്നത് സങ്കടകരമാണ്.

ശുഭ അഗസ്റ്റിൻ : ബാലിശമായി പ്രവർത്തിക്കുന്ന ആരും തന്നെ ഞങ്ങളുടെ ടീമിലില്ല. എല്ലാവരും പക്വമതികൾ തന്നെയാണ്. തങ്ങളുടെ പ്രവർത്തനമേഖലയിൽ കഴിവുതെളിയിച്ചവരും പല സംഘടനകളുടെയും താക്കോൽ സ്ഥാനങ്ങളിൽ ഇരുന്നവരുമാണ്. ഒരു നോൺ-പ്രോഫിറ്റ് ഓർഗനൈസേഷൻ ആകുമ്പോൾ, എല്ലാവരും അവരുടെ സമയവും അധ്വാനവും തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സമർപ്പിക്കുകയാണെന്ന് ഓർക്കണം.ആ  ബഹുമാനം ഓരോ അംഗത്തിനും സംഘടനാനേതൃത്വത്തിൽ നിന്ന് ലഭിക്കണം. ആരെയും ചെറുതാക്കാനല്ല, കാര്യങ്ങൾ മെച്ചപ്പെടുത്താൻ വേണ്ടിയാണ് ചർച്ച വേണ്ടത്.
 
സുനിത പിള്ള : ആരും ഏൽപ്പിച്ച ജോലിയല്ല ഞങ്ങൾ ചെയ്യുന്നത്. സ്വമേധയാ ഏറ്റെടുത്ത ഉത്തരവാദിത്തങ്ങളാണ്. വീട്ടിലെ കാര്യങ്ങളും ജോലിയും എല്ലാം മാറ്റിവച്ച് കഷ്ടപ്പെടുന്നത് സന്തോഷത്തോടെ തന്നെയാണ്. അത് ചെയ്തു, ഇത് ചെയ്തു എന്നുപറഞ്ഞ് ആളാകാൻ ശ്രമിക്കുന്നവരല്ല ഞങ്ങളെന്നു ഫേസ്‌ബുക്ക് പ്രൊഫൈൽ നോക്കിയാൽ പോലും മനസിലാകും. ഞാൻ,സുജ ഔസോ,രേഷ്മ,ടീന,ശുഭ എന്നീ അഞ്ചുപേരാണ് ഈ പ്രോജക്ടുകൾക്കുവേണ്ടി പണിയെടുത്തിരിക്കുന്നത്.
 വിമർശനങ്ങളും കുറ്റപ്പെടുത്തലും രണ്ടും രണ്ടാണ്. ഔദ്യോഗികമായ മീറ്റിംഗുകളിൽ ഇത്തരം വിഷയം ചർച്ച ചെയ്യാമായിരുന്നു. വനിതാ ഫോറത്തിലെ അംഗങ്ങൾ എന്ന നിലയിൽ അല്ലെങ്കിൽക്കൂടി ഏതൊരു സാധാരണ സ്ത്രീക്കും ലഭിക്കേണ്ട ബഹുമാനം ഞങ്ങളും ആഗ്രഹിക്കുന്നുണ്ട്. സഹായിക്കാത്തതും അംഗീകരിക്കാത്തതും പോട്ടേ എന്നു വയ്ക്കാം, അനാവശ്യമായി കുറ്റപ്പെടുത്തിയാൽ കൈകെട്ടി മിണ്ടാതിരിക്കാൻ ഞങ്ങൾ ഉദ്ദേശിച്ചിട്ടില്ല.

ഡമ്മി ചെക്ക് ഫോമാ വിമൻസ് ഫോറത്തിന്റെ പേരിൽ നൽകിയത് ബൈ-ലോ പ്രകാരം തെറ്റല്ലേ?

  സുജ ഔസോ  : 36 പേജുള്ള ബൈ-ലോ കൃത്യമായി വായിച്ചിട്ടുള്ളവരാണ് ഞങ്ങൾ. എവിടെയും തെറ്റുപറ്റിയിട്ടില്ല. നടപടി എടുത്താൽ കൃത്യമായ വിശദീകരണം നൽകാം. ഒരു ഇവന്റ് സംഘടിപ്പിക്കുമ്പോൾ ഫണ്ട് റെയ്‌സ് ചെയ്ത ടീമിന്റെ പേരിൽ ഡമ്മി ചെക്ക് നൽകുന്നത് ഏത് അർത്ഥത്തിലാണ് തെറ്റാകുന്നത്?വെറും വിമൻസ് ഫോറം എന്നുമല്ല ഞങ്ങൾ എഴുതിയിരുന്നത്. ഫോമാ വിമൻസ് ഫോറം എന്നാണ്. ഫോമായിലെ അംഗങ്ങളായ നോർത്ത് അമേരിക്കയിലെ മലയാളികളിൽ 50 ശതമാനം വരുന്ന സ്ത്രീജനങ്ങളെ പ്രതിനിധീകരിക്കുന്ന സബ് കമ്മിറ്റിയാണ് ഞങ്ങളുടേത്. അതിനെ കുറച്ചുകാണരുത്.

സംഘടനയ്ക്കുള്ളിൽ സ്ത്രീകൾ വിവേചനം നേരിടുന്നുണ്ടോ? എന്തെങ്കിലും തിക്താനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ?

   രേഷ്മ രഞ്ജൻ : തിക്താനുഭവങ്ങൾ ഉണ്ടായാൽ അതൊന്നും കണ്ടില്ല കേട്ടില്ല എന്നുനടിക്കുക എന്നൊരു അലിഖിത നിയമം കുഞ്ഞുനാൾ മുതൽ പെൺകുട്ടികൾ കേട്ടുവളരുന്നുണ്ടല്ലോ. ആ കീഴ്‌വഴക്കമാണ്, അത്തരം ചെയ്തികൾക്ക് വളം വച്ചുകൊടുക്കുന്നത്. നമ്മൾ മൗനം ഭജിക്കുമെന്ന ബോധ്യം എപ്പോഴും മുതലെടുക്കപ്പെടും. തുറന്നു ചോദിക്കാൻ ഒരു സ്ത്രീ ധൈര്യം കാണിച്ചാൽ അവളെ മോശക്കാരിയായി ചിത്രീകരിക്കാനും ചുറ്റുമുള്ളവർക്ക് പ്രത്യേക കഴിവാണ്.
ഫോമായിലെ അംഗങ്ങൾ ഒരുമിച്ചിരുന്ന ഒരു സന്ദർഭത്തിൽ വനിതാ ഫോറം പ്രതിനിധികളായ ഞങ്ങൾക്ക് വളരെ മോശമായ ഒരു കമന്റ് കേൾക്കേണ്ടി വന്നു. അത് പറഞ്ഞതും കേട്ട് ചിരിച്ചുതള്ളിയതും ഫോമാ നേതൃത്വത്തിൽ ഉള്ള വ്യക്തികളാണ് എന്ന വസ്തുതയാണ് വേദനാജനകം. സംഘടനയ്ക്ക് മാതൃകയാക്കേണ്ട ഇവർ ഇങ്ങനെ സംസാരിച്ചത് എത്ര ആലോചിച്ചിട്ടും നിസാരമായി തള്ളിക്കളയാൻ കഴിയുന്നില്ല. ഫോമാ അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സാംസ്കാരിക സംഘടനയാണ് എന്നുകൂടി കണക്കിലെടുക്കണമല്ലോ. ഇപ്പോൾ, ഞങ്ങൾ മിണ്ടാതെ ഇരുന്നാൽ വളർന്നുവരുന്ന ഞങ്ങളുടെ പെണ്മക്കൾക്കും ഇതുപോലുള്ള അനുഭവം ഉണ്ടാകും. അങ്ങനൊരു നാളെ അല്ല ഞങ്ങളുടെ സ്വപ്നം.

സുജ ഔസോ : ഇതുമായി ബന്ധപ്പെട്ട് കമ്മിറ്റിക്ക് മുൻപാകെ പരാതി സമർപ്പിച്ചിട്ടുണ്ട്. അവർ ഉചിതമായ നടപടി സ്വീകരിക്കും എന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്.

നിങ്ങൾ ഇത് തുറന്നുപറയുന്നത് കൂടുതൽ ഇരകൾക്ക് തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കാൻ ധൈര്യം പകരുമെന്ന് കരുതുന്നുണ്ടോ?

സുനിത പിള്ള : അതത്ര എളുപ്പമല്ല. ഞങ്ങളുടെ അനുഭവം കുറച്ചുപേരോട് പങ്കുവച്ചപ്പോൾ അതിന്റെ പിന്നാലെ പോകാതിരിക്കുന്നതാണ് നല്ലതെന്ന ഉപദേശമാണ് ലഭിച്ചത്. ആണുങ്ങളെ ചോദ്യം ചെയ്താലോ അവർക്കെതിരെ പരാതിപ്പെട്ടാലോ, ആ സ്ത്രീകളെക്കുറിച്ചായിരിക്കും എല്ലാവരും മോശം പറയുക എന്നൊരു അബദ്ധധാരണയാണ് പലർക്കും ഉള്ളത്.അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മുൻപ് അങ്ങനെ സംഭവിച്ചിട്ടുണ്ട്. അതാണ്,പലതും കണ്ടില്ലെന്ന് നടിക്കാനുള്ള പ്രചോദനവും. രാജിവച്ച് വിഷമിച്ച് പിന്മാറുന്ന ഓരോ സ്ത്രീയും ഭാവിതലമുറയോട് വലിയ ദ്രോഹമാണ് ചെയ്യുന്നത്. ദുരനുഭവങ്ങൾ തുറന്നുപറയാൻ സ്ത്രീകൾ കരുത്താർജ്ജിക്കണം. പെണ്ണുങ്ങൾക്ക് മാത്രമാണ് ദുരനുഭവങ്ങൾ ഉണ്ടാകുന്നതെന്നല്ല ഞാൻ പറയാൻ ഉദ്ദേശിക്കുന്നത്. അധികാര സ്ഥാനത്തിരിക്കുന്നവരിൽ നിന്ന് ആണുങ്ങൾക്കും തിക്താനുഭവങ്ങൾ ഉണ്ടാകാം. ആണായാലും പെണ്ണായാലും സ്വാഭിമാനത്തോടെ അവർ നേരിടുന്ന പ്രശ്നങ്ങൾ തുറന്നുപറയാൻ സാധിക്കണം. നമ്മൾ ആരുടേയും അടിമകളല്ല.

വനിതാ ഫോറത്തിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് നൽകാനുള്ള ഉപദേശം?

ശുഭ അഗസ്റ്റിൻ : ഓരോ തവണത്തേയും ഭരണസമിതിയിൽ പല മനോഭാവമുള്ള ആളുകളായിരിക്കും. പുതുമുഖങ്ങൾക്ക് പോലും നല്ല പരിഗണന ലഭിക്കുന്ന സാഹചര്യം ചിലപ്പോൾ ഉണ്ടാകും.മറ്റു ചിലപ്പോൾ, അനുഭവപരിചയം ഉള്ളവർക്ക് കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടതായി വന്നേക്കും.സമ്മർദ്ദങ്ങളെ അതിജീവിക്കാൻ സ്വയം കഴിയണം.മോശം അനുഭവം ഉണ്ടായാൽ അത് തുറന്നുപറയാനും ധൈര്യം വേണം.

 

Join WhatsApp News
ഫോമാ കുട്ടപ്പൻ 2023-08-02 01:11:27
ഫോമായേക്കാൾ വലുതാണോ വിമൻസ് ഫോറം? അവരോടു ചോദിച്ചിട്ടു വേണോ ഫോമാ നേതൃത്വത്തിന് പ്രവർത്തിക്കാൻ. ഫോമാ നേതാക്കളെയെല്ലാം കരിവാരി തേച്ചിട്ട് എന്ത് നേട്ടം?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക