Image

സ്വര്‍ഗ്ഗീയ നിര്‍വൃതി മറ്റേതുദിക്കില്‍? (മാര്‍ഗരറ്റ് ജോസഫ്)

Published on 14 August, 2023
സ്വര്‍ഗ്ഗീയ നിര്‍വൃതി മറ്റേതുദിക്കില്‍? (മാര്‍ഗരറ്റ് ജോസഫ്)

ഇന്നെന്തേ തെന്നലിനിത്ര കുളിര്‍മ?
മുന്നനുഭവിക്കാത്ത സുഗന്ധം,
കര്‍ണ്ണങ്ങളില്‍ ശുഭരാഗ തരംഗം,
മങ്ങിയ കണ്ണുകള്‍ക്കേറെത്തെളിച്ചം,
മാത്രകള്‍... മാത്രകള്‍...പൂത്തുമ്പികള്‍ പോല്‍,
ഈവഴിത്താരയില്‍ പാറുന്ന തോന്നല്‍, 
കാറ്റിന്‍ കരങ്ങളില്‍ പര്‍ണ്ണജാലങ്ങള്‍,
ആര്‍ത്തു ചിരിക്കുകയാണെന്ന തോന്നല്‍;
ആശാമയൂരങ്ങള്‍ പീലികള്‍ നീര്‍ത്തി,
ആനന്ദനര്‍ത്തനമാടുന്ന തോന്നല്‍;
ജീവിത നാടകമാടിയ വീട്,
മാടിവിളിക്കുകയാണെന്ന തോന്നല്‍;
പ്രായം ജരാനരയ്ക്കാതിഥ്യമേകി,
ആപാദചൂഡം പടം വരയ്ക്കുമ്പോള്‍,
ഗൂഡമായ് പിന്നിലേക്കാരോ വിളിച്ച്,
ഓര്‍മ്മകളോടിക്കളിക്കുന്ന തോന്നല്‍.
വെട്ടമിരുട്ടായി നീളുന്ന യാത്ര....
മുക്തി കവാടത്തിലേക്കുള്ള യാത്ര...
വൃദ്ധ സദനത്തിലെത്തിയ നാള്‍ മുതല്‍,
ഹൃത്തടം നീറിപ്പുകയുന്നരോരമ്മ;
നഷ്ടങ്ങളെയോര്‍ത്ത് കണ്ണീരൊഴുക്കി,
ശിഷ്ട ദിനങ്ങള്‍ കഴിക്കുന്നൊരമ്മ;
വേര്‍പാടിന്‍ വേദനയ്ക്കൗഷധമാകാന്‍,
പിന്‍വിളി കാതോര്‍ത്തിരിക്കുന്നൊരമ്മ;
സ്വപ്നം ചിലപ്പോള്‍ ഫലിക്കാം ചിലര്‍ക്ക്,
സാന്ത്വനദായകമാകും സുദിനം;
ബന്ധങ്ങളേകിയ ബന്ധനം മൂലം,
നൊമ്പരപ്പൂവായി മാറുമമ്മയ്ക്ക്,
തള്ളിക്കളഞ്ഞവര്‍ മക്കള്‍ കുറിച്ചു,
സ്‌നേഹാര്‍ദ്ര വാത്സല്യശാന്തിമുഹൂര്‍ത്തം.
മാറ്റൊലിക്കൊള്ളുന്നീ മംഗളവാര്‍ത്ത,
മാറ്റമാ,യിഷ്ട ഭവനത്തിലേക്ക്....
പെറ്റമ്മയാകുന്ന സത്യമറിഞ്ഞ്,
തെറ്റുതിരുത്തുവോര്‍ ധന്യരാകട്ടെ;
ഐക്യം വിളക്കായ്  കൊളുത്തും കുടുംബം,
സ്വര്‍ഗ്ഗീയ നിര്‍വൃതി മറ്റേതു ദിക്കില്‍?

 

Join WhatsApp News
Jayan varghese 2023-08-14 02:10:04
മനുഷ്യ ബന്ധങ്ങളുടെ മാറ്റത്തോറ്റങ്ങളുമായി മാർഗ്ഗരറ്റ് ജോസഫിന്റെ മനോഹര കവിത. അമേരിക്കൻ മലയാളിയുടെ കവിതാ സങ്കൽപ്പങ്ങൾക്ക് കനപ്പെട്ട ദിശാവബോധം. ജയൻ വർഗീസ്.
ജോയ് പാരിപ്പള്ളിൽ 2023-08-14 04:51:48
പ്രകാശം പരത്തുന്ന ചിന്തകൾ സമ്മാനിക്കുന്ന അമ്മയ്ക്ക് ആയിരം ഉമ്മ... ❤️ ഈ കവിതയ്ക്ക് അതിലും മേന്മ...!!🌹🌹
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക