Image

വെറുപ്പിന്റെ ചന്തയിലെ പറക്കുംചുംബനങ്ങള്‍ (ഉയരുന്ന ശബ്ദം-88: ജോളി അടിമത്ര)

Published on 14 August, 2023
വെറുപ്പിന്റെ ചന്തയിലെ പറക്കുംചുംബനങ്ങള്‍ (ഉയരുന്ന ശബ്ദം-88: ജോളി അടിമത്ര)

വെറുപ്പിന്റെ ചന്തയില്‍ സ്‌നേഹത്തിന്റെ ഒരു കുഞ്ഞു കടതുറക്കാന്‍ മോഹിച്ചത് ഇത്ര വലിയ ഒരു കുറ്റമാണോ..? . പാര്‍ലമെന്റിന്റെ അകത്തളത്തിലൂടെ വെറുതെ പാഞ്ഞ ഒരു ഫ്‌ളൈയിംഗ് കിസ്സിന് ഇത്ര  പേരുദോഷമോ.?ആര്‍ക്കു വേണേലും ഇരിക്കട്ടെ എന്ന നിര്‍ദ്ദോഷകരമായ ചിന്തയില്‍നിന്ന് പാവം പറത്തിവിട്ടുപോയതാണ് ആ ഫ്‌ളൈയിംഗ് കിസ്സ്.  .ഭരണകക്ഷികളോ പ്രതിപക്ഷമോ എന്ന വേര്‍തിരിവൊന്നുമില്ലാതെ വെറുപ്പിന്റെ ചന്തയില്‍ സ്‌നേഹത്തിന്റെ കട തുറക്കാന്‍ മോഹിച്ച് ഒരു മുദ്ര കാണിച്ച ആ നിഷ്‌കളങ്കമനസ്സിനെ നമ്മള്‍ കണ്ടില്ലെന്നു നടിക്കരുത്.
        
ജീവിതത്തില്‍    ഒരിക്കലെങ്കിലും ഒരു പറക്കും ചുംബനം കിട്ടാത്ത എത്ര പേരുണ്ട് നമ്മള്‍ക്കിടയില്‍ .കൊടുക്കാത്തവര്‍ എത്രപേരുണ്ടെന്നു ചോദിക്കയായിരിക്കും എളുപ്പം.സത്യസന്ധമായി തുറന്നു  പറയാന്‍ വാര്‍ധക്യത്തില്‍പ്പോലും പലര്‍ക്കും പേടിയാണ്.പഴയ യൗവ്വനകാലത്ത് പറക്കും ചുംബനത്തിന്റെ ആറാട്ടായിരുന്നു പലര്‍ക്കും.ഇപ്പോള്‍പ്പിന്നെ ലൈവായിത്തന്നെ ചുടുചുംബനം കൊടുക്കാന്‍ പറ്റിയ അവസരങ്ങളുള്ളതുകൊണ്ട് പറക്കും ചുംബനത്തിന് കാര്യമായ മാര്‍ക്കറ്റില്ല.ലൈവില്‍ വീഡിയോ കോളില്‍ത്തന്നെ ഒരായിരം ചുംബനങ്ങള്‍ ഒരുമിച്ചു വര്‍ഷിക്കാവുന്ന എന്തൊരു സൗകര്യങ്ങളാണിപ്പൊ..അസൂയ തോന്നുന്നുണ്ട് , ഞങ്ങടെ പഴയ തലമുറയ്ക്ക് !.

സത്യസന്ധമായി പറഞ്ഞാല്‍ എനിക്കു കിട്ടിയിട്ടുണ്ടേ പറക്കും ചുംബനം..ആരോടും പറയാനാവാതെ ഉള്ളത്തില്‍ അടച്ചുസൂക്ഷിച്ചുവച്ച ആ നിരുപദ്രവമുദ്ര ഇന്നും മനസ്സില്‍ പച്ചപിടിച്ച് നില്‍പ്പുണ്ട്.ഒരുപക്ഷേ അതയച്ച ആള്‍ അതൊക്കെ എന്നേ മറന്നു കാണും.ജീവിതത്തില്‍ അങ്ങനെ എന്തെല്ലാം  തമാശകള്‍ അടച്ചുപൂട്ടി വയ്ക്കുന്നവരാണ് നമ്മള്‍.
 ആര്‍ക്കും ഒരു ദോഷവുമില്ലാത്ത ഒരു മുദ്ര.അങ്ങോട്ടു കേറിപ്പിടിച്ചില്ലെങ്കില്‍ അതങ്ങു ക്ഷേ വായുവിലൂടെ ചുമ്മാ ഒഴുകി പൊക്കോളും.കേറിപ്പിടിച്ചാല്‍ ഇപ്പോ സ്മൃതി ഇറാനിക്കു പറ്റിയപോലെ പുലിവാലായിരിക്കും ഫലം.ദൂരെനിന്ന് ഒരുത്തന്‍ ഒരു ചുംബനം പറത്തിവിട്ടാല്‍  നമ്മക്കെന്നാ ചേതം.അങ്ങനങ്ങു ചിന്തിച്ച് രാഹുല്‍ ഗാന്ധിയെ വെറുതെ വിടാന്‍ നമ്മടെ പുലിക്കുട്ടികള്‍ ഒരുക്കമല്ലപോലും.
           
പെണ്ണിനു മാത്രം ചാരിത്ര്യം ഉള്ള ഒരു ദുഷിച്ച ലോകത്തിലാ നമ്മുടെയൊക്കെ  ജീവിതം.അതു കൊണ്ടുതന്നെ പീഢനം പെണ്ണിനു മാത്രം.ഇല വന്നു മുള്ളേല്‍ വീണാലും മുള്ളു വന്ന് ഇലേല്‍ വീണാലും ഇല കീറിപ്പോകുവായിരുന്നു ഇതുവരെ.ഇപ്പോ മുള്ളിന്റെ മുന ഒടിഞ്ഞുപോകുന്ന ഗതികേടിലായി.എന്തൊരു നിയമ സംരക്ഷണമാ ഞങ്ങള്‍ക്കിപ്പം .ചാരിത്ര്യം പുരുഷനുമുണ്ടായിരുന്നെങ്കില്‍ ലൈംഗിക പീഢനം വ്യാപകമായേനേ.രണ്ടുമൂന്നു സ്ത്രീകള്‍ ചേര്‍ന്ന് ആണൊരുത്തനെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി പീഢിപ്പിച്ചു അവശനാക്കി വഴിയിലിറക്കിവിടുക.പത്രങ്ങളിലൊക്കെ  എന്നാ വാര്‍ത്തയായേനെ.ചാരിത്ര്യം ബലാല്‍സംഗത്തിലൂടെ നഷ്ടപ്പെട്ടുപോയ പോയ പാവം ആണൊരുത്തന് പിന്നെ പെണ്ണു കിട്ടുമായിരുന്നോ..ചാരിത്ര്യം ഇല്ലാത്തത് ആണുങ്ങടെ ഭാഗ്യം !.
           
പാര്‍ലമെന്റിലെ പറക്കും ചുംബനം പുലിവാലായപ്പോള്‍ ഓര്‍മ വന്നത് മണിപ്പൂരിലെ ക്രിസ്ത്യന്‍ പീഢനമാണ്.മണിപ്പൂരില്‍ പരസ്പ്പരം പക തീര്‍ത്തിരുന്നത് സ്ത്രീകളെ ഇരകളാക്കിയായിരുന്നേ്രത .അങ്ങനെ പറഞ്ഞു നടന്ന നമ്മുടെ മാന്യന്‍മാര്‍  ഇപ്പോള്‍ ചുവടു മാറ്റിയിരിക്കുന്നു.ഇതുവരെ പുരോഹിതരുള്‍പ്പെടുന്ന ഒരു സംഘം  പറഞ്ഞുപഠിപ്പിച്ചിരുന്നത്  മണിപ്പൂരിലെ ക്രിസ്ത്യാനികളെ തിരഞ്ഞുപിടിച്ച് ഉപദ്രവിക്കയും കൊല്ലുകയും ദേവാലയങ്ങളും വീടുകളും തീവയ്ക്കുകയും സ്ത്രീകളെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കുകയും ആണെന്നായിരുന്നു.കത്തോലിക്കാ ബിഷപ്പുമാര്‍ തന്നെ അത് തെറ്റാണെന്നു സമ്മതിച്ചുകഴിഞ്ഞു.നമ്മളറിയാത്ത ചില കാര്യങ്ങള്‍ ഈ കലാപത്തിനുള്ളില്‍ കിടന്നു തിളച്ചുമറിയുന്നുണ്ട്.പള്ളികള്‍ മാത്രം നശിപ്പിക്കപ്പെടുന്നു എന്നു പറഞ്ഞുപരത്തിയവര്‍ അവിടെ നശിപ്പിക്കപ്പെട്ട ക്ഷേത്രങ്ങളെപ്പറ്റി ഉരിയാടിയിട്ടില്ല.
                           
രണ്ടു ഗോത്രവര്‍ഗക്കാര്‍ തമ്മിലുള്ള പോരാട്ടം കനത്തുപോയതാണ് മണിപ്പൂര്‍ കലാപം.അതാണ് ന്യൂനപക്ഷപീഡനമായി കൊട്ടിഘോഷിക്കപ്പെട്ടത്.അത് വ്യക്തമായ രാഷ്ട്രീയലക്ഷ്യം. ഇതിനു മുന്‍പും പലവട്ടം ലഹളകള്‍ ഗ്രാമങ്ങളില്‍ കത്തിപ്പടരുകയും അണയുകയും ചെയ്തിട്ടുണ്ട്.വളരെയധികം പേര്‍ അപ്പോഴൊക്കയും തമ്മില്‍ത്തല്ലി കൊല്ലപ്പെട്ടിട്ടുണ്ട്.  സോഷ്യല്‍മീഡിയ ശക്തമാവുകയും അപ്പപ്പോള്‍ ലൈവായി കലാപക്കാഴ്ചകള്‍ ലോകത്തിനു മുന്നില്‍ എത്തുകയും ചെയ്യുന്നതിനാല്‍ മഹാസംഭവമായി ഇപ്പോള്‍ പുറംലോകത്തെത്തി.ഇന്നിപ്പോള്‍ മണിപ്പൂരിലെ വീടിനു തീ പിടിച്ചപ്പോള്‍ പറമ്പില്‍നിന്ന് വാഴവെട്ടിക്കൂട്ടാന്‍ കുറെപ്പേര്‍ ചാടി വീണിട്ടുണ്ട്.ബിജെപിയോടുള്ള അരിശം അതിനൊരു മുഖ്യഘടകമാണ്.
            
കലാപത്തില്‍ കുക്കിപ്പെണ്ണുങ്ങള്‍ക്കും മെയ്ത്തിപ്പെണ്ണുങ്ങള്‍ക്കും മാനം നഷ്ടപ്പെട്ടിട്ടുണ്ട്.അതും പരസ്യമായി സ്ത്രീകളുടെ ഒത്താശയോടെതന്നെ.പെണ്ണിനെ ബലാല്‍ക്കാരം ചെയ്യുന്ന യുദ്ധമുറ പുരാതനകാലം മുതലേ ഉണ്ടായിരുന്നല്ലോ.ഗോത്രവര്‍ഗവീര്യം പ്രകടിപ്പിച്ച മണിപ്പൂരിലെ സ്ത്രീകളെ കണ്ടിട്ട് എനിക്ക് രോമാഞ്ചം വന്നുപോയി.തെരുവിലിറങ്ങി മുഷ്ടിചുരുട്ടി സിന്ദാബാദ് വിളിക്കുന്നതിനപ്പുറം നമ്മള്‍ക്കെന്തു വിപ്‌ളവവീര്യം. വെടിയുണ്ടകള്‍ ആലിപ്പഴംപോലെ പെയ്യുന്ന  തെരുവില്‍ നൂറുകണക്കിനു പെണ്ണുങ്ങള്‍ പൊലീസിനെയും പട്ടാളത്തെയും വെല്ലുവിളിച്ച്  നിയമംകൈയ്യിലെടുക്കുന്ന കാഴ്ച.പഴയ ശ്രീനിവാസന്‍ സിനിമയിലെ ഡയലോഗ് ഓര്‍മയില്ലേ..വെടിയുണ്ട ഏറ്റുവാങ്ങാന്‍ വിരിമാറിടം കാണിച്ച് അവര്‍ മൂന്നുമാസത്തിനിപ്പുറത്തും രാപ്പകല്‍ തെരുവില്‍ കാവല്‍ നില്‍ക്കുകയാണ്.അതാണ് ഗോത്രവര്‍ഗ്ഗ വീര്യം.തമ്മില്‍തല്ലി പോരാടി വിജയം നേടുന്നവന്‍ മല്ലന്‍.അതവരുടെ നിയമം.ഇതിനിടയിലേക്കാണ് രാഷ്ട്രീയംകൂടെ ഇടംപിടിച്ചത്.
       
മ്യാന്‍മറില്‍നിന്ന് മണിപ്പൂരിലേക്കു കുടിയേറിയവര്‍ കുറേപ്പേര്‍ അതിനിടയിലുണ്ട്.നാഗാഗോത്രവര്‍ഗ്ഗക്കാരിലേക്കും ലഹള വ്യാപിക്കുകയാണ്.സൈന്യത്തെപ്പോലും വെല്ലുവിളിക്കുന്ന ഗോത്രവര്‍ഗ്ഗക്കാര്‍ .തമ്മില്‍ത്തല്ലി ചത്തിട്ടും ജഡം മറവു ചെയ്യാന്‍ പോലും ഒരിഞ്ചു ഭൂമി കൊടുക്കാതിരിക്കുന്ന ക്രൗര്യം.എന്നിട്ടും പ്രധാനമന്ത്രി എന്തുകൊണ്ടു വായ തുറക്കുന്നില്ല എന്നൊരു സംശയം നമ്മള്‍ക്കുണ്ട്.അതെപ്പറ്റി വാചാലനാകാനുള്ള പുറപ്പാടായിരുന്നു രാഹുലിന്റേത്.പാര്‍ലമെന്റില്‍ തിരിച്ചെത്തിയതിന്റെ  ഹാലിളക്കവും കക്ഷിക്കുണ്ടായിരുന്നെന്നു കൂട്ടിക്കോ.രാഹുല്‍ ഗാന്ധിക്ക് ചില കുസൃതികളുണ്ട്.കണ്ണിറുക്കല്‍,പുഷ്അപ്‌സ്, ഫ്‌ളൈയിംഗ് കിസ്സ് അങ്ങനെയങ്ങനെ ചില കുട്ടിത്തങ്ങള്‍ ...53-ം വയസ്സിലും ഇത്തരം ബാലിശങ്ങള്‍ കാണിക്കുന്ന ഒരാള്‍ ഭാവിപ്രധാനമന്ത്രി ആയാലത്തെ അവസ്ഥ നമ്മളെ അലോസരപ്പെടുത്തുന്നുണ്ട്.അത് മറ്റൊരു കാര്യം.പക്ഷേ അദ്ദേഹം പ്രസംഗം കഴിഞ്ഞതിന്റെ ആവേശത്തില്‍ ഭരണപക്ഷ-പ്രതിപക്ഷ അംഗങ്ങള്‍ നിരന്നിരിക്കുന്ന പാര്‍ലമെന്റ് മന്ദിരത്തില്‍ പരസ്യമായി കൈവീശുകയായിരുന്നത്രേ.അതിനെ പറക്കുംചുംബനമായി സ്മൃതി ഇറാനി തെറ്റി ധരിച്ചതെന്തിന് .ഒപ്പമുണ്ടായിരുന്ന പഴയകാല സ്വപ്‌നറാണി ഹേമമാലിനി അങ്ങനെയൊന്ന് കണ്ടതേയില്ലെന്ന് വെളിപ്പെടുത്തുകയും ചെയ്തു.
                  
എന്റെ സങ്കടം അതൊന്നുമല്ല.ഒരു  ഫ്‌ളൈയിംഗ് കിസ്സിന്റെ പേരില്‍ ഇത്രയധികം ബേജാറായ സ്മൃതി ഇറാനി മണിപ്പൂരിലെ ക്രൂരതകളെപ്പറ്റി എന്തേ വ്യാകുലപ്പെടുന്നില്ല.കുക്കിപ്പെണ്ണിനെ മെയ്തി ആണുങ്ങള്‍ പരിപൂര്‍ണ്ണ നഗ്നരായി  , പരസ്യമായി നടുറോഡിലൂടെ ജനമധ്യത്തില്‍ നടത്തിയപ്പോള്‍,അവരുടെ നഗ്നശരീരങ്ങളെ കൂട്ടം ചേര്‍ന്ന് ഞെക്കുകയും ഞെരടുകയുംചെയ്തപ്പോള്‍ ,പിന്നെ വയലിലേക്ക് വലിച്ചിറക്കി കൂട്ടബലാല്‍സംഗം ചെയ്തപ്പോള്‍ സ്മൃതിക്ക് യാതൊരു ബേജാറും ഉണ്ടായില്ല.മൂന്നുമാസം മുമ്പ് മെയ്ത്തി പെണ്ണിനെ കുക്കി പുരുഷന്‍മാര്‍ കൂട്ട ബലാല്‍സംഗം ചെയ്ത വാര്‍ത്തയും ഇപ്പോള്‍ പുറത്തു വന്നു.ഇരു വിഭാഗത്തിലും സ്ത്രീകള്‍ മൃഗീയമായി പീഡിപ്പിക്കപ്പെടുന്നു.അപ്പോഴൊന്നും തോന്നാത്ത അപമാനഭാരം ഒരു പറക്കും ചുംബനക്കാഴ്ചയില്‍ സ്മൃതി ഇറാനിക്ക് തോന്നിയത് എന്തുകൊണ്ടാവും.മണിപ്പൂരുലെ ആ സ്ത്രീകളെല്ലാം മാനസ്സികമായി തകര്‍ന്നു കഴിഞ്ഞതായി വാര്‍ത്തകള്‍ ഉണ്ട്.കടുത്ത ഡിപ്രഷന്റെ പിടിയില്‍ അകപ്പെട്ടുപോയിരിക്കുന്നു.അതൊന്നും ഒരു പ്രശ്‌നമേയല്ല സ്മൃതിക്ക്.ജനപ്രതിനിധികള്‍ ഇങ്ങനെയല്ല വേണ്ടത്.കുക്കിയോ മെയ്തിയോ നാഗയോ എന്തുമാവട്ടെ.പ്രാണനെ എടുക്കുന്ന വേട്ടയാടലുകള്‍ക്കിടയിലും സ്ത്രീയെ ചവിട്ടിക്കൂട്ടുന്ന അധമപ്രവര്‍ത്തികള്‍ക്കിടയിലും ഒരക്ഷരം ഉരിയാടാതെ  രാഷ്ട്രീയനാടകമാടുന്ന രീതി അവസാനിക്കണം.ഇല്ലെങ്കില്‍ നിഷേധിക്കപ്പെടുന്ന നീതിയ്ക്കായി സ്ത്രീകളും സ്വയം ആയുമെടുത്തുപോകും .അത് രാജ്യത്തിന്‍രെ സല്‍കീര്‍ത്തിയെ വല്ലാതെ ബാധിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക