Image

സ്വാതന്ത്ര്യം പളുങ്കുപാത്രം, സൂക്ഷിച്ചില്ലെങ്കിൽ വീണുടയും; ഇന്ത്യയുടെ സ്ഥിതി അതല്ലേ? (ജോർജ്  എബ്രഹാം)

Published on 13 August, 2023
സ്വാതന്ത്ര്യം പളുങ്കുപാത്രം, സൂക്ഷിച്ചില്ലെങ്കിൽ വീണുടയും; ഇന്ത്യയുടെ സ്ഥിതി അതല്ലേ? (ജോർജ്  എബ്രഹാം)

പ്രധാനമന്ത്രി  നരേന്ദ്ര മോഡി മുൻപ് നടത്തിയതും ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിമാർ നടത്തിയതുമായ അമേരിക്കൻ സന്ദർശനങ്ങളെ അപേക്ഷിച്ച്, സമീപകാലത്തെ മോഡിയുടെ ഏറെ ഘോഷിക്കപ്പെട്ട അമേരിക്കൻ സന്ദർശനത്തിന്റെ വിജയതോത് സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുകയാണ്. ഇക്കണോമിക് ടൈംസ് റിപ്പോർട്ടിൽ, ഇന്ത്യയിലെ വിവിധ വ്യവസായികൾ ഇതിനെ ഒരു ട്രെൻഡ് ആയും നാഴികക്കല്ലായുമൊക്കെ വിശേഷിപ്പിച്ചു. എന്നാൽ, ടൈം മാഗസിനിൽ വന്ന ലേഖനത്തിൽ പറയുന്നത് ബൈഡൻ-മോഡി കൂടിക്കാഴ്ച ജനാധിപത്യത്തിന്റെ പരാജയമാണെന്നാണ്. ഈ രണ്ട് വാദങ്ങൾക്കിടയിൽ എവിടെയോ ആണ് സത്യം.

ബൈഡൻ മോഡിയെ ആശ്ലേഷിച്ചത് നിസ്സംശയമായും വാഷിംഗ്ടണിന്റെ ഭാഗത്തുനിന്നുള്ള സുപ്രധാന അംഗീകാരമായിരുന്നു. എന്നാൽ അത്  ഡെമോക്രാറ്റിക് പാർട്ടിയുടെ പുരോഗമന വിഭാഗം ഇന്ത്യയിലെ സ്ഥിതിയെക്കുറിച്ച് ആഴമായ ഉത്കണ്ഠ പ്രകടിപ്പിക്കാൻ ഇടയാക്കി. എഴുപത്തിയഞ്ചോളം  സെനറ്റർമാരും കോൺഗ്രസ് അംഗങ്ങളും ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ബൈഡൻ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹത്തിനൊരു തുറന്ന കത്ത് എഴുതി. അമേരിക്കൻ മുഖ്യധാരാ മാധ്യമങ്ങൾ, ഇന്ത്യയിലുടനീളം നടന്ന അവകാശ ലംഘനങ്ങളിൽ മോഡിയുടെ മുൻകാല പങ്കാളിത്തത്തെക്കുറിച്ചും  മതന്യൂനപക്ഷങ്ങൾ വിവേചനം നേരിടുന്ന അദ്ദേഹത്തിന്റെ നിലവിലെ ഭരണത്തെയും പൊതുവായി അപലപിച്ചു.

ഹിന്ദു ഭീകരവാദികളും ഗോത്ര ക്രിസ്ത്യാനികളും ഉൾപ്പെടുന്ന വംശീയ ഏറ്റുമുട്ടലുകളിൽപ്പെട്ട്  ഇന്ത്യയിലെ ഒരു സംസ്ഥാനമായ മണിപ്പൂർ കത്തിയെരിയുമ്പോൾ മോഡി അമേരിക്കൻ സന്ദർശനത്തിലായിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. ആ കലാപത്തെ ഭൂമിയുടെ അവകാശവുമായി ബന്ധപ്പെട്ട രണ്ട് വംശീയ വിഭാഗങ്ങൾ തമ്മിലുള്ള തർക്കമായി ചിത്രീകരിക്കാൻ ബി.ജെ.പി ഉത്സാഹിക്കുന്നുണ്ടെങ്കിലും, മെയ്തികളുടെ ഹൃദയഭൂമിയിൽ  243 ക്രിസ്ത്യൻ പള്ളികൾ മാത്രം കത്തിച്ചത്, അധികാരത്തിലുള്ള പാർട്ടിയുടെ മറഞ്ഞിരിക്കുന്ന അജണ്ടയാണ്  വ്യക്തമാക്കുന്നത്. വാഷിംഗ്ടണിലെ സന്ദർശനത്തിന് മുമ്പോ ശേഷമോ മണിപ്പൂരിനെക്കുറിച്ച് മോഡി ഒരക്ഷരം മിണ്ടാത്തത് ഒരർത്ഥത്തിലും ഉൾക്കൊള്ളാൻ കഴിയുന്നില്ല.

വാഷിംഗ്ടണിലെ ഭരണവർഗം മോഡിയെ ചേർത്തുനിർത്തിയാലും ഇന്ത്യയിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് മുഖ്യധാരാ മാധ്യമങ്ങളിൽ വരുന്ന കഥകൾ വ്യത്യസ്തമാണ്. പ്രസിഡന്റ് ബൈഡനൊപ്പം വാഷിംഗ്ടണിൽ നടത്തിയ പത്രസമ്മേളനത്തിൽ, ഇന്ത്യ എങ്ങനെയാണ് ന്യൂനപക്ഷങ്ങളോട് പെരുമാറുന്നത് എന്ന ചോദ്യം കേട്ട് മോഡി അതിശയപ്പെട്ടു. പൊട്ടൻ കളിച്ചു എന്ന് പറയുന്നതാവും ശരി.   അധികം താമസിയാതെ, ആ ചോദ്യം ചോദിച്ച മുസ്ലീമായ  വാൾ സ്ട്രീറ്റ് ജേർണൽ  റിപ്പോർട്ടറെ പ്രധാനമന്ത്രിയുടെ വിശ്വസ്തരായ അനുയായികൾ ഭീഷണിപ്പെടുത്തുകയും നിഷ്കരുണം ട്രോളുകയും ചെയ്തു.

 മനുഷ്യാവകാശങ്ങളുടെയും മതസ്വാതന്ത്ര്യത്തിന്റെയും ദ്രുതഗതിയിലുള്ള അപചയത്തിനും അധഃപതനത്തിനും അഭിപ്രായവ്യത്യാസത്തിന്റെ പേരിലുള്ള തമ്മിൽത്തല്ലിനുമാണ് മോഡിയുടെ  ഈ ഭരണകാലയളവ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നതെന്ന്  സ്വതന്ത്രമായി ചിന്തിക്കുന്ന ആർക്കും നിസംശയം മനസ്സിലാകും. ഒരുകാലത്ത് രാജ്യത്ത് ഊർജ്ജസ്വലമായി കാണപ്പെട്ടിരുന്ന പൗരസമൂഹത്തിന്റെ  വായ് മൂടിക്കെട്ടി അവരെ  നിശബ്ദരാക്കുകയും അവർക്ക് ലഭിക്കേണ്ട ധനസഹായ മാർഗങ്ങൾ തടയുകയും ചെയ്തുകൊണ്ട് അവരെ ഉന്മൂലനം ചെയ്യാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. മോഡിയുടെ സ്തുതിപാഠകരായ കുത്തക മുതലാളിമാർ, ഇന്ത്യയിലെ മാധ്യമങ്ങളെ മൊത്തത്തിൽ വിലയ്‌ക്കെടുത്തിരിക്കുകയാണ്. തങ്ങളുടെ വഞ്ചനയുടെയും പൊള്ളത്തരങ്ങളുടെയും യഥാർത്ഥ ചിത്രം പുറത്തുകൊണ്ടുവരാൻ ധൈര്യപ്പെടുന്ന ഏതൊരു സംഘടനയെയും മാധ്യമങ്ങളെയും രാഷ്ട്രീയ പാർട്ടികളെയും നിശബ്ദരാക്കാൻ അന്വേഷണ ഏജൻസികളെ  ആയുധമാക്കിയിരിക്കുന്നു.

രാജ്യം കൊളോണിയലിസത്തിൽ നിന്ന് സ്വാതന്ത്ര്യത്തിന്റെ 76-ാം വാർഷികം  ആഘോഷിക്കാൻ ഒരുങ്ങുന്ന വേളയിൽ, യഥാർത്ഥത്തിൽ ആരുടെ സ്വാതന്ത്ര്യമാണ് നമ്മൾ ആഘോഷിക്കേണ്ടത് എന്നതാണ് ചിന്തിക്കേണ്ടത്!

മണിപ്പൂരിൽ ജനക്കൂട്ടം നഗ്നരാക്കി നടത്തുകയും പിന്നീട് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തുവെന്ന് പറയപ്പെടുന്ന ആ രണ്ട് സ്ത്രീകളുടെ സ്വാതന്ത്യം?  ഒരു കൂട്ടം പുരുഷന്മാർ രണ്ട് സ്ത്രീകളെ നഗ്നരാക്കി  പിടിച്ചുകൊണ്ടുപോകുന്നതിന്റെയും വയലിലേക്ക് വലിച്ചിഴയ്ക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പ്രചരിച്ചത്. ഏറ്റവും വലിയ ജനാധിപത്യമെന്നും മഹത്തരമായ സംസ്കാരം ഉള്ള നാടെന്നും അഭിമാനിക്കുന്ന ഒരു രാജ്യം അവിടുത്തെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ? മോഡി അമേരിക്കയിൽ എത്തുന്നതിന് മുമ്പ്, ഏകപക്ഷീയമായ ഇന്റർനെറ്റ് അടച്ചുപൂട്ടൽ നടത്തി ആളുകൾക്കുമുന്നിൽ നാണക്കേടുണ്ടാക്കുന്ന ഈ വാർത്ത മറച്ചുവച്ചത്  വിവരാവകാശത്തിന്റെ മറ്റൊരു ലംഘനമാണ്.

രാജസ്ഥാൻ-ഹരിയാന അതിർത്തിയിൽ ജുനൈദ് എന്നും നസീർ എന്നും പേരുള്ള രണ്ട് മുസ്ലീം പുരുഷന്മാരെ ജനക്കൂട്ടം ആക്രമിക്കുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്തു. പിന്നീട് അവരെ കാറിനുള്ളിൽ ജീവനോടെ കത്തിച്ചു. വലതുപക്ഷമെന്ന് സ്വയം അവകാശപ്പെടുന്ന മതഭ്രാന്തന്മാരുടെ ഒരു സംഘം ആ ഭാഗത്ത് ഇന്ത്യക്കാർ എന്ത് കഴിക്കണം എന്നതിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കെ അവിടെയുള്ളവർ സ്വതന്ത്രരാണോ? ജുനൈദിനെയും നസീറിനെയും ചുട്ടുകൊന്ന സംഭവത്തിൽ കുറ്റാരോപിതനായ സംഘത്തലവൻ ബജ്റംഗ്ദൾ നേതാവ് മോനു മനേസർ, ഇപ്പോഴും സ്വതന്ത്രനായി നടക്കുന്നു. ഹരിയാനയിലെ നൂഹിൽ നടക്കുന്ന കലാപത്തിന്റെ പിന്നിലും  ഇയാളാണ്.

ജനങ്ങളെ അക്രമാസക്തരാക്കുക എന്ന ഉദ്ദേശത്തോടെ രൂപകൽപ്പന ചെയ്ത മാർച്ചിന് നേരെ കല്ലെറിഞ്ഞുവെന്ന് ആരോപിച്ച്, സർക്കാർ നടപടിയുടെ ഭാഗമായി ഒറ്റരാത്രികൊണ്ട് നിരാലംബരായ നൂറുകണക്കിന് മുസ്ലീങ്ങളുടെ വീടുകൾ ബുൾഡോസർ കൊണ്ട് ഇടിച്ചുനിരത്തി ഭവനരഹിതരാക്കിത്തീർത്ത ആ കുടുംബങ്ങൾക്ക് എവിടെയാണ് സ്വാതന്ത്യം?   മാർച്ചിൽ  മോനു മനേസർ ഉണ്ടെന്ന അഭ്യൂഹത്തെ തുടർന്നാണ് നാട്ടുകാർ അക്രമാസക്തരായത്. കല്ലെറിയുക എന്ന പ്രവണത പൊറുക്കേണ്ടതില്ല. എന്നാൽ, ഒരു സമൂഹത്തിന്റെ അത്താണിയായിരുന്ന കടകളും വീടുകളും നിയമാനുസൃതമല്ലാതെ  രായ്ക്കുരാമാനം   ബുൾഡോസർ കൊണ്ട് നിലംപരിശാക്കുന്നത് മനുഷ്യത്വരഹിതമായ കുറ്റകൃത്യമാണ്. ആ കുറ്റവാളികളെ പിടികൂടാനും ശിക്ഷിക്കാനും നമ്മുടെ ഭരണഘടനയിൽ മതിയായ നിയമമില്ലേ? പലസ്തീനിലെ ഇസ്രായേൽ അധിനിവേശത്തിൽ നിന്ന് പകർത്തിയ കൂട്ടായ ശിക്ഷാനടപടി, യഥാർത്ഥ ജനാധിപത്യത്തിനും മഹാത്മാഗാന്ധിയുടെ നാടിനും അനുയോജ്യമാണോ?

ഒമ്പത് വർഷമായി ബി.ജെ.പി ഭരണം തുടരുമ്പോൾ, കൂട്ടക്കൊലകളും, ആളുകളെ ജീവനോടെ ചുട്ടെരിക്കുന്നതും, വംശീയ ഉന്മൂലനം നടത്തുന്നതുമെല്ലാം സാധാരണ വാർത്തയായി.  ജനാധിപത്യത്തിന്റെ മൂല്യങ്ങൾ സംരക്ഷിക്കാൻ കെട്ടിപ്പടുത്ത സ്ഥാപനങ്ങൾ എല്ലാം തന്നെ വലിയ പ്രതിസന്ധിയിലാണ്. കഴിഞ്ഞ അറുപത്തിയഞ്ചോ അതിൽക്കൂടുതലോ വർഷങ്ങൾകൊണ്ട് രാഷ്ട്രീയവും സാമൂഹികവുമായ സന്തുലിതാവസ്ഥ പ്രദാനം ചെയ്ത അധികാര ഘടനകളെ നിർജീവമാക്കുന്നതിനിടയിൽ, ന്യൂനപക്ഷങ്ങളുടെ അഭിലാഷങ്ങളെ നിലവിലെ സർക്കാർ അവഗണിക്കുന്നു എന്നത് വളരെ വ്യക്തമാണ്.
ഗാന്ധി, നെഹ്‌റു, പട്ടേൽ, ബി.ആർ.അംബേദ്‌കർ തുടങ്ങി ബ്രിട്ടീഷുകാരിൽ നിന്ന് നമ്മുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ മഹാന്മാരായ നേതാക്കൾ  ജാതിയോ മതമോ പ്രദേശമോ നോക്കാതെ ഓരോ പൗരന്റെയും ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുനൽകുന്ന സ്ഥാപനങ്ങൾ കെട്ടിപ്പടുത്താണ്, വിജയത്തിന്റെയും സാമ്പത്തിക അഭിവൃദ്ധിയുടെയും പടവുകൾ കയറാൻ അവസരമൊരുക്കിയത്. ആ സ്വപ്‌നം പിന്തുടരുന്ന കാഴ്ചയല്ല  ഇന്ന് നാം കാണുന്നത് , മറിച്ച് ഇന്ത്യപോലൊരു റിപ്പബ്ലിക്കിന്  ഗുണകരമല്ലാത്ത പിന്തിരിപ്പൻ പാതയിലേക്കുള്ള ഒരു റിവിഷനിസ്റ്റ് ചുവടുവയ്പ്പാണ്.

ഈ ആഴ്ച, അമേരിക്കയുടെ പല നഗരങ്ങളിലും നടക്കുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ വ്യാപകമായ ആഘോഷങ്ങൾക്ക് നാം സാക്ഷ്യം വഹിക്കും. എന്നാൽ അവിടെയെങ്ങും, ആധുനിക ഇന്ത്യയുടെ സ്ഥാപക പിതാക്കന്മാർ കഠിനമായി പോരാടി നേടിയെടുത്ത സ്വാതന്ത്ര്യം അസ്തമിക്കുകയാണെന്നോ അപകടത്തിലാണെന്നോ ആശങ്കപ്പെടുന്ന ഒരു വാക്കുപോലും നിങ്ങൾ കേൾക്കാനിടയില്ല!

അനുദിനം കുറയുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചും അതിന്റെ സ്ഥാപനങ്ങളുടെ ദുർബലതയെക്കുറിച്ചും വിദേശ ഇന്ത്യൻ സമൂഹം മൊത്തത്തിൽ നിശബ്ദത പാലിക്കുന്നു. ഇന്ത്യൻ വംശജരായ അഞ്ച് കോൺഗ്രസ് അംഗങ്ങൾ ഇന്ന്  യു.എസ്. കോൺഗ്രസിന്റെ ഹാളുകളിലുണ്ട്.  

ആ നേട്ടത്തിൽ നാം അഭിമാനിക്കണം. പോറ്റമ്മയായി നിലകൊള്ളുകയും നമുക്ക് വിവേചനം അനുഭവപ്പെടുമ്പോൾ സ്വതന്ത്രമായി അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും അധികാരങ്ങളെ വെല്ലുവിളിക്കാനും  അവസരങ്ങളും പദവികളും നൽകിയ മഹത്തായ ഈ മണ്ണിനോട്  നാം നന്ദിയുള്ളവരായിരിക്കണം. എന്നാൽ, മണിപ്പൂർ കത്തുമ്പോഴും അവിടെ വംശീയ ഉന്മൂലനം നടക്കുമ്പോഴും അമേരിക്കൻ ഭരണഘടനയും മൂല്യങ്ങളും ഉയർത്തിപ്പിടിക്കുമെന്ന് പ്രതിജ്ഞയെടുത്ത കോൺഗ്രസ് അംഗങ്ങൾ ആരുംതന്നെ ഒരക്ഷരം മിണ്ടുന്നില്ല. കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിൽ അവർ അവിടെ ഇരുന്ന് കൈയടിച്ചു, 'ജനാധിപത്യത്തിന്റെ മാതാവിന്റെ' നേതാവിനെ അനുമോദിച്ചു!

അസഹിഷ്ണുതയുടെയും സ്വേച്ഛാധിപത്യത്തിന്റെയും പുതിയ ഘടകങ്ങൾ കുത്തിനിറയ്ക്കുന്നതിനിടയിൽ ഇന്ത്യയുടെ ജനാധിപത്യത്തിനും ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും നേരെ അഭൂതപൂർവമായ ആക്രമണത്തിന് കഴിഞ്ഞ ഒമ്പത് വർഷത്തെ ബി.ജെ.പി ഭരണം വഴിയൊരുക്കി എന്നതിൽ സംശയമില്ല. 

പ്രാധാന്യമുള്ള കാര്യങ്ങളെക്കുറിച്ച് നമ്മൾ നിശബ്ദരാകുമ്പോൾ നമ്മുടെ ജീവിതം അവസാനിക്കുമെന്ന് മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. രാജ്യത്തെ ശിഥിലമാക്കുന്ന നിലവിലെ ധ്രുവീകരണത്തെക്കുറിച്ചോ, ഇന്ത്യയിലെ ന്യൂനപക്ഷങ്ങളോട് വിവേചനം കാണിക്കുകയും അവരെ ക്രൂശിക്കുകയും ചെയ്യുന്ന ഭരണത്തിനെതിരെ  ഇന്ത്യൻ പ്രവാസിസമൂഹത്തിന് ഏറെക്കാലം പ്രതിരോധത്തിന്റെ ശബ്ദം ഉയർത്താതിരിക്കാൻ കഴിയുമോ എന്നതാണ് ചോദ്യം!  സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയുള്ള ധാർമ്മിക വാദങ്ങൾ തുരങ്കം വയ്ക്കുന്നതിൽ നിന്ന്, ലോകമെമ്പാടുമായി മുപ്പത് മില്യണിൽ കൂടുതൽ വരുന്ന ന്യൂനപക്ഷ പൗരസമൂഹം എന്ന നിലയ്ക്ക് നമ്മൾ പ്രവാസികൾ കരുത്ത് കാണിക്കേണ്ട സമയമാണിത്.

Join WhatsApp News
benoy 2023-08-13 17:37:09
"മഞ്ഞപിത്തം ബാധിച്ചവൻ കാണുന്നതെല്ലാം മഞ്ഞയാണ്" എന്നൊരു ചൊല്ലുണ്ട്. ഇവിടെ പറ്റുന്നതിതാണ്. ലേഖകനുള്ളത്പോലുള്ള മഞ്ഞ കണ്ണുകൾ അമേരിക്കയിലെ കൊണ്ഗ്രെസ്സ് അംഗങ്ങൾക്കില്ല എന്നതാണ് അദ്ദേഹത്തെ ക്ഷുഭിതനാക്കുന്നതു. കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിനെപ്പോലുള്ള ഉന്നത സഭാധികാരികൾ പോലും മണിപ്പുരിൽ നടമാടുന്നത് ഒരു വംശീയ കലാപമാണെന്നു ഉറക്കെ പറയുമ്പോഴും കിണറ്റിലെ തവളയെപ്പോലെ ഒന്നുമറിയാതെ മാക്രിക്കുകയാണ് ലേഖകൻ. ഇന്ത്യയിൽ എന്തുസംഭവിച്ചാലും അതിനൊരു വർഗീയതയുടെ ചായം പൂശുക എന്നുള്ളത് ഓവർസീസ് കോൺഗ്രെസ്സ്കാരുടെ ഒരു സ്ഥിരം കലാപരിപാടിയാണ്. ജുനൈദും നസീറും കൊല്ലപ്പെട്ടതിനെപ്പറ്റി ആത്മരോഷം കൊള്ളുന്ന ബഹുമാനപ്പെട്ട ലേഖകൻ രാജസ്ഥാൻ ഭരിക്കുന്നത് കോൺഗ്രെസ്സാണെന്നോ പ്രതിയെ വെറുതെവിട്ടത് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ആൾക്കാരാണെന്നോ ഉള്ള സത്യം മനഃപൂർവം മറച്ചുവയ്ക്കുന്നു. ഒരു പക്കാ തേർഡ് റേറ്റ് രാഷ്ട്രീയക്കാരന്റെ സാംസ്കാരിക ബോധം അത്രയൊക്കെയേ കാണുകയുള്ളു എന്ന് ആശ്വസിക്കാം. ഒരു കാര്യം ശരിയാണ്.ഡൽഹിയിൽ അനധികൃതമായി പണിത വീടുകൾ ബുള്ഡോസര് ഉപയോഗിച്ച് തകർത്തു. അങ്ങേരു മനഃപൂർവം പറയാത്ത ഒരു കാര്യമാണ് ഈ വീടുകളോടൊപ്പം അനധികൃതമായി പണിത പല ക്ഷേത്രങ്ങളും ആ ബുള്ഡോസർതന്നെ ഉപയോഗിച്ച് തകർത്തെന്നുള്ളത്. നിരന്തരമായ ഹൈന്ദവ വിരോധമാണ് ഏതു ലേഖനത്തിൽനിന്നും വമിക്കുന്നത്. താങ്കൾക്ക് അംബേദ്കറെപ്പറ്റി എന്തറിയാം. വാരിയംകുന്നിന്റെ മലബാർ ലഹളയെ കൊണ്ഗ്രെസ്സ് സ്വാതത്ര്യ സമരത്തിന്റെ ഒരു ഭാഗമായി ചിത്രീകരിച്ചു വാരിയംകുന്നു കുഞ്ഞുമുഹമ്മദെന്ന ഭീകരനെ ഒരു സ്വാതന്ത്ര്യ സമരസേനാനിയായി വാഴ്ത്തിയപ്പോൾ അത് തെറ്റാണെന്നും വാരിയൻകുന്നു കുഞ്ഞുമുഹമ്മദ് ഒരു ഭീകരനാണെന്നും ഉറക്കെപ്പറഞ്ഞ ഒരു വ്യക്തിയായിരുന്നു അംബേദ്‌കർ. അംബദ്കർ ഒരിക്കലും ഒരു കോൺഗ്രെസ്സ്കാരനായിരുന്നില്ലെന്നുകൂടി താങ്കൾ മനസിലാക്കണം. ഇവിടെ അമേരിക്കയിൽ ആരും ഇന്ത്യയെയോ ഇന്ത്യൻ ഭരണകര്താക്കളെയോ തെറിവിളിക്കുന്നില്ലെന്നുള്ളതാണ് അടുത്ത പ്രശനം. കോൺഗ്രെസ്സായിരുന്നു ഇന്ന് ഇന്ത്യ ഭരിക്കുന്നതെങ്കിൽ ഇതുപോലുള്ളൊരു പരാതി നടത്തുമെന്ന് തോന്നുന്നില്ല. 1954 - 1960 കാലഘട്ടങ്ങളിൽ ഇന്ത്യൻ ആർമിയുടെ സിഖ് റെജിമെന്റും ഗൂർഖ റെജിമെന്റും നടത്തിയ യങ്‌പങ് കൂട്ടക്കൊലയെപ്പറ്റിയും മട്ടിഖറു കൂട്ടക്കൊലയെപ്പറ്റിയും താങ്കൾക്കെന്താണ് പറയാനുള്ളത്. ഈ കൂട്ടക്കൊലകളെല്ലാം നാഗന്മാർക്കെതിരായി അന്നത്തെ കൊണ്ഗ്രെസ്സ് ഗവെർന്മെന്റാണ് നടത്തിയത്. ഇതൊക്കെ ചരിത്രമാണ്. ഇതൊക്കെ കേട്ടിട്ടുണ്ടോ എന്നുപോലും സംശയിക്കുന്നു.
Jayan varghese 2023-08-13 18:26:49
വിപ്ലവകരമായ ആശയങ്ങൾ പ്രസരിപ്പിക്കുന്ന കരുത്തുറ്റ ലേഖനം. സർക്കാർ മാധ്യമങ്ങൾ ആനയായി വരച്ചു കാട്ടുന്ന ഇന്ത്യ കോർപ്പറേറ്റ് ഭീമന്മാർക്ക് വേണ്ടി സാധാരണക്കാരനെ ചൊറിയിക്കുന്ന വെറും ചേന മാത്രമാണെന്ന് ആരറിയുന്നു ? സ്തുതി പാഠകന്മാർ വരിച്ചുറ്റിയ കാണാച്ചേലയിൽ മഹാരാജാവ് നഗ്നനാണെന്ന് വിളിച്ചു കൂവാൻ ഇനി പ്രവാസികൾ തന്നെ വേണമെന്നാണോ ലേഖകൻ പറയുന്നത്? ആരെന്ത് പറഞ്ഞാലും അധികാരത്തിന്റെ ചക്കരക്കുടങ്ങളിൽ അപ്പം പങ്കിടുന്നവരെ തുരത്താൻ അവർ വലിച്ചെറിഞ്ഞ മുറിക്കഷണങ്ങളിൽ സ്വപ്‌നങ്ങൾ നെയ്യുന്നവർക്ക് സാധിക്കുകയേയില്ല. മണിപ്പൂരിലെ മലകൾക്കടിയിലെ മണ്ണിൽ ഒളിഞ്ഞു കിടക്കുന്ന വിലപ്പെട്ട ധാതു സമ്പത്ത് കണ്ടെത്തിയപ്പോൾ അത് കുഴിച്ചെടുക്കാൻ കോർപ്പറേറ്റുകൾക്ക് വഴിയൊരുക്കാനുമായിരുന്നു സർക്കാർ സ്‌പോൺസേർഡ് മണിപ്പൂർ കലാപം. അത് മനസ്സിലാക്കാതെ പള്ളിപൊളിച്ചു പള്ളിപൊളിച്ചു എന്ന് ചിലച്ചു കൂവിയിട്ടാണ് പ്രവാസി ആക്ടിവിറ്റുകളുടെ ആഭ്യാസ പ്രകടനങ്ങൾ. ലോകം ഭരിക്കുന്നത് കോർപ്പറേറ്റുകളാണ് എന്നതിനാൽ അവർക്കെതിരെ പറഞ്ഞാൽ കഴുത്തിനു മുകളിൽ തലയുണ്ടാവില്ല എന്നറിയുന്നത് കൊണ്ടാകുന്നു നമ്മുടെ പ്രധാന /മുഖ്യ മന്ത്രിമാരുടെ നിതാന്ത മൗനം. ദിശാ ബോധവും സത്യ സന്ധതയും സർവോപരി സമർപ്പണ സന്നദ്ധതയുമുള്ള ഒരു മനുഷ്യസ്നേഹി നയിക്കുന്ന ഭരണ കൂടത്തിന് മാത്രമേ മാനുഷിക മൂല്യങ്ങൾ ചോർന്ന് പുറം തോടായിക്കഴിഞ്ഞ ഇന്ത്യയിൽ മാറ്റങ്ങളുടെ കാറ്റ് ബിതയ്ക്കുവാൻ സാധിക്കുകയുള്ളു എന്നറിയുക. ആദ്യമായി നടപ്പാക്കേണ്ടുന്ന പ്രധാന മാറ്റം ക്രിമിനൽ കുറ്റങ്ങൾക്കുള്ള ശിക്ഷ കുറ്റവാളിയുടെ സ്വത്തിന്റെ പകുതി കണ്ടുകെട്ടിക്കൊണ്ട് ആയിരിക്കണം എന്ന ഒരു നിർദ്ദേശവും എനിക്കുണ്ട്. ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക