Image

കര്‍ക്കടകം ഇരുപത്തഞ്ച്: രാമായണ പാരായണം (ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 11 August, 2023
കര്‍ക്കടകം ഇരുപത്തഞ്ച്: രാമായണ പാരായണം (ദുര്‍ഗ മനോജ് )

രാവണവധത്തിനും ശ്രീരാമ പട്ടാഭിഷേകത്തിനും ശേഷം അയോധ്യ സാധാരണ നിലയില്‍ വര്‍ത്തിക്കുന്ന കാലം. ഈ സമയം നാലുദിക്കുകളില്‍ നിന്നുമുള്ള ബ്രഹ്‌മര്‍ഷിമാര്‍ അഗസ്ത്യമുനിയുടെ നേതൃത്വത്തില്‍ അവിടെ എത്തി. വസിഷ്ഠന്‍, കശ്യപന്‍, അത്രി, വിശ്വാമിത്രന്‍ ഗൗതമന്‍, ജമദഗ്‌നി, ഭരദ്വാജന്‍ എന്നിവരും അവിടെ എത്തിച്ചേര്‍ന്നു. രാമന്‍ ഏവരേയും സ്വീകരിച്ചാനയിച്ചു. രാവണനേയും, രാവണിയേയും കാലപുരിക്കയച്ച രാമനെ അവര്‍ പ്രശംസിച്ചു. അപ്പോള്‍ രാമന്‍, എങ്ങനെയാണ് രാവണന്റെ കുലമുണ്ടായത് എന്ന് ആരാഞ്ഞു. അഗസ്ത്യമുനി കഥ പറഞ്ഞു തുടങ്ങി.

കൃതയുഗത്തില്‍ പ്രജാപതി പുത്രന്‍ പുലസ്ത്യന്‍ എന്നു പേരായ ബ്രഹ്‌മര്‍ഷി ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ പൗലസ്ത്യന്റെ, പുത്രനായിരുന്നു വിശ്രവസ്സ്. വിശ്രവസ്സിനും ഭാര്യ, ഭരദ്വാജപുത്രി ദേവവര്‍ണ്ണിനിയുടേയും പുത്രനായി വൈശ്രവണന്‍ ജനിച്ചു.
വൈശ്രവണന്‍ തപസു ചെയ്ത് ഇന്ദ്രന്‍, വരുണന്‍, യമന്‍ എന്നിവര്‍ക്കൊപ്പം സ്ഥാനം നേടി. അദ്ദേഹം ധനത്തിന്റെ അധിപനായി. ഒപ്പം അദ്ദേഹത്തിനു സഞ്ചരിക്കാന്‍ പുഷ്പകവിമാനവും നല്‍കി ബ്രഹ്‌മാവ്. കൂടാതെ, വൈശ്രവണനു പാര്‍ക്കാനായി രാക്ഷസര്‍ ഒഴിഞ്ഞു പോയ, അമരാവതിക്കു തുല്യമായ ലങ്ക നിര്‍ദ്ദേശിച്ചു. അങ്ങനെ വൈശ്രവണന്‍ അവിടെ ജീവിച്ചു വന്നു.

ഇത്രയും പറഞ്ഞ ശേഷം മുനി, രാക്ഷസോല്‍പ്പത്തിയെക്കുറിച്ചു പറഞ്ഞു തുടങ്ങി.
താമരപ്പൂവില്‍ പിറന്ന പ്രജാപതി, ജലത്തെ സൃഷ്ടിച്ചു പിന്നെ, ജന്തുജാലങ്ങളേയും സൃഷ്ടിച്ചു. വിശപ്പും ദാഹവും കൊണ്ടു വലഞ്ഞ അവ പ്രജാപതിക്കു മുന്നിലെത്തി, അദ്ദേഹം, യത്‌നപൂര്‍വ്വം രക്ഷിക്കുവിന്‍ എന്നു പറഞ്ഞു. അവരില്‍ വിശപ്പില്ലാത്തവര്‍ 'രക്ഷാമ ' എന്നും വിശപ്പുള്ളവര്‍ 'യക്ഷാമ' എന്നും പറഞ്ഞു. ആദ്യത്തെക്കൂട്ടര്‍ രാക്ഷസര്‍ എന്നും രണ്ടാമത്തെ കൂട്ടര്‍ യക്ഷന്മാര്‍ എന്നും അറിയപ്പെട്ടു.
അതില്‍ രാക്ഷസരെ നയിച്ചത് ഹേതി, എന്നും പ്രഹേതി എന്നും പേരായ രണ്ടു മഹാരാക്ഷസന്മാരാണ്. ഹേതി പുത്രനായ വിദ്യുത്‌കേശന്റെ പുത്രന്‍ സുകേശന്‍, അവന്റെ പുത്രന്മാര്‍,മാല്യവാന്‍, സുമാലി, മാലി. മൂന്നു പേരും തപസു ചെയതു ശക്തരായി ദേവന്മാര്‍ക്കു നേരെ ആക്രമണം അഴിച്ചു വിട്ടു കൊണ്ടു ജീവിച്ചു വന്നു. അവരുടെ ആവശ്യപ്രകാരമാണ് ദേവന്മാര്‍ക്ക് അമരാവതി പോലെ രാക്ഷസന്മാര്‍ക്കു ലങ്ക വിശ്വകര്‍മ്മാവ് സൃഷ്ടിച്ചത്. അങ്ങനെ രാക്ഷസര്‍ ലങ്കയില്‍ പാര്‍പ്പു തുടങ്ങി. ഇതിനിടയില്‍ രാക്ഷസന്മാരുടെ ശല്യം സഹിക്കാതെ നാരായണന്‍ അവരെ പതാള ലോകമായ രസാതലത്തിലേക്കു ഓടിച്ചു. അങ്ങനെ രാക്ഷസര്‍ ഒഴിഞ്ഞ ലങ്കയിലാണ് വൈശ്രവണന്‍ പാര്‍ത്തു തുടങ്ങിയത്.

അടുത്തതായി അദ്ദേഹം രാവണന്റെ ഉത്പത്തി പറഞ്ഞു.
സുമാലിയുടെ പുത്രി കൈകസി, വൈശ്രവണനെ ഒരിക്കല്‍ കണ്ടു. എന്നിട്ട് തങ്ങളുടെ ഗതി ഓര്‍ത്തു ദുഃഖിച്ചു. അവള്‍ നേരെ വിശ്രവസ്സിനെ സമീപിച്ചു, വൈശ്രവണനെപ്പോലെയുളള മക്കളെ വേണമെന്ന് അപേക്ഷിച്ചു. 
ദാരുണമായ അവസ്ഥയില്‍ തന്നെ സമീപിച്ചതിനാല്‍ മക്കള്‍ രാക്ഷസരും ക്രൂര കര്‍മ്മികളുമാകുമെന്നറിയിച്ചു. ഒടുവില്‍ അവളുടെ അപേക്ഷ പ്രകാരം ഒരു പുത്രന്‍ ധര്‍മ്മത്തില്‍ ചരിക്കുമെന്നും അനുഗ്രഹിച്ചു. അങ്ങനെ വിശ്രവസ്സിന്റെയും കൈകസിയുടേയും പുത്രന്മാരായി രാവണന്‍, കുംഭകര്‍ണ്ണന്‍, ധര്‍മ്മാത്മാവായ വിഭീഷണന്‍ എന്നീ പുത്രന്മാരും രാക്ഷസിയായ ശൂര്‍പ്പണഖയും ജനിച്ചു.

പതിനായിരം വര്‍ഷം ഘോരതപസു ചെയ്ത രാവണന്‍ പ്രബലനായി. അവന്‍, വൈശ്രവണനെ ലങ്കയില്‍ നിന്നും ഓടിച്ചു വിട്ട്, പുഷ്പകവും തട്ടി എടുത്ത് അവിടെ പാര്‍പ്പു തുടങ്ങി. അങ്ങനേയിരിക്കേ നാരായണ പത്‌നിയാകുവാന്‍ തപസ്സു ചെയ്തിരുന്ന വേദവതി എന്ന ഋഷി കന്യകയെ അവന്‍ ആക്രമിച്ചു. അവള്‍, നിന്നെ നേരിട്ടു കൊല്ലാന്‍ എനിക്കാകില്ലെങ്കിലും, നിന്റെ നാശത്തിനായി അയോനിജയായി, സ്‌നേഹമുള്ള അച്ഛനു മകളായി വീണ്ടും വരും എന്നു പറഞ്ഞ് തീ കൂട്ടി അതില്‍ ചാടി മരിച്ചു. ശേഷം, അവള്‍ താമരയില്‍ പിറന്നു. താമര നിറമാര്‍ന്ന ആ കുഞ്ഞ് കാരണം മരണം ഫലം എന്നു കണ്ട രാവണന്‍ കടലില്‍ ഒഴുക്കി. ആ കുട്ടിയെ പിന്നീട് ജനകനു ഉഴവുചാലില്‍ നിന്നു ലഭിച്ചു. ആ വേദവതിയാണു സീത. ആ വേദവതി മൂലം രാവണന്‍ കൊല്ലപ്പെട്ടു.

രാമായണത്തെ തള്ളിപ്പറയുന്നവര്‍ക്കും രാവണനെ നായകനാക്കുന്നവര്‍ക്കും പല വ്യാഖ്യാനങ്ങളുമുണ്ടാകും. എന്നാല്‍ എന്തുകൊണ്ടു രാവണന്‍ രാമനാല്‍ കൊല്ലപ്പെട്ടു എന്നതിന്റെ വിശദീകരണം വേദവതിയുടെ കഥയിലൂടെ ആദികവിനല്‍കുന്നുണ്ട്. ഒപ്പം അതില്‍ ഒരു കാര്യത്തില്‍ വ്യക്തതക്കുറവും നിലനില്‍ക്കുന്നു. രാമന്റെ കഥ പറയുന്നതു ത്രേതായുഗത്തിലാണ്. രാവണന്‍ വേദവതിയെ ഘര്‍ഷിച്ചുവെന്നത് കൃതയുഗത്തിലും. രാമായണം എഴുതപ്പെടുന്നതു ത്രേതായുഗത്തിലാണ്.വായിക്കുന്നവരുടെ ഭാവന പോലെ കാര്യങ്ങളെ മനസിലാക്കുവാനുള്ള സാധ്യത തുറന്നു വയ്ക്കുകയാണ് ഇതുവഴി സംഭവിച്ചത്. അതിനാല്‍ പല വിധത്തില്‍ രാമായണം അവതരിപ്പിക്കപ്പെടുന്നു എന്നു ചിന്തിക്കാനേ സാധിക്കുന്നുള്ളൂ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക