Image

കൂനമ്പാറക്കവല (അധ്യായം 11- നോവല്‍: തമ്പി ആന്റണി)

Published on 10 August, 2023
കൂനമ്പാറക്കവല (അധ്യായം 11- നോവല്‍: തമ്പി ആന്റണി)

നവജീവന്‍ ആര്‍ട്‌സ് ക്ലബ്ബ്

    പഞ്ചായത്തിലക്ഷനില്‍ തോറ്റു തുന്നംപാടിയ കോഴിക്കോടനും അപ്പന്‍ ചാക്കോയും കുറേദിവസം വീട്ടില്‍ത്തന്നെയിരുന്നു. ഇനിയിപ്പോള്‍ കൂനമ്പാറ മാത്രമല്ല, കേരളം മുഴുവന്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ്. അപ്പോഴാണു പുതിയ ചില സംഭവങ്ങള്‍ക്കു തുടക്കമായത്. 

    എവിടെനിന്നോ രണ്ടു വരത്തന്‍മാര്‍ കൂനമ്പാറയിലേക്കു വന്നു. ഒരാള്‍ വിശ്വാസിയും മറ്റെയാള്‍ അവിശ്വാസിയും. രണ്ടുപേരും തരികിട ടീമാണെന്നു ചിലരൊക്കെപ്പറഞ്ഞെങ്കിലും ആരും അതത്ര കാര്യമായെടുത്തില്ല. ഒരേയൊരു സമാനത, അവര്‍ കലാപരമായ താല്‍പ്പര്യമുള്ളവരും നാടകപ്രേമികളുമാണെന്നതാണ്. അവിടെയും ഒരു പ്രശ്‌നമുണ്ട്: ഒരാള്‍ക്കു ബൈബിള്‍ നാടകങ്ങളോടും മറ്റേയാള്‍ക്കു രാഷ്ട്രീയസാമുദായികനാടകങ്ങളോടുമാണു താല്‍പ്പര്യം. എന്തായാലും കള്ളന്‍മാരും കൊലപാതകികളുമല്ലല്ലോ, കലാകാരന്‍മല്ലേ എന്നു നാട്ടുകാരാശ്വസിച്ചു. 

    പ്രതീക്ഷിച്ചതുപോലെ, വിശ്വാസി ആദ്യം പോയതു പള്ളിമേടയിലേക്കാണ്. വികാരിയച്ചന്‍ ഫാദര്‍ കാടുകേറിയെക്കണ്ട്, മതവും ബൈബിള്‍ വചനവുമൊക്കെപ്പറഞ്ഞ് ചാര്‍ത്തില്‍ താമസിക്കാനുള്ള വകുപ്പൊപ്പിച്ചു. ജനസമ്മതനായ റോഷനച്ചന്‍ ഇടപെട്ട കേസായതുകൊണ്ട് നാട്ടുകാരാരും എതിര്‍പ്പു പറഞ്ഞില്ല. 

    അവിശ്വാസി നേരേ പോയത്, പുഴക്കരയിലുള്ള നാരദനപ്പയുടെ നാടകസമിതിയിലേക്കാണ്. അയാള്‍ പഴയ നാടകക്കാരനാണെന്ന കാര്യമൊക്കെ നേരത്തേ ഈ വരത്തന്‍മാര്‍ മനസ്സിലാക്കിയിരുന്നു. 

    വെറും അപ്പായായിരുന്ന കക്ഷി, നാടകസമിതി തുടങ്ങിയ കാലത്ത് സ്വയം അപ്പാജിയായി. എന്നിട്ടും നാട്ടുകാര്‍ അടക്കത്തില്‍ നാരദന്‍ എന്നുതന്നെയാണു വിളിച്ചിരുന്നത്. പഴയ നാടകക്കാരിയായ പച്ചാളം പാറുവിനെ കൂടെപ്പൊറുപ്പിക്കുന്ന കാര്യവും നാട്ടുകാര്‍ക്കറിയാം. ഇവരുടെ കാര്യമാണ്, കൂനമ്പാറയിലെ ആദ്യത്തെ ലിവിംഗ് ടുഗെതര്‍ എന്നു പീറ്റര്‍സാര്‍ പറയാറുള്ളത്. ഇത്തിരി ചട്ടുണ്ടെന്നതൊഴിച്ചാല്‍ പാറുക്കുട്ടിക്ക് ഒരാനച്ചന്തമൊക്കെയുണ്ട്. അപ്പാജിക്കു നാടകജീവിതത്തില്‍നിന്നു കിട്ടിയ ആകെ സമ്പാദ്യമാണ് പച്ചാളം പാറു. നാട്ടുകാര്‍ പരമരഹസ്യമായി ചട്ടിപ്പാറു എന്നു വിളിക്കും. അതുപക്ഷേ എല്ലാവര്‍ക്കുമറിയാം! 

    പല നാടകങ്ങളും പൊട്ടിപ്പൊളിഞ്ഞ്, സാമ്പത്തികബാധ്യതയുടെ നടുക്കടലില്‍ മുങ്ങാറായ ആ സമിതി ഏതാണ്ടു സമാധിയിലായിരുന്നു. അതൊക്കെ എല്ലാവരും മറന്നുതുടങ്ങിയിരുന്നു. കൂനമ്പാറയിലെ കലാദാരിദ്ര്യത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലായിരുന്നു ഈ രക്ഷാകര്‍ത്താക്കളുടെ വരവ്. ആ വരവില്‍ അപ്പാജി അതീവസന്തുഷ്ടനായി. ഉടന്‍തന്നെ സമതി ഒന്നുഷാറാക്കാനുള്ള പദ്ധതികളാരംഭിച്ചു. 

    കലാപ്രേമിയായ ഫാദര്‍ റോഷന്‍ കാടുകേറി, അവര്‍ക്കുവേണ്ടി ഒരിടയലേഖനം വരെയിറക്കാന്‍ തയ്യാറായി എന്നത് അതിശയോക്തിയല്ല. അതിലിത്തിരി അഭിപ്രായവ്യത്യാസമുണ്ടായിരുന്നത്, അപ്പാജിയെ നന്നായി അറിയാവുന്ന കുഞ്ചാക്കോയ്ക്കു മാത്രമാണ്. ഈ വരത്തന്‍മാരുടെ വരവിലെന്തോ ഉഡായിപ്പുണ്ടെന്ന് അച്ചനൊരു വാണിംഗ് കൊടുത്തെങ്കിലും നല്ലൊരു കലാകാരനും ലോലഹൃദയനുമായ അച്ചന്‍ നാട്ടുകാരുടെ ഇഷ്ടത്തിനു കൂട്ടുനിന്നു. കൂടാതെ, അഭിനയപ്രേമിയായ കുഞ്ചാക്കോയ്ക്ക് ഒരു നല്ല കഥാപാത്രം കൊടുക്കാമെന്നു പറഞ്ഞതോടെ അയാളൊന്നടങ്ങി. സമൂഹത്തിന് ഒരു നല്ല സന്ദേശം കൊടുക്കുന്ന തീമായിരിക്കുമെന്ന് അപ്പാജി റോഷനച്ചനു വാക്കു കൊടുത്തു. 

    കള്ളടിച്ചു ലക്കും ലഗാനുമില്ലാതെ സമിതിയെ വഴിയാധാരമാക്കിയ അപ്പാജിക്ക് അങ്ങനെയൊരു പുനര്‍ജ്ജന്‍മം കിട്ടി. എല്ലാം വരത്തന്‍മാരുടെ വരവോടുകൂടിയാണ്. നാടകക്കാര്‍ സിനിമക്കാരെപ്പോലെയല്ല, മനുഷ്യത്വമുള്ളവരാണെന്ന ഒരു പ്രസ്താവന അടുത്ത ദിവസം കുട്ടാപ്പി ആന്‍ഡ് സണ്‍സില്‍വച്ചു നടത്തി. 

    സമാധിയായ സമിതിയെ ഉഷാറാക്കാനായി, അപ്പാജിയുടെ വീട്ടില്‍ത്തന്നെ ആദ്യത്തെ യോഗം കൂടി. പഴയ സ്ഥിരം നാടകവേദിയില്‍ ജീവിച്ചിരിക്കുന്ന കരണ്ടുരാജപ്പനെയും ആനച്ചിറ അവറാനെയും കുടില്‍കുമാറിനെയും കുഞ്ചാക്കോയേയും കൂടാതെ ആലപ്പി അപ്പുക്കുട്ടന്‍, വൈക്കം വാസു, കൈനകരി കാമാക്ഷി എന്നിവരേയും പ്രത്യേകം ക്ഷണിച്ചിരുന്നു. കാമാക്ഷിയും അപ്പാജിയുടെ പഴയൊരു സെറ്റപ്പായിരുന്നെന്നു കേട്ടുകേള്‍വിയുണ്ട്. ആനച്ചിറയുടെ മകള്‍ ആനച്ചിറ അമ്മുക്കുട്ടി മാത്രം വന്നില്ല. അവളിപ്പോള്‍ അവറാന്റെ മേല്‍നോട്ടത്തില്‍ മാത്രം മറ്റു നാടകസമിതികളില്‍ സജീവമാണ്. പണ്ടു ബാലതാരമായിരുന്ന അവളെ ഈ നാടകത്തെണ്ടികളുടെകൂടെ വിട്ടാല്‍ വഴിപിഴച്ചുപോകുമെന്നാണ് അപ്പന്‍ അവറാന്റെ വിചാരം. 

    പഴയ നാടകസംഘത്തില്‍ സജീവമായിരുന്ന ആനച്ചിറയ്ക്ക് ആനയമറുന്നതുപോലെയുള്ള ശബ്ദമായതുകൊണ്ട് നാട്ടുകാരിട്ട പേരാണ് ആനയമറാന്‍ എന്നത്! അതില്‍ അവറാനിത്തിരി പ്രതിഷേധമുണ്ടെങ്കിലും ആരോടു പറയാന്‍! മാത്രമല്ല, പത്തുപേരറിയണമെങ്കില്‍ അമറാന്‍ എന്നുതന്നെ പറയണം. 

    അമ്മുക്കുട്ടി വന്നില്ലെങ്കിലും അവശകലാകാരന്‍മാരെല്ലാവരും ഹാജരായി. അങ്ങനെ എല്ലാവര്‍ക്കും ഒരു പുതുജീവന്‍ കൊടുക്കാന്‍ അപരിചതര്‍ തീരുമാനിച്ചു. അതുകൊണ്ട്, നാടകസമിതിയുടെ പേര്, പുതുജീവന്‍ എന്നര്‍ത്ഥം വരുന്ന നവജീവന്‍ ആര്‍ട്‌സ് ക്ലബ്ബ് എന്നാക്കിയാലോ എന്നാലോചിച്ചു.

    വിശ്വാസിയായ വരത്തന്‍ ഒരുകുപ്പി ഒന്നാന്തരം വൈറ്റ് ലേബല്‍ ഫോറിന്‍ വിസ്‌ക്കിയുമായാണു ഹാജരായത്. മൂക്കുമുട്ടെ പട്ടച്ചാരായവും പനങ്കള്ളുമടിച്ചുനടന്ന അപ്പാജിക്കും കൂട്ടര്‍ക്കും അതൊരു സ്വര്‍ഗ്ഗീയാനുഭൂതിയായിരുന്നു. വൈറ്റ് ലേബല്‍ വാങ്ങിയതല്ലെന്നും ആ വിശ്വാസി, റോഷനച്ചന്റെ പള്ളിമേടയില്‍നിന്ന് അടിച്ചുമാറ്റിയതാണെന്നും ഒരു വര്‍ത്തമാനം പരന്നിരുന്നു. അയാള്‍ കള്ള ഉപദേശിയാണെന്നറിഞ്ഞിട്ടും ഒരു നല്ലകാര്യത്തിനല്ലേ എന്നുകരുതി അച്ചന്‍ കണ്ണടച്ചതാവാം. ഇടവകയിലെ ഏതോ അമേരിക്കന്‍ കുഞ്ഞാട് ഒരിക്കല്‍ സന്തോഷപൂര്‍വ്വം കൊടുത്തതായിരുന്നു അത്. അച്ചന്‍ മദ്യപനല്ലാത്തതുകൊണ്ട് അതു പള്ളിമേടയിലെ അലമാരയില്‍ ഭദ്രമായി ഇരുന്നു. അതിപ്പോള്‍ ഇവന്‍മാര്‍ 'മാട്ടുന്നെങ്കില്‍' അങ്ങോട്ടു മാട്ടട്ടെ, അതുകൊണ്ട് ആകാശം ഇടിഞ്ഞുവീഴാനൊന്നും പോകുന്നില്ലല്ലോ എന്ന് അച്ചന്‍ വിചാരിച്ചുകാണും. 

    എന്തായാലും നവജീവന്‍ ആര്‍ട്‌സ് ക്ലബ്ബിനു പുതുജീവനായിരുന്നു ആ ജീവാമൃതം. എല്ലാവരും നല്ല ഫോമിലായപ്പോള്‍ അപരിചിതര്‍ സ്വയം പരിചയപ്പെടുത്തി. വിസ്‌ക്കിയുമായി വന്ന വിശ്വാസിയാണ് എഴുന്നേറ്റുനിന്നു സംസാരിച്ചുതുടങ്ങിയത്: 

    'ഞാനാണ് പ്രശസ്ത എഴുത്തുകാരന്‍ ഓ വി ചാത്തുക്കുട്ടി. ഇതെന്റെ ഉറ്റസുഹൃത്തും ഇരുപത്തഞ്ചോളം നാടകങ്ങള്‍ രചിച്ചിട്ടുള്ള നാടകകൃത്തുമായ അട്ടപ്പാടി ശശി.'

    എല്ലാവരും അതു ശ്രദ്ധിച്ചിരുന്നെങ്കിലും ഈ രണ്ടു പേരുകളും ആ പഞ്ചായത്തിലാരും കേട്ടിട്ടേയില്ലായിരുന്നു. അതുകഴിഞ്ഞായിരുന്നു അട്ടപ്പാടിയുടെ ഊഴം. അയാളെഴുന്നേറ്റ്, വിനയപൂര്‍വ്വം ഒന്നു തൊഴുതിട്ടു പറഞ്ഞുതുടങ്ങി:

    'ഇന്നത്തെ ദിവസം, നമുക്കെല്ലാം സന്തോഷകരമായ ദിവസമാണ്. അതുകൊണ്ട് നമ്മുടെ സംരംഭമായ നവജീവന്‍ തിയറ്റേഴ്‌സിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കാന്‍ നമ്മുടെ സംവിധായകന്‍ അപ്പാജിയെ ആദരപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു.'

    അപ്പാജി കൈ കൂപ്പിക്കൊണ്ട്, വേച്ചുവേച്ച് എഴുന്നേറ്റുനിന്ന് എല്ലാവരോടുമായി പറഞ്ഞു: 

    'അങ്ങനെ നമ്മുടെയൊക്കെ സ്വപ്നം സാക്ഷാത്ക്കരിച്ചുകൊണ്ട്, സമാധിയിലായിരുന്ന എന്റെ നാടകസംഘത്തിനു പുനര്‍ജ്ജന്‍മം കിട്ടിയിരിക്കുകയാണ്. അതുകൊണ്ട് നവജീവന്‍ ആര്‍ട്‌സ് ക്ലബ്ബ് എന്ന ഈ പേര് എല്ലാവരുടെയും സമ്മതത്തോടെ നമ്മള്‍ അംഗീകരിക്കുന്നു.'

    തുടര്‍ന്നുണ്ടായ ഹര്‍ഷാരവം ആ പേരിനുള്ള അംഗീകാരമായിരുന്നു. അപ്പാജി തുടര്‍ന്നു: 

    'എന്റെ പ്രിയസുഹൃത്തുക്കളായ ചില നാടകത്തെണ്ടിക്കോമരങ്ങള്‍ എന്നെ കള്ളുകുടിയനും ആഭാസനും പെണ്ണുപിടിയനുമായി ചിത്രീകരിച്ചെങ്കിലും അതെല്ലാം ഞാന്‍ ക്ഷമിച്ചിരിക്കുന്നു. അഥവാ ഇനി എന്റെ കൈയില്‍നിന്ന് എന്തെങ്കിലും പാകപ്പിഴകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ എല്ലാത്തിനും ഞാന്‍ ക്ഷമ ചോദിച്ചുകൊള്ളുന്നു. എല്ലാം മറന്ന്, നമ്മുട ഈ നവജീവന്‍ തിയറ്റേഴ്‌സിനെ ഒരു ഗംഭീരവിജയമാക്കാന്‍ നമ്മളെ സഹായിക്കുന്ന ഓ വി ചാത്തുക്കുട്ടിയേയും അട്ടപ്പാടി ശശിയേയും ഞാന്‍ വീണ്ടും അനുമോദിച്ചുകൊള്ളുന്നു. എന്റെ ഏറ്റവും പുതിയ സംഗീതനൃത്തനാടകമായ കപടലോകം വിജയകരമായി അവതരിപ്പിക്കാന്‍ നിങ്ങളുടെയെല്ലാം സഹായസഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊള്ളുന്നു. അടിയനിതാ വിടവാങ്ങുന്നു.'

    അങ്ങനെ റോഷന്‍ കാടുകേറിയച്ചന്റെ അനുഗ്രഹാശിസ്സുകളോടെ നാടകസമിതിക്കു ജീവന്‍ വച്ചു. വിവരമറിഞ്ഞു പീറ്റര്‍സാറും കോഴിക്കോടനും കരുണാകര്‍ജിയും കുട്ടാപ്പിയും കൂട്ടുകാരും കുട്ടാപ്പി ആന്‍ഡ് സണ്‍സിലിരുന്നു കട്ട സപ്പോര്‍ട്ട് പ്രഖ്യാപിച്ചു. എന്തായാലും ഒരു നാടകസമിതിയുണ്ടാകുന്നത് നാടിനഭിമാനമായതിനാല്‍ ആരും ഒരെതിര്‍പ്പും പറഞ്ഞില്ല. 

    നാടകത്തിന്റെ റിഹേഴ്‌സല്‍ ഉദ്ഘാടനത്തിന് എം എല്‍ ഏ കുട്ടപ്പനെത്തന്നെ കൊണ്ടുവരണമെന്നുണ്ടായിരുന്നെങ്കിലും അധികപ്രസംഗം പേടിച്ച് ഒഴിവാക്കി. നീലിമാ ഉണ്ണിത്താനായിരുന്നു മുഖ്യാതിഥി. അവര്‍ കരണക്കുറ്റിക്കു പൊട്ടിച്ചതുകൊണ്ട്, വിളിച്ചാലും കുട്ടപ്പന്‍ വരില്ലെന്ന് സംഘാടകര്‍ക്കറിയാമായിരുന്നു. നാട്ടില്‍ വന്നുകയറി നാടിന്റെ അഭിമാനമായി മാറാന്‍ പോകുന്ന ഓ വി ചാത്തുക്കുട്ടിയേയും അട്ടപ്പാടി ശശിയേയും വാനോളം പുകഴ്ത്തിയാണ് എല്ലാവരും സംസാരിച്ചത്. 

    അട്ടപ്പാടിയുടെ നിര്‍ദ്ദേശപ്രകാരം ടിക്കറ്റു വില്‍പ്പനയുടെ ഉദ്ഘാടനവും നടത്തി. പ്രൊഫസര്‍ പീറ്റര്‍സാറിന് ആദ്യത്തെ ടിക്കറ്റു കൊടുത്തുകൊണ്ടാണ് ആ കര്‍മ്മം നിര്‍വ്വഹിച്ചത്. ഒത്തുപിടിച്ചാല്‍ പോരാത്ത മലയുണ്ടോ! തുടക്കത്തില്‍ത്തന്നെ സാമാന്യം നല്ലൊരു തുക പിരിഞ്ഞുകിട്ടി. ഇത്രയൊക്കെയായപ്പോഴാണ്, ആന അമറാനൊരു വിശ്വാസമായത്. അതുകൊണ്ട് മകള്‍ ആനച്ചിറ അമ്മുക്കുട്ടിയെത്തന്നെ നായികയാക്കണമെന്ന അപ്പാജിയുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങിക്കൊടുത്തു. കപടലോകം എന്ന നാടകത്തിലെ നായിക അമ്മുക്കുട്ടിതന്നെയെന്ന് അട്ടപ്പാടി ശശി പ്രഖ്യാപിച്ചു. 

    അടുത്ത ഇലക്ഷനുമുമ്പുതന്നെ സിനിമാനടി സസ്‌നേഹം സുശീലയെക്കൊണ്ട് നാടകം ഉദ്ഘാടനം ചെയ്യിക്കണമെന്ന അഭിപ്രായം രാജപ്പന്‍ പറഞ്ഞു. ഇലക്ഷനില്‍ തോറ്റാല്‍പ്പിന്നെ സിനിമാനടിയെ പൊടിയിട്ടു നോക്കിയാലും കാണില്ലെന്നു കൂനമ്പാറക്കാര്‍ക്കറിയാം; ജയിച്ചാലും അതുതന്നെയായിരിക്കും അനുഭവമെന്നും!

    നടിയെ കൊണ്ടുവരുന്ന കാര്യമേറ്റതായി അപ്പാജിയും അട്ടപ്പാടിയും ചാത്തുക്കുട്ടിയും അച്ചനു വാക്കു കൊടുത്തു. റോബിനച്ചന്‍ ഞായറാഴ്ചക്കുര്‍ബ്ബാനയ്ക്കു പള്ളിയില്‍ വിളിച്ചുപറഞ്ഞു. 

    അഞ്ചുരുളിയിലാകെ ടിക്കറ്റു വില്‍ക്കാനുള്ള ഏര്‍പ്പാടുണ്ടാക്കി. ഓണത്തിനുതന്നെ നാടകം അരങ്ങേറാനുള്ള തീയതിയും സ്ഥലവും നിശ്ചയിച്ചു. നാടകം കുറേ പഴയതായതുകൊണ്ട് ചാത്തുക്കുട്ടിയും അട്ടപ്പാടിയും എല്ലാമൊന്നു തിരുത്തിയെഴുതി, ഒന്നു 'ന്യൂ ജെന്‍' ആക്കി. അപ്പാജിക്ക് അതില്‍ പ്രത്യേകിച്ചു പരാതിയുണ്ടായിരുന്നില്ല. ചത്തുകിടന്ന സമിതി പുനരുജ്ജീവിപ്പിച്ചതില്‍ സന്തോഷം മാത്രമേയുള്ളു. 

    പഴയ നടന്‍മാരും പുതിയ ചെറുപ്പക്കാരും അഹോരാത്രം പണിയെടുത്ത്, രണ്ടു മാസംകൊണ്ടു നാടകം റിഹേഴ്‌സല്‍ കഴിഞ്ഞു സജ്ജമാക്കി. ഉദ്ഘാടനദിവസം വന്നപ്പോള്‍ സ്ഥാനാര്‍ത്ഥി സുശീലയെ മാത്രമല്ല, സകലരാഷ്ട്രീയക്കാരെയും വിളിക്കണമെന്ന തീരുമാനത്തിലായി, എല്ലാവരും. അപ്പോള്‍പ്പിന്നെ ചക്കാലയ്ക്കല്‍ കുട്ടപ്പനെ വിളിക്കാതിരിക്കാന്‍ പറ്റില്ലല്ലോ. 

    റോഷനച്ചന്‍ പള്ളിവക ഹാള്‍ നാടകത്തിനായി കൊടുത്തു. സാമ്പത്തിക ഇടപാടുകള്‍ മുഴുവന്‍ കൈകാര്യം ചെയ്തത് ചാത്തുക്കുട്ടിയും അട്ടപ്പാടിയുംതന്നെ. കൂനമ്പാറയുടെ രക്ഷകരായി വന്ന ആ പുതിയ അപ്പോസ്തലന്‍മാരെ എല്ലാവര്‍ക്കും ഏതു കാര്യത്തിലും വിശ്വാസമായിരുന്നു. അത്രയ്ക്കു മാന്യമായ പെരുമാറ്റമായിരുന്നു അവരുടേത്. സിനിമക്കാരെപ്പോലെയല്ല നാടകക്കാരെന്നും അവരാണ് യഥാര്‍ത്ഥകലാകാരന്‍മാരെന്നും കരണ്ടുരാജപ്പനും കരുണാകര്‍ജിയുംവരെ കുട്ടപ്പായിയുടെ കടയിലിരുന്ന്, വരുന്നവരോടും പോകുന്നവരോടും പറഞ്ഞു. കുഞ്ചാക്കോയ്ക്കും പീറ്റര്‍സാറിനുംപോലും അക്കാര്യത്തില്‍ അഭിപ്രായവ്യത്യാസമില്ലായിരുന്നു. നീലിമാ ഉണ്ണിത്താന്‍ മാത്രമാണ് അവരിലത്ര വിശ്വാസം കാണിക്കാതിരുന്നത്. ഒരിക്കല്‍ ഒരു മീറ്റിംഗില്‍ ആ വിഷയം ചര്‍ച്ചചെയ്യുകയും ചെയ്തു. അപ്പോള്‍ നീലിമ പറഞ്ഞു: 

    'എന്തായാലും വരത്തന്‍മാരല്ലേ? ഊരും പേരുമൊന്നും ആര്‍ക്കുമറിയില്ല. ഒന്നു സൂക്ഷിക്കുന്നതു നല്ലതാ. തെണ്ടിത്തിരിഞ്ഞു നടക്കുന്ന നാടോടികളായതുകൊണ്ട് ഒരു വോട്ടുപോലും കിട്ടില്ല. അല്ലെങ്കില്‍ അതെങ്കിലും പ്രതീക്ഷിക്കാമായിരുന്നു.'

    നാട്ടിലെ അലവലാതികള്‍ക്കൊക്കെ കള്ളുകൊടുത്തു പ്രീതി സമ്പാദിക്കുന്നുണ്ടെന്നു കേള്‍ക്കുന്നതായി രാഷ്ട്രം പറഞ്ഞു. എന്തായാലും ഒരു നാടകസമിതിയല്ലേ, നാട്ടുകാര്‍ക്കിഷ്ടമാണെങ്കില്‍ നടക്കട്ടെ എന്ന തീരുമാനത്തില്‍ത്തന്നെ എല്ലാവരും ഉറച്ചുനിന്നു. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക